Malayalam Short Story: ഹെല്‍പ് ലൈന്‍ നമ്പര്‍, ആതിര വി എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Oct 31, 2024, 4:30 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആതിര വി എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

ഹെല്‍പ് ലൈന്‍ നമ്പര്‍

നമ്മള്‍ സംസാരിക്കുന്നതെല്ലാം ചേര്‍ത്തുവെച്ച്, നാലഞ്ച് വരിയെങ്കിലും ഉള്ള ഒരു കൂട്ടം ആകുമ്പോഴാണ് അതൊരു സംഭാഷണം ആവുക എന്നുണ്ടെങ്കില്‍, ഞങ്ങള്‍ക്കിടയില്‍ അത് സംഭവിക്കാറുള്ളത് ശനിയാഴ്ച വൈകുന്നേരങ്ങളില്‍ മാത്രമാണ്. 

ബിയര്‍, പാസ്ത അല്ലെങ്കില്‍ ഇവയ്‌ക്കൊത്ത ഏതെങ്കിലും സബ്സ്റ്റിറ്റിയൂട്ടുമായി അന്ന് ഞങ്ങള്‍ ടെറസില്‍ കേറും. മൊബൈലിലേക്ക് തല കുനിക്കാത്തതിനാല്‍ നേരം കുറേ ഉള്ളതുപോലെ തോന്നും. ബിയര്‍ ബോട്ടില്‍ കാലിയാകുന്നതിനൊപ്പം മനസിലുള്ളത് വായിലൂടെ നുരഞ്ഞ് പുറത്തേക്ക് പൊന്താനും തുടങ്ങും. 

ഈ നല്ല നേരങ്ങള്‍ക്ക് ഞങ്ങള്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സതീഷ് അങ്കിളിനോടാണ്. എസ് കെ ലോഹിയുടെ ഡാഡിയാണ് സതീഷ് അങ്കിള്‍. അവനാണ് ഈ ഗ്യാങ്ങിലെ അംബാനി. അങ്കിള്‍ പണമുണ്ടാക്കുന്നു. ആന്റിയുടെ അക്കൗണ്ട് വഴി പണം അംബാനിയുടെ കയ്യില്‍ എത്തുന്നു. അതുപയോഗിച്ച് ഞങ്ങള്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നു. സ്വിഗ്ഗി ഓര്‍ഡര്‍ ചെയ്യുന്നു.

ആയതിനാല്‍ ചിയേഴ്‌സ് ടു ലോഹി അലിയാസ് അംബാനി; ദി മമ്മീസ് ബോയ്!

ഈ സീന്‍ ഒന്ന് പൊലിപ്പിക്കാന്‍  എണ്‍പതുകളിലെ ഹിന്ദി പാട്ട് മസ്റ്റാണ്. അതിനാണ് അനിര്‍ബന്‍ ഘോഷ് ഇവിടെയുള്ളത്. ചിലര്‍ക്ക് ഒരു കണ്ണുതന്നെ അധികമാണ് എന്നുള്ളതുകൊണ്ട് അവന് ദൈവം ഒന്നേ കൊടുത്തുള്ളൂ. കിക്കായി തുടങ്ങിയാല്‍ ഒറ്റക്കണ്ണന്‍ ഹിന്ദിക്കാരന്‍ അധികം ശബ്ദമലിനീകരണം ഇല്ലാതെ പാടും. അവന്റെ പി എച്ച് ഡിയുടെ പ്രഷറെല്ലാം ബോഡിയില്‍ നിന്നും മൈന്‍ഡില്‍ നിന്നും കുറച്ചുനേരത്തേക്ക് ഇറങ്ങി പുറത്തുനില്‍ക്കും. ഒറ്റക്കണ്ണന് നാല് മെയില്‍ ഐഡി ഉണ്ട്. എല്ലാ ചാറ്റ് ആപ്പുകളിലും ആക്ടീവ് അല്ലാത്ത അക്കൗണ്ടും ഉണ്ട്.  

സോ ചിയേഴ്‌സ് ടു അനിര്‍ബന്‍ ഘോഷ് ഫ്രം  വെസ്റ്റ് ബംഗാള്‍.

എല്ലാ ഞായറാഴ്ച പ്രഭാതത്തിലും എന്നെക്കൊണ്ട് ടെറസ് കഴുകിക്കുന്ന മൂന്നാമത്തവനാണ് ഡിങ്കന്‍. യൂണിവേഴ്‌സിറ്റി കോളേജിന്റെ കാമ്പസ് ഒരേ കാലഘട്ടത്തില്‍ സന്ദര്‍ശിച്ചിരുന്നു എന്നൊരു തെറ്റ് മാത്രമേ  ഞാന്‍ അവനോട് ചെയ്തിരുന്നുള്ളൂ. ഡിങ്കനാണ് എന്നെ ഈ വീടിന്റെ മുകളിലെ നിലയില്‍ അവരോധിച്ചത് എന്നത് മറക്കുന്നില്ല. എങ്കിലും അവന്റെ ഷഡ്ഡി അടക്കം കഴുകിയിരുന്നത് ഞാനാണ്. അവനാണ് ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഷഡ്ഡി ഉണ്ടായിരുന്നത്. അതും  ബ്രാന്‍ഡഡ്! കോളേജ് കാലത്ത് അവന് ഇതിലും മോശം ഒരു ഇരട്ടപ്പേര് ഉണ്ടായിരുന്നു. ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. നല്ല വര്‍ക്കത്തുള്ള എഫ്.ബി ആന്‍ഡ് ഇന്‍സ്റ്റാ നെയിമുകള്‍ ഉള്ള  ഇവന്  ഡിങ്കന്‍ എന്ന പേരില്‍ നൂറില്‍ താഴെ ഫോളോവേഴ്‌സ് ഉള്ള ഒരു യൂട്യൂബ് ചാനല്‍ കൂടി ഉണ്ടെന്ന് ഞാനറിഞ്ഞത് അവന്‍ എന്നെക്കൊണ്ട് അത് ഫോളോ ചെയ്യിച്ചപ്പോള്‍ മാത്രമാണ്.

ചിയേര്‍സ് ടു ഡിങ്കന്‍ ബ്രോ ഓള്‍സോ..

