എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

By Vaakkulsavam Literary Fest  |  First Published Aug 22, 2019, 3:39 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് കുഴൂര്‍ വില്‍സന്റെ അഞ്ച് മരക്കവിതകള്‍. പുറത്തിറങ്ങാനിരിക്കുന്ന മരയാളം എന്ന പുസ്തകത്തില്‍നിന്നുള്ള കവിതകള്‍.


അടിമുടി കവിത പൂത്തൊരു മരം. കവിതകള്‍ക്കകത്തും പുറത്തുമുള്ള കുഴൂര്‍ വില്‍സന്റെ ജീവിതത്തിന്റെ ടാഗ് ലൈന്‍ അതാണ്. ഭൂമിയെ കവിത കൊണ്ട് തൊടുന്നൊരാള്‍. ചുറ്റുപാടുമുള്ള ലോകത്തോട് സംവദിക്കാന്‍ കവിതയുടെ ഭാഷമാത്രം സ്വന്തമായുള്ള ഒരാള്‍. അത്തരം ഒരാള്‍ക്കു മാത്രം പറയാനാവുന്ന കാര്യങ്ങളാണ് കുഴൂര്‍ വില്‍സന്‍ കവിതകള്‍. അയാള്‍ കാണുന്നതിലും തൊടുന്നതിലെല്ലാം കവിതയുടെ വിത്തുകള്‍ വീണുകിടക്കുന്നത് അതാണ്. മണ്ണിലേക്കു വേരിറങ്ങിയ, ആകാശത്തോളം ചില്ലകളും ഇലകളും പടര്‍ന്നു കിടക്കുന്ന ഒരു വനമായി കുഴൂര്‍ കവിതകള്‍ മാറുന്നതും അതിനാലാണ്. മരങ്ങള്‍ക്ക് സഹജമായ വ്യത്യസ്തതകള്‍ തന്നെയാണ് കുഴൂര്‍ കവിതകളുടെ വേറിട്ട നില്‍പ്പ് സാദ്ധ്യമാക്കുന്നതും. 

കുഞ്ഞുവാക്കുകളാണ് ആ കവിതയുടെ വിധി നിര്‍ണയിക്കുക. ഒരു വിത്തുപൊട്ടും പോലെ അതു സംഭവിക്കുന്നു. വിത്തുപൊട്ടി അതൊരു ചെടിയാവുകയും പിന്നീട് ഒറ്റയ്‌ക്കൊരു കാടാവുകയും ചെയ്യുന്നു. സൂര്യന്‍ എത്തിനോക്കുന്നതിന്‍ ചോടെ വീണുകിടക്കുന്ന ആ മഴക്കാടിന്റെ നിഴലുകളിലേക്കും അതിനിടയിലെ നോവുകളിലേക്കും ഉന്മാദങ്ങളിലേക്കും വായനക്കാര്‍ എടുത്തെറിയപ്പെടുന്നു. ഒരേസമയം തന്നെ ഏകാന്തതയും ആരവവുമാണത്. ഒരേ നേരം പൊതുവായ ഇടവും സ്വകാര്യമായ ഇടവും അതു പങ്കിടുന്നു. അതുകൊണ്ടാണയാള്‍, 

Latest Videos

undefined

എന്റെ സന്തോഷത്തിന്റെ കാരണമേ
നിനക്കെഴുതുമ്പോള്‍
എന്റെ സങ്കടത്തിന്റെ കാരണമേ 
(വയലറ്റിനുള്ള കത്തുകള്‍)

-എന്ന് എഴുതുന്നത്. അതയാളുടെ തന്നെ സന്തോഷവും സങ്കടവും തുറന്നുകാട്ടലും അവനവനിലേക്ക് തന്നെ ഒതുങ്ങലുമാണ്. എന്നാല്‍ അതയാളുടെ മാത്രം ഇടമല്ല. വായനക്കാര്‍ക്ക് സ്വയം ചേര്‍ത്തുവെയ്ക്കാനുള്ള ഇടവും കൂടിയാണത്. ഇവിടെ കവി വേറെയും കവിത വേറെയുമില്ല. കവിയും വായനക്കാരും വെവ്വേറെയല്ല. ഒന്ന് ഓര്‍ത്തേച്ചും വരാം, ഒന്ന് തൊട്ടേച്ചും വരാം, ഒന്ന് നനഞ്ഞും വരാം, ഒന്ന് നൊന്തിട്ടുവരാം എന്ന് പറയേണ്ടി വരും ആ കവിതകളെ വായിക്കുമ്പോള്‍.

