ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുത്തുനിര്‍ത്താന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?

By Rasheed KP  |  First Published Mar 30, 2021, 3:58 PM IST

കഴിഞ്ഞ ആഴ്ച മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'ഈസയും കെ.പി.ഉമ്മറും' എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തിന്റെ പശ്ചാത്തലത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സംസാരിക്കുന്നു. കെ. പി റഷീദ് നടത്തിയ അഭിമുഖം. 


''ഈയിടെയായി എഴുത്ത് നിര്‍ത്താന്‍ വല്ലാതെ ആഗ്രഹിക്കുന്നു എന്നതാണ് സത്യം. എന്നിട്ട്, ഹൃദയവും ബുദ്ധിയും പ്രജ്ഞയും, അതെ, എല്ലാറ്റിനെയും ഉപേക്ഷിക്കണം. സത്യത്തില്‍, എല്ലാം മതിയായി.''

ജീവിതത്തെ ആഴത്തില്‍ മടുത്തൊരാള്‍ക്ക് മാത്രം എഴുതാനാവുന്ന ഈ വാക്കുകള്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍േറതാണ്. മലയാളത്തിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാള്‍. എഴുത്തില്‍ വിജയിച്ചു എന്നുറപ്പിച്ചുപറയാനാവുന്ന ഒരാള്‍. കഴിഞ്ഞ ആഴ്ച മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'ഈസയും കെ.പി.ഉമ്മറും' എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ 24-ാം തീയതി ഫേസ്ബുക്കില്‍ അദ്ദേഹം എഴുതിയതാണ് ഈ വരികള്‍. എന്തുകൊണ്ടാണ്, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നതിനിടെ, ശിഹാബുദ്ദീനെപ്പോലെ ഒരെഴുത്തുകാരന്‍ എഴുത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. 23 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും നിരന്തരം എഴുതുകയും ചെയ്ത, പതിറ്റാണ്ടുകളായി സാഹിത്യ മാധ്യമപ്രവര്‍ത്തനം ചെയ്ത, ശ്രദ്ധേയമായ തിരക്കഥകള്‍ എഴുതിയ,  പുതിയകാലത്തിന്റെ മാധ്യമമായ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഒരെഴുത്തുകാരന്‍, ഇതുപോലൊരു സമയത്ത് എന്തുകൊണ്ടാണ് 'സത്യത്തില്‍ എല്ലാം മതിയായി' എന്ന് പറയുന്നത്? 

Latest Videos

undefined

ആ എഴുത്തുകളെ ഗൗരവമായോ അല്ലാതെയോ പിന്തുടര്‍ന്നുവരുന്ന ആര്‍ക്കുമുണ്ടാവുന്ന ചില ചോദ്യങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ ഉത്തരങ്ങളാണ് ഈ അഭിമുഖം. ഇതില്‍ മനുഷ്യന്‍ എന്ന നിലയില്‍ നമ്മുടെ കാലത്ത് ഒരെഴുത്തുകാരന്‍ ചെന്നെത്തിപ്പെടുന്ന നിസ്സഹായതകളുണ്ട്. 'കത്തുന്ന തലയിണ'യില്‍ തലവെച്ചുറങ്ങേണ്ടിവരുന്ന നമ്മുടെ കാലത്തെ മനുഷ്യര്‍ അനുഭവിക്കുന്ന ആകുലതകള്‍ മുഴുവനുമുണ്ട്. 

ആ ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും കടക്കുന്നതിനുമുമ്പ്, ആരാണ് ശിഹാബുദ്ദീന്‍ എന്ന് ഒന്നുകൂടി ഓര്‍ത്തെടുക്കേണ്ടതുണ്ട്. എഴുത്തില്‍ ശിഹാബ് ചെയ്തത് എന്തെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനായി, ശിഹാബുദ്ദീന്റെ എഴുത്തുകളെക്കുറിച്ചുള്ള വ്യക്തിപരമായ ചില ചെറുനിരീക്ഷണങ്ങള്‍ വായിച്ച് നമുക്ക് തുടങ്ങാം.

 

 
കഥ പറച്ചിലിനായി സ്വയം മുങ്ങിത്താഴ്‌ന്നൊരാള്‍
പ്രാണഭയത്തോടെ എത്തിപ്പിടിച്ച കരകള്‍

കൈയാളും താങ്ങുമില്ലാതെ മലയാള സാഹിത്യത്തിന്റെ അതിവേഗപാതയില്‍ ചെന്നുപെട്ടൊരു കുട്ടിയുടെ അമ്പരപ്പുണ്ട് ഇപ്പോഴും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകളില്‍. എത്ര പറഞ്ഞാലും തീരാത്ത കഥകളുടെ തിക്കുമുട്ടലുകളാണ് ആ കുട്ടിയെ എഴുത്തിന്റെ അപരിചിതവഴിയിലേക്ക് സ്വയം ഇറക്കിവിട്ടത്. വഴി കാട്ടാനും വിളക്കു കൊളുത്താനും ആരുമില്ലായിരുന്നു. അതിനാല്‍, വഴിയും വെട്ടവും സ്വയം സൃഷ്ടിക്കേണ്ടി വന്നു. കഥകള്‍ മാത്രമായിരുന്നു എന്നും തുണ. ഉമ്മയില്‍നിന്നാണ് കഥ പറച്ചിലിന്റെ മാന്ത്രിക വടി കിട്ടിയതെന്ന് ഒരഭിമുഖത്തില്‍ ശിഹാബുദ്ദീന്‍ പറയുന്നുണ്ട്. കഥകളുടെ കുട്ടിക്കാലത്തില്‍നിന്നും നിവര്‍ന്നുണര്‍ന്നപ്പോള്‍ ശിഹാബുദ്ദീന്‍ കണ്ടത് കഥയേക്കാള്‍ വിചിത്രമായ ജീവിതങ്ങളായിരുന്നു. ആ ജീവിതങ്ങളും അനുഭവങ്ങളുമാണ് നാല് പതിറ്റാണ്ടായി ശിഹാബ് എഴുതുന്നതിലേറെയും.

