നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാരുടെ ജീവിതം പ്രമേയമായി ഒരു കവിത. ഖത്തറില്‍ നഴ്‌സ് ആയി ജോലിചെയ്യുന്ന സിദ്ദിഹ എഴുതുന്നു.
പതിനാലു സംവല്‍സരങ്ങള്‍ക്കു മുമ്പ്, മലയാളത്തിന്റെ വായനാസമൂഹം ശ്രദ്ധയോടെ വായിച്ച ഒരു കൗമാരക്കാരിയുണ്ടായിരുന്നു. കോട്ടയം പൊന്‍കുന്നത്ത് ജനിച്ചുവളര്‍ന്ന സിദ്ദിഹ. കോഴിക്കോട്ടെ ഇന്‍സൈറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച സിദ്ദിഹയുടെ 'എന്റെ കവിത എനിക്ക് വിലാസം' എന്ന സമാഹാരം അന്നേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍. സ്‌കൂളുകളില്‍നിന്നും ഇന്നത്തെ പോലെ പുസ്തകങ്ങള്‍ അധികം ഇറങ്ങാത്ത കാലം. പുതിയ ഭാവുകതത്വത്തിന്റെ അനായാസമായ ഒഴുക്കായി സിദ്ദിഹ അന്ന് വായിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു, വെള്ളിടി എന്ന തന്റെ കോളത്തില്‍ 2006 സെപ്തംബര്‍ 22 ന് എന്‍ എസ് മാധവന്‍ സിദ്ദിഹയെക്കുറിച്ച് എഴുതിയ കുറിപ്പ്. 'പുതിയ എഴുത്ത്: സിദ്ദിഹ പി എസ്' എന്ന തലക്കെട്ടില്‍വന്ന ആ കുറിപ്പ്, ഏറെ പ്രതീക്ഷകേളാടെയാണ് സിദ്ദിഹയെ സമീപിച്ചിരുന്നത്.
കവിതയുടെ മാനിഫെസ്‌റ്റോ പോലെ, സിദ്ദിഹ എഴുതിയ നാല് വരികള്‍ എസ് എസ് മാധവന്‍ ആ കുറിപ്പില്‍ ഉദ്ധരിച്ചിരുന്നു:
undefined
എന്റെ കവിതകള്‍
എന്റെ പ്രേമംപോലെ തീവ്രമെങ്കില്‍
കവിതയുടെ കാടുകള്‍ പൂക്കട്ടെ
എന്റെ കവിതകള്‍ എനിക്കു വിലാസമാകട്ടെ
(കവിത)
ആ പുസ്തകം സിദ്ദിഹയുടെ വിലാസം തന്നെയായിരുന്നു. അതിലെ കവിതകള്‍ പ്രേമം പോലെ തീവ്രമായ കാവ്യഭാവുകതത്വത്തിന്റെ കൊടിയടയാളവും. അതിനാലാവാം, മാധവന്‍ ഇങ്ങനെ എഴുതിയത്. ''ഈ കവി ഭാവിയില്‍ എന്താകും എന്നൊന്നും എനിക്കറിയില്ല. ഇന്ന്, ഇപ്പോള്‍, ഈ നിമിഷം സിദ്ദിഹയെ വായിക്കുന്നത് എനിക്കു ഇഷ്ടമാണ്. കവിക്കും നാളെയെക്കുറിച്ച് വലിയ ആശങ്കകള്‍ ഇല്ല. അതൊരു നല്ല ലക്ഷണമാണ്.''
