അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

By Vaakkulsavam Literary Fest  |  First Published Sep 2, 2019, 4:33 PM IST

വാക്കുല്‍സവത്തില്‍ മഹ്മൂദ് ദര്‍വീശിന്റെ ആറു കവിതകള്‍. വിവര്‍ത്തനം: അമീറ അയിഷാബീഗം


നിസ്വരായ മനുഷ്യര്‍ അനുഭവിക്കുന്ന നിത്യയാതനകളുടെ ദിനസരിക്കണക്കുകള്‍ക്കപ്പുറം, ഫലസ്തീന്‍ എന്ന രാജ്യത്തിനും ഇന്ത്യന്‍ സംസ്ഥാനമായ അസമിനുമിടയില്‍, ചൂണ്ടിക്കാട്ടാവുന്ന സമാനതകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സവിശേഷമായ ഒരു സാഹചര്യം മുകളില്‍ പറഞ്ഞ വാചകത്തെ തന്നെ അസാധുവാക്കിയിരിക്കുന്നു. കാല്‍ക്കീഴിലെ മണ്ണടര്‍ന്നു പോയ, എങ്ങുമല്ലാത്ത മനുഷ്യരുടെ നിസ്സഹായമായ അരക്ഷിതാവസ്ഥകളുടെ യാഥാര്‍ത്ഥ്യങ്ങള്‍, തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളിലെ ഒരു പറ്റം മനുഷ്യ വ്യഥകളെ ഒരേ നൂലില്‍ ചേര്‍ത്തു കെട്ടുന്നു. 

അസമില്‍ തലമുറകളായി ജനിച്ചു വളര്‍ന്ന, ആ മണ്ണില്‍ ജീവിതത്തിന്റെ എല്ലാ പദപ്രശ്‌നങ്ങളും ഒന്നിച്ചു അതിജീവിച്ച 19 ലക്ഷത്തിലേറെ മനുഷ്യര്‍ ഒറ്റയടിക്ക് ഇന്ത്യന്‍ പൗരന്മാരല്ലാതായി മാറിയിരിക്കുന്നു. അന്നുവരെയുള്ള സ്വത്വത്തില്‍നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ അവരുടെ കാല്‍ക്കീഴിലെ മണ്ണ് അപഹരിച്ചിരിക്കുന്നു. ഇനിയവരുടെ മുന്നിലുള്ളത്, കാല്‍ച്ചുവട്ടില്‍ മണ്ണില്ലാത്തവരുടെ അരക്ഷിതാവസ്ഥയുടെ സമാനതയാണ്. ഫലസ്തീന്‍ ജനത കാലങ്ങളായി അഭിമുഖീകരിക്കുന്ന അവസ്ഥ. അതാവണം, അസമിലെ പുറന്തള്ളപ്പെടുന്നവര്‍ക്കിടയില്‍നിന്നുയര്‍ന്ന 'മിയ കവിക്കൂട്ടം' എഴുതുന്ന കവിതകള്‍,  ഫലസ്തീനിലെ ആലംബമറ്റ കവികളുടെ നിസ്സഹായതയെ ചേര്‍ത്തു പിടിക്കുന്നത്. 

Latest Videos

undefined

ഇടമില്ലായ്മയുടെ, ഓര്‍മ്മകള്‍ കൊണ്ട് ഇടം തിരിച്ചുപിടിക്കുന്നതിന്റെ കവിതകള്‍ എഴുതിയ മഹാനായ ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശിന്റെ കവിതകളുടെ ഭാവാംശം അസമിലെ ആ കവിതകളില്‍ നിറഞ്ഞു തുളുമ്പുന്നത് നമുക്ക് കാണാം. അസമിന്റെ മുറിവുകള്‍ ആഴത്തില്‍ അറിയാനുള്ള ഭൂതക്കണ്ണാടിയായി ദര്‍വീശ് കവിതകള്‍ മാറുന്ന രാഷ്ട്രീയ പരിണാമം നമുക്ക് വായിച്ചെടുക്കാം. ആരുടേതുമല്ലാത്ത ഇടങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചയാവുന്ന സമകാലിക അസമീസ് സാഹചര്യങ്ങളില്‍ ദര്‍വീശിന്റെ ആറു കവിതകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. അധ്യാപികയും എഴുത്തുകാരിയുമായ അമീറ അയിഷാബീഗമാണ് ഈ കവിതകള്‍ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്തത്. 

