മരണ സ്‌മൈലി, സുധ തെക്കെമഠം എഴുതിയ കഥ

By Chilla Lit Space  |  First Published Mar 18, 2021, 5:19 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുധ തെക്കെമഠം എഴുതിയ കഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ബാലമുരളി ആത്മഹത്യ ചെയ്തതിന്റെ പത്താംദിവസമാണ് നന്ദിനിയുടെ ഫോണ്‍ കോള്‍ എന്നെ തേടി വന്നത്. അതുവരെയും എന്നെ തീരെ അലട്ടാതിരുന്ന ഒരു സാധാരണ മരണ വാര്‍ത്ത മാത്രമായിരുന്നു അത്. അന്നും പിറ്റേന്നും എല്ലാ മരണങ്ങളെയും പോലെ വാട്‌സപ്പ് ഗ്രൂപ്പ് ചര്‍ച്ചകളാലും സ്‌മൈലികളാലും ഞങ്ങള്‍ കൊണ്ടാടിയ ഒരു സാധാരണ മരണം.  

ബാലമുരളി കഥാപാത്രമായത് പ്രധാനമായും രണ്ടു ഗ്രൂപ്പുകളിലായിരുന്നു. ചമതക്കുന്ന് ഏഴ്ശന്‍ യുപി സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴു വരെ ഒപ്പം പഠിച്ചവരുടെ ഉപ്പുമാവ് ഗ്രൂപ്പിലും മലയുടെ അടിവാരത്തെ ഓലഷെഡ്ഡായ നളന്ദയില്‍ കണ്ടു പരിചയമുള്ളവരുടെ ഗ്രൂപ്പായ പിന്‍ബഞ്ചിലും. 

പുളിമൂട് എല്‍.പി.സ്‌കൂളില്‍ പത്തു ലക്ഷം കോഴ കൊടുത്ത് കയറിയ നിര്‍മ്മലയും ദുബായില്‍ തുണിക്കട നടത്തുന്ന സുല്‍ഫത്തിന്റെ ഭര്‍ത്താവുദ്യോഗത്താല്‍ സുഖജീവിതം നയിക്കുന്ന ഹംസക്കുട്ടിയും ആണ് ഉപ്പുമാവ് ഗ്രൂപ്പിന്റെ അമരക്കാര്‍. ഒരു പെരുന്നാളവധിയ്ക്ക് നാട്ടില്‍ വന്ന് വെള്ളിയാഴ്ച ജൂമായ്ക്ക് നന്നായൊന്നൊരുങ്ങി അത്തറിന്റെ പരിമളത്തോടെ ബുള്ളറ്റില്‍ പോകുകയായിരുന്ന ഹംസക്കുട്ടിയുടെ മുന്നിലേയ്ക്ക് വളരെക്കാലങ്ങള്‍ക്കു ശേഷമാണ് നിര്‍മ്മല ചാടി വീണത്. സ്‌കൂളിലെ ചോറും പയറും വിളമ്പല്‍ ശടേന്നു തീര്‍ത്ത് വീട്ടില്‍ പോയി കുത്തരിച്ചോറും അനുസാരികളും വെട്ടി വിഴുങ്ങി ഫസ്റ്റ് ബെല്ലിനു മുന്നേ സ്‌ക്കൂളിലെത്താന്‍ വേണ്ടി കോയ ഹാജീടെ തെങ്ങിന്‍ വളപ്പിലൂടെ വന്ന് റോഡിലേക്കു ചാടണം. മുന്നിലേയ്ക്കു ചാടി വന്ന ആ ദുബായ് ഭാര്യയുടെ മിനുക്കവും തിളക്കവും കണ്ട് ഹംസക്കുട്ടീടെ കണ്ണൊന്ന് മഞ്ഞളിച്ചു. പരിചിതമല്ലാത്തൊരു  അത്തറ് മണം കേറി വന്ന് നിര്‍മ്മലയുടെ ചിന്തകളിലും പൂക്കള്‍ വിരിഞ്ഞു.

