Malayalam Short Story: പെണ്ണുങ്ങളുടെ കവല, സൗമ്യ മുഹമ്മദ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Oct 8, 2024, 3:31 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൗമ്യ മുഹമ്മദ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

പെണ്ണുങ്ങളുടെ കവല

'ഉമ്മീ... പാത്രം കഴുകാനുണ്ടേല്‍ തായോ. ഒന്‍പതരക്കു കളി തുടങ്ങും. പിന്നെ എനിക്ക് പറ്റൂല്ല'

ഫ്രിഡ്ജില്‍ നിന്നും തേങ്ങ മുറി ഒന്നെടുക്കുമ്പോഴാണ് പതിനാറുകാരി മോള് വന്നെന്നെ പിന്നില്‍ നിന്നും കെട്ടിപിടിക്കുന്നത്. 

ഞാന്‍ അവളെ നോക്കി.

കപ്പുമേന്തിയ  ഒരു വമ്പന്‍ റൊണാള്‍ഡോയുടെ ചുമപ്പു ജഴ്‌സിയണിഞ്ഞ അവളുടെ  കണ്ണില്‍ കളിയുടെ പൂരം തുടങ്ങി കഴിഞ്ഞിരിക്കുന്നു.

'ഉമ്മീ... തേങ്ങ ചിരകണമെങ്കില്‍ തന്നോ ട്ടോ. കുറച്ചു കഴിഞ്ഞാല്‍ എനിക്കു പറ്റൂല്ല...'

പത്തൊമ്പതുകാരന്‍ മോനാണ്.

എന്റടുത്തു നില്‍ക്കുന്ന റൊണാള്‍ഡോ പെണ്ണിനെ കണ്ട് അവന്‍ ചിറി കോട്ടി.

'പിന്നേയ്... നീ ഇതൊക്കെ ഇട്ടോണ്ട് നടന്നോ. കപ്പ് നമ്മടെ ബ്രസീലിനുള്ളതാ... വേണമെങ്കി പന്ത്രണ്ടരക്ക് കളിയൊന്നു കണ്ടു പഠിച്ചോ...'

പിന്നെ അവിടെയൊരു പട തന്നെ തുടങ്ങി.

'എടി... തേക്കാനെന്തേലും ഉണ്ടേല്‍ തന്നേരെ ട്ടോ...'

അടുത്തത് കെട്ട്യോനാണ്....

'നിങ്ങളൊക്കെ എന്താ രാജ്യം വിട്ടു പോവ്വാണോ?'

നിയന്ത്രണം വിട്ടു ഞാന്‍ അലറി.

അല്ല പിന്നേ... എനിക്കും കളി കാണാനുള്ളതാണ്.

'ഉവ്വ്... ഉമ്മിക്ക് കലിയിളകും. മെസ്സി ചൊറിയും കുത്തി ഒരിടത്ത് ഇരിപ്പായല്ലോ...?'

മോന്റെ കമന്റ് കേട്ട് കഞ്ഞി കലത്തില്‍ കിടന്ന തവിയെടുത്ത് ഞാന്‍ അവന് നേരെ തല്ലാനൊരുങ്ങി.

മൂന്നു ദിവസം മുന്നേയുള്ള കളിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പഴും നെഞ്ചിലൊരു നീറ്റലാണ്. എത്ര സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുത്താലും ഉള്‍ക്കൊള്ളാന്‍ ഇത്തിരി സമയമെടുക്കും. അന്നം തരുന്ന നാട് ജയിച്ചിട്ട് നിനക്കൊന്നും ഒരു സന്തോഷമില്ലല്ലേന്ന് ഇന്നലേം കൂടി ആരോ ചോദിച്ചു. ചിലര്‍ക്ക് ഇത് കളിയാണെങ്കില്‍ എനിക്കിത് വികാരമാണ്. കമ്മ്യൂണിസം പോലെ എന്നില്‍ ഉറച്ചു പോയ വികാരം.

'കഞ്ഞി ആയിട്ടുണ്ടോ..?'

നിസ്‌കാരപായയില്‍ നിന്നും ഉമ്മ എഴുന്നേറ്റു വന്നു.

'ആഹ്...ഇപ്പോ തരാം'

ഉച്ചത്തേതില്‍ നിന്നും ബാക്കിയുള്ള പൊരിച്ച ഒരു കഷ്ണം മീനും ഇത്തിരി ചമ്മന്തീം കായ മെഴുക്കു പെരട്ടിയും കൂട്ടി ഞാന്‍ ഉമ്മാടെ മുന്നിലേക്ക് കഞ്ഞിയെടുത്തു വച്ചു.

