ഏകാന്തതയുടെ അധികഡോസ്; കൊവിഡ് കാലത്തെ മൂന്ന് കുഴൂര്‍ക്കവിതകള്‍

By Web Team  |  First Published Jul 19, 2021, 5:03 PM IST

സമകാലീന എഴുത്തുകാരില്‍ ശ്രദ്ധേയനായ കുഴൂര്‍ വിത്സന്‍ കൊവിഡ് കാലത്ത്  എഴുതിയ മൂന്ന് കവിതകളുടെ വായന. മധു ബി എഴുതുന്നു


ഭൂമിയില്‍ മാത്രമാണ് നിങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുവാന്‍ കഴിയുകയെന്നും തന്റെ ചോക്കലേറ്റ് പ്രാവുകള്‍ ആകാശത്തെഴുതുന്ന അമ്പലങ്ങളില്‍ തനിയ്ക്ക് കയറിയിരിക്കാന്‍ ആരുടേയും അനുവാദം വേണ്ടതില്ല എന്നും ആശ്വസിക്കുന്ന കവി ചാരപ്പനിലേക്കും വെള്ളപ്പനിലേക്കുമെത്തുമ്പോള്‍ കൂടുതല്‍ നിരാശനാണ്. തന്റെ മുയലുകളിലൊന്നിനെ കൊന്നു തിന്നാമെന്ന പരിഹാരം പോലുമയാള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

 

Latest Videos

undefined

 

ഏകാന്തതയും വിഷാദവുമാണ് ഈ കവിതകളുടെ വിഷയം. ഏകാന്തതയെ നേരിടാനുള്ള രണ്ട് ശ്രമങ്ങളാണ് അമ്പലപ്രാക്കള്‍, ചാരപ്പനും വെള്ളപ്പനും എന്നീ കവിതകള്‍ എങ്കില്‍, പുഴു കുറേക്കൂടി പറഞ്ഞു വെയ്ക്കുന്നുണ്ട്.  

അമ്പല പ്രാക്കള്‍, ചാരപ്പനും വെള്ളപ്പനും എന്നീ രണ്ട് കവിതകളിലും, നേര്‍രേഖകള്‍ കൊണ്ട് വരച്ചു തുടങ്ങുന്ന രൂപങ്ങള്‍ അതിന്റെ ഭംഗി മുഴുവന്‍ പുറത്തെടുക്കുന്നത് വര പൂര്‍ത്തിയാകുമ്പോഴാണ്.  ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റൊന്ന് എന്ന രീതിയില്‍ വായിച്ചാല്‍ ഒന്നാം തരംഗത്തില്‍ നിന്നും രണ്ടാം തരംഗത്തിലേക്കും തുടര്‍ച്ചകളിലേക്കും എത്തുമ്പോള്‍ നമ്മള്‍ എത്ര മാത്രം ആകുലരാണ് എന്ന് കാണാം. 

ഭൂമിയില്‍ മാത്രമാണ് നിങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുവാന്‍ കഴിയുകയെന്നും തന്റെ ചോക്കലേറ്റ് പ്രാവുകള്‍ ആകാശത്തെഴുതുന്ന അമ്പലങ്ങളില്‍ തനിയ്ക്ക് കയറിയിരിക്കാന്‍ ആരുടേയും അനുവാദം വേണ്ടതില്ല എന്നും ആശ്വസിക്കുന്ന കവി ചാരപ്പനിലേക്കും വെള്ളപ്പനിലേക്കുമെത്തുമ്പോള്‍ കൂടുതല്‍ നിരാശനാണ്. തന്റെ മുയലുകളിലൊന്നിനെ കൊന്നു തിന്നാമെന്ന പരിഹാരം പോലുമയാള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഒന്നു നോക്കൂ ... ഏകാന്തതയെ നേരിടാന്‍ വാങ്ങിയ മുയലുകളിലൊന്നിനെ കൊന്നു തിന്നുന്നത് സത്യത്തില്‍ ഒരു പരാഹാരമേയല്ല, മറിച്ച് തന്നെപ്പോലെ ഏകാന്തത തിന്നു ജീവിക്കുന്ന വെള്ളപ്പനെ സൃഷ്ടിക്കുക എന്നത് മാത്രമാകും ഫലം. പരിഹാരത്തിന്റെ മറുപാതിയും ഒന്നിച്ചുള്ളവയെ വേര്‍പ്പെടുത്തുക എന്നതാണ് എന്നു കൂടി കാണുമ്പോഴാണ് മഹാമാരിക്കാലം നമ്മുടെ പ്രശ്‌നപരിഹാരങ്ങളെ പോലും ക്രൂരമാക്കുന്നുണ്ടോ എന്ന സംശയം വരുന്നത്.