 

ഭൂമി നമുക്കെതിരായി 
ഞെരിഞ്ഞമരുന്നു...

ഭൂമി 
നമുക്കെതിരെ
ഞെരിഞ്ഞമരുന്നു, 
അവസാന ഇടനാഴിയില്‍ 
നമുക്കായി 
കെണി തീര്‍ത്തു കൊണ്ട്.
കടന്നു പോകുവാനായി 
നാം നമ്മുടെ കൈകാലുകള്‍ 
വലിച്ചൂരുന്നു

ഭൂമി നമ്മളെ ഞെരുക്കി കളയുന്നു
നാം 
അതിന്റെ ഗോതമ്പ് മാത്രമായിരുന്നെങ്കില്‍,
നാം
മരിക്കുകയും ജീവിക്കുകയും 
ചെയ്‌തേനേ.

അത് 
നമ്മുടെ അമ്മ മാത്രമായിരുന്നെങ്കില്‍, 
അവള്‍ നമ്മോട് കരുണാര്‍ദ്രയായേനെ.
നമ്മുടെ സ്വപ്നങ്ങളില്‍ 
കണ്ണാടി പോല്‍ നിലയിലുറപ്പിച്ച  
പാറകളുടെ ചിത്രങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ നാം.

ആത്മാവിനായുള്ള 
അവരുടെ 
ഒടുക്കത്തെ പോരാട്ടത്തില്‍ 
നമ്മളില്‍ നിന്നൊടുക്കം
ജീവന്റെ 
ചരടറ്റു പോകുന്നവരുടെ
മുഖങ്ങള്‍ 
ഒരു ഞൊടിയിടെ മാത്രം 
നാം കാണുന്നു.
അവരുടെ കുട്ടികളുടെ വിരുന്നില്‍ 
നമ്മള്‍  വിലപിക്കുന്നു.

അവശേഷിക്കുന്ന 
ഈ ഇടത്തിന്റെ 
ജാലകങ്ങളില്‍ നിന്ന് 
നമ്മുടെ കുഞ്ഞുങ്ങളെ 
വലിച്ചെറിയാന്‍ വെമ്പുന്നവരുടെ 
മുഖങ്ങള്‍ നമ്മള്‍ കണ്ടു.
നമ്മുടെ കണ്ണാടികള്‍ 
തേച്ചുമിനുക്കുവാനുള്ള
ഒരു നക്ഷത്രം.

അവസാന അതിരും താണ്ടി 
ഇനി നമ്മള്‍ എവിടെ പോകണം? 
അവസാന ആകാശവും കഴിഞ്ഞ് 
പക്ഷികള്‍ പിന്നെങ്ങോട്ട് പറക്കണം?
അവസാനശ്വാസവും 
വലിച്ചെടുത്തശേഷം
ചെടികള്‍  
എവിടെ ഉറങ്ങണം?

ചോരച്ചോപ്പുള്ള
മൂടല്‍മഞ്ഞിനാല്‍
നാം 
നമ്മുടെ പേരുകള്‍ 
അടയാളപ്പെടുത്തുന്നു.

നമ്മുടെ മാംസം കൊണ്ട് 
നാം സ്തുതിഗീതം 
അവസാനിപ്പിക്കുന്നു. 

ഇവിടെ നമ്മള്‍ മരിക്കും
ഇവിടെ, 
ഈ അവസാന പാന്ഥാവില്‍,
ഇവിടെയോ 
അവിടെയോ 
നമ്മുടെ രക്തം
ഒലിവ് മരങ്ങള്‍ നടും.

 

ദേശീയ പൗരത്വ പട്ടികയില്‍ പേരുണ്ടോ എന്നറിഞ്ഞ ശേഷം പുറത്തിറങ്ങുന്ന  യുവാവ്. അസമിലെ ഹൊജയില്‍നിന്നുള്ള ചിത്രം. Photo: Anuwar Ali Hazarika / Getty Images 

 

പക്ഷികളുടെ യാത്ര
ഇവിടെത്തീരുന്നു

 

പക്ഷികളുടെ യാത്ര 
ഇവിടെത്തീരുന്നു,
ഞങ്ങടെ യാത്ര, 
വാക്കുകളുടെ യാത്ര,
ഞങ്ങള്‍ക്ക് ശേഷമുണ്ടാവും,
പുതുപറവകള്‍ക്കായ്
ഒരു ചക്രവാളം.

