ക്രിയാപദങ്ങളുടെ ഭൂതകാലം, എം. നന്ദകുമാര്‍ എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Feb 17, 2021, 6:59 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് എം. നന്ദകുമാര്‍ എഴുതിയ കഥ. 1989-ലാണ് ഈ കഥ എഴുതിയത്. 


ഭൂമിയില്‍ മാത്രമല്ല ഇന്ന് ജീവിതം. ആകാശത്തിനും ഭൂമിക്കുമിടയില്‍ നീട്ടിപ്പിടിച്ച ഒരു മൊബൈല്‍ ഫോണ്‍ സ്‌ക്രീനും ഇപ്പോള്‍ നമ്മുടെ പാര്‍പ്പിടം. പുറത്തുനിന്നു തോന്നും പോലെ, അവിടെ നാം സാമൂഹ്യജീവികളല്ല.  പ്രപഞ്ചത്തിലെ ഏറ്റവും ഏകാകികളായ ഒറ്റയൊറ്റ മനുഷ്യര്‍. ഉള്ളിനുള്ളിലെ ഏകാന്തദ്വീപുകളിലാണ് പൊറുതി. ഏറ്റവും സ്വകാര്യമായ ഇടങ്ങള്‍. ഭാവനയും കാമനയും ഫാന്റസിയും തഴച്ചുവളരുന്ന ഒറ്റയൊറ്റവനങ്ങള്‍. സമാനമായ മൊബൈല്‍ ഫോണ്‍ ചതുരങ്ങളില്‍ രാപ്പകല്‍ പാര്‍ക്കുന്ന മറ്റു മനുഷ്യരുമായി പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു എന്ന തോന്നലില്‍ കഴിയുമ്പോഴും ഓരോരുത്തരും അവിടെ ഒറ്റ. വിര്‍ച്വല്‍ റിയാലിറ്റിയുടെ അതിസങ്കീര്‍ണ്ണമായ ജീവിതക്രമമാണത്. ആനയെ കണ്ട അന്ധന്‍മാരെപ്പോലെ നമ്മുടെ സാഹിത്യം അന്തംവിട്ടു നില്‍ക്കുന്ന അത്തരം സൈബര്‍ ഇടങ്ങളുടെ കഥാകാരനാണ് എം നന്ദകുമാര്‍. വിര്‍ച്വല്‍ ഇടങ്ങളില്‍ നാം ജീവിക്കുന്ന ജീവിതങ്ങള്‍ക്കുമേല്‍ വേതാളത്തെ പോലെ തൂങ്ങിക്കിടന്ന് കഥ പറയുന്ന ഒരാള്‍. അധികമാരും കടന്നുചെല്ലാത്ത സൈബര്‍ വനങ്ങള്‍ നന്ദകുമാറിന് കൈരേഖപോലെ പരിചിതം. ആ കഥകള്‍ ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്. 

എന്നാല്‍, ഭൂമിയിലുമുണ്ട് അയാളുടെ പൊറുതി. മണ്ണില്‍ കാലുവെച്ചു പറയുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങള്‍ക്ക് നന്ദകുമാര്‍ കഥയുടെ അധികമാനം നല്‍കുന്നു. പുതിയ കാലത്തിന്റെ, ദേശത്തിന്റെ പല മാതിരി ജീവിതങ്ങള്‍ ആ കഥകളില്‍ നിറയുന്നു. ചരിത്രവും മിത്തുകളും ഭാവനയും രാഷ്ട്രീയവും അതില്‍ കൂടിക്കലരുന്നു. അധികാരത്തിന്റെ പ്രച്ഛന്നവേഷങ്ങളെ അത് അനാവരണം ചെയ്യുന്നു. ദാര്‍ശനികവഴികളിലൂടെ ജീവിതക്കലക്കങ്ങളുടെ സൂക്ഷ്മദര്‍ശിനിയാവുന്നു. പ്രമേയ പരിചരണത്തിലും കൈയൊതുക്കത്തിലും ആഖ്യാനസൂക്ഷ്മതയിലും വേറിട്ടു നില്‍ക്കുന്നു. വായനക്കാരെ പടിക്കു പുറത്തു നിര്‍ത്തുന്നില്ല ആ കഥകള്‍. വായനക്കാര്‍ കൂടി പങ്കാളികളായ നെടുമ്പാച്ചിലുകളാണ്  പലപ്പോഴുമത്. ഒന്നിനൊന്ന് വിഭിന്നമായ ആ കഥാവഴികളില്‍ സങ്കീണ്ണജീവിതം സദാ മിടിക്കുന്നു. 

Latest Videos

undefined

 

 

ദൈവത്തിനു സ്തുതിയായിരിക്കട്ടെ. 'ഇന്ത്യന്‍ റെയില്‍വേയും കാലിഫോര്‍ണിയന്‍ റെയില്‍വേയും - ഒരു താരതമ്യ പഠനം' എന്ന പ്രോജക്റ്റിന്റെ അവസാന റിപ്പോര്‍ട്ടുകള്‍ മറിച്ചുനോക്കിയതിനുശേഷം കല്‍ക്കത്തയില്‍ നിന്നുള്ള അന്വേഷകനായ വി ബസുവിനെ കണ്ടുമുട്ടി. 

പൊയ്പ്പോയ നവംബറിലെ ഏതോ രണ്ടു മണിക്കൂറുകള്‍ ഒരു കൊച്ചു റെയില്‍വേ സ്‌റ്റേഷനില്‍ പാളങ്ങള്‍, സിഗ്‌നലുകള്‍, തീവണ്ടിയുടെ സമയങ്ങള്‍, പാനല്‍ ബോര്‍ഡ്, ഷണ്ടിങ് സിസ്റ്റം, റിലേ സര്‍ക്യൂട്ടുകളുടെ വലിയ മാപ്പുകള്‍ എന്നിവക്കിടയില്‍ കുഴഞ്ഞുകിടന്നത് ഇപ്പോഴോര്‍ക്കുന്നു. പിന്തിരിഞ്ഞു നോക്കുകയാണെങ്കില്‍ ഇലക്ട്രിക്ക് സപ്ലൈ പരാജയപ്പെട്ടാല്‍ ഉപയോഗിക്കാനുള്ള കൂറ്റന്‍ കെമിക്കല്‍ സെല്ലുകള്‍ നിരത്തിവച്ച മുറികളിലൂടെ കുറ്റബോധത്താല്‍ തലതാഴ്ത്തി നടക്കുകയായിരുന്നു ഞാന്‍. 