'മീന്‍ എനിക്ക് വേണ്ട അവന് കൊടുത്തേക്ക്...'

'എന്റുമ്മാ... ഈ തൊണ്ണൂറാം വയസ്സിലും ഇനി മോനെ തീറ്റിക്കാതെ ഉമ്മ തിന്ന്. കൊറേ തീറ്റിച്ചതല്ലേ...'

കെട്യോന് വേണ്ടി ഉമ്മ മാറ്റി വച്ച മീന്‍ കഷണം കണ്ട് എനിക്കങ്ങു ചൊറിഞ്ഞു കയറി.

'വേണ്ടാത്തോരു തിന്നേണ്ട.. ഞാന്‍ തിന്നോളാം!'

കാക്ക കൊത്തിയെടുക്കും പോലെ മീന്‍ കഷണം എടുത്തോണ്ട് പോകുന്ന മോളെ കണ്ട് ഉമ്മ നെറ്റി ചുളിച്ചു.

'പ്രായം വന്ന പെണ്ണാണ്... അവള്‍ടെയൊരു വേഷം കണ്ടില്ലേ?'

പാത്രങ്ങള്‍ കഴുകാനുള്ളത് മോള്‍ക്കും തേങ്ങ ചിരകാന്‍ മോനും   തേക്കാനുള്ളത് കെട്ട്യോനും കൊടുത്ത് ഞാന്‍ അലക്കി ഉണങ്ങിയ തുണികള്‍ മടക്കാന്‍ തുടങ്ങി.

ഒന്‍പതര ആയപ്പോഴേക്കും പണികളൊന്നൊതുക്കി  അല്പം ചോറുമെടുത്ത് ഞാന്‍ മക്കള്‍ക്ക് പിന്നിലായി ടിവിക്കു മുന്നിലിരുന്നു.

'പത്തു വട്ടം ദിക്കറ് ചൊല്ലൂല്ല... കണ്ട സായിപ്പന്മാരെ കാണാനിരിക്കും..'

ഉമ്മ തസ്ബീഹ് മാലയിലെ മുത്തുകള്‍ വേഗത്തില്‍ പിന്നിലാക്കി ദിക്കറു ചൊല്ലി കൂട്ടി.


'മെസ്സിക്കൊരു കൂട്ടിനായി റൊണാള്‍ഡോയൊന്നു തോറ്റെങ്കില്‍...'

ആരോരും കേള്‍ക്കാതെ സ്വാര്‍ത്ഥതയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു. വളരെ പതുക്കെയാണ് ഞാനത് മനസ്സില്‍ പോലും പറഞ്ഞത്...

കാരണം അല്പമെങ്ങാനും ഉച്ചത്തിലായാല്‍, ഇവരെങ്ങാനും കേട്ടാല്‍.... പടച്ചോനെ! എപ്പോ അടി കിട്ടീന്നു ചോദിച്ചാല്‍ മതി. വീട്ടിലുള്ള നാലും നാലു ടീമാണ്... പോരേ പൂരം.

കളി തുടങ്ങി.

ആദ്യം മുതലേ പന്തടക്കത്തിലുള്ള പോര്‍ച്ചുഗല്‍ മുന്‍തൂക്കം കണ്ട് ആവേശഭരിതയായി ഇരുക്കുകയാണ് മോള്. ഇരുപത് മിനിറ്റിനിടെ കാര്യമായി ഒന്നും നടന്നില്ലെങ്കിലും മുപ്പത്തിയൊന്നാം മിനിറ്റില്‍ ആഹ്ലാദത്തിന്റെ കൊടുമുടിയിലെത്തി. പക്ഷേ റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചെങ്കിലും ഘാനാ താരം ദിജികുവിനെ ഫൗള്‍ ചെയ്തത് വ്യക്തമാക്കി റഫറി ഗോള്‍ അനുവദിച്ചില്ല.

കളി തുടരുന്നു.

കൃത്യം അറുപത്തിനാലാം മിനിറ്റ്.

റൊണാള്‍ഡോയുടെ പെനാല്‍റ്റി കിക്കിലേക്ക് നോട്ടമിട്ട് ലോകം മുഴുവന്‍ ഒരു കാല്പന്തിനോളം ചെറുതായ ആ നിമിഷത്തില്‍ എന്റെ വീട്ടില്‍ കറന്റ് പോയി.

നിശ്ശബ്ദത...

