Malayalam Short Story : സുസ്മിത എന്ന കവിത, കല ജി.കെ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 30, 2023, 3:19 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. കല ജി.കെ എഴുതിയ ചെറുകഥ.


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

ഞാന്‍ സുസ്മിത ബാനര്‍ജിയെ അന്വേഷിച്ച് പോകുമ്പോള്‍ അവള്‍ സ്‌കൂള്‍ ലൈബ്രറിയുടെ മുന്നിലെ സോഫയില്‍ ഇരുന്നു സെല്‍ഫിക്ക് പോസ് ചെയ്യുകയായിരുന്നു. സോഫയില്‍ ചാഞ്ഞും ചരിഞ്ഞും ഫോണ്‍ മുകളിലേക്ക് ഉയര്‍ത്തി തല വെട്ടിത്തിരിച്ചും കുനിച്ചും അവള്‍ ഫോട്ടോ എടുക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു.

അവളെ തേടി നാല് നില ഇറങ്ങി വന്നതിന്റെ കിതപ്പും വല്ലായ്മയും എന്റെ നില്‍പില്‍ കുത്തി അല്പം ഈര്‍ഷ്യയോടെ ഞാന്‍ അവളെ നോക്കി. ഫോണിലേക്ക് നോക്കി നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന അവളെ കണ്ട് എന്റെ ദേഷ്യം ഇല്ലാതായി.

'സുസ്മിത, കുറെ നേരമായി ഞാന്‍ നിന്നെ അന്വേഷിക്കുന്നു. ഫോണ്‍ വിളിച്ച് എടുത്തതും ഇല്ല'- പറഞ്ഞു തീരുന്നതിനു മുന്നേ അവള്‍ എന്നെ ചേര്‍ത്തുപിടിച്ച് അടുത്തിരുത്തി. എന്റെ കഴുത്തില്‍ മുറുക്കി പിടിച്ച് അവളുടെ കവിളോട് ചേര്‍ത്തുവച്ച് സെല്‍ഫിക്ക് പോസ് ചെയ്തു.

'ഡിയര്‍ സ്‌മൈല്‍ പ്ലീസ്' -അവള്‍ എന്റെ മുഖം പിടിച്ച് ക്യാമറയ്ക്ക് നേരെ തിരിച്ചു എന്നോട് പുഞ്ചിരിക്കാന്‍ ആവശ്യപ്പെട്ടു. പല ആംഗിളില്‍ നിന്നും അവള്‍ ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്യാന്‍ ആരംഭിച്ചു.

'സീ.., ഡിയര്‍ കവിത, ഞാന്‍ നമ്മുടെ ഫോട്ടോ എഫ്ബി പേജില്‍ പോസ്റ്റ് ചെയ്യാന്‍ പോകുന്നു. മൈ ഡിയറസ്റ്റ് മല്ലു ഫ്രണ്ട്. എനിക്ക് ഉറപ്പാണ്, നോ വണ്‍ ലൈക്‌സ് മൈ ഫോട്ടോസ്. എന്നാലും ഞാന്‍  ഫോട്ടോസ് ഇട്ടു കൊണ്ടേ ഇരിക്കും.'
 
'യു നോ വൈ? ഐ ലവ് മൈ സെല്‍ഫ്... എ ലോട്ട്.' അവള്‍ അത് പറയുമ്പോള്‍ അവളുടെ മുഖത്ത് നിഴലിച്ചത് വിഷാദമാണോ പരിഹാസമാണോ എന്ന് എനിക്ക് വേര്‍തിരിച്ച് അറിയാന്‍ കഴിഞ്ഞില്ല. ഞാനവളുടെ മുഖത്ത് നോക്കിയിരുന്നു.

അവളുടെ കാലുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത ശരീരം. പക്ഷേ, ആ മുഖത്തെ ഏറ്റവും നിഷ്‌കളങ്കമായ പുഞ്ചിരി അതാണ് എന്നെ അവളിലേക്ക് ആകര്‍ഷിച്ചത്. ആ മുഖത്തെ വലിയ കണ്ണുകളാണ് അവളുടെ മേക്കപ്പും ശരീരത്തിലെ ഏക ആഭരണവും!