സിഗ്‌നലിങ് ഇന്‍സ്പെക്ടര്‍ നേര്‍ബുദ്ധിക്കാരനായ നല്ല മനുഷ്യന്‍. അയാള്‍ ക്രീം പുരട്ടി മുടി ഭംഗിയായി പുറകോട്ടു  ചീന്തി വെക്കുകയും കൂളിംഗ് ഗ്ലാസ് ധരിക്കുകയും ചെയ്തത് അയാളോട് സംസാരിക്കാന്‍ ആര്‍ക്കും ആത്മവിശ്വാസമുണ്ടാക്കുന്ന തരത്തിലായിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ മൂല്യച്യുതി എന്നോ മറ്റോ സൂചിപ്പിച്ചപ്പോള്‍ അയാളെ ആശ്വസിപ്പിക്കുന്ന വിധം മറുപടി നല്‍കാന്‍ എനിക്കു  സാധിച്ചു. എന്റെ നന്മയില്‍ ഞാന്‍ വെച്ചുപുലര്‍ത്തിയിരുന്ന ഏതാനും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കിയ  ആ സംഭവത്തില്‍ ഞാന്‍ എന്നും അയാളോട് കടപ്പെട്ടിരിക്കും. 

എന്നിരുന്നാലും, പഴകിയ ചീട്ട് കുത്തുപോലെ ദിവസങ്ങള്‍ വീണ്ടും വീണ്ടും കശക്കി നിരത്തപ്പെടുമ്പോള്‍ തീവണ്ടികളെ  സംബന്ധിക്കുന്ന വിചിത്രമായ കാര്യങ്ങളില്‍നിന്നും വളരെ വിദൂരസ്ഥമായ തെരുവിലേക്കാണ് ഞാന്‍ ഇഴഞ്ഞുനീങ്ങിയത്. ഇക്കാലയളവില്‍ ഞാന്‍ നേര്‍ത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗവേഷകസംഘം കുഴിമടിയന്മാരായ റിലേകളുടെ നിശ്ശബ്ദതകളം നിലവിളികളും കമ്പ്യൂട്ടര്‍ ലാംഗ്വേജിലേക്കു  വിവര്‍ത്തനം ചെയ്തു. പച്ചവെളിച്ചത്തിന്റെയും ചുവപ്പ് സിഗ്‌നലിന്റെയും മഞ്ഞസിഗ്‌നലിന്റെയും അന്യതാബോധത്തെ നിശിതമായി വിമര്‍ശിക്കുന്ന ഫ്‌ളോ ചാര്‍ട്ടുകള്‍ തയ്യാറാക്കി. ആധുനിക ഇലക്‌ടോണ്രിക് ഉപകരണങ്ങളാല്‍ തീര്‍ത്ത സര്‍ക്യൂട്ടിനകത്ത്  ആ കൊച്ചു റെയില്‍വേ സ്‌റ്റേഷനിലൂടെ കടന്നുപോകുന്ന ഓരോ തീവണ്ടിയുടെയും വിധിയുടെ ഏറ്റവും സൂക്ഷ്മമായ അംശങ്ങള്‍ അടക്കംചെയ്യുകയും സങ്കീര്‍ണ്ണമായ ഇക്കാര്യങ്ങളില്‍ തികച്ചും അജ്ഞനായ  ഒരു മനുഷ്യനുപോലും റെയില്‍വേ സ്റ്റേഷന്‍ തന്റെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ലളിതമായ സിഗ്‌നലിംഗ് സമ്പ്രദായം വികസിപ്പിച്ചെടുക്കുകയും  ചെയ്തു. 

 

................................

Read more: എം.നന്ദകുമാര്‍ എഴുതിയ കഥ, നൂല്
................................

 

വി. ബസുവിനെ കണ്ടുമുട്ടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുമുന്നേ കുസൃതിക്കാരനായ ഈ കൊച്ചുയന്ത്രത്തിനു  മുന്നില്‍ ഞാന്‍ സ്തബ്ധനായി നില്‍പ്പുണ്ടായിരുന്നു. കൂളിംഗ് ഗ്‌ളാസ്സ് ധരിച്ച സിഗ്‌നലിംഗ് ഇന്‍സ്പെക്ടര്‍, വൃദ്ധന്മാരായ ഓപ്പറേറ്റര്‍മാര്‍, ഞാനടങ്ങുന്ന ഗവേഷകസംഘം... അറിയപ്പെടാത്ത അത്തരം മനുഷ്യരെ നോബിന്റെ ഒറ്റക്കറക്കത്തിലൂടെ പൂര്‍ണ്ണമായും അപ്രസക്തരാക്കുന്ന ആ യന്ത്രത്തെ ഞാന്‍ ഭയത്തോടെ പഠനവിധേയമാക്കി. വണ്ടികളൊന്നും വരാനോ പോകാനോ ഇല്ലാത്ത നിശ്ചലമായ ഇടവേളകളില്‍ ഭീമാകാരന്മാരായ കെമിക്കല്‍ സെല്ലുകള്‍ കുടികൊള്ളുന്ന അറകള്‍ക്കപ്പുറത്ത് ഈ യന്ത്രത്തിനു  മുന്നില്‍ കൂനിയിരിക്കുന്ന ഏകാന്തനായ ഏതോ മനുഷ്യന്റെ ആത്മദുഃഖം എന്നെ വിറകൊള്ളിച്ചു. മിന്നിത്തിളങ്ങുന്ന അനേകം കണ്ണുകളുള്ള പാനല്‍ ബോര്‍ഡ് ഒളിപ്പോരാളിയെപ്പോലെ ഇന്ദ്രിയങ്ങള്‍ സദാ കൂര്‍പ്പിച്ചിരിപ്പാണ്. 1853 മുതല്‍ ഇന്ത്യന്‍ റെയില്‍വേ സിഗ്‌നലിംഗിനെ ചൂഴ്ന്നുനിന്ന അശാസ്ത്രീയതയും അസ്വസ്ഥതയും പാല്‍പ്പുഞ്ചിരിയില്‍ മായ്ച്ചു കളഞ്ഞ മൈക്രോ പ്രോസസ്സര്‍ ശിശു ഉറക്കത്തില്‍ തള്ളവിരലുണ്ണുമ്പോള്‍ വീഡിയോ സ്‌ക്രീനിലെ നീലവെളിച്ചത്തിലേക്കു  ഞാന്‍ ശ്രദ്ധ തിരിച്ചു. അപാരനിശ്ശബ്ദതയില്‍  സൃഷ്ടിസ്ഥിതിലയം സൈന്‍ വേവിന്റെ വിശ്വരൂപം ആവിഷ്‌കരിച്ച് അടുത്ത നൊടിയില്‍ മഞ്ഞിന്‍ചുരുളുകളായി അലിഞ്ഞുപോയി. എന്റെ കരങ്ങളിലിരിക്കുന്ന റിപ്പോര്‍ട്ടും സര്‍ക്യൂട്ട് ഡയഗ്രാമുകളും പ്രാചീനതയില്‍ ദുഷളടനായ കാട്ടുദൈവം വംശക്കുരുതിക്കു  മന്ത്രം കുറിച്ച ഓലയുടെയും നാരായത്തിന്റെയും രക്തഗന്ധം ഉയര്‍ത്തിക്കൊണ്ടിരുന്നു. സിഗ്‌നലിംഗ് ഇന്‍സ്‌പെകളടര്‍ക്കുവേണ്ടി ഞാന്‍ കണ്ടുപിടിച്ച ഉത്തരങ്ങള്‍ക്കു പുറകിലെ കൊടുംചതി കൂടുതല്‍ കൂടുതല്‍ മറനീക്കി പുറത്തുവരും. 

