ഇന്ന് കവി സച്ചിദാനന്ദന്‍റെ ജന്മദിനം. അദ്ദേഹം എഴുതിയ അഞ്ച് കവിതകള്‍ വായിക്കാം.
കവി സച്ചിദാനന്ദന്റ എഴുപത്തഞ്ചാം പിറന്നാളിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സ്‌നേഹാദരം
undefined
സച്ചിദാനന്ദൻ ധീരനായ കവിയാണ്. വാക്കിന്റെ മൂർച്ച കൊണ്ട് പൊരുതുന്ന കവി. ഭയമില്ലാത്തവൻ. രാഷ്ട്രീയം ചാട്ടുളിപോലെ കവിതകളാക്കിയ കവി. അതേസമയം വേറൊരു കവി കൂടിയുണ്ട്. അലിവോടെ, ആർദ്രതയോടെ, അസൂയ തോന്നുന്ന പ്രണയത്തോടെ എഴുതുന്ന സച്ചിദാനന്ദൻ. സ്നേഹത്തിന്റെ വെളിപാടുകളാണ് ആ വരികൾ. അതുകൊണ്ടാണ് അദ്ദേഹം 'പ്രണയബുദ്ധൻ' എന്ന കവിതയിൽ
'കാലം മുഴുവൻ ഒരൊറ്റനിമിഷത്തിലേക്കു ചുരുങ്ങി
ഇരുളിൽ നമ്മുടെ ചുംബനം ഇടിമിന്നൽ പോലെ തിളങ്ങി,
ആ ഗുഹ ബോധിയായി,
എനിക്കു പ്രണയത്തിന്റെ വെളിപാടുണ്ടായി'
-എന്ന് എഴുതുന്നത്. ആത്മാവുകൊണ്ടാണ് എഴുതുന്നതെന്ന് തോന്നുന്ന ചില കവിതകൾ. പ്രണയത്തിന്റെ ആത്മഹർഷങ്ങളെ ചേർത്തുപിടിക്കുന്നവ. സ്നേഹിച്ചേ തീരൂവെന്ന് തോന്നിപ്പിക്കുന്നവ. 1946 മെയ് 28 -ന് ജനിച്ച അദ്ദേഹത്തിന് ഇന്ന് ജന്മദിനം. അദ്ദേഹത്തിന്റെ മഴപോലെ പെയ്യുന്ന അഞ്ച് കവിതകൾ വായിക്കാം.
..................
പ്രണയബുദ്ധൻ
'ഭൂമിയിലേക്കുംവച്ചു മധുരമേറിയ ചുംബനമേതാണ്?'
'ഒരിക്കൽ നീയെന്നെ ഉത്തരം മുട്ടിച്ചു;
ഉറക്കിക്കിടത്തിയ കുഞ്ഞിന്റെ നിറുകയിൽ
അതിനെ ഉണർത്താതെ അമ്മ അർപ്പിക്കുന്ന
തൂവൽപോലുള്ള ചുംബനമാണോ?
സ്വർണ്ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന്
കാമുകൻ കാമുകിക്ക് നൽകുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ?
ഭർത്തൃജഡത്തിന്റെ മരിച്ച ചുണ്ടിൽ വിധവ അർപ്പിക്കുന്ന
വിരഹസ്നിഗ്ദ്ധമായ അന്ത്യചുംബനമാണോ?
ഗുരുവിന്റെ നവസ്നാതപാദത്തിൽ
യുവ സന്ന്യാസി അർപ്പിക്കുന്ന
വിശുദ്ധമായ വിരക്തചുംബനമാണോ?
അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും
വെയിൽ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും
നിരന്തരം നൽകുന്ന ഹരിതചുംബനങ്ങളോ?'
ഇപ്പോൾ ഞാനതിനുത്തരം പറയാം:
ദേവികുളത്തിന്നു മുകളിൽ മൂടൽമഞ്ഞിനൊരു വീടുണ്ട്
അപ്പുറത്തു മലഞ്ചെരിവുകളിൽ
കുത്തിയൊലിക്കുന്ന മരതകം
ഇപ്പുറത്തു ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമ ഗാംഭീര്യം.