കൃത്യം രണ്ടുമാസം. ഞാന്‍ സുസ്മിത ബാനര്‍ജിയെ ആദ്യമായി കാണുമ്പോള്‍ ആട്രിയത്തിന്റെ ഏറ്റവും മുകളിലത്തെ പടിയില്‍ ഇരുന്ന് എഴുന്നേല്‍ക്കാനാവാതെ അവള്‍ കഷ്ടപ്പെടുകയായിരുന്നു. പുതിയതായി ജോയിന്‍ ചെയ്ത അധ്യാപകരുടെ സ്വയം പരിചയപ്പെടുത്തല്‍ കഴിഞ്ഞ് വൃത്താകൃതിയിലുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ നടുവില്‍ പണി തീര്‍ത്ത കൊച്ചു ഗാലറി ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു. അവളുടെ കൈപിടിച്ച് എഴുന്നേല്‍ക്കാന്‍ സഹായിക്കുമ്പോള്‍ ഞാന്‍ സ്വയം പരിചയപ്പെടുത്തി. അവള്‍ എന്റെ കൈ  കുലുക്കി 'സുസ്മിത ബാനര്‍ജി, ഇംഗ്ലീഷ്' എന്ന് പറഞ്ഞു. ഒരേ സബ്ജക്ടും ഡിപ്പാര്‍ട്ട്‌മെന്റും ആയതിന്റെ സന്തോഷം പങ്കുവെച്ച് ഞങ്ങള്‍ നടന്നു.

കാല്‍ അല്പം മുടന്തി ആയാസപ്പെട്ട് നടക്കുന്ന അവളോട് എന്തുപറ്റിയെന്ന് ചോദിക്കാന്‍ ഞാന്‍ ഭയപ്പെട്ടു. ഞാന്‍ അവളുടെ നരച്ച മുടിയിഴകളിലേക്ക് നോക്കുമ്പോള്‍ അവള്‍ പറഞ്ഞു, 'ഐ ലവ് ടീച്ചിംഗ്.'

ക്ലാസ് കഴിഞ്ഞ ബ്രേക്കില്‍ ഞാന്‍ അവളുടെ എഫ് ബി പേജിലേക്ക് ഊര്‍ന്നിറങ്ങി. അപരിചിതയായ ഒരാളെ ഏറ്റവും നന്നായി പരിചയപ്പെടാന്‍ പറ്റിയ  ഇടം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആണ് എന്ന അറിവ് ആണ് എന്നെ അവളുടെ ഫേസ്ബുക്ക് വാളില്‍ എത്തിച്ചത്.

ദിവസം  മൂന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ എങ്കിലും  അവള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.  മിക്കതിനും ഒരു ലൈക്ക് പോലും ഇല്ല.  പിന്നീട് ആര്‍ക്കും വായിച്ചാല്‍ മനസ്സിലാവാത്ത പലതും കുറിച്ചു വെച്ചിരിക്കുന്നു.

പലപ്പോഴായി എഴുതി വച്ചിരിക്കുന്ന കുറ്റാന്വേഷണ പരമ്പര.

'ഐ ആം സെര്‍ച്ചിംഗ് ഫോര്‍ മൈ ബയോളജിക്കല്‍ ഫാദര്‍' - എന്ന് ഒരിക്കല്‍ അവള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

എന്റെ  അറിവില്‍ അവള്‍ക്ക് അമ്മ മാത്രമാണുള്ളത്. കൊച്ചു കുട്ടികളെ സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടു പോകുന്നതുപോലെ ദിവസവും നാലുമണിക്ക്  ഗേറ്റില്‍ അവളുടെ അമ്മ കാത്തുനില്‍ക്കുന്നത് കാണാറുണ്ട്. എഴുപത്തിയഞ്ചില്‍  അവരുടെ മുഖത്ത് പടര്‍ന്ന് തഴമ്പിച്ച അരക്ഷിതാവസ്ഥയുടെ കറുപ്പാഴം കണ്ട് ഞാന്‍ അസ്വസ്ഥയായിട്ടുണ്ട്.

സുസ്മിത വരുമ്പോള്‍ അവര്‍ അവളുടെ കൈപിടിച്ചു ഓട്ടോയില്‍ കയറ്റി പോകുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്. പരസ്പരം കൂട്ടായ അമ്മയും മകളും.

ഒരിക്കല്‍ ഞാന്‍ സ്വയം പരിചയപ്പെടുത്തി അവര്‍ക്കു മുന്നില്‍ നിന്നപ്പോള്‍ എന്റെ കൈപിടിച്ച് അമര്‍ത്തി വളരെ സ്‌നേഹത്തോടെ പറഞ്ഞു, 'എന്റെ മോള്‍ക്ക് ഒരു നേരത്തെ  ഭക്ഷണം കൊടുത്തതില്‍ എനിക്ക് വളരെയധികം നന്ദിയുണ്ട്. അവള്‍ ഒരുപാട് പറഞ്ഞിട്ടുണ്ട് കവിതയെ കുറിച്ച്. നല്ലത് വരും. അവള്‍ ഹാന്‍ഡികാപ്പ്ഡ് ആണ്. ഞാന്‍ അല്ലാതെ വേറെ ആരും അവള്‍ക്കില്ല. അവളെക്കുറിച്ചുള്ള ആധിയാണ് എനിക്കെപ്പോഴും.'