അന്നേദിവസം കല്‍ക്കത്തയില്‍നിന്നുള്ള അന്വേഷകനും റോയല്‍  സര്‍ക്കസിലെ കോമാളിയുമായ വി. ബസുവിന്റെ ചോദ്യം നൂറ് മില്ലി ചാരായത്തിനും രണ്ടു പുഴുങ്ങിയ മുട്ടകള്‍ക്കും മുകളില്‍ പെരുവിരലൂന്നി ഉഗ്രതപസ്സാരംഭിച്ചു . സംവത്സരങ്ങള്‍ നാറുന്ന ചോരയിറ്റുന്ന  തലച്ചോറും പ്രോജക്റ്റ് റിപ്പോര്‍ട്ടുമായി ഞാന്‍ ബസുവിനെ മേശയുടെ മറുപുറത്തു  കണ്ടുമുട്ടി. ആകാംക്ഷാരഹിതമായ പരിചയപ്പെടലിനും  കൈകൊടുക്കലുകള്‍ക്കുംശേഷം ഞാനും ബസുവും 'തത്വശാസ്ത്രത്തിന്റെ അടിസ്ഥാനപ്രശ്നം' എന്ന വിഷയത്തിലേക്ക് പ്രവേശിച്ചു. മരം വെട്ടിത്തളര്‍ന്ന ഗ്രാമീണന്‍ അതേ മരത്തില്‍ ചാരിയിരുന്നു ശൂന്യമാകാന്‍ പോകുന്ന അതിന്റെ തണലില്‍ വിയര്‍പ്പാറ്റുന്നതു  പോലെയാണ് ഞാന്‍ കല്‍ക്കത്തയില്‍ നിന്നുള്ള അന്വേഷകന്റെ ലഹരിപിടിച്ച ആത്മാവില്‍ ചാരിയിരുന്നത് . ബസുവിന്റെ കീറിപ്പറിഞ്ഞ രൂപം എല്ലാ അന്വേഷകരും കോമാളികളാണെന്നും അന്വേഷണം ഒഴിവാക്കാനാവാത്ത വീടുവിട്ടിറങ്ങലാണെന്നും ഗദ്ഗദം കലര്‍ന്ന ഇംഗ്ലീഷില്‍ വിലപിച്ചു. യാത്ര വെളിവാക്കുന്നത് നൈരന്തര്യമല്ല;  മറിച്ചു  ചുഴിയിലെ ചുള്ളിക്കമ്പുപോലെ ചുറ്റിക്കറങ്ങുന്ന ഉത്തരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് ഞാന്‍ തിരിച്ചടിച്ചു. യാത്രക്കാര്‍ അവരുടെ കാലടികളിലും ചക്രങ്ങളിലും ചിറകുകളിലും പങ്കായങ്ങളിലും ആത്മസമര്‍പ്പണം നടത്തുന്നതുകൊണ്ടാണിപ്രകാരം. മൂടല്‍മഞ്ഞില്‍ വലിയൊരു കറുത്ത ചക്രം അതിവേഗം കറങ്ങുന്നു. എന്നാല്‍ കേന്ദ്രം മോര്‍ച്ചറിയില്‍ തണുത്തു  വെറുങ്ങലിച്ച മരണത്തെപ്പോലെ നിശ്ചലം. അനുമാനങ്ങളുടെ മേശപ്പുറത്തു  വിരല്‍കൊണ്ടു  വരച്ച ചിത്രങ്ങളുടെയും സങ്കല്‍പ്പത്തിലെ രൂപകങ്ങളുടെയും സഹായത്തോടെ ഞാനിക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ബസു കൂര്‍മ്പന്‍ തൊപ്പി, സദാ ചിരിക്കുന്ന മുഖംമൂടി, ചുവന്ന അങ്കി, ചെവിയുടെ വശത്തെ വര്‍ണ്ണത്തൂവലുകള്‍ എന്നീ സാമഗ്രികള്‍ സാവധാനം അഴിച്ചു  തല്‍ക്കാലത്തേക്ക് ബെഞ്ചിനു  പുറത്ത് അടുക്കി വെക്കുകയായിരുന്നു. 

 

........................................

Read more: ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം! 
........................................

