Malayalam Short Story: നാരകത്തില, വി കെ റീന എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Mar 1, 2023, 5:52 PM IST


ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  വി കെ റീന എഴുതിയ ചെറുകഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 


അവള്‍ ഇറങ്ങുമ്പോള്‍ അയാളുടെ കണ്ണുകള്‍ ന്യൂസ് ചാനലിലായിരുന്നു. സ്‌ക്രീനില്‍ തെളിഞ്ഞ വാര്‍ത്ത കണ്ടപ്പോള്‍ അസാധാരണ ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന അഘോരികളെക്കുറിച്ചാണ് അവള്‍ക്കോര്‍മ്മ വന്നത്.

സെമിനാര്‍ നടക്കുന്ന ഹാളിലൊന്ന് തല കാണിക്കണം. അനാചാരങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണമാണ്. എന്‍ട്രന്‍സ് കിട്ടാന്‍ കാണിക്കയിടുന്ന മകനും ഓഫീസിലെ ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ ജോത്സ്യനെ തേടുന്ന ഭര്‍ത്താവുമായിരുന്നു സത്യത്തില്‍ തനിക്ക് പകരം അവിടെ പങ്കെടുക്കേണ്ടിയിരുന്നത് എന്നവള്‍ക്ക് തോന്നി. 'ഒഴിവ് ദിവസമല്ലേ പങ്കെടുക്കണ'മെന്ന് വാര്‍ഡ് മെമ്പര്‍ അപേക്ഷിക്കുന്ന പോലെയാണ് പറഞ്ഞത്. കുറച്ച് ദൂരം നടന്നാലെത്താവുന്ന ദൂരമേയുള്ളൂ. തിരക്കിട്ട് നടന്നു.

നിറയെ കായ്ച്ചുനില്‍ക്കുന്ന ഒരു നാരകം വഴിയരികില്‍ കണ്ടപ്പോള്‍ ഓര്‍മ്മയിലൊരു വീട് തെളിഞ്ഞുവന്നു...

ഒരു കാഴ്ച, ഒരു ഗന്ധം, ഒരു ഗാനം ഒക്കെയും ഓര്‍മ്മകളുടെ സന്ദേശവാഹകരാണെന്ന് അവള്‍ക്ക് തോന്നി.

അയ്യപ്പന്‍കോട്ടയുടെ നെറുകയില്‍ നിന്ന് ഭക്തിസാന്ദ്രമായ ഗീതങ്ങള്‍ ഒഴുകിവരുന്ന തണുത്ത പുലരികള്‍,
കാറ്റില്‍ ഉലയുന്ന നിലവിളക്കിലെ തിരികള്‍ മങ്ങിക്കത്തുന്ന, ചുവപ്പില്‍ മയങ്ങുന്ന സന്ധ്യകള്‍,
റേഡിയോവിലെ പ്രണയഗാനങ്ങളില്‍ കനവുകള്‍ നെയ്യാറുള്ള ഇരുണ്ട രാത്രികള്‍, ഒക്കെയും ഒരു മിന്നായം പോലെ മനസ്സില്‍ത്തെളിഞ്ഞു.

മെയിന്‍ റോഡില്‍ നിന്ന് വലത്തോട്ടേക്കുള്ള ചെമ്മണ്‍പാത. അതിനരികില്‍ മുറ്റത്ത് നാരകമുള്ള ഓടിട്ട ഒരു കൊച്ചുവീട്. വീടിന് മുന്‍പിലുള്ള പരന്ന വയലിനപ്പുറമുള്ള വിവിധ ഇടങ്ങളില്‍ നിന്ന് ട്രാന്‍സ്ഫറായി വന്ന ഉദ്യോഗസ്ഥര്‍ കുടുംബസമേതം താമസിക്കുന്ന ക്വാര്‍ട്ടേഴ്സ്. അതിലൊന്നില്‍ അവളുടെ കുടുംബവും.

അവള്‍ കോളേജില്‍ പോകുന്നത് ആ വീടിന് മുന്നില്‍ക്കൂടിയായിരുന്നു.

പോകുമ്പോഴും വരുമ്പോഴും  നാരകത്തിന്‍റെ  ഇലകള്‍ പറിച്ചു കൈവള്ളയിലിട്ടു തിരുമ്മി അതിന്‍റെ ഗന്ധം ആസ്വദിച്ചു അവള്‍ നടന്നു.