പാറക്കെട്ടുകൾക്കിടയിൽ മരണം പോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ
അതിൽവച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കളുടെ സമ്മിശ്രഗന്ധം സാക്ഷിനിർത്തി
ഞാൻ നിന്നെ ചുംബിച്ചു.
അതിൽ ആദ്യചുംബനമുണ്ടായിരുന്നു
അന്ത്യചുംബനവും
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു
ഞാൻ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി.
കാലം മുഴുവൻ ഒരൊറ്റനിമിഷത്തിലേക്കു ചുരുങ്ങി
ഇരുളിൽ നമ്മുടെ ചുംബനം ഇടിമിന്നൽ പോലെ തിളങ്ങി,
ആ ഗുഹ ബോധിയായി,
എനിക്കു പ്രണയത്തിന്റെ വെളിപാടുണ്ടായി.
ഇപ്പോൾ ഞാൻ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു.
അവസാനത്തെ മനുഷ്യജോഡിക്കും
പ്രണയനിർവാണം ലഭിച്ചുകഴിഞ്ഞേ
ഞാൻ പരമപദം പ്രാപിക്കുകയുള്ളൂ.
കൈ
നീ നിന്റെ കൈ
എന്റെ കൈയിൽവച്ചു
ചക്രവാളം ഭൂമിയിലെന്നപോലെ.
കറിവേപ്പു പൂത്തുവെന്ന്
നാലു കൊക്കുകൾ
ഇല്ലിക്കൂട്ടത്തിൽനിന്നുയർന്ന്
മേഘങ്ങൾക്ക് കുറുകെ കടന്നുപോയി
വേലിയിൽ മഴവില്ലു തിളങ്ങി
പുഴ നമ്മുടെ കാലടികൾ നക്കി
മേശച്ചുവട്ടിൽ ചുരുണ്ടുകിടന്നു
മുകളിൽനിന്നിറങ്ങിവന്ന
ഒരു വാചകത്തിൽ തൂങ്ങി
നാം കൈലാസത്തിലെത്തി.
നിന്റെ ഉടലാകെ നനഞ്ഞിരുന്നു.
എന്റെ ചിറകുകൾ ചുവന്നിരുന്നു
ഇപ്പോൾ ആ വാചകത്തിലെ വാക്കുകൾ
വൃക്ഷങ്ങളായി നമ്മെ
ദൈവത്തിന്റെ കണ്ണിൽനിന്നു മറച്ചു.
മഴ, നീ
അതു മഴയായിരുന്നോ
അതോ നീയോ?
മണങ്ങളുണ്ടായിരുന്നു,
പുതുമണ്ണിന്റെ, പുകയിലയുടെ,
മാങ്ങാച്ചുനയുടെ, അരളിപ്പൂവിന്റെ
സ്ത്രീയുടെ ഉൾച്ചുണ്ടുകളുടെ,
രൂക്ഷമായ മണങ്ങൾ
നിറങ്ങളുണ്ടായിരുന്നു,
ഉപ്പന്റെ, ഉഷമലരിപ്പൂവിന്റെ,
തുരിശിന്റെ, കാട്ടുതീയിന്റെ,
നനഞ്ഞ ചേനയിലയുടെ,
തുടുവീഞ്ഞിന്റെ, വരിനെല്ലിന്റെ
പറക്കുന്ന നിറങ്ങൾ
ഓർമ്മകളുണ്ടായിരുന്നു
ചൂണ്ടുവിരലിന്റെ, ഈറൻചുണ്ടിന്റെ,
ഉണർന്ന മുലഞെട്ടിന്റെ
മുറിവിന്റെ, മണികളുടെ
മാറ്റിവയ്ക്കാനാകാത്ത ഹൃദയത്തിന്റെ
അസഹനീയമായ ഓർമ്മകൾ.