 

അനന്തരം അയാള്‍ കോമാളിക്കരച്ചിലുകളില്‍ ഒന്നാന്തരമൊന്ന് പ്രദര്‍ശിപ്പിച്ചു. ഞാന്‍ കാണികളുടെ പലതരം ചിരികളില്‍ ഒരെണ്ണം അയാളോടുള്ള സൗഹൃദത്തിന്റെ ചിഹ്നമായി പുറത്തെടുത്തു. ഞങ്ങള്‍ക്കു ചുറ്റും മനുഷ്യരുടെ  വാക്കുകളും വഴക്കുകളും ആഹ്‌ളാദത്തിമിര്‍പ്പുകളും കേന്ദ്രീകരിച്ച് പതുക്കെ പതുക്കെ അപരിചിതമായ മറുകരയിലേക്ക്  നഷ്ടപ്പെടുന്ന വിരസമായ പ്രക്രിയ ഒരേ ക്രമത്തില്‍ ആവര്‍ത്തിക്കപ്പെടാം. 

റോയല്‍  സര്‍ക്കസ്സിനെക്കുറിച്ചു  ബസു പറഞ്ഞ കാര്യങ്ങള്‍ യുക്തിഭംഗമില്ലാതെ നമ്മള്‍ അരിപ്പയില്‍ ചേറ്റിക്കൊഴിക്കുകയാണെങ്കില്‍ അവശേഷിക്കുന്നതെന്താണ്? റോയല്‍  സര്‍ക്കസ്സിലെ മൃഗങ്ങളും പക്ഷികളും മനുഷ്യരും അജ്ഞാത രോഗത്തിന്റെ ബാധയേറ്റു ദിനംപ്രതി ശോഷിച്ചുവരികയാണ്. കീലേരി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ  കീഴില്‍ കുറച്ചുകാലം അഭ്യസിച്ചിട്ടുള്ള അവരുടെ മാനേജര്‍ക്കു  നിദ്രാവിഹീനത പിടിപെടുകയും  അയാള്‍ വളരെ ഉയരത്തിലുള്ള ഒരു ബാറില്‍ തൂങ്ങിമരിക്കുകയും ചെയ്തു. ഒരാഴ്ച ആരുടേയും ശ്രദ്ധയില്‍ പെടാത്തവിധം അത്രയും പൊക്കത്തില്‍ തൂങ്ങിമരിക്കാന്‍ സാധിച്ചതുകൊണ്ട് സ്വന്തം മരണത്തെയെങ്കിലും അന്യാധീനപ്പെടുത്താതിരിക്കുന്നതില്‍ അയാളുടെ പോരാട്ടം വിജയിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും സിംഹങ്ങള്‍ക്കു  കുട്ടികളെ ചിരിപ്പിക്കുന്നതിനുള്ള വിദ്യ ഇനിയും കൈമോശം വന്നിട്ടില്ല. മഞ്ഞച്ചായം തീര്‍ന്നുപോയതുകൊണ്ട് ഒരിക്കലും ട്രപ്പീസില്‍ കയറാനാകാതെ കാത്തുനിന്ന  ഒരു കല്‍ക്കത്തക്കാരിയുടെ ദുരന്തം ബസു ലൈംഗികതയുടെ മേമ്പൊടി ചേര്‍ത്തു വിവരിച്ചു. മെയ് വഴക്കമുള്ളവരെ മറ്റുള്ളവര്‍ വെറുപ്പ് കലര്‍ന്ന ആരാധനയോടെ നോക്കുന്നത്  എന്തുകൊണ്ടാണെന്ന് ബസു മനഃശാസ്ത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്തു. കല്‍ക്കത്തയിലേക്ക് ചെല്ലാനും റോയല്‍ സര്‍ക്കസ് കാണാനുമുള്ള ബസുവിന്റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു. പൂര്‍ണ്ണതയോടടുത്തു നില്‍ക്കുന്നവിധം ഒരു സര്‍ക്കസ് കോമാളിയായി തീരാനുള്ള മാനസികസജ്ജീകരണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ബസുവിന്റെ യാത്ര അവസാനിക്കുകയും അയാള്‍ റോയല്‍  സര്‍ക്കസിന്റെ അവശിഷ്ടങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്യും. 

 

................................

Read more: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
................................

 

അങ്ങിനെ അയാള്‍ - കൂര്‍മ്പന്‍തൊപ്പി തലയില്‍ ഉറപ്പിച്ച അന്വേഷകന്‍, ഇടത്തെ ചെവിയില്‍ മഴവില്ലിന്റെ നിറമുള്ള തൂവലുകള്‍ ഒട്ടിച്ചുചേര്‍ത്ത കല്‍ക്കത്തയിലെ കോമാളി - സദാ ചിരിക്കുന്ന മുഖം വലതുകയ്യില്‍ കിഴുക്കാംതൂക്ക് പിടിച്ച്, തന്റെ ചുവന്ന അങ്കി ചാരായത്തിലും  ചാക്കണയിലും ഛര്‍ദ്ദിയിലും വലിച്ചിഴച്ചു  വികാരരഹിതമായ ഒരിടനാഴിയിലൂടെ ആടിയാടിപ്പോയി. 

(കാലിഫോര്‍ണിയന്‍ സിഗ്‌നലിംഗ് സമ്പ്രദായം നിലവില്‍വരുമ്പോള്‍ ട്രെയിനിന് തലവെക്കാവുന്ന തൊഴില്‍രഹിതരുടെയും കമിതാക്കളുടെയും ഏകാകികളായ ചീത്തമനുഷ്യരുടെയും എണ്ണം എളുപ്പത്തില്‍ കണക്കാക്കാന്‍ ഒരു എമ്പിരിക്കല്‍ ഫോര്‍മുല കണ്ടുപിടിക്കേണ്ടതുണ്ട്.) 

