Malayalam Short Story : പാലക്കൊമ്പിലെ പെണ്‍പക്ഷികള്‍, അഞ്ചു അജീഷ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Oct 8, 2024, 11:34 AM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അഞ്ചു അജീഷ് 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


പാലക്കൊമ്പിലെ പെണ്‍പക്ഷികള്‍

പാദസരത്തിന്റെ മണികിലുക്കം അന്തരീക്ഷത്തിലൂടെ പാറിച്ചു നടന്ന കാലം തൊട്ടെ അവള്‍ക്ക് പാലപ്പൂക്കളോടും അവിടെ വിരുന്ന് വരുന്ന യക്ഷികളോടും വലിയ കൗതുകമായിരുന്നു. മുത്തശ്ശിയുടെ കഥകളിലെ യക്ഷികള്‍ക്ക് എന്തൊരു ചേലാണ്! വെറ്റില മുറുക്കിയ ചുണ്ടിന്റെ തുടുത്ത ചുമപ്പില്‍ അവര്‍ വശ്യസുന്ദരികളായിരുന്നു. മുടികളുടെ കട്ടിയും നീളവും വര്‍ണ്ണനാതീതമാകുമ്പോള്‍, അവരുടെ വെളുത്ത സാരിയിലേയ്ക്ക് മനസ്സില്‍ ചോദ്യശരം അയക്കാറുണ്ട്.

മരിക്കുമ്പോള്‍ മുത്തശ്ശിയുടെ കഥകളിലെ സ്ത്രീകള്‍ ചുമപ്പ് കലര്‍ന്ന പാവാടയും, പച്ചനിറത്തിലുള്ള സാരിയും അണിഞ്ഞിരുന്നെങ്കില്‍, പാലകളില്‍ എത്തുമ്പോള്‍ വെള്ള വസ്ത്രം ആരായിരിക്കാം അവരെ അണിയിക്കുന്നത്.?

തലമുടിക്ക് നീളം കുറവായതിനാല്‍ പരാതി പറഞ്ഞു നടന്നിരുന്ന നാരായണി ഏടത്തി യക്ഷിയായി ഭര്‍ത്താവിനെ പേടിപ്പിച്ചപ്പോള്‍ അവര്‍ക്ക് മുട്ടോളം  മുടി ഉണ്ടായിരുന്നുവെന്നാണ് അയാള്‍ പറഞ്ഞ് നടന്നിരുന്നത്. ഒരിക്കലും വെള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന സുമതിയും മരണശേഷം മുത്തശ്ശിയുടെ സ്വപ്നത്തില്‍ വന്നപ്പോള്‍ വെള്ള സാരിയായിരുന്നു വേഷം. മരണം നിറങ്ങള്‍ ഇല്ലാത്ത ലോകത്തേക്കാവുമോ കൂട്ടിക്കൊണ്ടുപോകുക? ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കിലും അവള്‍ എന്നും കഥകള്‍ക്കായി കാത്തിരുന്നിരുന്നു. യക്ഷിയെ വര്‍ണിക്കുമ്പോള്‍ മുത്തശ്ശിയുടെ കണ്ണിലെ ഭാവം അവളില്‍  ഭയത്തിന് പകരം അവരുടെ സൗന്ദര്യത്തോടുള്ള ആരാധനയാണ് ജനിപ്പിച്ചത്. മുത്തശ്ശി, കഥകളിലെ യക്ഷികള്‍ക്ക് ജീവന്‍ കൊടുത്ത് അവളിലേയ്ക്ക് അതിന്റെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഉപ്പും, കലിയുടെയും പകയുടെയും എരിവും പകര്‍ന്നപ്പോള്‍ കുഞ്ഞുമനസ്സിന്റെ വിള്ളലുകളിലേയ്ക്ക് അത് ഒരു നീറ്റല്‍ ആയി ആഴ്ന്നിറങ്ങി.

പിന്നീടൊരിക്കല്‍ മുത്തശ്ശി ആരോടും പറയാതെ കണ്ണുകളടച്ചപ്പോള്‍, അറിയാതെ അവള്‍ ചോദിച്ചു 'മുത്തശ്ശി ഇനി പാലമരത്തിലാണോ ഉറങ്ങുന്നത്.' അത് കേട്ട് എല്ലാവരും അവളെ കണ്ണുരുട്ടി പേടിപ്പിച്ചു. ചിലര്‍ മുഖം പൊത്തി ചിരി അടക്കാന്‍ ശ്രമിച്ചു. പിന്നെ എല്ലാ ദിവസവും അവള്‍ പാലമരച്ചുവട്ടില്‍  മുത്തശ്ശി വരുമോയെന്നറിയാന്‍ എത്തി. മുത്തശ്ശിയോടൊപ്പം അവരുടെ യക്ഷികളെയും അവള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് വേദനയോടെ അവള്‍ തിരിച്ചറിഞ്ഞു.