ആ പുഷ്പിക്കലിന്റെ ബാക്കിയായിരുന്നു ഉപ്പുമാവ് വാട്‌സപ്പ് ഗ്രൂപ്പ്.  ഓരോ ഗ്രൂപ്പിലും കയറുമ്പോള്‍ നിങ്ങള്‍ വ്യത്യസ്ത കഥാപാത്രങ്ങളായി മാറുന്നു എന്ന് ആരോ പറഞ്ഞതുപോലെ ഉപ്പുമാവില്‍ കയറുമ്പോള്‍ ഞാന്‍ ട്രൗസറിട്ട് കറുത്തു മെലിഞ്ഞൊരു ചെക്കനായി മാറുന്നു. എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപികയായ ഡോ.ഇന്ദുലേഖയും കുട്ടികളെ കിടുകിടാ വിറപ്പിക്കുന്ന ഗണിതാധ്യാപകന്‍ തോമസും കോന്തുവും തൊമ്മനുമാകുന്നു. എന്നാല്‍ പിന്‍ബഞ്ച് ഗ്രൂപ്പ് ഒരു ദേശത്തിന്റെ ഗ്രൂപ്പാണ്. നളന്ദ ട്യൂട്ടോറിയലില്‍ ഒരു കാലഘട്ടത്തില്‍ പഠിച്ചിരുന്നവര്‍ തുടങ്ങി വെച്ച പിന്‍ബഞ്ചിലേയ്ക്ക് ആരൊക്കെയോ തള്ളിക്കേറി വന്നിരുന്നു. ഗ്രൂപ്പില്‍ പ്രവേശിക്കുമ്പോള്‍  നാട്ടിന്‍ പുറത്തെ വഴികളിലൂടെ അലഞ്ഞു നടക്കുന്ന  വൈകുന്നേര നടത്തക്കാരിലൊരാളായി ഞാനും മാറുന്നു.

ഗ്രൂപ്പ് ചാറ്റിങ്ങിന്റെ മറപറ്റി  ഇടയ്‌ക്കൊരു ഒളി ചാറ്റിങ്ങും നടത്തി പഴയകാല കുളിരില്‍ എല്ലാവരും ചെറുപ്പം വീണ്ടെടുക്കുന്നു. ഉത്സവങ്ങളും വിശേഷങ്ങളും ദുരന്തങ്ങളും പങ്കുവെയ്ക്കുന്നു. അക്ഷരങ്ങളിലൂടെയും സ്‌മൈലികളിലൂടെയും പരസ്പരം അറിയുന്നു. എല്ലാ ഗ്രൂപ്പുകളിലെയും പോലെ ഇവിടെയും പല തരക്കാര്‍ ഉണ്ട്. നിശ്ശബ്ദ ജീവികളും വഴക്കാളികളും ബഹളം വെയ്ക്കല്‍കാരും ചളിയടിക്കാരും ലോലന്‍മാരും തുടങ്ങിയുള്ള വ്യത്യസ്തരില്‍ തികച്ചും വ്യത്യസ്തനായിരുന്നു ബാലമുരളി എന്ന മുരളി. തത്വചിന്തകള്‍ നിറഞ്ഞ ആശംസകളും കനത്തിലുള്ള അഭിപ്രായങ്ങളും വിളമ്പി  പക്വമതിയായ കാരണവരെ പോലെ നിന്ന മുരളി പെട്ടെന്നൊരു ദിവസം ഒരു ചരമഫോട്ടോയിലേക്കൊതുങ്ങിക്കേറിപ്പോയി. 

'മുരളീ, നീയറിഞ്ഞോ, മ്മടെ കറത്ത മുരളി മരിച്ചെടാ'

ഒരു കണ്ണുതള്ളി സ്‌മൈലിയോടൊപ്പം ഈ മെസേജ് അയച്ചത് മനോജായിരുന്നു. രണ്ടു മുരളിമാരെ വേര്‍തിരിക്കാന്‍ അവന്‍ തന്നെയാണല്ലോ പണ്ട് 'കറത്ത' മുരളി എന്ന വിശേഷണം തുടങ്ങിവെച്ചത്. ബാലമുരളി നല്ല കറുപ്പ് നിറത്തില്‍ തടിച്ചുരുണ്ടവനും ഞാന്‍ ഇളം കറുപ്പില്‍ മെലിഞ്ഞു കോലനും. അവന്റെ അച്ഛന് ദൂരെയെവിടെയോ ഹോട്ടല്‍ പണിയായിരുന്നു. അമ്മയും ചേച്ചിയും വെളുത്ത് സുന്ദരികള്‍. അവര്‍ക്കിടയില്‍ തിളങ്ങുന്ന കറുപ്പുമായി ബാലമുരളിയും.