 

1

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, 

നാട്ടിലെ
ഒറ്റമരത്തില്‍
പെട്ടുപോയ
കിളിയുടെ
കരച്ചിലാണു
താനെന്ന്
അറിയാമായിരുന്ന
എന്റെ കവിത
വസന്തത്തോട്
അതിന്റെ
പേരുചോദിച്ചു
അത് പറഞ്ഞ് തുടങ്ങി

പൂത്ത്കായ്ച്ച് നില്‍ക്കുന്ന വയ്യങ്കത, അതിന്റെ മുള്ളുള്ള വേദനകള്‍,  തട്ടമിട്ട ഗഫ്, അതിന്റെ മിനാരങ്ങള്‍, ഉമ്മകള്‍ കൊണ്ട് ചോന്ന തൊണ്ടി, അതിന്റെ നനഞ്ഞ ചുണ്ടുകള്‍, ആരുമില്ലാതെ ആടലോടകം, പുള്ളിയുടുപ്പിട്ട് നെല്ലിപ്പുളി, കാറ്റിനെ കാത്ത് പുളിവാക, തെക്കോട്ട് തലവച്ച് ആഞ്ഞിലി, കോട്ടുവായിട്ട് ചെറുപുന്ന , ഇലകളില്‍ അമ്മൂമ്മമാരുടെ പേരെഴുതിവച്ചിരിക്കുന്ന പേര, അടുപ്പിലൂതുന്ന ഇലന്ത, കണ്ണ് ചൊറിഞ്ഞ് ഇലപൊങ്ങ്, ഇരിപ്പ, പൊട്ടിച്ചിരിച്ച് ആത്ത, കീറിയ ഉടുപ്പിട്ട ചോലവേങ്ങ, ഇരുമ്പകം, ഓടിക്കിതച്ച് പടപ്പ, വാലാട്ടുന്ന പട്ടിപ്പുന്ന, ചെരുപ്പിടാതെ പട്ടുതാളി, കൂട്ടത്തില്‍ കേമനായ് തേക്ക്, തെക്കോട്ട, പോയ ജന്മമോര്‍ത്ത് നീര്‍വാളം, നീരാല്‍, വിതുമ്പിക്കരഞ്ഞ് നീര്‍ക്കടമ്പ്, പതിമുകം, മടിപിടിച്ച് തണല്‍മുരിക്ക്, കരിമരുത്, കരിങ്കുറ, ആറ്റുമയില്‍, വെള്ളദേവാരം, കാട്ടുകടുക്ക, തിന്ന്‌കൊഴുത്ത് ബദാം, ഓര്‍മ്മ പോയ വഴന, ബോറടിച്ച് വരച്ചി, നാങ്ക്‌മൈല, നടുവേദനയുമായി യൂക്കാലിപ്റ്റ്‌സ്, ചുവന്നുറച്ച് രക്തചന്ദനം,  കഷായം ധരിച്ച് രുദ്രാക്ഷം വക്ക, വഞ്ചി, അമ്മവീടിനെയോര്‍ത്ത് പറങ്കിമാവ്, വരി, നെടുനാര്‍, പത്ത്‌നൂറു പെറ്റ മരോട്ടി, മലങ്കാര, വളംകടിയുമായ് മലമ്പുന്ന, ലോട്ടറിയെടുക്കുന്ന നെന്മേനിവാക, കയ്പ്പുള്ള ചിരിയുമായ് നെല്ലി