ചുവന്ന സിഗ്‌നല്‍ലൈറ്റിനു  കീഴേ നില്‍ക്കുന്ന റെയില്‍വേ തൊഴിലാളികളുടെ വര്‍ഗ്ഗവികാരത്തിന്റെ ലയാത്മകതയില്‍ സംശയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷാപ്പുകാരന്‍ പതിഞ്ഞ സ്വരത്തില്‍ ഒരു ജീവന്‍ രക്ഷിച്ചതിന് എന്നോട് നന്ദി പറയുകയുണ്ടായി. കാരണം വി.ബസുവിനെ തട്ടിപ്പറിക്കാനും അപായപ്പെടുത്താനും ഏതാനും ഗുണ്ടകള്‍വച്ച കെണികള്‍ മുറുകുമ്പോഴാണ് ഞാന്‍ കയറിവന്നു   ബസുവിന്റെ സത്യാവസ്ഥ പൊതുവില്‍ വെളിപ്പെടുത്തിയത്. അതോടെ ഇര ദരിദ്രനായ അന്വേഷകന്‍ മാത്രമാണെന്നു  മനസ്സിലാക്കി കഠാരകള്‍ തിരശ്ശീലക്ക്  പുറകിലേക്കു  പിന്‍വലിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ അല്ലായിരുന്നെങ്കില്‍ ആര്‍ക്കറിയാം, വി.ബസു പഴയപാലത്തിനു കീഴെ തണുത്ത ചോരയില്‍ ഒഴുകിപ്പോകുമായിരുന്നു. ഏതായാലും രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നതു  കരുതലോടുകൂടിയാകണമെന്ന് ഷാപ്പുകാരന്‍ എന്നെ ഉപദേശിച്ചു. എന്നെ കണ്ടപ്പോള്‍ അയാളുടെ സഹോദരനെ ഓര്‍ത്തുപോയതിനാലാണ് അയാള്‍ അത്രയും പറഞ്ഞത്. ഇരുകാലികള്‍ ഭക്ഷണത്തിനുവേണ്ടിയല്ലാതെയും കൊല്ലുമെന്നത് ശരിയാകാം. എങ്കിലും ആത്യന്തികമായി മനുഷ്യനന്മയില്‍ വിശ്വസിക്കാതെ  ആര്‍ക്കും വഴിനടക്കാനാവില്ലെന്നു  ഞാന്‍ അയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അയാള്‍ ജ്ഞാനത്തിന്റെ ചിരി വിടര്‍ന്ന മുഖത്തോടെ ഊഞ്ഞാലാടുന്ന കമ്പ്രാന്തല്‍ വെളിച്ചത്തില്‍ എന്നെ വാതില്‍ കടക്കാന്‍ സഹായിക്കുമ്പോള്‍ അര ലിറ്റര്‍ ചാരായമടിച്ചാല്‍ മനുഷ്യനന്മയില്‍ വിശ്വസിച്ചു പോകുന്നത് തെറ്റല്ലെന്ന് ആശ്വസിപ്പിച്ചു. പ്രത്യേകിച്ചൊന്നിലും വിശ്വസിക്കാതിരിക്കലാണ് ഒരു നല്ല വിശ്വാസിയുടെ ലക്ഷണം എന്നാണ് അയാള്‍ക്ക് പറയാനുള്ളത്. 

 

...............................

Read more: അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
...............................

 

നക്ഷത്രങ്ങള്‍ അമ്മാനമാടുന്ന ആകാശത്തെ, ചീറിപ്പായുന്ന വാഹനങ്ങളെ വകഞ്ഞുമാറ്റി എതിരെ പോകുന്നവരോടു  ചിരിച്ചും കൂടെപ്പോരുന്നവരോടു കരഞ്ഞും ആ രാത്രിയില്‍ ഞാന്‍ നടന്നു. ദുരിതങ്ങളും സുഖങ്ങളും മൂര്‍ച്ഛകളും  അലങ്കരിച്ചുവച്ച ലോകത്തിന്റെ അതിഥിമുറിയിലേക്കു ക്ഷണിക്കപ്പെടാതെ കയറിച്ചെന്നവന്റെ ഔപചാരികത എന്നെ ഏതേതു വഴികളിലൂടെ വലിച്ചിഴച്ചിട്ടുണ്ട്! അല്പസ്വല്പം മേക്കപ്പോടുകൂടി കാട്ടിലെ കുറുക്കന്‍ രാജാവായ ബാലപാഠം മീന്‍ മുള്ള്‌പോലെ തൊണ്ടയില്‍ വിലങ്ങനെ കുരുങ്ങുന്നു. മരങ്ങള്‍ക്കും സ്ട്രീറ്റ് ലൈറ്റുകള്‍ക്കും അവിശുദ്ധവും അവ്യാഖേയവുമായ ഈ നിമിഷത്തിനും മറുപുറത്തുള്ള നിശ്ശബ്ദമായ ഒരു തടാകത്തിലേക്കു  ഞാന്‍ മുഖം കുനിച്ചിരിക്കുന്നു. ഉച്ചരിച്ച വാക്കുകളുടെ കാലൊച്ച പുറകില്‍ നീണ്ടുകിടക്കുന്ന മരുഭൂമിയില്‍ അലഞ്ഞു നടക്കുന്നുണ്ട്. നാക്കറ്റ നിലവിളിപോലെ ഒരു വാക്ക് പ്രജ്ഞയില്‍ പതിഞ്ഞാടുന്നു. 

നിശ്ചലമായ നവംബറിലൂടെ നീങ്ങുന്ന കറുത്ത പാതയുടെ വെട്ടിത്തിളങ്ങുന്ന വായ്ത്തലയില്‍ മണ്‍കുടം ഒക്കത്തുവച്ചു  നടന്നുപോകുന്നവളുടെ രൂപം ദൃഢവും നിശിതവുമായ രേഖകളില്‍ തെളിഞ്ഞു നിന്നു. വിശദാംശങ്ങളില്‍ അല്പംപോലും വ്യത്യാസമില്ലാതെ ഇതേ രാത്രിയും വേനല്‍ക്കാലത്തിന്റെ ചൂടുള്ള വായുവും മനുഷ്യവൃക്ഷത്തിന്റെ ചില്ലകളുടെ അതേ  ചലനങ്ങളും നെയ്തുണ്ടാക്കിയ കാഴ്ചയിലൂടെ  ഞാന്‍ കടന്നുപോയതെന്നാണ്? ഒരു റെയില്‍വേ സ്‌റ്റേഷനില്‍ തലതാഴ്ത്തി നില്‍ക്കുന്നതിനു മുമ്പ്? അതോ അതിനു ശേഷം? ബോധാബോധങ്ങളുടെ കൂടുപേക്ഷിച്ച് ഇന്ദ്രിയങ്ങള്‍ പറന്നകന്നു. ഞരമ്പുകളില്‍ ആഞ്ഞുവീശുന്ന വിഷജ്വരത്തില്‍  കൂനിവിറച്ചു  വളവ്തിരിയുന്ന പാര്‍ശ്വഭാഗങ്ങളെയും മണ്‍കുടത്തെയും പിന്തുടര്‍ന്നു.

