ചെറുപ്പം തൊട്ട് എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നെല്ലാം മാതാപിതാക്കള്‍ തീരുമാനിച്ചു വളര്‍ന്നുവന്നാല്‍ പിന്നീട് മുതിര്‍ന്നാലും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് വളരെ കുറവായിരിക്കും.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേ തന്നെ പെണ്‍കുഞ്ഞാണെങ്കില്‍ കൊന്ന് കളയാന്‍ ഒരു മടിയുമില്ലാത്ത സമൂഹം നമ്മുടെ ഭാരതത്തില്‍ ഉണ്ട്. ഇപ്പോള്‍ നിയമം കൊണ്ട് നിയന്ത്രിച്ചിട്ടുണ്ട് എങ്കില്‍ പോലും പലയിടത്തും അത് തിരഞ്ഞെടുക്കാനുള്ള അവകാശം അച്ഛനും വീട്ടുകാര്‍ക്കും ഇപ്പോഴുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ ജനിച്ചുവീഴണോ എന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ഇല്ലാത്ത പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്.
ഇപ്പോള്‍ കാലം മാറി. പെണ്‍കുഞ്ഞുങ്ങള്‍ക്കും അവരുടെ ജീവിതത്തെകുറിച്ച് തീരുമാനമെടുക്കാനുള്ള ധൈര്യവും അതോടൊപ്പം സ്വാതന്ത്ര്യവും ലഭിച്ചുതുടങ്ങി. എന്നൊക്കെ പറയാം എങ്കിലും ഒരമ്മ എന്ന നിലക്ക് എന്റെ മകള്‍ അങ്ങനെ വലിയ സ്വാതന്ത്ര്യം എടുക്കുന്നതും സ്വയം തീരുമാനങ്ങള്‍ എടുക്കുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതും എനിക്ക് അത്ര ഇഷ്ടമൊന്നുമില്ല എന്നത് സത്യം. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണം എന്നൊക്കെ ഘോരാഘോരം പ്രസംഗിക്കുന്ന ഞാന്‍ എന്റെ മകള്‍ പുറത്ത് പോയി വരാന്‍ വൈകിയാല്‍ സാധാരണ അമ്മയായി ചൂടാകും എന്നതാണ് സത്യം.
അടുത്ത കാലംവരെ ആണിനായാലും പെണ്ണിനായാലും സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒന്നും ഉണ്ടായിരുന്നില്ല. തറവാട് നോക്കി സാമ്പത്തികം നോക്കി ജോലി നോക്കി കുടുംബക്കാര്‍ തിരഞ്ഞെടുക്കുന്ന വിവാഹം, ജീവിതം. അതിനുമപ്പുറം ഒന്നും തിരഞ്ഞെടുക്കാനുള്ള അവകാശം ആര്‍ക്കും ഉണ്ടായിരുന്നില്ല. അങ്ങനെ തിരഞ്ഞെടുത്ത് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരില്‍ മിക്കവരും കുറച്ച് കാലത്തേക്കെങ്കിലും വീട്ടുകാരുടെ ശത്രുവായി മാറുമായിരുന്നു. ഇന്ന് അതിനും മാറ്റം വന്നിട്ടുണ്ട്. എങ്കിലും ഞാന്‍ എന്റെ എന്ന കാര്യം വരുമ്പോള്‍ ഞാനും പറയും, സ്വന്തം ജാതി ആകണേ, അത്യാവശ്യം നല്ല ജോലിയും വേണം, വീട്ടില്‍ കാശുണ്ടെങ്കില്‍ അതും നല്ലത്. അത്രക്കും തിരഞ്ഞെടുക്കാനുള്ള അവകാശം കൊടുത്തിട്ടുണ്ട്!
പി ജി ക്ക് പഠിക്കുമ്പോള്‍ ആയിരുന്നു എന്റെ വിവാഹം. ഇപ്പോള്‍ വേണ്ട എന്ന് പറയാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും താഴെ അനിയത്തി വളര്‍ന്നു വരുന്നു, ഒരു ഗ്യാപ് വേണം രണ്ട് കല്യാണത്തിനും എന്ന് മമ്മി പറയുന്നത് കേട്ട് കൊണ്ടേയിരുന്നു. പിന്നെ കൂട്ടുകാര്‍ കുറേപേരുടെ കഴിഞ്ഞു. ഇനി വൈകിയാല്‍ നല്ല ബന്ധം കിട്ടില്ല. ഇത്രയും നല്ല ബന്ധം ഇനി വന്നില്ലെങ്കിലോ. എല്ലാ ആധികളും കൂടിച്ചേര്‍ന്ന് പതിനേഴു കൊല്ലത്തെ വിദ്യാര്‍ത്ഥി ജീവിതത്തിനു ശേഷം ഒന്ന് വിശ്രമിക്കാന്‍ ഇട കിട്ടാതെ മറ്റൊരു കൂട്ടുകുടുംബത്തിലെ അടുക്കളയിലേക്ക്. അത് തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്കുണ്ട് എന്ന ചിന്ത പോലും അന്നത്തെ പെണ്‍കുട്ടികളില്‍ കാണില്ല. ചെറുപ്പം തൊട്ടുള്ള വളര്‍ത്തല്‍ അങ്ങനെയാണ്. നീ പെണ്ണാണ് ഒതുങ്ങിക്കോളൂ എന്ന് വീട്ടില്‍ നിന്നും ചുറ്റിലും കേട്ട് കേട്ട് തഴമ്പിച്ച ചെവികള്‍ക്ക് അതൊക്കെ ശീലമാകും അന്നൊക്കെ.
