malayalam Short Story: കന്യാകുമാരി, വിനീത ശേഖര്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Nov 4, 2022, 4:14 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിനീത ശേഖര്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


ഒരു യാത്രക്കിടയിലാണ് വിനയനെ കുറെ വര്‍ഷങ്ങള്‍ കൂടി വീണ്ടും കാണുന്നത്.  കന്യാകുമാരിയില്‍ പോകണം, ദേവിയെ കണ്ടുതൊഴണം,  ഉദയവും,അസ്തമയവും കാണണം എന്ന് അമ്മ പറയാന്‍ തുടങ്ങിയിട്ട് കുറെയായി. നടപ്പ് ഇത്തിരിയുണ്ടന്ന്  പറഞ്ഞിട്ടും അമ്മ  കൂട്ടാക്കിയില്ല.

വെള്ളിയാഴ്ച വൈകിട്ടു പുറപ്പെട്ട്  ശനിയും, ഞായറും പിന്നെ തിങ്കളാഴ്ച ഒരുദിവസം അവധിയുമെടുക്കാന്‍ നിര്‍ദ്ദേശിച്ചതും അമ്മ തന്നെ. അച്ഛന്റെ മരണ ശേഷം അമ്മ പൂര്‍ണ്ണമായും ക്ഷേത്രദര്‍ശനവും, പൂജയുമായി കഴിയുകയാണ്. എന്തോ ഭാഗ്യത്തിന് താമസം ദേവി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള സാമാന്യം നല്ലൊരു ഹോട്ടലില്‍ തന്നെ തരപ്പെടുകയും ചെയ്തു. 

വെളുപ്പിനെ കുളിച്ചിരുങ്ങി ദേവിയെ തൊഴുത് അമ്മ ത്രിവേണി സംഗമം കാണാന്‍ പോയി. താഴെ നിന്ന് പലനിരത്തിലുള്ള മണ്‍ തരികള്‍ കൈയ്യിലെടുത്ത് അതുമായി ബന്ധപെട്ട കഥകള്‍ പറയാന്‍ തുടങ്ങി.. ചെറുപ്പത്തില്‍ എത്രയോ കേട്ടിരിക്കുന്നു ദേവി മഹാത്മ്യം വിളിച്ചോതുന്ന ആ കഥകള്‍. എന്നിട്ടും അമ്മയ്ക്ക് വേണ്ടി വീണ്ടും കേള്‍വിക്കാരിയായി.

കുറെ കഴിഞ്ഞ് ' ഇനി ഒന്ന് കിടക്കണം' എന്ന് പറഞ്ഞ് റൂമിലേക്ക് പോകാന്‍ ധൃതികൂട്ടി അമ്മ. അമ്മയെ മുറിയില്‍ കൊണ്ട് വിട്ടിട്ട് വീണ്ടും കടല്‍തീരത്തേയ്ക്ക് വന്ന് ശാന്തമായ തിരകളില്‍ കണ്ണുംനട്ടിരിക്കുമ്പോളാണ് കുസൃതികളായ രണ്ട് കുട്ടികളോടൊപ്പം പരിചിതമായ ഒരു മുഖം കണ്ണില്‍ പെട്ടത്.

നീണ്ട പത്തു വര്‍ഷങ്ങള്‍ അയാളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിരുന്നു. തലയില്‍ അങ്ങിങ്ങ് നര കയറി തുടങ്ങി. പഴയ ചുറുചുറുക്കും, പ്രസന്നതയും എങ്ങോപോയി മറഞ്ഞപോലെ..

'വിനയന്‍'

വിളി കേട്ടപ്പോള്‍ അമ്പരപ്പോടെ അയാള്‍ തിരിഞ്ഞു നോക്കി..

കുറച്ചു നേരമെടുത്തു അവളെ തിരിച്ചറിയാന്‍. ഒരുവേള അവള്‍ക്കും അയാളുടെ ദൃഷ്ടിയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടാവാം. പത്ത് വര്‍ഷങ്ങള്‍ അത്ര ചെറിയ കാലയളവല്ലല്ലോ.

'ഹരിത ഇവിടെ. എത്ര നാളായെടോ കണ്ടിട്ട്..'-അയാള്‍ അതിശയിച്ചു...

അവള്‍ ചിരിച്ചു. 'അമ്മയ്ക്കൊപ്പം വന്നതാണ'

ചെറിയ രണ്ടു കുട്ടികളെയും ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന അയാളെ കണ്ടപ്പോളാണ് അമല കൂടെയില്ലല്ലോ എന്ന് ശ്രദ്ധിച്ചത്.

'അമല വന്നില്ലേ?'-കൗതുകത്തോടെ അന്വേഷിച്ചു.

ഒരുനിമിഷം വിനയന്‍ മൂകനായി.

പിന്നീട് പതിയെ പറഞ്ഞു.

'ഹരിത അറിഞ്ഞില്ലേ, അമല ഞങ്ങളെ വിട്ടുപോയി. മൂന്നു വര്‍ഷം മുന്‍പ്..'