 

.....................................

Read more: മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
.....................................

 

ആന്തരികമായ ശൂന്യതയിലേക്കു  മറ്റെല്ലാം തകര്‍ന്നുവീഴുമ്പോള്‍ ശ്വാസംമുട്ടി പറഞ്ഞു തുടങ്ങി: 

'അതെല്ലാം ഇപ്രകാരമായിരുന്നു. ചുടലപ്പറമ്പ് ഇതായിരുന്നു. ക്രൂരമായ എന്റെ പ്രണയത്തെയോര്‍ത്ത് ആല്‍മരച്ചോട്ടില്‍  മരണം കാത്തുകിടന്നപ്പോഴും നീ വിലപിച്ചു. എങ്കിലും നിന്നെ തേടി നടന്ന വഴികളിലെല്ലാം ഞാന്‍ നിന്നെ മറന്നു. നിന്റെ മൂക്കും മുലയും കരചരണങ്ങളും ഛേദിച്ച നീതിയുടെ സദസ്സില്‍വച്ചാണ് നമ്മുടെ പ്രേമം ആരംഭിച്ചത്. സമയമായി പോലും...എന്റെ തപസ്സിന്റെ കണ്ണീര്‍ നിന്റെ മുറിവുകളില്‍ വീണ് തേനായി തീരട്ടെ. ജ്ഞേയവും അജ്ഞേയവുമായ സകലതിന്റെയും സ്ഫുരണമായി ഈ തീക്ഷ്ണസൗന്ദര്യത്തിന്റെ ഉത്സവം ആരംഭിക്കട്ടെ. നോക്ക്, അതാ... ചിദാകാശത്തില്‍ കാമഭ്രാന്തനായ ചന്ദ്രന്‍ ഉദിച്ചുയരുന്നു. ഉത്തരമഥുരാപുരിയില്‍ നൃത്താലയങ്ങളിലും മദ്യശാലകളിലും ഗോപുരങ്ങളിലും നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ആരോ ഊതിക്കെടുത്തിയ ചിരാതുകള്‍ തെളിഞ്ഞുകഴിഞ്ഞു. ചെണ്ടകളുടെ മദമത്സരത്തില്‍ തെരുവീഥികള്‍ കുലുങ്ങുന്നു. കൊമ്പുകളുടെയും കുഴലുകളുടെയും നാദസമുദ്രം ഭേദിച്ച് പച്ചിലക്കൂട്ടങ്ങളും കിളിപ്പറ്റങ്ങളും  ആകാശത്തിലേക്ക് കുതിച്ചുയരുന്നു. ആയിരമായിരം തബലകളില്‍ ഭൂഗര്‍ഭത്തിലെ അഗ്നിപര്‍വ്വതങ്ങള്‍ ഒന്നിച്ചിരമ്പുന്നു. മരിച്ചുപോയവരും പിറക്കാനിരിക്കുന്നവരും അന്യപ്രപഞ്ചത്തിലിരുന്ന് മഹത്തായ ജീവന്റെ വീണാക്വണം അനസ്യൂതമായി മുഴക്കുന്നു. ഗുഹകളിറങ്ങിവന്ന രതിശില്പങ്ങള്‍ ആരാമങ്ങളില്‍ ചുവട് വെക്കുന്നു. ഉഷസ്സിനെ കൈവെടിഞ്ഞ ചെമ്പകവും മന്താരവും ജമന്തിയും നിത്യകല്യാണിയും പനിനീരും താമരയും പൂവുകളാല്‍ വീര്‍പ്പുമുട്ടുന്ന രാത്രി. നമ്മെ കെട്ടിപ്പുണര്‍ന്നു  കുതിച്ചൊഴുകുന്ന പൂക്കളുടെ നദി. കൊടുങ്കാടുകളുടെ സാന്ദ്രതയില്‍ മഞ്ഞയും ചുവപ്പും നീലയും പച്ചയും മേഘങ്ങള്‍  വികാരങ്ങളുമായി താഴ്ന്നു താഴ്ന്നിറങ്ങുന്ന രാത്രി. ജീവനുള്ളതെല്ലാം രതിക്രീഢയുടെ ചില്ലുപാളികളില്‍ സ്വയം നശിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന രാത്രി . എല്ലാ പ്രപഞ്ചങ്ങളുടെയും ഏകോപിച്ചുള്ള അസ്തിത്വം നമ്മുടെ സമാഗമത്തിലേക്ക് കൂപ്പുകുത്തുന്ന ജലരാത്രി. എന്റെ കൈക്കുമ്പിളില്‍ നീയൊഴിച്ചു തരുന്ന ഇനിയും ജീവിക്കാത്ത ജീവിതത്തിന്റെ അമൃത് ഞാന്‍ മൊത്തിക്കുടിക്കട്ടെ. നാം പരസ്പരം നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ നിന്നോടിത് ചെയ്‌തേ പറ്റൂ.'

 

..................................

Read more: ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
..................................

 

''ഫ! ...' വാസവദത്ത മുഖമടച്ച് ആട്ടി. കുടിലിന്റെ വാതില്‍ കൊട്ടിയടക്കപ്പെട്ടു. മണ്‍കുടത്തില്‍ വെള്ളം ചെറിയ പാത്രങ്ങളില്‍ നിറയുന്ന സ്‌നേഹസമ്പൂര്‍ണ്ണമായ സ്വരത്തിനു  കാതോര്‍ക്കുമ്പോള്‍ പുറകില്‍ അടി വീണു. 

'നടുറോട്ടിലാണോടാ പട്ടീ...'