'പുഴു' എന്ന കവിത ഒറ്റനോട്ടത്തില്‍ ഇതില്‍ നിന്നും വ്യത്യസ്തമായി തോന്നാം. പക്ഷെ ഏകാന്തതയോടൊപ്പം ദാരിദ്ര്യം കൂടി ചേര്‍ന്നതാണ് ആ കവിത. ബൈരവനെന്ന ലോറിഡ്രൈവന്‍ പ്രത്യക്ഷത്തില്‍ കാണാത്ത ഒരേകാന്തത കൂടി ചുമക്കുന്നുണ്ട്. കോവിഡ് കാലം നമ്മളെ  ദാരിദ്ര്യത്തിലേക്കും ഏകാന്തതയിലേക്കും വലിച്ചിടുന്നത് കവി അനുഭവിപ്പിക്കുന്നത്

'തീപ്പെട്ടിയ്ക്കും ബീഡിയ്ക്കും തികയാത്ത
ചിരിയൊന്നുമായ്
മറ്റൊരു പുഴു'

കടയ്ക്കു പുറത്ത് നില്‍ക്കുന്നത് കാണിച്ചു കൊണ്ടാണ്. കവിതയിലെ ആദ്യ വരികളിലെ അര്‍ത്ഥത്തില്‍ നിന്ന് പുഴു (ആദ്യ ഭാഗത്ത് പെണ്‍കുട്ടികള്‍ തലമുടിയില്‍ ഇടുന്ന ബാന്റ് എന്ന് കവി പുഴുവിന് അര്‍ത്ഥം നല്‍കുന്നുണ്ട് ) നിസ്സഹായതയുടെ , ദാരിദ്ര്യത്തിന്റെ  ആള്‍രൂപമാകുന്ന വക്രതയും ഈ കവിതയില്‍ കാണാം.

കോവിഡ് കാലത്തെ പുതുകവികള്‍ എങ്ങനെ അടയാളപ്പെടുത്തി എന്ന ചോദ്യത്തിന് ഇപ്പോള്‍  കുഴൂര്‍ വിത്സണ്‍ നല്‍കുന്ന ഉത്തരങ്ങളാണ് ഈ മൂന്ന് കവിതകള്‍.

 

 

ചാരപ്പനും വെള്ളപ്പനും

ഏകാന്തതയെ നേരിടാന്‍ 
ഇക്കുറി വാങ്ങിയത്
കൗതുകം നെറ്റിയില്‍ തൊട്ട 
രണ്ട് മുയലുകളെയാണ് 
ഒറ്റപ്രസവത്തിലെ 
ആറു കുഞ്ഞുങ്ങള്‍ തന്നെയായിരുന്നു ഉന്നം

ഒന്നാണ് ഒന്ന് പെണ്ണ് എന്ന കണക്കിലാണു 
തീറ്റപ്രിയനായ അയാളെനിക്ക് 
മുയല്‍ക്കുഞ്ഞുങ്ങളെ പിടിച്ച് തന്നത്

ഞാനവയ്ക്ക് മത്സരിച്ച് തീറ്റ കൊടുത്തു

കാലത്ത് കടല 
ഉച്ചയ്ക്ക് പുല്ല് 
വൈകുന്നേരം കാലിത്തീറ്റ 
രാത്രി മുതിര കുതിര്‍ത്തിയത് 

മച്ചാനേ, അത് പോരേ അളിയാ എന്ന മട്ടില്‍
രണ്ടും മുട്ടനായി തന്നെ വളര്‍ന്നു 

ആ വാക്ക് അറവും പറ്റി 

നോക്കുമ്പോള്‍ രണ്ടും മുട്ടന്‍ മുയലുകള്‍ 
ചാരപ്പനും വെള്ളപ്പനും 

രണ്ടും കൂടി രാത്രികാലങ്ങളില്‍ 
പരസ്പരം പുറത്ത് കയറി കളിക്കുന്നതിന്റെയൊച്ച 
കേട്ട് ആറു കുഞ്ഞുങ്ങള്‍ക്കും പേരിട്ട് 
ചിരിച്ചുറങ്ങിയ എന്നെത്തന്നെപ്പറയണം

ഒന്നുകില്‍ ചാരപ്പനെ  കൊന്ന് തിന്നണം
അല്ലെങ്കില്‍ വെള്ളപ്പനെ കൊടുത്ത് 
മുയല്‍പിടയെ വാങ്ങണം

ഇത്ര കാലവും 
ഇയാളുടെ ഏകാന്തതയെ തുരത്താന്‍ 
കിണഞ്ഞ് പണിയെടുത്തതിനു 
ഞങ്ങള്‍ക്കിത് തന്നെ കിട്ടണം 
എന്ന സങ്കടം  

ചാരപ്പനും വെള്ളപ്പനും പാടുന്നത് 
കാറ്റ് മൂളിപ്പാട്ടായി 
ഏറ്റുപാടുന്നുണ്ടോയെന്ന സംശയം 
അടുത്ത് നില്‍ക്കുന്നു

 


 

പുഴു

ബൈരവനൊരു തമിഴ് ലോറീഡ്രൈവന്‍
കൊമ്പന്‍; ഇടയ്ക്ക് നാട്ടിലെത്തും
കള്ളിമുണ്ടും കത്തിയുമായ് കറങ്ങും 
പേപ്പായെന്ന് വിളിച്ച് പിന്നാലെ കുഞ്ഞുങ്ങളും 