മേല്‍ ത്രീ ജനറേഷന്‍ സി (z) കള്‍ക്കൊപ്പം കട്ടക്ക് നിന്ന് കൂടുതല്‍ വെള്ളമടിക്കുകയും കുറച്ചു മാത്രം പാസ്ത കഴിക്കുകയും ചെയ്യുന്ന ഞാനാണ് കോഹ്‌ലി. വിരാട് കോഹ്‌ലി.

'മോനേ വിരൂ, നിനക്ക് ആരെടാ ഈ പേരിട്ടത്?'

ടെറസില്‍ വിരിച്ച പായിലേക്ക് മലര്‍ന്നുകൊണ്ട് അംബാനി ചോദ്യത്തിന് തുടക്കമിട്ടു. ഞാനും ഏതാണ്ട് ഫോമില്‍ ആയി തുടങ്ങിയിരുന്നു.
 
'എനിക്ക് നല്ലൊരു പേരിടാന്‍ പപ്പക്കും മമ്മിക്കും ടൈം കിട്ടിയില്ലടാ'

'പുവര്‍ പാരന്‍സ്.'  ഡിങ്കന്‍ പല്ലിളിച്ചു.

'എന്റെ പൊന്നു മാഷ്, എസ്എസ്എല്‍സിക്ക് എന്റെ ക്ലാസ് ടീച്ചര്‍ ആയിരുന്ന എന്റെ മാഷ് ; ക്രിക്കറ്റ് ഭ്രാന്തനായ അങ്ങോര് ഇട്ടതാണ് ഈ ബ്യൂട്ടിഫുള്‍ പേര്'

'എന്ത് വിരാട് കോഹ്‌ലീന്നാ?!'

അംബാനിയുടെ രണ്ടാമത്തെ ചോദ്യം. അപ്പോ അവന്‍ ഉറങ്ങിയിട്ടില്ല.

'അല്ലടാ അംബാനീ, വിരാട് വിക്രമന്‍ നായര്‍'

'ഓ മൈ ഗോഡ്! സൊ യു ആര്‍ ഫ്രം ദ  ഡോമിനന്റ് കമ്മ്യൂണിറ്റി ഇന്‍ കേരള' ഹിന്ദിക്കാരന്‍ ഇംഗ്ലീഷില്‍ അത്ഭുതപ്പെട്ടു.

'നോ മൈ ബോയ്, യു ആര്‍ മിസ്റ്റേക്കണ്‍' വരെ പറഞ്ഞപ്പോള്‍ എന്റെ ഇംഗ്ലീഷ് സ്റ്റോക്ക് തീര്‍ന്നു. ഒരു കവിള്‍ കൂടി കുടിച്ച ശേഷം ഞാന്‍ തുടര്‍ന്നു.

'എനിക്കായിട്ട് ഒരു സമുദായം ഇതുവരെ ഉണ്ടായിട്ടില്ല. ഇനി മിസ്റ്റര്‍ ഘോഷിന് എന്നെ ഏതെങ്കിലും ഒരു കമ്മ്യൂണിറ്റിയില്‍ അകപ്പെടുത്തണം എന്നുണ്ടെങ്കില്‍ ഞാന്‍ ഒരു അരയന്‍ ആകാന്‍ തയ്യാറാണ്. എ റിയല്‍ കടല്‍ ചെറുക്കന്‍!'

മുക്കാലും കഴിഞ്ഞ ഒരു ബോട്ടില്‍ തലയ്ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് സാമാന്യം പൂസായ ഒരു പോസില്‍ ഞാന്‍ അങ്ങനെ നിന്നു. ഹിന്ദിക്കാരന് വേണ്ടി ഡിങ്കന്റെ വക ലൈവ് ട്രാന്‍സ്‌ലേഷന്‍ ഒരു സൈഡില്‍ നടക്കുന്നുണ്ടായിരുന്നു. കിടന്ന കിടപ്പില്‍ അംബാനി വീണ്ടും ക്വസ്റ്റ്യന്‍ ഇട്ടു.

'എടാ കോലി, നിന്റെ മമ്മി മുക്കുവത്തി ആണോ? എന്താ ഒരു മുഹബത്തിന്റെ സ്‌മെല്ല്! ലൗ മാരേജ് ആണോ?!'

അംബാനി കൊണ്ടുനിര്‍ത്തിയത് നല്ലൊരു പോയിന്റില്‍ ആയതുകൊണ്ട് ഞാന്‍ അതില്‍ പിടിച്ചങ്ങ് കയറി.

'അല്ലടാ പുല്ലേ, അതൊരു പരീക്ഷണ വിവാഹമായിരുന്നു. ഘോഷിന് വേണ്ടി പറഞ്ഞാല്‍ ഇറ്റ്  ഈസ് ആന്‍ എക്‌സ്‌പെരിമെന്റല്‍ മാര്യേജ്'

ഘോഷിന്  മാത്രമല്ല ഡിങ്കനും അംബാനിക്കും പോലും ഒന്നും പിടികിട്ടിയില്ല. മൂന്നും എന്നെ അപ്പോള്‍ കാണുന്നതുപോലെ തുറിച്ചുനോക്കി. പാസ്ത ഏതാണ്ട് തീര്‍ന്നിരുന്നു. അംബാനിയുടെ സ്വിഗ്ഗി ഓര്‍ഡറുമായി പയ്യന്‍ എത്തുന്നതും കാത്ത് തീറ്റ ബ്രേക്കായി ഞങ്ങള്‍ ഇരുന്നു.

'എടാ ഡിങ്കൂസെ, എന്തായിരുന്നെടാ കോളേജില്‍ ഇവന്റെ മെയിന്‍?'

'ബി എ സോഷ്യോളജി. പൊട്ടന് സെയിം സബ്ജക്ടില്‍ എംഎയും ഉണ്ടെന്നാണ് കേള്‍വി' ഡിങ്കന്‍ ആക്കിച്ചിരിച്ചു.

'അപ്പോ അതാണ് പ്രോബ്ലം. ബാക്കി പറയെടാ പൊട്ടാ...'

