വാക്കുല്‍സവത്തില്‍ ഇന്ന് സുദീപ് ടി ജോര്‍ജിന്റെ കഥ.
കാര്‍ണിവല്‍ മൈതാനങ്ങളിലെ തൊട്ടില്‍ത്തോണിയെപ്പോലാണ് സുദീപ് ടി ജോര്‍ജിന്റെ കഥകള്‍. പുറമേ ശാന്തം, സൗമ്യം. അകത്തു പെട്ടാല്‍, പിന്നെ വേഗം കൂടും. നെഞ്ചിടിക്കുന്നത്ര മുറുക്കമാവും. ഉയരങ്ങളിലേക്ക് കറക്കിയെറിയപ്പെടും. ആകാശങ്ങള്‍ തലയ്ക്കുമോളില്‍ കറങ്ങും. അസാധാരണ വേഗങ്ങളും വിചിത്രശബ്ദങ്ങളും മുറുക്കങ്ങളും ചേര്‍ന്ന് മറ്റൊരു ലോകം തൊടും. സുദീപിന്റെ കഥകളില്‍ ചെന്നുപെടുന്ന വായനക്കാര്‍ക്കുമുന്നിലും ഈ വിചിത്രലോകങ്ങള്‍ പത്തിവിടര്‍ത്തുന്നുണ്ട്.
പുതിയ കാലത്തിന്റെ, പുതിയ ജീവിതത്തിന്റെ, ചരിത്രത്തിന്റെ, രാഷ്ട്രീയത്തിന്റെ മണ്ണുറപ്പുകളില്‍നിന്നാണ് കഥയുടെ ആ തോണിയുടെ കറക്കം. കഥപറച്ചിലിന്റെ ചടുലതയും കൗശലവും കരവിരുതും ഒരു മാജിക്കുകാരനെപ്പോലെ വായനക്കാരെ വിചിത്രാനുഭവങ്ങളില്‍ പിടിച്ചിടും. വാക്കുകീറിയ മുടിനാരിഴകളിലൂടെയാണ് സഞ്ചാരമെങ്കിലും അടിമുടി ദൃശ്യാത്മകമാണ് ആ േലാകം. വായിക്കുകയല്ല, അനുഭവിക്കുകയാണ്, അറിയുകയല്ല, പങ്കാളിയാവുകയാണ് വായനക്കാര്‍.
undefined
സ്വന്തം റിസ്‌കില്‍ മാത്രം പ്രവേശിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന, അനേകം കുഴിബോംബുകള്‍ മറഞ്ഞിരിക്കുന്ന ആ പോര്‍നിലം, അനേകം ഘടകങ്ങള്‍ അസാമാന്യപാടവത്തോടെ സമന്വയിപ്പിച്ച് ഒരു സിനിമ പോലെ ഒരുക്കുന്ന ഒരാളാണിവിടെ കഥാകൃത്ത്. കഥപറച്ചിലിനു മാത്രം ചെന്നെത്താന്‍ കഴിയുന്ന വിചിത്രസ്ഥലികളിലേക്ക് ആളുകളെ കൊണ്ടുചെന്നാക്കുന്ന ഒരു ടൂര്‍ ഓപ്പറേറ്റര്‍.
ഇന്ന് എന്റെ മകള്‍ മിയയുടെ മൂന്നാമത്തെ വിവാഹമാണ്. ആദ്യ രണ്ടുതവണത്തെയും പോലെ ഇവിടെനിന്നുതന്നെ അവള്‍ ഒരുങ്ങിയിറങ്ങുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, ഇന്നലെ വൈകുന്നേരം ഒന്നു പറയുകപോലും ചെയ്യാതെ അവള്‍ ഫ്‌ളാറ്റുവിട്ടുപോയി. പാതിരാത്രിയായപ്പോള്‍ വാട്ട്‌സാപ്പിലൊരു മെസേജ്: ''ഞാനൊരു ഫ്രണ്ടിന്റെ റൂമിലാണ്. നാളത്തെ ഫങ്ഷന് പള്ളിയുടെ ഓഡിറ്റോറിയം ബുക്കുചെയ്തിട്ടുണ്ട്. രാവിലെയൊരു പത്തരയോടെ പപ്പയങ്ങെത്തുമല്ലോ? പറ്റിയാല്‍ മമ്മയേയും കൂട്ടണം.''
ഞാന്‍ അപ്പോള്‍ ബാല്‍ക്കണിയില്‍, *'ഹിമവാന്റെ മുകള്‍ത്തട്ടില്‍' വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യയുടെ ബെഡ്‌റൂമിലെ വെളിച്ചം അവിടെയിരുന്നാല്‍ കാണാം. ഉയരങ്ങള്‍ വലിയ പേടിയാണവള്‍ക്ക്. എനിക്കാണെങ്കില്‍ നേരെ തിരിച്ചും. അങ്ങനെയാണ് നാലുവര്‍ഷം മുമ്പ് രണ്ടാമത്തെ നിലയിലുള്ള അവളുടെ ഫ്‌ളാറ്റില്‍നിന്നു പറിച്ചെടുത്ത് ഞാന്‍ എന്നെ ഈ പതിന്നാലാം നിലയില്‍ നട്ടത്.
രാത്രിയിലിപ്പോള്‍ തീരെ ഉറക്കമില്ല. മിക്കവാറും രണ്ടുരണ്ടര വരെ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും. പക്ഷേ, നാലഞ്ചുദിവസമായി കണ്ണിന് വല്ലാത്ത വേദന. അതുകൊണ്ട്, മിയയുടെ മെസേജ് വന്നതിനു പിന്നാലെ ഞാന്‍ ഹിമവാന്റെ മുകള്‍ത്തട്ടില്‍നിന്നിറങ്ങി.
ബാല്‍ക്കണിയുടെ അരമതിലിലെ ചെടിച്ചട്ടിയില്‍ ഒരു ബോണ്‍സായിയുണ്ട്. ഡാര്‍ജിലിങ്ങില്‍നിന്നു വന്ന ഒരു സുഹൃത്ത് സമ്മാനിച്ച ദേവദാരു. പണ്ടൊരു കേദാര്‍നാഥ് യാത്രയ്ക്കിടെ, പര്‍വ്വതങ്ങളിലേക്ക് തലയുയര്‍ത്തി ധ്യാനിച്ചുനില്‍ക്കുന്ന ദേവദാരുക്കള്‍ വഴിനീളെ കണ്ടിരുന്നു. അതാണിപ്പോള്‍ പതിന്നാലാം നിലയിലെ ചെടിച്ചട്ടിയില്‍ തല കുമ്പിട്ടുറങ്ങുന്നത്! നീരുവെച്ച കൈയില്‍ തടവുന്നതുപോലൊരു സുഖം തോന്നി. ഒരിക്കല്‍ ഹിമാലയത്തെ അപ്പാടെ പറിച്ചെടുത്തുകൊണ്ടുവന്ന് ബോണ്‍സായ് ആക്കി ചെടിച്ചട്ടിയില്‍ കുഴിച്ചുവയ്ക്കണം.