നന്നേ നരച്ച കോവിഡ് കാലത്ത്
നയാപൈസയില്ലാതെ ബൈരവന്‍ 
പതിവ് പോലെ പേപ്പാ വിളികള്‍ 
ബൈരവന്‍ തപ്പീ, കിട്ടീ 12 രൂപാ

കുഞ്ഞന്മാരിലൊന്നുമായ് ടൌണിലേക്ക് നടപ്പാണ്
കയ്യില്‍ തൂങ്ങിയവള്‍ക്ക് വേണ്ടത് മൂന്ന് പുഴുക്കള്‍ 

ഒന്നവള്‍ക്ക്
ഒന്നനുജത്തിയ്ക്ക്
ഒന്നയല്‍ക്കുട്ടിയ്ക്ക്

മഞ്ഞ
പച്ച
ചോപ്പ്

കടയിലെ ചേച്ചിയവളെ 
കണ്ണ് 
കൊണ്ട് 
കളിയാക്കി

ലവള്‍ ചിരിച്ചു
10 രൂപ നീട്ടി
ചേച്ചിയവള്‍ക്ക് നാലു തിരിച്ചു കൊടുത്തു
മനസ്സില്ലാ മനസ്സോടവള്‍ ഒരെണ്ണം തിരിച്ച് നല്‍കി
രണ്ട് രൂപാ മടക്കം വാങ്ങി
ചുണ്ടില്‍ ചമ്മിയ ചിരിയൊതുക്കി

തീപ്പെട്ടിയ്ക്കും ബീഡിയ്ക്കും 
തികയാത്ത ചിരിയൊന്നുമായ്
മറ്റൊരു പുഴു പുറത്തുണ്ട് 

ഞങ്ങളെല്ലാംകൂടീയൊറ്റയ്‌ക്കൊരു ചിരി ചിരിച്ചു

 

 

അമ്പലപ്രാക്കള്‍

പേഴ്‌സണല്‍ ഡോക്ടര്‍ പറഞ്ഞതനുസരിച്ച്
ഏകാന്തതയെ നേരിടാന്‍
രണ്ട് പ്രാക്കളെ വാങ്ങി

വെള്ളയില്‍ ചോക്കലേറ്റ് കലര്‍പ്പുള്ളത്
ഡോക്ടറുടെ ചിറകുള്ള പ്രിസ്‌കിപ്ഷന്‍
പത്ത് മുപ്പത് ശതമാനം ഫലം പുറപ്പെടുവിച്ചു

എന്നാലാവും വിധം ഞാനവയെ ഓമനിച്ച് കൊണ്ടിരുന്നു
പോരാഞ്ഞിട്ടാവണം രണ്ടും ഒരു ദിവസം പറന്ന് പോയി

എപ്പോഴെങ്കിലും വരുമെന്നോര്‍ത്ത് 
ഞാനവയ്ക്ക് അരിമണികള്‍ വിതറിക്കൊണ്ടിരുന്നു
അവ കോഴികള്‍ വന്ന് കൊത്തി തിന്നു

ആകാശത്തിന്റെ ഒഴിഞ്ഞ ഇടങ്ങളിലും 
മൂലയിലുമൊക്കെ ഞാനിടയ്ക്കിടെ അവരെ തിരഞ്ഞു
മറ്റ് ചില ചിറകുകള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നല്ലാതെ ഒന്നുമുണ്ടായില്ല. 
കോഴികള്‍ അവരുടെ അരിമണി തീറ്റ തുടര്‍ന്നു

ഒരു ദിവസം ഞാനമ്പലനടയില്‍ ചായ കുടിക്കുകയായിരുന്നു. 
കത്തിച്ച സിഗരറ്റിന്റെ പുകയിലൂടെ ആകാശത്തിന്റെ ഇടവഴിലൂടെ നടന്നു. 
അമ്പലത്തിന്റെ താഴികക്കുടത്തിനു താഴെ 
ഞാനെന്റെ  ചോക്കലേറ്റ് കലര്‍ന്ന പ്രാക്കളെ കണ്ടു. 
അവയെന്റേതാണ് അവയെന്റേതാണ്. 
ആത്മഗതത്തിനു ചിറകുകള്‍ വച്ചു. 
അത് പറന്ന് ചെന്ന് ചോക്കലേറ്റ് പ്രാക്കളെ തൊട്ടു. 
അവര്‍ പറന്ന് പോയി.

എനിക്ക് അമ്പലത്തില്‍ കയറാന്‍ അനുവാദമില്ല. 
എന്നാലും ആ താഴികക്കുടങ്ങള്‍ക്ക് താഴെ 
ഞാന്‍ വളര്‍ത്തിയ ചോക്കലേറ്റ് ചിറകുള്ള 
പ്രാക്കള്‍ കുറുകിയിരുപ്പുണ്ട്

അവര്‍ ആകാശത്തെഴുതുന്ന അമ്പലങ്ങളിലെല്ലാം 
ഞാനും കയറിയിരിപ്പുണ്ട്

click me!