വടക്കുഭാഗത്തെ മുറ്റത്ത് അടുപ്പുകൂട്ടി ഓലത്തുമ്പും മടലും കൊതുമ്പിലും ഊതിക്കത്തിച്ച്, മണ്‍കലത്തില്‍  ചോറ് വേവിച്ചുകൊണ്ടിരുന്ന ജാനുമ്മ എന്ന സ്ത്രീ ഇടയ്ക്ക് അവള്‍ക്ക് മഞ്ഞയും പച്ചയും നിറമുള്ള ചെറുനാരങ്ങകള്‍ കൊടുത്തിരുന്നു.

'ആടെ വാടകയ്ക്ക് വരുന്നോരൊക്ക പവറ്കാരാ. ആരും കുട്ടിയെപ്പോലെ മിണ്ടാന്‍ നിക്കൂല'-വൃദ്ധയുടെ വെറ്റിലമുറുക്കിയ ചുവന്ന ചുണ്ടുകള്‍ക്കിടയിലെ അറ്റംപൊട്ടിയ പല്ലുകള്‍ നോക്കി ആ പെണ്‍കുട്ടി മിണ്ടിക്കൊണ്ടിരുന്നു.

'ഈ നാരകം നട്ടതാരാണ്?'

'നാരകം നട്ടയാള്‍ നാടുവിടും' എന്നൊരു പഴഞ്ചൊല്ല് ബാല്യത്തില്‍  മനസ്സിലുണ്ടായിരുന്നതുകൊണ്ട് അവള്‍ മറ്റൊരു ചോദ്യം കൂടെ അതോടൊപ്പം ചോദിച്ചു 'അവര് ഇപ്പോഴുണ്ടോ?' കായ്ക്കാനുള്ള കാലതാമസം കൊണ്ടാണ് അങ്ങനൊരു പഴഞ്ചൊല്ലുണ്ടായതെന്ന് അറിഞ്ഞിട്ടും അവള്‍ വെറുതെ അങ്ങനെ ചോദിച്ചു.

'നട്ടത് ന്‍റെ ബന്ധക്കാരനാ. അയാള്  ഇപ്പം ല്ല്യാ' -അവര്‍ എന്തോ ഓര്‍ത്ത് നിന്നു.

പെണ്‍കുട്ടി, നാരങ്ങ പന്തുപോലെ മുകളിലേക്ക് എറിഞ്ഞ് താഴെ വീഴാതെ പിടിച്ചുകൊണ്ട് വയല്‍ കടന്ന് റൂമിലെത്തുമ്പോള്‍, അവളുടെ അമ്മ റൂമിന്‍റെ ഉടമസ്ഥയായ സ്ത്രീയോട് സംസാരിക്കുകയായിരുന്നു. അവളെ കണ്ടപ്പോള്‍ ആ സ്ത്രീ പറഞ്ഞു 'ജാനുമ്മ കുട്ടിക്ക് നാരങ്ങ തന്നോ? അതിശയം.' പിന്നെ ഒരോര്‍മ്മപ്പെടുത്തല്‍ പോലെ കൂട്ടിച്ചേര്‍ത്തു, 'വലിയ അടുപ്പമൊന്നും വെക്കാത്തതാ നല്ലത്... ഒക്കെ ഒരു ടൈപ്പാ.'

ഇളയതുങ്ങളെ പോലെയല്ല ഇവള്‍ കണ്ടവരോടൊക്കെ മിണ്ടാന്‍ നിക്കും എന്ന പതിവുപല്ലവി എന്തുകൊണ്ടോ അമ്മ പറഞ്ഞില്ല.

വീട്ടുടമയുടെ മോള്‍ ശ്രീദേവി വൈകുന്നേരം അവളോടൊരു രഹസ്യം പറഞ്ഞു.

'ജാനുമ്മയ്ക്ക് ഒരു മോനുണ്ട്. റോഡ് പണിയും കൂലിപ്പണിയുമൊക്കെയാ. എന്നാലും പണി ഇല്ലാത്ത നേരത്തൊക്ക വായിച്ചുകൊണ്ടിരിക്കുന്നത് കാണാം. വല്യ ആരോ ആണെന്നാ വിചാരം  അധികമാരോടും മിണ്ടൂല.' -പിന്നെ അതീവരഹസ്യം പോലെ ശബ്ദം താഴ്ത്തി തുടര്‍ന്നു.

