പട്ടം പറത്തുന്ന മന്ത്രവാദി, നിധീഷ് ജി എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Mar 10, 2021, 5:20 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് നിധീഷ് ജി എഴുതിയ കഥ


നിന്നുകത്തുന്ന ജീവിതങ്ങളുടെ തീയുണ്ട്, നിധീഷ് ജിയുടെ കഥകളില്‍. അകംപുറം തീയുള്ള മനുഷ്യരാണ് അതില്‍. കാലം മാറ്റിമറിക്കുന്ന ദേശങ്ങളില്‍ അവരുടെ വാസം. ഒരൊറ്റ നിമിഷത്തിന്റെ കൊടുങ്കാറ്റില്‍ അവര്‍ പലയിടങ്ങളിലേക്ക് ചിതറിപ്പോവുന്നു. അപ്രതീക്ഷിത അനുഭവങ്ങളാല്‍ കലങ്ങിമറിയുന്നു. തീകൊണ്ടെഴുതപ്പെട്ട ആ ജീവിതസന്ദര്‍ഭങ്ങളുടെ ഓരത്തിരുന്ന് കഥ പറയുകയുകയാവുന്നു ഇവിടെ കഥാകൃത്തിന്റെ വിധി. സഹജീവികളോട് അയാള്‍ പറയുന്ന കഥകളില്‍,  അധികാരത്തിന്റെ വിധ്വംസകതയുണ്ട്. നിസ്സഹായ ജീവിതങ്ങളെ നിലംപരിശാക്കുന്ന അതിന്റെ ആസക്തികളുണ്ട്. മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളുടെ അയുക്തികളും  വൈചിത്ര്യങ്ങളുമുണ്ട് .

അവര്‍ നാം വായിച്ചുപരിചയിച്ച തരം മനുഷ്യരല്ല. അവരുടെ ജീവിതാനന്ദങ്ങളോ ക്രൗര്യങ്ങളോ ഗതികേടുകളോ നമുക്കത്ര പരിചിതമല്ല. ഓരങ്ങളില്‍ എന്നേക്കുമായി അടക്കം ചെയ്യപ്പെട്ടവരാണവര്‍. വിജനമായ തെരുവുപോലെ ആളൊഴിഞ്ഞവര്‍. തോറ്റുപോകുന്നവര്‍. മോളിലാകാശം മാത്രമുള്ളവര്‍ക്ക് സഹജമായ അതിജീവനത്വരയും കൂസലില്ലായ്മയുമാണ് ആ മനുഷ്യരെ ചലിപ്പിക്കുന്നത്. ലോകം ഇത്രയേയുള്ളൂ എന്ന തിരിച്ചറിവാണ്, ആഴ്ന്നുമുങ്ങുമ്പോള്‍ അവര്‍ക്ക് പിടിച്ചുകയറാനുള്ള കര. ക്രാഫ്റ്റിലും ആഖ്യാനത്തിലും അടിമുടി പുതുക്കിപ്പണിതാണ് ആ കഥകള്‍ വായനക്കാരെ തേടിയെത്തുന്നത്. സവിശേഷമായ ഒരു കാഴ്ചാനുഭവം ഈ കഥകള്‍ സദാ കൂടെക്കൊണ്ടുനടക്കുന്നു. ചലച്ചിത്രത്തിലെന്നപോലെ, പല ആഖ്യാനങ്ങളില്‍ ജീവിതത്തെ കഥാകൃത്ത്, കുരുക്കിയിടുന്നു. കായലും കരയും വീടും തെരുവും കാടും മലയും  നിധീഷിന്റെ കഥകള്‍ കാലുറപ്പിച്ച് നില്‍ക്കുന്ന മണ്ണാവുന്നു. 

Latest Videos

undefined

 

 

പട്ടങ്ങള്‍, ഭൂമി വിട്ടുപോകുന്ന ആത്മാക്കള്‍ക്ക്  വഴികാട്ടിയാകുമത്രേ!

മിത്തുകളുടെ തുണയില്ലാത്ത എന്തെങ്കിലുമീ ലോകത്തുണ്ടോയെന്നുള്ള കുഴപ്പിക്കുന്ന ചോദ്യത്തിന്റെ നൂലില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു അയാള്‍. നീലയെന്നോ പച്ചയെന്നോ ചുവപ്പെന്നോ തിരിച്ചറിയാനാവാത്തവിധം നിറത്തിനുമേല്‍ വെളിച്ചം കാട്ടിക്കൊണ്ടിരുന്ന മായാജാലം അയാളെ അപ്പോള്‍ തെല്ലും അത്ഭുതപ്പെടുത്തിയില്ല. അയച്ചുവിടുംതോറും നിലാവിലേക്ക് അത് തുള്ളിക്കുതിച്ചു കയറിക്കൊണ്ടിരുന്നു. ഒരു നക്ഷത്രം പോലുമില്ലാത്ത ദിവസങ്ങളിലും അയാള്‍ പട്ടങ്ങളെ ഇരുട്ടിന്റെ ഉയരങ്ങളിലേക്ക് ഇതുപോലെ പറത്തിയിട്ടുണ്ട്. മിക്കരാവുകളിലും പട്ടണത്തിനുമീതെ അയാളുടെ പട്ടം ഉണ്ടാവും. വര്ണ്ണക്കടലാസുകള്‍ അയാള്‍ മാറിമാറി ഉപയോഗിച്ചു. ചിലപ്പോഴൊക്കെ മിനുങ്ങുന്ന തൊങ്ങലുകള്‍ പിടിപ്പിച്ചു. എല്ലാ പട്ടങ്ങള്‍ക്കും  പൊതുവായി ഒരു പ്രത്യേകത ഉണ്ടായിരുന്നു. അയാള്‍ തന്നെ ചായം ചാലിച്ചുവരച്ച ഒരു മുഖം ഓരോന്നിലും ഉള്‍ക്കൊണ്ടു. അതേ പട്ടണത്തില്‍ തന്നെയുള്ള, അല്ലെങ്കില്‍ അവിടേക്ക് വരികയോ പോകുകയോ ചെയ്യുന്ന പലപല മനുഷ്യരുടെ മുഖങ്ങള്‍.

സത്യത്തില്‍ ഒരു ധ്യാനം പോലെയായിരുന്നു അത്. ഇതിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നു താമസിച്ചിരുന്ന ചേരിയുടെ അതിരിലുള്ള കുന്നിന്‍ മുനകളില്‍ അയാളുടെ അപ്പനും രാത്രിനേരങ്ങളില്‍ പട്ടം പറത്തിയിരുന്നു. ഉള്ളോ പുറമോ വേദനിക്കുന്നവര്‍ മാത്രം ഉണര്‍ന്നിരിക്കുന്ന നിശ്ശബ്ദതയില്‍ വര്‍ണ്ണ വാലുകളുമായി അവ ഉയരങ്ങളിലേക്ക് കയറിപ്പോയി. പട്ടങ്ങള്‍ ഉണ്ടാക്കുവാനും അതിനെ എത്രയും വഴക്കത്തോടെ മാനത്ത് പാറിക്കാനും അയാളെ പഠിപ്പിച്ചത് അപ്പനാണ്. 

