തൃശൂർ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് ബിജെപി, പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോപണം

By Web Team  |  First Published Sep 29, 2024, 10:01 AM IST

കേന്ദ്ര സർക്കാരിൻ്റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാന മന്ത്രിയേക്കാൾ മുകളിലാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാനമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ പറഞ്ഞു.


തൃശൂർ: തൃശൂരിലെ ആകാശപാത ഉദ്ഘാടനത്തിന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ ക്ഷണിച്ചില്ലെന്ന് വിവാദം. കേന്ദ്രസർക്കാരിൻ്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച ശക്തൻ നഗറിലെ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് സിപിഎമ്മിൻ്റെ രാഷട്രീയ പാപ്പരത്തമാണെന്ന് ബിജെപി ആരോപിച്ചു. കോർപ്പറേഷനാണ് ആകാശപാത നിർമ്മാണം പൂർത്തിയാക്കിയത്.

കേന്ദ്ര സർക്കാരിൻ്റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാന മന്ത്രിയേക്കാൾ മുകളിലാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാനമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ പറഞ്ഞു. പ്രോട്ടോകോൾ ലംഘിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി സംസ്ഥാന മന്ത്രി എം.ബി. രാജേഷിനെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചതെന്നും സുരേഷ് ഗോപിയുടെ സൗകര്യം പോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസിൽ ഉൾപ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു.

Latest Videos

undefined

സംസ്ഥാന മന്ത്രിക്ക് ഒരു റോളുമില്ലാത്ത വികസന പ്രവർത്തനത്തിൽ എം.ബി. രാജേഷിനെ വെച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നത് തൃശൂരിലെ ജനങ്ങൾ പുച്ഛിച്ച് തള്ളും. തൃശൂർ വികസനത്തിന് 500 കോടി രൂപ നൽകിയ കേന്ദ്ര സർക്കാരിനോടുള്ള നന്ദികേടാണ് കോർപറേഷൻ കാണിച്ചത്. ഇന്നുവരെ കേന്ദ്ര സർക്കാർ പദ്ധതിയുടെ ഒരു ഉദ്ഘാടനത്തിന് പോലും കേന്ദ്ര സർക്കാർ പ്രതിനിധിയെ ക്ഷണിക്കാത്തത് തികഞ്ഞ നെറികേടാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പറഞ്ഞു. 
 

click me!