ഇലകളാല്‍ ചിത്രംവരച്ച് കടപ്‌ളാവ്, വരിതെറ്റിച്ച് കരി, കടംപറഞ്ഞ് കാട്ടുതുവര, തിളച്ച് മറിഞ്ഞ് കാട്ടുതേയില, പൊട്ടിയൊലിച്ച് കാട്ടുപുന്ന , നെറ്റിയില്‍ പൊട്ട് തൊട്ട് കുങ്കുമം, വിശന്ന് വലഞ്ഞ് വെന്തേക്ക്, മിസ്‌കാളടിക്കുന്ന വെള്ളക്കടമ്പ്, ഒറ്റയ്ക്ക് നില്‍ക്കുന്ന കാറ്റാടി, അതിന്റെ ക്ഷീണിച്ച കയ്യുകള്‍, പൂത്തുലഞ്ഞ ഇലഞ്ഞി, അതിന്റെ മണമുള്ള ഉടല്‍, നെടുവീര്‍പ്പിട്ട് ആല്‍, പച്ചവാറ്റില്‍, ഓന്തുമായ് കുന്നായ്മ പറയുന്ന പച്ചിലമരം, പനച്ചി, പമ്പരകുമ്പിള്‍, ഓര്‍മ്മകള്‍ചൂടി കടമ്പ് ,പലചരക്കുമായ് കുടമരം , പുന്നപ്പ, പുങ്ങ്, തല നരച്ച ചുരുളി, ചിന്തുപാട്ടുമായ് ചുവന്നകില്‍, കറുത്തവാറ്റില്‍, കുളകു, കരിഞ്ഞാവല്‍, അടിച്ച് ഫിറ്റായി പമ്പരം, ചോരപ്പയിന്‍, ഞമ, കിളികളെ കൊതിപ്പിച്ച് ഞാവല്‍, ഞാറ, ഉള്ളം കൈചൊറിഞ്ഞ് അലസിപ്പൂ, ശോകഗാനം മൂളി അശോകം

നാലും കൂട്ടിമുറുക്കി ഏഴിലമ്പാല, ടൈകെട്ടി പീനാറി, പീലിവാക, കാലൊടിഞ്ഞ് പുളിച്ചക്ക, കൂലി ചോദിച്ച് പേഴ്, കുമ്പിള്‍, കുരങ്ങാടി, കയ്യുളുക്കി കടുക്ക, വലിയകാര, വല്ലഭം, ചാവണ്ടി, ഞെട്ടിച്ച് ചിന്നകില്‍, ബ്രേക്ക്‌പൊട്ടി ചിറ്റാല്‍, വിടന, ശീമപ്പഞ്ഞി, പലിശക്കാരന്‍ ഒടുക്ക്, മദമൊലിപ്പിച്ച് ഓട, അച്ഛനില്ലാത്ത കടക്കൊന്ന, മക്കളില്ലാത്ത ശിംശപാവ്യക്ഷം, മുഖംചുവന്ന് സിന്ദൂരം, തന്നാരോപാടി കരിന്തകര, കഞ്ചനടിച്ച് വെള്ളപ്പയിന്‍, പൂക്കള്‍ കാട്ടി പൂത്തിലഞ്ഞി, പുളിച്ച മുഖവുമായ് കുടമ്പുളി

നനഞ്ഞൊലിച്ച് കുളമാവ്, നിന്ന് തിരിയുന്ന കുടമാന്‍, പരലോകത്ത് നിന്ന് പാരി, മിന്നുന്ന ളോഹയിട്ട് പൂപ്പാതിരി, നാലുകാലില്‍ പൂച്ചക്കടമ്പ്, കമ്പിളി പുതച്ച് കുളപ്പുന്ന, നക്ഷത്രഫലം വായിക്കുന്ന കുണ്ഡലപ്പാല, പാച്ചോറ്റി, സ്വയംഭോഗം ചെയ്യുന്ന പെരുമരം, കടലിനെയോര്‍ത്ത് പെരുമ്പല്‍, കഫക്കെട്ടുമായ് ആനത്തൊണ്ടി, ആനക്കൊട്ടി, ചെറുതുവര, ഇലവംഗം, താന്നി, കുറുമ്പുകാട്ടി തിരുക്കള്ളി, കാരപ്പൊങ്ങ്, കെട്ടിപ്പിടിച്ച് കാറ്റാടി, തുടലി, തെള്ളി, കാര, മലയത്തി, മലവിരിഞ്ഞി, നാണമില്ലാതെ കശുമാവ്, കുശുമ്പ് പറഞ്ഞ് കറുക, വെടിനാര്‍, മരിക്കാനുറച്ച് ആറ്റുമരുത്, ചോലയില്‍ നിഴലായി വീണൊഴുകി ആറ്റുവഞ്ചി