വിദൂര മേഘച്ചെരിവുകള്‍ക്ക് മേല്‍
ഞങ്ങടെ പേരുകള്‍
കൊത്തിവെയ്ക്കാമെന്ന
പ്രായശ്ചിത്തത്തോടെ,
ഞങ്ങള്‍ക്കല്ലാതെ  തീര്‍ക്കുന്ന 
പാതകളില്‍ 
കൊത്തുപണി ചെയ്യുന്ന  
ആകാശമുണ്ടല്ലോ,
അതിന്റെ പിച്ചള
കാച്ചിയെടുക്കുന്നവരാണ്  
ഞങ്ങള്‍.

സ്മൃതിനിലങ്ങളിലൂടെ
ഒരു വിധവയുടെ 
അവരോഹണം പോല്‍ 
ഞങ്ങളും താണിറങ്ങും.
ഒടുക്കം വീശുന്ന 
കാറ്റിനോടൊത്ത്
ഞങ്ങളുടെ കൂടാരങ്ങള്‍ ഉയര്‍ത്തും.
കാറ്റേ വീശുക, 
ജീവിക്കാനുള്ള
കവിതയ്ക്കായ്,
വീശുക 
കവിതയുടെ 
വഴികളില്‍.

ഞങ്ങള്‍ക്ക് ശേഷം 
പിന്നെയും പിന്നെയും
തളിര്‍ക്കും ചെടികള്‍,
ഞങ്ങളുടെ കാലടികള്‍ മാത്രം 
പതിഞ്ഞ പാതകളില്‍,
ഒന്നിനും വഴങ്ങാതെ 
ഞങ്ങള്‍ വെട്ടിയൊരുക്കിയ  വഴികളില്‍.

അന്ത്യ ശിലകളില്‍, 
'ജീവിതം നീണാള്‍ വാഴട്ടെ',
'ജീവിതം നീണാള്‍ വാഴട്ടെ' എന്ന് 
കൊത്തിവെച്ചുകൊണ്ട്
ഞങ്ങള്‍ 
ഞങ്ങളിലേക്ക് തന്നെ 
പതിക്കും.

ഞങ്ങള്‍ക്ക് ശേഷമുണ്ടാവും
ഒരു ചക്രവാളം,
പുതിയ 
പക്ഷികള്‍ക്കായ്.

ദേശീയ പൗരത്വ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ ക്യൂ നില്‍ക്കുന്നവര്‍. അസമിലെ പവക്കത്തി ഗ്രാമത്തില്‍നിന്നൊരു ദൃശ്യം. Photo: Anuwar Ali Hazarika / Getty Images 


അവിടന്ന് വരുന്നു ഞാന്‍

 

അവിടന്ന് വരുന്നു ഞാന്‍,
മനുഷ്യനെപ്പോല്‍ 
പെറ്റുവീണ
ഓര്‍മ്മകളുണ്ടെനിക്ക്,
ഉണ്ട്
എനിക്കൊരമ്മ,
അനേകം ജാലകങ്ങളുള്ള
ഒരു വീടും.

സഹോദരരുണ്ട്, 
കൂട്ടുകാരുണ്ട്
മരവിച്ച ജാലകമുള്ള
ഒരു തടവറയും.

കടല്‍ക്കാക്കകള്‍  തട്ടിയെടുത്ത 
കടലല എന്റേതാണ്,
എനിക്കെന്റേതായ 
കാഴ്ചയുണ്ട്
അധികമായൊരു 
പുല്‍ക്കൊടിയും. 
വാക്കിനേറ്റവുമറ്റത്തെ 
അമ്പിളിയെന്റേത്,
പറവകളുടെ അനുഗ്രഹവും
അനശ്വരമായ ഒലിവ് മരവും.

വാളുകള്‍ക്ക് മുന്നിലൂടെ
ഞാന്‍ ഈ ദേശത്തു നടന്നു,
അതിന്റെ ജീവത്തായ ഉടലുകള്‍
ഭാരം നിറച്ച 
മേശയാക്കിമാറ്റിക്കൊണ്ട്.