എത്ര പേരുകൾ എത്ര സ്വത്വങ്ങൾ
എത്ര സ്ഥലങ്ങൾ എത്ര ജന്മങ്ങൾ
സ്‍പർശനങ്ങളിൽനിന്ന് എത്ര പുഴകൾ.
നിന്നെ നഷ്‍ടപ്പെടുമ്പോൾ ഞാൻ സങ്കൽപിക്കുന്ന
തിരിച്ചുവരവിന്റെ ഉന്മാദം
നീ തിരിച്ചുവരുമ്പോൾ ഞാൻ ഭയക്കുന്ന
നിന്നെ നഷ്‍ടമാവുന്നതിന്റെ ആഘാതം
ഇതുപോലൊരു നീലമഴ ഞാൻ കണ്ടിട്ടില്ല
ഇതുപോലൊരു ദ്രവാശ്ലേഷം, അശമനനർത്തനം.
അവസാനിക്കാതെ പെയ്തു പൂത്തിറങ്ങുന്ന
ഇതുപോലൊരു തുലാവർഷചുംബനം
നീ എന്റെ മഴ തന്നെ.
മഴയുടെ നാനാര്‍ത്ഥം
പുഴയില്‍ വീണൊഴുകുന്ന മഴ
മാന്തോപ്പിലോടിക്കളിക്കുന്ന എന്‍റെ കൊച്ചുമകളാണ്
പളുങ്കുകാലുകളുമായി അവള്‍ തുള്ളിച്ചാടുന്നു
കൂട്ടം പിരിഞ്ഞ ഒരൊറ്റമുന്തിരിപോലെ ഉരുണ്ടുപോകുന്നു
ശൈശവംപോലെ തേങ്ങി മറയുന്നു
മേല്‍ക്കൂരയിലെ മഴ,
മൂളിപ്പറന്നുവന്നു കൂടുതൂക്കുന്ന കടന്നല്‍ക്കൂട്ടമാണ്.
പിന്നെ, അവ കുത്തേറ്റു പിടയുന്ന മുറ്റത്തു വീണു മുരളുന്നു.
പാറപ്പുറത്തെ മഴ പ്രവാചകന്‍റെ ശബ്ദമാണ്,
അത് ചിലമ്പുകുലുക്കി മന്ത്രംചൊല്ലി ഉറഞ്ഞുതുള്ളി
കരിമ്പാറമേല്‍ വാള്‍മുനകൊണ്ട്
മാന്ത്രികമായ കല്പനകള്‍ രൂപപ്പെടുത്തുന്നു.
ഇളവെയിലില്‍ പെയ്യുന്ന മഴ
കാലൊച്ച കേള്‍പ്പിക്കാതെ വന്ന്
ചുണ്ടനക്കാതെ യാത്രപറഞ്ഞ്
പിന്നെയും ഭര്‍തൃഗൃഹത്തിലേയ്ക്കു യാത്രയാവുന്ന
ഗ്രാമീണവധുവാണ്.
പൊയ്ക്കഴിഞ്ഞിട്ടും അവളുടെ ഗൃഹാതുരത്വം വീട്ടുപടവുകളില്‍
മയില്‍പ്പീലിക്കണ്ണുകളുമായി
തിരിഞ്ഞുനോക്കിക്കൊണ്ടേയിരിക്കുന്നു.
സന്ധ്യയില്‍, ഗന്ധര്‍വന്മാര്‍ മഴയുടെ
നേര്‍ത്ത ചില്ലുകുഴലിലൂടെ വന്നിറങ്ങുന്നു,
അവരുടെ തന്ത്രികളില്‍ ഇന്ദ്രജാലങ്ങള്‍ പുഷ്പിക്കുന്നു.