റോഡിലൂടെ ഒന്നുരണ്ടുവണ്ടികള്‍ പാഞ്ഞുപോയി. നൂറു കിലോമീറ്റര്‍ അകലെയുള്ള ജെ എന്ന പട്ടണത്തിലേക്ക് പച്ചക്കറികളുമായി പോകുന്ന ട്രക്കുകളാണ്. മൂന്നുനാലാഴ്ചമുമ്പ് ഇതേപോലെ നോക്കിനിന്നപ്പോഴാണ് വളവുതിരിഞ്ഞുവന്ന ട്രക്ക് റോഡിന്റെ കൈവരി തകര്‍ത്ത്് മുന്നൂറടി താഴ്ചയിലേക്ക് മറിഞ്ഞത്. എന്തൊരൊച്ചയായിരുന്നു! എന്തായിരുന്നു ആ വണ്ടിയില്‍? പഴങ്ങളോ പച്ചക്കറികളോ? അതോ ഉള്ളിയോ ഗോതമ്പോ? പത്രം വായിക്കുകയോ ടീവി കാണുകയോ ചെയ്യാത്തതുകൊണ്ട് വാര്‍ത്തകളൊന്നും അറിയാറില്ല. (ട്രക്കോടിച്ചിരുന്ന ഡ്രൈവറും കൂടെയുള്ള ക്ലീനറും പിന്നെ, നമ്മുടെ വിഷയമാവേണ്ടവരല്ലല്ലോ.)
സിഗററ്റ് പുകച്ചും ഇങ്ങനെ ഓരോന്നെല്ലാം ആലോചിച്ചും ഒരുപാടുനേരം ബാല്‍ക്കണിയിലങ്ങനെ നിന്നുപോയതുകൊണ്ട് ഇന്നുകാലത്ത് ഉണര്‍ന്നപ്പോള്‍ എട്ടുമണി കഴിഞ്ഞു. എഴുന്നേറ്റപ്പോള്‍ കണ്ണട കാണാനില്ല. കിടക്കാന്‍നേരത്ത് എവിടെയാണ് വെച്ചത്? മുറിയാകെ നോക്കി. മൂക്കില്‍നിന്ന്, മുഖത്തുനിന്ന്, പുസ്തകത്തില്‍ നിന്ന്, കിടക്കയില്‍ നിന്ന്, മുറിയില്‍നിന്ന്, ഫ്‌ളാറ്റില്‍നിന്ന്, നഗരത്തില്‍നിന്ന്, ഭൂമിയില്‍നിന്ന്, പ്രപഞ്ചത്തില്‍നിന്നുതന്നെ ഒരു തെളിവും തരാതെ അത് അപ്രത്യക്ഷമായിരിക്കുന്നു. നഗ്‌നമായ കണ്ണിനുമുന്നില്‍ കാഴ്ചകളെല്ലാം മഞ്ഞുമൂടിക്കിടന്നു.
തിടുക്കത്തില്‍ കുളിച്ചു റെഡിയായി, ഒരു സാന്‍ഡ് വിച്ചുണ്ടാക്കി കഴിച്ച് ബാല്‍ക്കണിയിലേക്കുള്ള വാതിലടയ്ക്കാന്‍ ചെന്നപ്പോഴാണ് കണ്ടത്- കണ്ണട ദാ ദേവദാരുവിന്റെ ഉച്ചിയില്‍ തൂങ്ങിക്കിടക്കുന്നു. പ്രപഞ്ചത്തിലേക്ക്, ഭൂമിയിലേക്ക്, നഗരത്തിലേക്ക്, ഫ്‌ളാറ്റിലേക്ക്, മുറിയിലേക്ക്, കിടക്കയിലേക്ക്, പുസ്തകത്തിലേക്ക്, മുഖത്തേക്ക്, മൂക്കിലേക്ക് കണ്ണട മടങ്ങിയെത്തിയിരിക്കുന്നു.
ലിഫ്റ്റിറങ്ങി രണ്ടാംനിലയിലെത്തി ഭാര്യയുടെ വാതിലില്‍ മുട്ടി. കോളിങ് ബെല്ലടിച്ചു. ഉറക്കെ വിളിച്ചു. തുറക്കുന്നില്ല. ഒച്ച കേട്ട് സെക്യൂരിറ്റി ഓടിവന്നു.
''മാഡം കുറച്ചുമുമ്പ് പോയല്ലോ സാര്‍''.
''എങ്ങോട്ട്?''
''അത് പറഞ്ഞില്ല സാര്‍''.
പാര്‍ക്കിങ്ങ് ഏരിയയില്‍ നിസാന്‍ സണ്ണി കിടപ്പുണ്ട്.
''അസോസിയേഷന്റെ മീറ്റിങ് ഇന്നാ. സാറുണ്ടാവില്ലേ?''- ഗേറ്റ് തുറക്കുന്നതിനിടയില്‍ സെക്യൂരിറ്റി ചോദിച്ചു.
''എനിക്ക് വേറൊരു പ്രോഗ്രാമുണ്ടെന്ന് പറഞ്ഞേക്കൂ.''
''ഓ''
ഒരുപാടുനാള്‍ കൂടിയാണ് ഒന്നു പുറത്തിറങ്ങുന്നത്. പണ്ടൊക്കെ നേരേ തിരിച്ചായിരുന്നു. ഓഫീസില്‍നിന്നിറങ്ങാന്‍ എത്ര വൈകിയാലും കന്റോണ്‍മെന്റ് സ്ട്രീറ്റിലൂടെയും ജയില്‍ റോഡിലൂടെയും കുറേനേരം വെറുതെ ഡ്രൈവ് ചെയ്യും. കറങ്ങിത്തിരിഞ്ഞ് എന്നുമെത്തുന്നത് പാലസിന് പിന്നിലുള്ള ഡെസേര്‍ട്ട് കാസിലിലാണ്. പബ്ബ് അടയ്ക്കുവോളം അവിടെയിരിക്കും. ബെക്കാഡിയാണ് കൂട്ട്. മിക്കവാറും പാതിരാത്രി കഴിഞ്ഞാണ് വീട്ടിലെത്തുക.
.............................................................................