ഞാന്‍ അവിടന്ന് വരുന്നു
ആകാശം അമ്മയ്ക്ക് വേണ്ടി 
വിലപിക്കുമ്പോള്‍
ഞാനാകാശത്തെ
അവളുടെ  അമ്മയ്ക്ക് 
സമര്‍പ്പിക്കുന്നു,
മടങ്ങിയെത്തുന്ന
ഒരു മേഘത്തിനു  
തിരിച്ചറിയാനായി
ഞാന്‍ വിലപിക്കുന്നു.

ചോരയുടെ കോടതിക്ക് ചേര്‍ന്ന
സര്‍വ്വ വാക്കുകളും 
ഞാന്‍ പഠിച്ചു,
ഇനിയെനിക്ക് ലംഘിക്കാനാവും
നിയമങ്ങള്‍.
പഠിച്ചിട്ടുണ്ട്
ഞാനെല്ലാ വാക്കും,
ഉടച്ചിട്ടുണ്ടവ,
ജന്മദേശം 
എന്നൊരൊറ്റ വാക്ക് 
നിര്‍മ്മിക്കാന്‍. 

ദേശീയ പൗരത്വ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ റോഡരികിലെ ഡി ടി പി സെന്ററില്‍ കാത്തുനില്‍ക്കുന്നവര്‍. അസമിലെ മോറിഗാവ് ജില്ലയില്‍നിന്നൊരു ദൃശ്യം. Photo: David Talukdar/ Getty Images


പാസ്‌പോര്‍ട്ട്

പാസ്‌പോര്‍ട്ടില്‍ നിന്നെന്റെ
നിറം വലിച്ചെടുക്കുന്ന
നിഴലുകള്‍ക്കിടയില്‍
അവരെന്നെ തിരിച്ചറിഞ്ഞില്ല.
അവര്‍ക്ക്
എന്റെ മുറിവുകള്‍
ഒരു കാഴ്ച വസ്തു,
വിനോദ ഫോട്ടോ ശേഖരിക്കുന്ന 
സഞ്ചാരികള്‍ക്കായി ഒരുക്കപ്പെട്ടത്.

അവരെന്നെ തിരിച്ചറിഞ്ഞില്ല. 
അരുത്, വിടരുത്
സൂര്യന്‍ ഇല്ലാത്ത 
എന്റെ കൈത്തലം.
എന്നെ തിരിച്ചറിയൂ
പൂത്തുവിടരുന്ന 
മരങ്ങള്‍ക്കായി...

മഴയുടെ ഓരോ സംഗീതവും 
എന്നെ തിരിച്ചറിയുന്നു.  
വിളറിയ ചന്ദ്രനെന്ന പോല്‍ 
ഉപേക്ഷിക്കരുതെന്നെ.


എന്റെ കരതലങ്ങള്‍
പിന്തുടര്‍ന്ന പക്ഷികളെല്ലാം
വിദൂരമായ
വിമാനത്താവള വാതിലുകളിലേക്ക്. 
ഗോതമ്പ് വയലുകളെല്ലാം
തടവറകളെല്ലാം
വെണ്‍  ശവകുടീരങ്ങളെല്ലാം
അതിരുകളെല്ലാം
വീശപ്പെട്ട തൂവാലകളെല്ലാം
കണ്ണുകളെല്ലാം
ഉണ്ടായിരുന്നെനിക്കൊപ്പം,
പക്ഷെ 
എന്റെ പാസ്പോര്‍ട്ടില്‍ നിന്ന് 
അവ എടുത്തുമാറ്റപ്പെട്ടു.

പേര് അഴിച്ചെടുക്കപ്പെട്ടാല്‍
പിന്നെന്താണ് ഞാന്‍?
സ്വന്തം കൈകളാല്‍
മണ്ണില്‍ പണിതോ ഞാന്‍? 

ഇന്ന് ജോബിന്റെ നിലവിളി 
ആകാശമൊട്ടേ നിറഞ്ഞു:
മറ്റൊരുദാഹരണം ആക്കരുതെന്നെ.