നൂലിനെ നിയന്ത്രിച്ചുകൊണ്ട് അയാള്‍ താഴേക്ക് നോക്കി. നാലുനിലകളുള്ള ആ ഫ്‌ളാറ്റിന്റെ ഏറ്റവും മുകളിലെ തുറസ്സില്‍ നില്‍ക്കുമ്പോള്‍ ഉയര്‍ന്ന  കെട്ടിടങ്ങള്‍ തീരെക്കുറവുള്ള ആ പട്ടണം ഒരു ചെറിയ കാഴ്ചയാണ്. ചലിക്കുന്ന വെളിച്ചപ്പൊട്ടുകളുടെ അനുപാതം ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. 'സോജു' എന്ന വിളിപ്പേരിനോട് സോജന്‍ ഏറിയ സ്‌നേഹത്തോടെ പ്രതികരിച്ചിരുന്നെങ്കിലും പട്ടണത്തിലുള്ള കുറച്ചുപേര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന 'മന്ത്രവാദി' എന്ന അപരനാമത്തിന് അയാള്‍ കാതുകൊടുത്തില്ല. മന്ത്രങ്ങളൊന്നും തന്നെ അയാള്‍ക്ക് വശമില്ലായിരുന്നു. പക്ഷെ അസുഖബാധിതരായ അനവധി മനുഷ്യരെ അയാള്‍ ഒരു മാന്ത്രികവിദ്യയാലെന്നവണ്ണം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അതിനായി ഒടിവേലകളൊന്നുമല്ല അയാള്‍ നടത്തിയത്. വരയ്ക്കണമെന്ന് തോന്നിയവരുടെ മുഖം അയാള്‍ വര്‍ണ്ണലക്കടലാസില്‍ വരച്ച്, പട്ടങ്ങളാക്കി ആകാശദൂരങ്ങളിലേക്ക് പറത്തി. അവരില്‍ ചിലരൊക്കെ വിചിത്രമെന്നോണം വേദന ശമിക്കപ്പെട്ട് പതിയെപ്പതിയെ രോഗമുക്തരായി. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്ന സോജുവിന്റെ ആലോചനകള്‍ മറ്റുപലരുടെയും നിഗമനങ്ങള്‍ പോലെ കാടുകയറുകയും വഴിതെറ്റി അലയുകയും ചെയ്തു. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു അത്. ദൈവികമെന്നും അതീന്ദ്രിയമെന്നുമൊക്കെ പലരും കരുതിയെങ്കിലും ഒരു ദൈവത്തിലും വിശ്വസിക്കാത്ത ആളായിരുന്നു സോജു. ആത്മാക്കള്‍ക്കല്ല, ജീവിച്ചിരിക്കുന്നവര്‍ക്കാണ് അയാളുടെ പട്ടങ്ങള്‍ വഴികാട്ടിയായത്.

 

.................................

Read more: മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ

.................................

 

ദൂരെ മാനത്ത്, നിലാവില്‍ പാറിക്കളിക്കുന്ന പട്ടത്തെ അയാള്‍ നോക്കി. എത്ര ഉയരത്തിലായാലും അയാര്‍ക്ക്  മാത്രം അറിയാവുന്ന അതിന്മേലുള്ള ഇന്നത്തെ ചിത്രം കാണ്‍കെ, ആ മിഴികള്‍ നിറഞ്ഞുവന്നു.

അത് അയാളുടെ അപ്പന്റെ ചിത്രമായിരുന്നു.

അപ്പന്‍ ആശുപത്രിയിലായിട്ട് ഇന്നേക്ക് ഏഴുദിവസങ്ങളായി. ഈ രാത്രിയില്‍ ഉടയവരാരും കൂട്ടിനില്ലാതെ വാര്‍ഡല്‍ വേദന കുടിച്ച് ഉറങ്ങാതെ കിടക്കുകയായിരിക്കും എന്നോര്‍ത്തപ്പോള്‍ അയാളുടെ നെഞ്ചു വിങ്ങി. പേടിക്കാനില്ല, അടുത്ത ബെഡ്ഡില്‍ ജോനകനും അവന്റെ  അച്ഛനും അപ്പുറം ദേവേട്ടനുമുണ്ട്. പോരാത്തതിന് രാത്രി ഡ്യൂട്ടിയിലുള്ള സൗമ്യ അപ്പനെ ഇടയ്ക്കിടെ വന്നു നോക്കിക്കോളും. ഒഴുകുന്ന മേഘങ്ങള്‍ക്കി ടയിലേക്ക് പട്ടത്തെ നൂലയച്ചുവിട്ടിട്ട്, സോജു ഫ്‌ളാറ്റിന്റെ് താഴേക്കുള്ള പടവുകളിറങ്ങി. ഫ്‌ളാറ്റെന്ന പേരുമാത്രമേയുള്ളൂ. വാസ്തുഗണിതങ്ങള്‍ പാലിക്കാതെ തകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടമായിരുന്നു അത്. ഒരു മുറിയും അടുക്കളയുമടങ്ങിയ കാറ്റും വെളിച്ചവും കയറാത്ത ഇരുപത്തിയേഴ് കുടുസ്സുമുറികള്‍ അടങ്ങുന്ന ആ ഭവനസമുച്ചയം, ഒരു കോളനിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട അത്രയുംതന്നെ കുടുംബങ്ങള്‍ക്കായി വലിയ സമരങ്ങള്‍ക്കൊടുവില്‍ പതിച്ചുകിട്ടിയതായിരുന്നു. 

മൂന്നാംനിലയിലെ പതിനെട്ടാം നമ്പര്‍ വീടിന്റെ ചാരിയിട്ടിരുന്ന വാതില്‍തുറന്ന് അയാള്‍ അകത്തുകയറി. അബി കസേരയില്‍ അതേപടി ഇരിക്കുന്നുണ്ടായിരുന്നു. ഉന്തിനിന്ന വലിയ വയറിന് മുകളിലായി നെഞ്ചുവരെ കയറ്റിയുടുത്ത ലുങ്കിയുടെ പുറത്തേക്കുകിടന്ന തുമ്പില്‍ എപ്പോഴും ചെയ്യുന്നതുപോലെ അവന്‍ വിരല്‍ചുുറ്റി കറക്കി. കൃത്യമായ ഇടവേളകളില്‍ ചൂണ്ടുവിരലുയര്‍ത്തി കീഴ്ത്താടിക്കും ചുണ്ടിനുമിടയിലായി താളത്തില്‍ കൊട്ടുകയും ചെയ്തു. വിരല്‍പ്പാട് വീണുവീണ് അവിടം കറുത്ത് തഴമ്പുപിടിച്ചിരുന്നു. ഒരു പ്രത്യേകകോണിലൂടെ തലചരിച്ച് അബി ജ്യേഷ്ഠനെ നോക്കി. തുറന്നുപിടിച്ചിരുന്ന വായുടെ വശങ്ങളിലൂടെ ഒഴുകിവന്ന ഉമിനീര്‍ അവന്‍ ലുങ്കിയുടെ തുമ്പുകൊണ്ട് തുടച്ചു. 

'സമയം ഒമ്പതരയായി...' അബിയുടെ ശബ്ദം തീരെ പതിഞ്ഞതായിരുന്നു.

അവന്റെ സമയം എപ്പോഴും ഒമ്പതരയാണ്. എല്ലാ ഒമ്പതരകളും അവന്‍ ഭക്ഷണസമയമാണ്.