പൂക്കളുടെ വലിയൊരു കൂനയ്ക്കുള്ളിലേക്ക് കുഴിച്ചുകുഴിച്ചിറങ്ങുകയാണയാള്‍. അതിനടിയില്‍ ഒരു കട്ടില്‍ വെളിപ്പെട്ടതും അയാള്‍ നിലവിളിച്ചു.
.............................................................................
ഒരു മരം പോലുമില്ലാതിരുന്ന അന്നത്തെ നഗരത്തിന് എന്തൊരു പ്രൗഢിയായിരുന്നു. റോഡുകള്‍ക്കിരുപുറവും പല വലിപ്പത്തില്‍ കെട്ടിടങ്ങള്‍ മുളച്ചുപടര്‍ന്നു കിടന്നു. ബേണില്‍നിന്നും കീവില്‍നിന്നും ബൊഗോട്ടയില്‍നിന്നുമൊക്കെ വന്ന ടൗണ്‍ പ്ലാനിങ് എക്‌സ്‌പേര്‍ട്‌സ് ചുമലില്‍ തട്ടി അഭിനന്ദിച്ചപ്പോള്‍ എന്തൊരഭിമാനമായിരുന്നു. ജോലിയില്‍ കയറിയിട്ട് അപ്പോള്‍ പത്തുവര്‍ഷം തികഞ്ഞിരുന്നില്ല. മറ്റാര്‍ക്കും ആലോചിക്കാന്‍ പോലും കഴിയാത്ത തരത്തിലാണ് ഈ നഗരത്തെ ഞാന്‍ മാറ്റിയത്. ഭ്രാന്തുപിടിച്ച ഭാവനയില്‍ പ്ലാനുകള്‍ വരച്ചു. പതിനാറാം നൂറ്റാണ്ടുമുതലിങ്ങോട്ട് പല സാമ്രാജ്യങ്ങളിലും കാലത്തെ അതിജീവിച്ചുനിന്ന നിര്‍മ്മിതികളുടെ നിഗൂഢവടിവുകള്‍ കൂട്ടിക്കുഴച്ച് പുതിയൊരു നഗരം പടുത്തുയര്‍ത്തി. തൊണ്ണൂറ്റിനാല് കുടുംബങ്ങളെ ബുള്‍ഡോസര്‍ ഓടിച്ചുകയറ്റി ഒഴിവാക്കിയാണ് പട്ടണനടുവിലെ ചേരിയില്‍ ഇരുപതു നിലകളില്‍ ഇരുന്നൂറ് ഫ്‌ളാറ്റുകളുള്ള ഈ കെട്ടിടം കെട്ടിപ്പൊക്കിയത്. (അതിന് സര്‍ക്കാര്‍ തന്ന സമ്മാനമാണ് ഭാര്യ ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റ്.)
ആ നഗരമാണ് ഇപ്പോള്‍ ഈ കോലത്തിലായിരിക്കുന്നത്. കണ്ടില്ലേ..... റോഡുകളുടെ ഓരങ്ങളിലും മീഡിയനിലും വരെ പൂമരങ്ങള്‍! നഗരം ഇപ്പോള്‍ റീത്തുകള്‍ ചിതറിക്കിടക്കുന്ന ഒരു ശവക്കോട്ട പോലെയുണ്ട്.
പൂക്കളോളം വൃത്തികെട്ടതായി മറ്റൊന്നുമില്ല ഭൂമിയില്‍. ചുവന്നും മഞ്ഞിച്ചും മരങ്ങള്‍ പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ ചോരയും പഴുപ്പും ഒലിക്കുന്ന വ്രണങ്ങളാണ് ഓര്‍മ്മ വരിക. വഴിയിലെങ്ങും പൂക്കള്‍ കൊഴിഞ്ഞുകിടക്കുന്നത് കണ്ടാലേ ഓക്കാനം വരും. ഇരുട്ടിന് നല്ല കട്ടിയുള്ള ഒരു രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ബുള്‍ഡോസറുമായി ഇറങ്ങണം. നേരം വെളുക്കുമ്പോള്‍ ഒരു മരം പോലും ബാക്കിയുണ്ടാവരുത്.
അഴുകിയ വ്രണങ്ങള്‍ക്കു മുകളിലൂടെ ഞാന്‍ അതിവേഗം കാറോടിച്ചു. ഉണങ്ങിയ മുറിവുകളുടെ പൊറ്റകള്‍ പൊടിഞ്ഞുവീഴുന്നതുപോലെ പൂമ്പൊടി കാറ്റില്‍ പറന്നു. റോഡിലും നിരനിരയായുള്ള കെട്ടിടങ്ങള്‍ക്കുമേലും കാറിന്റെ ചില്ലിലും അത് പാറിവീഴുന്നു. ഇപ്പോള്‍ വസന്തകാലമാണെന്ന് ഞാന്‍ ഞെട്ടലോടെ ഓര്‍ത്തു. പൂക്കളുടെ ചീനവലയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു ഇടവഴിയിലേക്ക് ഞാന്‍ കാര്‍ ഓടിച്ചുകയറ്റി. പഴയ കോട്ടയിലേക്കുള്ള ചെറിയ വഴിയാണ്. വണ്ടി പോകും. ഇരുവശങ്ങളിലും പുരാതന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍. മുന്നൂറുവര്‍ഷം മുമ്പ് ഇവിടം ഭരിച്ചിരുന്ന രാജവംശത്തിന്റെ പടയും പടക്കോപ്പുകളും പാര്‍ത്തിരുന്ന പാളയങ്ങളാണ്. കോട്ടയും പണ്ടകശാലകളും കെട്ടാന്‍ ആറുവര്‍ഷമെടുത്തെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍, ഒരു പെരുമഴക്കാലത്ത് വടക്കുനിന്നുവന്ന ശത്രുക്കള്‍ ഒറ്റരാത്രികൊണ്ട് എല്ലാം തകര്‍ത്തു. രാജാവും വിശ്വസ്തരും കഴുമരത്തില്‍ കിടന്നാടി.
കാറില്‍നിന്നിറങ്ങി ഞാന്‍ ചരിത്രത്തിലൂടെ നടന്നു. പഴയ ധാന്യപ്പുരയുടെ പുറകിലാണ് ചെന്നെത്തിയത്. ഏതുനിമിഷവും നിലംപൊത്താവുന്ന രണ്ടുനിലമാളികയുടെ പിന്നില്‍ പുരാതനമായ, കരിങ്കല്ലുകെട്ടിയ കിണര്‍ കാടുമൂടി കിടക്കുന്നു. മുള്‍ച്ചെടികള്‍ വകഞ്ഞുമാറ്റിയപ്പോള്‍ നൂറ്റെട്ടടി ആഴമുള്ള കിണറിന്റെ അടിത്തട്ടില്‍ കറുത്തുകുറുകിയ വെള്ളം. തടവുകാരാക്കപ്പെട്ട പടയാളികളെ ഇതിലെറിഞ്ഞാണു കൊന്നത്.
