ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശ്രീജ എം എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രണ്ടുമൂന്നു ദിവസമായി ഗൗരിയുടെ മനസ്സ് എന്തെന്നറിയാതെ ഭാരപ്പെട്ടു കൊണ്ടിരിക്കുവായിരുന്നു. അകാരണമായ ഒരു സങ്കടം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഓഫീസിലെ ജോലിതിരക്കിനിടയില്‍ അവള്‍ അത് ഓര്‍ക്കാറില്ല. പക്ഷെ വീട്ടില്‍ എത്തി കഴിയുമ്പോള്‍ വീണ്ടും വിഷാദഭാവം അവളെ പിടി കൂടും.
വീട്ടിലെ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം മട്ടുപ്പാവിലോട്ടുള്ള പടികള്‍ ആയിരുന്നു. അവിടിരുന്നാല്‍ ആരും കാണില്ല. ദൂരെ ആകാശവും മലനിരകളും കാണാം. അവള്‍ എപ്പോള്‍ സങ്കടപ്പെട്ടു അവിടെ ഇരുന്നാലും ദൂരെ ഒരു പ്ലാവിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ ഒരു കാക്ക വന്നിരുന്നു അവളെ നോക്കിക്കൊണ്ടിരിക്കുമായിരുന്നു. മരിച്ചു പോയ അവളുടെ അച്ഛന്‍ അവളെ നോക്കുവാണെന്നു ആണ് ഗൗരി വിശ്വസിച്ചിരുന്നത്. ആ കാക്കയെ കാണുമ്പോള്‍ ഗൗരിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. സങ്കടം മുഴുവന്‍ അണ പൊട്ടി ഒഴുകും. അവള്‍ എഴുന്നേറ്റു പോകുന്ന വരെ കാക്ക അവളെയും നോക്കി അവിടെ തന്നെ ഇരിപ്പുണ്ടാകും. അത് അവള്‍ക്കും ഒരാശ്വാസം ആയിരുന്നു.
അതു പോലെ ഒരു ദിവസം സന്ധ്യക്ക് ഒറ്റയ്ക്ക് പടികളില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ദൂരെ വില്ലകളില്‍ ഒന്നിലെ ജനലുകള്‍ക്കപ്പുറത്തു നിന്നും രണ്ടു കണ്ണുകള്‍ നോക്കുന്നതായി അവള്‍ക്ക് തോന്നിയത്. അവള്‍ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. പെട്ടെന്നുണ്ടായ പേടിയാല്‍ ഓടി അവള്‍ താഴേക്കു പോന്നു. അന്നവള്‍ പിന്നീട് അങ്ങോട്ടു പോയതേ ഇല്ല.
ഒരാഴ്ച ഓഫീസും വീടുമായി കടന്നു പോയി. പിറ്റേ ഞായറാഴ്ച സന്ധ്യക്ക് വീണ്ടും പഴയ സ്ഥാനത്ത് അവള്‍ വന്നിരുന്നു. കഴിഞ്ഞ ആഴ്ചത്തെ ഓര്‍മയില്‍ കണ്ണുകള്‍ അറിയാതെ ആ ജനലിലോട്ടു പോയി. ആ കണ്ണുകള്‍ അതേ സ്ഥാനത്ത് ഉണ്ടായിരുന്നു. ഉള്ളില്‍ പേടി ഉണ്ടായിരുന്നെങ്കിലും അവള്‍ എഴുന്നേറ്റു പോയില്ല. താന്‍ തന്റെ സ്വന്തം വീട്ടില്‍ അല്ലെ ഇരിക്കുന്നത്, പിന്നെന്തിനു പേടിക്കണം എന്ന് അവള്‍ ചിന്തിച്ചു. അവള്‍ വീണ്ടും അങ്ങോട്ട് നോക്കിയപ്പോള്‍ ആ മനുഷ്യന്‍ 'പേടിക്കണ്ട.. സമാധാനം ആയി ഇരിക്കു' എന്ന രീതിയില്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അവള്‍ അയാളെ ശരിക്കു ശ്രദ്ധിച്ചത്.