തമാശയും വെറുപ്പും പൗരധര്‍മ്മവും സാമൂഹ്യനീതിയും കളിയാടുന്ന ആള്‍ക്കൂട്ടത്തിന്റെ കണ്ണുകള്‍ക്കിടയിലൂടെ സന്ന്യാസി പരിത്യാഗത്തിന്റെയും നിര്‍മ്മമതയുടെയും വസ്ത്രം ഊരി വലിച്ചെറിഞ്ഞു. വികൃതവും ദയനീയവും കണ്ടാല്‍ ചിരിവരുന്നതും അര്‍ഹതപ്പെട്ടതിന്റെ അതിജീവനത്തെ  ഓര്‍മ്മിപ്പിക്കുന്നതുമായ ഒരു പോസില്‍ പ്രത്യാക്രമണത്തിന് തയ്യാറെടുത്തു.

'അന്യന്റെ ഭാര്യയെ കയറിപ്പിടിക്കുന്ന കള്ളക്കഴുവേറി മോനേ ...'

ആക്രമിക്കാനുള്ള കൊതിയില്‍ മുരളുന്ന മസിലുകള്‍... മുഷ്ടികള്‍ മുഖത്താഞ്ഞു പതിച്ചു. അടിവയറ്റില്‍ തൊഴികൊണ്ടപ്പോള്‍ ശ്വാസം നിലച്ചു. വീഴരുത്. വെള്ളത്തില്‍ മുങ്ങിപൊങ്ങുന്നത്‌പോലെ കൈകാലുകള്‍ തെരുതെരെ വീശി. ശരീരങ്ങളും ഇരുട്ടും മണ്ണും അട്ടഹാസങ്ങളും ഏറ്റുമുട്ടി  കെട്ടിമറിഞ്ഞു. ശരീരങ്ങള്‍ ശത്രുക്കളാകുന്നു . യഥാര്‍ത്ഥ ശത്രു പതുങ്ങിയിരിക്കുന്നതെവിടെ? കാണാനാവുന്നില്ല. ഈ സമരത്തില്‍ മാറ്റുരക്കപ്പെടുന്ന പകയില്‍ താല്പര്യം പുലര്‍ത്താനാവില്ല. കാരണം നിങ്ങള്‍ക്ക് നില്‍ക്കാനുള്ള സ്ഥലംപോലും നഷ്ടപ്പെട്ടു കഴിഞ്ഞു. മാംസവും എല്ലും രക്തവും അപരിചിതന്റെ കാലുകള്‍ ചവിട്ടിമെതിച്ചു. ക്രമേണ തിരശ്ശീലയിലെ നിഴല്‍ക്കൂത്ത് മന്ദഗതിയിലാകുന്നു. ആരോ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി .

'പേരെന്താടാ?'

നാമമില്ലാത്ത പുരുഷന്‍ ഒരു പേരു  പറഞ്ഞു. വേച്ചുനീങ്ങുന്ന കഥാപാത്രത്തെ നിര്‍വ്വികാരം പിന്തുടരുന്ന കാമറ. സൗണ്ട് ട്രാക്കിലെ പശ്ചാത്തല സംഗീതം മുറിച്ചു  നീക്കപ്പെട്ടു. 

 

.....................................

Read more: ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
.....................................

 

മുന്നോട്ടു  പോകുമ്പോള്‍ പുറകില്‍ വരുന്ന ചോരയൊലിക്കുന്ന രണ്ടു കണ്ണുകള്‍ ശരീരം സാവധാനം പരിശോധിക്കുന്നു. ബ്ലേഡിന്റെ തിളങ്ങുന്ന മൂര്‍ച്ചക്കു  തത്തുല്യമായ ആത്മനിഷ്ഠതകൊണ്ട് ഒരു കഴുത്തറപ്പന്‍ പരിപാടി. ചാരായത്തിലും ചളിയിലും ചോരയിലും ഭ്രാന്തിലും ഉഴുതുമറിച്ച  അപരന്റെ ശരീരം. ഇത്‌കൊണ്ട് അയാള്‍ ലോകത്തെ തന്റെ വാതില്‍പ്പടിക്കു  പുറത്തേക്ക് തള്ളി മാറ്റുന്നു. പിന്നീടെപ്പോഴോ എല്ലാറ്റിനെയും കെട്ടിപ്പുണരാനായുന്ന ആ കൊച്ചുകരങ്ങളുടെ  ദുര്‍ബ്ബലത എത്രമാത്രം പരിഹാസ്യമാണ്!  പുകപിടിച്ച ശ്വാസകോശങ്ങളും ദ്രവിക്കുന്ന കരളും പാതി ദഹിച്ച കോഴിമുട്ടയും എന്‍സൈമുകളും ഒഴുകിനടക്കുന്ന ദുര്‍ഗന്ധപൂരിതമായ ചെറുകുടലും ഉപകരണങ്ങളാക്കിയുള്ള പരീക്ഷണങ്ങള്‍. വീര്‍ത്തു കലങ്ങിയ കണ്ണുകളും പൊട്ടിയ ചുണ്ടും വാക്കുകളുടെയും അസത്യത്തിന്റെയും വേശ്യാലയം. അപമാനവും അഹന്തയും അനിശ്ചിതത്വവും നുരകുത്തുന്ന ഒരു പിടി തലച്ചോര്‍ എന്തു  തെളിയിക്കുമെന്നാണ് അയാള്‍ കാത്തിരിക്കുന്നത്? അയാള്‍ക്കെതിരെ അയാള്‍ നടത്തിയ പടയോട്ടങ്ങളില്‍ വെട്ടിപ്പിടിച്ച അനന്തമായ തരിശില്‍ ആത്മഹത്യയുടെ കൊടിക്കൂറ ഉയരുന്നു. 

അങ്ങനെയങ്ങനെ ഉണ്മയിലെ ആഴത്തിലുള്ള ശവക്കല്ലറ തുറന്നു  പുഞ്ചിരി ഉപരിതലത്തിലേക്ക് തികട്ടിവന്നു. വീട്ടുകിണറിന്റെ പൊളിഞ്ഞു പായല്‍പിടിച്ച കല്‍പ്പടവില്‍  പാതിരാവില്‍  കുന്തിച്ചിരിക്കുന്ന ബ്രഹ്മരക്ഷസ്സിനെപോലെ ചിരി വാലുംചുരുട്ടി പല്ലുകളില്‍ ഇരുപ്പായി. ക്രമേണ വെള്ളത്തില്‍ ധൃതിയില്ലാതെ ചെരിയുന്ന മണ്‍കുടത്തിലെ ശബ്ദം ചിരിയില്‍ പ്രവേശിച്ചു. 

