Malayalam Poem: ഛായാഗ്രഹണം, മായ ജ്യോതിസ് എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published Oct 8, 2024, 3:28 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മായ ജ്യോതിസ് എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

നോട്ടങ്ങള്‍

ആദ്യത്തേതൊന്നുണ്ടാകും
പ്രണയികള്‍ക്കോര്‍ക്കുവാനുള്‍-
ചുവരിലൊരു 
കുളിരിന്റെയാണിയാല്‍
തറച്ച പാടുപോല്‍..

ആയിരം മൊഴികളെ
കുറുക്കിവറ്റിച്ചെടുത്തൊരു മൗനം 
മിഴിയിലൂടെത്തിച്ച്
വജ്രസൂചികളാലുള്ളില്‍
വരച്ചിടും 
ചിലര്‍,
ഒരോര്‍മ്മ റ്റാറ്റൂ ..

പൊറുക്കാതെ
നീരൊലിച്ചും പഴുത്തും
വെറുപ്പില്‍ ചിലത്
ചിലര്‍ക്കുള്ളില്‍..
കാലസര്‍പ്പത്തിന്‍ 
വിഷദംശമേറ്റ പോല്‍..

വിടപറയും നേരം 
ചിലത്
വേര്‍പിരിയുന്നവര്‍ക്കുള്ളില്‍
പതിഞ്ഞു കിടക്കും
പൊള്ളിയടരുമോര്‍മ്മകളുടെ
വസൂരിവടുക്കള്‍ പോല്‍.


ഛായാഗ്രഹണം

പ്രകാശത്തിന്റെ 
തെന്നിമാറലുകള്‍ക്കിടയിലൂടെ
ഓരോ കാഴ്ചയെയും
ഒളിച്ചുകടത്താം.
അതിവേഗത
സൂക്ഷ്മത
കൃത്യത
ബുദ്ധിമാനായ ഒരു കുറ്റവാളിയുടെ
കയ്യടക്കം
കുറ്റാന്വേഷകന്റെ
ജിജ്ഞാസ
മതി..
ഒരു നൊടി,
ഫ്രെയിമിനുള്ളില്‍
പെട്ടതൊന്നിനും
രക്ഷപെടാനാവില്ല
പിന്നീടൊരിക്കലും.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!