ജീവിതത്തിനും കഥയ്ക്കുമിടയിലെ അന്തമറ്റ അകലങ്ങള്‍ എഴുത്തുകൊണ്ട് മായ്ക്കാനുള്ള ശ്രമങ്ങള്‍ ശിഹാബുദ്ദീന്റെ കഥകളില്‍ കാണാം. യാഥാര്‍ത്ഥ്യത്തിനും ഭാവനയ്ക്കുമിടയിലെ നേരിയ അതിര്‍ വരമ്പുകള്‍ ഭേദിക്കുക എളുപ്പമല്ല. അതൊരു നൂല്‍പ്പാലം. ഒന്ന് തെന്നിയാല്‍ കഥ കഴിയും. ആ നൂല്‍പ്പാലത്തില്‍നിന്ന് ട്രപ്പീസു കളിക്കാരന്റെ കരവിരുതോടെ ഭാവനയെയും യാഥാര്‍ത്ഥ്യത്തെയും ഇഴചേര്‍ത്തുണ്ടാക്കിയതാണ് ശിഹാബിന്റെ കഥകള്‍. അത് സ്വയം ഭൂവല്ല. കഥ പറച്ചിലിനായി സ്വയം മുങ്ങിത്താഴ്ന്നൊരാള്‍ പ്രാണഭയത്തോടെ എത്തിപ്പിടിച്ച കരകള്‍. ശിഹാബിന്റെ ഭാഷയില്‍, 'കാലുവെന്ത നായയെപ്പോലെ' ഓടിക്കൊണ്ടിരുന്ന' ഒരു കാലം മുതല്‍ ഒരു മനുഷ്യന്‍ ജീവിതവും കഥകളുമായി നടത്തിയ മല്‍പ്പിടിത്തത്തിന്റെ ലിഖിതരൂപം.

ഒരര്‍ത്ഥത്തില്‍, കേരളീയ ജീവിതങ്ങളുടെ പരിണാമകഥ തന്നെയാണ് ശിഹാബുദ്ദീന്റെ എഴുത്തുകളില്‍. ആര്‍ക്കും വേണ്ടാത്ത മനുഷ്യരുടെ, ആരും കേള്‍ക്കാനില്ലാത്ത വിങ്ങലുകളുടെ ബദല്‍ചരിത്രം. ദേശവും മനുഷ്യരും മാറിമറിയുന്നതിന്റെ വാങ്മയചിത്രങ്ങള്‍. സങ്കടവും വേദനകളും ഉഴുതുമറിച്ച ഒരു സാധാരണ ജീവിതത്തിന്റെ അരക്ഷിതാവസ്ഥയില്‍നിന്നു കൊണ്ടാണ്, എഴുത്തുകാരന്‍ എന്ന നിലയില്‍ ശിഹാബ് അപരജീവിതങ്ങളെ സമീപിച്ചത്. അതിന്റെ വ്യത്യാസം ആ കഥകളില്‍ കാണാം. വെറും റോ മെറ്റീരിയല്‍ ആയിരുന്നില്ല ഈ മനുഷ്യന് മറ്റുള്ളവരുടെ ജീവിതങ്ങള്‍. അയാള്‍ ഒരിക്കലും അതിനു പുറത്തായിരുന്നില്ല. ജീവിതത്തിന്റെ കയ്പ്പ് തിന്നുതന്നെയാണ് അയാളും കഥകള്‍ക്കൊപ്പം ജീവിച്ചുപോന്നത്. അതുതന്നെയാണ് ആ കഥകളില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ സത്യസന്ധതയുടെ പ്രഭവകേന്ദ്രം. ജീവിതത്തിന്റെ കടലിളക്കങ്ങള്‍ അമ്പരപ്പോടെ കണ്ടുനില്‍ക്കുന്ന ഒരു സാധാരണ മനുഷ്യനെ ഇന്നുമാ കഥകളില്‍ കാണാന്‍ കഴിയുന്നതും അതിനാലാണ്.