സല്‍പ്രവാചകരെ, 
നല്ല അങ്ങുന്നുമാരേ,
ഏതേലും 
വൃക്ഷത്തിന്റെ പേര്
ചോദിക്കാതിരി
ഒറ്റ താഴ്വാരത്തോടും
അതിന്റമ്മയെക്കുറിച്ച് 
ചോദിക്കാതിരി
എന്റെ നെറ്റിയില്‍ നിന്ന് 
പൊട്ടിച്ചിതറുന്നു
വെളിച്ചത്തിന്റെ വാള്‍ 
കയ്യില്‍ നിന്നുറവ കൊള്ളുന്നു
നദീജലം.

ജനഹൃദയമാണ് 
എന്റെ സ്വത്വം,
പോയെന്നില്‍നിന്നെടുത്തു മാറ്റ്
എന്റെ പാസ്‌പോര്‍ട്ട്.

ദേശീയ പൗരത്വ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ റോഡരികിലെ ഡി ടി പി സെന്ററില്‍ കാത്തുനില്‍ക്കുന്നവര്‍. അസമിലെ മോറിഗാവ് ജില്ലയില്‍നിന്നൊരു ദൃശ്യം. Photo: David Talukdar/ Getty Images

 

ഞങ്ങള്‍ ഒരു ദേശത്തെ  
ലക്ഷ്യമിട്ട് യാത്ര പോവുന്നു


ഞങ്ങളൊരു യാത്ര പോവുന്നു,
സ്വന്തം മാംസമല്ലാത്ത 
ഒരു ദേശത്തേക്ക്,
ചെസ്റ്റ്‌നട്ട് മരങ്ങള്‍ 
ഞങ്ങളുടെ അസ്ഥികളല്ലാത്ത 
ഒരിടത്തേക്ക്.

പര്‍വ്വത ഗീതത്തിലെ 
ആടുകളെ പോലെയല്ല
അതിന്‍  ശിലകള്‍,
ചരല്‍ക്കല്‍ നയനങ്ങള്‍ 
വെള്ളാമ്പലുകളുമല്ല.

ഞങ്ങളൊരു ദേശത്തേക്ക്
യാത്ര പോവുന്നു,
ഞങ്ങള്‍ക്കു ചുറ്റും
ഒരു വിശേഷ സൂര്യനും 
പ്രഭാവലയം തീര്‍ക്കാത്ത 
ഒരിടത്തേക്ക്.
പുരാണ സ്ത്രീകള്‍ 
ഞങ്ങളെ കൈകൊട്ടി വാഴ്ത്തുന്നു.

ഞങ്ങള്‍ക്കായൊരു കടല്‍,
എതിരായൊരു കടല്‍.

ഗോതമ്പും ജലവുമില്ലാതെ
കൈകളൊഴിയുമ്പോള്‍
ഞങ്ങളുടെ സ്‌നേഹം ഭുജിക്കുക,
അശ്രു പാനം ചെയ്യുക...

വിലാപമൂടുപടങ്ങള്‍ക്കുള്ളില്‍ 
കവികള്‍.
ഒരു നിര വെണ്ണക്കല്‍ പ്രതിമകള്‍
ഞങ്ങളുടെ സ്വരമുയര്‍ത്തും.

ദേഹിയില്‍ നിന്നടര്‍ത്തി
കാലത്തിന്‍ ധൂളികള്‍ കാക്കുന്ന ചിതാഭസ്മകലശങ്ങള്‍.

ഞങ്ങള്‍ക്കായി പനിനീര്‍പുഷ്പങ്ങള്‍;
ഞങ്ങള്‍ക്കെതിരെയും.

നിങ്ങള്‍ക്കു നിങ്ങളുടെ യശസ്സുണ്ട്. 
ഞങ്ങള്‍ക്ക് ഞങ്ങളുടേതും.

ഞങ്ങളുടെ ദേശത്ത്
കാണപ്പെടാതെ പോയത്  മാത്രം 
ഞങ്ങള്‍ കാണുന്നു: ഞങ്ങളുടെ രഹസ്യം.

ഞങ്ങളുടേതാണ് മഹത്വം: 
ഞങ്ങളുടേതല്ലാത്ത 
വീടുകളോരോന്നിലേക്കും
നയിക്കുന്ന 
വീഥികളാല്‍ വിണ്ടുപോയ
പാദങ്ങളിലേറി 
ഒരു സിംഹാസനം.