നഗരവാസികളാരും ഇപ്പോള്‍ ഇവിടെ വരാറില്ല. ഗവേഷണപ്രബന്ധത്തിന് കുറിപ്പെടുക്കാന്‍ എത്തുന്ന ചരിത്രവിദ്യാര്‍ത്ഥികളാണ് ആകെയുള്ള സന്ദര്‍ശകര്‍.
കിണറ്റില്‍നിന്ന് വല്ലാത്തൊരു നാറ്റം പൊങ്ങിവന്നു. മുള്‍ച്ചെടികള്‍ക്കിടയിലൂടെ ഒരു പാമ്പിഴഞ്ഞ് കിണറ്റിലേക്ക് പോയി. ഞാന്‍ വാച്ചുനോക്കി - 9:22.
കോട്ട ഇപ്പോഴും വലിയ കേടില്ലാതെ നില്‍ക്കുന്നു. കോട്ടമതില്‍ ചുറ്റിയെത്തിയത് മൈതാനത്താണ്. കുട്ടികള്‍ ക്രിക്കറ്റും ഫുട്‌ബോളും കളിക്കുന്നു. കൊല്ലങ്ങള്‍ക്കുമുമ്പാണ് സുഗന്ധിയെയും മിയയെയും കൂട്ടി അവസാനമായി ഇവിടെ വന്നത്. മിയ അന്ന് ചെറിയ കുട്ടിയാണ്. മൈതാനത്തിനു പുറത്തെ നടപ്പാതയില്‍ അവളോടൊത്ത് അന്ന് പന്തുതട്ടിയത് ഒരാഴ്ച മുമ്പാണെന്ന് തോന്നിപ്പോവുന്നു!
കോട്ടയുടെ പടിഞ്ഞാറുവശത്തുകൂടിയുള്ള ഇടുങ്ങിയ റോഡ് നഗരത്തിലെ ഒരേയൊരു പള്ളിയിലേക്കാണെന്നാണ് ഓര്‍മ്മ. വഴിയില്‍ കണ്ടയാളോട് ചോദിച്ചു.
''ആ വഴിയെല്ലാം അടച്ചു സാര്‍. പള്ളിയിലേക്ക് കോട്ടയുടെ തെക്കേ വാതിലിനടുത്തൂടൊരു റോഡുണ്ട്. ഇത്തിരി കറക്കമാണെങ്കിലും വഴി നല്ലതാ.''
പൂക്കളില്ലെങ്കില്‍ ഏത് നരകത്തിലൂടെയും കറങ്ങാം. പക്ഷേ, വഴിയെന്നെ ചതിച്ചു. വീണ്ടും അതേ ചുവപ്പും മഞ്ഞയും. പോരാത്തതിന് നീലയും പച്ചയും വയലറ്റും.... രക്ഷപ്പെടാന്‍ പഴുതില്ല. പള്ളിയിലേക്കോ സെമിത്തേരിയിലേക്കോ എങ്ങോട്ടായാലും പോവുകതന്നെ. ഓര്‍ത്തതേയുള്ളൂ, അപ്പോഴേക്കും ദാ സെമിത്തേരി. മൂന്നുംകൂടിയ കവലയാണ്. വഴി ചോദിക്കാന്‍ വഴിയിലെങ്ങും ഒരു ജഡം പോലുമില്ല. മിയയുടെ ഫോണാണെങ്കില്‍ ഈ നേരം വരെയും ചത്തു കിടപ്പാണ്. അല്പനേരം കഴിഞ്ഞപ്പോള്‍, ഇരകോര്‍ത്ത ചൂണ്ടയുമായി ഒരാള്‍ സെമിത്തേരിയുടെ മതിലിനോടു ചേര്‍ന്ന് വിശറിപോലെ വിരിഞ്ഞുനില്‍ക്കുന്ന മഴമരച്ചോട്ടിലൂടെ വന്നു. ഞാന്‍ ഉറക്കെ വിളിച്ചപ്പോള്‍ അയാള്‍ നിന്നു.
''ഇവിടെ എവിടായിട്ടാ ഒരു പള്ളിയുള്ളെ?''
''ആ...'' അറിയില്ലെന്ന് ആംഗ്യം കാണിച്ച് അയാള്‍ കുത്തനെയുള്ള ഇറക്കമിറങ്ങി മറഞ്ഞു.
മുന്നോട്ടു പോയ വഴി ഒരു തടാകത്തില്‍ ചെന്നു മുട്ടി. ഈ നഗരത്തില്‍ ഒരിക്കലും ഒരു തടാകം ഉണ്ടായിരുന്നില്ലല്ലോ! തടാകക്കരയില്‍ കൊമ്പുകള്‍ ചായ്ച്ച് ഒരു മരം. മരച്ചുവട്ടിലെ പാതി പൊളിഞ്ഞ കല്‍ബെഞ്ചില്‍ രോമങ്ങളില്ലാത്ത ഒരു പട്ടി ഉറങ്ങിക്കിടപ്പുണ്ട്. പരിസരത്തൊന്നും ആരെയും കണ്ടില്ല.
ഇന്ന് ഫ്‌ളാറ്റിനുപുറത്തിറങ്ങേണ്ടിയിരുന്നില്ല. അപ്പോള്‍ മിയയുടെ വിവാഹമോ? അവളോട് എന്തെങ്കിലും പറഞ്ഞൊഴിയാമായിരുന്നു. തടാകക്കരയില്‍നിന്നു മടങ്ങുമ്പോള്‍ ഇതുതന്നെയായിരുന്നു മനസ്സില്‍.
വീണ്ടും സെമിത്തേരിയുടെ വളവില്‍ വണ്ടി നിര്‍ത്തി, കാറിന്റെ ചില്ലുകള്‍ താഴ്ത്തി കുറച്ചുനേരം, റോഡിന്റെ അറ്റത്ത് ആരെങ്കിലും പ്രത്യക്ഷപ്പെടുന്നതും പ്രതീക്ഷിച്ചിരുന്നു. അപ്പോള്‍ ചൂണ്ടക്കാരന്‍ പോയ വഴിയേ കൈയിലൊരു ബാഗുമായി വന്നയൊരാള്‍ ഒരു വാക്കുപോലും ചോദിക്കാതെ കാറില്‍ കയറിയിരുന്നു. ഇയാളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ.
'പോകാം''-അയാള്‍ പറഞ്ഞു.
''എങ്ങോട്ട്?''