എന്നും ഒരേ പാളത്തിലോടുന്ന തീവണ്ടികളല്ല ശിഹാബുദ്ദീന്റെ കഥകള്‍. ദേശകാലങ്ങള്‍ക്കൊപ്പം ആ കഥകളും മാറുന്നുണ്ട്. കുഴിബോംബുകള്‍ വിതറിയ ജീവിതത്തിന്റെ പോര്‍നിലങ്ങളുടെ വൈയക്തികമായ പകര്‍ത്തെഴുത്തുകളായിരുന്നു ഒരിക്കലത്. പില്‍ക്കാലത്ത്, സാമൂഹ്യമായ ആധികളുടെ കണക്കുപുസ്തകമായും അതു മാറുന്നു. ഉള്ളിലേക്ക് ആസിഡ് ഒഴിക്കുന്ന ആദ്യകാല കഥകളുടെ തീച്ചൂട് നഷ്ടപ്പെടുത്താതെയാണ് ആ പരിണാമം. അധികാരത്തിന്റെ കോമ്പല്ലുകളെ സൂക്ഷ്മമായി അത് സമീപിക്കുന്നു. 'ഉള്ളിനുള്ളിലെ ഹിറ്റ്ലര്‍'മാരെ തുറന്നുകാട്ടുന്നു. തീക്ഷ്ണ നര്‍മ്മം കൊണ്ട് പരിചിതവും അപരിചിതവുമായ ജീവിതങ്ങളെ ഉഴിയുന്നു. ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളെ തൊടുന്നു. എന്നാല്‍, വായനക്കാരെ ഇപ്പോഴും ആ കഥകള്‍ അപരിചിത ലോകങ്ങളിലേക്ക് വലിച്ചെറിയുന്നില്ല. ഋജുവായ, ലളിതമായ, ഒഴുക്കുള്ള ആ കഥകള്‍ സൗമ്യമായി ഇപ്പോഴും വായനക്കാരെ കൂട്ടുനടത്തുന്നു.

 

ശിഹാബുദ്ദീന്‍ സംസാരിക്കുന്നു


ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്: ഫോട്ടോ അജീബ് കൊമാച്ചി

 

പുതിയ കഥാസമാഹാരം, 'ഈസയും കെ പി ഉമ്മറും' കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. പുസ്തകങ്ങള്‍ ഇറങ്ങുമ്പോള്‍ മുമ്പ് അനുഭവിച്ച ഫീലിംഗ് എന്തായിരുന്നു? ആ അനുഭവം ഇപ്പോഴുമുണ്ടോ? കഥ എഴുതിത്തീരുമ്പോഴും പുസ്തകം ഇറങ്ങുമ്പോഴുമുള്ള അനുഭവം ഒരുപോലാണോ?

എനിക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയാത്ത വിചിത്രമായ മാനസിക ഘടനയുമായി മല്ലിടുന്ന ഒരാളാണ് ഞാന്‍. പ്രസിദ്ധീകരിച്ചു വന്ന പുസ്തകത്തെ വല്ലാത്തൊരു പിണക്ക ഭാവത്തോടെ നാലഞ്ച് ദിവസമെങ്കിലും ഞാന്‍ മാറ്റിവെക്കും. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം ഭയമോ അന്യതാ ബോധമോ പുസ്തകത്തിന്മേല്‍ എന്നെ പിടികൂടും. എന്താണ് കാരണമെന്നോ പരിഹാരമെന്താണെന്നോ മനസ്സിലാക്കാനോ അതിനെ മാറ്റാനോ കഴിയില്ല. അത്ര ചെറുതല്ലാത്ത ഒരു തരം ഡിപ്രഷന്‍ എന്നെ ദിവസങ്ങളോളം വിഴുങ്ങും. പുസ്തകത്തോട്, എന്തോ പന്തിയല്ലാത്ത ഒരു പിണക്കമോ അകല്‍ച്ചയോ എന്ന് പറയാവുന്ന ഒന്ന്. ഇനി ഇത് ഒരു പക്ഷേ ആത്മരതിയുടെ പ്രതിപ്രവര്‍ത്തനമാണോ? അറിയില്ല. അതിന് മാത്രം ഇവനെന്ത്! ഇതിനൊരു മന:ശാസ്ത്രപരമായ കാരണം കാണുമായിരിക്കും.തികച്ചും വ്യക്തിപരമായ ഒന്നായതിനാല്‍ ഞാന്‍ ആരോടും ഇത് ചര്‍ച്ച ചെയ്യാറില്ല. സമാന അനുഭവമുള്ള ആരെയും കണ്ടിട്ടുമില്ല. എന്ത് കൊണ്ട് ഇതൊക്കെ ലഘുത്വത്തോടെ കാണാനാവാത്തതെന്ന് സ്വയം പഴിക്കും. 

 

പുതുസമാഹാരം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് കുറിപ്പില്‍, ശിഹാബ്ക്ക ഇങ്ങനെ എഴുതി: 'എഴുത്ത് നിര്‍ത്താന്‍ വല്ലാതെ ആഗ്രഹിക്കുന്നു എന്നതാണ് സത്യം'. എന്താണ് ഇങ്ങനെ എഴുതാനുള്ള കാരണം? എഴുത്തിനെ ജീവിതവും അതിജീവനവുമായി അറിയുന്ന ഒരാള്‍ ഇങ്ങനെ ഒരാലോചനയിലേക്ക് വന്നത് എങ്ങനെയാണ്?

അതെ. എഴുത്ത് നിര്‍ത്താന്‍ ഞാന്‍ ശക്തമായി ആഗ്രഹിക്കുന്നു. സൂക്ഷ്മമായ പരിഗണന എന്റെ പുസ്തകങ്ങള്‍ക്ക് കിട്ടുന്നില്ല എന്ന തോന്നല്‍ ശക്തമായുണ്ട്. വായന പൊതുവെ ഉപരിപ്ലവമായിത്തീര്‍ന്നിട്ടുണ്ട് എന്ന തോന്നല്‍ ഉണ്ട്. തീര്‍ച്ചയായും എഴുത്ത് അതിജീവനമന്ത്രം തന്നെ. പക്ഷേ, അശ്രദ്ധമായ പരിചരണത്തിനു് വിധേയമാകുമ്പോള്‍ ക്രമേണ എഴുത്ത് എന്റേതല്ല എന്ന തോന്നല്‍ ഉളവാക്കുന്നു.