കുറച്ചുമുമ്പ് അബിക്ക് അത്താഴം കൊടുത്തിട്ടാണ് മുകളിലേക്ക് പോയത്. എന്നിട്ടും അവന്റെ കണ്ണുകളിലെ പ്രതീക്ഷയെ അവഗണിക്കാന്‍ സോജുവിനായില്ല. ''എഴുന്നേറ്റു വാ' എന്നുപറഞ്ഞുകൊണ്ട് അയാള്‍ അടുക്കളയില്‍ച്ചെന്ന് തനിക്കുവേണ്ടി മാറ്റിവെച്ചിരുന്ന കഞ്ഞി സ്റ്റീല്‍ പാത്രത്തിലേക്ക് പകര്‍ന്ന്, അവശേഷിച്ചിരുന്ന പയര്‍ കുടഞ്ഞിട്ട് അബിക്കായി നീക്കിവെച്ചു. അബി എഴുന്നേറ്റ് ലുങ്കി കുടഞ്ഞുവിടര്‍ത്തി, വീണ്ടുമുടുത്തു. കസേരയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴെല്ലാം അവന്‍ അപ്രകാരം ചെയ്യും. മുറുക്കമയഞ്ഞ് ലുങ്കി ഊര്‍ന്നു പോകുമോയെന്ന് എപ്പോഴും സംശയമാണ്. ഓരോ തവണ ഉരിഞ്ഞുടുക്കുമ്പോഴും കുടവയറിന് താഴെ ഇടതിങ്ങിയ രോമങ്ങള്‍ക്ക് നടുവിലായി തീരെച്ചെറിയ ലിംഗവും വലിയ വൃഷണങ്ങളും വെളിപ്പെടും.

 

.................................

Read more: വേഷം, രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ
.................................

 

ബൂദ്ധി വികസിക്കാന്‍ ഇടമില്ലാത്ത മട്ടിലാണ് ജനിക്കുമ്പോള്‍ത്തന്നെ അവന്റെ തലച്ചോറിന്റെ വിന്യാസം. അബിയുടെ പിറവിയോടൊപ്പം സോജുവിന് നഷ്ടപ്പെട്ടത് അമ്മയുടെ ചൂടാണ്. അമ്മയ്ക്ക് പകരമായാണ് അബിയുടെ ജന്മം. എന്നാല്‍ അബിയുടെ അമ്മയാകാനായിരുന്നു സോജുവിന്റെ നിയോഗം. അമ്മ മാത്രമല്ല, സോജു അബിയുടെ എല്ലാമായി. അവനെ കുളിപ്പിച്ചു, ഉടുപ്പിച്ചു, ഊട്ടി, ഉറക്കി.
അബിക്ക് ഗുഡ്‌മോണിംഗ് പറയാനറിയാം. ഫ്‌ളാറ്റിലേക്ക് കടന്നുവരുന്നവര്‍ പരിചിതരാണെങ്കില്‍ അവന്‍ 'ഗുമ്മോണിം' പറയും. 'വാട്ടീസുവര്‍നെയിം' എന്നുചോദിച്ചാല്‍ അബിക്ക് ഒട്ടുമാലോചിക്കാതെ 'മൈനേമീസബി' എന്നു പറയാനറിയാം. 

'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം' എന്നു പാടാന്‍ അബിക്ക് ലഹരിയാണ്. എല്ലാം പഠിപ്പിച്ചത് സോജുവാണ്. ജ്യേഷ്ഠനാണെങ്കിലും സോജുവിനെ അബി 'ചെക്കാ' എന്നാണ് വിളിക്കുക. ഒമ്പതരകളല്ലാതെ അബിക്ക് മറ്റൊരു സമയം കൂടി നിശ്ചയമുണ്ട്. അത് സോജു പണികഴിഞ്ഞ് വീട്ടിലെത്തുന്ന നേരമാണ്. ആ നേരം കടന്നുപോയാല്‍ കൈയ്യില്‍ കെട്ടിയിരിക്കുന്ന അദൃശ്യമായ വാച്ചില്‍ നോക്കി 'ചെക്കന്‍ ഇതുവരെ വന്നില്ലല്ലോ, ഇതുവരെ വന്നില്ലല്ലോ' എന്നു ജപിച്ചു കൊണ്ടിരിക്കും. ഭൂമിയുടെ ഭ്രമണത്തെക്കുറിച്ചോ, ലോകത്തിന്റെ ഗതിയെക്കുറിച്ചോ, ഘടികാരസൂചികളുടെ ചലനത്തെക്കുറിച്ചോ യാതൊരു ഗ്രാഹ്യവുമില്ലാത്ത അബി എങ്ങനെയാണ് തന്റെ സമയക്രമങ്ങളെ ഹൃദിസ്ഥമാക്കിയിരിക്കുന്നതെന്നോര്‍ത്ത്  സോജുവിന് അത്ഭുതമാണ്. എല്ലാ താളവും തെറ്റിയ ജന്മങ്ങള്‍ക്ക്  തനതായ ഒരു താളമുണ്ടെന്നാണ് അയാള്‍ അനുജനിലൂടെ മനസ്സിലാക്കിയിട്ടുള്ളത്. 

ന്യൂനതകളുള്ള ഒരു മനുഷ്യന്റെ ഒപ്പം നില്‍ക്കേണ്ടത് സത്യത്തില്‍ ഇങ്ങനെയൊന്നുമല്ല; അവന്റെ വിഷമസന്ധികളെ തിരിച്ചറിഞ്ഞ്, അതിനെ മറികടക്കുവാന്‍ പ്രാപ്തിയുള്ളവനാക്കി മാറ്റുകയാണ് വേണ്ടതെന്ന് സോജുവിന് അറിയാന്‍ വയ്യാഞ്ഞിട്ടൊന്നുമല്ല. അബി ജനിച്ചുവീണതുമുതല്‍ കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി അവന്റെ എല്ലാ കാര്യങ്ങളും അയാള്‍ തന്നെയാണ് ചെയ്തുപോന്നിട്ടുള്ളത്. അപ്പന്‍ ആശുപത്രിയിലാകുന്നതുവരെ സോജുവിനെ ഇക്കാര്യങ്ങള്‍ യാതൊരുവിധത്തിലും പ്രയാസപ്പെടുത്തിയിട്ടുമില്ല. എന്നാലിപ്പോള്‍ വയ്യാതിരിക്കുന്ന അപ്പനോടൊപ്പം നില്‍ക്കുവാന്‍ അയാള്‍ക്ക്  ആവുന്നില്ല. വീട്ടില്‍ ഒറ്റയാക്കാവുന്ന അബി വലിയ ഒരു ചോദ്യമാണ്. സമയത്തിന് ആഹാരം കിട്ടാതെവന്നാല്‍ അവന്‍ സഹിക്കില്ല, ഭ്രാന്ത് പിടിക്കുന്ന പോലെയാവും. മറ്റൊരാളെ സഹായത്തിന് വിളിക്കാമെന്നു കരുതിയാല്‍ എല്ലാവരോടും അവന്‍ പൊരുത്തപ്പെടുകയുമില്ല. അബിക്ക് ചെക്കന്‍ തന്നെ വേണം സകലതിനും.

'അപ്പനെ കണ്ടില്ലല്ലോ' എന്ന് അന്നുരാവിലെ ശൗച്യം ചെയ്തുകൊടുക്കുമ്പോഴും കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും രണ്ടുതവണ അബി ചോദിക്കുകയുണ്ടായി. ആശൂത്രീലാ'ണെന്ന് അപ്പോള്‍ത്തന്നെ മറുപടി കൊടുത്തെങ്കിലും അപ്പനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അബി ഇതുതന്നെ ചോദിച്ചുകൊണ്ടിരിക്കും. അത്താഴം കഴിഞ്ഞ് കൈകഴുകാന്‍ എഴുന്നേറ്റപ്പോഴാകട്ടെ, 'അപ്പന്‍ ആശൂത്രീലാണെ'ന്ന് അവന്‍ തിരികെ സോജുവിനെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. മുറിവിട്ട് തനിയെ പുറത്തേക്കിറങ്ങാറില്ലെങ്കിലും ഫ്‌ളാറ്റിലെ ഇരുപത്തിയേഴ് കുടുംബങ്ങളിലെ ഓരോ വ്യക്തിയെയും അബിക്ക് നന്നായി അറിയാം. പത്താംനമ്പരിലെ ദിലീഷിന്റെ മകള്‍ സിച്ചുവുമായി അബിക്ക് വലിയ ചങ്ങാത്തമാണ്. അവളാണ് പുതിയ പുതിയ കാര്യങ്ങള്‍ ഇപ്പോളവനെ പഠിപ്പിക്കുന്നത്. 

