വാക്കുല്‍സവത്തില്‍ ഇന്ന് ശ്രദ്ധേയയായ വിവര്‍ത്തകയും കഥാകൃത്തുമായ രശ്മി കിട്ടപ്പയുടെ രണ്ട് കവിതകള്‍
മറുകര. രശ്മി കിട്ടപ്പ വിവര്‍ത്തനം ചെയ്ത ലോകപ്രശസ്തമായ കഥകള്‍ ഇവിടെ വായിക്കാം.
undefined
ഹാജ്യാരുടെ ലോകകപ്പ്!
ഹാജ്യാരുടെ കൊപ്രക്കളത്തിലേക്ക്
ഒരു പൂ പോലെയാണത് പാറിവീണത്
ചോരക്കണ്ണുരുട്ടി അയാള്‍ വേലിക്കലേക്ക് പാഞ്ഞു.
അപ്പുറത്ത്, നരച്ച മഞ്ഞയും നീലയും കുപ്പായങ്ങള്‍
പറന്നുവീണ പന്ത് പകുതിയുണങ്ങിയ കൊപ്രകളെ
അച്ചാലും മുച്ചാലും തെറിപ്പിച്ചു
വേലിക്കപ്പുറത്ത് അര്‍ജന്റീന
ബ്രസീലിന്റെ തോളില്‍ക്കൈയിട്ട് നഖം കടിച്ചു,
കുന്നുമ്മലെ സ്‌കൂളിലെ ഡ്രില്‍മാഷ് തുന്നിക്കൊടുത്ത
കീറിയപന്തില്‍ ലോകകപ്പിന്റെ ആവേശം നിറഞ്ഞു.
തേങ്ങകള്‍ക്കൊപ്പം ഓടിയതുകൊണ്ടാവും
ഹാജ്യാര്‍ പന്തുകളി പഠിച്ചില്ല
പൊളിക്കാനിട്ട തേങ്ങകള്‍ പന്തുകളായി പറക്കുന്നതും
തേങ്ങ പൊളിക്കുന്ന പാച്ചുവിന്റെ മുഖമുള്ള ഗോളികള്‍
വായുവിലുയര്‍ന്ന് അവ പിടിക്കുന്നതും
അയാള്‍ ഉറക്കത്തില്‍ കണ്ടു.
വൈകുന്നേരങ്ങളില്‍ കൊപ്രയ്ക്ക് മേല്‍ വന്നുവീഴുന്ന പന്ത്
ഹാജ്യാരുടെ താടിമീശ വിറപ്പിച്ചു
വേലിക്കടുത്തേക്ക് പായുമ്പോള്‍ പാച്ചു പറഞ്ഞു,
ഹാജ്യാരേ ലോകകപ്പാ!
പുല്ല് നിറഞ്ഞ, അതിര് തിരിക്കാത്ത മൈതാനത്തില്‍
ആരുചെന്ന് പന്തെടുക്കുമെന്ന ആശങ്കയില്‍ മെസ്സിയും നെയ്മറും,
അക്ഷമയുടെ വിസിലില്‍ ചുണ്ടുചേര്‍ക്കുന്ന
ചെരിപ്പും വാച്ചുമില്ലാത്ത റഫറി
വലയില്ലാത്ത ഗോള്‍പോസ്റ്റ് കാക്കുന്ന
പന്തിനേക്കാള്‍ കനക്കുറവുള്ള ഗോളി.
ഹാജ്യാരില്‍ മാനാഞ്ചിറയിലെ പന്തുകളി പെരുകി
കോയട്ടിഹാജിയും കൂട്ടരും കെട്ടിപ്പൊക്കിയ മുളഗാലറിയില്‍
കൂക്കിവിളിക്കുന്ന, ചൂളമടിക്കുന്ന കാണികള്‍
പന്തിനുപിറകെ കുതിക്കുന്ന സായ്പന്മാര്‍
കാലം ഒരു പന്തായുരുണ്ട്
ഹാജ്യാരുടെ മുന്നിലൂടെ പോയി.
ആവേശം നിറഞ്ഞ മത്സരം കൊഴുക്കുമ്പോള്‍
പൊളിക്കാനിട്ട തേങ്ങകളുടെയോര്‍മ്മയില്‍
ഗാലറിയില്‍ നിന്നും ഇറങ്ങിയോടുന്ന തന്നെ
അയാള്‍ തുടരെത്തുടരെ കണ്ടു.
വേലിക്കപ്പുറത്തേക്ക് കാറ്റുപോയ പന്തെറിഞ്ഞ്
ചുവന്ന കണ്ണുകളില്‍ പൊടിനീരുമായി തിരിച്ചുവരുമ്പോള്‍
അയാള്‍ തേങ്ങ പൊളിക്കുന്നവനോട് ചോദിച്ചു,
''ഡോ, ഒരു പന്തിനെന്താ വെല...?''