''ഡോക്ടറുടെ വീട്ടിലോട്ട്. അല്ലാതെങ്ങോട്ടാ! ഡോക്ടര്‍ നിങ്ങളെ അയച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ വലഞ്ഞുപോയേനെ. പിന്നെ...തടാകം വഴിക്കു പോയാല്‍ മതി. അവിടെ എനിക്കൊരാളെ കാണാനുണ്ട്.''
എന്തുകൊണ്ടെന്നറിയില്ല, അയാളെ അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സത്യമായും എനിക്കിയാളെ അറിയാം. പക്ഷേ, ആരാണെന്ന് ഓര്‍മ്മ വരുന്നില്ലല്ലോ.
ലാവന്‍ഡര്‍ കുര്‍ത്തയും ഇളം പിങ്ക് പാന്റ്‌സുമായിരുന്നു അയാളുടെ വേഷം. മുകളിലത്തെ ബട്ടണുകള്‍ സ്ഥാനം തെറ്റി കിടക്കുന്നു. നരച്ച നെഞ്ചിലെ രോമങ്ങള്‍ പുറത്തേക്ക് കൈയും തലയും ഇട്ടു.
തടാകത്തെ ചുറ്റി വണ്ടിയൊരു കയറ്റം കയറി.
''ഇതുവഴി''- സഹയാത്രികന്‍ വലത്തേക്ക് കൈ ചൂണ്ടി. പേരമരങ്ങള്‍ നിറഞ്ഞ ഒരു കുന്നിന്റെ നെഞ്ചിലൂടെയാണിപ്പോള്‍ പോകുന്നത്. വലതുവശത്ത് കൊക്ക. മൂടല്‍മഞ്ഞിന്റെ പട്ടങ്ങള്‍ കാറ്റില്‍ ചരടുപൊട്ടി പറക്കുന്നു.
''ഭാര്യയ്‌ക്കെന്താ അസുഖം?''
''ങേ? ഓ ഭാര്യ...അല്ല, ഭാര്യയ്ക്കാണ് അസുഖമെന്ന് നിങ്ങളെങ്ങനെയറിഞ്ഞു? ഡോക്ടര്‍ പറഞ്ഞുകാണും അല്ലേ?''
അപ്പോഴാണ് അയാളുടെ ഭാര്യക്ക് അസുഖമാണെന്ന കാര്യം ഞാനെങ്ങനെയറിഞ്ഞുവെന്ന് അദ്ഭുതത്തോടെ ഞാന്‍ ഓര്‍ത്തത്.
പേരമരങ്ങള്‍ക്കിടയിലൂടെ കാര്‍, പഴയ യൂറോപ്യന്‍ ശൈലിയില്‍ പണിത ഒരു വീടിന്റെ മുന്നിലെത്തി.
-''ഇവിടെ നിര്‍ത്തിക്കോ. ഞാന്‍ പറഞ്ഞിരുന്നില്ലേ, ഒരാളെ കാണാനുണ്ടെന്ന്. ഒരു രണ്ടുമിനിറ്റിനുള്ളില്‍ വരാം.''
അയാള്‍ വീടിനകത്തേക്ക് കയറിപ്പോയി.
ഡോക്ടറുടെ വീട്ടിലേക്ക് ഇനി എത്ര ദൂരമുണ്ടാവും? സമയം പത്തുമണിയായി. പള്ളിയിലേക്കുള്ള വഴി ഇനിയും കണ്ടെത്തിയിട്ടില്ല. പത്തരയ്ക്കുമുമ്പ് അങ്ങെത്താന്‍ പറ്റുമോ?
''ഇനി നേരെ ഡോക്ടറുടെ വീട്ടിലേക്ക്'' - ഒരു കൂട നിറയെ പഴുത്ത പേരയ്ക്കകളുമായി മടങ്ങിവന്ന് കാറില്‍ കയറിയതും അയാള്‍ പറഞ്ഞു.
''ഭാര്യക്ക് പേരയ്ക്ക വല്യ ഇഷ്ടമാ; എനിക്കും.''
അയാള്‍ ഒരു മുഴുത്ത പേരയ്ക്കയെടുത്ത് കടിച്ചു.
ഞാന്‍ കാറിന്റെ വേഗം കൂട്ടി. അഞ്ചാറ് ഹെയര്‍പിന്‍ വളവുകള്‍ കഴിഞ്ഞതും മഞ്ഞപ്പെയിന്റടിച്ച ഒരു കൊച്ചുവീടിന്റെ മുറ്റത്തെത്തി. പേരയ്ക്കാതീറ്റക്കാരന്‍ കാറില്‍നിന്നിറങ്ങി. പഴുത്ത പേരയ്ക്കയുടെ ദുര്‍ഗന്ധം കൂര്‍ത്ത വിരല്‍ നീട്ടി എന്റെ ശ്വാസനാളിയില്‍ മാന്തി. വീടിന്റെ കാവല്‍ക്കാരന്‍ എന്നു തോന്നിച്ച ഒരു വൃദ്ധന്‍ ചെറിയൊരു പേപ്പര്‍ സഞ്ചിയുമായി അയാളുടെ നേര്‍ക്ക് വന്നു.
''ഡോക്ടര്‍ അകത്തുണ്ടല്ലോ, അല്ലേ?''- അയാള്‍ ചോദിച്ചു.
''ഇല്ല. പള്ളിയില്‍ പോയിരിക്കുവാ''
''പള്ളിയിലോ?''
''പള്ളിയിലല്ല. പള്ളിയുടെ ഓഡിറ്റോറിയത്തില്‍. ഇന്ന് ഡോക്ടറുടെ കല്യാണമാ.''
'' കല്യാണമോ! എന്നിട്ട് മിനിഞ്ഞാന്ന് വിളിച്ചപ്പഴും ഒന്നും പറഞ്ഞില്ലല്ലൊ ? ''
''ഇന്നലെയാ എല്ലാം തീരുമാനിച്ചത്. സാറ് വരുമ്പോള്‍ തരണമെന്നു പറഞ്ഞ് ഈ മരുന്നും ഏല്‍പിച്ചിട്ടാ പോയത്.'' -കാവല്‍ക്കാരന്‍ മരുന്നുപൊതി അയാള്‍ക്കുനേരെ നീട്ടി.
പള്ളിയെന്നു കേട്ടതും ഞാന്‍ കാവല്‍ക്കാരനു നേര്‍ക്കോടി.
''പള്ളിയിലേക്കുള്ള വഴി നിങ്ങള്‍ക്കറിയാമോ?''- പരവേശത്തോടെ ഞാന്‍ ചോദിച്ചു.