'ഓനെ ജാനുമ്മ മംഗലം കയിക്കാതെ പെറ്റതാ'

പെണ്‍കുട്ടി പിറ്റേ ദിവസം  ജാനുമ്മയുടെ ജാരസന്തതിയെ കണ്ടു. ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്‍. തൂവെള്ള തോര്‍ത്ത് കൊണ്ട് തലതുവര്‍ത്തി, നാരകച്ചോട്ടില്‍ നില്‍ക്കുന്നു. അവളെ ഗൗനിച്ചതേയില്ല.
കോലായയിലെ ഇരുത്തിയില്‍ തടിച്ച ഒരു പുസ്തകം.

ലാസ്റ്റ് അവര്‍ ഫ്രീ ആയതിനാല്‍ അല്പസമയം ഗേള്‍സ്‌ റൂമിലിരുന്ന് സൊറ പറയുമ്പോള്‍ ജാനുമ്മയുടെ മകനെക്കുറിച്ച് കൂട്ടുകാരി ബിന്ദുവിനോട് പറഞ്ഞുകൊണ്ടേയിരുന്നു. 'ഇംഗ്ലീഷ് കവിതകളൊക്ക വായിക്കാറുണ്ടത്രേ. നമ്മുടെ  ഇംഗ്ലീഷ് ലക്ച്ചര്‍ ശ്യാം സാറിനെക്കാള്‍ ഹൈറ്റുണ്ട്.'

'നാരകത്തില പറിക്കുമ്പോള്‍ മുള്ള് കൊള്ളാതെ നോക്കണം' -അവള്‍ ചെറുചിരിയോടെ കളിയാക്കി.

പിറ്റേന്ന് ഇലകള്‍ നുള്ളിയെടുത്തപ്പോള്‍ മുള്ള് കൊള്ളുക തന്നെ ചെയ്തു. ചൂണ്ടുവിരലില്‍ നിന്ന് രക്തം പൊടിയാന്‍ തുടങ്ങി.

ഇരുത്തിയിലിരുന്നു നോവല്‍ വായിക്കുന്ന അയാള്‍ തല ഉയര്‍ത്തി പെണ്‍കുട്ടിയെ നോക്കി. 'മുറിഞ്ഞോ' എന്ന് ആര്‍ദ്രതയോടെ തിരക്കി. പിന്നീട് 'അമ്മേ ആ കുട്ടിക്ക് കൈ കഴുകാന്‍ കുറച്ചു വെള്ളം കൊടുക്ക്'-എന്ന് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ജാനുമ്മ കുറച്ച് വെള്ളമെടുത്തു, അവളുടെ വിരലുകള്‍ കഴുകി, ഒരു തുണികൊണ്ട് കെട്ടിക്കൊടുത്തു.

'നാരങ്ങ വേണമെങ്കില്‍ പറിച്ച് തരില്ലായിരുന്നോ?' -അയാള്‍ ചിരിച്ചു. നിഷ്‌കളങ്കവും മനോഹരവുമായ ചിരിയെന്ന് അവള്‍ക്ക് തോന്നി.

വെറുതെ ഇല ഞെരടി വാസനിച്ച് നടക്കാനായിരുന്നു എന്നവള്‍ പറഞ്ഞില്ല. വേണ്ടന്ന് കൈ ചലിപ്പിച്ച് അവള്‍ വയലിലേക്കിറങ്ങി.

എപ്പോഴാണ് കൂടുതല്‍ അടുക്കാന്‍ തോന്നിയതെന്ന് ഓര്‍മ്മയില്‍ വരുന്നില്ല.

ചുട്ടുപൊള്ളുന്ന വെയിലത്ത്, 150 ഡിഗ്രിയോ അതിലധികമോ ചൂടുള്ള ടാര്‍ മിശ്രിതത്തിനരികില്‍ തളര്‍ന്നുനില്‍ക്കുന്നത് കണ്ടപ്പോഴാണോ, ലൈബ്രറിയില്‍ നിന്നൊരു പുസ്തകം എടുത്തുതരാമോന്ന് ചോദിച്ചപ്പോഴാണോ, അതോ അടുത്തുള്ള അമ്പലത്തില്‍ തൊഴുതുമടങ്ങുമ്പോള്‍ എന്തോ കളിയായി പറഞ്ഞതിന് ശേഷമോ? അതൊന്നുമല്ലായിരിക്കും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും ശക്തിയുക്തം വിമര്‍ശിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെയാകണം അയാള്‍ ഇങ്ങനെയൊക്കെ സംസാരിക്കുമോയെന്ന് ശ്രീദേവിയ്ക്ക് അത്ഭുതമായിരുന്നു.