അവളൊന്ന് ഞെട്ടി. വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ഒരു നിമിഷം കഴിഞ്ഞ് അവള്‍ പറഞ്ഞു.

'അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ആരും പറഞ്ഞിരുന്നുമില്ല..'

ഒരു നെടുവീര്‍പ്പോടെ അയാള്‍ തുടര്‍ന്നു..

'ഞങ്ങളുടെ വിവാഹവാര്‍ഷികംആയിരുന്നു അന്നേ ദിവസം. വെളിയില്‍ പോയി ഭക്ഷണം കഴിക്കണം.. മക്കളുമൊത്തൊരു സിനിമയ്ക്ക് പോകണം എന്ന് രാവിലെ അവള്‍ പറഞ്ഞിരുന്നു.  അതാവും ഓഫീസില്‍ നിന്ന് അല്പം നേരത്തെയിറങ്ങി വേഗം വരികയായിരുന്നു. എതിരെ വന്ന ഒരു ബസുമായി അവളുടെ സ്‌കൂട്ടര്‍ ഇടിച്ചു. ഹോസ്പിറ്റലില്‍ എത്തിക്കും മുന്‍പ് ജീവന്‍ പോയിരുന്നു...'

ഒന്നും പറയാനായില്ലായിരുന്നു, കേട്ട് നില്‍ക്കാനല്ലാതെ.

സത്യത്തില്‍ ജോലിതിരക്കുകള്‍ക്കിടയിലും, വീട്ടുകാര്യങ്ങള്‍ക്കിടയിലും ഒന്നും അന്വേഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അതല്ലെങ്കിലും അന്വേഷിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ലായിരുന്നാലോ താനും.

പെട്ടന്ന് ചിന്തകള്‍ എങ്ങോട്ടോ മുറിഞ്ഞു പോയി.

കോളിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു വിനയന്റെയും, അമലയുടെയും. ജാതി, മതം കുടുംബം എല്ലാം അവര്‍ക്ക് വിലങ്ങു തടിയായിരുന്നു.

പഠിത്തമൊക്കെ കഴിഞ്ഞു സാധാരണ ക്യാമ്പസ് പ്രണയങ്ങളെ പോലെ രണ്ടുപേരും രണ്ടു വഴിക്കു പിരിഞ്ഞു കാണും എന്നാണ് അന്നൊക്കെ കരുതിയിരുന്നത്. പിന്നീടറിഞ്ഞു വീട്ടുകാരുടെയും, നാട്ടുകാരുടേയുമൊക്കെ എതിര്‍പ്പിനെ അവഗണിച്ച് അവര്‍ വിവാഹിതരായി എന്ന്.

അവര്‍ തമ്മില്‍ അത്രയും തീവ്രമായ പ്രണയം ഉണ്ടായിരുന്നുവോ എന്നൊക്കെ അന്ന് അതിശയിച്ചിട്ടുമുണ്ട്.

'ഹരിത സുഖമായിരിക്കുന്നോ..?'

ആ ചോദ്യം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി..

ഒന്ന് ചിരിച്ചെന്ന് വരുത്തി.

'നമുക്കൊന്ന് നടന്നാലോ', ഞാന്‍ പറഞ്ഞു...

കുട്ടികള്‍ക്ക് ഐസ്‌ക്രീം വാങ്ങി കൊടുത്തപ്പോള്‍ ഇളയകുട്ടി എന്തിനോ വാശിപിടിച്ചു കരഞ്ഞു. അയാള്‍ പെട്ടന്ന് അവരുടെ അമ്മയായി മാറി.  കരയുന്ന കുട്ടിയെ ചേര്‍ത്ത് പിടിച്ചു സാന്ത്വനിപ്പിക്കുന്നത് കണ്ടപ്പോള്‍ അവളിലെ മാതൃത്വം ഉണര്‍ന്നു.

'വിനയന് ഒരു വിവാഹം ഒക്കെ ആയിക്കൂടെ, ഈ കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും...'

അയാള്‍ ഒന്ന് തിരിഞ്ഞ് നോക്കി. ആ കണ്ണുകളുടെ തീക്ഷ്ണത താങ്ങാനാവാതെ ഞാന്‍ മുഖം താഴ്ത്തി.

'ഇനി ഒരു ഒരു വിവാഹം...'അയാള്‍ ഒന്ന് ചിരിച്ചു. അതൊരു വികൃതമായ ചിരി പോലെ തോന്നി..

'പലരും പറഞ്ഞു.. സത്യത്തില്‍ അങ്ങനെ തോന്നിയിട്ടേയില്ല..'

'അമല ഞങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ഇവിടെപ്പോലും ഉള്ളതായാണ് എനിക്ക് തോന്നുന്നത്. ഹരിതയെ പോലും അവള്‍ കാണുന്നുണ്ടാവും.'

ഒരു ഞെട്ടല്‍ എന്നില്‍ പ്രകടമായി.

അയാള്‍ തുടര്‍ന്നു.