അംബാനി ഓര്‍ഡറിട്ടു. അംബാനിമാരുടെ ഓര്‍ഡറിന് അപ്പീല്‍ ഇല്ലല്ലോ! എനിക്ക് തന്നെ വലിയ പിടിയില്ലാത്ത കാര്യത്തെപ്പറ്റിയാണ് തുടര്‍ന്ന് സംസാരിക്കാന്‍ പോകുന്നത്. ഞാന്‍ അവന്മാരോട് അഞ്ച് മിനിറ്റ് ആലോചിക്കാന്‍ വേണ്ടി വാങ്ങി. ശേഷം തുടര്‍ന്നു.

'അതായത് ഉത്തമന്മാരെ, എന്റെ ഫാദര്‍ മിസ്റ്റര്‍ വിക്രമന്‍ നായര്‍ അന്തസുള്ള ഇടത്തരം കുടുംബത്തില്‍ ഭൂജാതന്‍ ആവുകയും ആവശ്യത്തിന് വിദ്യ അഭ്യസിച്ച ശേഷം നഗരപ്രാന്തത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ സഹായത്താല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുകയും അത് അഭിവൃദ്ധിപ്പെട്ടുവരവേ വിവാഹിതനാകുകയും ചെയ്തു.'

ഇത്രയും പറഞ്ഞ് ഞാന്‍ ഒന്ന് നിര്‍ത്തി. ആ പോരട്ടെ എന്ന ഭാവത്തില്‍ മൂന്നുപേരും എന്നെ നോക്കുന്നുണ്ടായിരുന്നു. ഹിന്ദിക്കാരന്‍ തന്റെ കൈമുട്ടുകൊണ്ട് ഡിങ്കന്റെ പുറത്ത് തട്ടുന്നതും കണ്ടു. അവന് ലേശം തര്‍ജിമ വേണമായിരുന്നു. ഞാന്‍ തുടര്‍ന്നു.

'അങ്ങനെ ഭാര്യാസമേതനായി കഴിഞ്ഞുപോരവേ ഡാര്‍ക്ക് സീന്‍ കടന്നുവന്നു. ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യ വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ശോകത്താല്‍ വിക്രമന്‍ നായര്‍ തളര്‍ന്നു. കാരണവന്മാരുടെ നിര്‍ദ്ദേശ പ്രകാരം  മിസ്റ്റര്‍ നായര്‍ ഒരു വര്‍ഷത്തെ ദുഖാചരണത്തിന് ശേഷം മറ്റൊരു ആഢ്യ കുടുംബത്തില്‍ നിന്നും പുനര്‍വിവാഹം ചെയ്തു.'

'നിര്‍ത്തി നിര്‍ത്തി പറയടാ നായരുടെ മോനേ'

ഡിങ്കന്‍ ഒച്ചയിട്ടു. അവനിതു ആംഗലേയത്തിലേക്ക് മാറ്റണമല്ലോ. പാവം! ഞാന്‍ വേഗത ഒന്ന് കുറച്ചു.

'വിക്രമന്‍ നായരുടെ രണ്ടാമത്തെ കളത്രം മധുവിധു നാളുകളില്‍ തന്നെ ഗര്‍ഭവതിയായി തീര്‍ന്നു. നായര്‍ അഭിമാനംകൊണ്ടും സന്തോഷം കൊണ്ടും ഞെളിഞ്ഞു. എന്നാല്‍ എട്ടാം മാസത്തില്‍ പേറ്റുനോവു വന്ന അവള്‍ ആ കാലത്തെ മെഡിക്കല്‍ സയന്‍സിന്റെ പരിമിതികള്‍ കൊണ്ടോ അവളുടെയും കുടുംബത്തിന്റെയും ഭാഗ്യക്കേടുകൊണ്ടോ ഇഹലോകവാസം വെടിഞ്ഞു. ശിശുവും കണ്ണുവിടരും മുമ്പേ അവളെ അനുഗമിച്ചു.'

'ഹിസ് സെക്കന്‍ഡ് വൈഫ് ഡയിഡ് ഇന്‍ ചൈല്‍ഡ് ബര്‍ത്ത് അന്‍ഡ് ദി ന്യൂ ബോണ്‍ ആള്‍സോ ഡൈഡ്' എന്നുപറഞ്ഞു തീര്‍ത്തുകൊണ്ട് ഡിങ്കന്‍ സണ്‍ ഷെയിഡിലേക്ക് ചാടി. പിന്നെ അവിടെനിന്ന് മതിലിലേക്കും മതിലിന് വെളിയിലേക്കും ചാടി ഇറങ്ങി ഓടി. സ്വിഗ്ഗി ബോയി എത്തിക്കഴിഞ്ഞിരുന്നു. ഈ  നേരത്ത് അവന്‍ ഗേറ്റില്‍ എങ്ങാനും തൊട്ടാല്‍ ഹൗസ് ഓണര്‍ അമ്മച്ചി  ഞങ്ങളെ പറയാനൊന്നും ബാക്കി വയ്ക്കില്ല. ഗേറ്റിന് വെളിയില്‍ നിന്ന് ഓര്‍ഡര്‍ റിസീവ് ചെയ്ത് പോയവഴിയേ തന്നെ ഡിങ്കപ്പന്‍ അള്ളിപ്പിടിച്ച് കേറി വന്നു.

'മോനേ കോലി കുട്ടാ യു കണ്ടിന്യൂ.'

ബോക്‌സ് തുറന്ന്  പലതരം തീറ്റകള്‍  നിരത്തിക്കൊണ്ട് അംബാനി ആക്ഷന്‍ പറഞ്ഞു.

'ആ രണ്ട് മരണങ്ങള്‍ എന്റെ പിതാവിനെ തകര്‍ത്തുകളഞ്ഞു ഗെയ്സ്. അദ്ദേഹം മറ്റേ അശരണനും നിരാലംബനും ആയി മാറി'

ഡിങ്കന്‍ എന്റെ തലക്കിട്ട് കൊട്ടി. ഞാന്‍ ഭാഷ ഒന്ന് ലളിതമാക്കി.

'എന്റെ ഡാഡി മൂഞ്ചിത്തെറ്റി'

മൂന്നുപേര്‍ക്കും ഒരുപോലെ കാര്യം കത്തി.

