നടന്‍ ജഗന്‍: ഹെലിക്കോപ്റ്റര്‍ ദുരന്തത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ഒരു ഡിറ്റക്ടീവിന്റെ യാത്ര

By K P Jayakumar  |  First Published Jan 21, 2023, 5:02 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് അന്‍വര്‍ അബ്ദുള്ള എഴുതിയ 1980 എന്ന നോവലിന്റെ വായന. കെ പി ജയകുമാര്‍ എഴുതുന്നു
 


കൊലയ്ക്കും മരണത്തിനുമിടയിലെ നിരൂഢവും ശൂന്യവുമായ ഇരുള്‍നിലങ്ങളെ കടന്നുപോകുന്ന ഭാവനയുടെ സൂക്ഷ്മ സഞ്ചാരമാണ് അന്‍വര്‍ അബ്ദുള്ളയുടെ നോവല്‍, 1980. മരണത്തിന്റെ ഭൂതകാല ലിപികള്‍ വായിക്കുന്ന ഗൂഢഭാഷകന്റെ വര്‍ത്തമാനപുസ്തകം. നോവല്‍ ശീര്‍ഷകം ഒരു കാലസംഖ്യയാണ്. കാലം ചരിത്രമാണ്. ആ നിലയ്ക്ക് 1980 ചരിത്രനോവലാണ്. മരണത്തിന്റെ/കൊലയുടെ ചരിത്രമെഴുത്ത്.

 

Latest Videos

undefined

 

''അവനെപ്പോഴും മരങ്ങളെപ്പറ്റിയാണ് സ്വപ്നം കണ്ടിരുന്നത്.'' സാന്തിയാഗോ നാസറിന്റെ അമ്മ പ്ലാസിഡാ ലിനേറിയോ ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കുശേഷം എന്നോട് പറഞ്ഞു. ദുഃഖപൂരിതമായ ആ തിങ്കളാഴ്ചയുടെ വിശദാംശങ്ങള്‍ ഓര്‍ക്കുകയായിരുന്നു അവര്‍. ''അതിന്റെ തലേയാഴ്ച അവന്‍ സ്വപ്നം കണ്ടിരുന്നത്. തകരപ്പാട്ടകൊണ്ടു നിര്‍മ്മിച്ച ഒരു വിമാനത്തില്‍ സഞ്ചരിക്കുന്നതിനെക്കുറിച്ചായിരുന്നു. ബദാം മരങ്ങള്‍ക്കിടയിലൂടെ ഒന്നിലും ചെന്നിടിക്കാതെയാണ് അവന്റെ സ്വപ്നവിമാനം സഞ്ചരിച്ചുകൊണ്ടിരുന്നത്''. സ്വപ്നങ്ങള്‍ കൃത്യമായി വ്യാഖ്യാനിക്കുന്നതില്‍ ഖ്യാതിനേടിയവളായിരുന്നു അവന്റെ അമ്മ...''.

പക്ഷെ, മകന്റെ ആ രണ്ട് സ്വപ്നങ്ങളുടെയും മരണത്തിനുമുമ്പുള്ള പ്രഭാതങ്ങളില്‍ അവന്‍ പറഞ്ഞ മരങ്ങളെപ്പറ്റിയുള്ള ഇതരസ്വപ്നങ്ങളുടെയും അശുഭകരമായ വെളിപാടുകള്‍ അവര്‍ക്ക് മനസ്സിലാകാതെപോയി.''

Gabriel García Márquez.
Chronicle of a Death Foretold.1981

''പക്ഷെ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?''

പ്രൊഫ. ടി വി ഈച്ചരവാര്യര്‍.
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍. 2003.