അറുപത്തഞ്ചു -എഴുപത് വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധന്‍, വീല്‍ ചെയറിലാണ് എന്ന് തോന്നുന്നു ജനലിന്റെ അരികില്‍ ഇരിക്കുന്നു. ദൂരെ കാഴ്ചയില്‍ അത്രയുമേ അവള്‍ക്കു മനസ്സിലായുള്ളു. ദൂരത്തു നിന്നാണെങ്കില്‍ കൂടി ശാന്തമായ ഒരു പുഞ്ചിരി അയാളുടെ മുഖത്തു അവള്‍ക്കു കാണാമായിരുന്നു. 'എന്തിനാണ് സങ്കടപ്പെട്ടു ഇരിക്കുന്നത്' എന്ന് അദ്ദേഹം അവളോട് ആംഗ്യത്തില്‍ ചോദിച്ചു. അറിയില്ലെന്ന് അവളും ആംഗ്യത്തില്‍ പറഞ്ഞു. സങ്കടത്തെ എല്ലാം തട്ടി ദൂരെക്കളയാന്‍ അയാള്‍ പറഞ്ഞു. ചിരിച്ചു കൊണ്ടു ശരി എന്ന് ആംഗ്യം കാണിച്ചു കൈ വീശി അവര്‍ പിരിഞ്ഞു. അന്ന് പക്ഷെ പ്ലാവിന്‍ കൊമ്പില്‍ വന്നിരുന്ന കാക്കയെ അവള്‍ ശ്രദ്ധിച്ചിരുന്നില്ല. കാക്ക പക്ഷെ അവളെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അവള്‍ പോകുന്നത് കണ്ട കാക്കയും അവിടുന്ന് പറന്നു പോയി.
വീട്ടില്‍ ആരോടും അവള്‍ പക്ഷെ ഈ കാര്യം പറയാന്‍ പോയില്ല. അല്ലെങ്കിലേ മൂഡ് സ്വിങ് ഒക്കെ കാരണം അവള്‍ക്കു ലേശം വട്ടുണ്ടോന്നു വീട്ടുകാര്‍ക്ക് ഇത്തിരി സംശയം ഇല്ലാതില്ലായിരുന്നു. അതിന്റെ കൂടെ ഇനി ഇതും കൂടി പറഞ്ഞാല്‍ അവളെ ഇനി അവിടെ പോയി ഇരിക്കാന്‍ പോലും ആരും സമ്മതിക്കില്ല.അടുത്ത ആഴ്ചയും ജോലിതിരക്കും വീട്ടിലെ പണികളും കാരണം ഗൗരിക്ക് വേഗം പോയി. ആ ഞായറാഴ്ച സന്ധ്യക്ക് അവള്‍ വല്യ സന്തോഷത്തോടെ അവള്‍ടെ ഇഷ്ടസ്ഥലത്തു വന്നിരുന്നു. ഇരുന്ന ഉടനെ അവളുടെ കണ്ണുകള്‍ അറിയാതെ തന്നെ ആ ജനാലയ്ക്കു അരികിലേക്ക് അറിയാതെ പോയി. അവളെ പ്രതീക്ഷിച്ചെന്ന പോലെ അദ്ദേഹം അവിടെ ഇരിപ്പുണ്ടായിരുന്നു.
ഇന്ന് സന്തോഷം ആണോ എന്ന് ചുണ്ടില്‍ ചിരിക്കുന്ന ആംഗ്യം കാണിച്ചു അദ്ദേഹം അവളോട് ചോദിച്ചു. ഒത്തിരി സന്തോഷം എന്ന് അവളും തിരിച്ചു കാണിച്ചു. ഈ ആഴ്ച നല്ല തിരക്കായിരുന്നു എന്നും എങ്കിലും സന്തോഷത്തോടെ പോയി എന്നും അവള്‍ പറഞ്ഞു. എന്തേ വീല്‍ ചെയറില്‍ എന്ന് അവള്‍ ചോദിച്ചപ്പോള്‍ വീണത് ആണെന്ന് അദ്ദേഹം കാണിച്ചു. സൂക്ഷിച്ചു നടക്കണ്ടേ എന്ന് തമാശരൂപേണ വഴക്ക് പറഞ്ഞു അവള്‍ പിരിഞ്ഞു. അന്നും കാക്ക പ്ലാവിന്‍ ചില്ലയില്‍ ഇരിപ്പുണ്ടായിരുന്നു സന്തോഷത്തോടെ. പക്ഷെ അവളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അതു ശബ്ദം ഉണ്ടാക്കാന്‍ പോയില്ല. അവള്‍ പോയപ്പോള്‍ കാക്കയും പറന്നു