ടി പി രാജീവന്റെ രണ്ട് കവിതകള്‍

By Vaakkulsavam Literary Fest  |  First Published Nov 3, 2022, 5:22 PM IST

ടി പിരാജീവന്റെ രണ്ട് കാലങ്ങളില്‍ എഴുതിയ രണ്ട് കവിതകളാണ് ഇത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുള്ള ആദരമാണിത്. 


'വയല്‍ക്കരെ ഇപ്പോഴില്ലാത്ത.' ഇന്നലെ രാത്രിയില്‍ വിട വാങ്ങിയ പ്രശസ്ത സാഹിത്യകാരന്‍ ടി പി രാജീവന്റെ ഒരു കവിതാ സമാഹാരത്തിന്റെ പേര് അതാണ്. അതൊരു കവിതയല്ല, വയല്‍ക്കരെ ഇപ്പോഴില്ലാത്ത അനേകം അനുഭവങ്ങളുടെ, കവിതയായി മാറിയ അനേകം അഭാവങ്ങളുടെ സമാഹാരമാണ്. ഇല്ലാത്ത ലോകങ്ങളുടെ ഒരു മ്യൂസിയം പോലെ നിലകൊള്ളുന്ന ആ സമാഹാരം, കവി എന്ന നിലയില്‍ ടി പി രാജീവന്‍ നടന്നുചെന്ന ഭാവുകത്വപരിണാമങ്ങളെ കൂടി അടയാളപ്പെടുത്തുന്നുണ്ട്.  ലോകത്തെക്കുറിച്ചുള്ള പലതരം വേവലാതികളില്‍നിന്നും ഒരാള്‍ സ്വന്തം സ്വത്വത്തിലേക്കും കുട്ടിക്കാലത്തിലേക്കും ദേശത്തിലേക്കും ഓര്‍മ്മയിലേക്കും നടത്തിയ പലായനങ്ങളുടെ കൂടി ചരിത്രമാണത്. എന്നാല്‍, ഗൃഹാതുരത്വത്തെയും പറഞ്ഞുപഴകിയ ഓര്‍മ്മയുടെ അടരുകളെയും ചരിത്രനിരപേക്ഷമായി ആഘോഷിക്കുകയായിരുന്നില്ല ആ സമാഹാരത്തിലൂടെ കവി. സംവദിക്കാന്‍ ഒട്ടുമെളുപ്പമല്ലാത്ത, അതിസൂക്ഷ്മമായ അനുഭവങ്ങളെ, അവയ്ക്ക് അടിയാധാരമായി നില്‍ക്കുന്ന ദേശ, കാല വഴക്കങ്ങളെക്കൂടി, കവിതയ്ക്കു മാത്രം സാധ്യമാവുന്ന ധ്വനിസാന്ദ്രമായ അനുഭവങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. കവി എന്ന നിലയിലുള്ള ടി പി രാജീവന്റെ വളര്‍ച്ചയുടെ അടയാളപ്പെടുത്തലിനപ്പുറം, മലയാള കവിത ഭാവുകത്വപരമായി നടത്തിയ സ്ഥാനാന്തരം കൂടിയായി ഇതിനെ വായിക്കേണ്ടതുണ്ട്. 

നിന്നിടത്ത് ഉറച്ചുപോയ ഒരാളായിരുന്നില്ല ടി പി രാജീവന്‍ എന്ന എഴുത്തുകാരന്‍. സ്വയം തിരുത്തിയും സ്വയം പരിഷ്‌കരിച്ചും സ്വയം വളര്‍ന്നും എഴുത്തിലൂടെ ഒഴുകുകയായിരുന്നു, അദ്ദേഹം. അങ്ങനെയാണ്, രാഷ്ട്രതന്ത്രം എന്ന കവിതാ സമാഹാരത്തില്‍നിന്നും 'വയല്‍ക്കരെ ഇപ്പോഴില്ലാത്ത'. എന്ന സമാഹാരത്തിലേക്ക് അദ്ദേഹം ചെന്നെത്തിയത്. അതേ മനസ്സോടെയാണ് മലയാളത്തിന്റെ മൊഴിവഴക്കങ്ങളില്‍നിന്നും തന്റെ കവിതയെ ഇംഗ്ലീഷിന്റെ പുതിയ തുറസ്സിലേക്ക് നടത്തിയത്. അങ്ങനെയാണ്, കവിതയില്‍നിന്നും ഗദ്യമെഴുത്തിലേക്കും നോവലിലേക്കും സിനിമയിലേക്കും അദ്ദേഹം നടന്നു ചെന്നത്. അതേ മനസ്സോടെയാണ്, തീവ്രഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഒരു കാലത്തുനിന്നും വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് ചിന്തകളുടെ ധാരയെ വഴിമാറ്റിയത്. ചിന്തയിലും ഭാവുകത്വത്തിലുമെല്ലാം പുലര്‍ത്തിയ നവീനത്വവും അനക്കങ്ങളും പരിണാമങ്ങളുമെല്ലാം ചേര്‍ന്നാണ്, ടി പി രാജീവന്‍ എന്ന കവിയെ മറ്റനേകം ലോകങ്ങള്‍ക്ക് അഭിമുഖമായി നിര്‍ത്തിയത്. 