 

അകാലത്തില്‍ മരിച്ചവര്‍ ഭൂമിവിട്ട് പോവുകയില്ല. അശരീരികളും അരൂപികളുമായ ആത്മാക്കളുടെ നിഗൂഢവും നിരാലംബവുമായ പ്രതിജീവിതം. ഓര്‍മ്മകളുടെ അടരുകളിലും സ്വപനങ്ങളുടെ നേര്‍ത്ത വരമ്പുകളിലും അകാലമൃതര്‍ കാത്തുനില്‍ക്കും. നിശ്ശബ്ദനിശീധിനിയില്‍ ശരീരത്തിലേയ്ക്ക് തിരികെപ്പോകാനാവാതെ വിതുമ്പുന്ന അത്മാക്കളുടെ തീരെച്ചെറിയ ഒച്ചകള്‍ കേള്‍ക്കാം. കിളിയൊച്ചകളും ചീവീടുകളുടെ രാമൂര്‍ച്ചകളും ഇരുട്ടുകീറുന്ന പാതിരപ്പുള്ളും കൂമനും നിലയ്ക്കുന്ന നേരത്താണത്, വിദൂരവിദൂരതയില്‍നിന്ന് സ്വപ്നത്തിന്റെ വിജാഗിരിഞരക്കം നൂണ്ട് മരച്ചവരുടെ തേങ്ങലുകള്‍ കടന്നുവരും. അത്രമേല്‍ അനാഥമായില്ലൊരു ദുഃഖവും.

മനുഷ്യ ചരിത്രത്തില്‍ നിന്ന് ഒരില അടര്‍ന്നുവീഴുന്നതാണ് ഓരോ മരണവും. കാലമെത്താതെ അടര്‍ന്നതോ, തല്ലിക്കൊഴിച്ചതോ, സ്വയം ഞെട്ടറ്റുപോന്നതോ ആയ ഇലകള്‍ മണ്ണോടുമണ്ണടിഞ്ഞാലും ആ നിപാതത്തിന്റെ പൊരുളറിയാതെ കുഴയും. രാത്രിയാമങ്ങളിലെപ്പോഴോ ഭൂമിയില്‍നിന്നുയരുന്ന ഇലകളുടെ നെടുവീര്‍പ്പുകള്‍ അതീവദുര്‍ബലമെങ്കിലും കുളിരുന്നൊരുകാറ്റായി സ്വപ്നത്തില്‍ നൂല്‍നൂണ്ടുവരും. ഉറക്കം ഞെട്ടുന്ന ആ രാത്രിയാമങ്ങളിലാണ് മരിച്ചവരുടെ സങ്കടങ്ങള്‍ ജീവിച്ചിരിക്കുന്നവരില്‍  ആഞ്ഞുകൊത്തുന്നത്. ആ സ്വപ്നദംശനത്തില്‍, ചാരംമൂടിയ കാലച്ചിതയിലെ അണയാത്തൊരു കനല്‍ നെഞ്ചിന്‍കൂടിനുള്ളില്‍ പതിയ്ക്കും. ദാരുണവും നിഗൂഢവുമായ ആ പൊള്ളലിന്റെ പൊരുളറിയാതെ ജീവിക്കുന്നതെങ്ങനെ? മരിക്കുന്നതെങ്ങനെ?

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ 'പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്ത'ത്തിലെ സാന്തിയാഗോ നാസറിന്റെ അമ്മ പ്ലാസിഡാ ലിനേറിയ്ക്ക് മകന്റെ അകാലമരണത്തിന്റെ നിഗൂഢമായ അടരുകള്‍ അഴിഞ്ഞുകിട്ടുന്നില്ല. മോചനമില്ലാതെ ഭൂമിയില്‍ കുരുങ്ങിപ്പോയ മകന്റെ ആത്മാവിന്റെ നിലവിളി അവരുടെ ശിഷ്ടജീവിതത്തിലുടനീളം നിരാലംബമായി മുഴങ്ങിക്കൊണ്ടിരുന്നു. 1981-ല്‍ ആ നോവല്‍ പുറത്തുവരുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ജഗന്‍ മരിക്കുന്നത്. അതിനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ 6:30-നാണ് രാജന്‍ എന്ന ആര്‍ ഇ സി വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലില്‍നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോകുന്നത്. മകന്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നറിയാന്‍, ശൂന്യതയില്‍ തിരോഭവിച്ച മകന്റെ പ്രിയശരീരത്തിന്റെ സാന്നിധ്യം തേടി, പൊരുള്‍തേടി, നിഗൂഢതകളുടെ നിരവധി വര്‍ഷങ്ങളിലൂടെ ഈച്ചരവാര്യര്‍ എന്ന അച്ഛന്‍ അലഞ്ഞു. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കുശേഷം 2003-ലാണ് അലച്ചിലിന്റെ ആത്മചരിത്രം പുസ്തകമാകുന്നത്; ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍. മകന്റെ തിരോധാനത്തിന്റെ നിഗൂഢതകള്‍ അഴിഞ്ഞുകിട്ടാതെ  ഒടുവില്‍ ആ അന്വേഷകനും പിന്‍വാങ്ങി.