നിലാവില്‍, മഴയുടെ കുഞ്ചിരോമങ്ങള്‍ തിളങ്ങുന്നു
പനയോലപ്പുറത്തു കുളമ്പടികള്‍ കേള്‍ക്കുന്നു,
തോരുമ്പോള്‍ മുറ്റത്തു മഴക്കുതിരയുടെ കുളമ്പടയാളങ്ങള്‍
നമ്മെ അത്ഭുതപ്പെടുത്തുന്നു
ചില മഴകള്‍ ആലില്‍തുമ്പില്‍ വവ്വാലുകളായി തൂങ്ങിയാടുന്നു,
ചില മഴകള്‍ ദൂരെനിന്നു വരുന്നു
അതിഥിസംഘത്തിലെ കളിച്ചങ്ങാതികളെ
വെണ്മാടത്തില്‍നിന്നു നോക്കിനില്‍ക്കുന്ന
തുടുത്ത മുഖമുള്ള കൊച്ചുപെണ്‍കുട്ടിയാണ്
നിലച്ചുകഴിഞ്ഞിട്ടും, മുതലപ്പുറത്തു സവാരിചെയ്യാന്‍
കൊതിപിടിച്ച കുരങ്ങന്‍കാറ്റു കൊമ്പു പിടിച്ചുകുലുക്കുമ്പോള്‍
അത്തിപ്പഴങ്ങളായി അടര്‍ന്നു വെള്ളത്തില്‍ ചിതറുന്ന മഴകളുണ്ട്
ചുഴലിക്കാറ്റില്‍ വട്ടപ്പാലം കറങ്ങി തലചുറ്റി വീഴുകയും
തണുപ്പന്‍കാറ്റും ചൂടന്‍സ്കൂള്‍കുട്ടികളുമൊത്ത്
ഓരിയിടുകയും ചെയ്യുന്ന കുസൃതിമഴകളുമുണ്ട്.
ഇലഞ്ഞിപ്പഴം തിന്ന കുട്ടിയെപ്പോലെ കനത്ത മോണയുമായി
തിരിയാതെ കൊഞ്ചിപ്പറയുകയും
അസൂയക്കാരിയായ അയല്‍ക്കാരിയെപ്പോലെ
വാതോരാതെ അപവാദങ്ങള്‍ പരത്തുകയും ചെയ്യുന്ന മഴകളെ
എനിക്ക് പരിചയമുണ്ട്.
കോയമ്പത്തൂരിലെ ചെട്ടിച്ചിയെപ്പോലെ
ഉണക്കച്ചിരിയെറിഞ്ഞ്
പച്ചത്തെറി പറഞ്ഞു പരിഹസിച്ചു കുഴഞ്ഞ് ക്ഷണിക്കുന്ന
ജമന്തിമണമുള്ള തേവിടിശ്ശിമഴകളും
ഇടിമിന്നലുള്ള രാത്രിയില്‍, മരിച്ചവരെപ്പോലെ ജനലില്‍ വന്നു
തുറിച്ചുനോക്കി ഭയപ്പെടുത്തുന്ന പ്രേതമഴകളുണ്ട്.
മാന്‍കിടാവിനെപ്പോലെ കുന്നിന്‍നിറുകയില്‍
പുള്ളിവീഴ്ത്തി തുള്ളിക്കളിക്കുകയും
പച്ചത്തുള്ളനെപ്പോലെ പുല്ലിന്‍തുമ്പില്‍ ചാടിത്തെറിക്കുകയും
കരടിക്കുട്ടികളെപ്പോലെ നിലത്തുവീണു കുട്ടിക്കരണം
മറിയുകയും ചെയ്യുന്ന ഉണ്ണിമഴകള്‍,
ചെമ്പരത്തിയിതളില്‍ ഊഞ്ഞാലാടുന്ന
ചുവപ്പുപാവാടയുടുത്ത കന്യാമഴകള്‍,
ആദ്യത്തെ പ്രേമഭംഗത്തില്‍ ചുവരില്‍ മുഖമമര്‍ത്തിത്തേങ്ങുന്ന
കാമിനിമഴകള്‍.
പേറ്റുനോവില്‍ നഖംകൊണ്ടു തറകീറിപ്പൊളിക്കുന്ന
കുറിഞ്ഞിപ്പൂച്ചയെപ്പോലെ
അല തല്ലുന്ന തള്ളമഴകള്‍,
വിറയ്ക്കുന്ന ചുണ്ടുകളാല്‍
രാജകുമാരിയുടെയും രാക്ഷസന്മാരുടെയും
കഥകള്‍ പറഞ്ഞുതരുന്ന മുലതൂങ്ങിയ മുത്തശ്ശിമഴകള്‍
ഇവരും എന്‍റെ പരിചയക്കാര്‍തന്നെ.