'പിന്നെ അമ്പലം നേര്‍ച്ച, കാഴ്ച റിപ്പീറ്റ്. പരിഹാരമില്ലാത്ത പ്രശ്‌നങ്ങളില്ലല്ലോ. ഡാഡിയുടെ നാട്ടീന്ന് കുറേ മാറി ഒരു വില്ലേജിലെ ആസ്‌ട്രോളജറെ  ചെന്ന് കണ്ടപ്പോള്‍ പുള്ളിക്ക് പെട്ടെന്ന് വൈബ് സെറ്റായി. അയാള്, സോറി അദ്ദേഹം നിര്‍ദ്ദേശിച്ച ഐഡിയ കൂടി കേട്ടപ്പോള്‍ ഡാഡിക്ക് മൂഡായി. '

തര്‍ജിമ ഇല്ലാതെതന്നെ അനിര്‍ബന്‍ ഘോഷ് തല കുലുക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ചിരിച്ചു. ഡിങ്കന്റെ കയ്യിലിരുന്ന പിസ്സയുടെ കഷ്ണം എന്റെ വായില്‍ ആക്കിക്കൊണ്ട് തുടര്‍ന്നു.

'പിതാവിനോട് ജോത്സ്യന്‍  ഇങ്ങനെ നിര്‍ദ്ദേശിച്ചു. അന്യജാതിയില്‍ നിന്ന് ഒരാളെ വിവാഹം ചെയ്യുക; ആ സ്ത്രീ ഒരു വര്‍ഷം ഭര്‍ത്താവും ഒന്നിച്ച് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഇപ്പോള്‍ ബാധിച്ചിരിക്കുന്ന സാറ്റര്‍ഡേ താങ്കളെ വിട്ട് പോകും എന്ന്.'

'എന്നിട്ട്?'

വായില്‍ ഉള്ളത് വിഴുങ്ങിക്കൊണ്ട് അംബാനി എഴുന്നേറ്റുനിന്നു.

'പിന്നീട് അച്ഛന് സ്വന്തം സമുദായത്തില്‍ നിന്ന് ഒരുത്തിയെ വിവാഹം ചെയ്യാം. അവള്‍ ഓട്ടോമാറ്റിക്കായി വാണുകൊള്ളും. ഈ അന്യജാതിക്കാരിയെ സൈഡ് ആക്കിയാല്‍ മതിയല്ലോ! എന്നാലേ സാറ്റര്‍ഡേ മാറൂ!'

'പോസ് പ്ലീസ്.'

ഒറ്റക്കണ്ണന്‍ ഇടയില്‍ കയറി. അവന് മൂത്രമൊഴിക്കണം. അനിര്‍ബന്‍ ക്‌ളോസറ്റിലെ മുള്ളാറുള്ളൂ. എന്നും കുളിക്കുകയും ചെയ്യും. മഹത്തായ മനുഷ്യജന്മമാണ്. മുഖത്ത് ഒരു കണ്ണേ ഉള്ളൂവെങ്കിലും മറ്റേ കണ്ണ് ക്യാമറയുടെ രൂപത്തില്‍ അവന്റെ മുറിയില്‍ 24 മണിക്കൂറും മിഴിച്ചിരിപ്പുണ്ട്. ഇന്റര്‍വെല്‍ നേരത്ത് ഡിങ്കന്‍ ഒന്ന് മയങ്ങി. അംബാനി ഏതോ പെണ്ണിന്റെ കോള്‍ അറ്റന്‍ഡ് ചെയ്യാനായി അവിടെ നിന്നും മാറി. ഞാന്‍ എന്റെ കഥയിലെ സീനുകള്‍ തരംതിരിച്ച് അടുക്കി.

'വിക്രമന്‍ നായരുടെ അക്രമങ്ങള്‍ തുടരട്ടെ..'

അംബാനി ഫോണ്‍ കട്ട് ചെയ്ത് തിരിച്ച് പായില്‍ വന്നിരുന്നുകൊണ്ട് പറഞ്ഞു. അവന്റെ ഒച്ച കേട്ട് ഡിങ്കന്‍ ഉറക്കം ഞെട്ടി കണ്ണു ചൊറിഞ്ഞു. സ്വച്ച് ഭാരത് കഴിഞ്ഞ് ഹിന്ദിക്കാരനും തിരിച്ചെത്തിയിരുന്നു.

ഞാന്‍ തുടര്‍ന്നു.

'മേല്‍പ്പറഞ്ഞ പോലൊരു പരീക്ഷണത്തിന് നിന്നു കൊടുക്കാന്‍ തയ്യാറുള്ള ഒരു പെണ്ണിനെ അന്വേഷിച്ച് ഡാഡി കരയായ കരയെല്ലാം അലഞ്ഞു. അവസാനം കടലോരത്ത് നിന്നും കിട്ടിയതാണ് അവളെ; എന്റെ മമ്മിയെ.'

'എടാ എന്തായിരുന്നു നിന്റെ മമ്മിയുടെ പോയിന്റ് ഓഫ് വ്യൂ? അവര്‍ക്ക് എന്ത് അഡ്വാന്റ്റേജ് ഉണ്ടായിട്ടാണ് ഇതിനൊക്കെ നിന്നുകൊടുത്തത്. പറയൂ മാന്‍? വാസ് ഇറ്റ് ബിക്കോസ് ഓഫ് മണി?!'

'പണമോ! പണം ഒരു കാരണമേ ആയിരുന്നില്ല, എടാ ഹിന്ദിക്കാരാ, നീ കേട്ടോ, മണി വാസ് നോട്ട് ദ റീസണ്‍' 

ഘോഷ് എന്നെ നോക്കി തമ്‌സ് അപ്പ് അടിച്ചു. ഞാന്‍ കൂടുതല്‍ ഫോമില്‍ ആയി.

'അമ്മയുടെ സൈഡില്‍ നിന്ന് കുറച്ചുപറയാനുണ്ട്. നേരം വെളുക്കും ചെലപ്പോ'

'നീ പറയടാ കോലി മോനെ..' ഓഡിയന്‍സിന്റെ പിന്തുണയുമായി ഞാന്‍ മുന്നോട്ട്.