'ഇനി വരുന്നൊരു തലമുറയ്ക്ക്....' എന്നൊരു പാട്ട് മന:പാഠമാക്കിക്കൊടുക്കാന്‍ അവള്‍ അബിയോട് മല്ലിടുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും 'തലമുറ' എന്ന വാക്കുച്ചരിക്കാന്‍ അബിക്ക് പറ്റുന്നില്ലെന്നുള്ളതാണ് പ്രയാസം. അബിയുടെ 'താമുല'യെ വിടര്‍ത്തിയെടുക്കുവാന്‍ സ്‌കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളിലെ ഏറിയ സമയവും അവളിപ്പോള്‍ നാവിലെ വെള്ളം വറ്റിക്കുന്നുണ്ട്. സിച്ചു അഞ്ചാം ക്ലാസുകാരിയാണ്. ടയറുകമ്പനിയിലെ പണികഴിഞ്ഞ് അച്ഛനുമമ്മയും വരുന്നതുവരെ, വൈകുന്നേരം അവള്‍ക്ക് ഒരുപാട് സമയമുണ്ട്. ഫ്‌ളാറ്റിലെ കുട്ടിപ്പട്ടാളത്തില്‍ കൂടാന്‍ അവള്‍ക്കി പ്പോള്‍ 'വയ്യാത്ത കുട്ടി'യെന്ന വിലക്കുണ്ടല്ലോ. ടെലിവിഷന്‍ കാഴ്ചകള്‍ മടുക്കുമ്പോള്‍ സിച്ചു അബിയിലേക്കോടി വരും.

 

................................

Read more: അരുത്, നിലാവര്‍ന്നീസ വിവാഹിതയാവുകയാണ്, മിനി പി.സി എഴുതിയ കഥ
................................

 

കഞ്ഞികുടി കഴിഞ്ഞു വന്നയുടനെ അബി നനവുള്ള കൈകള്‍ ലുങ്കിയുടെ തുമ്പില്‍ തുടച്ച്, പായ വിരിച്ചു കിടക്കാനുള്ള വട്ടമായി. വലിയ ശരീരം നിലത്തമരുന്നത് നോക്കിനില്‍ക്കേ, സോജുവില്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു.  അല്‍പനേരം കണ്ണുമിഴിച്ചുകിടന്ന അബിയില്‍ നിന്നും പൊടുന്നനെ പുറപ്പെട്ട കൂര്‍ക്കം വലി ഫ്‌ളാറ്റിന്റെന ഭിത്തികളില്‍ തട്ടി മെല്ലെ ഉച്ചസ്ഥായിയിലേക്ക് കടന്നു.

സോജു നിലത്തുവെച്ചിരുന്ന ചെറിയ ഇരുമ്പുപെട്ടി തുറന്ന്, ബ്രഷും നിറങ്ങളുമെടുത്തു നിരത്തി. വരാന്തയിലേക്ക് തുറക്കുന്ന ജനാലയ്ക്കരികിലായി വെച്ചിരുന്ന സ്റ്റാന്‍ഡില്‍ അയാള്‍ ഇളംനീലനിറമുള്ള ഡ്രോയിംഗ് പേപ്പര്‍ പതിപ്പിച്ചു. ആശുപത്രിയില്‍ വെച്ചുകണ്ട ദമ്പതികളെക്കുറിച്ചാണ് അയാള്‍ അപ്പോള്‍ ഓര്‍ത്തത്. ഭര്‍ത്താവിന്റെ  വിരല്‍ പിടിച്ചുനിന്ന ആ സ്ത്രീയുടെ മന്ദഹാസം ഒരു തുണ്ട് മഞ്ഞവെളിച്ചമായി പതിയെ അയാളിലേക്കിറങ്ങി വന്നു. മരണത്തോടടുത്ത അവരുടെ കണ്ണുകള്‍ കുഴിയിലാണ്ടുപോയിരുന്നെങ്കിലും അവയില്‍നിന്നും അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്ന ഊര്‍ജ്ജത്തെക്കുറിച്ചോര്‍ത്ത് സോജുവില്‍ ഒരു തരംഗമുണ്ടായി. അതിന്റെ അനുരണനങ്ങള്‍ അവസാനിക്കുന്നതിനു മുമ്പ് അയാള്‍ ബ്രഷ് ചലിപ്പിക്കാന്‍ തുടങ്ങിയിരുന്നു. 'മന്ത്രവാദിക്ക് എന്റെ പടമുള്ള ഒരു പട്ടം പറത്താന്‍ പറ്റുമോ?'എന്നു ചോദിക്കുമ്പോള്‍ ആ സ്ത്രീയുടെ ശബ്ദം തെല്ലു വിറകൊണ്ടിരുന്നതായി അയാള്‍ ഓര്ത്തു. 'ഞാന്‍ മന്ത്രവാദിയല്ല' എന്നു പറയാനാഞ്ഞെങ്കിലും സോജു വാക്കുകള്‍ വിഴുങ്ങി. എല്ലാ വേദനകളും അവസാനിക്കുന്ന നിമിഷമായിട്ടുകൂടി മരണത്തെ, മനുഷ്യന്‍ നോവുകളേക്കാള്‍ ഭയപ്പെടുന്നതിന്റെ  കാര്യകാരണങ്ങളെക്കുറിച്ചു മാത്രമാണ് അന്നേരം മുതല്‍ ചിത്രം പൂര്‍ത്തിയാകും വരെ അയാള്‍ വ്യാകുലപ്പെട്ടത്.

പട്ടണത്തിനുമേല്‍ ഇനി പറക്കാനിരിക്കുന്ന പട്ടമാകാന്‍ വേണ്ടി, ആണികളിലുറച്ചുനിന്ന കടലാസിലിരുന്ന് ആ സ്ത്രീ ജീവിതത്തിലേക്ക് പ്രസാദാത്മകമായ പുഞ്ചിരി തൊടുക്കുന്നത് കണ്ടുകൊണ്ട് സോജു വെറും നിലത്ത് നിറങ്ങള്‍ക്കും  ബ്രഷുകള്‍ക്കുമിടയില്‍ മലര്‍ന്നു  കിടന്നു. അബിയുടെ കൂര്‍ക്കം വലി ഇടയ്ക്ക് നേര്‍ത്തും  ചിലപ്പോള്‍ ഉയര്‍ന്നും  താളക്രമം തെറ്റിക്കുമ്പോള്‍, വേദനകളുടെ കരച്ചിലമര്‍ത്തി  ആശുപത്രിവാര്‍ഡില്‍ അപ്പനിപ്പോള്‍ ഉറക്കംവരാതെ കിടക്കുകയാവും എന്നോര്‍ത്ത്  അയാള്‍ വീണ്ടും സങ്കടപ്പെട്ടു.  

ഫ്‌ളാറ്റില്‍ നേരം പുലരുന്നതിന്റെ ഒച്ചകളായിത്തുടങ്ങിയിരുന്നു.