വെള്ളയുടുപ്പിട്ട് മന്ദാരം, വന്ന, രണ്ടും കല്‍പ്പിച്ച് മഹാഗണി, കണക്കുകള്‍ കൂട്ടുന്ന കരിവേലം, ജാക്കറാന്ത, കുമ്പാല, കൂട്ടില്ലാതെ കൂവളം, കൂട്ടുകാരുടെ തോളത്ത് കൈയ്യിട്ട് കാട്ടുകമുക് ,കൊല്ലി, പരുവ, പരുവമരം, കള്ളച്ചിരിയുമായ് ക്യഷ്ണനാല്‍, എനിക്കാരുമില്ലെന്ന് കൊക്കോ, കോര്‍ക്ക്, പലകപ്പയ്യാനി, മാലയും വളയുമിട്ട് പവിഴമല്ലി, ഒറ്റയ്ക്ക് ഒരു മഴമരം, മാഞ്ചിയം, മുലക്കണ്ണുകാട്ടി മാതളം, ചെമ്മരം,പശക്കൊട്ടമരം, മലവേമ്പ്, കണ്ണീരൊഴുക്കി ചമത, വട്ട, ഓടിത്തളര്‍ന്ന വട്ടക്കുമ്പിള്‍, സിഗരറ്റ് വലിക്കുന്ന പൈന്‍, പൊരിപ്പൂവണം, കാലുവെന്ത തേരകം, തേമ്പാവ്, പല്ലിളിച്ച് ദന്തപത്രി, നരിവേങ്ങ, നവതി, പിറുപിറുത്ത് മഴുക്കാഞ്ഞിരം, അരയാഞ്ഞിലി, കാറ്റുമായി കളിച്ച് അരയാല്‍

ചൂടുകാറ്റിനെ ഉമ്മവയ്ക്കുന്ന ചൂള, അരിനെല്ലി, മാമ്പഴം സങ്കടത്തില്‍ ചൊല്ലി മാവ്, ചന്ദനവേമ്പ്, നടുനിവര്‍ത്തി പേരാല്‍,പുളിവാക, ഉന്നം, നായ്ത്തമ്പകം, നീറിനീറി കര്‍പ്പൂരം, നായ്ക്കുമ്പിള്‍, നീര്‍വാക, ചിന്നന്‍പിടിച്ച പൊങ്ങ്, പുറത്താക്കപ്പെട്ട് പൊട്ടവാക, പൊട്ടിത്തെറിച്ച് പൊരിയന്‍, വഴിയാധാരമായ് പൊന്തന്‍വാക, എന്തോ ഓര്‍ത്ത് പ്ലാവ്, തലമൂടി പൂതം, മഞ്ഞപോലെ പച്ചച്ച് ഈത്തപ്പന, തഞ്ചത്തില്‍ മഞ്ചാടി, മുള്ളന്‍വേങ്ങ, മുണ്ട്‌പൊക്കി മുള്ളിലം, തുള്ളിച്ചാടി മുള്ളിലവ്, മൂങ്ങാപ്പേഴ്, ഇനിയില്ലെന്ന് നീര്‍മരുത്, പട്ടുപോയ നീര്‍മാതളം, മൂട്ടികായ്, ഇത്തി ,ഇത്തിയാല്‍, വെള്ളവേലം, കല്‍പ്പയിന്‍, കല്ലാല്‍, വാവോപാടി മഞ്ഞക്കടമ്പ്,മീന്മുള്ളുകളെ പേടിച്ച്ചൂണ്ടപ്പന