സ്വന്തം വീട്ടില്‍ ഭക്ഷണം നമ്മുടെ ഇഷ്ടത്തിന് കഴിക്കാമായിരുന്നു. വേറെ വീട്ടില്‍ ചെന്നാല്‍ വേറെ രീതികള്‍. മീന്‍ താത്പര്യമില്ലാത്ത എനിക്ക് വേണ്ടി വേറെ ഉപ്പേരികള്‍ എന്റെ ഇഷ്ടത്തിനുള്ള വലുപ്പത്തില്‍ അരിഞ്ഞൊക്കെ ഉണ്ടാക്കി തരുമായിരുന്നു മമ്മി. ആ ടിഫിന്‍ ബോക്‌സും കൊണ്ട് കോളജില്‍ പോയിരുന്ന ഞാന്‍ ചെന്ന് പെട്ടത് ഭക്ഷണപ്രേമികളുടെ ഇടയില്‍. എന്നും മീന്‍. 24മണിക്കൂറും എന്ന പോലെ സജീവമായ അടുക്കള. 14 പേരോളം താമസിക്കുന്ന ആ വീട്ടില്‍ എന്ത് തിരഞ്ഞെടുപ്പ്! കിട്ടിയത് കഴിച്ചുകിടക്കല്‍ ശീലമായി. കരിമീന്‍ മുറിച്ചുവറുത്തതിന് പിണങ്ങി കിടന്ന എനിക്ക് വേണ്ടി അത് നൂല്‍ കൊണ്ട് തുന്നി ചേര്‍ത്ത് ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് മമ്മിയും ഡാഡിയും കൂടി കഴിപ്പിച്ചിട്ടുണ്ട് ഏഴാം ക്ലാസ്സില്‍. ആ ദുശ്ശീലങ്ങള്‍ തനിയെ മാറി. പഠിച്ചുകൊണ്ടിരുന്ന എനിക്ക് ക്ളാസിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന അന്ന് കോളജില്‍ പോകാന്‍ അനുവാദം കിട്ടിയില്ല. വെറുതെ ഒരു കുശുമ്പ്. ഇന്നും ആ ഫോട്ടോ എന്നെ വേദനിപ്പിക്കും. ഞാന്‍ മാത്രമില്ല.
അങ്ങനെ തടയപ്പെടുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ജീവിതാവസാനം വരെ തുടരുന്നു.
ജോലിക്ക് പോകണോ വേണ്ടയോ സ്വന്തമായി എന്തെങ്കിലും തൊഴില്‍ ചെയ്യണോ വേണ്ടയോ എന്നത് പോലും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഇല്ലാതെ ഒരു അടിമക്കണ്ണിനെ പോലെ അടുക്കളയില്‍ കിടന്ന് തുണികള്‍ അലക്കി ഉണക്കി തേച്ച് കൊടുത്ത് കുഞ്ഞുങ്ങളെ പെറ്റ് വളര്‍ത്തി പഠിപ്പിച്ച്..
വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും സ്വാതന്ത്ര്യമുണ്ടോ? അതില്ലാത്ത ചിലരെ എനിക്കറിയാം. എപ്പോഴും ഉടുത്തൊരുങ്ങി നടക്കണം എന്ന് വാശി പിടിക്കുന്ന അപൂര്‍വം ഭര്‍ത്താക്കന്മാരുമുണ്ട് എന്നത് സത്യം.