താഴെനിന്നും വീല്‍ച്ചെയറിന്റെന കൂവിക്കരച്ചിലുകള്‍ പുലരിയുടെ സ്വാഭാവികശബ്ദങ്ങള്‍ക്കു മേലേ കേട്ടു. മൂന്നാംനമ്പരിലെ മാധവേട്ടനെ ഉന്തിക്കൊണ്ട് സീതമ്മ പുറത്തേക്ക് പോകുകയാണ്. കെട്ടിടംപണിക്കിടയില്‍ ഉയരത്തില്‍നിഉന്നുള്ള വീഴ്ചയിലാണ് മാധവേട്ടന്റെ കാലുകള്‍ ദുര്‍ബലമായത്. ഫ്‌ളാറ്റിന്റെ താഴത്ത നിലയില്‍ പൊതുവായി ഉപയോഗിക്കുന്ന കക്കൂസ് മാധവേട്ടന് പറ്റില്ല. മറ്റുള്ളവര്‍ ഉണരുന്നതിനു മുമ്പേ സീതമ്മ അയാളുമായി സെമിത്തേരിക്കടുത്തുള്ള പുല്‍പ്പടര്‍പ്പിലേക്ക് പോകും. കുടുങ്ങിക്കുലുക്കത്തില്‍ വീല്‍ചെയറിന്റെ വശത്തായി തൂക്കിയിട്ടിരിക്കുന്ന അടപ്പില്ലാത്ത കന്നാസില്‍ നിന്നും വെള്ളം തുളുമ്പിത്തെറിക്കുന്നതും സീതമ്മയുടെ വേച്ചുവേച്ചുള്ള ചലനവും സോജുവിന് മനക്കണ്ണില്‍ കാണാമായിരുന്നു. വീട്ടിനുള്ളില്‍െ വെച്ചുതന്നെ ചെയ്യാവുന്ന ഒരു കാര്യത്തിനായി ഇത്ര പ്രയാസപ്പടുന്നതെന്തിനാണെന്ന് പലതവണ ചോദിച്ചിട്ടുണ്ട്. മാധവേട്ടനില്‍ നിന്നും അപ്പോള്‍ ഒരു വിളറിയ ചിരിയുതിരും.  പാവം സീതമ്മ. കുട്ടികളില്ലാത്ത അവര്‍ ഒരു കൂഞ്ഞിനെപ്പോലെ മാധവേട്ടനെ നോക്കുന്നു. അയാളുടെ പിടിവാശികള്‍ക്കെ്ല്ലാം കൂടെനില്‍ക്കുന്നു.  

 

..............................

Read more : ഖോഖോ, ലാസര്‍ ഷൈന്‍ എഴുതിയ കഥ
..............................

 

ജീവിതദുരന്തങ്ങള്‍ സത്യത്തില്‍ ഒരാളെ പൂര്‍വ്വാധികം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏതുതരം വിഷമതകളിലൂടെ കടന്നുപോകേണ്ടി വന്നാലും ഉള്ളിലെ പ്രതീക്ഷയുടെ തിരിനാളം അണയുന്നതുവരെ പൂര്‍ണ്ണമായ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ പറ്റുമെന്ന് എത്രയോപേര്‍ ചുറ്റുംനിന്ന് പഠിപ്പിക്കുന്നുണ്ട്! ഓര്‍ത്തോര്‍ത്ത്് സംയമനപ്പെട്ട് കിടക്കേ, സോജുവിലേക്ക് പട്ടങ്ങള്‍ പറന്നുവന്നു. ഒരു കൊച്ചുകുട്ടിയായി അയാള്‍ കുന്നിന്‍മുകളില്‍ നില്‍ക്കുകയായിരുന്നു. അടുത്തായി അപ്പന്‍ പട്ടങ്ങളെ നൂലയച്ചുവിട്ടുകൊണ്ടിരുന്നു. എല്ലാം ചുവപ്പുനിറമുള്ള പട്ടങ്ങള്‍. മുഖങ്ങള്‍ പതിപ്പിക്കാത്ത, തൊങ്ങലുകള്‍ പിടിപ്പിക്കാത്ത ഒരുപാടൊരുപാട് ചുവപ്പുപട്ടങ്ങള്‍. എല്ലാം ഒരുമിച്ച് ആകാശത്ത് തുള്ളിക്കളിച്ചു. കുന്നിന്‍ പുറമാകെ പൂക്കള്‍ നിറഞ്ഞ ചെടികളും ഒരുഭാഗത്ത് പഴങ്ങള്‍ നിറഞ്ഞ ചെറുമരങ്ങളുമുണ്ടായിരുന്നു. അവന്‍ ഉല്ലാസത്തോടെ ഓടിനടന്ന് പട്ടങ്ങളുടെ ചാഞ്ചാട്ടം കണ്ടു. പൊടുന്നനെ അവയെല്ലാം നൂലുകള്‍പൊട്ടി താഴേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. നോക്കുമ്പോള്‍ അപ്പനെ കാണാനില്ല. മരങ്ങള്‍ക്കിടയിലും ചുറ്റും നോക്കി. അപ്പനെ കാണാനില്ല. ഉറക്കെ നിലവിളിച്ചുകൊണ്ട് അവന്‍ കുന്നിറങ്ങി ഓടി. പട്ടങ്ങള്‍ ഒരുമിച്ച് അവനു പിന്നാലെ വന്ന് മുനനീട്ടി പറന്നുകുത്തി.

വിയര്‍ത്തു കുളിച്ചാണ് സോജു കണ്ണുതുറന്നത്.

അബി എഴുന്നേറ്റ് കസേരയില്‍ ഇരിപ്പുണ്ടായിരുന്നു. വിരലുകൊണ്ട് അവന്‍ ചുണ്ടിനു താഴെ താളംപിടിക്കുന്നത് കണ്ടുകൊണ്ട് അയാള്‍ കിതച്ചു. ജ്യേഷ്ഠന്റെ ഭാവപ്പകര്‍ച്ചയില്‍ അബി വായ്പിളര്‍ന്ന്, കണ്ണുതുറിച്ച്, സംശയപൂര്‍വ്വം  തലനീട്ടി. സോജു കുറേനേരം അനുജനിലേക്കുതന്നെ ദൃഷ്ടിയുറപ്പിച്ചിരുന്ന ശേഷം സ്ഥലകാലം വീണ്ടെടുത്തുകൊണ്ട് ഒരു ഗുഡ്‌മോണിംഗ് പറഞ്ഞു. വന്ദനം മടക്കി, പിന്നിലേക്ക് ചാഞ്ഞിരുന്ന് അബി വീണ്ടും താളപ്പെരുക്കത്തില്‍ മുഴുകി.   

ബ്രഷില്‍ പേസ്റ്റ് വെച്ചുകൊടുത്താല്‍ അബി തനിയെ പല്ലുതേച്ചോളും എന്ന സമാധാനത്തിലാണ് സോജു നിലം വിട്ടെഴുന്നേറ്റത്. ചിതറിക്കിടന്ന വസ്തുക്കളെല്ലാം പഴയതുപോലെ അടുക്കിവെച്ചു. അബിയുടെ പല്ലുതേപ്പ് തകൃതിയായി നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍, അയാള്‍ അരികഴുകി കുക്കറിലാക്കിവെച്ചു. കുളിപ്പിച്ചു കൊണ്ടുവന്നുകഴിഞ്ഞാല്‍ അബിക്ക് സമയം ഒമ്പതരയാണ്. അപ്പോഴേക്കും കഞ്ഞി പാകമാകണം. കുറച്ചെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകണം. അരിയും കൂറച്ചുസാധനങ്ങളും ഇത്തവണ വില്‍സണാണല്ലോ വാങ്ങിത്തന്നതെന്ന് അയാള്‍ അത്ഭുതത്തോടെ വീണ്ടുമോര്‍ത്തു. അപ്പന്‍ ആശുപത്രിയിലായി രണ്ടുദിവസങ്ങള്‍ കഴിഞ്ഞ് രാവിലെ ഇതേനേരത്ത് വാതിലില്‍ തുടര്‍ച്ചയായ മുട്ടുകേട്ട് തുറന്നപ്പോള്‍ - വില്‍സണ്‍.