''വന്നവഴിക്കൊരു സെമിത്തേരി കണ്ടില്ലേ? അതിന്റെ പൊറകിലാ. സാറിനെ ക്ഷണിച്ചിട്ടുണ്ടോ കല്യാണത്തിന്? ''
അതിനു മറുപടി പറയാതെ ഞാന്‍ തിടുക്കം കൂട്ടി : ''ഡോക്ടര്‍ കല്യാണം കഴിക്കുന്ന പെണ്‍കുട്ടിയുടെ പേരെന്താ? ''
''അതറിയില്ല. എന്താ ചോദിച്ചത്?''
ഒന്നും മിണ്ടാതെ ഞാന്‍ ചാടി കാറില്‍ കയറി. വണ്ടി തിരിക്കാന്‍ ശ്രമിച്ചതും എന്റെ കൂടെ വന്നയാള്‍ ഒപ്പം കയറിക്കഴിഞ്ഞു:
''അപ്പോള്‍ നിങ്ങളെ ഡോക്ടര്‍ പറഞ്ഞുവിട്ടതല്ല, അല്ലേ?''
'' ഹേ മിസ്റ്റര്‍...ഇറങ്ങണം.'' എനിക്ക് കലി വന്നു.
അയാള്‍ ദയനീയമായി എന്നെ നോക്കി.
''ഇവിടെവരെയെത്തിയ സ്ഥിതിക്ക് എന്നെയൊന്ന് വീട്ടില്‍ക്കൊണ്ടു വിടരുതോ? അങ്ങോട്ട് വണ്ടിയൊന്നും കിട്ടില്ല. അതുകൊണ്ടാ. പ്ലീസ്.''
മറുപടിയായി ഞാനൊരു തെറി വിളിച്ചെങ്കിലും കാര്‍ അയാളുടെ വീട്ടിലേക്കുതന്നെ ഓടി. ഇടയ്ക്കിടെ പേടിയോടെ എന്നെ അയാള്‍ നോക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. പേരയ്ക്കയുടെ നാറ്റം ഏസീക്കാറ്റില്‍ വീശിയടിച്ചു.
''നിങ്ങളാ നശിച്ച പേരയ്ക്കയെടുത്ത് പുറത്തെറിയണം മിസ്റ്റര്‍.''
അയാള്‍ അനുസരിച്ചു. ബാഗ് നെഞ്ചില്‍ ചേര്‍ത്തുപിടിച്ച്, എന്റെ നേരെ ഒന്നു നോക്കുക പോലും ചെയ്യാതെ തുടര്‍ന്നങ്ങോട്ട് അയാള്‍ വീട്ടിലേക്കുള്ള വഴി മാത്രം പറഞ്ഞുതന്നുകൊണ്ടിരുന്നു. കുന്നിന്റെ മറുപാതിയില്‍ എത്തിയപ്പോള്‍ ഓട്ടക്കണ്ണിട്ടുനോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു അയാള്‍.
'ഭാര്യക്ക് ആസ്ത്മയാ. തൊടങ്ങീട്ട് കൊല്ലം കൊറച്ചായി. ഈയിടെ വല്ലാതങ്ങ് കൂടിയപ്പഴാ ഈ ഡോക്ടറെക്കുറിച്ചറിഞ്ഞ് ഇങ്ങോട്ടു പോന്നത്. അസുഖം തീര്‍ത്തും മാറ്റാമെന്ന് അദ്ദേഹം ഉറപ്പു തന്നിട്ടുണ്ട്. ചികിത്സ മുടങ്ങരുതല്ലോ. അതാ വീട് വാടകയ്‌ക്കെടുത്തങ്ങു കൂടിയിരിക്കുന്നത്.''
എനിക്കു പൊട്ടിച്ചിരിക്കാനാണ് തോന്നിയത്.
''തനിക്കെന്താടോ വട്ടുണ്ടോ? ആസ്ത്മ വന്നു ചാകാറായ ഭാര്യേം കൊണ്ട് താനല്ലാതാരേലും ഇവിടെ വന്നു താമസിക്കുമോ? ഈ പൂക്കളും പൂമ്പൊടിയും കൂടി അവരെ കൊല്ലും.''
''പക്ഷേ, ഇവിടെയായതില്‍പ്പിന്നെ നല്ല കുറവുണ്ട്.''
സംഭാഷണം ഞാന്‍ നിര്‍ത്തി. എനിക്കെന്തു കാര്യം! സമയം പത്തരയാകാറായി. എത്രയും വേഗം ഓഡിറ്റോറിയത്തിലെത്തണം. സെമിത്തേരിയുടെ പിന്നിലേക്ക് വഴി കാണുമായിരിക്കും.
''വീടെത്തി.''
പൂന്തോട്ടത്തിനു നടുവില്‍ ചരിഞ്ഞ മേല്‍ക്കൂരയുള്ള മഞ്ഞക്കെട്ടിടം. സമീപത്തെങ്ങും വേറാരും താമസമില്ല. മുറ്റത്തും മേല്‍ക്കൂരയിലും ഒന്നൊന്നരയടി കനത്തില്‍ പല പല നിറങ്ങളുടെ ഇതളുകള്‍ കൂടിക്കിടക്കുന്നു. പെട്ടെന്ന് മടങ്ങണം.
പുറത്തിറങ്ങിയ അയാള്‍ കാറിനകത്തേക്ക് തലയിട്ടു: ''ഭാര്യയെ ഒന്ന് കണ്ടിട്ടുപോകാം. അവള്‍ക്കാണെങ്കില്‍ ആരെങ്കിലും വരുന്നത് വല്യ കാര്യമാ. ഈ വഴിക്കൊന്നും ആരുമങ്ങനെ വരാറില്ലന്നേ.''
''ഇല്ലില്ല, എനിക്കിനി നേരമില്ല.''
''ഒരു രണ്ടു മിനിറ്റിന്റെ കാര്യമല്ലേയുള്ളൂ. പ്ലീസ്. ''
''നാശം.'' ഞാന്‍ കാറില്‍നിന്നിറങ്ങി.
വീടിന്റെ വാതില്‍ക്കലെത്തിയതും അയാള്‍ എന്നെ ദയനീയമായി നോക്കി.
''താക്കോല്‍ കാണുന്നില്ല.''
പോക്കറ്റിലും ബാഗിലും കാറിലും നോക്കി. ഇല്ല.
''ഭാര്യയിവിടെയുള്ളപ്പോള്‍ നിങ്ങളെന്തിനാ വീട് പൂട്ടിയത്?''
''ഞാന്‍ പോകുമ്പോ അവള് മരുന്നുകഴിച്ചിട്ട് നല്ല ഉറക്കത്തിലായിരുന്നു. വിളിച്ചുണര്‍ത്തണ്ടെന്നു കരുതിയാ...''