'അമ്മയുടെ  ബന്ധത്തില്‍ തന്നെയുള്ള ഒരാളാണ് അവരെ ആദ്യം കല്യാണം കഴിച്ചത്. അതും അമ്മയൊരു കൗമാരക്കാരി ആയിരുന്നപ്പോള്‍. ആ ബന്ധം അഞ്ചാറു കൊല്ലം നീണ്ടു. മക്കള്‍ ഒന്നും ജനിച്ചില്ല. മച്ചി എന്നും പറഞ്ഞ് അയാള്‍ അമ്മയെ കളഞ്ഞിട്ടുപോയി. ഉപേക്ഷിക്കപ്പെട്ട് മടങ്ങിയെത്തുന്ന കാലത്ത് അമ്മയുടെ കുടുംബത്തിന്റെ അവസ്ഥ ഇപ്പോള്‍ ഉള്ളതിലും മോശമായിരുന്നു. കണ്ടവരുടെയൊക്കെ കളിയാക്കലും അടക്കം പറച്ചിലും കേട്ട് ചന്തയില്‍ മീന്‍ വിറ്റ് കഷ്ടപ്പെട്ട് ജീവിക്കുന്ന നേരങ്ങളില്‍ ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന വാശി അവര്‍ക്ക് ഉണ്ടായി. ഡിങ്കാ, നോട്ട് ചെയ്യടാ ആഗ്രഹവും മോഹവും അല്ല, വാശി.'

ഡിങ്കന്‍ അനിര്‍ബനെ നോക്കി.അനിര്‍ബന്‍  അംബാനിയെയും അംബാനി എന്നെയും നോക്കി.

'വോയിസ് ഒന്ന് കുറയ്‌ക്കെടാ എച് ഒ  തള്ള ഒണരും'

ഒഴിഞ്ഞ കുപ്പി കാലുകളുടെ ഇടയില്‍ വെച്ച് ഞാന്‍ ടെറസില്‍ ഇരുന്നു.

'അങ്ങനെ അവര്‍ വിവാഹിതരായി ഗയിസ്. കുഞ്ഞുങ്ങള്‍ ഒന്നും തന്നെ  വില്ലന്മാരായി കടന്നുവരാന്‍ സാധ്യതയില്ല എന്ന സമാധാനത്തില്‍ ഡാഡിയും പെറാന്‍ കഴിവുള്ള ഒരുത്തിയാണ് താനെന്ന് നാട് അറിയണമെന്ന വാശിയില്‍  മമ്മിയും ആ ദാമ്പത്യത്തെ അങ്ങോട്ട് ആഘോഷമാക്കി മാറ്റി. പിന്നീട് സംഭവിച്ചതാണ് നിങ്ങളുടെ മുന്നില്‍ നിന്ന് കഥ പറയുന്ന ഈ ഞാന്‍. വിക്രമന്‍ നായരുടെയും വൈഫിന്റെയും ഏറ്റവും വലിയ അക്രമം. ദുരന്തം..'

ഞാന്‍ ടെറസില്‍ മലര്‍ന്നു കിടന്നു മുകളിലേക്ക് തുപ്പി.

'ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഞ്ചുമാസം ഗര്‍ഭവുമായി വിജയിച്ചവളായിത്തന്നെ അമ്മ അച്ഛന്റെ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോന്നു. അയാളില്‍ നിന്ന് ഇനി ഒന്നും അവര്‍ക്ക് ആവശ്യമില്ലായിരുന്നു.'

'മാ നേ തുമേ അകേലെ പാലാ?' ഹിന്ദിക്കാരന്‍ പിറുപിറുത്തു.

'എടാ, ഒറ്റക്കണ്ണാ,അങ്ങനെയല്ല. നിങ്ങള്‍ക്ക് മനസിലാക്കാന്‍ വേണ്ടി ഞാന്‍ കുറച്ച് ഡ്രമാറ്റിക് ആയിട്ട് പറയാം.  കടലമ്മ എന്നെ തൊട്ട അത്രയും എന്റെ അമ്മ എന്നെ തൊട്ടിട്ടില്ല.'

ഡിങ്കന്റെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു. എങ്കിലും അനിര്‍ബന് വേണ്ടി അവന്‍ പറഞ്ഞു.

'മൈ മദര്‍ ഹാസ് നെവര്‍ ടച്ച്ഡ് മി ആസ് മച്ച് ആസ് ദി സീ ഹാസ് ടച്ച്ഡ് മി.'

കുറച്ച് നേരം ആര്‍ക്കും അനക്കം ഉണ്ടായില്ല. പിന്നെ അനിര്‍ബന്‍ എന്നെ വന്നുകെട്ടിപ്പിടിച്ചു. ഡിങ്കന്‍ ഇരുന്ന് മോങ്ങാന്‍ തുടങ്ങി.

'നീ എന്തിനാടാ കരയുന്നെ?'

അംബാനി ഡിങ്കന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

'എടാ അംബാനി, എനിക്കിപ്പം തോന്നുവാ എന്റെ പപ്പ ഒരു പുണ്യാളനും മമ്മി ഒരു മാലാഖയും ആണെന്നൊക്കെ. പക്ഷേ ഒരു ബെറ്റര്‍ ജോബ് കിട്ടാതെ ഞാന്‍ നാട്ടില്‍ പോകില്ലടാ പോകാന്‍ പറ്റില്ല.'

ഡിങ്കന്‍ മോങ്ങല്‍ തുടര്‍ന്നു.

'ഹാവ് യു എവെര്‍ ആസ്‌ക്ഡ് എബൗട്ട് യുവര്‍ ഫാദര്‍?' ഹിന്ദിക്കാരന്‍ ഉത്സുകനായി.

'പണ്ടൊക്കെ ആരോടൊക്കെയോ ചോദിച്ചിട്ടുണ്ട്. പിന്നെ നിര്‍ത്തി. കുറെ കൊല്ലം മുമ്പ് അമ്മയുടെ ഒരു ബന്ധു തുറയില്‍ വന്നപ്പോള്‍ അച്ഛനെപ്പറ്റി പറഞ്ഞിരുന്നു. കടയൊക്കെ നന്നായി പോകുന്നു. രണ്ട് മക്കള്‍ ഉണ്ട്. ചെറുത് പെണ്ണാണ്. കൊച്ച്!'