Latest Videos

undefined

രാജീവന്റെ രണ്ട് കാലങ്ങളില്‍ എഴുതിയ രണ്ട് കവിതകളാണ് ഇത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുള്ള ആദരമാണിത്. 
 


ഭൂതം

സമയത്തിനു കരം ചുമത്തിയാല്‍
ബാധിക്കുക എന്നെയായിരിക്കും.
കണക്കില്‍ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.
 
സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കല്‍ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാന്‍ കട്ടെടുത്തു.
ആര്‍ക്കും തിരിച്ചു കൊടുത്തില്ല
 
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാന്‍ ജീവിച്ചത്.
കുട്ടിക്കാലം മുതല്‍ക്കേയുള്ളതാണ്
ഈ ശീലം.
 
സമയം പാഴാകുമെന്നു കരുതി
സ്‌കൂളിലേക്ക് പുറപ്പെട്ട ഞാന്‍
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിര്‍ന്നപ്പോള്‍
സമയം ചെലവാകാതിരിക്കാന്‍
ഓഫീസിലേ പോയില്ല.
മരണവീടുകളില്‍ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങള്‍ക്കു പോയാല്‍
മുഹൂര്‍ത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാന്‍ പോയപ്പോള്‍
വഴിയില്‍ വീണു കിടന്ന
തലേന്നത്തെ സമയങ്ങള്‍
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളില്‍ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാന്‍ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
 
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോള്‍ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പില്‍,പാടത്ത്,
വീട്ടില്‍, രഹസ്യ അറകളില്‍
ലോക്കറുകളില്‍..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓര്‍മ്മയില്ല.
ചുരുങ്ങിയത്
നാല്‍പ്പത് തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാന്‍
ഈ ഇരുട്ടില്‍
ഈ വിജനതയില്‍.

 

കണ്ണകി 

എന്റെ മുലകളെവിടെ?
പ്രതികാരാഗ്നിയില്‍ നഗരങ്ങള്‍ ചാമ്പലാക്കാന്‍
പറിച്ചെറിഞ്ഞതല്ല.
അര്‍ബുദം വന്ന് മുറിച്ചുമാറ്റിയതുമല്ല.
അടുത്തവീട്ടിലെ കല്യാണിക്ക്
കല്ല്യാണത്തിന് പോകാന്‍ കടം കൊടുത്തതുമല്ല.
എന്റെ മുലകളെവിടെ?

ഇന്നലെ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍
പതിവുപോലെ ബ്രായഴിച്ചു
തടവി ഉറപ്പുവരുത്തിയിരുന്നു.
വാതിലടച്ച് കുറ്റിയിട്ടിരുന്നു.
ജനല്‍പ്പാളികള്‍ തുറന്നിരുന്നില്ല.
ഒച്ചയോ അനക്കമോ കേട്ടിരുന്നില്ല.

കൂടെ പഠിച്ച അനിരുദ്ധന്‍
താഴത്തെവീട്ടിലെ ചേച്ചിയുടെ ഗള്‍ഫിലുള്ള ഭര്‍ത്താവ്
ഇടയ്ക്കിടെ അച്ഛനെ കണാന്‍ വരുന്ന,
അമ്മയുടെ ഒരു വകയിലെ അമ്മാവന്‍,
പിരമിഡുകളുടെ ചുറ്റളവു കണാന്‍ പഠിപ്പിച്ച സുകുമാരന്‍സാര്‍
എത്ര വേഗത്തില്‍ പോകുമ്പോഴും എന്നെ കണ്ടാല്‍
നിര്‍ത്തിത്തരുന്ന സൂപ്പര്‍ഫാസ്റ്റ് ഡ്രൈവര്‍
എത്രവൈകിച്ചെന്നാലും ഒപ്പിടാന്‍ സമ്മതിക്കുന്ന
സൂപ്രണ്ട്, കോങ്കണ്ണന്‍ കുറുപ്പ്സാര്‍.
പലരും കണ്ണുവെച്ചതാണ്.
എന്റെ മുലകളെവിടെ?