''സ്വന്തം രക്തത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സാന്തിയാഗോ നാസറെ അവന്റെ അമ്മ കണ്ടു. ഒരു ഭാഗത്തേയ്ക്ക് ചരിഞ്ഞുനിന്നുകൊണ്ട് ഒരു വെളിപാടിന്റെ ബോധവുംപേറി അവന്‍ നടക്കാന്‍ ആരംഭിച്ചു. പുറത്തേയ്ക്ക് തള്ളിവന്ന കുടല്‍മാല അവന്‍ കയ്യിലേന്തിയിരുന്നു.'' പലപല സ്മരണകളാല്‍ സാന്തിയാഗോ നാസര്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്തു. ചോരയില്‍ കുളിച്ച് കയ്യില്‍ കുടല്‍മാലയുമേന്തി കടന്നുവന്ന അവനെ പോഞ്ചലാനോ ഓര്‍മ്മിക്കുന്നുണ്ട്. ''എനിക്ക് തീരെ മറക്കാനാവാത്തത് തീട്ടത്തിന്റെ അസഹ്യമായ ഗന്ധമായിരുന്നു'' എന്നയാള്‍ ഓര്‍മ്മ മണക്കുന്നു. എന്നാല്‍ കാലടികള്‍ അളന്ന് കൃത്യതയോടെ നടക്കുന്ന സാന്തിയോഗോ നാസറിനെയാണ് പോഞ്ചലാനോയുടെ മൂത്തമകള്‍ അര്‍ഗനീത ലാനോ ഓര്‍മ്മിക്കുന്നത്. അവന്റെ അറബി നാടോടിമുഖം എന്നത്തേക്കാളും ചന്തമാര്‍ന്നിരുന്നതായി അവളുടെ സ്മൃതിരേഖകള്‍ പറയുന്നു. നോവലിന്റെ അന്ത്യത്തില്‍ ''എന്റെ മകനേ സാന്തിയോഗോ നിനക്കെന്തുപറ്റി?'' എന്ന് വെനിഫ്രിദാ മാര്‍ക്വിസ് അവനോട് ആന്തലോടെ ചോദിക്കുകയും ''വെനിയമ്മായി, അവരെന്നെ കൊന്നുകളഞ്ഞിരിക്കുന്നു.'' എന്നവന്‍ പറയുകയുമുണ്ടായി. ''കൊന്നുകളഞ്ഞിരിക്കുന്നു'' എന്നതിലെ ഭൂതകാലം നാമെങ്ങനെ വായിക്കും? മരിച്ചവന്റെ മൊഴിരേഖ എങ്ങനെ ചരിത്രത്തില്‍ രേഖപ്പെടും?

കൊലയ്ക്കും മരണത്തിനുമിടയിലെ നിരൂഢവും ശൂന്യവുമായ ഇരുള്‍നിലങ്ങളെ കടന്നുപോകുന്ന ഭാവനയുടെ സൂക്ഷ്മ സഞ്ചാരമാണ് അന്‍വര്‍ അബ്ദുള്ളയുടെ നോവല്‍, 1980. മരണത്തിന്റെ ഭൂതകാല ലിപികള്‍ വായിക്കുന്ന ഗൂഢഭാഷകന്റെ വര്‍ത്തമാനപുസ്തകം. നോവല്‍ ശീര്‍ഷകം ഒരു കാലസംഖ്യയാണ്. കാലം ചരിത്രമാണ്. ആ നിലയ്ക്ക് 1980 ചരിത്രനോവലാണ്. മരണത്തിന്റെ/കൊലയുടെ ചരിത്രമെഴുത്ത്. മരണം സമ്പൂര്‍ണ്ണ വിരാമമാണ്. എന്നാല്‍ അകാലമരണങ്ങള്‍, അര്‍ദ്ധോക്തിയില്‍ നിലച്ചുപോകുന്നു. വിരാമത്തിനുമേല്‍ അവിരാമമായ സന്ദിഗ്ധതകള്‍ അവശേഷിപ്പിച്ച് അത് കാലത്തെ കവിഞ്ഞൊഴുകും. 