ഇനി ഈ തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണോ നിഷേധിക്കപ്പെട്ടിട്ടുള്ളത്. അല്ല. ഒപ്പം പുരുഷന്മാരുമുണ്ട്. ആരെ വിവാഹം കഴിക്കണം എന്ന് തിരഞ്ഞെടുക്കാന്‍ എല്ലാ പുരുഷന്മാര്‍മാര്‍ക്കും അവകാശമുണ്ടോ? കൂടുതല്‍ സ്ത്രീധനം കിട്ടുന്നവരെ തേടിപോകുന്ന കുടുംബങ്ങള്‍ ഇപ്പോഴുമില്ലേ. ഇനി വിവാഹം കഴിഞ്ഞാലോ നിയന്ത്രണങ്ങള്‍ കൊണ്ട് ഭര്‍ത്താക്കന്മാരെ ശ്വാസം മുട്ടിക്കുന്ന സ്ത്രീകള്‍ എത്ര പേര്‍. ആരോട് മിണ്ടണം എങ്ങോട്ട് പോകണം ആരോട് കൂട്ട് കൂടണം എന്നെല്ലാം തീരുമാനിക്കുന്നത് ഭാര്യമാര്‍ ആണ് പലയിടത്തും. ചെവിക്ക് സൈ്വര്യം കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്നത് കൊണ്ടും ഭക്ഷണം പോലും കിട്ടാതെ ആകുന്നത് കൊണ്ടും അനുസരണ ശീലം ദാമ്പത്യജീവിതത്തിന് വളരെ വളരെ അത്യാവശ്യമാണ് എന്ന രീതിയില്‍ ഒതുങ്ങി ജീവിക്കുന്ന എത്രയോപേര്‍. ഒരു തരം കിട്ടിയാല്‍ കട്ട് തിന്നുന്നവര്‍ ഇത്തരക്കാര്‍ ആണ് പലപ്പോഴും എന്നതാണ് വാസ്തവം.
ചെറുപ്പം തൊട്ട് എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നെല്ലാം മാതാപിതാക്കള്‍ തീരുമാനിച്ചു വളര്‍ന്നുവന്നാല്‍ പിന്നീട് മുതിര്‍ന്നാലും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് വളരെ കുറവായിരിക്കും. ഈ പ്രായത്തിലും എനിക്ക് മമ്മിയോ അനിയത്തിയോ കൂടെ ഇല്ലെങ്കില്‍ ഒരു ഡ്രസ്സ് എടുക്കാന്‍ പോലും പേടിയാണ്. തനിയെ എടുത്താല്‍ മിക്കപ്പോഴും അത് മാറ്റാന്‍ വീണ്ടും പോകണം. അതിന് ഭര്‍ത്താവിന്റെ വഴക്ക് കേള്‍ക്കണം. ഇനി മാറ്റിയില്ലെങ്കിലോ എപ്പോഴും ടെന്‍ഷന്‍ ആണ്. നന്നായിട്ടുണ്ടോ എന്തോ. അത്ര മോശം സെലക്ഷന്‍ അല്ല വാസ്തവത്തില്‍. പക്ഷേ പേടിയാണ് ചെറുപ്പം തൊട്ട്. ഞാന്‍ തിരഞ്ഞെടുത്തത് മോശമായാല്‍ കുറ്റം എനിക്കല്ലേ. ആരെങ്കിലും കൂടെയുണ്ടെങ്കില്‍ അവരുടെ തലയില്‍ ഇടാമല്ലോ കുറ്റം. ഒരുതരം രക്ഷപ്പെടല്‍, ഒളിച്ചോട്ടം. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള പേടി. അത് എന്റെ ഭര്‍ത്താവിനുമുണ്ട് എന്ന് തോന്നാറുണ്ട്. അദ്ദേഹം ഇളയ മകന്‍ ആയത് കൊണ്ട് എല്ലാം തിരഞ്ഞെടുക്കുന്നത് ചേച്ചിമാര്‍ ആയിരുന്നു. ഇപ്പോഴും എന്തെങ്കിലും ചെയ്യണമെങ്കില്‍ ചോദിച്ചുകൊണ്ടേയിരിക്കും. നമ്മള്‍ യെസ് പറഞ്ഞിട്ട് അത് മോശമായാല്‍ കുറ്റം നമ്മുടെ തലയില്‍ ആകുമല്ലോ. പിന്നെ അത് തന്നെ പറഞ്ഞുകൊണ്ടിരിക്കും.
തിരഞ്ഞെടുക്കാനും തീരുമാനങ്ങള്‍ എടുക്കാനും കഴിവുള്ളവര്‍ ഭാഗ്യവതികള്‍, ഭാഗ്യവാന്മാര്‍. എന്റെ കുട്ടികളെ അങ്ങനെ വളര്‍ത്താന്‍ നോക്കി എങ്കിലും മോള്‍ ഇപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കും. അത് എന്റെ ടെന്‍ഷന്‍ കൂട്ടും. എന്റെ അഭിപ്രായം മോശമാണെങ്കില്‍ കുറ്റം എനിക്കിരിക്കുമല്ലോ ??.
അങ്ങനെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും വീണ്ടും വീണ്ടും ആലോചിക്കൂ.