ഒന്നും പറയാന്‍ അറിയാതെ അവരുടെ കൈപിടിച്ചു നില്‍ക്കുമ്പോള്‍ റോഡിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദം ഞങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയിലേക്ക് ഇറങ്ങിവന്നു.

ഉച്ചഭക്ഷണത്തിന് വിളിച്ചപ്പോള്‍ അവള്‍ വിശപ്പില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ സെല്‍ഫികള്‍ ഇടുന്ന തിരക്കില്‍പ്പെട്ടു. എന്റെ ചോറും ചീരക്കറിയും മെഴുക്കുപുരട്ടിയും കൂട്ടി അവള്‍ സന്തോഷത്തോടെ കഴിക്കുമ്പോള്‍ അവളുടെ ടിഫിന്‍ ബോക്ക്‌സിലെ സാന്‍ഡ് വിച്ച് എടുത്ത് മാറ്റിവെച്ചു. വെറുതെ അവളുടെ അമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി.

കഴിച്ച പാത്രം അടച്ചു വയ്ക്കുമ്പോള്‍ അവളോട് വെറുതെ ചോദിച്ചു 'ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?'  അവള്‍ ഉറക്കെ ചിരിച്ചു.

'ഒരുപാട് പേരെ... എല്ലാവരും എന്നെ വിട്ട് രക്ഷപ്പെട്ടു.  കാരണം ആരും എന്നെ ഇഷ്ടപ്പെടുന്നില്ല. എന്റെ തടിച്ച ശരീരം, ഭംഗിയില്ലാത്ത മുഖം ഇതൊന്നും ആര്‍ക്കും ഇഷ്ടമല്ല. പക്ഷേ എനിക്ക് എന്നെ ഇഷ്ടമാണ്. ഞാന്‍ കുറെ ഫോട്ടോസ് എടുക്കും. എനിക്കിഷ്ടമാണ്.' അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു.

'എനിക്കൊരു വിഷമവുമില്ല. പക്ഷേ അമ്മയ്ക്ക് ഒരുപാടുണ്ട്. എന്റെ അച്ഛന്‍ പറയുമായിരുന്നു,  'ഇവളെ ആരെങ്കിലും കല്യാണം കഴിച്ചാല്‍ പിറ്റേദിവസം വീട്ടില്‍ കൊണ്ടുവന്നു വിടുമെന്ന്.'
 
'എനിക്കിഷ്ടമാണ് കല്യാണം കഴിക്കാന്‍. ഒരുപാട് കുട്ടികള്‍ ഉണ്ടാവാന്‍... യൂ നോ... ഐ ലവ് ടു ബി റേപ്ഡ്... അറ്റ് ലീസ്റ്റ് വണ്‍സ്.'

ഞാന്‍ അവളെ അമ്പരപ്പോടെ നോക്കി. 'ഐ ആം കൂള്‍... എനിക്കൊരു പ്രശ്‌നവുമില്ല.' അവള്‍ പൊട്ടിച്ചിരിച്ചു.

അവളെ കേട്ടുകൊണ്ടിരിക്കുന്നതില്‍ നിന്നും ഞാന്‍ പെട്ടെന്ന് എന്റെ കുടുംബത്തെക്കുറിച്ച് ഓര്‍ത്തു. ഭര്‍ത്താവ്, എന്റെ കുട്ടികള്‍ മനസ്സൊന്ന് പിടഞ്ഞു.

അവളെ വിട്ട് ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ വാതില്‍ക്കല്‍ നിന്ന് ഞാന്‍ വീണ്ടും അവളെ നോക്കി.
അവള്‍ തന്റെ ഏറ്റവും മനോഹരമായ പുഞ്ചിരി മൊബൈല്‍ ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു.

അതിനിടെയാണ് അതു സംഭവിച്ചത്. സുസ്മിത തന്റെ കുട്ടികളെയും കൊണ്ട് നാലാം നിലയുടെ പടികള്‍ ഇറങ്ങുന്നതിനിടയില്‍ കാല് തെന്നി വീണു. കുറച്ചുകാലം അവള്‍ കിടപ്പിലായി ലോങ് ലീവ് എടുത്തത് കാരണം പിന്നീട് സ്‌കൂളിലേക്ക് വരാനായില്ല. അവളുടെ അമ്മ എന്നെ തുടരെ വിളിച്ചുകൊണ്ടിരുന്നു. പ്രിന്‍സിപ്പലിനോട്  സംസാരിക്കാന്‍  എന്നോട് ആവശ്യപ്പെട്ടു.