പാലപ്പൂക്കളോടും അവരുടെ അതിഥികളോടുമുള്ള ഇഷ്ടം അവളോടൊപ്പം വളര്‍ന്ന് പാലമരത്തോളമായി. അവയുടെ തോഴിമാരുടെ കൂര്‍ത്ത പല്ലുകള്‍ അവളെ ഭയപ്പെടുത്തിയില്ല. കാരണം മുത്തശ്ശിയുടെ കഥകളിലെ യക്ഷികള്‍ മനുഷ്യനെ പേടിപ്പിക്കാന്‍ മാത്രം ശക്തിയുള്ളവര്‍ ആയിരുന്നു. ജീവിതത്തില്‍ ഒരുപാട് പേടിച്ച്, ജീവിതത്തോട് തന്നെ പേടി തോന്നി അതവസാനിപ്പിച്ചവരാണ് മിക്കവരും. കണ്ണീര്‍ പുഴയുടെമീതെ ജീവിതപ്പാലത്തിലൂടെ നടക്കുമ്പോള്‍ ഒറ്റയ്ക്കാണെന്നറിഞ്ഞപ്പോള്‍, കാലുകള്‍ വിറച്ച്  വെള്ളത്തില്‍ വീണവരാണ്  അതില്‍ കൂടുതല്‍. നീന്തല്‍ അറിഞ്ഞിട്ടും അക്കരെ എത്താതെ കുട്ടിക്കളി കാണിച്ചവരും ഇല്ലേ അവര്‍ക്കിടയില്‍. അവരെയെന്തിന് പേടിക്കണം എന്നാണ് അവള്‍ക്ക് തോന്നിയത്.

നാരായണി ഏടത്തിയുടെ ഭര്‍ത്താവ് അവരെ നിരന്തരം ഉപദ്രവിച്ചിരുന്നു. അവസാനം അവരെ അയാള്‍ കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് മുത്തശ്ശി പറഞ്ഞത്. അതുകൊണ്ട് തന്നെ അയാളെ പേടിപ്പിച്ചതില്‍ അവള്‍ എന്നും നാരായണി ഏടത്തിയുടെ അല്ല യക്ഷിയുടെ ഭാഗത്തായിരുന്നു.

സുന്ദരികള്‍ക്കായി ചില്ലകള്‍ പൂത്തു  കാത്തിരുന്ന പാലമരങ്ങള്‍ അച്ഛന്റെ നിര്‍ബന്ധത്തില്‍  വെട്ടി നശിപ്പിക്കപ്പെട്ടു . ഇനി അവര്‍ എവിടെ പോകുമെന്ന ചിന്ത അവളെ വല്ലാതെ കുഴപ്പിച്ചു. സംശയ നിവാരണത്തിനായി അവള്‍ അയല്‍വീട്ടില്‍ കൂട്ടുകാരിയുടെ അടുത്തെത്തിയപ്പോള്‍, കൂട്ടുകാരിയുടെ ഭയന്ന് വിറച്ചുള്ള നോട്ടവും അവളെ തട്ടിമാറ്റി ഓരോട്ടവും കണ്ട് അവള്‍ ചിരി നിര്‍ത്താതെ വീട്ടിലേയ്ക്ക് മടങ്ങി.