'കറത്ത മുരള്യേ, കരിങ്കുട്ട്യേ' എന്ന് തുടങ്ങുന്ന പരിഹാസപ്പേരുകള്‍ക്കിടയില്‍ തല കുനിച്ചിരിക്കുന്ന മുരളിയെ ആശ്വസിപ്പിച്ചിരുന്നത് രണ്ടു പേരായിരുന്നു. അവന്റെ ചേച്ചി രാധയും പിന്നെ നന്ദിനിയും.

'ന്റെ മുരളിഞങ്ങടെ കൃഷണനാ. ഓനെ കളിയാക്ക്യാ ശാപം കിട്ടും. നോക്കിക്കോ.'

കണ്ണും തുടച്ച് കളിക്കണ്ടത്തില്‍ നിന്ന് കയറിപ്പോകുമ്പോള്‍ മുരളി എന്നെ ഒരു വല്ലാത്ത നോട്ടം നോക്കും. സുന്ദരിക്കോതയായ നന്ദിനിയുടെ കൈയും പിടിച്ച് നടന്നു പോകുന്ന അവനെ കാണുമ്പോള്‍ ഒരിത്തിരി കറുപ്പ് കുറഞ്ഞതില്‍ എനിക്കു എന്നോടു തന്നെ ദേഷ്യം  തോന്നും. ആ വിളിപ്പേര് കൂടുതല്‍ കൂടുതല്‍ പതിഞ്ഞു വീണു കൊണ്ടേയിരുന്നു   കൂട്ടുകാരില്‍ നിന്ന് ക്ലാസ് മുറിയിലേക്കും അധ്യാപകരിലേക്കും നാട്ടുകാരിലേക്കും അതങ്ങനെ പടര്‍ന്നു കൊണ്ടിരിക്കേ ഞങ്ങളും വലുതാവുകയായിരുന്നു. എട്ടാം തരത്തില്‍ ടൗണിലെ സ്‌കൂളിന്റെ അപരിചിതത്വവുമായി സഖ്യം ചെയ്യുന്ന ദിവസങ്ങളിലൊന്നിലാണ്  മനോജ് ആ വാര്‍ത്ത തന്നത്.

'ടാ, മ്മടെ കറത്ത മുരളീന്റമ്മ ദൈവായീത്രേ. ഇപ്പോ വൈന്നേരായാ അവടെ കൊട്ടും പാട്ടും വെളിപാടും ഒക്കെ ണ്ട്. നെറച്ചും ആള്‍ക്കാര് കൂട്ണുണ്ട്. ഓന്റൊരു ഭാഗ്യേ. പൈസ വന്ന് വീഴാത്രേ.'

പിന്നെ കുറച്ചു ദിവസം ഞങ്ങള്‍ അസൂയയോടെ ചര്‍ച്ച നടത്തിയത് മുരളിയുടെ ഭാഗ്യത്തെ പറ്റിയായിരുന്നു. ചുറ്റിലും നടന്ന് പഠിയ്ക്കടാ എന്നു പറയുന്ന അമ്മമാര്‍ക്കു പകരം ഒരു അമ്മദൈവം. ഇഷ്ടം പോലെ പൈസ. ചീത്ത കേള്‍ക്കാതെ സ്‌കൂളില്‍ പോവാതെ സ്വന്തം ഇഷ്ടത്തില്‍ നടക്കാം. നന്ദിനി മാത്രം പറഞ്ഞു.

'പാവം മുരളി. അവനൊക്കേം നഷ്ടായി. ഇനി എന്ത് ജീവിതാ.'

പണ്ടേ ബുദ്ധിജീവിയായ നന്ദിനിയുടെ വാക്കുകള്‍ അന്നാരും കേട്ടില്ല. വീട്ടിലെ വൈകുന്നേരക്കൂട്ടങ്ങളില്‍ നിന്ന് പല വാര്‍ത്താ കഷ്ണങ്ങളും ചെവിയില്‍ വീഴാന്‍ തുടങ്ങി. മുരളിയുടെ അച്ഛന്‍ വേറെയാണെന്നും ജോലിക്കാരനച്ഛന്‍ വന്ന് ലഹള കൂടി പോയതും രാത്രിസഞ്ചാരികള്‍ വാതിലില്‍ മുട്ടാന്‍ തുടങ്ങിയതും. പെട്ടെന്നൊരു നാള്‍ അവന്റമ്മയ്ക്കു ദര്‍ശനം കിട്ടിയതും ഒക്കെ കോര്‍ത്തിണക്കിയാലും ഇണങ്ങാതെ ഒരു കടങ്കഥ പോലെ നിന്നു. 