മരണാനന്തരം ജഗന്‍

കാലത്തെ കവിഞ്ഞുതൂകിയ ജീവിതവും മരണവുമായിരുന്നു ജഗന്‍. നാല് പതിറ്റാണ്ടിനപ്പുറം പൊടുന്നനെ നിലച്ചുപോയൊരു ജീവിതനാടകത്തിലെ  മുറിഞ്ഞസംഭാഷണണം, അപൂര്‍ണ്ണനടിപ്പ്, ആകാശ ശൂന്യതയില്‍ നിശ്ചലമായൊരു പക്ഷിപ്പറക്കല്‍. കാലമിത്ര കഴിഞ്ഞിട്ടും അതിന്റെ അലകള്‍ അവസാനിക്കുന്നില്ല. സ്വപ്നത്തിലും ജാഗരത്തിലും നിതാന്തമായി പിന്തുടരുന്ന ആ അപൂര്‍ണ്ണ ജീവിതനാടകത്തിനൊരന്ത്യവിധി വേണം. അരങ്ങിലും അണിയറയിലും ബാക്കിയായവര്‍ക്ക് സ്വസ്ഥമായൊരു പിന്‍വാങ്ങല്‍. രസപൂര്‍ണ്ണതയില്‍ കാണികള്‍ പിരിയണം. നാലുദശകങ്ങളുടെ അരങ്ങിലേയ്ക്ക് അശുഭ-ശുഭാന്ത്യങ്ങളുടെ തിരശ്ശീലവീഴുന്ന മാന്ത്രികമായൊരു സമാപ്തി. 1980 ചരിത്രത്തെ പൂരിപ്പിക്കുകയാണ്. അത്യന്തം അനിശ്ചിതത്വത്തിന്റെയും അപൂര്‍ണ്ണതയുടെയും അര്‍ദ്ധവിരാമങ്ങളുടെയും അനന്തവായനകളിലേയ്ക് തുറന്നിടുന്ന വാതിലുകളാണ് ഫിക്ഷന്‍. എന്നാല്‍ അപസര്‍പ്പകാഖ്യാനങ്ങളില്‍ അര്‍ദ്ധവിരാമങ്ങളില്ല; അത് പൂര്‍ണ്ണവിരാമങ്ങളുടേതാണ്. അന്ത്യവിധിയിലേയ്ക്കുള്ള അത്യന്തം സാഹസികവും സങ്കീര്‍ണ്ണവും യുക്തിഭദ്രവുമായ ഭാവനാസഞ്ചാരം. അന്‍വര്‍ അബ്ദുള്ളയുടെ 1980 ചരിത്രത്തിന്റെ അനവധിയകപ്പൊരുളുകളിലേയ്ക്ക് തുരന്നുകയറുന്ന അപസര്‍പ്പകാഖ്യാനമാണ്.

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ജഗന്‍ പടയൊരുക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നു. താരത്തിന്റെ പ്രിയപ്പെട്ടവരെയും ആരാധകരെയും തീരാസങ്കടത്തിലാക്കി അകാലത്തില്‍ പൊലിഞ്ഞുപോയ താരം. അതൊരപകടമരണം മാത്രമായിരുന്നുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചിലരെങ്കിലും കരുതി. ജഗന്‍ മരിച്ചില്ലന്നും പരിക്കേറ്റ അയാളെ അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോയെന്നും അയാള്‍ മടങ്ങിവരുമെന്നും ആരാധകര്‍ വിശ്വസിച്ചു. കഥകളും ഉപകഥകളുമായി മരണാനന്തരം ജഗന്‍ പടര്‍ന്നുപന്തലിച്ചു.