അവളുടെ പുസ്തകങ്ങളിലെ ഓരോ കഥകളും വെളുത്ത സാരിയില്‍ മുത്തശ്ശിയാണ് വായിച്ചു കേള്‍പ്പിച്ചിരുന്നത്. പലപ്പോഴും മുത്തശ്ശി എവിടാണ് ഉറങ്ങുന്നതെന്ന് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ കഥ അവസാനിപ്പിച്ച് അവര്‍ മടങ്ങും. നിറങ്ങള്‍ ഇല്ലാത്ത ലോകത്തെ കുറിച്ച് ചോദിക്കാന്‍ പിന്നെ അവള്‍ തുനിഞ്ഞില്ല. കാരണം കഥ പൂര്‍ത്തിയാക്കാതെ മുത്തശ്ശി പോയാലോ? മുത്തശ്ശിയുടെ  ചുമന്ന് തുടുത്ത ചുണ്ടുകളിലേയ്ക്ക് അവള്‍ കണ്ണിനെ ഉറപ്പിക്കും, ചോദ്യങ്ങളോ, ചോദ്യം ചെയ്യലുകളോ ഇല്ലാതെ  അക്ഷരങ്ങള്‍ക്കൊപ്പം വള്ളികളില്‍ തൂങ്ങി, വലയങ്ങളില്‍ അകപ്പെടാതെ അല്‍പവിരാമത്തോടെ ഉദ്ധരണികള്‍ക്കൊപ്പം അവളും സഞ്ചരിക്കും. വഴികളിലെല്ലാം കുറേ സുന്ദരികള്‍ അവരുടെ ജീവിതം പറഞ്ഞ് കൊണ്ടിരിക്കും.  അതില്‍ തകര്‍ന്ന സ്വപ്നങ്ങളുടെ ആശ്ചര്യ ചിഹ്നങ്ങള്‍ മുന്നിട്ട് നിന്നിരുന്നു.  തനിക്കായ് മാത്രം ഒരു ദിവസമെങ്കിലും ജീവിക്കാന്‍ കഴിയാതെ, ജനനിയാകാതെ, ത്യാഗിയെന്ന ചൊല്ല്  തിരുത്തീടാതെ മരണത്തിന്റെ കുരുക്കില്‍ പെട്ട പെണ്‍വിതുമ്പലുകളായിരുന്നു അവയെല്ലാം.

'പാലമരവും യക്ഷിയും' എന്ന വിഷയത്തിലുള്ള ഗവേഷണം അവസാനിപ്പിക്കാനാണ് പാലമരം വെട്ടിനശിപ്പിച്ചതെന്നും ഇനിയും ഇത് നിര്‍ത്തിയില്ലെങ്കില്‍ അവള്‍ വായിക്കുന്ന പുസ്തകങ്ങള്‍ കത്തിച്ചു കളയുമെന്നുമുള്ള അച്ഛന്റെ താക്കീതില്‍ അവള്‍ ഒട്ടും ഭയന്നില്ല. കുറ്റവാളിയെ പോലെയുള്ള അവരുടെ നോട്ടത്തിന്റെ ഗതി പതുക്കെ മാറി തുടങ്ങി. മാറാരോഗിയായി തീര്‍ന്ന മകളെയോര്‍ത്ത് അച്ഛന്‍ എന്നും പരിഹാരങ്ങള്‍ ചെയ്തുകൊണ്ടിരുന്നു.

താനും,  അക്ഷരങ്ങളും ഒരിക്കലും ഒരു രോഗത്തിനും അടിമകളല്ലെന്ന് അവള്‍ മുറിയുടെ നാല് ചുവരുകളിലും എഴുതി. സദാസമയവും താന്‍ നീരീക്ഷിക്കപ്പെടുകയാണെന്ന് തിരിച്ചറിയാതെ വെളുത്ത ചുമരില്‍ പതിഞ്ഞ ചുമന്ന അക്ഷരങ്ങള്‍ അവള്‍ ഉറക്കെ ഇടയ്ക്കിടെ വായിക്കുമായിരുന്നു. ഒരിക്കല്‍ മുറിയിലോട്ട് തള്ളികയറി വന്ന അമ്മയ്ക്ക് ചുമരില്‍ പതിഞ്ഞ ആ ചുമന്ന വാചകങ്ങള്‍  കണ്ണില്‍പ്പെടുന്നതിനു മുന്‍പ്, തലച്ചോറില്‍ ഉണങ്ങിയ രക്തത്തിന്റെ കുത്തല്‍ അനുഭവപ്പെട്ടു. പക്ഷേ അവള്‍ക്കത്, മുത്തശ്ശിയോടൊപ്പം കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ നിശ്വസിച്ച കാറ്റിന്റെ മണമായിരുന്നു. മുത്തശ്ശിയുടെ ചുണ്ടില്‍ നിന്നും അതെ മണമായിരുന്നു പുസ്തകങ്ങളിലേയ്ക്ക് പ്രവഹിച്ചിരുന്നത്. യക്ഷികളുടെ നെടുവീര്‍പ്പും അട്ടഹാസവും ദയനീയതയും അലഞ്ഞ പുസ്തകത്താളുകളിലെ അതേ മണം മയക്കുമരുന്ന് പോലെ അവള്‍ക്ക് ലഹരി നല്‍കിയിരുന്നു.