'നിനക്ക് അവരെ അറിയോ?'

അംബാനി എന്റെ അടുത്ത് കിടന്നു.

'കേട്ടറിയാം. അവര്‍ക്ക് പക്ഷേ എന്നെ അറിയില്ല. ഞാന്‍ ജനിച്ചിട്ടുണ്ടെന്നുപോലും അവര്‍ക്ക് അറിയാന്‍ വഴിയില്ല.'

ആരും പിന്നെ ഒന്നും സംസാരിച്ചില്ല. അനിര്‍ബന്‍  മുറിയിലേക്ക് പോയി. ഞങ്ങള്‍ മൂന്നുപേരും ആകാശം നോക്കി മലര്‍ന്ന് കിടന്ന് ഉറങ്ങി. ശനിയാഴ്ച പോയി ഞായറാഴ്ച വന്നു. രാവിലെ ഡിങ്കനാണ്എന്നെ ഉണര്‍ത്തിയത്.

'എടാ കോലി, ഇന്നലെ പറയാന്‍ വിട്ടുപോയി. താഴെ മാഗി അമ്മച്ചി നല്ല കലിപ്പിലാണ്. ഒരുമാസത്തേക്ക് എന്നും പറഞ്ഞാണ് നിന്നെ ഇവിടെ നിര്‍ത്തിയത് ഇപ്പോള്‍ മാസം മൂന്നായി. അവര് റെന്റ് കൂട്ടിയാല്‍ നീ ഷെയര്‍ ഇടേണ്ടി വരും മോനേ.' 

ഞാന്‍ ഒന്നും മിണ്ടാതെ ടോയ്ലറ്റില്‍ കയറി ഇരുന്നു. അവന്‍ നിര്‍ത്തിയില്ല.

'എടാ, ഉരുള്‍പൊട്ടലില്‍ നിന്റെ അച്ഛനും അമ്മയും പെങ്ങളും ചത്തെന്നും മാമനാണ് നിന്നെ വളര്‍ത്തിയതെന്നും പറഞ്ഞ് ഇല്ലാത്ത കഥ ഉണ്ടാക്കി സെന്റി അടിച്ചാണ് ഞാന് തള്ളയെ കുപ്പിയില്‍ ഇറക്കിയത്. നീ എന്തെങ്കിലുമൊന്ന് എളുപ്പം ചെയ്യടാ നാറീ'

കക്കൂസിന്റെ കതകില്‍ മൂന്നുനാലുവട്ടം ഇടിച്ചിട്ട് അവന്‍ പോയി. ഞാന്‍ കാര്യം കഴിഞ്ഞ് ചന്തി കഴുകി എഴുന്നേറ്റു. ഫ്‌ളഷ് അടിച്ചു. ഇവിടെ അല്ലെങ്കില്‍ മറ്റൊരിടത്ത് എന്നതായിരുന്നു എന്റെ ജീവിതത്തിന്റെ ഒരു രേഖ.

അംബാനിയുടെ കോള്‍ഗേറ്റ് എടുത്ത് സ്വന്തം ബ്രഷില്‍ ഉരച്ച് ഞാന്‍ പല്ലുതേച്ചു. ഇന്നലത്തെ മാലിന്യങ്ങള്‍ നീക്കി. ഭക്ഷണം ഉണ്ടാക്കി. ടെറസില്‍ കയറി ഡിങ്കന്റെ ഛര്‍ദ്ദി വെള്ളമൊഴിച്ച് കഴുകി. അനിര്‍ബന്‍ ഇറങ്ങിയ ശേഷം അവന്റെ മുറി അടിച്ചുവാരി വൃത്തിയാക്കി. ക്യാമറയില്‍ നോക്കി ഒരു സല്യൂട്ട് അടിച്ചു. മറ്റ് രണ്ട് പേരും എങ്ങോട്ടോ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ചായയും അവന്മാര്‍ മാന്തി തിന്നതിന്റെ ബാക്കിയും കഴിച്ചു. നല്ല തലവേദന തോന്നിയപ്പോള്‍ സോഫയില്‍ ഒന്ന് കിടന്നു.

അംബാനിയുടെയും അനിര്‍ബന്റെയും മിഷ്യനില്‍ ഇട്ടാല്‍ അഴുക്കായി പോകുന്ന ഉടുപ്പുകള്‍ എല്ലാം കുളിമുറിയില്‍ നിന്ന് കഴുകി ടെറസില്‍ കൊണ്ട് വിരിച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും തൂറാന്‍ മുട്ടി. അതും കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ താഴെ മാഗി അമ്മച്ചി ആരോടോ സംസാരിക്കുന്നത് കേട്ടു. ബാല്‍ക്കണിയില്‍ നിന്നും ഒളിഞ്ഞു നോക്കി. ഞായറാഴ്ച വേലക്കാരി വരാറില്ല. വല്ലപ്പോഴും വരുന്ന ബി ഡി എസ് പഠിക്കുന്ന ചെറുമകളെയും ഈയാഴ്ച കണ്ടില്ല. അമ്മച്ചി ആരോടോ ഓര്‍ഡര്‍ ഇടുകയാണ്. പുറംപണിക്ക് വന്ന ബംഗാളിയോടാണ്. അവന്‍ തൊഴുതു നിന്ന് കേള്‍ക്കുന്നു. ഞാന്‍ അകത്തേക്ക് മെല്ലെ വലിഞ്ഞു.

വീട് ഒന്ന് അടിച്ചു തുടച്ച് ഇട്ടേക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അംബാനി ഓടി കയറി വന്നത്. ജീന്‍സ് അഴിച്ച് നേരെ ടോയ്ലറ്റിലേക്ക് കയറും മുമ്പ് 'നീ ഇത് ക്ലീന്‍ ചെയ്തില്ലേടാ?' എന്ന് മോപ്പുമായി നില്‍ക്കുന്ന എന്നെ നോക്കി ചോദിച്ചു. ഞാന്‍ അനിര്‍ബന്റെ മുറിയും ഹാളും തുടച്ച് കഴിഞ്ഞിട്ടും അവന്‍ പുറത്തേക്ക് ഇറങ്ങിയില്ല. അതിനിടയിലാണ് മാഗി അമ്മച്ചിയുടെ കോള്‍ വന്നത്.