അലക്കു തുണിയും പരദൂഷണവുമായി വരുന്ന പാറുവമ്മ അതിശയോക്തികളുടെ ഒരു ഭണ്ഡാരമായിരുന്നു. 

'ന്റെ ങ്ങളേ..പറഞ്ഞാല്‍ ഞാന്‍ ഇല്ലാത്തത് പറയാണ് ന്നേ പറയൂ. ഇന്നലെ അന്ത്യാമ്പോ കനോലിക്കാവിന്റപ്രത്തെ കൊളത്തില്‍ക്ക് തുണി തിര്മ്പാന്‍ പോവേര്‍ന്നു.അമ്പല പറമ്പില് തീയ് പോലെ വെയില് . ദേവകി ണ്ട് ഒരു പട്ട് മാത്രം ഉട്ത്ത് അങ്ങനെ നിക്കുണു. കണ്ണിന്ന് തീയാ പാറ്യേര്‍ന്ന്. ഞാന്‍ കൊഴങ്ങ്യങ്ങട് വീണു. കണ്ണ് തൊറന്നപ്പോ കയ്യില് ഇത്തിരി തെച്ചിപ്പൂവ് മാത്രം.അമ്മേ മഹാമായേ ... '

കഥകള്‍ പടര്‍ന്നു പന്തലിച്ചു. ദേവകി ദൈവത്തിനെ കാണാന്‍ പുറം നാടു മുഴുവന്‍ ഒഴുകിവന്നിട്ടും എന്തോ ആ വഴി പോകാന്‍ തോന്നിയില്ല. മുരളിയുടെ ഒപ്പം കളിച്ച് ക്ഷീണിച്ചിരിക്കുമ്പോള്‍ വാഴയിലയില്‍ അവില്‍ നനച്ചതുമായെത്തുന്ന ഒരു രൂപം മനസ്സില്‍ നിന്നു മായ്ച്ചു കളയാന്‍ കഴിഞ്ഞില്ല. ഒരവധിയ്ക്കു നാട്ടിലെത്തിയപ്പോള്‍ കേട്ട വിശേഷങ്ങളിലൊന്ന് അവന്റെ ചേച്ചിയുടെ ഒളിച്ചോട്ടത്തിന്റേതായിരുന്നു. നടുക്കത്തേക്കാളേറെ ചെറിയൊരാശ്വാസമാണ് തോന്നിയത്. 

പിന്നെ കഥകളില്‍ നിന്നു വഴുതിമാറി ഞങ്ങളെല്ലാവരും ദൂരങ്ങളിലേക്ക് അകന്നുപോയി. മുടിയില്‍ നര വീഴാന്‍ തുടങ്ങിയ ഈ നാളുകളിലാണ് വാട്‌സപ്പ് അതിന്റെ ചൂണ്ടക്കൊളുത്തുകളിലേയ്ക്ക് ഞങ്ങളെ വീണ്ടും കുരുക്കിയിട്ടത്. ഇപ്പോള്‍ ഈ ആത്മഹത്യയുടെ കണക്കെടുപ്പിലും വിധി നിര്‍ണ്ണയത്തിലും ഞാനുമൊരു പ്രതിയാകുന്നു. സന്ദര്‍ഭത്തിനനുയോജ്യമായ ഒരു സ്‌മൈലി തിരയുമ്പോഴാണ് നന്ദിനി വിളിച്ചത്.
അവള്‍ തികച്ചും ശാന്തമായ സ്വരത്തിലാണ് സംസാരിച്ചത്. 