നാലാംനിലയില്‍ ഇരുപത്തേഴാം നമ്പരിലാണ് വില്‍സണ്‍ താമസിക്കുന്നത്. അയാള്‍ ഒറ്റാംതടിയാണ്. ചില ക്വട്ടേഷന്‍ പണിയൊക്കെ ചെയ്യുന്നുണ്ടെന്ന് എല്ലാര്‍ക്കുമറിയാം. ആരോടും മിണ്ടുക പോയിട്ട് സൗമ്യമായ ഒരു നോട്ടം പോലും കൊടുക്കില്ല. പെട്ടെന്നകത്തേക്ക് കയറി, കൊണ്ടുവന്ന വലിയ സഞ്ചി മുറിയില്‍ വെച്ച് തിടുക്കത്തില്‍ തിരികെ നടന്നുപോയി. അരി കൂടാതെ അത്യാവശ്യം പലചരക്കുസാധനങ്ങളും അതിലുണ്ടായിരുന്നു. സോജു ഇറങ്ങി താഴെച്ചെല്ലുമ്പോള്‍ അയാള്‍ ബൈക്കെടുത്ത് പായുന്നതിന്റെ മിന്നായം മാത്രമാണ് കിട്ടിയത്.

'അപ്പനെ കണ്ടില്ലല്ലോ? അപ്പനെന്തിയേ...?'

'അപ്പന്‍ ആശൂത്രീലല്ലേ. അസുഖം മാറുമ്പോ വരും.'

'ങാ... അപ്പന്‍ ആശൂത്രീലാ...'

അബി കസേരയിലമര്‍ന്നിരുന്ന് തലവെട്ടിച്ചു.

വലിയ തൂക്കുപാത്രത്തില്‍ കഞ്ഞിനിറച്ച് സോജു പുറത്തേക്കിറങ്ങുമ്പോള്‍ അബി അത്ര സ്വസ്ഥനല്ലായിരുന്നു. അയാള്‍ വാതില്‍ ചാരി, താഴേക്കുള്ള പടികളിറങ്ങി. അബി ഫ്‌ളാറ്റുവിട്ട് എങ്ങോട്ടും പോകാറില്ലെങ്കിലും എങ്ങാനും വന്നുപോയേക്കാവുന്ന ഒരു അപകടസാഹചര്യത്തെ മുന്നില്‍ കണ്ടുകൊണ്ടാണ്. വാതില്‍ പൂട്ടാതിരിക്കുന്നത്. എന്തെങ്കിലും അപസ്വരം കേട്ടാല്‍ അപ്പുറമിപ്പുറമുള്ളവര്‍ ആരേലും വന്നു നോക്കാതിരിക്കില്ല.

 

..........................

Read more: ഥാര്‍ യാത്ര, ബിജു സി പി എഴുതിയ കഥ
..........................

 

സോജു താഴത്തെ നിലയിലെത്തുമ്പോള്‍ വീല്‍ച്ചെയറില്‍ മാധവേട്ടന്‍ ഇരിപ്പുണ്ടായിരുന്നു. 'സീതമ്മേച്ചി എന്തിയേ മാധവേട്ടാ, ഉച്ചയ്ക്ക് അബിക്കിത്തിരി കഞ്ഞിയെടുത്തു കൊടുത്തേക്കാന്‍ പറയണേ' എന്നുപറഞ്ഞുകൊണ്ടും മാധവേട്ടന്റെ മറുപടി ശ്രദ്ധിക്കാതെയും അയാള്‍ റോഡിലേക്കിറങ്ങി. വെയിലിന്റെ മൂര്‍ച്ച പോലെ തന്നെയായിരുന്നു പട്ടണത്തിലെ തിരക്കും. ഒരാഴ്ച മുമ്പുവരെ ജോലിചെയ്തിരുന്ന ഇരുമ്പുകടയില്‍ തനിക്കുപകരം മറ്റൊരാള്‍ നിന്ന് സാധനങ്ങള്‍ എടുത്തുകൊടുക്കുന്നത് സോജു കണ്ടു. പണിയില്ലാതെ പറ്റില്ലെന്നറിയാവുന്നവനും അതിനോട് കൂറുള്ളവനുമായ ഒരു സെയില്‍സ്മാന്‍ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരിക്കുന്നത് ഒട്ടും ഔചിത്യമല്ല. പണിയേക്കാളും പണത്തേക്കാളും വലുതായ ചിലതെല്ലാം മനുഷ്യജീവിതവുമായി ചേര്ത്തു വെച്ചിട്ടുണ്ടെന്ന് അറിവുള്ളതിനാലും അനുഭവിക്കുന്നതിനാലും സോജുവിന് പക്ഷേ നിരാശ തോന്നിയില്ല.

വാര്‍ഡില്‍ ചെന്നപ്പോള്‍ കിടന്നിരുന്നിടത്ത് അപ്പനില്ല. അടുത്തുണ്ടായിരുന്ന ജോനകനും ദേവേട്ടനും പകരം വേറേ പല മുഖങ്ങള്‍! 

ഒറ്റരാത്രികൊണ്ട് ഇവരെല്ലാം ഇതെവിടെപ്പോയി എന്ന് സോജു ആശയക്കുഴപ്പത്തിലായി. അപ്പനെ എങ്ങോട്ടാണ് കൊണ്ടുപോയത്? സൗമ്യ ഡ്യൂട്ടിയിലുണ്ടാവുമോ? നൈറ്റ്ഡ്യൂട്ടിയായിരുന്നതു കൊണ്ട് അവള്‍ രാവിലെ പോയിക്കാണുമോ? ആരോടാ ഒന്നന്വേഷിക്കുക എന്നെല്ലാമോര്‍ത്തു കൊണ്ട് സോജു ഓന്‍കോളജി വിഭാഗത്തിന് സമീപമുള്ള നഴ്‌സിംഗ് റൂമിലെത്തി, പരിചിതമുഖങ്ങള്‍ ഏതെങ്കിലുമുണ്ടോ എന്നു തിരഞ്ഞു.

'എന്താ സോജു ഇപ്പോ വന്നത്...?'

പിന്നിലാണ് സൗമ്യയുടെ ശബ്ദം കേട്ടത്. 

'നീ ഇവിടെ ഉണ്ടാരുന്നോ? അപ്പനെ വാര്‍ഡില്‍ കണ്ടില്ല. വേദന കൂടുതലായോ, അകത്ത് കേറ്റിയോ ഒന്നുമറിഞ്ഞില്ല.'

സൗമ്യ ഒന്നും മിണ്ടാതെ മുഖം കുനിച്ചു. അവര്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്നതാണ്.

'ഇപ്പോ കാണാന്‍ പറ്റില്ലായിരിക്കുമല്ലേ? അപ്പന്‍ ഉള്ളിലാണെങ്കില്‍ നീ പോകുമ്പോ ഒന്നവിടെ പറഞ്ഞേക്കണം. കുറച്ച് കഞ്ഞിയെടുത്താരുന്നു. വാര്‍ഡില്‍ ആര്‍ക്കേലും കൊടുത്തിട്ടുവരാം.'

സോജു നടക്കാന്‍ തുടങ്ങിയപ്പോള്‍ സൗമ്യ പാത്രം പിടിച്ചുവാങ്ങി.

'ഞാന്‍ കൊടുത്തോളാം. സോജു ഇപ്പോ വീട്ടിലേക്ക് പൊയ്‌ക്കോ. ഇവിടെ ഞാനുണ്ടല്ലോ. അബി ഒറ്റയ്ക്കല്ലേ? സോജു പൊയ്‌ക്കോ.'