'എച്ച് ഒ അമ്മച്ചിയാണ് എടുക്കണോ?' ഞാന്‍ അവനോട് വിളിച്ചു ചോദിച്ചു.

'പണ്ടാരം.. എടുക്ക് ഞാന്‍ ഇങ്ങോട്ട് കേറുന്നത് ബൂമര്‍ തള്ള കണ്ടിരുന്നു. ലൂസ് മോഷന്‍ ആടാ. ഷവര്‍മ ചതിച്ചു.'

ഞാന്‍ ഫോണ്‍ എടുത്തു. അവര്‍ 'ലോഹി' എന്ന് രണ്ടുവട്ടം വിളിച്ചു. എനിക്ക് എന്തോ പന്തികേട് തോന്നി. ഓടി താഴെ ചെന്ന് നോക്കിയപ്പോള്‍ അമ്മച്ചി സോഫയില്‍ ഇരിക്കുന്നു. ഫോണ്‍ മടിയില്‍ വീണിട്ടുണ്ട്. വിയര്‍ത്തു കുളിച്ച് ചെറുതായി വിറച്ച് അവര്‍! എനിക്ക് പെട്ടെന്ന് അനങ്ങാന്‍ പ്രയാസം തോന്നി. അമ്മച്ചി നെഞ്ചില്‍ കൈകൊണ്ട് അമര്‍ത്തി എന്നെ നോക്കി എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാന്‍ നേരെ ചെന്ന് അവരുടെ കൈപിടിച്ചു. എന്തൊക്കെയോ സമാധാന വാക്കുകള്‍ പറയാന്‍ നോക്കിയെങ്കിലും കാര്യമായി ഒന്നും പുറത്തുവന്നില്ല. എന്റെ ഓട്ടവും അകത്തേക്കുള്ള പാച്ചിലും കണ്ട് മുറ്റത്ത് വന്ന് എത്തിനോക്കി നിന്ന ബംഗാളിയെ അമ്മച്ചിയുടെ അടുത്ത് ആക്കിയിട്ട് ഞാന്‍ മുകളില്‍ ചെന്ന് ലോഹിയെ വിളിച്ചു.

'എടാ അമ്മച്ചിക്ക് വയ്യടാ, അറ്റാക്ക് ആണെന്ന് തോന്നുന്നു.' 

ടോയ്ലറ്റിന്റെ ഡോറില്‍ ഇടിച്ചുകൊണ്ട് ഞാന്‍ കരഞ്ഞു.

'എനിക്ക് ഇപ്പം ഇറങ്ങാന്‍ പറ്റില്ല.' അവന്റെ തൂറ്റല്‍ നിന്നിട്ടില്ല.

'നിന്റെ കീ ഞാന്‍ എടുത്തു'

'ആ കാര്‍ എന്റെ അല്ല. കമ്പനി വണ്ടിയാണ്. അത് എടുക്കരുത്. അതിന്റെ അകത്ത് എന്റെ പേഴ്‌സണല്‍ ബില്ലോങിങ്‌സ് ഉണ്ട്. എടാ പന്നനാറി പോകല്ലേടാ. എവിടെടാ നീ?'

അവന്‍ പിന്നെയും അലറിക്കൊണ്ടിരുന്നു. ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് താക്കോല്‍ എടുത്ത് ഞാന്‍ ഓടി. ഞാനും തീപ്പെട്ടി പോലത്തെ ബംഗാളി ചെക്കനും കൂടി അമ്മച്ചിയെ ഒരു കണക്കിന് ചുമന്ന് വണ്ടിയില്‍ കയറ്റി. അവര്‍ക്ക് ബോധം ഉണ്ടായിരുന്നു. പക്ഷേ സംസാരിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. 'ബെറ്റി ബെറ്റി' എന്ന് മാത്രം ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു.

ഞങ്ങള്‍ കുതിച്ചു. വഴിയില്‍ എത്ര ക്യാമറ ഓവര്‍ സ്പീഡ് അടിച്ചു എന്ന് അറിയില്ല. ബ്ലോക്കില്‍ ഹോണ്‍ അടിച്ചതിന് ട്രാഫിക്കിലെ പോലീസുകാരന്‍ 'എന്തിന്റെ കഴപ്പാടാ, കണ്ണു കാണുന്നില്ലേ?' എന്ന് ചോദിച്ചു വന്നു.

'ടൗണ്‍ സിഐ മാത്യു തരകന്‍ സാറിന്റെ അമ്മയാണ് പുറകില്‍. മെഡിക്കല്‍ എമര്‍ജന്‍സിയാണ്. സാര്‍ ഒന്ന് ഹെല്‍പ്പ് ചെയ്യണം' പോലീസുകാരന്‍ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ വേഗത്തിലായി. സിറ്റി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയില്‍ അമ്മച്ചിയെ എത്തിച്ച് തിരിഞ്ഞ് നേരെ ഒന്ന് ശ്വാസം എടുത്ത് ഞാന്‍ ബംഗാളിയെ നോക്കി. അവനും കിതക്കുന്നുണ്ടായിരുന്നു. പിന്നെ നേരം എങ്ങനെയൊക്കെയോ ആണ് നീങ്ങിയത്. ബന്ധപ്പെടാന്‍ ബുദ്ധിമുട്ടിയെങ്കിലും വൈകാതെ ബെറ്റി ചേച്ചി വന്നു. ആന്‍ജിയോപ്ലാസ്റ്റി നടന്നു. അമ്മച്ചി ഓക്കെ ആയെന്ന് ചേച്ചിയാണ് ഞങ്ങളോടു വന്ന് പറഞ്ഞത്. എന്നെ അവര്‍ക്ക് കണ്ടു പരിചയം ഉണ്ടായിരുന്നു. സമയം കുറെ ആയിട്ടുണ്ടായിരുന്നു. ബംഗാളി ചെക്കന്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നു. ഞാന്‍ എന്റെ പേഴ്‌സ് തുറന്നു. അതില്‍ 300 രൂപയും പിന്നെ മൈനസ് ബാലന്‍സ് ഉള്ള ഒരു ഡെബിറ്റ് കാര്‍ഡും ആരോ എപ്പോഴോ തന്ന ഒരു വിസിറ്റിംഗ് കാര്‍ഡും മാത്രം.