ആത്മാവ് 
അതിനാത്മാവില്‍ തന്നെ
സ്വയം തിരിച്ചറിയണം, 
അല്ലെങ്കില്‍ 
ഇവിടെ എരിഞ്ഞടങ്ങണം

ദേശീയ പൗരത്വ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ റോഡരികിലെ ഡി ടി പി സെന്ററില്‍ കാത്തുനില്‍ക്കുന്നവര്‍. അസമിലെ മോറിഗാവ് ജില്ലയില്‍നിന്നൊരു ദൃശ്യം. Photo: David Talukdar/ Getty Images

 

അമ്മയ്ക്ക്

കൊതിക്കുന്നുണ്ടത്രയും,
അമ്മ വെയ്ക്കുന്ന 
റൊട്ടിക്കായി ഞാന്‍. 
അമ്മയുടെ കാപ്പി
അമ്മയുടെ വാത്സല്യ സ്പര്‍ശം.

എന്നിലേ വളര്‍ന്നു ബാല്യം,
അനുദിനമെന്നോണം 
എന്നില്‍.

ജീവിതം അമൂല്യമാണ്,
എന്തെന്നോ ഞാന്‍ മരിച്ചെന്നാല്‍ 
അമ്മയുടെ കണ്ണീരെന്നെ
നാണം കെടുത്തും.

എന്നെ ഒരുക്കുക, 
ഒരു ദിനം ഞാന്‍ തിരിച്ചെത്തിയാല്‍,
നിന്റെ കണ്‍പീലികള്‍ക്ക് 
ഉത്തരീയമെന്ന പോല്‍.  
അനുവദിക്കുക, 
നിന്റെ കരങ്ങളെ
എന്റെയസ്ഥികളില്‍ പുല്ലു വിതറാന്‍  
പുണ്യഭൂമിയിലമര്‍ന്ന 
നിന്റെ അപങ്കില പാദസ്പര്‍ശങ്ങളാല്‍ 
ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടവനെന്ന പോല്‍.

ഒരു മുടിച്ചുരുള്‍ കൊണ്ട്  
ഞങ്ങളെ ബന്ധിക്കുക
നിന്റെ ഉടുപ്പിന് പുറകില്‍ 
കോര്‍ത്തോരിഴ കൊണ്ട്.

എനിക്കാവും 
ദൈവികത്വത്തിലേക്കുയരാന്‍,
എന്റെയാത്മാവിനെ 
ദൈവികത്വത്തിലേക്കാനയിക്കുക.
നിന്റെ ഹൃദയത്തിന്റെ
ആഴപ്പരപ്പില്‍
ഞാന്‍ തൊടുന്നെങ്കില്‍ മാത്രം. 

എന്നെ ഒരുക്കുക, 
ഒരു ദിനം 
എനിക്കൊരു മടക്കമുണ്ടെന്നാല്‍.
പാകം ചെയ്യാന്‍ 
നിന്റെ അടുപ്പില്‍ നിറയുന്ന 
വിറകെന്ന പോല്‍.
നിന്റെ മേല്‍ക്കൂരയില്‍  
നിന്റെ കൈകളില്‍ നീര്‍ന്ന 
അഴയെന്ന പോല്‍,
നിന്റെ നിത്യ പ്രാര്‍ത്ഥനകളില്ലാതെ 
ദുര്‍ബലനാണ് ഞാന്‍
ഇനിയുമാവില്ല
നില്‍ക്കാന്‍.

വൃദ്ധനായിരിക്കുന്നു ഞാന്‍,
തിരികത്തരിക 
എന്റെ ബാല്യത്തിന്‍ താരകം. 

കൂടിനായുള്ള
എന്റെ അലച്ചില്‍ 
ചിട്ടപ്പെടുത്തട്ടെ ഞാന്‍.

ദേശാടനപ്പക്ഷികള്‍ക്കൊപ്പം
ഒരു മടക്കയാത്രയ്ക്ക്,
പ്രത്യാശകളോടെ 
നീ കാത്തിരിക്കുന്ന കൂട്ടിലേക്ക്.

 

വാക്കുത്സവത്തില്‍: 

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

click me!