ഇന്‍വെര്‍ട്ടറില്‍ നിന്നും ടിവിയിലോട്ട് കണക്ഷന്‍ കൊടുക്കാത്തതിനാല്‍ ടിവിയിരുന്നിടം വെറുമൊരു കറുപ്പ് ചതുര കഷണമായിരിക്കുന്നു.

അടുത്ത നിമിഷം  മുറ്റത്ത് ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്ത് അകന്നു പോകുന്ന ശബ്ദം ഞാനും മോളും കേട്ടു.

പതിനാറിന്റെ  വളര്‍ച്ച കാര്യമാക്കാതെ മോള് നിലത്തു കിടന്നുരുണ്ടു.

മോന്റെ പിന്നാലെ ബൈക്കുമെടുത്ത് കവലയിലേക്ക് പായാന്‍ തുടങ്ങിയ ഉപ്പിയെ അവള്‍ വട്ടം പിടിച്ചു.

'ഞാനും വരുന്നുണ്ടുപ്പി... എന്നേം കൊണ്ട് പോ കളി കാണാന്‍...'

'പിന്നേ... നല്ല കൂത്ത്. നാലും കൂടിയ കവലയിലേക്ക്, അതും പള്ളി മുറ്റത്തേക്കല്ലേ ഈ നട്ട പാതിരക്കു നീ പോകുന്നെ...'

ഉമ്മ ഉറഞ്ഞു തുള്ളി.

നിറഞ്ഞ അവളുടെ കണ്ണിലേക്കു നോക്കി ഒരു നിമിഷം അദ്ദേഹം തറഞ്ഞു നിന്നു. പിന്നെ ബൈക്കിന്റെ ചാവി ഹോള്‍ഡറില്‍ തൂക്കി. ശേഷം ഇലക്ട്രീഷ്യനെ വിളിച്ച് നാളെ തന്നെ വരാന്‍ പറഞ്ഞു.

ഞാന്‍ ആട്ടം കണ്ട് മിണ്ടാതിരുന്നു.

പെണ്ണൊരുത്തി കലിപ്പിലാണ്. റൊണാള്‍ഡോയെ നെഞ്ചിലേറ്റി അവള്‍ ഹാലിളകി ചോദിച്ചു.

'ഈ പെണ്ണുങ്ങള്‍ക്കൊരു കവലയുണ്ടാക്കിയാല്‍ എന്താ കുഴപ്പം... പെണ്ണിനും കൂടിയുള്ളതല്ലേ ഈ ലോകവും ലോകകപ്പും'

ഭര്‍ത്താവ് ചിരിച്ചു.

ഉമ്മ ആദ്യം ചിറി കോട്ടി. പിന്നെ വാത്സല്യത്തോടെ അവളുടെ മുടിയില്‍ തഴുകി.

ഞാന്‍ നിസ്സഹായതയോടെ വെറും വെറുതേയിരുന്നു.

കൃത്യം പതിനൊന്നു മിനിറ്റുകള്‍ക്ക് ശേഷം പോയ കറന്റ് തിരിച്ചു വന്നു. മോള് കണ്ണു തുടച്ച് കളി കാണുകയും എഴുപത്തിയേഴാം മിനിറ്റില്‍ ബ്രൂണോയില്‍ നിന്നും പന്ത് സ്വീകരിച്ച് ഫെലിക്‌സ് വല കുലുക്കുന്നത് കണ്ട് തുള്ളി ചാടുകയും ചെയ്തു.

കളി കഴിഞ്ഞു.

രണ്ടിനെതിരെ മൂന്നു ഗോള്‍ നേടി പറങ്കിപ്പട കൊടി വീശിയപ്പോള്‍ കവലയില്‍ നിന്നും ആരവങ്ങളുയര്‍ന്നു. തണുത്ത രാത്രിയില്‍ ക്രിസ്റ്റിയാനോയുടെ കൂറ്റന്‍ കട്ട് ഔട്ടിനടുത്ത് അമിട്ടു പൊട്ടുമ്പോള്‍ ഞാന്‍ ഓര്‍ത്തത് പെണ്ണുങ്ങളുടെ കവലയെ കുറിച്ചായിരുന്നു. മോള് പറഞ്ഞ പെണ്ണുങ്ങള്‍ക്കും ഇടമുള്ള കവല. പിന്നെ, അത്തരം കവലയെ കുറിച്ചു ചിന്തിക്കുന്ന എന്റെ മോളെപോലുള്ള അനേകം പെണ്‍കുട്ടികളെ കുറിച്ചും...


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!