''ഓരോ കഥയ്ക്ക് പിന്നിലും നടന്നു തീര്‍ത്ത അലച്ചിലുകള്‍, കൊടിയ ധര്‍മ്മസങ്കടങ്ങള്‍, അനിശ്ചിതമായ ഒറ്റപ്പെടലുകള്‍, പിടി വിട്ട മാനസികാവസ്ഥകള്‍...'' ഇങ്ങനെ എഴുതിയിട്ടുണ്ട്, താങ്കള്‍. ഈ വാചകം എത്രമാത്രം സത്യസന്ധമെന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്, കഥകള്‍. എല്ലാ കാലത്തും ഇങ്ങനെ തന്നെയാണോ ശിഹാബ്ക്കാക്ക് എഴുത്ത്. തമാശയും ബ്ലാക്ക് ഹ്യൂമറുമൊക്കെ എഴുതുന്ന ഒരാളുടെ എഴുത്ത്, ഇങ്ങനെ സ്വയം കടഞ്ഞു തന്നെയാവുന്നത് എന്തു കൊണ്ടായിരിക്കുമെന്നാണ് കരുതുന്നത്?

സര്‍ഗ്ഗാത്മക രചനകള്‍ എന്റെ സമസ്ത കോശങ്ങളെയും അറിഞ്ഞല്ലാതെ നിര്‍വ്വഹിക്കാന്‍ എനിക്ക് കഴിയാറില്ല.എന്റെ വൈകാരിക നിക്ഷേപമാണ് നാല്‍പത് വര്‍ഷത്തെ എന്റെ എഴുത്ത്. അത് കൊണ്ടു തന്നെ അതില്‍ സംഭവിക്കുന്ന ഒരോ അവഗണനയും എന്നെ അറിയിക്കാതെ കടന്നു പോകില്ല. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷവും ഞാന്‍ ജോലി ചെയ്തത് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലാണ്. മറ്റ് എഴുത്തുകാരെപ്പോലെയല്ല, എന്റെ പുസ്തകം പിറകിലേക്ക് മാറ്റിവെക്കുന്ന ഏത് സന്ദര്‍ഭവും എനിക്ക് ഫീല്‍  ചെയ്യും. പക്ഷേ, പരാതി പറയാറില്ല. എന്റെ പുസ്തകം മാറ്റിവെക്കപ്പെടുമ്പോള്‍ മാത്രമല്ല ഹൃദയം കൊടുത്തെഴുതുന്ന ഏതെഴുത്തുകാരനെ മാറ്റിവെക്കുമ്പോഴും ആ വേദന ഞാനറിയും. പൊയ്ക്കാലില്‍ കുത്തി നിര്‍ത്തി യാതൊരു ഇമോഷണല്‍ ഇന്‍വെസ്റ്റുമില്ലാത്ത എഴുത്തുകാരെ ഉയരം കൂട്ടി എഴുന്നള്ളിക്കുമ്പോഴും ഞാനറിയും. പക്ഷേ, ഒരു പരാതിയും പറഞ്ഞിട്ടില്ല. കാരണം, വളരെ പെട്ടെന്ന് അതിനെ തെറ്റായി വ്യാഖ്യാനിക്കാം എന്നത് കൊണ്ടു തന്നെ. ഊറിക്കൂടുന്ന സഹനത്തിന്റെ നിശ്ശബ്ദത, കാട്ടില്‍ മേയുന്ന ഒറ്റപ്പെട്ട മൃഗമാണ്. 

ഈസ എന്ന കഥയെപ്പറ്റിത്തന്നെ പറയാം. കോവിഡ് കാലത്ത് ഗള്‍ഫ് പ്രവാസിയായ ഈസയുടെ മരണവും, മരിച്ച ഈസ നാട്ടിലേക്ക് മടങ്ങുന്നതുമാണല്ലോ ഈ കഥയുടെ പ്രമേയം. എന്നെ സംബന്ധിച്ച് ഈസയുടെ അനുഭവം ഞാന്‍ തന്നെയാണ്. ആറ് വര്‍ഷത്തെ ഗള്‍ഫ് പ്രവാസ കാലത്തെ കഠിനസഹനജീവിതക്കാഴ്ചകള്‍ എന്റെ അസ്ഥിയില്‍ തറച്ച അമ്പാണ്. എന്ത് കൊണ്ട് നമ്മള്‍ പ്രവാസികളെ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുന്നു? കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്നോളം പ്രവാസികളയക്കുന്ന പണമാണ്. ഗള്‍ഫിനെ നിരാകരിക്കാന്‍ ശ്രമിക്കുന്നു, അവര്‍ക്കൊരു ചരിത്രമില്ലാതെ പോവുന്നു, അവരെ പുറത്താക്കാന്‍ ശ്രമിക്കുന്നു, എന്തു കൊണ്ടാണ് ഇങ്ങനെ എന്നതിന്റെയൊക്കെ ഉത്തരം ഞാന്‍ ഈസ എന്ന കഥാപാത്രത്തിലൂടെയാണ് തേടുന്നത്. ഒരു സ്വയം മരിച്ചെത്തലാണ് ഈ എഴുത്ത്. ഒരാഴ്ച കൊണ്ട് എഴുതിത്തീര്‍ത്ത ഈ കഥ എഡിറ്റ് ചെയ്യാന്‍ രണ്ടര മാസക്കാലമെടുത്തു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ, ഉള്‍ക്കൊള്ളുമോ? വെട്ടിയും തിരുത്തിയും ഒടുവില്‍ വായിക്കാന്‍ പറ്റാത്ത അവസ്ഥയിലാവുമ്പോള്‍ വീണ്ടും പകര്‍പ്പെടുക്കും. എത്ര തവണ പകര്‍പ്പെടുത്തെന്ന് എനിക്ക് തന്നെ അറിയില്ല. ഏകദേശം രണ്ടര മാസം കൊണ്ട് ഫൈനല്‍ കോപ്പി എടുത്തു. വളരെ അശ്രദ്ധമായി കഥയെ ചവിട്ടി കടന്നു പോയിക്കളയുമോ എന്നാണ് പ്രസിദ്ധീകരിച്ച അന്ന് മുതല്‍ വേവലാതി. ഇങ്ങനെയൊക്കെ ഒരാള്‍ക്ക് എങ്ങനെ ജീവിക്കാനാവും?