സ്വപ്നജാഗരങ്ങളില്‍ ജഗന്‍

കൃഷ്ണന്‍കുട്ടി എന്ന സാധാരണ മനുഷ്യന്റെ സ്വപ്നജാഗരങ്ങളില്‍ ജഗന്റെ ആത്മാവ് നിരന്തരം മുട്ടിവിളിക്കുന്നു. തന്റെ മരണത്തിന്റെ- മരണാനന്തരം കുഴിച്ചുമൂടിയ ചാരംമൂടിയ കൊലയുടെ രഹസ്യമെന്തെന്നറിയാന്‍ ജഗന്റെ അരൂപിയായ ആത്മാവ് കൃഷ്ണമന്‍കുട്ടിയില്‍ അഭയംതേടുന്നു. അതിന്റെ നിലവിളികളില്‍നിന്ന് നിശബ്ദവും നിസ്സഹായവുമായ തേങ്ങലുകളില്‍നിന്ന് കൃഷ്ണന്‍കുട്ടിക്ക് പുറത്തുകടക്കാനാവുന്നില്ല. ജഗന്റെ ആത്മാവിന്റെ ദുഃഖശാന്തിക്കായാണ് കൃഷ്ണന്‍കുട്ടി ശിവശങ്കര്‍പെരുമാള്‍ എന്ന കുറ്റാന്വേഷകനെ തേടിയെത്തുന്നത്. ആത്മാവിന്റെ സങ്കടമോചനമെന്നാല്‍ ജഗന്റെ മരണം അവശേഷിപ്പിച്ചുപോയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തലാണ്. മരണസന്ദര്‍ഭത്തെ, അതിന്റെ ഭയാനകവും ദാരുണവുമായ മുഹുര്‍ത്തത്തെ തിരികെ വിളിക്കലാണ്. 1980 എന്ന വര്‍ഷസൂചകത്തിന് മുന്‍പും ശേഷവും ഒഴുകിയ കാലനദിയിലൂടെ പെരുമാള്‍ നടത്തുന്ന അന്വേഷണം ഒരപസര്‍പ്പകന്റെ ഭ്രമാത്മകവും ആകാംക്ഷാഭരിതമായ തേടല്‍ മാത്രമല്ല. അത് മരണത്തിന്റെ ചരിത്രമെഴുത്താണ്. തെന്നിന്ത്യന്‍ സിനിമയുടെയും അതിനെ ചൂഴുന്ന ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെയും സമാന്തര-അധോലോകചരിത്രമായി അത് മാറുന്നു. മൃതിയെ അതിന്റെ വിസ്മൃതികളില്‍നിന്നും പുനര്‍ജ്ജീവിപ്പിക്കുകയാണ് പെരുമാള്‍.

അപസര്‍പ്പകാഖ്യാനത്തിന്റെ രീതിശാസ്ത്രത്തില്‍ നിബദ്ധമായിരിക്കുമ്പോഴും നോവല്‍ അതിന്റെ അധികാര ബന്ധങ്ങളെ അഴിച്ചു കളയുന്നു. അതില്‍ ഏറ്റവും പ്രധാനം നോവലിന്റെ ഭാഷയാണ്. സാധാരണ അപസര്‍പ്പക/അന്വേഷണ നോവലുകള്‍ക്ക് പരിചിതമല്ലാത്ത ഭാഷയുടെ ലീല ഈ നോവലിലുണ്ട്. വിവരണങ്ങളില്‍ സംഭാഷണങ്ങളില്‍ ഉപമകളില്‍ അത് മറ്റൊരാഖ്യാന ഭാഷ സൃഷ്ടിക്കുന്നു. നോവലായിരിക്കുകയും അപസര്‍പ്പഗാത്മകത അതിന്റെ സ്വഭാവമായിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ അതല്ലാതായിരിക്കുക എന്ന സാധ്യതയാണ് ഈ നോവല്‍. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായോ അധികാര നിര്‍വഹണത്തിന്റെ ഭാഗമായോ അല്ല പെരുമാള്‍ ഈ കേസ് അന്വേഷിക്കുന്നത്. ഒരു സ്വകാര്യ കുറ്റാന്വേഷകന്‍ എന്ന നിലയില്‍ സാമ്പത്തിക ലാഭം അയാള്‍ക്ക് ഈ കേസിലില്ല. ആരും പ്രതിയാക്കപ്പെടുന്നില്ല, എന്നാല്‍ കുറ്റവാളികള്‍ അതിന്റെ അഗാധ ഖേദത്തിലും കുറ്റബോധത്തിലും ആഞ്ഞുപതിക്കുകയോ, പൊടുന്നനെ അനാഥരായിപ്പോവുകയോ ചെയ്യുന്നുണ്ട്. പതിവ് അപസര്‍പ്പക നോവല്‍ ജനുസുകളുടെ ലക്ഷണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതിന്റെ പ്രകൃതത്തെ, പരിണാമഗുപ്തികളെ നിരാകരിക്കുകയോ നിഷ്പ്രഭമാക്കുകയോ ചെയ്യുന്നതൊരു മാജിക്കല്‍ ആഖ്യാനമായി അന്‍വറിന്റെ നോവല്‍ മാറുന്നു.