ഞാന്‍ അവനെ മെല്ലെ തൊട്ടു. അവന്‍ ഞെട്ടി എന്നെ നോക്കി. പൈസ അവന് നേരെ നീട്ടി.
 
'അയ്യോ, വേണ്ട സേട്ടാ' അവന്‍ കറപിടിച്ച പല്ല് വെളിയില്‍ കാട്ടി ചിരിച്ചുകൊണ്ട് അത് നിഷേധിച്ചു. 

ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞങ്ങള്‍ നടന്നു. അടുത്തുള്ള കടയില്‍ കയറി അത്താഴം കഴിച്ചു. വയറു നിറഞ്ഞപ്പോള്‍ അവന്റെ ചിരിക്ക് ഭംഗി കൂടി. അംബാനിയുടെ വണ്ടി അവന്‍ വന്ന് നേരത്തെ മടക്കിക്കൊണ്ടു പോയിരുന്നു. ഞാനും ബംഗാളി ചെറുക്കനും കൂടി ബസ് സ്‌റ്റോപ്പ് വരെ നടന്നു.

'സേട്ടന് അമ്മ ഉണ്ടോ?'

'ഇല്ല മരിച്ചുപോയി.. നിനക്കോ?'

'മറിച്ചു'
 
അവന്റെ ചിരിയില്‍ വേദന പടര്‍ന്നു. ഞങ്ങള്‍ പിരിഞ്ഞു.

കുറച്ചുദിവസം കഴിഞ്ഞ് ഞാന്‍ അമ്മച്ചിയെ ചെന്നുകണ്ടു. അവര്‍ എന്നെ കാണണമെന്ന് നിര്‍ബന്ധം പറഞ്ഞിരുന്നു. മുറിയിലേക്ക് മാറ്റിയിട്ട് അധികമായിരുന്നില്ല.

'നിന്റെ പേര് എന്തായിരുന്നു? മറന്നു'

ഞാന്‍ പേര് പറഞ്ഞു.

'മാത്യു എന്റെ മകനാണെന്ന് വിരാടിനോട് ആരു പറഞ്ഞു? അവനെ നീ അവിടെ ഒരിക്കലും കാണാന്‍ വഴിയില്ല'  

'ലോഹിതാക്ഷന്‍ മുമ്പ് എപ്പോഴോ പറഞ്ഞിട്ടുണ്ട്. ആ  ഓര്‍മയില്‍..'

ഞാന്‍ പകുതിയില്‍ നിര്‍ത്തി. അവര്‍ ചെറുതായി നിശ്വസിച്ചു.

'ബെറ്റി ചേച്ചിയുടെ ഫ്രണ്ടിന്റെ നമ്പര്‍ ഈ ഹോസ്പിറ്റലിന്റെ പേര് ചേര്‍ത്ത് അമ്മച്ചി സേവ് ചെയ്തിരുന്നു. അതാണ് ആദ്യം അവരെ വിളിച്ചത്'

മാഗി അമ്മച്ചിയുടെ അടുത്ത ചോദ്യത്തിന് മുമ്പ് ഞാന്‍ എന്റെ മറുപടി പറഞ്ഞുകഴിഞ്ഞിരുന്നു. അമ്മച്ചി എന്നെ ഒന്നുനോക്കി പിന്നെ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു.

'മിടുക്കന്‍.'

ഞാന്‍ പിന്നെ അധികനേരം അവിടെ നിന്നില്ല. ഇടനാഴിയിലേക്ക് കടന്നപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു. കണ്ണുകളെ തിരുമ്മി ഞെരിച്ചു കൊണ്ട് ഞാന്‍ വേഗം നടന്നു.

ആ സംഭവത്തിന് ശേഷം അംബാനി എന്നോട് തീരെ സംസാരിക്കാതെയായി. ഡിങ്കനും എന്തോ എന്നോട് താല്‍പ്പര്യം കുറഞ്ഞു. അനിര്‍ബന്‍  പഴയപോലെ തന്നെ കണിശക്കാരനായി തുടര്‍ന്നു. അമ്മച്ചിക്ക് കൂട്ടിന് ഹോംനേഴ്‌സ് വന്നു. അവരുടെ ചിട്ടയും രീതികളും മാറി. 

ചെന്നൈയില്‍ ലൈഫ് കോച്ച് ആയി ഒരു അവസരം വന്നപ്പോള്‍ പോകുന്നതിനു മുമ്പ് ഞാന്‍ അമ്മച്ചിയെ ചെന്നുകണ്ടു. എന്നോട് ജോലിയെപ്പറ്റി ചോദിച്ച് ഒരു കപ്പ് ചായയും കുടിപ്പിച്ച ശേഷം അവര്‍ പറഞ്ഞു.

'അക്കൗണ്ട് നമ്പര്‍ മെസേജ് ചെയ്യണം. അവിടെ ഒന്ന് ശരിയാകുന്നവരെ അത്യാവശ്യങ്ങള്‍ ഉണ്ടാകുമല്ലോ.'

പിന്നീട് ഒന്നും പറയാന്‍ അവര്‍ എന്നെ അനുവദിച്ചില്ല. ബാഗ് ചുമലിലിട്ട് ഞാനിറങ്ങി. ഗേറ്റിനടുത്ത് അനിര്‍ബന്‍  നിന്നിരുന്നു. അവന് ഒരു കൊറിയര്‍ വരാനുണ്ടായിരുന്നു. ഗേറ്റ് തുറന്ന് ഞാന്‍ നടന്നു. ഒരിക്കലും ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍പ്പോലും ഒരാള്‍ക്ക് ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എങ്കിലും വേണം. ഞാന്‍ തിരിഞ്ഞ് 'മാര്‍ഗരറ്റ് വില്ല'യെ ഒന്നുകൂടി നോക്കി. അനിര്‍ബന്‍ കൈവീശുന്നുണ്ട്. അവനെ നോക്കി തലയാട്ടി ഞാന്‍ തിരിഞ്ഞുനടന്നു. നടത്തം പിന്നെ വേഗത്തിലായി.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!