'വീട്ടില്‍ എല്ലാവരും നിര്‍ബന്ധിക്കുന്നുണ്ട്., വയ്യ ഹരിത. അതില്‍നിന്നും കുട്ടികള്‍ക്ക് ഒരമ്മയെ കിട്ടുമായിരിക്കും. പക്ഷേ അത് അമലക്ക് പകരമാകില്ലല്ലോ. ..വീട്ടിലെ ഓരോ മുക്കിലും, മൂലയിലും അവളുടെ നിശ്വാസമുണ്ട്. ഗന്ധമുണ്ട്.. അതെനിക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്..'

അത് പറയുമ്പോള്‍ നിറഞ്ഞു വന്ന കണ്ണുകള്‍ അവളില്‍ നിന്ന് മറയ്ക്കാന്‍ ആയാളൊരു വിഫല ശ്രമം നടത്തി.

'മരണത്തിനു തൊട്ടുമുന്‍പ് എന്റെ കൈ പിടിച്ച് അവളെന്നെ ഒന്ന് നോക്കിയിരുന്നു. ആദ്യം കാണുമ്പോള്‍ ഞാന്‍ കണ്ടിരുന്ന അതെ പ്രണയമായിരുന്നു അവളുടെ കണ്ണുകളില്‍ അപ്പോഴും. അതെ തീക്ഷ്ണതയും...
ഒരു ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കാന്‍ അതൊക്കെ മതി എനിക്ക്...ഒന്നിച്ചു നടക്കാനാഗ്രഹിച്ചവരാണ് ഞങ്ങള്‍  ഇടയിലെപ്പോഴോ ഞാനൊറ്റയ്ക്കായി. ഇനിയുള്ള ദൂരം അതങ്ങനെ തന്നെയിരിക്കട്ടെ. മക്കള്‍ക്ക് അത് മനസ്സിലാകും...മനസ്സിലാകണം...'

ഞാനൊന്നും മിണ്ടിയില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു.

ഇടയ്ക്ക് കാണാം എന്ന് പറഞ്ഞ് പിരിയുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ആ മനുഷ്യന്റെ ദൈന്യത നിറഞ്ഞ കണ്ണുകളില്‍ അമലയെ കുറിച്ച് പറയുമ്പോള്‍ പ്രകാശിച്ചു നില്‍ക്കുന്ന പ്രണയം ഞാന്‍ കണ്ടു. പ്രണയം ഒരാളില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നതും മുറിവേല്‍പ്പിക്കുന്നതും ഞാനറിഞ്ഞു. അതല്ലെങ്കിലും അത് ഞാനല്ലാതെ മറ്റാരറിയാന്‍.

'സുഖമാണോ....?'-എന്ന വിനയന്റെ ചോദ്യത്തിന് ഹരിയേട്ടന്‍ എന്നെ വിട്ടു പിരിഞ്ഞിട്ട് അഞ്ചു വര്‍ഷമായി എന്ന് പറയാന്‍ തോന്നാഞ്ഞത് നന്നായി എന്ന് എനിക്കപ്പോള്‍ തോന്നി.

ചെറിയൊരു പനിയില്‍ തുടങ്ങി ശ്രദ്ധിക്കാതിരുന്ന് അത് ന്യുമോണിയ ആയി ഒടുവില്‍ ഹരിയേട്ടനെ എന്നുന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു പുനര്‍ വിവാഹത്തെ കുറിച്ച് ബന്ധുക്കള്‍ പറയുമ്പോള്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത് എന്തായിരുന്നു.  പ്രണയം തോന്നുന്നത് നമുക്ക് സ്വന്തം എന്ന് തോന്നുന്ന ആളിനെയാണ്. നമുക്ക് മാത്രം അവകാശപ്പെട്ടത് എന്ന് തോന്നുന്ന ആളിനെ. ആ സ്ഥാനം ഒരേയൊരാള്‍ക്ക്മാത്രം, അതല്ലേ, സത്യം.

എങ്ങനെ എങ്കിലുമൊക്കെ കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചു എന്നതിലല്ല, കുറച്ച് നാള്‍ ആയാലും ഓര്‍ക്കുവാന്‍ എന്തെങ്കിലും ബാക്കി വെച്ചിട്ടുണ്ടെങ്കില്‍ അത് മാത്രം മതി, ശിഷ്ടകാലം ഒറ്റക്കായാലും ജീവിച്ച് തീര്‍ക്കുവാന്‍.

നിറഞ്ഞു വരുന്ന കണ്ണുകള്‍ തുടച്ച് ഞാന്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസിനടുത്തേക്ക് നടന്നപ്പോള്‍ ആലോചിച്ചു.

ജീവിതത്തിന്റെ ഏറ്റവും വലിയ സങ്കീര്‍ണ്ണത അതിന്റെ യാദൃച്ഛികതയാണ്. കാലം നമുക്കായി കാത്തു വെച്ചിരിക്കുന്ന  രഹസ്യങ്ങള്‍ എന്താണെന്ന് പോലും മനസ്സിലാകാതെ തുഴഞ്ഞു നീങ്ങുന്നു നാമോരോരുത്തരും.,  ദിശയറിയാതെ, തീരം കാണാതെ. 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

click me!