 

എഴുത്തിലെ രാഷ്ട്രീയത്തെ എങ്ങനെയാണ് കാണുന്നത്? ആരെയും വേദനിപ്പിക്കാത്ത എഴുത്തുകള്‍ കൂടുതലാവുന്ന ഒരു കാലത്ത്, ചിലര്‍ക്കെങ്കിലും അലോസരമുണ്ടാക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു ബാധ്യതയാണോ? പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാന്‍ കഥ എന്ന മീഡിയം എത്രമാത്രം പര്യാപ്തമാണ്?

എഴുത്തിന്റെ ശ്വാസകോശമാണ് രാഷ്ട്രീയം. രാഷ്ട്രീയം എന്നത് കൊണ്ട് കക്ഷിരാഷ്ട്രീയ ബഹളങ്ങളെയല്ല ഉദ്ദേശിക്കുന്നത്. രാഷ്ട്രീയം എന്നത് ഇതര മനുഷ്യരെക്കുറിച്ചുള്ള വേവലാതിയാണ്. ആയുധമുള്ളവന്‍ നിരായുധനെ അടിക്കുമ്പോഴുള്ള തടഞ്ഞു നിര്‍ത്തലാണ്. വരാന്‍ പോകുന്ന ലോകസമൂഹത്തിന് നല്ല നാളെ നല്‍കലാണ്. അതേപ്പറ്റിയുള്ള മനുഷ്യകുലത്തിന്റെ സ്വപ്നമാണ്.  രാഷ്ട്രീയ ഉണര്‍വ്വില്ലാത്ത എഴുത്തുകള്‍, കലാപ്രവര്‍ത്തനങ്ങള്‍ എന്നിവ ഒരു ഉല്‍പന്ന രൂപം മാത്രമാണെന്നാണ് എന്റെ തോന്നല്‍. രാഷ്ട്രീയം എന്നാല്‍ ഉച്ചത്തിലുള്ള മുഴക്കം മാത്രമല്ല. ഉള്ളിലെ സഹാനുഭൂതിയുടെ ഉണര്‍ച്ചയുമാണ്. ഒരു ഉദാഹരണം പറയാം. ടാഗോറിന്റെ കവിതയെ ഉപജീവിച്ച് പി.ഭാസ്‌ക്കരന്‍ മാഷ് എഴുതിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ' എന്ന ഗാനം നോക്കുക. ചെയ്ത് തീര്‍ക്കാന്‍ വൈകിയതിനെപ്പറ്റിയുള്ള മഹത്തായ വിലാപമാണിത്. സൂക്ഷിച്ച് അറിയുന്തോറും ഈ രചന പതിയെ രാഷ്ട്രീയമായി നമ്മെ ഉണര്‍ത്തുന്നതായി കാണാം. ഒച്ച മാത്രമല്ല നിശ്ശബ്ദതയിലും രാഷ്ട്രീത്തിന്റെ വിത്തുകള്‍ മുളപൊട്ടുന്നുണ്ട്. ഈ സൂക്ഷ്മ രാഷ്ട്രീയതയില്ലാത്ത മനുഷ്യര്‍ പെട്ടെന്ന് പാഴായിപ്പോകും. എഴുത്തിലായാലും ജീവിതത്തിലായാലും. പുതിയ കാലത്തെ സാഹിത്യ രൂപത്തില്‍ ചെറുകഥയോളം സാധ്യത ഇതര സാഹിത്യരൂപത്തിനുണ്ടോ എന്ന് സംശയമാണ്. അത് മറ്റ് മീഡിയയുടെ കുഴപ്പമല്ല, അതിന്റെ സാധ്യതകളെ കണ്ടറിയാത്തതുമാണെന്നാണ് എന്റെ തോന്നല്‍

 

 

പ്രായമാവുന്നു എന്ന തോന്നലുണ്ടോ? പ്രായം എന്ന അനുഭവത്തെ എങ്ങനെയാണ് കാണുന്നത്? ജീവിതത്തെ കുറേകൂടി വ്യത്യസ്തമായി കാണാന്‍ ഈ അവസ്ഥ സഹായകമാണോ?