എങ്കിലും എനിക്കേറ്റവുമിഷ്ടം
ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന ഈ പുതുമഴയാണ്.
കാരണം, ഈ പുതുമഴ മാത്രമേ
വെളുത്തുള്ളിയെയും ഇലഞ്ഞിപ്പൂക്കളെയും ഇരട്ടിമധുരത്തെയും
യൂക്കാലിപ്റ്റസ്സു മരങ്ങളെയുംപോലെ
നാഡിയുടെ വേരുകളെ മൂന്നുനാഴിക വട്ടത്തില്‍
കിരുകിരുപ്പിച്ചു തുളച്ചുകയറുന്ന
ആ നിഗൂഢമായ ഗന്ധമുള്ളൂ,
കാരണം, ഈ പുതുമഴയ്ക്ക് മാത്രമേ
നിനച്ചിരിക്കാതെ ഉയരക്കൊമ്പു കുലുക്കിപ്പറന്നിറങ്ങുന്ന
കിളിക്കൂട്ടത്തെപ്പോലെ ഭൂമിയുടെമേല്‍ വീണ്,
ഇല്ലായ്മപോലെ നേര്‍ത്ത പാട്ടുവിരലുകള്‍കൊണ്ട്
വേനലിന്‍റെ വിത്തുകളെ കിക്കിളിപ്പെടുത്തി
കണ്ണടച്ചുതുറക്കുംമുമ്പേ, ഓര്‍മ്മപോലെ നനുത്ത
തത്തത്തൂവലുകളാല്‍ മണ്ണിനെ മൂടാന്‍ കഴിയുന്നുള്ളൂ
കാരണം,
പുതുമഴ,
മേഘങ്ങളുടെ പിളരുന്ന പളുങ്കുമേല്‍ക്കൂരയ്ക്ക് കീഴില്‍
വയലിനുകളുടെ ഒരു താഴ്വരയാണ്.
ഉച്ചയ്ക്ക് നീളം കൂട്ടാനായി
ഉച്ചയ്ക്ക് നീളം കൂട്ടാനായി
ബിയർ കുടിച്ചുകൊണ്ട്
ഞാൻ അവസാനത്തെ
കടൽപ്പുറത്തിരിക്കുന്നു.
നിന്റെ കണ്ണുകളിൽ
ആദ്യനാളുകളുടെ തിളക്കം കണ്ട്
എനിക്കും കാറ്റിനും ലഹരിപിടിക്കുന്നു.
മരണംപോലെ അനന്തമായ കടൽ
നമ്മെ ഗൗനിക്കുന്നതേയില്ല
ഭൂമി പഠിച്ച പുതിയൊരു പാട്ടുപോലെ
മുകളിൽ പക്ഷ്ഷികളുടെ പല്ലവി
കറങ്ങും മുമ്പേ മണലിൽ പൂണ്ടുപോയ
ഒരു പമ്പരമാണ് എന്റെ കുട്ടിക്കാലം
ഒരിക്കൽ കുരുവിയുടെ കരച്ചിലിൽ ഞാൻ
കൊടുങ്കാറ്റിന്റെ ഇരമ്പം കേട്ടിരുന്നു
ഇല്ല നമുക്ക് തടുക്കാനാവില്ല,
ഏറിയേറിവരുന്ന ഈ തണുപ്പ്.
ആനന്ദം ഇരുളിലേക്കെറിയപ്പെട്ട
ഒരു പളുങ്കുപാത്രമാകുന്നു
പ്രേമം മേഘങ്ങൾക്കിടയിൽ
കെട്ടുപോകുന്ന ഒരു പരുന്ത്
(ചിത്രത്തിന് കടപ്പാട്: sati/ Koyamparambath Satchidanandan/ facebook)