'ഞാന്‍ ഗ്രൂപ്പിലെ എല്ലാവരെയും വിളിച്ചിട്ടുണ്ട്. എത്ര തിരക്കുണ്ടെങ്കിലും പത്താം തിയതി നമ്മള്‍ മുരളിയുടെ വീട്ടിലേയ്ക്കു പോകുന്നു. എല്ലാവരും നാലു മണിയോടെ ടൗണിലെത്തും. ഒന്നിച്ച് ഒരു വണ്ടിയില്‍ ഒരു ചെറു യാത്ര. ഇതെന്റെ അപേക്ഷയാണ്. ഒരു പഴയ സുഹ്യത്തിനു വേണ്ടി ഇത്തിരി നേരം തരണം'

കൂടുതലൊന്നും പറയാതെ കേള്‍ക്കാതെ അവള്‍ ഫോണ്‍ വെച്ചു. ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാതെ ഞങ്ങളെല്ലാവരും പരസ്പരം സംസാരിച്ച് അവസാനം ഒരു തീരുമാനത്തിലെത്തി. പോയി നോക്കാം. എല്ലാവര്‍ക്കും തിരക്കുകള്‍ ഉണ്ട്. പക്ഷെ അതിനുമപ്പുറം പഴയ സഹപാഠികളുടെ ഒപ്പം ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്. ചര്‍ച്ചയ്ക്കു ബലം കൂട്ടാനായി മനോജ്   തുടങ്ങിയ ആണ്‍ഗ്രൂപ്പില്‍ ഉല്‍സാഹം അലതല്ലാന്‍ തുടങ്ങി.

'എടാ, കെട്ട്യോളടേം കുട്ട്യോളടെം ശല്യം ഇല്ലാതെ മ്മക്ക് പൊളിക്കാം.'

കൊതിയുടെയും പ്രതീക്ഷകളുടെയും സ്‌മൈലികളിട്ട് പേജ് നിറഞ്ഞു.

'ടാ, ചെക്കമ്മാരേ, പണ്ടത്തെ  ഒണക്കക്കൊള്ളി പെണ്ണ്ങ്ങളൊന്ന്വല്ല ട്ടൊ.ഇബറ്റോള് തിന്ന് ചീര്‍ത്തിട്ട് മല്‍ഗോവായ്ക്ക്ണ്.ഡി.പി.നോക്ക്യോക്കാ.'

'എന്തായാലും ഓരായിട്ട് ഇങ്ങട് പറഞ്ഞതല്ലേ.. നമ്മക്കൊന്ന് സുഖിച്ച് വരാ.'

പ്രതീക്ഷകളും ഭാവനകളും നിറഞ്ഞ് മുഖം പ്രകാശിപ്പിച്ച് ഞങ്ങള്‍ നേരത്തേ ടൗണിലെത്തി. മിന്നുന്ന ചുരിദാറുകളില്‍ പ്രായം കുറച്ച് പെണ്ണുങ്ങളും. പിന്നെ ഒരു ബഹളമായിരുന്നു. അവസാനമാണ് വെളുത്ത കോട്ടണ്‍ കുര്‍ത്തയുമിട്ട് നന്ദിനി വന്നത്. ഡ്രൈവര്‍ക്ക് വഴികാട്ടിയായി മുന്നിലിരുന്നതല്ലാതെ അവള്‍ പുറകിലെ ബഹളങ്ങളിലേയ്ക്ക് ഇറങ്ങി വന്നതേയില്ല. പണ്ടും ഒരു പഠിപ്പിക്കുട്ടി ആയതിനാല്‍ ഞങ്ങള്‍ അവളെ ശല്യം ചെയ്തുമില്ല. സെല്‍ഫികളും കുല്‍ഫികളും ഷെയറിങ്ങും ഭാര്യമാര്‍ കാണാത്ത ഫോള്‍ഡറുകളില്‍ സേവിങ്ങും ഒക്കെയായി ഞങ്ങളും ബിസിയായി. അവസാനം ഒരു കുന്നിന്‍ ചെരിവിലെ റോഡരികില്‍ വണ്ടിനിന്നു. ഇത് ഞങ്ങള്‍ വളര്‍ന്ന നാടല്ല. അടുത്തെങ്ങും മനുഷ്യവാസമില്ലാത്ത ഒരു പ്രദേശം. വരൂ എന്ന് മാത്രം പറഞ്ഞ് നന്ദിനി കുന്നിലേക്കുള്ള വഴി കയറാന്‍ തുടങ്ങി. 

അതും ആസ്വദിക്കാനുള്ള മൂഡിലായിരുന്നു ഞങ്ങള്‍. പരസ്പരം പേരു ചേര്‍ത്തു പറഞ്ഞും കളിയാക്കിയും ചെറിയ ചില സ്പര്‍ശനങ്ങളുടെ ഉള്‍ക്കുളിര്‍ നുകര്‍ന്നും ഞങ്ങള്‍ യാത്ര തുടര്‍ന്നു. സൂര്യന്‍ കുന്നിനപ്പുറത്താരെയോ തേടാനെന്ന പോലെ തിടുക്കപ്പെട്ട് പോകുന്നുണ്ടായിരുന്നു. മുകളില്‍ ഒരു നീല ടാര്‍പ്പായ കൊണ്ട് മേഞ്ഞ ചെറിയൊരു ഷെഡ്ഡ്. ചുറ്റും ചാക്കുകൊണ്ടുള്ള മറ. ആള്‍ താമസമുപേക്ഷിച്ച അനാഥമായ പരിസരം. കാലടി ശബ്ദം കേട്ടാവണം ഉള്ളില്‍ നിന്ന് ഒരു പട്ടി ഇറങ്ങിയോടി. ഞങ്ങള്‍ നന്ദിനിയുടെ മുഖത്തേയ്ക്കു നോക്കി.

'ഇതാണ് മുരളി അമ്മയെയും കൂട്ടി വന്ന് താമസിച്ചിരുന്ന വീട്. അല്ലെങ്കില്‍ ആശ്രമം. അമ്മയെ ഇന്നലെ അഭയത്തിലേക്ക് കൊണ്ടു പോയാക്കി.'

വിശ്വാസം വരാത്ത ഞങ്ങളുടെ മുഖങ്ങളില്‍ ഒരു പാടു ചോദ്യങ്ങള്‍ തങ്ങി നിന്നു.. ഒന്നും മിണ്ടാതെ ഞങ്ങള്‍ നന്ദിനിയെ നോക്കി. പിരിമുറുക്കം നിറഞ്ഞു നില്‍ക്കുന്ന മുഖത്ത് ഒരു പരിഹാസച്ചിരി വന്നുവോ.

'ഒരാള്‍ ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് എത്രയോ വട്ടം മനസ്സുകൊണ്ട് മരിച്ചിട്ടുണ്ടായിരിക്കും അല്ലേ. തന്റെ മരണത്തെക്കുറിച്ചും അതിന്റെ ശേഷിപ്പുകളെക്കുറിച്ചും ഓര്‍ത്ത് ഉറങ്ങാതായിട്ടുണ്ടാകും. പ്രിയപ്പെട്ടതെന്തെങ്കിലും ബാക്കി വെച്ചു പോകുന്നതിനെക്കുറിച്ചോര്‍ത്ത് കരഞ്ഞ് കണ്ണീര്‍ വറ്റിയിട്ടുണ്ടാകും.'

'നന്ദിനീ, അവനൊരബദ്ധം കാണിച്ചെന്നു വെച്ച് നമ്മളിനി എന്ത് ചെയ്യാനാ? സുഖജീവിതമായിരുന്നു എന്നല്ലേ?'

'കരുതിയത് ,അല്ലേ? ഒരിക്കലെങ്കിലും നിങ്ങളാരെങ്കിലും അവനോട് ചോദിച്ചിട്ടുണ്ടോ. കാണാന്‍ ശ്രമിച്ചിട്ടുണ്ടോ.'

ഞങ്ങളുടെ തല കുനിഞ്ഞു പോയി.

'ഒന്നോര്‍ത്ത് നോക്ക്. ഒപ്പം ഒരേ ക്ലാസ്സിലിരുന്നവര്‍, കളിക്കൂട്ടുകാര്‍.ക്രൂരമായ ഒരു വട്ടപ്പേരക്ടിക്ടിന്റെ ഭാഗമായിട്ടാണ് ഒരുപാടു കാലത്തിനു ശേഷം  അവനെ കണ്ടത്. ആളൊഴിഞ്ഞ അമ്മദൈവത്തിന്റെ പൊളിയാറായ വീട്ടുതിണ്ണയില്‍ അവനിലേക്കു തന്നെ ചുരുങ്ങിയിരിക്കുന്ന നമ്മുടെ പാവം മുരളി.'

ഉണങ്ങി വരണ്ടുകിടക്കുന്ന കുന്നിന്‍ പുറം. അസ്വസ്ഥത കുമിഞ്ഞുകൂടിയ മനസ്സോടെ ഞങ്ങള്‍ നിലത്തിരുന്നു. ഒരു സങ്കടക്കടലിലേക്ക് എടുത്തെറിയപ്പെട്ടവരെ പോലെ ദിശ മറന്ന് സമയം മറന്ന് ഞങ്ങളെല്ലാവരും.

'ചേച്ചി ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിവില്ല. ഭക്തി ഭ്രാന്തുകള്‍ക്കിടയില്‍ പെട്ട് ഒരു ധൂപത്തിരി പോലെ പുകഞ്ഞു തീരുകയായിരുന്നു അവന്‍. കൂട്ടുകാരില്ല. ബന്ധുക്കളില്ല.സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ദ്രവിച്ച പാഴ്ത്തടി പോലെ ഒരു ജീവന്‍. അന്നവന്‍ ആര്‍ത്തിയോടെ കുറേ സംസാരിച്ചു. മടങ്ങി പോരാന്‍ നേരത്ത് എന്റെ കൈ പിടിച്ചു.'

ബാഗില്‍ നിന്ന് ടവ്വലെടുത്ത് അവള്‍ മുഖം തുടച്ചു.ഞങ്ങളപ്പോള്‍ മുരളിയെ ഓര്‍ക്കുകയായിരുന്നു. എത്ര കളിയാക്കിയാലും പിണക്കം കാട്ടാതെ കൂട്ടുകൂടാനെത്തുന്ന ചിരിനിറഞ്ഞ മുഖം.

അവനിത്രയും സങ്കടങ്ങള്‍ കൂട്ടി വെച്ചിരുന്നെന്നോ?

'ബാഗിലുണ്ടായിരുന്ന ഒരു പഴയ ഫോണ്‍ കൊടുത്തു. പഴയ കൂട്ടുകാരോടു സംസാരിച്ചു തുടങ്ങിയാല്‍  മാറ്റം വരുമെന്ന് കരുതി. പക്ഷെ അവന്‍ വന്നപ്പോഴും നിങ്ങള്‍ തിരക്കിലായിരുന്നു. പതുക്കെ പതുക്കെ അതും മടുത്തുവെന്ന് അവന്‍ പറഞ്ഞു. പക്ഷെ ഇങ്ങനെ പെട്ടെന്നൊരു നാള്‍ ഒളിച്ചോടുമെന്ന് ഞാനും...'

മുഴുമിക്കാനാകാതെ നന്ദിനി തിരിഞ്ഞു നടന്നു.

ഭാരം വെച്ച മനസ്സുകള്‍ കാരണം വേച്ചുപോകുന്ന കാലടികളുമായി ഞങ്ങളും പിന്തിരിഞ്ഞു. പെട്ടെന്നാരോ കുന്നിനപ്പുറത്തു നിന്ന് വിളിച്ച പോലെ. 

ചുറ്റും ഇരുള്‍ വന്ന് മൂടുന്നു. വീണ്ടും അതേ വിളി. മുരളിയുടെ ശബ്ദം. കാലടികളില്‍ നിന്ന് ഉയര്‍ന്നു വരുന്ന തണുപ്പ് പ്രജ്ഞയിലാകെ വ്യാപിച്ചു.കാലുകള്‍ വലിച്ചു വെച്ച് ഞാനാ ശബ്ദത്തിലേക്കു പാഞ്ഞു. മൂടല്‍മഞ്ഞു പോലെ കനത്തു കിടക്കുന്ന വെളുത്ത പുകയ്ക്കുള്ളില്‍ നിന്ന് ചിരിച്ചു കൊണ്ട് കൈ നീട്ടുന്ന ബാലമുരളി. ആരോ പിടിച്ചുകെട്ടിയ പോലെ അനങ്ങാനാവാതെ ഞാന്‍ നിന്നു. 

പുറത്തേയ്ക്കു വരാത്ത നിലവിളികളുമായി നിസ്സഹായനായി തിരിഞ്ഞു നോക്കി. ശൂന്യമായ കുന്നിനെ വിഴുങ്ങാനെത്തിയ കനത്ത ഇരുട്ട് മാത്രം. ചുറ്റും ഇരുട്ട്.

click me!