ബയോളജിക്കലി ഞാന്‍ നല്ല ചെറുപ്പക്കാരനാണ്. നന്നേ ചെറുപ്പത്തില്‍ ഒരു പാട് ശാരീരികമായി കഠിന ജോലികള്‍ ചെയ്തത് കൊണ്ടാവണം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഫോറം ഫില്ലപ്പ് ചെയ്യുമ്പോഴുള്ള പ്രായമല്ല ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴുള്ള എന്റെ പ്രായം! മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈസയും കെ.പി.ഉമ്മറും എന്ന കഥാസമാഹാരം വായിച്ച് ഇതിനകം ഒരേയൊരു കത്തേ വന്നിട്ടുള്ളൂ. ഇഷ്ടപ്പെട്ട് എഴുതിയ വാക്കുകള്‍ എനിക്ക് ഏറെ ആശ്വാസം നല്കി. സന്തോഷം കൊണ്ട് ഞാനയാളെ ഫോണില്‍ വിളിച്ചു. ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന അയാളുടെ പ്രായം ഇരുപത്തിരണ്ട്. അതിലേറെ ആത്മവിശ്വാസം മറ്റെന്ത് നല്കും ? 


താങ്കളുടെ കഥകള്‍ അര്‍ഹിക്കുന്ന വിധം മലയാള സാഹിത്യം പരിഗണിച്ചിട്ടുണ്ട് എന്നു കരുതുന്നുണ്ടോ? നിരൂപകര്‍ ഈ കഥകളെ സത്യസന്ധമായി പരിഗണിച്ചിട്ടുണ്ട് എന്നു കരുതാമോ?

ഇതിനുള്ള ഉത്തരം ധൈഷണികതയുള്ള വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്നു.


കഥകള്‍ ശിഹാബ് എന്ന മനുഷ്യന്‍ ജീവിച്ച നീണ്ട കാലങ്ങളുടെ അടയാളങ്ങളാണ്. ജീവിതം താങ്കളോട് എന്താണ് ചെയ്തത്? തൃപ്തിയുണ്ടോ ഈ ജീവിതത്തില്‍?

ഞാന്‍ കാലത്തിന്റെ ഇടവഴിയിലെ ഒരു ഓലച്ചൂട്ടുകറ്റ മാത്രമാണ്. വെളിച്ചമാണിത് പറയേണ്ടത്.


ചുറ്റുമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ എങ്ങനെയാണ്  ബാധിക്കുന്നത്? പൗരത്വ നിയമം അടക്കമുള്ള വിഷയങ്ങള്‍, ഇന്ത്യയുടെ പുതിയ തീവ്രവലതുപക്ഷ രാഷ്ട്രീയം എന്നിവ ശിഹാബ് എന്ന മനുഷ്യനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടോ? പ്രതീക്ഷകളുണ്ടോ?

ഒരെഴുത്തുകാരനും മനുഷ്യനും എന്ന നിലയില്‍ രണ്ടാം തരം പൗരന്റെ മാനസിക നിലയിലെത്തിക്കഴിഞ്ഞു എന്ന് പറയാതെ വയ്യ. ദില്ലിയില്‍ പൗരത്വ ബില്ലിനെതിരായ സമരങ്ങളെയും ബഹളങ്ങളെയും ജാതി മത ഭേദമന്യേ അതിനെതിരെ ഉണ്ടായ നൂറ് ശതമാനം അഹിംസയിലധിഷ്ഠിതമായ സമരത്തെയും ഭരണകൂടവും പേപിടിച്ച സംഘിക്കൂട്ടങ്ങളും നിഷ്‌ക്കരുണം ചോരയില്‍ മുക്കുന്നതും എന്റെ ദേശീയ ബോധത്തെ വമ്പിച്ച നിലയില്‍ മാറ്റിത്തീര്‍ത്തു. ഇങ്ങ് കേരളത്തിന്റെ ഇങ്ങേ അറ്റത്ത് നിന്ന എന്നില്‍ ആ കാഴ്ചകള്‍ വമ്പിച്ച അരക്ഷിതബോധത്തിലാഴ്ത്തി. 

ഇന്ത്യയില്‍ ദലിതരുടേതിന് സമാനമായ അവസ്ഥയിലാണ് മുസ്ലിം ജീവിതം എത്തി നില്‍ക്കുന്നത്. ഈ സമൂഹത്തിന്റെ എല്ലാ അരക്ഷിതബോധവും ഒരെഴുത്തുകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എന്നെയും പിടികൂടിക്കഴിഞ്ഞിരിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ഓരോ വാക്ക് പറയുമ്പോഴും ഞാന്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരുന്നു. ഓരോ മുക്കിലും മൂലയിലും വംശീയ ആക്ഷേപത്തിന്റെ മുള്‍മുനകള്‍ എന്നെ കാത്തിരിക്കുന്നത് ഞാനറിയുന്നു. മുന്‍കാലത്തെക്കാള്‍ അനാരോഗ്യകരമായ ജാഗ്രതയിലേക്ക് എന്നെയത് നയിക്കുന്നതായി ഞാനറിയുന്നു. വിശ്വാസിയാണെങ്കിലും അല്ലെങ്കിലും ദാരുണമായി ഇത് സഹിക്കേണ്ടി വരുന്നു. മതത്തെ വിറ്റ് ജീവിക്കുന്ന വ്യാജരക്ഷകര്‍ക്കിടയിലും ഫാസിസ്റ്റുകളെ സ്‌നേഹിക്കുന്ന മറുവിഭാഗത്തിനും ഇടയിലാണ് എന്നെ പോലുള്ള മനുഷ്യര്‍. വ്യാജഹിന്ദുവും വ്യാജമുസല്‍മാനും വ്യാജക്രിസ്ത്യാനിയും മാത്രമായിരിക്കുന്നു, നാം. പൊതു മനുഷ്യന്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പൊതു ഇടങ്ങള്‍ കുറഞ്ഞു വരുന്നു. മനുഷ്യരില്ലാത്തിടത്ത് മാനവികതയ്ക്ക് യാതൊരു ഇടവും ഉണ്ടാവില്ല. പണവും അധികാരവും സംസാരിക്കുന്നിടത്ത് ജഡസമൂഹം മാത്രം.