വളഞ്ഞ്കുത്തി പുന്ന, ചേട്ടനെപേടിച്ച് മട്ടി, പാതിരാപ്പടം കാണുന്ന പാരിജാതം, പാലകള്‍, പാലി, തലകുത്തിമറിഞ്ഞ് പാറകം, വിരി, വിത്തുമായ് അത്തി, നെഞ്ചുഴിഞ്ഞ് അമ്പഴം, മകനെ പ്രേമിച്ച അയണി, മഞ്ഞക്കൊന്ന, എന്തോതിരഞ്ഞ് മഞ്ഞമന്ദാരം, കണ്ണടച്ച് ചുല്ലിത്തി, കന്മദം ചുരത്തി കല്ലിലവ് , കഴുകനെനോക്കുന്ന മലമന്ദാരം, ഇടിവെട്ടിനെ ശപിച്ച് വെള്ളീട്ടി, വേങ്ങ, വേപ്പ്, വ്രാളി, അകില്‍, നെടുവീര്‍പ്പിട്ട് അക്കേഷ്യ, ബാത്സ, ബ്ലാങ്കമരം, കുത്തിച്ചുമച്ച് ബീഡിമരം, അഗസ്തി, ചമ്മിച്ചിരിച്ച് ചെറുകൊന്ന, കമ്പളി, മുറിവേറ്റ് നാഗമരം.
                                  
നെറ്റി ഭൂമിയില്‍ മുട്ടിച്ച് ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി പാതിരി, കടം വാങ്ങിമുടിഞ്ഞ് അങ്കോലം, കാട്ടുമരോട്ടി, കുണ്ഡലപ്പാല, ആറ്റുമരുത്, പൂവം, എരുമനാക്ക്, കരിങ്ങോട്ട, ശമ്പളമില്ലാതെ വെടിപ്ലാവ്, വെണ്മുരിക്ക്, മഞ്ജനാത്തി, ഞെട്ടിയുണര്‍ന്ന് മണിമരുത്, മതഗിരിവേമ്പ്, മകള്‍ക്ക് കൂട്ടുപോകുന്ന കാരാഞ്ഞിലി, കാരകൊങ്ങ്, കാരപ്പൊങ്ങ്, തിരിച്ച്‌പോരുന്ന ഇലിപ്പ, സ്വപ്നംകണ്ട് ഉറക്കംതൂങ്ങി, ഊമ്പിയചിരിയുമായ് ഊറാവ്, കത്താനൊരുങ്ങി എണ്ണപ്പന, തെഴുത്ത് എണ്ണപ്പൈന്‍, ആരെയോകാത്ത് ആഴാന്ത, തലപൊട്ടി ചോരപത്രി, ശീമപ്പൂള, പൂവന്‍കാര, മലമ്പുളി, മൂര്‍ച്ചയുള്ള വടികളുമായി പുളി

ദുര്‍മ്മേദസ്സുമായി തീറ്റിപ്ലാവ്, മലമ്പൊങ്ങ്, ചൊറിമാന്തിമുരിക്ക്, കൂട്ടുകാരനു ജാമ്യംനില്‍ക്കുന്ന ഇരിപ്പ, ജോലിപോയ ഇരുമ്പകം, കുങ്കുമപ്പൂ, കരിന്താളി, സ്‌കൂട്ട്, റോസ് ക്കടമ്പ്, ആമത്താളി, ആരംപുളി, തിരക്കില്‍ പെട്ട് ആറ്റിലിപ്പ, കുരുത്തമുള്ള ഇരുള്‍, വെള്ളവാറ്റില്‍, ചൂളമടിച്ച് മുള, ഉപ്പില, തൊപ്പിവച്ച് കാട്ടുകൊന്ന, ഹരിശ്രീയെഴുതി കാഞ്ഞിരം, ഇടനിലക്കാരനായ ചേര്, കക്ഷംകാട്ടി കാട്ടുചെമ്പകം, തണ്ടിടിയന്‍, നീറോലി, ബസ് കാത്ത്  ഈഴചെമ്പകം, വീടൊരുക്കി കരിമ്പന, കരിവേങ്ങ, കവിതയെഴുതുന്ന കരുവാളി, കുഞ്ഞുടുപ്പിട്ട് ഉങ്ങ്, ഉദി, പ്ലാശ,കാട്ടിന്ത, പിന്നെ കാണാമെന്ന് എള്ളമരുത്,  കെട്ടിപ്പിടിക്കാനൊരുങ്ങി ചെമ്പകം