വെള്ളരിയും തണ്ണീര്‍മത്തനും പുണര്‍ന്നുകിടക്കുന്ന വയല്‍ വരമ്പിലൂടെ അക്കരെക്കടന്ന്, ജാനുമ്മയുടെ വീട്ടിലെ നാരകത്തിന്‍റെ ഇല ഞരടി, മണം വലിച്ചെടുത്ത് നീല ശംഖുപുഷ്പങ്ങള്‍ തലോടി, അരിപ്പൂക്കാടുകള്‍ വകഞ്ഞുമാറ്റി യാത്ര തുടരുമ്പോഴൊക്കെ, അക്കാദമിക് പഠനം ലഭിക്കാതെ അറിവാര്‍ജ്ജിക്കുന്ന ആ മനുഷ്യനോടുള്ള ആരാധന കൂടി വരികയായിരുന്നു.

അന്ന് ക്ലാസ്സ് കഴിഞ്ഞ് വരുമ്പോള്‍ അയാള്‍ പറഞ്ഞു.

'നാളെ എന്‍റെ പിറന്നാളാണ്. വരണം.'

'അവള്‍ ആശംസകള്‍ നേര്‍ന്നു.' എന്തായാലും വരുമെന്ന് ഉറപ്പുകൊടുത്തു.

'ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. കാവിലെ തെയ്യം കുറിച്ച അന്നാണ് എന്നെ പ്രസവിച്ചത് എന്ന് അമ്മ പറഞ്ഞതോര്‍മ്മയുണ്ട്. നാള് ഒന്നും അറിയില്ല. അതൊരു കഥയാണ്'

പെണ്‍കുട്ടിക്ക് പെട്ടെന്നു ശ്രീദേവി പറഞ്ഞതോര്‍മ്മ വന്നു. ആദ്യമായി ആഘോഷിക്കുന്ന പിറന്നാളല്ലേ. ഞാനും ഉണ്ടാകുമെന്ന് ചിരിച്ചു. അയാളുടെ മുഖത്ത് പടര്‍ന്ന വിഷാദം അതോടെ മാഞ്ഞുപോയി. അതിഥികളൊന്നും ഇല്ലായിരുന്നു.

സ്വീറ്റ്‌സ് സമ്മാനമായി കൊടുക്കുമ്പോള്‍ അയാള്‍ മന്ത്രിച്ചു 'ആദ്യ പിറന്നാള്‍ സമ്മാനം' -അയാളുടെ കണ്ണുകളില്‍ കവിത വിരിയുന്നതവള്‍ നോക്കിനിന്നു.

ജാനുമ്മയുടെ ശര്‍ക്കര പായസത്തിന് നല്ല രുചിയെന്ന് വീട്ടില്‍ പറഞ്ഞില്ല.

ഇവനെപ്പോഴാ ഇങ്ങനെ മിണ്ടാന്‍ പഠിച്ചതെന്ന് ബന്ധുവായ സ്ത്രീ ഒരിക്കല്‍ അവിശ്വസനീയതയോടെ ചോദിച്ചതോര്‍മ്മയിലുണ്ട്

'എന്തിനാ എന്നും ആ വീട്ടുമുറ്റത്ത് കൂടെ പോകുന്നത് ഇപ്പുറത്തെ വഴിയിലൂടെ നേരെ റോഡില്‍ എത്തുമല്ലോ. അല്ലെങ്കില്‍ അച്ഛന്‍റെ കൂടെ കാറില്‍ പോയാ മതിയല്ലോ.'

അച്ഛനെ കാണാന്‍ അയാളും സുഹൃത്തും വന്നതിന്‍റെ പിറ്റേന്ന് അമ്മ ഒച്ചവെച്ചു.

അവള്‍ എതിര് പറഞ്ഞില്ല.

അയ്യപ്പന്‍ കോട്ടയില്‍ ഭജന നടക്കുന്ന ഒരു ത്രിസന്ധ്യയില്‍ ഭജന കേള്‍ക്കാന്‍ കൂട്ടുകാരികളോടൊത്ത് നടക്കുമ്പോള്‍ നാരകച്ചോട്ടിനരികിലൂടെ നടക്കുന്ന അയാളോട് പെണ്‍കുട്ടി പതിയെ ചോദിച്ചു. 'ഭജന കേള്‍ക്കാന്‍ വരുന്നോ?'