 


ലോകത്തെയാകെ തലകീഴായ് മറിച്ച കൊവിഡ് കാലത്തെ എങ്ങനെയാണ് കാണുന്നത്? ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള തോന്നലുകളെ അത് മാറ്റിമറിച്ചിട്ടുണ്ടോ? 

കോവിഡിനെ ഞാന്‍ രോഗമായിട്ടല്ല, പ്രകൃതി പാഠമായിട്ടാണ് വായിക്കുന്നത്. ഒന്നാമതായി ഇത് മനുഷ്യര്‍ക്ക് മാത്രം പ്രകൃതി അയച്ച ദുരന്ത സ്പര്‍ശമുള്ള സന്ദേശകാവ്യമാണ്. പ്രകൃതിയ്ക്കും ദുര്‍ബലനും മേലുമുള്ള ലോകമെമ്പാടുമുള്ള കൈയേറ്റങ്ങളെ കോവിഡ് അപലപിക്കുന്നു. ആഗോള തെമ്മാടികളെ അത് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു. കോവിഡ് വന്നില്ലായിരുന്നെങ്കില്‍ ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി തുടര്‍ന്നേനെ. ഇന്ത്യയില്‍ പൗരത്വ ബില്ല് എളുപ്പം പ്രയോഗത്തില്‍ കൊണ്ടു വന്നേനെ. ലോകത്തിലെ ഒട്ടുമിക്ക ആള്‍ദൈവങ്ങളും ഏറെക്കുറെ കോവിഡാനന്തരം മാളത്തില്‍ പോയൊളിച്ചതും  നിശ്ശബ്ദരായതും ശ്രദ്ധിക്കുക. എക്‌സ്ട്രീമിസത്തെ പ്രകൃതി വെച്ചുപൊറുപ്പിക്കില്ല. മോഡറേറ്റഡ് മോഡിലേ അതിന് നിലനില്‍ക്കാനാവൂ എന്നത് തന്നെ  കാരണം. നമ്മള്‍ സ്വപ്നം കാണുന്നത് പോലെ കോവിഡ് അത്ര പെട്ടെന്ന് തിരിച്ചുപോകില്ല എന്നാണെന്റെ തോന്നല്‍. മനുഷ്യകുലത്തെ അത് ചിലതെല്ലാം പഠിപ്പിച്ചിട്ടേ സ്ഥലം വിടൂ.


ഫേസ്ബുക്കില്‍ സ്വയം പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരനാണ് താങ്കള്‍. എന്താണ് ഫേസ്ബുക്ക് അനുഭവം? വായനക്കാരെ നേരില്‍ കണ്ടുമുട്ടാനും അവരുടെ മനസ്സറിയാനും കഴിയുന്നത് പോസിറ്റീവായ അനുഭവമാണോ? ഫേസ്ബുക്ക് എന്ന വെര്‍ച്വല്‍ ലോകത്തെ ആശയപ്രകാശനങ്ങള്‍ മനസ്സ് മടുപ്പിക്കാറുണ്ടോ?

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയെ വളരെ പോസിറ്റീവായും പ്രതീക്ഷയോടെയുമാണ് ഞാന്‍ കാണുന്നത്. മുഖ്യധാരാമാധ്യമങ്ങളുടെ പുറത്തുള്ള വ്യത്യസ്തമായ ഒരു അനിവാര്യതയാണത്. പക്ഷേ, ഇതൊക്കെ സത്യമായിരിക്കേ, ചില ബാലാരിഷ്ടതകളെയും നാം സോഷ്യല്‍ മീഡിയയില്‍ മറികടക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പറയുന്ന വിഷയത്തില്‍ യാതൊരു അറിവുമില്ലാത്ത ആധികാരിക മണ്ടന്മാരുടെ ശല്യം. ഇവര്‍ സ്വയം ഹീറോ ചമയുന്ന ഇന്‍സെക്ടുകളാണ്. അമാന്യമായ വാക്കുകളാണ് ഇത്തരക്കാരുടെ മൂലധനം. അറിവിന് മേലുള്ള അന്വേഷണമോ സന്ദേഹമോ അലട്ടാത്ത ഇവര്‍ അറിഞ്ഞോ അറിയാതെയോ സോഷ്യല്‍ മീഡിയയുടെ വന്‍സാധ്യതകളെ തുരങ്കം വെക്കുന്ന പണിയിലാണ് ഏര്‍പ്പെടുന്നത്..