മേശയ്ക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ചെറിയ ബ്ലേഡ് അമ്മ പിടിച്ചെടുത്തു പുറത്തേയ്ക്ക് പാഞ്ഞു.  മയക്കുമരുന്ന് ലഭിക്കാതെ ഭ്രാന്ത് പിടിച്ച ലഹരിക്കാരിയെ പോലെ അവള്‍ അലറി വിളിച്ചു. രാത്രി അമ്മ അവള്‍ക്ക് കൂട്ടിനായി എത്തിയെങ്കിലും അവള്‍ ആരെയും അകത്തു കയറ്റിയില്ല. വാതിലടച്ച് അവള്‍ പുസ്തകതാളുകള്‍ വേഗത്തില്‍ മറിച്ചും തിരിച്ചും നോക്കി.

പുസ്തകത്താള്‍ അവസാനിക്കുമ്പോള്‍ അതിലെ നായികയായ നീലിമയെ അവള്‍ വളരെയധികം ഇഷ്ടപ്പെട്ടു.  വേലക്കാരി പെണ്ണുമായി നീലിമയ്ക്കുണ്ടായ അരുതാത്ത ബന്ധം നാട്ടില്‍ പാട്ടായപ്പോള്‍ അവള്‍ ഉത്തരത്തില്‍ തന്റെ സൗന്ദര്യം അവസാനിപ്പിച്ചു. നീലിമയുടെ ഓരോ കാലടികളും, സംഗീതവും അവളെ ഭ്രമിപ്പിച്ചു.

നീലിമയുടെ കണ്ണുകള്‍ നിറയുമ്പോള്‍ പോലും അതില്‍ ഒളിച്ച ഒരു നിശ്ശബ്ദ സംഗീതത്തിന്റെ ഈരടികള്‍ അവള്‍ ആസ്വദിച്ചു. നീലിമയുടെ പെണ്‍കൂട്ടുകാരിയോട് അവള്‍ക്ക് അതിയായ ദേഷ്യവും തോന്നി. അക്ഷരങ്ങള്‍ നീലിമയുടെ ഭംഗി വര്‍ണ്ണിക്കുമ്പോള്‍ അവളെ നേരില്‍ കാണാന്‍ വല്ലാതെ മോഹിച്ചു.

പാലപ്പൂവിന്റെ ഗന്ധം ചെറുതായി അവളെ തഴുകി. പുറത്ത് അതി ശക്തമായി കാറ്റ് വീശുന്നുണ്ടായിരുന്നു. തംബുരുവിന്റെ സംഗീതത്തോടൊപ്പം ആരോ മൂളുന്നുണ്ട്. വേഗത്തില്‍ കറങ്ങുന്ന ഫാന്‍ അവള്‍ ഓഫ് ചെയ്തു. അവള്‍ അത് കറങ്ങി തീരുംവരെ അക്ഷമയോടെ അതില്‍ നോക്കി നിന്നു. പിന്നെ വെള്ള സാരി കഴുത്തിലൂടെ മാലയാക്കി അടുത്ത കഥയിലെ നായികയാകാന്‍ ഒരുങ്ങി.

ഇത്ര വൈകിയിട്ടും എന്തേ തന്റെ വീട്ടില്‍ ആരും ഉറങ്ങിയില്ല ഇതുവരെ. അവള്‍ പതുക്കെ പടികള്‍ കയറി വീട്ടിലേയ്ക്ക് കടന്നു. പൂജാമുറിയുടെ അടുത്തുള്ള ചെറിയ മുറിയില്‍ അവളുടെ ചിരിക്കുന്ന മുഖത്തിന്റെ മുമ്പില്‍ നിലവിളക്ക് കത്തുന്നു. അവിടെ നിലത്ത് വിരിച്ചിരിക്കുന്ന പായയില്‍ അവള്‍ ചുമന്ന പാവാടയും ബ്ലൗസും അണിഞ്ഞു ഉറങ്ങുന്നു.

അവള്‍ തന്റെ ദേഹത്തേയ്ക്ക് നോക്കിയപ്പോള്‍ വെളുത്ത നിറത്തിലുള്ള സാരി. നിലം മുട്ടുന്ന ചുരുണ്ട മുടിയിഴകള്‍. പാദം ഭൂമിയെ സ്പര്‍ശിക്കാതെ വായുവില്‍ തന്നെ നില്‍ക്കുന്നു. പാലപ്പൂക്കളുടെ ഗന്ധം തേടി അലയുന്ന  കുറേ പെണ്‍ ആത്മാക്കള്‍ക്കൊപ്പം മനസ്സില്‍ യക്ഷിയാകാനുള്ള മോഹം സഫലമാക്കി അവള്‍ യാത്ര തുടങ്ങി .പാല മരം തേടിയുള്ള അവളുടെ അലച്ചില്‍ എന്നവസാനിക്കുമെന്നറിയില്ല.

പക്ഷേ അവള്‍ക്ക് ഒന്നറിയാമായിരുന്നു. അച്ഛനും അമ്മയും തന്നെ വേളികഴിപ്പിക്കാന്‍ തിടുക്കം കൂട്ടിയതുകൊണ്ടാണ് താന്‍ നീലിമയെ തേടിയെത്തിയത്. അന്നൊരിക്കല്‍ അച്ഛനും അമ്മയും ഇല്ലാതിരുന്ന ഒരു ദിവസം അയലത്തെ ശങ്കരന്‍  അടുത്ത് കൂടി  ശരീരത്തില്‍ തലോടിയപ്പോള്‍ അവനില്‍ നിന്ന് വമിച്ച ദുര്‍ഗന്ധം സഹിക്കാതെ അവള്‍ക്ക് ഓക്കാനം വന്ന് പിന്നെ ശ്വാസതടസ്സം ആയി. അയാള്‍ പെട്ടന്ന് പേടിച്ചോടി  ഒന്നുമറിയാത്ത മട്ടില്‍ അച്്ഛനെ വിളിച്ചു. അവള്‍ എന്തോ കണ്ട് പേടിച്ചതാന്ന് ശങ്കരന്‍ പറഞ്ഞു നടന്നു. പക്ഷേ അവള്‍ക്ക് ശരിക്കും മനുഷ്യ മണം പിടിക്കില്ലെന്ന് അയാള്‍ക്കുണ്ടോ അറിയൂ! മനസ്സില്‍ എന്നും മുത്തശ്ശിയുടെ യക്ഷികള്‍ ആയിരുന്നെങ്കിലും അതില്‍ നീലിമയോട് അവള്‍ക്ക് അടങ്ങാത്ത ആവേശമായിരുന്നു.

മഞ്ഞളില്‍ കുളിച്ച്, ചന്ദനത്തിന്റെ ലേപനം പൂശി, മുല്ലപ്പൂക്കള്‍കൊണ്ട് മുടി അലങ്കരിച്ച് പാടി നടന്ന നീലിമയായിരുന്നു അവളുടെ നായിക. അച്ഛന്റെ പൂജകളൊന്നും അവള്‍ക്ക് ഏറ്റില്ല. യുവതിയായ അവള്‍ യക്ഷിയായി, യക്ഷിയുമായി ജീവിക്കാന്‍ തീരുമാനിച്ചു. 

അന്തരീക്ഷത്തില്‍ കുറച്ച് സമയം ഒരു നേരിയ പാട്ടിന്റെ മൂളലും കരിയിലകളുടെ നൃത്തവും തങ്ങി നിന്നു. വായുവില്‍ രണ്ട് പെണ്ണുടലുകള്‍ തമ്മില്‍ ആലിംഗനം ചെയ്തപ്പോള്‍, അവര്‍  ഇതുവരെ  ആരും കണ്ടിട്ടില്ലാത്ത രണ്ട് വെള്ള പെണ്‍പക്ഷികള്‍ ആയി മാറി. പിന്നെ ഏതോ ഒരു പാലമരത്തിന്റെ കൊമ്പില്‍  അവര്‍ ഇണ ചേര്‍ന്ന് എവിടേയ്ക്കോ ഒരുമിച്ച് പറന്നകന്നു. പിന്നെ മുല്ലപ്പൂവും ചന്ദനവും മഞ്ഞളും ചേര്‍ന്ന ഒരു ഗന്ധം പേറി കുറേ തൂവലുകള്‍ വായുവില്‍ ലക്ഷ്യമില്ലാതെ പറന്നു നടക്കുന്നുണ്ടായിരുന്നു.


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!