സൗമ്യയുടെ ശബ്ദമിടറുന്നത് സോജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ട് നഴ്‌സുമാര്‍ അവള്‍ക്കു  ചുറ്റും വന്നുകൂടി തന്നെ ദയാപൂര്‍വ്വം നോക്കുന്നത് സോജുവിന് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. അപ്പന് തീരെ വയ്യാതായോ? എന്തോ പ്രശ്‌നമുണ്ട്. അല്ലെങ്കില്‍ സൗമ്യ ഇങ്ങനെ പ്രയാസപ്പെടില്ല. അല്‍പനേരം സൗമ്യയുടെ മുഖത്തുതന്നെ തറച്ചുനോക്കി നിന്നിട്ട് അയാള്‍ പാത്രം അവളെ ഏല്‍പ്പിച്ച്, മെല്ലെ പുറത്തേക്ക് നടന്നു.

പട്ടണത്തിലൂടെ ലക്ഷ്യമില്ലാതെ സോജു നടന്നു. മാര്‍ക്കറ്റിനുള്ളിലെ ഊടുവഴികളിലൂടെ, ബസ് സ്റ്റാന്റിലൂടെ, സ്റ്റേഡിയത്തിന് പുറത്തുള്ള വലിയ വൃത്തം ചുറ്റി, അയാള്‍ നീങ്ങി. ഒരു കുന്നിന്‍പുറമാണ് താന്‍ അന്വേഷിക്കുന്നതെന്ന് കുറേ നടന്നുകഴിഞ്ഞപ്പോഴാണ് സോജുവിന് വ്യക്തമായത്. അയാള്‍ക്ക് എങ്ങനെയും അവിടെ എത്തേണ്ടതുണ്ടായിരുന്നു. അപ്പനോടൊപ്പം എത്രയോ കാലം അവിടെയുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം ആ കാഴ്ചകളൊക്കെ നഷ്ടമായിപ്പോയി. നെഞ്ചിനുള്ളിലെ വലിയ ഭാരം ഇറക്കിവെക്കാന്‍ സ്വസ്ഥമായൊരിടം അയാള്‍ തീവ്രമായി ആഗ്രഹിച്ചു. 

എന്നാല്‍ ആ പട്ടണത്തിലെവിടെയും അയാള്‍ക്ക്  അത് കണ്ടുപിടിക്കാന്‍ സാധിച്ചില്ല. വഴിയരികില്‍ ഒരുകാലത്ത് അപ്പന്‍ പഴയ പുസ്തകങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന ഇടമെല്ലാം പുത്തന്‍ ടൈലുകള്‍ പാകി വെടിപ്പാക്കിയിരിക്കുന്നു. അവിടെ മതിലിനോട് ചേര്‍ന്നുള്ള ചെറിയ തണല്‍പറ്റി അയാള്‍ ഇരുന്നു. ആശുപത്രിയിലേക്ക് തിരികെപ്പോകാന്‍ തോന്നിയില്ല. അപ്പനെ കാണാന്‍ വയ്യ. വേദനകളല്ല, ആധികളാണ് കുട്ടിക്കാലം മുതല്‍്‌ക്കേ ആ മുഖത്തുനിന്നും വായിച്ചിട്ടുള്ളത്. ഓര്‍ക്കാപ്പുറത്തൊരുനാള്‍ ജീവിതസഖിയെ നഷ്ടമായപ്പോള്‍ സര്‍വ്വതും തകര്‍ന്നു പോയൊരു മനുഷ്യന്‍. നികൃഷ്ടജന്മങ്ങളായ രണ്ടുപേര്‍ക്കു വേണ്ടിയാണ് തളര്‍ന്നു വീഴുവോളം വിയര്‍പ്പൊഴുക്കിയത്. ഓരോന്നോര്‍ത്ത്, വെയിലും ആള്‍ത്തിരക്കും പൊടിയും ഒച്ചകളും കൂടിക്കുഴഞ്ഞ ആ പാതയോരത്തിരുന്ന് സോജു ഉറങ്ങിപ്പോയി. 

മൂടിയിരുന്ന വെളുത്ത തുണി നീക്കി, കണ്ണടച്ചുകിടക്കുന്ന അപ്പനെ ആരോ നോക്കുന്നതായും, ആംബുലന്‍സിന്റെ ബീക്കണ്‍ ലാമ്പും, ക്രിമറ്റോറിയത്തിന്റെ മേല്‍ക്കൂരയിലിരിക്കുന്ന കാക്കകളും താഴ്ന്ന ആവൃത്തിയിലുള്ള ഒരു വിലാപത്തിന്റെ അകമ്പടിയോടെ ആ മയക്കത്തില്‍ അയാള്‍ക്ക്  അനുഭവപ്പെട്ടു. ആകെ കുഴമറിഞ്ഞതും കലുഷിതവുമായ ഒരു അവസ്ഥയിലേക്കാണ് ഏറെനേരത്തിനു ശേഷം അയാള്‍ ഉണര്‍ന്നത്. 

 

........................................

Read more: ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!
........................................

 

ഇരുട്ടുവീഴാന്‍ തുടങ്ങിയിരിക്കുന്നത് കണ്ട്, അയാള്‍ തിടുക്കത്തില്‍ ഫ്‌ളാറ്റിലേക്ക് നടന്നു.

അബിയുടെ കാര്യം എന്തായിക്കാണുമെന്ന വേവലാതിയോടെയാണ് ചെന്നുകയറിയത്. അവന്‍ ഇളക്കമൊന്നുമില്ലാതെ കസേരയില്‍തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പതിവില്ലാതെ അവന്റെ  മുഖത്ത് ഒരു ചിരി ഊറിക്കൂടുന്നതുകണ്ട് സോജു അത്ഭുതപ്പെട്ടു. ചോദ്യഭാവത്തില്‍ അയാള്‍ അനുജനെ നോക്കി. അബി നക്ഷത്രങ്ങള്‍ തിളങ്ങുന്നതുപോലെ വീണ്ടും ചിരിയുതിര്‍ക്കുകയാണ്. അവന്റെ  നോട്ടം ചെന്നെത്തുന്നിടത്ത് സ്റ്റാന്‍ഡില്‍ പതിപ്പിച്ചിരുന്ന പുതിയ ഡ്രോയിംഗ് ഷീറ്റില്‍, നിറങ്ങളെല്ലാം ചിതറിയ അനുപാതത്തില്‍ ഒരു അവ്യക്തരൂപം അയാള്‍ക്ക്  കാണായി. അടുത്തേക്കുചെന്ന് പരിശോധിച്ചപ്പോള്‍ ഇരുവശത്തേക്കും മുടിപിന്നിയിട്ട ഒരു പെണ്‍കുട്ടിയുടെ രൂപം എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു. വ്യാഖ്യാനിക്കാനാവാത്ത വിസ്മയത്താല്‍ അയാളുടെയുള്ളില്‍ അതേവരെ ഖനീഭവിച്ചുകിടന്ന സകല വേദനകളും ആകുലതകളും നിമിഷനേരംകൊണ്ട് അലിഞ്ഞുപോയി. അബിയെ കസേരയില്‍ നിന്നും എഴുന്നേല്‍പ്പിച്ച് അയാള്‍ ചിത്രത്തിനരികില്‍ കൊണ്ടുവന്നു. 

'അബീ ഇത് നീയാണോ വരച്ചത്? ആരെയാ നീയീ വരച്ചേക്കുന്നത്?'

അബി ചിരിച്ചുകൊണ്ട് തലയാട്ടി.

'ഉം... ഇത് നമ്മുടെ സിച്ചുവാ, സിച്ചു.'