അയാള്‍ ചിരിച്ചു. 'ഞാനൊരു വിശ്വാസിയല്ല.'

'ആരെയാണ് വിശ്വാസം?'

'എനിക്ക് എന്നെ മാത്രം.' - അയാള്‍ ഗൗരവത്തോടെ പറഞ്ഞു.

കെട്ടുപിണഞ്ഞുകിടക്കുന്ന കാട്ടുമരങ്ങള്‍ക്കിടയിലൂടെ, മരങ്ങളില്‍ പിടിപ്പിച്ച ട്യൂബ് ലൈറ്റിന്‍റെ പ്രകാശത്തില്‍ കോട്ടയുടെ കല്ലൊതുക്കുകള്‍ കയറുമ്പോള്‍ അയാള്‍ കൂടെയുണ്ടായിരുന്നെങ്കിലെന്ന് പെണ്‍കുട്ടി ആഗ്രഹിച്ചു. ഭജന തീര്‍ന്നപ്പോള്‍ കോട്ടയിലെ സ്വാമി ഒരില ചീന്തില്‍ അവല്‍ നനച്ചതും തേങ്ങാപ്പൂളും കട്ടന്‍കാപ്പിയും ഓരോരുത്തരുടേയും മുന്നില്‍ വെച്ചുകൊടുത്തു. അവളുടെ മുഖത്ത് നോക്കി 'കുട്ടി എന്തോ ഒന്ന് ആഗ്രഹിക്കുന്നുണ്ട് അല്ലേ. അതു സാധ്യമാകും' എന്നനുഗ്രഹിച്ചു.

പിന്നെയും കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആ കൊച്ചുവീട്ടിന്‍റെ മുറ്റം കെട്ടാനും ചുമര് വെള്ളപൂശാനും വീട്ടുപണിയെടുക്കാനും പണിക്കാര്‍ വന്നത്.

അവളെ വഴിയില്‍ വെച്ചു കണ്ടപ്പോള്‍ ജാനുമ്മ പറഞ്ഞു 'ന്‍റെ മോന് ആശിച്ചതൊന്നും ഒരു കാലത്തും കിട്ടലില്ല. വെറുതെ നാണം കെടാന്‍ ഓരോ പൂതിയിണ്ടായി. അല്ലാണ്ടെന്ത് പറയാന്‍?' - അവര്‍ കൂട്ടിയിട്ട കരിയിലകള്‍ക്ക് തീ പകര്‍ന്നുകൊണ്ട് തുടര്‍ന്നു.

ഈ മാസാവസാനം ഓന്‍റെ മംഗലം. താലി ഇല്ല, മുഹൂര്‍ത്തവും ഇല്ല. അത് ഓന്‍റെ ശാഠ്യം.'

മറുപടി പറയാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല അവളുടെ തൊണ്ടയില്‍ ശബ്ദം കുരുങ്ങിനിന്നു.
ആ വിവാഹത്തിന് മുമ്പ് അച്ഛന് വീണ്ടും ട്രാന്‍സ്ഫറായി. ഒന്നൊഴികെ മറ്റെല്ലാ പൊരുത്തങ്ങളും ഒത്തൊരു  ഉദ്യോഗസ്ഥനെ അവള്‍ക്കായി കണ്ടുപിടിക്കാനും അവര്‍ക്ക് കഴിഞ്ഞു.

സെമിനാര്‍ കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ നാരകത്തിന്‍റെ ഇലയൊന്നു തൊടണമെന്നും ആ ഗന്ധമൊന്ന് ശ്വസിക്കണമെന്നും അവള്‍ക്ക് തോന്നിയെങ്കിലും അവളത് ചെയ്തില്ല.

അവള്‍ ഗേറ്റ് തുറന്നതും വീട്ടില്‍ വന്ന് കയറിയതും അവളുടെ ഭര്‍ത്താവ് കണ്ടില്ല. അയാള്‍ നെറ്റ്ഫ്‌ലിക്‌സില്‍ പുതിയ ഒരു സിനിമ തെരയുന്ന തിരക്കിലായിരുന്നു.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!