ഇരട്ടപ്പാളികളുള്ള വാതിലില്‍ ഞങ്ങള്‍ തള്ളാന്‍ തുടങ്ങി. ഒടുവില്‍, മൊട്ടുവിരിഞ്ഞ് പൂവാകുന്നതുപോലെ, കൊളുത്തൊടിഞ്ഞ് വാതിലിന്റെ ഇതളുകള്‍ വിടര്‍ന്നു. പെട്ടെന്ന് വീട്ടിനുള്ളില്‍നിന്ന് ഒരു ചുഴലിക്കാറ്റ് പുറപ്പെട്ടു വന്നു. കാറ്റില്‍ പതിനായിരം പൂക്കള്‍, ഷെല്ലുകള്‍ പോലെ പുറത്തേക്ക് തെറിച്ചു. സൂര്യകാന്തിയും മുല്ലയും റോസയും ലില്ലിയും താമരയും തെറ്റിയും ചെമ്പരത്തിയും ഡാലിയയും ഓര്‍ക്കിഡും റോഡോഡെന്‍ഡ്രോണും സര്‍പ്പഗന്ധിയും ശവംനാറിയും വീടുനിറഞ്ഞു കവിയുന്നു. അയാള്‍ രണ്ടുകൈകളുംകൊണ്ട് പൂക്കള്‍ മാറ്റിത്തുടങ്ങി. വിറയലോടെ ഞാന്‍ പിന്നാലെ ചെന്നു. പൂക്കളുടെ വലിയൊരു കൂനയ്ക്കുള്ളിലേക്ക് കുഴിച്ചുകുഴിച്ചിറങ്ങുകയാണയാള്‍. അതിനടിയില്‍ ഒരു കട്ടില്‍ വെളിപ്പെട്ടതും അയാള്‍ നിലവിളിച്ചു. കട്ടിലില്‍ ഭാര്യയുടെ ഒരടയാളം പോലും ശേഷിച്ചിരുന്നില്ല. കാറ്റിന്റെ ചുഴിയില്‍പ്പെട്ടുപോവാതിരിക്കാന്‍ ചുവരില്‍ ഞാന്‍ അള്ളിപ്പിടിച്ചു. പെട്ടെന്ന് വലിയൊരൊച്ചയോടെ പൂക്കളുടെ കുന്നിടിഞ്ഞ് കുഴി മൂടി. പറന്നുപൊങ്ങിയ പൂമ്പൊടികള്‍ എന്റെ ശ്വാസകോശത്തിലേക്ക് അടിച്ചുകയറി. ശ്വാസംമുട്ടിപ്പിടഞ്ഞും വിറച്ചുതുള്ളിയും ഞാന്‍ വാതിലിനുനേര്‍ക്കോടി. അവിടെ, എന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന ദേവദാരുവിന്റെ ബോണ്‍സായ് വാതിലടഞ്ഞു നില്‍പ്പുണ്ടായിരുന്നു. പണ്ടെപ്പോഴോ ഓര്‍മ്മയില്‍നിന്ന് പറിച്ചെറിയപ്പെട്ട വളര്‍ച്ചയുടെ പെരുക്കപ്പട്ടിക അതിന്റെ കോശങ്ങളിലേക്ക് തിരികെ വന്നു കഴിഞ്ഞിരിക്കുന്നു. കവണയില്‍ ഒരുപാടുകാലം വലിച്ചുപിടിച്ച കല്ലുപോലെ ദേവദാരുവിന്റെ ചില്ലകള്‍ എനിക്കുനേരേ ചീറിവന്നു...
.............................................................................
പൂക്കളോളം വൃത്തികെട്ടതായി മറ്റൊന്നുമില്ല ഭൂമിയില്‍. ചുവന്നും മഞ്ഞിച്ചും മരങ്ങള്‍ പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ ചോരയും പഴുപ്പും ഒലിക്കുന്ന വ്രണങ്ങളാണ് ഓര്‍മ്മ വരിക.
.............................................................................
മുറ്റത്തെ ഉരുളന്‍ കല്ലുകള്‍ക്കു മേലേ ഞാന്‍ എത്രനേരം കിടന്നുവെന്ന് എനിക്ക് ഓര്‍മ്മയില്ല. കഷ്ടപ്പെട്ട് കണ്ണ് തുറക്കുമ്പോള്‍, അരികില്‍ മുട്ടുകുത്തിയിരുന്ന് അയാള്‍ എന്നെ കുലുക്കുകയും വിളിക്കുകയുമാണ്.
''എന്താ പറ്റിയേ?''
കുറച്ചുനേരത്തേക്ക് എനിക്കൊന്നും തിരിഞ്ഞില്ല.
അയാള്‍ കൊണ്ടുവന്ന വെള്ളം കുടിച്ച് പേരറിയാത്ത ഏതോ മരത്തില്‍ ഏറെ നേരം ഞാന്‍ ചാരിയിരുന്നു. വീട്ടിലേക്ക് കയറിപ്പോയ അയാള്‍ അടുത്ത വേവലാതിയുമായാണ് മടങ്ങിവന്നത്: ''ഭാര്യയെ കാണുന്നില്ല.''
ഞാന്‍ അയാളെ നോക്കുക പോലും ചെയ്യാതെ ഒരു ഉരുളന്‍ കല്ലെടുത്ത് അരികില്‍ നിന്ന മരത്തിനിട്ട് എറിഞ്ഞു.
എന്റെ മുന്നില്‍ മുട്ടുകുത്തിയിരുന്ന് അയാള്‍ വീണ്ടും അതുതന്നെ പറഞ്ഞു. ഇത്തവണ കൂടുതല്‍ ഉച്ചത്തിലായിരുന്നു.
''അവിടെങ്ങാനും കാണും.'' ചാഞ്ഞുനിന്ന ഒരു കൊമ്പില്‍ പിടിച്ച് ഞാന്‍ എഴുന്നേറ്റു.
''എല്ലാടത്തും ഞാന്‍ നോക്കി.'' അയാള്‍ വെപ്രാളപ്പെട്ട് മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും തെറിക്കാന്‍ തുടങ്ങി.
''നിങ്ങളൂടൊന്ന് നോക്കാമോ? ചിലപ്പോ കണ്ടാലോ.''