നാളെയെക്കുറിച്ച് വലിയ ആശങ്കകള്‍ ഒന്നുമില്ലെന്ന് മാധവന്‍ വായിച്ച ആ കുട്ടിക്കവി എഴുത്തിന്റെ ആകാശത്തിരുന്ന് അധികകാലം ഭൂമിയെ നോക്കിയില്ല. കവിതയുടെ പൂത്ത കാടുകളെ മറവിയില്‍ ഉണക്കാനിട്ട്, അവള്‍ ജീവിതത്തിന്റെ പല കരകളിലേക്ക് പറന്നു. കാടും മലയും മരുഭൂമിയും കടലും പിന്നിട്ട യാത്രകള്‍ക്കിടെ ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. സിദ്ദിഹ ഇപ്പോള്‍ വിദ്യാര്‍ത്ഥിനി അല്ല, കൊറോണക്കാലത്ത് സുരക്ഷാ വസ്ത്രങ്ങളില്‍ പുതഞ്ഞുജീവിക്കുന്ന ഒരു നഴ്‌സാണ്.
നീണ്ട നിശ്ശബ്ദതയുടെ ഒന്നര പതിറ്റാണ്ടിനു ശേഷം അവള്‍ വീണ്ടും കവിതകളിലേക്ക് തിരിച്ചുവന്നിരിക്കുന്നു. കുട്ടിക്കാലത്തിന്റെ പുസ്തകത്തിലെ വാക്കുകളെ ജീവിതം മറ്റ് പലയിടങ്ങളിലേക്കും പറിച്ചുനട്ടിരിക്കുന്നു. അവയില്‍ പുതിയ കാലത്തെ മനുഷ്യജീവിതമുണ്ട്. ഓര്‍മ്മകള്‍ കൊണ്ട് നിശ്ശബ്ദതയെ എയ്തിടാനായുന്ന വാക്കിന്റെ അമ്പുകളുണ്ട്. കവിത അതിജീവനവും ജീവിതവുമാവുന്നത് പുതിയ സിദ്ദിഹക്കവിതകളില്‍ വായിക്കാം.
ജീവിതം റദ്ദാക്കുന്ന വിളികള്‍
ഞങ്ങളെ സിസ്റ്ററെ എന്ന് വിളിക്കരുത്
മാലാഖയെന്നും വിളിക്കരുത്
അരച്ചാണ്‍ വിശപ്പിനു
അരപ്പാത്രം തണുത്തകഞ്ഞി തന്നു
ത്യാഗമാണെന്നൊന്നും പറയരുത്
സന്മാര്‍ഗ ശീലകള്‍ ലോപിച്ച
വസ്ത്രം ഞങ്ങള്‍ക്ക് തുന്നരുത്
പിന്നഫോമില്‍
*ഡെക്കോണസ് ക്യാപ്പില്‍
കാലിടുക്കുവരെയെത്തും
ഇറുകിയ സോക്സില്‍
അറുപതിലും
കുത്തിനിറക്കരുത്
ദൈവ വിളിയെന്നു പറയരുത്
മഠവാസിനികളാക്കരുത്
മേട്രനും ബിഷപ്പും ചമയരുത്
വെറും ഡ്രിപ്പും സിറിഞ്ചും സ്പിരിറ്റും മാത്രമാക്കരുത്
കൈവീശി നടക്കുമ്പോഴേക്ക്
തട്ടിവീഴാന്‍ പാകത്തില്‍ നിയമപുസ്തകങ്ങള്‍
അടുക്കരുത്
ഗര്‍ഭവും പ്രസവവും രോഗമല്ലെന്നു അവധികള്‍ വെട്ടരുത്
കാബേജിലകളാല്‍ വരിഞ്ഞുകെട്ടിയ
ചീര്‍ത്തുപോകുന്ന മുലക്കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങുന്നു
ഞങ്ങളുടെ മക്കള്‍
അലറിക്കേണുതളരും, മുലപ്പാല്‍.