കുട്ടികളെ കുളിപ്പിക്കുന്ന വെള്ളകില്‍, കുടമറന്ന് പോയ വെള്ളവാക,  പരീക്ഷയില്‍ തോറ്റ ആറ്റുതേക്ക്, കടുത്തകാമമായ് ആറ്റുനൊച്ചി, കാലുകള്‍ അകത്തി മലന്തുടലി, നെഞ്ചുംവിരിച്ച് മലന്തെങ്ങ്, എണ്ണാന്‍ പഠിക്കുന്ന മലമഞ്ചാടി, മുലകള്‍ കാട്ടി മലമ്പരത്തി, ഉന്മത്തനായ് ആവല്‍, കരുണ ചൊല്ലുന്ന അരണ, പ്രാന്തുമായ് അമ്പലത്തിലേക്കോടുന്ന അലക്കു, അലക്കോടലക്ക് ചേര്, ഒളിച്ചോടാനൊരുങ്ങി കുടപ്പന, മതങ്ങളില്ലാത്ത ജാതി, പൊട്ടിച്ചിരിച്ച് സില്‍വര്‍ഓക്ക്, കുഞ്ഞുങ്ങളെ കാത്തുനില്‍ക്കുന്ന കാട്ടുവേപ്പ്, മിഠായിനുണഞ്ഞ് സുബാബുല്‍, അരിശമായ് പാറപ്പൂള, പേടിച്ച് പിണര്‍, തെറികള്‍ കേട്ട് കാത് പൊത്തി ഇത്തി, ഒരിത്തിരി ചിരിയുമായ് ഇത്തിയാല്‍, മനസ്സില്‍ നാദമുരുവിടുന്ന കോവിദാരം, വയറു കാണിച്ച് ഇലക്കള്ളി, വിടര്‍ന്നുലഞ്ഞ് ഇലവ്, ക്രൗര്യമായ് ഭോഗിക്കും ചടച്ചി, തണുത്ത വിരലുകളുമായ് ചന്ദനം 

വെട്ടിപ്പിടിച്ച് ചരക്കൊന്ന, ഓഫീസില്‍പോകുന്ന ചീലാന്തി, കൊച്ച് ടീവി കാണുന്ന ഗുല്‍ഗുലു, മുടികറുപ്പിച്ച ഗുല്‍മോഹര്‍, വഴക്കുള്ള മുഖവുമായ് ഇരുള്‍, പുലര്‍ച്ചെ ഉണര്‍ന്ന് കണിക്കൊന്ന, മുഴുവനുറങ്ങി കനല, നിന്ന് മൂത്രമൊഴിക്കുന്ന കരിങ്ങാലി, കനംവച്ച ലിംഗവുമായി കമ്പകം, എന്നെനിറക്കൂ എന്ന കരച്ചിലുമായ് കല്ലാവി, കാമത്താല്‍ ഉലഞ്ഞ് കാരാഞ്ഞിലി, ശാന്തനായ് കാരാല്‍, പാട്ട്പാടി ഭോഗിക്കുന്ന കാരി, തളര്‍ന്നുറങ്ങുന്ന കാവളം, പൂവിതളുകള്‍ കാട്ടി തണ്ണിമരം, യോനിയില്‍ ചുംബിച്ച് തമ്പകം, ലിംഗം നുണയുന്ന തെള്ളിപ്പയിന്‍, ഭോഗാലസ്യത്തില്‍ നീര്‍ക്കുരുണ്ട, കുഞ്ഞിനു മുലകൊടുക്കുന്ന മലയ, കണ്ണുരുട്ടി കത്തി, വട്ട്പിടിച്ച ഈട്ടി, അമ്മയെ മറന്നചീനി, തൊണ്ണുകാട്ടി കുന്നിവാക, ഉറക്കത്തില്‍ ചിരിക്കുന്ന കുപ്പമഞ്ഞള്‍, വിഷം വിഴുങ്ങി ഒതളങ്ങ, പൂത്തുലഞ്ഞ് പൂവരശ്...

വസന്തം
അതിന്റെ പേരു
പറഞ്ഞ്‌കൊണ്ടിരുന്നു.
മഴയും
വെയിലും
കാറ്റും
തണുപ്പും
മാറിമാറിവന്നുകൊണ്ടിരുന്നു

വസന്തം
അതിന്റെ
പേരോര്‍ത്തെടുത്ത്
പറഞ്ഞുകൊണ്ടിരുന്നു.