ഉച്ചാടനത്തിന്റെ മാന്ത്രിക നിമിഷം

''എല്ലാത്തിനും വളമായ ജഗന്റെ രക്തം മാത്രം നിശ്ശബ്ദമായി നിലവിളിക്കുകയും പൊടിമണ്ണില്‍നിന്ന് രക്ഷക്കായി കേഴുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇന്ന്, ഈ നിമിഷം ആ നിലവിളി ശമിക്കുകയാണ്. ജഗന്റെ ആത്മാവ് ശാന്തിയടയുകയാണ്. ജഗന്റെ പ്രിയപ്പെട്ടവരുടെ മനസ്സുകള്‍ സ്വസ്ഥമാവുകയാണ്....'' എന്ന് പെരുമാള്‍ പറഞ്ഞുതീരുമ്പോള്‍ ആ വാക്യം അപൂര്‍ണ്ണമാണ്.   

കുറ്റാന്വേഷണ/ അപസര്‍പ്പക നോവലുകളുടെ കുറ്റവും ശിക്ഷയും എന്ന വ്യവസ്ഥാപിത നിയോഗത്തിലല്ല. മറിച്ച് നീതിയുടെ ഒരു സംവാദസ്ഥലം ഉല്‍പ്പാദിപ്പിക്കുകയാണ് അന്‍വറിന്റെ നോവല്‍. മനസാക്ഷിയുടെ കോടതിയില്‍, മനുഷ്യത്വത്തിന്റെ വിചാരണാവേളയില്‍ നീതിയുടെ നിശ്ശബ്ദവും വേദനാഭരിതവുമായ തീര്‍പ്പുകളിലാണ് നോവല്‍ നിലകൊള്ളുന്നത്. അത് അധികാരത്തിന്റെ മറ്റനേകം അനീതികളിലേയ്ക്ക് മനുഷ്യരെ വിട്ടുകൊടുക്കുകയല്ല, കൊലയുടെ/മരണത്തിന്റെ സന്ദര്‍ഭത്തെ, അതിന്റെ ഗൂഢവും സങ്കീര്‍ണ്ണവുമായ ആസൂത്രണങ്ങളുടെ ഹിംസാത്മകമായ മനോനിലകളെ, അതിന്റെ കഥാപരിസരങ്ങളെ, അതിന്റെ നഷ്ടങ്ങളെ, വേദനകളെ വര്‍ത്തമാനത്തിലേയ്ക്ക് തിരികെ വിളിക്കുകയാണ്. അപരിഹാര്യമായ ചെയ്തികളുടെ ഭൂതകാലത്തെ അതിന്റെ നിഷ്ഫലതയില്‍ അനുഭവപ്പെടുത്തുന്ന, അവനവന്‍ കളത്തിലേയ്ക്ക് മന:സാക്ഷികളെ ആനയിക്കുന്ന ഉച്ചാടനത്തിന്റെ മാന്ത്രിക നിമിഷത്തില്‍ നോവല്‍ അവസാനിക്കുന്നു. അഥവാ അനന്തവായനയ്ക്കായി ആഖ്യാതാവ് പിന്‍വാങ്ങുന്നു.

click me!