മറുവശത്ത് സോഷ്യല്‍ മീഡിയക്ക് മേലെ കൊണ്ടുവരുന്നലോകമെമ്പാടുമുള്ള ഭരണവര്‍ഗങ്ങളുടെ കരിനിയമങ്ങളാണ്. ലോകമെമ്പാടും ഉയരുന്ന മനുഷ്യാവകാശ ശബ്ദങ്ങളെ പരിരക്ഷിച്ചെടുക്കുക എന്നതാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ഉത്തരവാദിത്തം തന്നെ എന്ന് ഞാന്‍ വിചാരിക്കുന്നു. ഫെയ്‌സ് ബുക്കില്‍ ഞാന്‍ ഏറ്റവുമധികം ആക്രമണത്തിനും അവഹേളനത്തിനും വിധേയമായത് ഞാന്‍ ജനിച്ച മതത്തിന് മേലെയുള്ള വിമര്‍ശനത്തിന്റെ പേരിലാണ്. എല്ലാ മതത്തിലെയും ഫണ്ടമെന്റലിസ്റ്റുകള്‍ക്കും ഒരേ മുഖച്ഛായയാണെന്നും സോഷ്യല്‍ മീഡിയ എന്നെ പഠിപ്പിച്ചു.

 

 

നമ്മുടെ കഥകള്‍ ജീവിതത്തെ സമീപിക്കുന്ന രീതി മാറിയിട്ടുണ്ടോ? വികസന ചര്‍ച്ചകള്‍ മാത്രമായി മാറിയ തെരഞ്ഞെടുപ്പ് കാലത്ത് നിന്നും ജീവിതത്തിന്റെ നരകക്കുഴികളില്‍ പെട്ടുപോവുന്ന മനുഷ്യരെ അറിയുമ്പോള്‍, അവരൊന്നും നമ്മുടെ സാഹിത്യത്തില്‍ പോലും ഇടമില്ലാത്തവരായി മാറുന്നതായി തോന്നുന്നുണ്ടോ?

ഏത് കാലത്തും നിലവാരത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുള്ളസാഹിത്യരചനകള്‍ ഉണ്ടാവും. അത് സ്വാഭാവികമാണ്. കാലമാണ് ഏറ്റവും വലിയ സാഹിത്യ നിരൂപകന്‍. ഗുണനിലവാരത്തില്‍ ശ്രദ്ധിക്കാത്തപുസ്തകങ്ങളുടെ പെരുക്കം നല്ല പുസ്തകത്തിലെത്തുന്നതില്‍ നിന്ന് വായനക്കാരെ തടഞ്ഞ് വെക്കുന്നുമുണ്ട്. സൂക്ഷ്മതയോടെ എഴുതാന്‍ കഴിയുന്നവരെ തേടിപ്പിടിക്കേണ്ട ശ്രദ്ധ കൂടി പുതിയ വായനക്കാര്‍ പുലര്‍ത്തിയാലേ രക്ഷയുള്ളൂ.പുസ്തകം വായിക്കാന്‍ കൈയിലെടുക്കുമ്പോഴേക്കും നമ്മുടെ ശ്രദ്ധയെ തട്ടിപ്പറിക്കുന്ന അനേകം ഘടകങ്ങളും പുതിയ കാലത്ത് വന്നിട്ടുണ്ട്.

 

പുതിയ എഴുത്തുകാരെക്കുറിച്ച് എന്താണ് അഭിപ്രായം? ഫേസ്ബുക്ക് പോലുള്ള ഇടങ്ങളിലെ എഴുത്തുകള്‍ സാഹിത്യത്തിന്റെ മുന്നോട്ടുപോക്കിന് ഗുണകരമാണോ? എഡിറ്ററില്ലാത്ത, അവരവര്‍ എഡിറ്റര്‍മാരാവുന്ന കാലത്തെ സാഹിത്യത്തിന്റെ ഭാവി എന്തായിരിക്കും?'

നല്ല എഴുത്തിലേക്ക് എളുപ്പവഴികളില്ല. നല്ല എഴുത്തുകാര്‍ വായിക്കുന്നയാളുടെ ഹൃദയത്തിലെഴുതുന്നു. അല്ലാത്തവര്‍ കടലാസിലോ കംപ്യൂട്ടറിലോ എഴുതുന്നു. അത്രയേയുള്ളൂ കാര്യം.

ചിലരെങ്കിലും തങ്ങളുടെ അധികാരങ്ങളും സാഹചര്യവും മുതലെടുത്ത് പ്രശസ്തിയും അംഗീകാരങ്ങളും നേടിയെടുക്കാന്‍ ശ്രമിക്കുന്നു. പഴയ ബ്ലാക് ആന്റ് വൈറ്റ് സിനിമയിലെ ഗോവിന്ദന്‍ കുട്ടിയുടെ ബലാത്സംഗമല്ല സാഹിത്യ പ്രവൃത്തി. അനര്‍ഹമായി തട്ടിപ്പറിക്കുന്ന എല്ലാ അംഗീകാരങ്ങളും മൊമെന്റോകളും സ്വീകരണമുറിയിലെ ചുവരില്‍ നിന്ന് നിശ്ശബ്ദമായി എഴുത്തുകാരനെ നോക്കി പരിഹസിച്ച്  വര്‍ത്തമാനം പറയുന്നുണ്ട്. അത് കേള്‍ക്കാനുള്ള ക്ഷമയോ ബുദ്ധിയോ  ഈ കൈയേറ്റക്കാര്‍ക്ക് കിട്ടിയിട്ടില്ല.

ദിനപത്രത്തിലെ സത്യമല്ല യഥാര്‍ത്ഥ സാഹിത്യം തേടുന്നത്.

 

Read more: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

 

click me!