കാട് കയറിയ
എന്റെ കവിതയെ
ആളുകള്‍ക്ക് പേടിയായി
ആരും ആ വഴിക്ക് വരാതായി

ഒരു പാമ്പ് ഇഴഞ്ഞിഴഞ്ഞു പോകുന്നു
ഒരു മുയല്‍ അതിനുള്ള വഴിയുണ്ടാക്കി ഓടിയോടിപ്പോകുന്നു.
ഒരു പൊന്തയില്‍ നിന്ന് ഒരു പൂത്താങ്കീരി പറന്നുപോകുന്നു

 

2

മരയുമ്മ

ഇണചേര്‍ന്നതിന്‌ശേഷം 
വഴക്കിട്ടിരിക്കുന്ന 
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈമരം 
എനിക്ക് നല്കിയത്

ഓരോപ്രഭാതത്തെയും
പുതിയതാക്കുന്നതില്‍ 
അല്ലെങ്കില്‍ എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച്തരുന്നതില്‍
ഈമരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും 
നിങ്ങള്‍ക്ക് മനസ്സിലാകില്ല

ഒരുദിവസം 
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ

വേറെ ഒരുദിവസം
കൊമ്പില്‍ നിന്ന്
പ്രാവിന്റെ കാഷ്ഠംവീഴ്ത്തി
തണലില്‍
ആരോ കഴിച്ചതിന്റെ ബാക്കി 
മീന്മുളള് തിന്നുന്ന പൂച്ചകളെ
ഓടിക്കുന്നതിന്റെ 

മറ്റൊരുദിവസം
എന്റെ മുറിവ്
കരിയിച്ച്തരണേയെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെതന്നെ
കൊമ്പിന്റെ 
നനഞ്ഞ കണ്ണുകളേ

വേറൊരുനാള്‍
താഴെ
അപരിചിതരായ മനുഷ്യര്‍
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീര്‍ന്ന
തന്റെ തന്നെ 
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാല്‍
മരക്കസേരകളെ

ഒരുദിവസം
ഓരോ കാറ്റ് വരുമ്പോഴും 
അര്‍ബാബിനെ പേടിച്ച്
കാറ്റ് സ്‌നേഹിച്ച് സ്‌നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരികളയാന്‍
ഓടിഓടിയെത്തുന്ന
ബീഹാറുകാരനെ

വേറെ 
ഒരുദിവസമാണെങ്കില്‍ 
വെള്ളികലര്‍ന്ന
നീല ആകാശത്തെ നോക്കി
ഒറ്റചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തിമറിഞ്ഞ്
ചിരിക്കുന്ന കായകളെ

ഒരു ദിവസമാണെങ്കില്‍
കൊമ്പിലും കുഴലിലും
സ്വര്‍ണ്ണനൂലുകള്‍ പടര്‍ത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ

പിന്നെ ഒരുദിവസം
വേറെ ആരെയും 
കാണിക്കാത്ത
ഇളം പച്ചകുഞ്ഞിനെ
കാണിച്ച്
ഒരുപേരിട്ട് തരാന്‍ പറഞ്ഞ
വയസ്സായ നടുക്കഷണത്തെ

അതിനുംമുമ്പ്
മറ്റൊരു ദിവസം 
നാട് നീളെയുള്ള
മരക്കൂട്ടുകാരെ 
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു

എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കില്‍ കുത്തിയിരുന്നു

പഴംതിന്ന് 
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കല്‍
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്‍ത്ത്
മനസ്സ് മലര്‍ത്തിയിട്ടുണ്ട് ഞാന്‍

ചില മരങ്ങള്‍
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരുപിടിപ്പിച്ചതിന്റെ
തണല്‍നല്‍കിയതിന്റെ
പ്രാണവായു നല്‍കിയതിന്റെ

കുരിശേറ്റിയതിന്റെ
ഓര്‍മ്മയില്
ഉള്ളംനടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും 
ചെയ്യുന്ന
ഈ നിമിഷത്തില്‍

മരമേ
നിന്നെ ഞാന്‍
കെട്ടിപ്പിടിക്കുകയാണ്
മരവിച്ചതും
എന്നാല്
ഏറ്റവും
ആര്‍ത്തിപിടിച്ചതുമായ
ഒരുമ്മ നല്‍കുകയാണ്