കുറച്ചുദിവസങ്ങളായി ഒരു കറുത്ത കണ്ണട പിന്തുടരുന്നു.
രോമാവൃതമായ ഒരു കൈ എപ്പോഴും നീണ്ടുവരുന്നു.
അളവെടുക്കുന്ന നാട മാറില്‍ വീണ്ടും വീണ്ടും മുറുകുന്നു
ഒരു ക്യാമറ ഒളിച്ചുനോക്കുന്നു.
ബ്ലൗസിനുള്ളില്‍ ഇടയ്ക്കിടെ ഒരു പഴുതാര കടന്നുകൂടുന്നു.
ഉടുപ്പുമാറുമ്പോള്‍ ഒരു പുള്ളിപ്പൂച്ച നോക്കി നൊട്ടിനുണയുന്നു
അമ്പലക്കുളത്തിലെ വെള്ളം വെറുതേ കുളിപ്പിക്കുന്നു.
തെക്കേ അകത്തെ ഇരുട്ടിനു കട്ടികൂടുന്നു.
കുന്നുകള്‍ കാര്‍ന്നുതിന്നുന്ന ഒരു യന്ത്രം
കാലത്തും വൈകീട്ടും ഇതുവഴി കടന്നുപോകുന്നു.
എന്റെ നിഴലിന് അസമയത്ത് നീളം വയ്ക്കുന്നു.
എല്ലാവരേയും എനിക്ക് സംശയമുണ്ട്.

ഇന്ന് ഒരു തുള്ളി ചോരപോലും പൊടിയാതെ
എത്ര റാത്തല്‍ മാംസവും മുറിച്ചെടുക്കാവുന്ന
കത്തികളുണ്ട്, എനിക്കറിയാം
എന്റെ മുലകളെവിടെ?
മുലകള്‍ മഹദ്വചനങ്ങള്‍ക്കുള്ളതല്ല
ഒരു ഉമ്മ, പല്ലുകൊണ്ടൊ നഖം കൊണ്ടൊ
ഏറിയാല്‍ ഒരു ചെറുപോറല്‍;
തകര്‍ന്ന ഉദ്ധൃതഗോപുരങ്ങളെപ്പറ്റിയല്ല
അമ്മയുടെ നഷ്ടപ്പെട്ട മുലകളെപ്പറ്റിയാണ്
കവി ഇപ്പോള്‍ പാടുന്നത്*

പത്രത്തില്‍ പരസ്യം കൊടുക്കാമെന്നുണ്ട്;
പക്ഷെ, കണ്ണും മൂക്കും ചുണ്ടും പോലെ
മുലകളെ തിരിച്ചറിയുന്നതെങ്ങിനെ?
എല്ലാ മുലകളിലും കാണില്ലെ ഒരു കറുത്ത കല!
എന്റെ മുലകള്‍ എന്റെ മുത്തശ്ശിമാര്‍,
മറാക്കുടയ്ക്കുള്ളില്‍നിന്ന് ഒരിക്കലും പുറത്തുവരാത്തവര്‍,
എന്റെ കൂടെ കുപ്പായത്തില്‍ കയറി
കാശിക്കുപോന്ന പാവം കൂറകള്‍,
എന്റെ മുലകള്‍ എന്റെ പേരക്കുട്ടികള്‍,
രണ്ടു കളിപ്പാട്ടങ്ങള്‍, കായ്കനികള്‍
എന്റെ മുലകളെവിടെ?

കാലത്ത്
ടെലിവിഷന്‍വാര്‍ത്തയില്‍ ഞാനെന്റെ മുലകള്‍ കണ്ടു
അവയ്ക്കിടയില്‍ വിരലോടിക്കുന്ന ഒരാള്‍ക്കൂട്ടത്തേയും
പക്ഷെ, കുന്നുകള്‍ക്കിടയിലൂടെയുള്ള
അഭയാര്‍ത്ഥിപ്രവാഹത്തിന്റെ വിദൂരദൃശ്യമായിരുന്നു അത്.

എന്റെ മുലകളെവിടെ? കണ്ടുകിട്ടുന്നവര്‍ ഒന്ന്,
അമ്മയുടെതായാലും കാമുകിയുടെതായാലും
കമ്പാര്‍ട്ടുമെന്റില്‍ എതിര്‍സീറ്റിലിരുന്ന്
കുഞ്ഞിനു മുലകൊടുക്കുന്ന സ്ത്രീയുടെതായാലും
ജീവിതത്തില്‍ മുലകുടിക്കാത്തവര്‍ക്ക് നല്‍കുക, മറ്റേത്,
മുലമുളയ്ക്കാത്ത കാലത്ത്
എന്നെ പേടിപ്പിച്ച ഒറ്റമുലച്ചിക്കും

വേഷം കെട്ടാന്‍ എനിക്കുവേണം
രണ്ടു കണ്ണന്‍ചിരട്ടകള്‍
...........

* നൊ അഹോഫന്‍ബര്‍ഗ്, ലിയോണോര്‍ വില്‍സണ്‍ എന്നീ അമേരിക്കന്‍ കവികള്‍
 

click me!