ഞങ്ങള്‍
അവളെനിക്ക് ഉച്ചയ്ക്കുണ്ടാക്കിയ
സ്പാനിഷ് ഓംലെറ്റിന്റെ പടമയച്ചുതന്നു,
ചുവപ്പവള്‍ക്കിഷ്ടമല്ല എന്നൊരോര്‍മ്മയില്‍
മുന്നില്‍ പൂത്തുനിന്ന പൂവാകയുടെ ചിത്രം
പകരം ഞാനയച്ചില്ല.
അടുക്കള അവളെ വിഴുങ്ങിക്കൊണ്ടിരുന്നപ്പോള്‍
ഞാനതിന് പിടികൊടുക്കാതെ നിന്നു.
തോട്ടത്തിലെ ആളൊഴിഞ്ഞ ബെഞ്ചിലിരുന്നപ്പോള്‍
കാല്‍ക്കീഴില്‍ പ്ലാസ്റ്റിക്ക് വിമാനത്തിന്റെ കഷ്ണങ്ങള്‍,
കുട്ടികളില്ലാത്ത മൈതാനങ്ങള്‍
മൊട്ടക്കുന്നുകളെ ഓര്‍മ്മിപ്പിക്കുന്നു എന്നവള്‍
ഒരേ നഗരത്തിന്റെ രണ്ടറ്റങ്ങളിലിരുന്ന്
ഞങ്ങള്‍ ബഹളം നിലച്ചുപോയ ലോകത്തെ കണ്ടു.
മിണ്ടാത്ത തെരുവോരങ്ങള്‍, കലഹിക്കാത്ത പച്ചക്കറിച്ചന്തകള്‍
തെളിയുന്ന ആകാശം, പുകമണക്കാത്ത കാറ്റ്
മഹിളാഹാട്ടിലെ പുസ്തകങ്ങളും, ജന്‍പഥിലെ തുണിത്തരങ്ങളും
ഞങ്ങളുടെ ഓര്‍മ്മകളുടെ കനം കൂട്ടി.
പുരാതന ദില്ലിയിലെ ഞായറാഴ്ച നടത്തങ്ങളെക്കാത്ത്
അവളുടെ കാലുകള്‍ വിങ്ങിയപ്പോള്‍
വിതരണം നിര്‍ത്തിവെച്ച ഇന്റര്‍നെറ്റ് വിപണികള്‍
വീണ്ടും വീണ്ടുമെന്റെ ഉറക്കംകെടുത്തി.
മഹാമാരിയുടെ ക്രൂരനൃത്തം കണ്ട രാപ്പലുകള്‍
ഇലകള്‍ കൊഴിയുന്നതുപോലെ മനുഷ്യര്‍
യാത്രയയപ്പ് വേണ്ടാത്ത വേര്‍പിരിയലുകള്‍
ഞങ്ങളുടെ ഫോണ്‍വിളികളില്‍ മൌനം കൂടുകെട്ടിപ്പാര്‍ത്തു.
ചോദ്യചിഹ്നമായ വെറുമൊരു വൈറസ്
സമയത്തെയും കൊണ്ട് മുന്നോട്ടോടി
ഉലഞ്ഞാടുന്ന രാഷ്ട്രങ്ങള്‍, ഭൂഖണ്ഡങ്ങള്‍
പരിക്കുണക്കാന്‍ പാടുപെടുന്ന ഭൂമി
വിട്ടുപോകാന്‍ മനസ്സില്ലാത്ത ഡിസംബര്‍
ഉള്ളറകളില്‍ തണുത്തുറഞ്ഞു.
മഞ്ഞുരുകും പോലെ മരിച്ചമനുഷ്യര്‍
ഞങ്ങളില്‍നിന്നും മാഞ്ഞുതുടങ്ങി
ഞാനും അവളും വീണ്ടും പുസ്തകങ്ങളിലെത്തിപ്പെട്ടു.
മാസ്‌കുകളിട്ട മനുഷ്യരെ നോക്കി
മഹാഭാരതത്തിലെ ധാരാസിങ് എന്ന് തമാശപറയാന്‍ മാത്രം
ലാഘവപ്പെട്ടു ഞങ്ങളുടെ മനസ്സ്.
ഇന്നലകളെ പൂട്ടിയ താക്കോല്‍ ഞങ്ങള്‍ വലിച്ചെറിഞ്ഞു
നാളെയെക്കുറിച്ചോര്‍ക്കുന്നതുകൊണ്ടാവണം
ഭൂമിമാത്രം അതിനറിയുന്ന രീതിയില്‍
കറങ്ങിക്കൊണ്ടിരിക്കുന്നു.
Also Read: ഒരു പന്തുകളിക്കാരന്റെ മകള്‍ മറഡോണയെ അറിഞ്ഞവിധം...