മരണത്തോളം
മരവിപ്പും 
ജീവിതവും കലര്‍ന്ന
ഒരു 
മരയുമ്മ

 

3

തൂപ്പുകാരി

ഇലകളുടെ
ഭാഷ പഠിപ്പിക്കുന്ന
സ്‌കൂളില്‍ചെന്നപ്പോള്‍
അവിടത്തെ
തൂപ്പുകാരി
പറഞ്ഞു

സര്‍,
ഞാനിവിടെ
പഠിക്കാനും
തുടര്‍ന്ന്
പഠിപ്പിക്കാനും
ചേര്‍ന്നതാണ്

അടര്‍ന്നുവീണ
ഇലകളെ
കൊഴിഞ്ഞുവീണ
ഇലകളെ
അടിച്ചുവാരലായിരുന്നു
എന്റെ
ആദ്യത്തെ
അസൈന്‍മെന്റ്

ഇലകളില്‍
ഗവേഷണം
കഴിഞ്ഞാല്‍
ഇലകളുടെ
അമ്മവീട്ടിലേക്ക്
സാറിനേപ്പോലെ
കാട്ടിലേക്ക്
പോകണം
എന്നുതന്നെയായിരുന്നു
എനിക്കും

ആരുമില്ലാത്ത
കരിയിലകളുടെസങ്കടം
എന്നെ
തൂപ്പുകാരിയാക്കിയെന്ന്
പറഞ്ഞാല്‍
മതിയല്ലോ

 

ഞാനും
കാട്ടിലേക്കുള്ള
വഴി
മറന്നു

 

4

കുന്നിന്‍മുകളിലെ ചെമ്പകമരം

കുന്നിന്മുകളില്‍ ഒരുചെമ്പകമരം

ഞാനതിനെപറ്റിക്കൂടി

അടുക്കേണ്ട പൊന്നേ
കുന്നിറങ്ങുമ്പോള്‍ സങ്കടമാവും
അതുപറഞ്ഞു

നിനക്ക് പകരം
ഞാനിവിടെ പൂത്ത്‌നില്‍ക്കുമെന്നും
എനിക്ക് പകരം നീ
കുന്നിറങ്ങുമെന്നും
ഞങ്ങളങ്ങനെ ഉടമ്പടിയുണ്ടാക്കി

ഞാനിപ്പോള്‍ പൂത്തുനില്‍ക്കുകയാണു
കുന്നിന്‍മുകളില്‍

മഴചാറുന്നുണ്ട്

ഞാനായി കുന്നിറങ്ങിയ
ആ ചെമ്പകമരം
ഇപ്പോഴെവിടെ

..........

ബസ് കാത്തുനില്‍ക്കുന്ന ചെമ്പകമരം
സിഗരറ്റ് വലിക്കുന്ന ചെമ്പകമരം
എന്തോ ഓര്‍ക്കുന്ന ചെമ്പകമരം
ഷെല്‍വിയെ വായിക്കുന്ന ചെമ്പകമരം
പൊട്ടിച്ചിരിക്കുന്ന ചെമ്പകമരം
മിണ്ടാതിരിക്കുന്ന ചെമ്പകമരം
ഒച്ചയില്‍ കുളിക്കുന്ന ചെമ്പകമരം
മെഴുതിരി കത്തിക്കുന്ന ചെമ്പകമരം
മരിച്ചവരുടെകൂടെ സെല്‍ഫിയെടുക്കുന്ന ചെമ്പകമരം
നെടുവീര്‍പ്പിടുന്ന ചെമ്പകമരം
നാട് വിടാനൊരുങ്ങുന്ന ചെമ്പകമരം
ചായ തിളപ്പിക്കുന്ന ചെമ്പകമരം

........

കുന്നിന്മുകളില്‍ ഞങ്ങള്‍ ഒറ്റയ്ക്കായി 

 

5

തെങ്ങുകള്‍ 

ഈന്തപ്പനകള്‍ ചോദിച്ചു

തുറിച്ചുനോക്കുന്നതെന്തിന്
വിവര്‍ത്തനശേഷമുള്ള 
തെങ്ങുകളാണു ഞങ്ങള്‍

മറന്നുവോ?

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

click me!