അബി ചുണ്ടിനു താഴെയുള്ള തഴമ്പില്‍ വിരല് കൊണ്ട് കൊട്ടി.

സോജുവിന് അടക്കാനാവാത്ത ആഹ്ലാദം തോന്നി. സ്റ്റാന്‍ഡില്‍നിന്നും ഇളക്കിയെടുക്കുമ്പോള്‍, ചിത്രമെഴുതാന്‍ സിച്ചു അബിക്ക് തുണ നിന്നിട്ടുണ്ടാകും എന്നയാള്‍ ഊഹിച്ചു. ശ്രദ്ധാപൂര്‍വ്വം അത് വെട്ടിയെടുത്ത് നീളന്‍ വാലുകളും തൊങ്ങലുകളുമുള്ള ഒരു പട്ടമാക്കിമാറ്റാന്‍ അയാള്‍ക്ക്  ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ. രാവിലെ വരച്ചുവെച്ചിരുന്ന സ്ത്രീയുടെ ചിത്രംകൊണ്ട് മറ്റൊരെണ്ണം കൂടി മെനഞ്ഞു.
അബിയുടെ കൈപിടിച്ച് സോജു മുകളിലേക്കുള്ള പടവുകള്‍ കയറി. 

പ്രയാസപ്പെട്ടാണ് അബി ഓരോ പടിയും ചവിട്ടിയത്. വീണുപോകുമോ എന്നെപ്പോഴും പേടിയാണ്. തുറസ്സിലെത്തിയപ്പോള്‍ അവന്‍ ആശ്വസിച്ചു. താഴെ പട്ടണമാകെ വെളിച്ചത്തില്‍ക്കുളിച്ചു നില്‍ക്കുകയായിരുന്നു. വാഹനങ്ങളുടെ അണമുറിയാത്ത ഒഴുക്ക്. പട്ടം കാറ്റിന്റെ താളവുമായി സമരസപ്പെടുന്നതുവരെ നൂല്‍ നിയന്ത്രിച്ചശേഷം, അവധാനതയോടെ ഒരറ്റം അയാള്‍ അബിക്ക് കൈമാറുകയും മറ്റൊരെണ്ണം ഉയര്‍ത്താനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു. ആദ്യമായിട്ടായിരുന്നു അബി ഒരു പട്ടനൂല്‍ പിടിക്കുന്നത്. ആദ്യമായി അവന്റെ കൈകളിലിരുന്ന് ഒരു പട്ടം നിലാവിലേക്കും മേഘക്കൂട്ടങ്ങളിലേക്കും പാറി. അബിയുടെ കുഞ്ഞുഹൃദയത്തില്‍ നിന്നും ആനന്ദം പ്രസരിക്കുന്നത് കണ്ടുനില്‍ക്കേ  സോജു മറ്റൊരു പട്ടമായി. 'അതാ സിച്ചു' എന്നവന്‍ മുകളിലേക്ക് കൈചൂണ്ടുമ്പോള്‍ 'അബി ഒരു മന്ത്രവാദി' എന്നയാള്‍ ഊറിച്ചിരിച്ചു.

അബിയുടെ അദൃശ്യമായ വാച്ചില്‍ അന്ന് സമയം ഒമ്പതര കാട്ടിയതേയില്ല.

കാറ്റിന്റെ താളം മുറുകവേ, അബിയില്‍ നിന്നും പട്ടം വഴുതാന്‍ തുടങ്ങുന്നതുകണ്ട് സോജു നൂലറ്റത്തില്‍ ഒരുകൈ സഹായം ചേര്‍ന്നു. 

പട്ടണത്തിനുമേല്‍ ഇത്ര ശക്തിയേറിയ കാറ്റ് ആദ്യമായിരുന്നു. നൂലില്‍ നിന്നും സ്വതന്ത്രമാക്കപ്പെടുന്നതോടുകൂടി എല്ലാ പട്ടങ്ങളുടെയും ജീവിതമവസാനിക്കുമെന്ന് അയാള്‍ അനുജന്റെ കാതില്‍ പറഞ്ഞു. കാറ്റ് അവരെ ഒരുമിച്ചുപിടിച്ച് കൈവരിയുടെ അതിരുകളിലേക്ക് കൊണ്ടുപോയി. ബലമേറിയ ഒരു ഗോവണിയിലേറി തങ്ങള്‍ ആകാശത്തേക്കുയരുന്നതായാണ് രണ്ടുപേര്‍ക്കും  തോന്നിയത്. രാത്രിയില്‍ ഇറുന്നുവീഴുന്ന വെളുത്ത പൂക്കളെപ്പോലെ പൊടുന്നനെ അവര്‍ ഭാരമില്ലാത്തവരായി. പുലരുവോളം അവര്‍ അങ്ങനെതന്നെ കിടന്നു. മാധവേട്ടന്റെ  വീല്‍ച്ചെയര്‍ കരച്ചിലോടെ ഫ്‌ളാറ്റിനു പുറത്തേക്കിറങ്ങുന്നതുവരെ ജ്യേഷ്ഠാനുജന്മാരെ ആരും കാണുകയുണ്ടായില്ല.

ഒറ്റനോട്ടത്തില്‍ സീതമ്മ വാവിട്ടു നിലവിളിച്ചു. വലിയ ഒരു നടുക്കത്തിന്റെ അലകള്‍ മുകളിലേക്ക്, ഇരുപത്തിയേഴ് കുടുസ്സുവീടുകളിലൂടെയും കയറിയിറങ്ങിപ്പോയി. ഒരാള്‍ക്കു  പിന്നാലെ മറ്റൊരാളായി ഫ്‌ളാറ്റിലുള്ളവര്‍ ഓടിവന്നു. അത്രനേരം സംശയത്തോടെ പതുങ്ങിയിരുന്ന കാക്കകള്‍ അപ്പോള്‍ കൂട്ടമായി കരയാന്‍ തുടങ്ങി.

ചാനലുകള്‍ അന്നേദിവസം പുറത്തുവിട്ട വര്‍ത്തമാനമായിരുന്നു വിചിത്രം. ബുദ്ധിമാന്ദ്യമുള്ള സഹോദരനോടൊപ്പം ഫ്‌ളാറ്റിനുമുകളില്‍ നിന്നും വീണുമരിച്ച സോജന്‍ എന്ന ചെറുപ്പക്കാരന്‍ ടൗണില്‍ ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട ഏര്‍പ്പാടുകള്‍ നടത്തിയിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും, മരണത്തില്‍ ദുരൂഹതയുണ്ടെന്നും മറ്റുമായിരുന്നു അത്. മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വാര്‍ഡില്‍ സൗജന്യമായി കഞ്ഞിവിതരണം നടത്തിയിരുന്ന സോജന്റെ പിതാവ് മൂന്നുദിവസങ്ങള്‍ക്ക്  മുമ്പ് മരണപ്പെട്ടതായും കൂട്ടിച്ചേര്‍ത്തിരുന്നു.

വാര്‍ത്തയില്‍ നിന്നും, ഫ്‌ളാറ്റിലെ പത്താംനമ്പര്‍ വീട്ടില്‍ തനിച്ചിരുന്നുകൊണ്ട് സിച്ചു അപ്പോള്‍ ആനിമല്‍ പ്ലാനറ്റിലേക്ക് കാഴ്ചയെ മാറ്റിയിട്ടു. കീറിപ്പോയ പട്ടത്തിന്റെ ഒരു തുണ്ട് അവളിലേക്ക് ഒട്ടിക്കിടക്കുന്നുണ്ടായിരുന്നു.

 

മലയാളത്തിലെ ഏറ്റവും മികച്ച കഥകള്‍ 
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!