വെളുത്തകുപ്പായത്തിലത് വരയ്ക്കുന്നു,
തൊണ്ണു വരണ്ട
കടല്‍ പോലെ
നീലിച്ച പൈതല്‍
കര്‍ട്ടനു പിന്നില്‍ ജനല്‍കമ്പി പിടിച്ചൊളിച്ചിരുന്നു വിങ്ങുന്നു
അമ്മയില്ലാത്ത നരച്ച വെട്ടം
ഉറക്കം കനിയാ ഇരുള്‍പുതപ്പ്
ചെറുകൃഷ്ണമണികളില്‍
പലവട്ടം മരിച്ചു വീഴുന്ന
ആഴക്കിണര്‍ വട്ടം
'ജോലിയാണോ ഞാനാണോ' വലുതെന്ന നേര്‍പാതിയുടെ ചോദ്യത്തിലൊന്നു തടഞ്ഞു വീണു
ഉടുപ്പുകുടഞ്ഞു,
കാലു പിടിക്കുന്ന കുഞ്ഞിക്കൈകളെ വലിച്ചു മാറ്റി
ആശുപത്രിയിലേക്ക്
കൈവീശി നടക്കുമ്പോള്‍
ചുളിവുകള്‍ വീണ നാലു കണ്ണുകള്‍ ചോരുന്ന കൂരക്കീഴില്‍
ജപ്തി ചെയ്ത വീടോര്‍ത്തു കരയുന്നു
നീ നിന്റെ ജോലി നിര്‍ത്തിയാല്‍ പട്ടിണി കൊണ്ട് മരിക്കുമെന്ന് നീറുന്നു
മലവും മൂത്രവും
കിടക്കയില്‍ പോകുന്ന രോഗിയുടെ കണ്ണിലേക്ക് മാത്രം നോക്കി കരച്ചിലടക്കുന്നു
വയറെരിഞ്ഞും
കാലു വീര്‍ത്തും നടന്നുറങ്ങിയും
മൂത്രമടക്കിപ്പിടിച്ചും
നിങ്ങള്‍ തൊടാനറയ്ക്കുന്ന
നിങ്ങളുടെയാളുകള്‍ക്കായ്
പരക്കം പായുമ്പോള്‍
സിസ്റ്ററെന്നു വിളിച്ചു തളയ്ക്കരുത്
വാടകവീട്ടില്‍ നിന്നിറക്കി വിടരുത്
കൈ കാണിക്കുമ്പോള്‍
ഓട്ടോ നിര്‍ത്താതെ പോകരുത്
ദിനേന എതിര്‍'ലിംഗം' കാണേണ്ടി വരുന്ന ഗതികേടില്‍ പിഴയെന്നു വിളിക്കരുത്
പുരോഗമനചിന്താ-ചിലന്തിവല പോലും ബാക്കിയാവാതെ
ഡെറ്റോളിട്ടു തുടയ്ക്കരുത്
പുഷ്പവൃഷ്ടി നടത്തിയ ശവങ്ങളായി
പാത്രം കൊട്ടി വിളിച്ച പ്രേതങ്ങളായി
ശ്മശാനത്തില്‍ കൂടുവെച്ച
പക്ഷികളായി
കെട്ടിപ്പിടിക്കാനാവാത്ത
പൊട്ടിക്കരച്ചിലുകളെ മറച്ചു
കെട്ടിവെക്കുന്നു
നിസ്സംഗതയുടെ മാസ്‌ക്
മരിച്ചവരുടെ പടം തൂക്കിയ ചുമര്‍ പോലെയായിരിക്കുന്നു മനസ്സ്
കുടുംബത്തിനു ചേരാത്ത ജോലിയും
ജോലി വരവ് വെക്കാത്ത കുടുംബവും
തളച്ചിടുന്ന
മനുഷ്യമണവാട്ടികളെ
ഇനിയൊരിക്കലും
'സിസ്റ്ററെ' എന്ന് വിളിക്കരുത്
മാലാഖയെന്നും വിളിക്കരുത്
* നഴ്‌സുമാരുടെ തലയില്‍ വെക്കുന്ന തൊപ്പി. കന്യാസ്ത്രീകളുടെ ശിരോവസ്ത്രം ലോപിച്ചുണ്ടായത്. ഔദ്യോഗിക പദവി കൂടുന്തോറും ഇതിന്റെ വലിപ്പം കൂടും
Read more: യോദ്ധാവോ മാലാഖയോ അല്ലാത്ത ഈ നഴ്‌സുമാരുടെ ചോരയ്ക്ക് നമ്മളെത്ര വിലയിടും?