അവര്‍ക്ക് വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 'ഒരു ക്ലാസിലെ കുട്ടികളെ മുഴുവന്‍ വെറുതെ ഇരുത്തണമോ' എന്ന് മാത്രമാണ് പ്രിന്‍സിപ്പല്‍ തിരിച്ചു ചോദിച്ചത്. അറിവ് പകരല്‍ വെറുമൊരു കച്ചവടമായി മാറിയ ആ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് അവര്‍ക്ക് വേറൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലായിരുന്നു. അവള്‍ക്ക് പകരം മറ്റൊരു ടീച്ചറെ എടുത്തത് മാത്രമാണ് എനിക്ക് അവളെ അറിയിക്കാന്‍ ഉണ്ടായിരുന്നത്. ആ അമ്മയ്ക്ക് അതൊരു വലിയ ആഘാതമായിരുന്നു.

ബാംഗ്ലൂരിലെ വലിയ സ്‌കൂളില്‍ ജോലി കിട്ടിയ സന്തോഷത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് എല്ലാം വിറ്റു പെറുക്കിയാണ് അമ്മയും മകളും ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത്. ഒറ്റമുറി വീട്ടില്‍ അവര്‍ സന്തോഷത്തോടെ ജീവിച്ചു. എന്റെ ഏറ്റവും നിസ്സഹായമായ അവസ്ഥയില്‍ അവരെ അഭിമുഖീകരിക്കാന്‍ ആവാതെ ഞാന്‍ ഇരിക്കുമ്പോള്‍ സുസ്മിതയുടെ അമ്മ എനിക്ക് വാട്‌സാപ്പില്‍ മെസേജ് അയച്ചു.

'അവള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ആക്‌സിഡന്റില്‍ കാലിനു പരിക്കുപറ്റി. അതില്‍ പിന്നെ അവള്‍ക്ക് ശരിക്കും നടക്കാന്‍ ആയിട്ടില്ല. ഹാന്‍ഡികാപ്പ്ഡ് ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ്  കാണിച്ചു. സ്‌കൂള്‍ അത് അംഗീകരിക്കുന്നില്ല. ഇത്രയും പടികള്‍ കയറി ഇറങ്ങുന്നതിന് അവള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ട് എന്ന് സൂചിപ്പിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നെഗറ്റീവ് ആയിട്ടുള്ള ഒരു മറുപടിയാണ് തന്നത്. ഞാന്‍ എന്റെ മോളെ കുറിച്ച്  വളരെ വിഷമിക്കുന്നു. കവിതയല്ലാതെ മറ്റാരും ഞങ്ങള്‍ക്ക് ഈ നഗരത്തില്‍ ഇല്ല.'- കൂടെയുണ്ട് എന്ന് മാത്രം ഞാന്‍ പറഞ്ഞു.

ഡിപ്രഷനില്‍ വീണുപോയ അവളെ ഒന്ന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ എന്റേതായ രീതിയില്‍ പലപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഇടവേളകളില്‍, കാണുന്ന ജോലി ഒഴിവുകള്‍ നിരന്തരം അയച്ചു കൊടുത്തു കൊണ്ടിരുന്നു. ഞാന്‍ പലപ്പോഴും അവളോട് സംസാരിക്കാന്‍ ശ്രമിച്ചു.

വോയിസ് കോള്‍, വീഡിയോ കോള്‍ ഒന്നിനും  അവള്‍ പ്രതികരിച്ചില്ല.  അമ്മയാണ് എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്. സുസ്മിത എന്നോട് സംസാരിക്കാന്‍  താല്പര്യപ്പെട്ടതേയില്ല.

ഒരിക്കല്‍ അപ്രതീക്ഷിതമായി എനിക്ക് സുസ്മിതയുടെ അമ്മയുടെ ഫോണ്‍ വന്നു. അവര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ്.  ഞാന്‍ അവര്‍ക്ക് അഡ്രസ് അയച്ചു കൊടുത്തു. ശനിയാഴ്ച അവര്‍ വീട്ടിലേക്ക് വരാമെന്ന് ഉറപ്പു പറഞ്ഞു.