ഒട്ടും ചെറുതല്ലാത്ത പേടിയോടെ ഉള്ളിലേക്ക് ഇത്തിരി സമയം നോക്കി നിന്നെങ്കിലും അടഞ്ഞു കിടക്കുന്ന ജനലുകളുടെ ആ വീട്ടില്‍ അയാളുടെ ഭാര്യയെ തിരഞ്ഞ് ഞാനും ചുറ്റി നടന്നു. മറ്റൊരാള്‍ ഉള്ളതിന്റെ ഒരു അടയാളവും അവിടെയെങ്ങും കണ്ടില്ല. ഇരുട്ടുമാത്രം നിറഞ്ഞ ഒരു മുറിയുടെ ജനാല തുറന്നതും വീടിനു പിന്നിലെ തോട്ടത്തിലൂടെ ഭാര്യയുടെ പേരും ഉറക്കെ വിളിച്ചുകൊണ്ട് അയാള്‍ വെപ്രാളപ്പെട്ട് ഓടുന്നതു കണ്ടു. ജനലടച്ച് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ പക്ഷേ, അയാളെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. മുറ്റത്തും വഴിയിലും തോട്ടത്തിലാകെയും നടന്നു നോക്കി. ഇല്ല. രണ്ടുവട്ടം കൂവി. മറുവിളിയുമില്ല. അല്ല, അയാള്‍ എവിടെപ്പോയാല്‍ എനിക്കെന്താ.
കുറേ നേരമായി സമയം ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. വാച്ച് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ചടങ്ങ് കഴിഞ്ഞുകാണുമോ? എല്ലാം ഈ പേരയ്ക്കാതീനി ഒറ്റയൊരുത്തന്‍ കാരണമാ. കാറിനുനേര്‍ക്ക് തിടുക്കപ്പെട്ട് ചെല്ലുമ്പോള്‍, പെട്ടെന്ന് ഒരു കരച്ചില്‍ കേട്ടു. കാറിനുള്ളില്‍ കയറിയിരുന്ന് പ്രായത്തിന് ഒട്ടും ചേരാത്ത രീതിയില്‍ അയാള്‍ ഏങ്ങലടിക്കുന്നു. കലിയുടെ ഉരുളന്‍കല്ലുകള്‍ എന്റെയുള്ളില്‍ വെന്തു. ഓടിച്ചെന്ന ഞാന്‍ അയാളെ പിടിച്ചുവലിച്ച് മണ്ണിലേക്കു മറിച്ചിട്ടിട്ട് കാര്‍ സ്റ്റാട്ടു ചെയ്ത് സെമിത്തേരിയിലേക്കുള്ള വഴിയേ ഓടിച്ചുപോയി. ഒരുപാടുകൊല്ലം ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഒഴിഞ്ഞുപോവുമ്പോഴത്തേതു പോലെയൊരാനന്ദം എന്നെ മത്തു പിടിപ്പിച്ചു.
മഴമരത്തണലില്‍ കാര്‍ നിര്‍ത്തി ഞാന്‍ സെമിത്തേരിയുടെ മതിലിനോട് ചേര്‍ന്ന് നടന്നു. വളര്‍ന്നുനില്‍ക്കുന്ന പുല്ലിലൂടെയുള്ള പോക്ക് അത്രയെളുപ്പമായിരുന്നില്ല. കുറിയ മരങ്ങളുടെ ഒരു കൂട്ടം സെമിത്തേരിയുടെ പിന്‍വശത്ത് ഇരുണ്ടുകിടന്നിരുന്നു. അവിടം കടന്നതും കുറച്ചുമാറി, ആകാശം തുളയ്ക്കുന്ന കൂര്‍ത്ത മേല്‍ക്കൂരയുമായി ഉറങ്ങിനില്‍ക്കുന്ന പള്ളി തെളിഞ്ഞുവന്നു. മുറ്റത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ഏതു സെമിത്തേരിക്കൊപ്പവും ഒരു പള്ളിയുണ്ടാവുമെന്ന കാര്യം പോലും ഒരിക്കല്‍ ഈ നഗരത്തെ വരച്ചുണ്ടാക്കിയ ഞാന്‍ അല്പം മുമ്പുവരെ എങ്ങനെ മറന്നുവെന്ന വിചാരം എന്റെ തലയ്ക്കുള്ളില്‍ കുത്തി.
തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തില്‍ നിന്ന് ചില അനക്കങ്ങള്‍ കേട്ടു. പള്ളിഗോപുരത്തിലേക്കു തന്നെ നോക്കി അനങ്ങാതെ നില്‍ക്കുന്നത് കണ്ടിട്ടാവണം, വരാന്തയിലെ അരമതിലില്‍ വെച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലേക്ക് വീര്‍ത്ത കടലാസുപൊതികള്‍ അടുക്കുകയായിരുന്ന പയ്യന്‍ അടുത്തേക്കു വന്നു.
''ഇവിടെയൊരു ഫങ്ഷന്‍ ഉണ്ടായിരുന്നില്ലേ?''
''അതെല്ലാം കഴിഞ്ഞു സാര്‍. അവരെല്ലാം പോയി.''
ചുണ്ടില്‍ വെറുതെ കടിച്ചുകൊണ്ട് ഞാന്‍ മിണ്ടാതെ നിന്നു.
''മരിച്ചത് സാറിന്റെ ആരേലുമാണോ?''
''മരിച്ചതോ?''
''അപ്പോ സാറ് അതിനു വന്നതല്ലേ?''
''ഏതിന്?''
''ഇന്ന് ഇവിടെയൊരു ശവമടക്കുണ്ടായിരുന്നു. ''
''ആരുടെ?''
''അതറിയില്ല. സ്‌നാക്‌സുമായിട്ടു വന്നതാ ഞങ്ങള്.''
''രാവിലെയൊരു മാര്യേജ് റിസപ്ഷനില്ലാരുന്നോ ഇവിടെ?''
''അങ്ങനെയെന്തോ ഒന്ന് നടന്നെന്നു തോന്നുന്നു. ഞങ്ങള് വരുമ്പോ ഇതിനാത്തു മുഴുവന്‍ വേസ്റ്റാരുന്നു.''
പയ്യന്‍ ഒരു പൊതി എനിക്കു നേരേ നീട്ടി. അതില്‍നിന്ന് ഞാനൊരു സമോസയെടുത്തു. ഓഡിറ്റോറിയത്തിനകത്ത് എട്ടൊമ്പതാളുകള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചായ കുടിക്കുന്നു. സമോസയുടെ തൊലി പൊട്ടിച്ച്, ഉള്ളില്‍ ഒളിപ്പിച്ചിരുന്ന ഇളയ ആടിന്റെ ഇറച്ചിയെടുത്ത് കടിക്കുമ്പോള്‍ മനസ്സില്‍ ഞാനൊരു വീടിന്റെ സ്‌കെച്ച് വരയ്ക്കാന്‍ പാടുപെടുകയായിരുന്നു.
*ഹിമവാന്റെ മുകള്‍ത്തട്ടില്‍ - രാജന്‍ കാക്കനാടന്‍ എഴുതിയ മൂര്‍ച്ചയുള്ള ഹിമാലയ യാത്രാവിവരണം.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല