ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
പന്നിക്കണ്ടം ബാബു വീണ്ടും പോലീസിന്റെ പിടിയിലായി എന്ന് കേട്ടപ്പോള്‍ ആര്‍ക്കും അത്ഭുതമൊന്നും തോന്നിയില്ല. അതിനവന്‍ എപ്പളാ ജയിലില്‍ നിന്നിറങ്ങിയതെന്നാ പലരും ചോദിച്ചത്. അവനെ പോലീസ് പിടിക്കുന്നത് പുതിയ കാര്യമൊന്നുമല്ലായിരുന്നു. അവന്റെ ജീവിതകാലമത്രയും പോലീസും കോടതിയും ജയിലുമൊക്കെയായ് കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ കാര്യം ആരും അങ്ങനെ ചിന്തിക്കാറില്ല. ആളുകളെ സംബന്ധിച്ചടത്തോളം ബാബു പണ്ടാരോ പറഞ്ഞ കഥയിലെ ഒരു കഥാപാത്രം പോലെയായി മാറിക്കഴിഞ്ഞിരുന്നു. എവിടെയെങ്കിലും നടന്ന കളവ് കേസില്‍ സംശയിക്കപ്പെടുന്നെന്നോ, പിടിക്കപ്പെട്ടുവന്നോ എന്ന വാര്‍ത്തയോടൊപ്പം പത്രത്തിന്റെ ഏതെങ്കിലും ഒരു മൂലയ്ക്ക് അവന്റെ ഒരു ഫോട്ടോ വല്ലപ്പോഴുമൊരിക്കല്‍ അച്ചടിച്ചുവന്നില്ലായിരുന്നെങ്കില്‍ അവന്‍ തീര്‍ത്തും വിസ്മൃതിയിലാണ്ടുപോയേനെ.
പുറത്തിറങ്ങിയാല്‍ അവന്‍ അധികമൊന്നും ആള്‍ക്കൂട്ടത്തിലേക്ക് വരാറില്ല. അതു കാരണം പകല്‍ സമയത്ത് ആര്‍ക്കും അവനെ കാണാന്‍ കഴിയില്ല. ഒരു കൊല്ലം മുമ്പാണെന്ന് തോന്നുന്നു ഞാനവനെ അവസാനമായി കണ്ടത്. അതും നാലഞ്ച് ദിവസത്തെ പരിശ്രമം കൊണ്ട് മാത്രമായിരുന്നു. പറവണ്ണയിലെ അവന്റെ പുതിയ ഭാര്യവീട്ടില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. അതവന്റെ മൂന്നാമത്തേയോ നാലാമത്തേയോ നിക്കാഹ് ആയിരുന്നു. മറ്റു കള്ളന്മാര്‍ക്കില്ലാത്ത ഒരു ഗുണം അവനുണ്ടായിരുന്നു. കള്ളിനോടോ കഞ്ചാവിനോടോ അതുപോലെ മറ്റ് ലഹരികളോ അവന് താല്പര്യമില്ലായിരുന്നു. പക്ഷേ പെണ്ണുങ്ങളോട് അവന് അടങ്ങാത്ത ആര്‍ത്തിയായിരുന്നു. കെട്ടിയും കെട്ടാതെയുമൊക്കെ അവന്‍ പെണ്ണുടലുകളുടെ രഹസ്യങ്ങളിലേക്ക് ഒരു പര്യവേഷകനെപ്പോലെ ഇറങ്ങിച്ചെന്നു. കുപ്രസിദ്ധനായ ഒരു കള്ളനായിരുന്നിട്ടും അവനിതെങ്ങനെ ഇത്രത്തോളം പെണ്ണുങ്ങളെ വശീകരിക്കാന്‍ കഴിഞ്ഞു എന്നത് എനിക്കെന്നും അത്ഭുതമായിരുന്നു.
അന്ന് ഇരുട്ടത്ത് കമഴ്ത്തിവെച്ച തോണിക്കരികെ നിഴലുകള്‍ പോലെ ഇരിക്കുമ്പോള്‍ അവന്‍ പറഞ്ഞു: 'സാമുല്‍ഭായ്, ഞാന്‍ കക്കല് നിര്‍ത്തി.'
ഞാനൊന്നും മിണ്ടിയില്ല. സിഗരറ്റ് പുക വളയങ്ങളാക്കി ഊതി വിട്ടു കൊണ്ട് ഞാന്‍ ഇപ്പോളവന്റെ പണിയെന്താണെന്ന് വെറുതേ ചോദിച്ചു. കമഴ്ത്തിയിട്ട തോണിയില്‍ പതിയെ തലോടിക്കൊണ്ടവന്‍ പറഞ്ഞു: ''ഇതാണ് ഇപ്പോ ന്റെ അന്നം.''
ഇരുട്ടായതുകൊണ്ട് അവന്റെ മുഖം വ്യക്തമായി കാണാന്‍ എനിക്ക് കഴിഞ്ഞില്ല.
'തട്ടിമുട്ടി കാര്യങ്ങള്‍ കയിഞ്ഞ് പോണ്ണ്ട്. ന്നാലും ആള്‍ക്കാരെ കണ്ണില് ഞാനിപ്പളും കള്ളന്‍ തന്നെ. പോലീസാരെ കൊണ്ട്ള്ള പൊര്‍ത്യേട് വേറെ. എല്ലാം ഞാനായിട്ട് വെര്ത്തി വെച്ചത് തന്നെ. ആരിം കുറ്റം പറഞ്ഞിട്ട് കാര്യല്ല.'
അവന്റെ വാക്കുകളില്‍ ഇത്തിരിയെങ്കിലും കുറ്റബോധമുള്ളതായോ അല്ലെങ്കില്‍ ആത്മാര്‍ത്ഥത ഉള്ളതായോ എനിക്ക് തോന്നിയില്ല. ഒരുതരം നിര്‍വികാരതയോടെയാണവന്‍ അത് പറഞ്ഞത്.
മറ്റു ഭാര്യമാരുടെ അടുത്തു പോകാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: 'രണ്ടെണ്ണത്തിന്റട്ത്ത് എടയ്ക്ക് പോകും. മറ്റേത്....'
അവന്‍ മുഴുമിപ്പിച്ചില്ല. അവളുടെ എളേമയുടെ ശരീരത്തിന്റെ രഹസ്യങ്ങള്‍ ചുരുളഴിക്കുന്നതിനിടെ അവള്‍ അവനെ കയ്യോടെ പിടിച്ചെന്നും അടിച്ചോടിച്ചെന്നും അവിടെയിപ്പോള്‍ മറ്റു പലരാണ് സന്ദര്‍ശകരെന്നും ഞാന്‍ കേട്ടിരുന്നു.
ചെറ്റപ്പുരയുടെ വാതിലിനിടയിലൂടെ അവന്റെ ഇപ്പോഴത്തെ പെണ്ണിന്റെ മുഖം ഞാനൊരു നോട്ടം കണ്ടു. നന്നേ ചെറിയ ഒരു പെണ്‍കുട്ടി ആയിരുന്നു അത്. ഇടിക്ക് മുളച്ച കൂണ് പോലെ വിളറി വെളുത്ത ഒരു കുരുന്ന്. അവന്‍ എന്നെ അവള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. അവള്‍ എന്നെ നോക്കി അവളെപ്പോലെ വിളറിയ ഒരു ചിരി ചിരിച്ചു.
ഇറങ്ങാന്‍ നേരത്ത് അവന്‍ എന്നോട് ഹസ്സനെ പറ്റി ചോദിച്ചു. ഞാനത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഹസ്സനെ പറ്റി ഞാന്‍ ഓര്‍ക്കാറേയില്ലായിരുന്നു. അവസാനമായി കണ്ടപ്പോള്‍ ഒരു സിയാറത്തിന് പോവുകയാണ് എന്നാണ് അവന്‍ പറഞ്ഞത്. അജ്മീറിലേക്കോ മറ്റോ. അത് മൂന്നു വര്‍ഷം മുമ്പായിരുന്നു. കുറേനാള്‍ കഴിഞ്ഞ് എനിക്കൊരു കത്ത് വന്നു. സാധാരണ ബാങ്കില്‍ നിന്നാണ് എനിക്ക് കത്ത് വരാറ്. പണയം വെച്ച പണ്ടങ്ങളുടെ കാലാവധി കഴിഞ്ഞ കാര്യം ഓര്‍മ്മപ്പെടുത്തി കൊണ്ട് അതെല്ലാം എന്റെ കോലായിലങ്ങനെ ചിതറി കിടക്കും. ആ കത്തും അങ്ങനെയൊന്നാകുമെന്നാണ് കരുതിയത്. അത് പക്ഷേ, ബോംബെയില്‍ നിന്നായിരുന്നു. തുറന്നു നോക്കിയപ്പോളാണ് അത് ഹസ്സന്റേതാണെന്നറിയുന്നത്. അവനിപ്പോ ഹാജി അലി ദര്‍ഗ്ഗയില്‍ ഏതോ സൂഫികളുടെ കൂടെയാണ് എന്നൊക്കെ പറഞ്ഞ്. അവര്‍ ഒരു യാത്രയില്‍ ആണത്രേ. തീര്‍ത്ഥാടനം. രണ്ടുദിവസം കഴിഞ്ഞ് അവര്‍ വീണ്ടും യാത്ര പുറപ്പെടുമത്രേ.
'ബോംബെ. ഹാജി അലി ദര്‍ഗ്ഗ'-ബാബു ചിരിച്ചു.
പിന്നെ എന്നോട് അടക്കം പറയുമ്പോലെ ചോദിച്ചു: 'സാമുല്‍ ഭായ്, ഓര്‍മ്മണ്ടാ ങ്ങക്ക്'?'
അവന്റെ ചിരി കേട്ടപ്പോള്‍ എന്റെ വയറ്റില്‍ നിന്ന് ജീവനുള്ള ആവോലികള്‍ പുറത്തു ചാടാന്‍ വെമ്പുന്ന പോലെ എനിക്ക് തോന്നി. അന്നേരം അത്തറിന്റെ മണമുള്ള ബോംബെയിലെ തെരുവുവീഥികളല്ല എന്റെ ഓര്‍മ്മയില്‍ കനം വെച്ച് വന്നത്. പകരം അവനെപ്പോല്‍ നിഗൂഢമായ ഒരു രാത്രിയായിരുന്നു.
അന്ന് ഉമ്മറത്തിരിക്കുകയായിരുന്ന എന്റെ മുന്നിലേക്ക് കൈയ്യിലൊരു ചാക്കുമായി ബാബു വന്നു.
'സാമുല്‍ ഭായ് ചോറ് ബെയ്ച്ച് കയിഞ്ഞാ?'-അവന്‍ ചോദിച്ചു. ഞാന്‍ ഇല്ലെന്ന് പറഞ്ഞു. അവന്‍ ചാക്ക് എന്റെ മുന്നില്‍ തുറന്നുവെച്ചു. ജീവനുള്ള പോലെ തോന്നിക്കുന്ന ആവോലികളായിരുന്നു അത് നിറയെ. മീനിന് വലിയ ക്ഷാമം നേരിട്ട സമയമായിരുന്നു അത്. അവനന്ന് ഇപ്പഴത്തെ പോലെ കുപ്രസിദ്ധനായ പന്നിക്കണ്ടം ബാബുവായിട്ടില്ലായിരുന്നു. ഓട്ടോഡ്രൈവറായിരുന്നു. പിന്നെ ഇത്തിരി ചീട്ടുകളിയും അത്യാവശ്യം കളവും കള്ളം പറച്ചിലും. എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ടിട്ടാവണം അവന്‍ പറഞ്ഞു: 'ഇത് ന്റെ ഒരു ചെങ്ങായി തന്നതാണ്. വേണ്ടത് എട്ത്തോളീ. ബാക്കി ദാസേട്ടന്റെ പൊരേലും കോരേട്ടന്റെ പൊരേലും കൊട്ക്കാ.'
അടുപ്പത്ത് ചോറ് വേവുന്നേ ഉണ്ടായിരുന്നുള്ളൂ. കൂട്ടാന്‍ വെക്കാന്‍ എന്തു ചെയ്യുമെന്ന് ഭാര്യ ചോദിച്ചിട്ട് അധികം നേരമായിട്ടില്ലായിരുന്നു. ഞാനതില്‍ നിന്ന് നാലഞ്ച് ആവോലി എടുത്ത് ഭാര്യയെ വിളിച്ചു. അവള്‍ ഉമ്മറത്തെത്തുമ്പോഴേക്കും ബാബു ഇരുട്ടിലേക്ക് ഊളിയിട്ടിരുന്നു.
രാത്രി കിടക്കുമ്പോഴും എന്റെ മനസില്‍ ബാബുവിന്റെ വരവ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇതു പോലെ മീനോ കള്ളോ തന്ന് എന്നെ സോപ്പിടണമെങ്കില്‍ അതിനെന്തെങ്കിലും കാരണം കാണും. അവനുണ്ടാക്കിയ എന്തെങ്കിലും കേസിന് മധ്യസ്ഥനായി നില്‍ക്കാനോ മറ്റോ. ഇത്തവണ അവനെന്തായിരിക്കും ഒപ്പിച്ചു വെച്ചിട്ടുണ്ടാവുക?
അതിന്റെ ഉത്തരം എനിക്ക് പിറ്റേ ദിവസം വൈകുന്നേരം പാതാറിലിരിക്കുമ്പോളാണ് കിട്ടിയത്.
'സാമുല്‍ഭായ്, ഇങ്ങള് കൊറേ കാലം ബോംബേല് അല്ലാര്ന്നോ?'- ബാബു ചോദിച്ചു
ഞാന്‍ മൂളി. വിസ ഏജന്റായി ഞാന്‍ ഞാന്‍ കുറേ കാലം ബോംബെയില്‍ തന്നെയായിരുന്നു. അന്നവിടുന്നായിരുന്നല്ലോ ഫ്ളൈറ്റ്. കരിപ്പൂരില്‍ സര്‍വ്വീസ് തുടങ്ങിയതിന് ശേഷമാണ് ഞാന്‍ നാട്ടില്‍ സ്ഥിരമാക്കിയത്.
'ഇനിക്ക് ബോംബെ ഒന്ന് കാണണംന്ന്ണ്ട്'- ബാബു പറഞ്ഞു
'ഇനിക്കും'- ഹസ്സനും ആഗ്രഹം പറഞ്ഞു.
അപ്പോള്‍ അതാണ് കാര്യം. ആവോലിയുടെ രഹസ്യം പാതി മറ നീങ്ങി. ഞാനൊരു സിഗരറ്റിന് തീ കൊളുത്തി. സിഗരറ്റിന്റെ പുക ഞാന്‍ വളയങ്ങളാക്കി ഊതിവിട്ടു. ആ വളയത്തിനുള്ളിലൂടെ തല നീട്ടികൊണ്ടവന്‍ ചോദിച്ചു:
'എത്തറ ഉര്‍പ്പ്യ വേണ്ടി വരും?'
'എത്ര ദിവസം നിക്കണം?'- ഞാന്‍ തിരിച്ചുചോദിച്ചു.
'ഒരായ്ച്ചെങ്കിലും നിക്കണ്ടേ?'
ഒരാഴ്ച്ച നില്‍ക്കാന്‍ എത്ര രൂപ വേണ്ടി വരുമെന്ന് ഞാന്‍ കണക്ക് കൂട്ടിനോക്കി.
'പത്തായിരം'- ഞാന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ അവന്‍ ഗഹനമായ് എന്തോ ആലോചിച്ചു കൊണ്ടിരുന്നു. അവന്റെ കൈയ്യിലപ്പോള്‍ നൂറ് രൂപ തികച്ച് എടുക്കാനില്ലായിരുന്നു. സിഗരറ്റിന്റെ അവസാനത്തെ പുകയോടൊപ്പം ഞാനാ വിഷയവും ഊതി പുറത്തേക്ക് വിട്ടു. അത് കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് ബാബു പതാറില്‍ പൊന്തിയത്. അരയില്‍ നിന്നൊരു പൊതിയെടുത്ത് എന്റെ മുന്നിലേയ്ക്കിട്ട് അവന്‍ പറഞ്ഞു: 'പത്തായിരം ഉര്‍പ്പ്യണ്ട്.'
ഞാനും ഹസ്സനും മുഖത്തോട് മുഖം നോക്കി. അതു കണ്ടിട്ടാവണം അവന്‍ ഞങ്ങള്‍ ചോദിക്കുന്നതിനു മുന്‍പേ പറഞ്ഞു: 'സാമുല്‍ഭായ്, ഇനിക്ക് കായി ബേണങ്കില്‍ ആള്‍ക്കാര്ടെ എടേല്‍ കൂടെ വെറ്തെ ഒന്ന് നടന്നാ മതി.'
വളരെ ലാഘവത്തോടെയാണ് അവന്‍ അത് പറഞ്ഞത്. ഞാന്‍ ഇമവെട്ടാതെ അവനെ തന്നെ കുറെ നേരം നോക്കിയിരുന്നു. വലിക്കാന്‍ മറന്നുപോയ സിഗരറ്റ് എരിഞ്ഞു തീര്‍ന്ന് എന്റെ വിരലുകളെ പൊള്ളിച്ചപ്പോഴാണ് ഞാന്‍ ബോധത്തിലേക്കുണര്‍ന്നത്.
'അപ്പോ എപ്പളാ പോണത്'?'- അവന്‍ ചോദിച്ചു.
പഞ്ഞിയോടടുത്ത സിഗരറ്റിന്റെ അവസാനത്തെ പുക വലിച്ചൂതി വിട്ടു കൊണ്ട് ഞാന്‍ പറഞ്ഞു: 'നാളെ'
പിറ്റേ ദിവസം വൈകുന്നേരം ഞങ്ങള്‍ മൂന്നാളും ബോംബെയ്ക്ക് ട്രെയിന്‍ കയറി. കയ്യില്‍ കാശില്ലാത്തതുകൊണ്ട് ഹസ്സന്‍ വരാന്‍ മടിച്ചിരുന്നു. മൂന്നാള്‍ക്കും പോകാനുള്ള പണമാണ് താന്‍ സംഘടിപ്പിച്ചതെന്ന് ബാബു പറഞ്ഞപ്പോള്‍ അവന്‍ അയഞ്ഞു. പിന്നെ എന്റെ നിര്‍ബന്ധവും കൂടിയായപ്പോള്‍ അവന്‍ വരാമെന്നേറ്റു. കോഴിക്കോട് നിന്നായിരുന്നു ട്രെയിന്‍.
ഞങ്ങളുടെ ട്രെയിന്‍ ബോംബെ സെന്‍ട്രലില്‍ എത്തുമ്പോള്‍ നേരത്തോട് നേരമായിരുന്നു. സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള ബോംബെയിലെ തെരുവുവീഥികള്‍ ഹസ്സനേയും ബാബുവിനേയും അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. ഞങ്ങളൊരു ഒരു ടാക്സി വിളിച്ച് ഹാജി അലി ദര്‍ഗ്ഗയിലേക്ക് പുറപ്പെട്ടു. ബോംബെയില്‍ വരുമ്പോഴെല്ലാം എന്റെ ആദ്യ സന്ദര്‍ശനം ആ ദര്‍ഗ്ഗയിലേക്കാണ്. അത് വിശ്വാസവുമായി ബന്ധപ്പെട്ടൊന്നുമല്ലായിരുന്നു. ആദ്യമായ് ബോംബെയില്‍ എത്തിയപ്പോള്‍ എന്നെ കൊണ്ടുപോയ ആള്‍ എന്നേയും കൂട്ടി ആദ്യ സന്ദര്‍ശനം നടത്തിയത് ഹാജി അലി ദര്‍ഗ്ഗയിലേക്കായിരുന്നു. അതിനു ശേഷം എപ്പോഴൊക്കെ ബോംബെയിലെത്തിയിട്ടുണ്ടോ അന്നൊക്കെ ആ ദര്‍ഗ്ഗയില്‍ സന്ദര്‍ശനം നടത്തിയിട്ടേ ഞാന്‍ മറ്റു കാര്യങ്ങള്‍ ചെയ്തിരുന്നുള്ളൂ. ആ തവണയും പതിവു തെറ്റിച്ചില്ല.
ടാക്സിയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഹാജി അലി ദര്‍ഗ്ഗയുടെ ചരിത്രം രണ്ടുപേര്‍ക്കും പറഞ്ഞുകൊടുത്തു. ഹസ്സന്‍ വളരെ താല്‍പര്യത്തോടെ കേട്ടിരുന്നു. ബാബു പുറത്തെ കാഴ്ചകളിലേക്ക് വിസ്മയത്തോടെ നോക്കിയിരിക്കുകയായിരുന്നു. ഏതുനിമിഷവും അവനാ പെരുങ്കടലിലേക്ക് ചാടാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് അവന്റെ മുഖം വെളിപ്പെടുത്തി. മറൈന്‍ ഡ്രൈവ് കഴിഞ്ഞ് ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന ദര്‍ഗ്ഗയുടെ തൂവെള്ള ഗോപുരങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ ഹസ്സന്‍ സീറ്റിലൊന്ന് ഇളകിയിരുന്നു. ടാക്സിക്കാരനെ പറഞ്ഞു വിട്ട് ഞങ്ങള്‍ ദര്‍ഗ്ഗയിലേയ്ക്കുള്ള പാലത്തിലേക്ക് കയറി. അവിടെ നിരത്തിവെച്ച പൂക്കളില്‍ നിന്ന് മൂന്നു റോസാപ്പൂക്കള്‍ ഞാന്‍ ബാബുവിനെ കൊണ്ട് വാങ്ങിപ്പിച്ചു. അവന്‍ എന്നെ സംശയത്തോടെ നോക്കി.
'ഖബറിങ്കല്‍ വെക്കാനാണ്.'- ഞാന്‍ പറഞ്ഞു.
പാലത്തിലൂടെ നടക്കുമ്പോള്‍ മാര്‍ബിള്‍ കൊണ്ട് പണിത ദര്‍ഗ്ഗയുടെ മനോഹാരിത ഹസ്സനെ ശരിക്കും കീഴ്പ്പെടുത്തി. നല്ല തിരക്കുള്ള ദിവസമായിരുന്നു അത്. ഖബറിങ്കല്‍ റോസാപൂക്കള്‍ അര്‍പ്പിച്ച്, ഇമാമുകളുടെ മയില്‍പീലി കൊണ്ടുള്ള ആശ്ലേഷവും വാങ്ങി തിരിച്ചു നടക്കുമ്പോള്‍ ഹസ്സന്‍ അവന്റെ വഴി തിരഞ്ഞെടുത്ത കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല.
ബോംബെയില്‍ എത്തുമ്പോള്‍ ഞാന്‍ സ്ഥിരമായി താമസിക്കാറുള്ള ബിസ്തിമുല്ലയിലെ റസിയ ലോഡ്ജില്‍ തന്നെ ആയിരുന്നു ഞങ്ങള്‍ മുറിയെടുത്തത്. ലോഡ്ജിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. ഹക്കിം ഭായിയ്ക്ക് പകരം ഒരു ചെറുപ്പക്കാരനായിരുന്നു റിസപ്ഷനില്‍ ഉണ്ടായിരുന്നത്. അതായിരുന്നു അവിടെ ഉണ്ടായ ഏക മാറ്റം. ഹക്കിം ഭായ് എവിടെയെന്ന് ഞാന്‍ ചെറുപ്പക്കാരനോട് ചോദിച്ചപ്പോള്‍, ചുമരില്‍ തൂക്കിയിട്ട ഫോട്ടോയിലേക്ക് അവന്‍ വിരല്‍ചൂണ്ടി. പഴയ ചിരിയോടു കൂടി ഹക്കിം ഭായ് എന്നെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ സഹോദരിയുടെ മകനായിരുന്നു ആ ചെറുപ്പക്കാരന്‍. ഞാന്‍ ബോംബെയില്‍ വരുമ്പോഴെല്ലാം സ്ഥിരമായി അവിടെയാണ് താമസിച്ചിരുന്നത് എന്ന് പറഞ്ഞപ്പോള്‍ അവന്റെ പെരുമാറ്റത്തില്‍ വല്ലാത്ത ആദരവ് നിറഞ്ഞു. പഴയ മുറി തന്നെ അവന്‍ ഞങ്ങള്‍ക്കായി ഒരുക്കിത്തന്നു.
ഞങ്ങള്‍ ആദ്യം ഒന്നു കുളിച്ചു.അതോടെ യാത്രാക്ഷീണം കുറച്ചൊന്നു മാറികിട്ടി. ക്ഷീണം മാറിയപ്പോഴാണ് വിശപ്പ് തോന്നിയത്. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഞങ്ങള്‍ മുറി പൂട്ടി പുറത്തേക്കിറങ്ങി. ഭക്ഷണം കഴിച്ച് തിരികെ വരുമ്പോള്‍ ഞാന്‍ ബാബുവിനെക്കൊണ്ട് കൊണ്ട് ഒരു കെട്ട് ചീട്ട് വാങ്ങിപ്പിച്ചു. നേരെ മുറിയിലെത്തി ഞങ്ങള്‍ ''മുന്നൂറ്'' കളിക്കാന്‍ തുടങ്ങി. കളി തുടങ്ങിയപ്പോളാണ് വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. ഞാന്‍ ഹസ്സനോട് വാതില്‍ തുറക്കാന്‍ പറഞ്ഞു. വാതില്‍ തുറന്നപ്പോള്‍ ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു നിസാര്‍. അവനെ അവിടെ വച്ച് കാണുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരേ നാട്ടുകാരായിരുന്നു ഞങ്ങള്‍.
'ഇങ്ങള് ഇങ്ങട്ട് കേറി ബെര്ന്നത് ഞാന്‍ കണ്ടീര്ന്ന്'- അവന്‍ അകത്തേക്ക് കയറി.
അവനൊരു പ്രവാസിയായിരുന്നു. അന്ന് രാത്രി എട്ടുമണിക്കായിരുന്നു അവന്റെ ഫ്ളൈറ്റ്.
ഒരേ നാട്ടുകാര്‍ ആയിട്ടും അവന്‍ ഗള്‍ഫില്‍ പോകുന്നത് ഞങ്ങളാരും അറിഞ്ഞിരുന്നില്ല. പ്രവാസികള്‍ അങ്ങനെയാണ്. പോകുന്നതും വരുന്നതും ആരും അറിയണമെന്നില്ല. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷരാകും. അതുപോലെ തന്നെ പ്രതീക്ഷിക്കാത്ത നേരത്ത് കണ്‍മുന്നിലെത്തുകയും ചെയ്യും. ചീട്ടു കളിക്കാന്‍ അവനും കൂടി. കളിക്കുന്നതിനിടയില്‍ അവന്‍, ഞങ്ങള്‍ എന്തിനാണ് ബോംബെയില്‍ വന്നതെന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു.
'പുള്ളേര്ക്ക് സലങ്ങളെല്ലാം കൊണ്ടോയി കാട്ടി കൊട്ക്കീം. ഓലെ പൂതി തീരട്ടെ'-നിസാര്‍ പറഞ്ഞു.
കുറച്ചുനേരം കൂടി കഴിഞ്ഞാല്‍ അവന്‍ മറ്റൊരു ദേശത്തേയ്ക്ക് പുറപ്പെടും. പെരുങ്കടല്‍ മുറിച്ചു കടക്കുന്ന മഹാപ്രയാണത്തെപ്പറ്റി ചിന്തിക്കാതെ, യാതൊരു അലട്ടലുമില്ലാതെ ചീട്ടുകളിയില്‍ മുഴുകിയിരിക്കുന്ന അവനെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിയത്.
'എത്രാമത്തെ പോക്കാ?'- ഞാന്‍ ചോദിച്ചു
'ആറാമത്തെ''- അവന്‍ തല ഉയര്‍ത്താതെ പറഞ്ഞു.
ഒരുതവണ പോയാല്‍ എന്തായാലും മൂന്നുകൊല്ലം നില്‍ക്കും. 6x3... ഞാന്‍ കൂട്ടി നോക്കി. 18 കൊല്ലം. 18 കൊല്ലം കൊണ്ട് അവന് എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചു? മുടി കൊഴിഞ്ഞ് തല മുക്കാലും കഷണ്ടിയായി. ബാക്കിയുള്ള മുടിയില്‍ നര കയറി തുടങ്ങി. എന്നിട്ടും തന്നിലെ മാറ്റങ്ങള്‍ക്ക് മുഖം കൊടുക്കാതെ ഓരോ തവണയും അവന്‍, ദേശാടനത്തിനൊരുങ്ങുന്നു.
രണ്ടു കളി കഴിഞ്ഞപ്പോള്‍ അവന്‍ വാച്ചില്‍ നോക്കി കൊണ്ട് പറഞ്ഞു: 'ഇനിക്ക് പോകാന്‍ നേരായി'
അവന്‍ എഴുന്നേറ്റു. കൂടെ ഞങ്ങളും. ഒന്ന് കറങ്ങി വരാമെന്ന് ഞാന്‍ ചെക്കന്‍മാരോട് പറഞ്ഞു. മുറി പൂട്ടി ഞങ്ങള്‍ പുറത്തേക്കിറങ്ങി. റോഡില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് കൂടെ വരുന്നോ എന്ന് നിസ്സാര്‍ ചോദിച്ചു. ഇല്ലെന്നു പറഞ്ഞ് ഞങ്ങള്‍ അവനെ യാത്രയാക്കി. പോകാന്‍ നേരം അവന്‍ അഞ്ഞൂറിന്റെ ഒരു നോട്ട് എന്റെ കയ്യില്‍വെച്ചുതന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും അവന്‍ സമ്മതിച്ചില്ല. അവന്റെ യാത്രയ്ക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങിയതിനു ശേഷം ബാക്കി വന്നതായിരുന്നു അത്. അവന്‍ കയറിയ ടാക്സി അകന്നു പോയപ്പോള്‍ ഞങ്ങള്‍ നടന്നു തുടങ്ങി.
ആ രാത്രി ഞങ്ങള്‍ കുറേ നടന്നു. പത്ത് മണിയാവുമ്പോഴേക്കും വിജനമാകുന്ന നാട്ടിലെ തെരുവുകള്‍ മാത്രം കണ്ട് വളര്‍ന്ന ഹസ്സനും ബാബുവിനും ഉറക്കമില്ലാത്ത ബോംബെ നഗരം ശരിക്കും വിസ്മയമായിരുന്നു. ബിസ്തിമുല്ലയിലെ ദര്‍ഗ്ഗക്കള്‍ക്കരികിലൂടെ, വഴിയോരകച്ചവടക്കാര്‍ക്കിടയിലൂടെ, ചെരുപ്പുകുത്തികള്‍ക്കരുകിലൂടെ ഞങ്ങള്‍ നടന്നു. ഓരോ ദര്‍ഗ്ഗകളും ഹസ്സനെ വല്ലാതെ ഇളക്കി മറിച്ചു. എപ്പഴേ കത്തി തീര്‍ന്നിട്ടും അവിടെ ബാക്കിയായ ചന്ദനത്തിരിയുടെ ഗന്ധമാസ്വദിച്ച് കുറച്ച് നേരം കൂടി അവിടെ തന്നെ നില്‍ക്കാന്‍ അവന്‍ ആഗ്രഹിച്ചു. തിരിച്ച് ലോഡ്ജിലെത്തിയപ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു.
വൈകി ഉറങ്ങിയത് കാരണം പിറ്റേദിവസം ഉണരുമ്പോള്‍ ഉച്ചയോടുത്തിരുന്നു. ഭക്ഷണം കഴിച്ച് ഞങ്ങള്‍ ചീട്ടിന് ചുറ്റുമിരുന്നു. ഒന്ന് രണ്ട് കളി കഴിഞ്ഞതിനുശേഷം ഞാന്‍ അവരേയും കൂട്ടി പുറത്തേയ്ക്കിറങ്ങി. ക്രാഫോര്‍ഡ് മാര്‍ക്കറ്റിലും ബസാറിലുമൊക്കെ ചുറ്റിത്തിരിഞ്ഞ്, വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ ബീച്ചിലേയ്ക്ക് നടന്നു. ചോപ്പാട്ടി ബീച്ച് ഹസ്സനെ വല്ലാതെ നാണിപ്പിക്കുകയും ബാബുവിനെ കൊതിപ്പിക്കുകയും ചെയ്തു. ആണും പെണ്ണും ഒരു ലജ്ജയുമില്ലാതെ പരസ്യമായി ചുംബിക്കുന്നത് അവരാദ്യമായിട്ട് കാണുകയായിരുന്നു. ചുംബനത്തില്‍ എല്ലാം മറന്നിരിക്കുന്നവര്‍ക്കിടയിലൂടെ ഞങ്ങള്‍ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് നടന്നു. അവിടെയിരിക്കുമ്പോള്‍ ഞാന്‍ മുന്നറിയിപ്പെന്നപോലെ അവരോട് പറഞ്ഞു: 'എല്ലാം കണ്ടാല്‍ മാത്രം മതി.'
അവര്‍ സമ്മതിച്ചു. ഞങ്ങളിരിക്കുന്നതിന്റെ കുറച്ചപ്പുറത്തായി ഗംഭീര ചീട്ട് കളി നടക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ബാബുവിന് കളിക്കാന്‍ മോഹം തോന്നി.
'സാമുല്‍ഭായ്, ഞാനൊര് കൈ നോക്ക്യാലോ?'- അവന്‍ ചോദിച്ചു.
ഞാന്‍ വേണ്ടെന്ന് പറഞ്ഞു. അവന്‍ ചീട്ടുകളിയില്‍ അതിസമര്‍ത്ഥനാണെന്ന കാര്യം എനിക്കറിയാം. പക്ഷേ, അവന്റെ സാമര്‍ത്ഥ്യം കൊണ്ട് അവിടെ ഒരു കാര്യവുമുണ്ടാകില്ലെന്ന് അതിനേക്കാള്‍ നന്നായ് എനിക്കറിയാമായിരുന്നു. കളിയില്‍ ജയിച്ചാലും ആ പണവും കൊണ്ട് അവിടുന്ന് പോവാന്‍ അവര്‍ സമ്മതിക്കില്ല.
ഞാനൊരു സിഗരറ്റിന് തീ കൊളുത്തി. ഉള്‍ക്കടലിലെ തിരകളെ നോക്കി ഞാന്‍ അലസമായി പുകയൂതി വിട്ടു.കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു കുതിരക്കാരന്‍ ഞങ്ങളുടെ മുന്നിലെത്തി. കുതിരപ്പുറത്ത് കേറണമെങ്കില്‍ അമ്പത് രൂപ കൊടുക്കണം. ബാബുവിനൊന്ന് കേറണമെന്നുണ്ടായിരുന്നു. മുന്‍പ് ഇവിടെ വന്ന സമയത്ത് എനിക്കും അങ്ങനെയൊരു പൂതി തോന്നിയിരുന്നു. അന്ന് ഞാനൊന്ന് കേറി നോക്കി. പക്ഷേ, സവാരി നടത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കുതിര എന്നെ മറിച്ചിടുകയും ചെയ്തു. വീണത് വെള്ളത്തിലായതു കൊണ്ട് കുതിരയുടെ ചവിട്ടേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ആ കഥ കേട്ടപ്പോള്‍ ബാബു കുതിരപ്പുറത്ത് കേറാനുള്ള മോഹവും ഉപേക്ഷിച്ചു.
കുതിരക്കാരന്‍ പോയി കഴിഞ്ഞപ്പോഴാണ് ദാവണി ചുറ്റിയ ഒരുത്തി ഞങ്ങളുടെ അടുത്തേക്ക് വന്നത്.
'സര്‍, പത്തു രൂപ തന്നാല്‍ മതി'-അവള്‍ പറഞ്ഞു.
അവളെയും ഞാന്‍ പറഞ്ഞു വിട്ടു. അവള്‍ പോയപ്പോള്‍ ബാബു ചോദിച്ചു: 'ഓളെന്താ പറഞ്ഞത്?'
ചോപ്പാട്ടി ബീച്ചിലെ സ്ഥിരം കാഴ്ചയാണത്. പത്ത് രൂപ കൊടുത്താല്‍ ഒരു ചുംബനത്തിന് വഴങ്ങിക്കൊടുക്കുന്ന അനേകം പെണ്ണുങ്ങളില്‍ ഒരുവള്‍ ആയിരുന്നു അത്. ഹസ്സനും ബാബുവിനും അത് വിശ്വസിക്കാനായില്ല. ഞാന്‍ നുണ പറഞ്ഞതാണെന്നാണ് അവര്‍ കരുതിയത്. അവള്‍ മറ്റൊരാളെ സമീപിക്കുന്നതും അയാള്‍ പോക്കറ്റില്‍ നിന്നും പണമെടുത്ത് അവള്‍ക്ക് കൊടുക്കുന്നതും കുറച്ചുനേരം അവര്‍ മണലിലിരുന്ന് പരസ്പരം ചുണ്ടുകള്‍ കൊരുക്കുന്നതും ബാബുവും ഹസ്സനും നേരിട്ട് തന്നെ കണ്ടു. അപ്പോഴാണ് അവര്‍ക്ക് വിശ്വാസമായത്. പത്ത് രൂപയ്ക്കുള്ള ചുംബനത്തിന്റെ സമയപരിധി അവസാനിച്ചപ്പോള്‍ അവള്‍ അടുത്ത ആളെ തിരക്കി നടന്നു.
'അമ്പത് രൂപയ്ക്ക് കുതിരസവാരി. പത്ത് രൂപയ്ക്ക് ചുംബനം.' ഹസ്സന്‍ ആലോചിക്കുകയായിരുന്നു.
'ജീവിക്കാന്‍ വേണ്ടിട്ട്ള്ള കഷ്ടപ്പാട്.'- അവന്‍ നെടുവീര്‍പ്പിട്ടു.
ചോപ്പാട്ടിയിലെ സന്ദര്‍ശനത്തിനു ശേഷം ഞാന്‍ അവരെയും കൂട്ടി ബോംബെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കറങ്ങിനടന്നു. ധാരാവി, കല്യാണ്‍കുര്‍ള, മാഹിം, ബൈക്കുള, സാക്കിനാക്ക, ടെങ്കര്‍മുല്ല കൊളാബ... അങ്ങനെ ആ മഹാനഗരത്തിന്റെ വിസ്മയിപ്പിക്കുന്ന ഓരോ കാഴ്ചകളിലേക്കും ഞാനവരെ കൈപിടിച്ച് നടത്തി. കൊളാബയിലേയ്ക്ക് പോകുന്ന വഴിയിലാണ് ജഹാംഗീര്‍ ആര്‍ട്ട് ഗാലറി. വഴിയോരങ്ങളില്‍ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ടായിരുന്നു. കൊളാബയിലേയ്ക്കുള്ള വഴി നീളെ ഇത്തരം ചിത്രകാരന്മാരും ചിത്രങ്ങളും നിറഞ്ഞു നിന്നിരുന്നു. ചിത്രങ്ങള്‍ വേണോ എന്ന് ഞാന്‍ വെറുതേ ബാബുവിനോട് ചോദിച്ചു. അവന്‍ താല്‍പര്യമില്ലാതെ തല വെട്ടിച്ചു. ഹസ്സനോട് ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആ ചിത്രങ്ങളെ അവന്‍ എപ്പഴേ സ്വന്തമാക്കി കഴിഞ്ഞിരുന്നു.
ചോര്‍ബസാറിലൂടെ നടക്കുമ്പോള്‍, അവിടുത്തെ ആളുകളെ കണ്ട് ഏതോ അതീന്ദ്രീയശക്തിയാലെന്ന പോലെ ബാബു പറഞ്ഞു: 'കണ്ടാ തന്നെ അറിയാം കള്ളമ്മാരാണ്ന്ന്.'
അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്കത്ഭുതമായി. ഒരിക്കല്‍പ്പോലും ഞാനാ തെരുവിന്റെ പേര് അവരോട് പറഞ്ഞിരുന്നില്ല. എന്നിട്ടും അവിടെ വില്‍ക്കാന്‍ നിരത്തിവെച്ചിരിക്കുന്ന വസ്തുക്കള്‍ കളവ് മുതലുകളാണെന്നും ചുറ്റിനുമുള്ള പലരും കള്ളന്മാരാണെന്നും അവന്‍ മനസ്സിലാക്കി കളഞ്ഞു. ഇന്നാലോചിക്കുമ്പോള്‍ അതിലൊട്ടും അത്ഭുതം തോന്നുന്നേയില്ല.
അങ്ങനെ പല സ്ഥലങ്ങളിലെ പല കാഴ്ചകളും കണ്ടിട്ടും എന്തോ ഒരു അതൃപ്തി ബാബുവിന്റെ മുഖത്തുണ്ടായിരുന്നു. അതെന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഓരോ സ്ഥലത്തെയും ആളുകളും അവരുടെ ജീവിതരീതികളും ഹസ്സനെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് അവന്റെ സംസാരത്തില്‍ നിന്നും നോട്ടത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. അനാഥത്വത്തിന്റേയും അനിശ്ചിതത്വത്തിന്റേയും നടുവിലേക്കാണ് ഹസ്സന്‍ പിറന്നുവീണത് തന്നെ. നന്നേ ചെറുപ്പത്തിലേ അവന്റെ ഉമ്മ മരിച്ചിരുന്നു. പതിനാല് വയസ്സുള്ളപ്പോള്‍ ബാപ്പയും. രണ്ടാനുമ്മയുടെയും മക്കളുടെയും ഇടയില്‍ ഹസ്സന്‍ വീണ്ടും യത്തീമായി. ഇഷ്ടം തോന്നിയ പെണ്ണിനെ മറ്റൊരാള്‍ നിക്കാഹ് കഴിച്ചു കൊണ്ടു പോയപ്പോളും ആരോടും ഒന്നും പറയാതെ അവന്‍ നിസ്‌ക്കാരത്തില്‍ മുഴുകി. അവന്‍ ആരോടെങ്കിലും ഹൃദയം തുറന്നിട്ടുണ്ടെങ്കില്‍, അത് എന്നോടും ദൈവത്തോടും മാത്രമായിരുന്നു. സ്നേഹബന്ധങ്ങളുടെ ചങ്ങലയില്‍ ഒരു കണ്ണിയായി വിളക്കിച്ചേര്‍ക്കപ്പെടാന്‍ അവന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. ബാബുവാകട്ടെ ആ ചങ്ങലയില്‍ നിന്ന് അറ്റു വീഴാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തു. വല്ല്യാപ്പമാരും കൊച്ചാപ്പമാരും അവരുടെ മക്കളുമൊക്കെയായി ഒരു വലിയ കുടുംബമായിരുന്നു അവന്റേത്. ആ വലിയ വീടിന്റെ വെളിച്ചമെത്താത്ത ഇരുളറകളില്‍ സ്വന്തം തൃഷ്ണകളെ അടക്കിയിടാന്‍ അവനൊരിക്കലും കഴിഞ്ഞില്ല. അതിരുകളില്ലാത്ത സ്വാതന്ത്ര്യമായിരുന്നു അവനാഗ്രഹിച്ചത്.
അന്ന് രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു കുത്ത് ചീട്ട് കളിക്കാമെന്ന് ബാബു പറഞ്ഞു. ഹസ്സന്‍ വയ്യെന്ന് പറഞ്ഞ് നേരത്തെ കിടന്നു. അല്ലെങ്കിലും അവന് ഇതുവരെ ചീട്ടുകളി വശമായിട്ടില്ല. ചീട്ടും പിടിച്ച് ആലോചിച്ചങ്ങനെ ഇരിക്കും. വിരലുകള്‍ക്കിടയില്‍ നിന്ന് ചീട്ടുകള്‍ ഊര്‍ന്നുവീണാലും അവനറിയുകയേയില്ല. ഞാനും ബാബുവും കളിക്കാന്‍ തീരുമാനിച്ചു. കളിക്കിടയിലാണ് അവന്റെ അതൃപ്തിയുടെ പൊരുള്‍ എനിക്ക് പിടികിട്ടിയത്.
'സാമുല്‍ ഭായ്, ഇബടെ പെണ്ണ്ങ്ങളെ ഒന്നും കിട്ടൂലേ?'- അവന്‍ തലയുയര്‍ത്താതെ, ചീട്ടുകളിലേക്ക് ശ്രദ്ധിക്കുകയാണെന്ന വ്യാജേന ചോദിച്ചു.
അപ്പോള്‍ അതാണ് കാര്യം. ആവോലിയുടെ രഹസ്യം പൂര്‍ണമായും മറ നീങ്ങി. അവസാനത്തെ ചീട്ട് കളത്തിലേക്കിട്ട് ഞാന്‍ പറഞ്ഞു: 'നേരം വെളുക്കട്ടെ.'
പിറ്റേ ദിവസം ഞാന്‍ അവരെയും കൂട്ടി കാമാത്തിപുരയിലേയ്ക്ക് നടന്നു. അവിടെ നിരനിരയായി തീപ്പെട്ടികള്‍ അട്ടിവെച്ച പോലെയുള്ള കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു ഹോട്ടലുണ്ട്. 'ഹോട്ടല്‍ പാരഡൈസ്.' പിലാഹൗസ് എന്ന് വിളിക്കുന്ന ആ മഞ്ഞനിറമുള്ള വീടുകളിലെ പറ്റുകാരാണ് ഹോട്ടലില്‍ ചായ കുടിക്കാന്‍ വരുന്നവരെല്ലാം. ചായ കുടിക്കുന്നതിനിടയില്‍ പരിചയപ്പെടുന്നവരെയും കൊണ്ട് പെണ്ണുങ്ങള്‍ ആ വീടുകളിലേതിലേയ്ക്കെങ്കിലും അപ്രത്യക്ഷരാകും. ഓരോ വീടിന് മുന്നിലും, പച്ച നിറത്തിലുള്ള പിരിയന്‍ ഗോവണികളിലും കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച്, ചുണ്ടുകളില്‍ പിങ്ക് നിറത്തിലുള്ള ചായം തേച്ച പെണ്ണുങ്ങള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആളുകളെ വശീകരിക്കാന്‍ എത്ര തന്നെ അണിഞ്ഞൊരുങ്ങിയിട്ടും ആ മുഖങ്ങളിലെ ദൈന്യതയും വിഷാദവും തെളിഞ്ഞ് കാണാമായിരുന്നു.
ഞങ്ങള്‍ ഹോട്ടലിലേക്ക് കയറി. ഹോട്ടലിലെ പാതിയിരുട്ടില്‍ എവിടെയോ ഇരുന്ന് മുഹമ്മദ് റഫി പതിഞ്ഞ ശബ്ദത്തില്‍ ''യേ ദുനിയാ യേ മെഹ്ഫില്‍'' പാടുന്നുണ്ടായിരുന്നു. ഒരു ടേബിള്‍ കണ്ടെത്തി ഞങ്ങള്‍ സ്ഥലം പിടിച്ചു. ചായ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. എന്റെ നീക്കങ്ങളെല്ലാം ബാബു സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്‍ പുലര്‍ച്ചെ തന്നെ എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി ഇരിക്കുന്നത് ഉറക്കത്തിനിടയില്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അവന്‍ തലേന്ന് ശരിക്കും ഉറങ്ങിയിട്ടില്ലെന്ന് അവന്റെ മുഖം കണ്ടാലറിയാം. ഞങ്ങളുടെ സംഭാഷണത്തില്‍ പങ്കെടുക്കാതിരുന്നത് കൊണ്ട് ഹസ്സന് ഒന്നും പിടികിട്ടിയിരുന്നില്ല. അവന്‍ അലസമായി അപ്പുറത്തും ഇപ്പുറത്തും ഇരുന്നവരെ ശ്രദ്ധിക്കുകയായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ജ്യൂക്ക് ബോക്സില്‍ വീണ നാണയത്തിന്റെ കിലുക്കം പോലെ ''സാമുല്‍ ഭായീ'' എന്ന് പരിചയമുള്ള ഒരു വിളി ഞാന്‍ കേട്ടത്. തൊട്ടപ്പുറത്തെ ടേബിളിലിരുന്ന രണ്ട് പെണ്ണുങ്ങളില്‍ ഒരാളെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. പക്ഷേ, അവളുടെ പേര് ഓര്‍മ്മയില്‍ വന്നില്ല. ചാന്ദ്നി, രജനി, നേഹ, രഞ്ജിനി... അങ്ങനെ കുറേ പേരുകള്‍ ഞാനോര്‍ത്തെടുത്തു. അതിലാരായിരിക്കും അവള്‍? ഓര്‍മ്മയില്‍ വന്ന പേരുകളൊന്നും അവളുടേതല്ല എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി. എത്ര പെട്ടെന്നാണ് ഞാനവളുടെ പേര് മറന്നത്? അവള്‍ പക്ഷേ എന്നെ കൃത്യമായ് ഓര്‍ത്തെടുത്തിരിക്കുന്നു. ഞാനങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അവള്‍ എന്റെ അടുത്ത് വന്ന് സ്വാതന്ത്ര്യത്തോടെ എന്റെ കവിളുകളിലും ചുണ്ടിലുമൊക്കെ ചുംബിക്കാന്‍ തുടങ്ങി. ആ ചുണ്ടുകളുടെ ചൂടേറ്റപ്പോള്‍ പെട്ടെന്നു തന്നെ എനിക്കവളുടെ പേര് ഓര്‍മ്മ വന്നു.
'അമീഷ'- ഞാന്‍ പറഞ്ഞു.
ഞാനവളെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തില്‍ അവള്‍ വീണ്ടും വീണ്ടും എന്റെ കവിളുകളെ പൊള്ളിച്ചു. ഹസ്സനും ബാബുവും അതെല്ലാം കണ്ട് തരിച്ചു നില്‍ക്കുകയായിരുന്നു. അവളുടെ സ്നേഹപ്രകടനങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവരെ അവള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. അവള്‍ അവരെ നോക്കി ചിരിച്ചു. ആ ചിരിയില്‍ ഹസ്സന്റെ മുഖത്തെ നാണവും ബാബുവിന്റെ കണ്ണിലെ കൊതിയും വെളിച്ചം കുറവായിരുന്നിട്ട് കൂടി ഞാന്‍ നല്ലപോലെ കണ്ടു. കുറഞ്ഞ സമയം കൊണ്ട് എന്റെ വിശേഷങ്ങളെല്ലാം അവള്‍ ചോദിച്ചറിഞ്ഞു. അവള്‍ അവളുടെ ടേബിളിലേക്ക് പോയപ്പോള്‍ ബാബു ചോദിച്ചു: 'അതാരാണ് ഭായ്?'
ഞാന്‍ എല്ലാം അവനു മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞു കൊടുത്തു. എല്ലാം കേട്ടപ്പോള്‍ അവന്‍ മടിച്ചു മടിച്ച് ചോദിച്ചു: 'ഓളെ കിട്ട്വോ?'
ഞാന്‍ അവളെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ക്ക് വലിയ സന്തോഷമായി. ബില്ല് കൊടുത്ത് പുറത്തേക്കിറങ്ങിയപ്പോള്‍ അവള്‍ കൂടെ ചെല്ലാന്‍ പറഞ്ഞു. ഞാന്‍ ബാബുവിനെ അവളുടെ കൂടെ പറഞ്ഞയച്ചു.
'ഇങ്ങക്ക് വേണ്ടേ?'- അവന്‍ ചോദിച്ചു.
ഞാന്‍ വേണ്ടെന്ന് പറഞ്ഞു.
'അനക്കോ?'-ഹസ്സനോടായി പിന്നെ അവന്റെ ചോദ്യം.
അപ്പോള്‍ മാത്രമാണ് ഹസ്സന് കാര്യം പിടികിട്ടിയത്
'ഏയ് ഇനിക്ക് ബേണ്ട'-വല്ലാത്തൊരു കുറ്റബോധത്തോടെ അവന്‍ തല വെട്ടിച്ചു.
ബാബുവിനേയും കൂട്ടി അവള്‍ പിരിയന്‍ ഗോവണി കയറി. കറങ്ങിക്കറങ്ങി അവര്‍ അവിടെയുള്ള ഏതോ വാതിലുകളിലൊന്നിലേയ്ക്ക് മറഞ്ഞു. ഞാനും ഹസ്സനും തൊട്ടടുത്ത പെട്ടിക്കടയില്‍ നിന്ന് ഓരോ സര്‍ബത്ത് കുടിച്ചു. ഒഴിഞ്ഞ ഗ്ലാസ്സ് തിരിച്ചു കൊടുത്ത് ഞാനൊരു സിഗരറ്റ് വലിക്കാന്‍ തുടങ്ങി. കുറേ നേരം കഴിഞ്ഞപ്പോള്‍ ബാബു പുറത്തേക്ക് വന്നു. ജ്വലിക്കുന്നുണ്ടായിരുന്നു അവന്റെ മുഖം. അവനു പിന്നാലെ ഡ്രസ്സ് മാറ്റി അവളും ഇറങ്ങി വന്നു.
'എത്രാണ് ഓളെ ചാര്‍ജ്ജ്?'- അവന്‍ ചോദിച്ചു.
നൂറ് രൂപയായിരുന്നു. ഞാനവനോട് ഇരുന്നൂറ് രൂപ കൊടുക്കാന്‍ പറഞ്ഞു.
'അഞ്ഞൂറ് കൊട്ത്താലും നഷ്ടല്ല'-അവന്റെ മറുപടി കേട്ടപ്പോള്‍ ഹസ്സന്‍ ചിരി നിര്‍ത്താന്‍ പാടുപെട്ടു.എന്തോ നേടിയെടുത്ത മുഖഭാവമായിരുന്നു ബാബുവിന്റേത്.
പണം പേഴ്സില്‍ തിരുകുന്നതിനിടെ അവള്‍ എന്നോട് 'വേണ്ടേ?' എന്ന് ചോദിച്ചു. നൂറ് രൂപ അധികം കൊടുത്തത് ഒരു സന്തോഷത്തിനാണെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, അവള്‍ സമ്മതിച്ചില്ല. അവള്‍ എന്റെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു. അവസാനം പോകുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി വരാം എന്ന് പറഞ്ഞിട്ടാണ് സമ്മതിച്ചത്. അവള്‍ ഒരിക്കല്‍ കൂടി എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. നൂറ് രൂപ ഇവിടെയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
ആ ഗലിയില്‍ കൂടി ഞങ്ങള്‍ കുറച്ചു നേരം കൂടി നടന്നു. ചുറ്റുമുള്ള വീടുകളുടെ മുന്നിലെല്ലാം പെണ്ണുങ്ങള്‍ നിരന്നു നില്‍ക്കുന്നുണ്ടായിരുന്നു. പല ദേശത്തിന്റേയും രൂപഭാവങ്ങളുള്ള പെണ്ണുങ്ങള്‍. കുറച്ച് നടന്നപ്പോള്‍ ബാബു എന്നെ തോണ്ടി വിളിച്ച് പറഞ്ഞു:
'സാമുല്‍ ഭായ്, അതാ ഇങ്ങളെ വേറൊരു പരിചയക്കാരി'
ഞാന്‍ നോക്കുമ്പോള്‍ പാവാട അരയോളം പൊക്കി പിടിച്ച് ഒരുത്തി ഞങ്ങളെ കൈകാട്ടി വിളിക്കുകയായിരുന്നു. ആവശ്യക്കാരെ വിളിച്ച് കേറ്റുന്ന പെണ്ണുങ്ങളില്‍ ഒരുവള്‍. അതവിടുത്തെ സ്ഥിരം കാഴ്ച്ചയായിരുന്നു. സ്വയം പരസ്യം ചെയ്യുകയായിരുന്നു അവള്‍. എന്റെ പരിചയക്കാരിയൊന്നുമല്ല എന്ന് പറഞ്ഞപ്പോള്‍ ബാബു തല ചൊറിഞ്ഞു:
'ഏതായാലും വിളിച്ചീലേ... ഞാനൊന്ന് പോയാലോ?'
ഞാന്‍ മറുപടിയെന്തെങ്കിലും പറയുന്നതിന് മുന്‍പേ അവന്‍ അവള്‍ക്കു നേരെ നടന്നു കഴിഞ്ഞിരുന്നു. ഞാന്‍ ഹസ്സനേയും കൂട്ടി മറ്റൊരു സര്‍ബ്ബത്ത് കട തിരഞ്ഞു.
പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങളുടെ സന്ദര്‍ശനം ആ ഗലിയില്‍ മാത്രമായി ഒതുങ്ങി. ബോംബെ നഗരത്തില്‍ ഞങ്ങള്‍ക്ക് കണ്ടുതീര്‍ക്കാന്‍ പിന്നെയും ഒത്തിരി സ്ഥലങ്ങള്‍ ബാക്കി ഉണ്ടായിട്ടും അങ്ങോട്ടൊന്നും പോകാന്‍ കൂട്ടാക്കാതെ ബാബു ഒരു ഉന്മാദിയെ പോലെ ആ മഞ്ഞവീടുകളിലേക്ക് കയറിയിറങ്ങി കൊണ്ടിരുന്നു. അവിടുത്തെ കുടുസ്സു മുറികളില്‍ അവന്‍ ജ്വലിക്കുമ്പോഴൊക്കെ ഞാനും ഹസ്സനും സര്‍ബത്ത് കുടിച്ചു കൊണ്ടേയിരുന്നു. അങ്ങനെ ഇടതടവില്ലാതെ സര്‍ബത്ത് കുടിച്ചത് കാരണം ഹസ്സന് വയറിന് അസുഖം പിടിപെട്ടു. അത് പിന്നെ പനിയായ് മാറി. ഞാന്‍ പുറത്തേക്ക് പോകാതെ അവന്റെ കൂടെ തന്നെ ഇരുന്നു. ബാബു അപ്പോഴും അവന്റെ സന്ദര്‍ശനങ്ങള്‍ മുടക്കിയിരുന്നില്ല. രണ്ടുമൂന്ന് ദിവസം കൊണ്ട് അവന് സ്വന്തം നാട് പോലെയായി ആ തെരുവ്. ചില ഹിന്ദി വാക്കുകളും അതിനിടെ അവന്‍ പഠിച്ചുവെച്ചിരുന്നു. ഒറ്റയ്ക്ക് പോകണ്ട എന്ന് പറഞ്ഞാലും അവന്‍ കേള്‍ക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാനവനെ തടയാന്‍ നിന്നില്ല. ലോഡ്ജിന്റെ ഒരു വിസിറ്റിംഗ് കാര്‍ഡ് ഞാനവന്റെ കയ്യില്‍ കൊടുത്തിരുന്നു. എന്തെങ്കിലും കാരണവശാല്‍ വഴിതെറ്റുകയാണെങ്കില്‍ അത് ടാക്സി ്രൈഡവര്‍മാരെ കാണിച്ചാല്‍ മതി. അവര്‍ കൊണ്ടുവിട്ടോളും.
ഹസ്സന്റെ പനി കൂടി വരികയായിരുന്നു. അവന്‍ ഉറക്കത്തില്‍ പലതും പറയാന്‍ തുടങ്ങി. 'ഉമ്മാ... ഉമ്മാ' എന്ന് അവന്‍ അവ്യക്തമായി വിളിച്ചുകൊണ്ടേയിരുന്നു. ഞാനവനോട് ഡോക്ടറുടെ അടുത്തു പോകാം എന്ന് പറഞ്ഞെങ്കിലും അവന്‍ സമ്മതിച്ചില്ല. ഞാന്‍ ആകെ പെട്ടുപോയി. അവന്റെ ഉടല്‍ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. ബോംബെ നഗരത്തില്‍ അതിനുമുമ്പൊരിക്കലും ഞാന്‍ അത്രയും നിസ്സഹായനായി പോയിട്ടില്ലായിരുന്നു. പുറത്തുപോയ ബാബു എപ്പോള്‍ വരുമെന്ന് ഒരു പിടിയുമില്ല. ഹസ്സനാണെങ്കില്‍ എത്ര നിര്‍ബന്ധിച്ചിട്ടും ഡോക്ടറെ കാണാന്‍ കൂട്ടാക്കുന്നുമില്ല. വൈകുന്നേരം ഞാന്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
'ഇനിക്ക് ആ ഖബറിങ്കല് പോയാ മതി'
ഡോക്ടറുടെ അടുത്തു പോകാതെ ദര്‍ഗ്ഗയില്‍ പോകുന്നതിലെ അസംബന്ധം ഞാനവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല. കുട്ടികളില്‍ സാധാരണ കണ്ടുവരാറുള്ള ഒരുതരം ദുര്‍വാശി പോലെയായിരുന്നു അത്. അത്തരം സന്ദര്‍ഭങ്ങളില്‍ എനിക്ക് പെട്ടെന്ന് ദേഷ്യം വരാറാണ് പതിവ്. പക്ഷേ, ഹസ്സന്റെ ആ പിടിവാശിയില്‍ എനിക്കൊട്ടും ദേഷ്യം വരാത്തത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അവസാനം മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് ഞാനൊരു ടാക്സി വിളിച്ച് അവനെയും കൊണ്ട് ഹാജി അലി ദര്‍ഗ്ഗയിലേക്ക് പുറപ്പെട്ടു.
പാലത്തില്‍ നിന്ന് വെള്ളമിറങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മഴക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നനഞ്ഞ പാലത്തിലൂടെ നടക്കുമ്പോള്‍ ഹസ്സന്റെ കാലുകള്‍ക്ക് വേഗതയേറുന്നത് ഞാന്‍ ശ്രദ്ധിച്ചു. ദര്‍ഗ്ഗയില്‍, ഹാജി അലിയുടെ കബറിങ്കല്‍ മുട്ടുകുത്തി ഹസ്സന്‍ ഏറെ നേരമിരുന്നു. അപ്പോഴെല്ലാം അവന്റെ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു. അവന്‍ അങ്ങനെ പ്രാര്‍ത്ഥിക്കുന്ന നേരത്ത് ഞാന്‍ ശാന്തമായ കടലിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അപ്പോള്‍ അശാന്തിയുടെ കടല്‍ മുഴങ്ങിയത് എന്റെ ഉള്ളിലായിരുന്നു. എത്രനേരം ഞാനങ്ങനെ നിന്നുവെന്ന് ഓര്‍മ്മയില്ല. വേലിയേറ്റത്തിന് നേരമാകുന്നു എന്ന മുന്നറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയപ്പോള്‍ എനിക്ക് സ്ഥലകാല ബോധമുണ്ടായി. പാലത്തിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങുകയായിരുന്നു. എനിക്ക് ഹസ്സനെ പോയി വിളിക്കാന്‍ തോന്നിയില്ല. അവന്‍ പുറത്ത് വരുന്നതും കാത്ത് ഞാനവിടെ തന്നെ നിന്നു. കുറേ കഴിഞ്ഞപ്പോള്‍ ഹസ്സന്‍ എന്നെ വന്ന് വിളിച്ചു. ഞാനവന്റെ മുഖത്തേക്ക് നോക്കി. മുഖത്ത് പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയെടുത്തു കൊണ്ട് അവന്‍ പറഞ്ഞു: 'പോകാ'
ഞാന്‍ അവന്റെ നെറ്റിയില്‍ കൈപ്പടം അമര്‍ത്തി. പനി വിട്ടു പോയിരിക്കുന്നു!
റോഡിലെത്തിയപ്പോഴേയ്ക്കും പാലം വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. നിരനിരയായ് നീണ്ടുപോകുന്ന പാലത്തിലെ വിളക്കുകാലുകളിലേക്ക് നോക്കിയപ്പോള്‍ അത് നാട്ടിയിരിക്കുന്നത് ജലോപരിതലത്തിലാണെന്ന് തോന്നി. തീരത്തെ കെട്ടിടങ്ങളില്‍ നിന്ന് വെള്ളത്തിലേയ്ക്ക് ഊര്‍ന്നു വീണ പ്രകാശത്തിന്റെ പ്രതിഫലനവും ദര്‍ഗ്ഗയുടെ ഗോപുരങ്ങളും അവിടെ നിന്നുയര്‍ന്ന് കേട്ട ഖവ്വാലിയും തന്നെ ഏതോ അറബിക്കഥയില്‍ അകപ്പെടുത്തിയ പോലെ തോന്നിപ്പിച്ചു എന്ന ഹസ്സന്‍ പിന്നീട് പറയുകയുണ്ടായി.
ബാബു, ലോഡ്ജില്‍ എത്തിയപ്പോള്‍ ഒത്തിരി വൈകിയിരുന്നു. ഞാന്‍ അവനോട് കാര്യങ്ങളെല്ലാം പറഞ്ഞു. അവനതിലൊന്നും വലിയ താല്പര്യം കാണിച്ചില്ല. എങ്ങനെയെങ്കിലും നേരം വെളുത്താല്‍ മതിയെന്നൊരു ചിന്ത മാത്രമായിരുന്നു അവന്. ഞാന്‍ കര്‍ശനമായി പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു അവന്‍ രാത്രിയില്‍ പുറത്തേക്കിറങ്ങാതിരുന്നത്. എന്നത്തേയും പോലെ ചീട്ടുകളിക്കുന്നതിനിടെ ഞാന്‍ അവനോട് കാശെത്ര ബാക്കിയുണ്ടെന്ന് വെറുതെ ചോദിച്ചു. അവന്‍ പേഴ്സ് തുറന്നു. ഞാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അക്കാര്യത്തെപ്പറ്റി അവനും ആലോചിച്ചത്. അടുക്കും ചിട്ടയുമില്ലാതെ തിരുകി വെച്ച നോട്ടുകള്‍ അവന്‍ എണ്ണിത്തിട്ടപ്പെടുത്തി. കഷ്ടിച്ച് ആയിരം രൂപയുണ്ടാകും. ഞാന്‍ കളി നിര്‍ത്തി. എനിക്ക് അപകടം മണത്തു. അവന്റെ കയ്യിലുള്ളത് വണ്ടിക്കൂലിക്ക് പോലും തികയില്ല. ഏകദേശം അത്ര തന്നെ എന്റെ കയ്യിലും കാണണം. പിന്നെ നിസാര്‍ തന്ന അഞ്ഞൂറ് രൂപയും. ഇതുപോലത്തെ സന്ദര്‍ഭം മുന്‍കൂട്ടി കണ്ട് ഞാന്‍ മാറ്റിവെച്ചതായിരുന്നു ആ പണം. ആ കാശെല്ലാം കൂട്ടിയാലും ഇനി ഒരു രാത്രി കൂടി അവിടെ തങ്ങാന്‍ കഴിയില്ലായിരുന്നു. പ്രത്യേകിച്ച് ബാബുവിന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍.
'നാളെ തന്നെ തിരിച്ച് പോണം'- ഞാനപ്പോള്‍ തന്നെ പ്രഖ്യാപിച്ചു. അതുകേട്ടപ്പോള്‍ ബാബുവിന്റെ മുഖത്ത് ഇപ്പോള്‍ പെയ്യുമെന്ന മട്ടില്‍ മഴക്കാര്‍ ഉരുണ്ട് കൂടി. ഞാനത് ശ്രദ്ധിക്കാതെ ഉറങ്ങാന്‍ കിടന്നു.
നേരം വെളുത്തപ്പോള്‍ ഞങ്ങള്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. റിസപ്ഷനില്‍ ചെന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. സാധനങ്ങള്‍ പാക്ക് ചെയ്തു കാത്തിരുന്നു. മൂന്ന് മണിക്കാണ് ട്രെയിന്‍. ഒത്തിരി സമയം ബാക്കിയുണ്ട്. അത് കേട്ടപ്പോള്‍ ബാബു പറഞ്ഞു: 'ഞാന്‍ ഒന്ന് കറങ്ങി ബെരാ'
അധികം വൈകില്ല എന്ന് അവന്‍ ഉറപ്പു പറഞ്ഞതുകൊണ്ട് മാത്രം ഞാന്‍ സമ്മതിച്ചു. ആ പോക്ക് പോയ അവന്‍ പിന്നെ തിരിച്ചു വന്നത് ഉച്ചയ്ക്ക് ഒരു മണി നേരത്തായിരുന്നു. അതുവരെ ഞാന്‍ ആധി പിടിച്ച് നില്‍ക്കുകയായിരുന്നു. അവന്റെ കയ്യിലുള്ള ബാക്കി പണം കൂടി അവനാ തെരുവില്‍ ചെലവാക്കിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാന്‍ ചെലവാക്കാതെ മാറ്റി വെച്ച എന്റെ കയ്യിലെ കാശ് മാത്രമായിരുന്നു ആകെയുള്ള പിടിവള്ളി. അവന്‍ വന്നപ്പോള്‍ ഞാന്‍ അതുവരെ പറയാത്ത തെറി മുഴുവന്‍ അവന്റെ മേല്‍ ചൊരിഞ്ഞു. അവനതെല്ലാം മിണ്ടാതെ കേട്ടു. എന്റെ ദേഷ്യം അടങ്ങിയപ്പോള്‍ അവന്‍ ഒരു പൊതി എന്റെ മുമ്പില്‍ വച്ചുകൊണ്ട് പറഞ്ഞു: 'പത്തായിരം ഉര്‍പ്പ്യണ്ട്. ഒരായ്ച്ച കൂടി ഞമ്മക്ക്....'
ഞാന്‍ ഇടിമിന്നലേറ്റ പോലെ നിന്നു. അവന്‍ ആരുടേയോ പോക്കറ്റടിച്ചിരിക്കുന്നു! നേരത്തെ ദേഷ്യമായിരുന്നെങ്കില്‍ ആ പണം കണ്ടപ്പോള്‍ എന്റെയുള്ളില്‍ നിറഞ്ഞു നിന്നത് ഭയമായിരുന്നു. എന്റെ കൈ ഊക്കോടെ അവന്റെ മുഖത്ത് പതിഞ്ഞു. ശബ്ദം കേട്ട് ഹസ്സന്‍ ഓടി വന്നു. എന്റെ അസാധാരണമായ പെരുമാറ്റം കണ്ട് അവര്‍ രണ്ടു പേരും അന്ധാളിച്ചു. ഹസ്സന്‍ എന്താണ് കാര്യമെന്നന്വേഷിച്ചു. ആ നഗരത്തിന്റെ കൈകളുടെ നീളം അവര്‍ക്കറിയില്ല. ആ പണത്തിന്റെ ഉടമസ്ഥര്‍ ഏതുനിമിഷവും ലോഡ്ജിലെത്താം. അതാലോചിച്ചപ്പോള്‍ തന്നെ എന്റെ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു. ഞാന്‍ ഹസ്സനോട് സാധനങ്ങള്‍ എടുത്തു പുറത്തേക്കു നടക്കാന്‍ പറഞ്ഞു. അവന്‍ ഒന്നും മിണ്ടാതെ അനുസരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ രണ്ടു മണി ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും ഒരു മണിക്കൂര്‍ ഉണ്ട്. ആ ഒരു മണിക്കൂറില്‍ അനുഭവിച്ച ഭയവും വെപ്രാളവും അതിനു മുന്‍പോ പിന്‍പോ ഞാന്‍ അനുഭവിച്ചിട്ടില്ല. ഞങ്ങളെ നോക്കുന്ന കണ്ണുകളിലൊക്കെ ഒരു വേട്ടപ്പട്ടിയുടെ ക്രൗര്യം ഞാന്‍ കണ്ടു. ട്രെയിന്‍ പുറപ്പെട്ട് ബോംബെ നഗരത്തിന്റെ അതിരുകള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് നേരിയ ആശ്വാസം തോന്നിയത്. പിന്നെയും ഒത്തിരി ദൂരം പിന്നിട്ട ശേഷം മാത്രമാണ് ഞാന്‍ അവരോട് സംസാരിച്ചത് തന്നെ. അപ്പോഴേക്കും ഇരുട്ട് നന്നായി വീണിരുന്നു. എന്റെ ദേഷ്യമടങ്ങിയപ്പോള്‍ ഞാന്‍ തല്ലിയതിന് ബാബുവിനോട് ക്ഷമ ചോദിച്ചു. അവന് അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. കുറച്ചുദിവസം കൂടി അവിടെ നില്‍ക്കാന്‍ കഴിയാത്തതില്‍ മാത്രമായിരുന്നു അവന് സങ്കടം.
അന്ന് രാവിലെ അവന്‍ പോയതിനു ശേഷമുള്ള എല്ലാ സംഭവങ്ങളും അവന്‍ എന്നോട് വിശദമായി പറഞ്ഞു. രണ്ട് മൂന്ന് പോക്കറ്റടി നടത്തിയെങ്കിലും അതിലൊന്നും അവന്‍ ഉദ്ദേശിച്ച തുക ഇല്ലായിരുന്നു. ആ കാശ് അങ്ങനെ തന്നെ ഗലിയില്‍ ചെലവാക്കി അവന്‍ മാര്‍ക്കറ്റിലേക്ക് നടന്നു. അവന് പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ നിരവധി പേഴ്സുകള്‍ കൈവെള്ളയിലെന്ന പോലെ വന്നുവെങ്കിലും അതിനെല്ലാം വേണ്ടത്ര കനമില്ലെന്ന് മുന്‍കൂട്ടി കണ്ട് അതിലൊന്നും അവന്‍ തൊട്ടതേയില്ല. അവസാനം ഒരു മീന്‍കച്ചവടക്കാരന്റെ അത്യാവശ്യം കനമുള്ള ബാഗില്‍ ഒന്നു തലോടി കൊണ്ട് അവന്‍ മാര്‍ക്കറ്റിന്റെ പുറത്തേക്ക് നടന്നു. അരമണിക്കൂര്‍ അവിടെ തന്നെ നിന്നു. അതിനിടയില്‍ ബാഗ് നഷ്ടപ്പെട്ട കാര്യം ഉടമസ്ഥന്‍ അറിഞ്ഞതേയില്ല. അപ്പോഴും അയാള്‍ മീന്‍ വില്‍ക്കുകയായിരുന്നു. ഒരുവട്ടം കൂടി അയാളുടെ മുന്നില്‍ ചെന്ന്, അയാളുടെ കാശുകൊടുത്ത്, അയാളുടെ കയ്യില്‍ നിന്നും മുഴുത്ത ഒരു മീന്‍ വാങ്ങി അവന്‍ സ്ഥലം വിട്ടു. വരുന്ന വഴിക്ക് മീന്‍ അമീഷയ്ക്ക് കൊടുത്തത്രേ. സാമുല്‍ഭായ് തന്നതാണെന്നും പറഞ്ഞത്രേ.
ഞാനെല്ലാം നിശ്ശബ്ദനായി കേട്ടിരുന്നു. എല്ലാം പറഞ്ഞ് കഴിഞ്ഞ് അവന്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തത് പോലെ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തിലേക്ക് വീഴുന്നതിന് മുമ്പ് അവനിത്രയും കൂടി പറഞ്ഞു:
'സാമുല്‍ഭായ്, അന്ന് ഞാന്‍ പൊരേല്‍ കൊണ്ടന്ന് തന്ന ആവോലി ല്ലേ..... അത് ന്റെ ചെങ്ങായി തന്നതാന്ന് ഞാന്‍ കളവ് പറഞ്ഞതാ. ചാവക്കാട് ഒര് ഓട്ടം പോയി ബെര്ന്ന ബയിക്ക് പൊന്നാനീലേ ഒര് ചാപ്പന്റെ മുന്നീന്ന് ഞാന്‍ കട്ടതാണത്'.'
അതു പറഞ്ഞ് അവന്‍ ഉറക്കമായി. എന്റെ വയറ്റില്‍ നിന്ന് ജീവനുള്ള ആവോലികള്‍ പുറത്തേക്ക് ചാടാന്‍ വെമ്പുന്ന പോലെ തോന്നി തുടങ്ങിയത് അന്ന് മുതലായിരുന്നു.
ഹസ്സന്‍ നേരത്തെ ഉറങ്ങി കഴിഞ്ഞിരുന്നു. രണ്ടു പേരുടേയും മുഖത്തെ അപാരമായ ശാന്തതയെ വ്യാഖ്യാനിക്കാന്‍ അന്നെനിക്ക് കഴിഞ്ഞില്ല. ഹസ്സനും ബാബുവും അവരവരുടെ വഴികള്‍ തിരഞ്ഞെടുത്തത് ആ യാത്രയ്ക്ക് ശേഷമായിരുന്നു എന്ന കാര്യം ഈ ഭൂമുഖത്ത് എനിക്ക് മാത്രമേ അറിയൂ. രണ്ടു പേരും ഇപ്പോള്‍ എന്നോടൊപ്പമില്ല. വ്യത്യസ്ഥമായ അകലങ്ങളിലിരുന്ന് രണ്ട് പേരും എന്നോട് സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന പോലെ പലപ്പോഴും എനിക്ക് തോന്നാറുണ്ട്. അത്തറിന്റേയും വടാപാവിന്റേയും, പാന്‍പരാഗിന്റേയും പാനിപൂരിയുടേയും മണം പരക്കുന്ന ബോംബെയിലെ തെരുവോരങ്ങളില്‍ വെച്ച് ഹസ്സനും ബാബുവും അവരവരുടെ ആത്മാവിന്റെ വിളിയാളങ്ങള്‍ കേട്ടു. എന്റെ വിളിയാളത്തിന് കാതോര്‍ത്ത് ഞാനിപ്പോഴും ഏതോ നാല്‍ക്കവലയില്‍ സന്ദേഹിയായ് നില്‍ക്കുകയാണ്.