ഞാന്‍ അവര്‍ക്ക്  ഭക്ഷണം ഒരുക്കി കാത്തിരുന്നു. വന്നത് അമ്മ മാത്രമായിരുന്നു. സുസ്മിതയെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അവര്‍ ഒരുപാട് നേരം സംസാരിച്ചിരുന്നു. ഒറ്റപ്പെട്ടുപോകുന്ന മകളെ ഓര്‍ത്ത് ആധികള്‍ പങ്കുവെച്ചു.

എന്റെ മകനെ നോക്കി അവര്‍ പറഞ്ഞു- 'വിവാഹം കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് ഇതുപോലെ ഒരു കുഞ്ഞ് ഉണ്ടാകുമായിരുന്നു.' അത് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഭക്ഷണത്തിന് വിളമ്പിയ മീന്‍ കറി കഴിച്ച്, 'കൊല്‍ക്കത്ത വിട്ടതില്‍ പിന്നെ ഇപ്പോഴാണ് മീന്‍ കറി  കഴിക്കുന്നത്' എന്ന് പറഞ്ഞ് അവര്‍ വല്ലാതെ ഇമോഷണല്‍ ആയി.

അവരുടെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചു. ഇന്നേവരെ  ഹെല്‍ത്ത് ചെക്കപ്പ് നടത്തിയിട്ടില്ല എന്ന് പറഞ്ഞ് അവര്‍ തിരിച്ചിറങ്ങുമ്പോള്‍ എനിക്ക് അത്ഭുതം തോന്നി. എന്റെ അലമാരയില്‍ ഇരിക്കുന്ന ടെസ്റ്റ് റിപ്പോര്‍ട്ടുകളെ കുറിച്ച് ഓര്‍ത്തു.

സ്‌കൂളിലെ പല തിരക്കുകളുമായി ഞാന്‍ മുന്നോട്ടു പോയപ്പോള്‍ ഒന്നോ രണ്ടോ മെസേജുകളില്‍ ഒതുങ്ങിപ്പോയി സുസ്മിതയുമായുള്ള ബന്ധം. പിന്നീട് എപ്പോഴോ അയച്ച മെസേജുകള്‍ക്ക് ഒന്നും മറുപടി വന്നില്ല. ഞാന്‍ വിളിച്ചു കൊണ്ടിരുന്നു. മെസേജുകള്‍ അയച്ചുകൊണ്ടേയിരുന്നു എന്നാല്‍ സുസ്മിതയോ അവളുടെ അമ്മയോ പ്രതികരിച്ചില്ല.

സുസ്മിത എന്റെ ഉള്ളാഴങ്ങളില്‍ ഇരിപ്പുറപ്പിച്ചത് കൊണ്ടാകാം കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും അവളെ വിളിച്ചു. പതിവുപോലെ എടുത്തില്ല. വാട്‌സ്ആപ്പ് കോള്‍ ചെയ്തു. അവള്‍ എടുത്തില്ല. മെസേജ് അയച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവള്‍ മറുപടി അയച്ചു.

'എന്റെ അമ്മ മരിച്ചു. ഞാന്‍ ഹോസ്പിറ്റലില്‍ ആണ്.'

ഉടനെ ഞാന്‍ അവളെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തു. കുറെ മാസങ്ങള്‍ക്ക് ശേഷം അവളുടെ ശബ്ദം കേട്ടപ്പോള്‍ സമ്മിശ്ര വികാരങ്ങളില്‍ എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവള്‍ തീര്‍ത്തും അനാഥയായി പോയതിന്റെ വേദന എന്നെ തൊട്ടു. പക്ഷേ ഭാവഭേദം ഒന്നും കൂടാതെ അവള്‍ പറഞ്ഞു. 'ഐ ആം ഓക്കേ. ക്രൈസ്റ്റ് ഹോമിലേക്ക് അവര്‍ എന്നെ കൊണ്ടുപോകും.'

ശേഷം ഫോണ്‍ വച്ചു. പിന്നീട് അവളുടെ ഫോണ്‍ ശബ്ദിച്ചതേയില്ല.

അവളുടെ ഫേസ് ബുക്ക് വാള്‍ ഇങ്ങനെ പറഞ്ഞു, 'ഐ മിസ് മൈ മോം. ഞാന്‍ ബാനര്‍ജി അല്ല. അദ്ദേഹം എന്റെ രണ്ടാനച്ഛനാണ്. എന്റെ സര്‍ നേം ബറുവ ആണ്. ഞാന്‍ രശ്മി ബറുവ. എന്റെ വേരുകള്‍ അസമിലാണ്.'

click me!