'ഗ്ളും ഗ്ലു ഗ്ളും ഗ്ളും ...' 

ഊറിച്ചിരിച്ചുകൊണ്ടു  കയറ്റം കയറി. നടക്കുകയും ചിരിക്കാന്‍വേണ്ടി നില്‍ക്കുകയും ചെയ്തു. നടന്നു നടന്നു നടന്നു ചിരിച്ചു. മതിലുകളില്‍ ചാരി, വൃക്ഷങ്ങളില്‍ കെട്ടിപ്പിടിച്ച്, ചരലില്‍ മുഖം പൂഴ്ത്തി ചിരിച്ചു.  വാതില്‍ തുറക്കുന്നതിന്റെയും അടയുന്നതിന്റെയും മേശ നീക്കുന്നതിന്റെയും പേന താഴെ വീഴുന്നതിന്റെയും ശബ്ദംകേട്ടു  ചിരിച്ചു. അണയുന്ന വെളിച്ചം നോക്കി ചിരിച്ചു. കൊള്ളിമീന്‍ ചാടുന്നതു  കണ്ടു  തലയുയര്‍ത്തി ചിരിച്ചു. മനുഷ്യരുടെ സന്തോഷങ്ങളും മരിച്ചുപോയവരുടെ ആഗ്രഹങ്ങളുമോര്‍ത്തു  മുഖം കൈകളില്‍ താങ്ങി ചിരിച്ചു. ദൈവത്തിന്റെയും പിശാചിന്റെയും കഷ്ടപ്പാടുകളോര്‍ത്തപ്പോള്‍ ചിരി നിര്‍ത്താനായില്ല. കൂട്ടുകാരുടെ ചെരിപ്പുകളും റിസ്റ്റ് വാച്ചുകളും ഷര്‍ട്ടിന്റെ ഡിസൈനുകളും കണ്ടപ്പോള്‍ പൊട്ടിച്ചിരിച്ചു. സ്വന്തം വിരലുകളെയും അന്യന്റെ ചെവികളെയും നോക്കി വയറു തിരുമ്പി ചിരിച്ചു. ഒരു വര്‍ഷം, ഗ്രൂപ്പ്, കെമിക്കല്‍ ഫോര്‍മുല, നന്മയിലെ സംശയം, അനിവാര്യമായ നീക്കുപോക്ക്, ക്‌ളോക്കിന്റെ മിടിപ്പ്, പഴകിയ ചീട്ട്, ആത്മപീഢനവും പരിത്യാഗവും, ചെറുകുടല്‍, മൈക്രോ പ്രോസസ്സര്‍, മഞ്ഞില്‍ കറങ്ങുന്ന ചക്രം, ഉയരത്തിലുള്ള ബാറുകള്‍, വലതുഭാഗം, പ്രണയം, മരണം, കുഷ്ഠവും വാകപ്പൂവിന്റെ ചുവപ്പും, ചെറിയ കുട്ടികളുടെ ദുശ്ശീലം , വിപ്ലവകവിതയിലെ വിരഹം, വയസ്സ് കാലത്തെ വാതം... എല്ലാമെല്ലാം ചിരിക്കു  വക നല്‍കി. 

 

................................

Read more: രാജേഷ് ആര്‍ വര്‍മ്മ എഴുതിയ കഥ, കൊളോണിയല്‍ കസിന്‍സ് 
................................

 

ഒരിക്കല്‍ ഒരാള്‍ കുളത്തില്‍നിന്നും വലിയൊരു മീനിനെ പിടിച്ചു  കരയിലിട്ട് അയാളുടെ പാട്ടിന് പോയി. മരണവെപ്രാളത്തില്‍ പിടഞ്ഞു പിടഞ്ഞു മീന്‍ കുളത്തിന്റെ കരയിലെത്തി. ഒടുവില്‍ എല്ലാ ശക്തിയും സംഭരിച്ചു  മീന്‍ കുളത്തിലേക്കു  ചാടി. എന്നാല്‍ ജലത്തിന്റെ ഉപരിതലത്തെ ഭേദിച്ച് അതിന് ഒരിക്കലും തുളച്ചു പോകാന്‍ സാധിച്ചില്ല. ആ വലിയ മീന്‍ ജലാശയത്തിന്റ മേല്‍ഭാഗത്ത്  തന്റെ മൂക്കുകൊണ്ടു  തുളയുണ്ടാക്കാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഈ കഥയുടെ ഗുണപാഠം മനസ്സിലാക്കി അട്ടഹസിച്ചു ചിരിച്ചു. അനന്തമായ കാലവും ദുരിതത്തിന്റെ തുച്ഛമായ ഇരുപത്തിരണ്ടു വര്‍ഷങ്ങളും തമ്മിലുള്ള  പരിഹരിക്കാനാവാത്ത വൈരുദ്ധ്യമോര്‍ത്തു  ചെന്നിയിലെ വേദനിക്കുന്ന ഞരമ്പുകള്‍ വിരലുകൊണ്ട് അമര്‍ത്തി ചിരിച്ചു. അറിഞ്ഞതിലും ആശിച്ചതിലും സ്‌നേഹിച്ചതിലും നിരാശയിലും വെറുപ്പിലും സ്വപ്നത്തിലും രോഷത്തിലും മടുപ്പിലും യുക്തിയിലും പറയാതെ അണക്കല്‍വച്ച വിഷത്തിലും ആളിപ്പിടിച്ചു  ചിരി പടര്‍ന്നുകത്തി. സര്‍വ്വവും കരിയായി. നിശ്ചലമായ സ്ഫടികംപോലെ തെളിഞ്ഞ മനസ്സില്‍ മുഖത്തിന്റെ ഛായ താഴ്ന്നു. 

ഉറക്കം എന്നന്നേക്കുമായി പൊയ്പ്പോയ കണ്ണുകള്‍ തുറന്നുപിടിച്ചു  സ്വസ്ഥമായി കിടക്കാന്‍ ഒഴിഞ്ഞുതന്ന ഈ കട്ടില്‍ ആരുടേതാണ്?

 (1989ല്‍ എഴുതിയ കഥ)

 

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!