പോയി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആയിരുന്നു അവളുടെ പിറന്നാള്‍. വീട്ടില്‍ ആരും അതു ഓര്‍ക്കുന്നുണ്ടായിരുന്നില്ല. പക്ഷെ ഇത്തവണ എന്തോ അതോര്‍ത്തു അവള്‍ സങ്കടപ്പെട്ടില്ല. അന്നേ ദിവസം രാവിലെ കുളിച്ചു അമ്പലത്തില്‍ പോയി അവള്‍ വന്നു. അന്ന് സാരീ ഉടുത്തു കൊണ്ടു ഓഫീസില്‍ പോകാമെന്നു നിശ്ചയിച്ചു അവള്‍ നല്ല ഒരു സാരീ നോക്കി തിരഞ്ഞെടുത്തു. നല്ല ഭംഗിക്കു ഉടുത്തു കഴിഞ്ഞപ്പോള്‍ അവള്‍ വെറുതെ മട്ടുപ്പാവില്‍ ഒന്നു പോയി നോക്കി. ജനാലക്കാരികെ അദ്ദേഹത്തെ കണ്ട ഉടനെ അവള്‍ ഇന്ന് തന്റെ പിറന്നാള്‍ ആണെന്ന് പറഞ്ഞു. ആരും കണ്ണ് വെക്കല്ലേ എന്നര്‍ത്ഥത്തില്‍ അദ്ദേഹം കൈ രണ്ടും മടക്കി കണ്ണിന്റെ വശത്തു വെച്ചു. അതിനു ശേഷം രണ്ടു കയ്യും പൊക്കി അനുഗ്രഹിച്ചു. അവള്‍ക്കു അതു കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു സങ്കടം തോന്നി. അറിയാതെ അവള്‍ പ്ലാവിന്‍ ചില്ലയിലോട്ടു നോക്കി. അവിടെ കാക്ക ഉണ്ടായിരുന്നില്ല. ഒരുപക്ഷെ അച്ഛന്‍ അദ്ദേഹത്തിലൂടെ അവളോട് സംസാരിക്കുക ആയിരിക്കുമോന്നു അവള്‍ക്കു തോന്നി പോയി.
ഓഫീസിലേയ്ക്ക് പോകുന്ന വഴിയില്‍ വണ്ടിയില്‍ ഇരുന്നു അവള്‍ ആലോചിച്ചു അദ്ദേഹം നേരത്തെ തന്നെ അവിടെ താമസം ഉണ്ടായിരുന്നത് ആയിരിക്കുമോ?
ആവോ അറിയില്ല. തൊട്ടടുത്ത വീട്ടിലെ ആളെ പോലും അറിയാത്ത ഈ നഗരത്തില്‍ അതിലും ദൂരെ ഉള്ള ഒരു വീട്ടില്‍ ആളുണ്ടാകുമോന്നു ആര് അന്വേഷിക്കുന്നു. എന്തായാലും ഗൗരിയുടെ മൂഡ് സ്വിങ് ഒക്കെ ക്രമേണ മാറാന്‍ തുടങ്ങി. അവളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ അവള്‍ അദ്ദേഹത്തോട് പങ്ക് വെക്കാന്‍ തുടങ്ങി. ഏറ്റവും രസകരമായ കാര്യം എന്താണെന്നു വെച്ചാല്‍ ഇതെല്ലാം ഇവര്‍ ചെയ്യുന്നത് ആംഗ്യങ്ങളിലൂടെ ആണെന്നത് ആണ്. അവര്‍ക്കിടയില്‍ അവര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു ആംഗ്യഭാഷ ഉരുതിരിഞ്ഞു വരാന്‍ തുടങ്ങി. നേരത്തെ സങ്കടങ്ങള്‍ തീര്‍ക്കാന്‍ അവള്‍ വന്നിരിക്കാറുള്ള സ്ഥലം ഇപ്പോള്‍ അവള്‍ക്കു സന്തോഷം തരാന്‍ തുടങ്ങി. ഓരോ ആഴ്ചയിലെയും ആ അഞ്ചു പത്തു മിനിറ്റുകള്‍ പിന്നീടുള്ള ദിവസങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി അവള്‍ക്കു.
ദിവസങ്ങള്‍ മാസങ്ങള്‍ ആയി. അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച പതിവ് പോലെ സന്ധ്യക്ക് അവള്‍ പതിവ് സ്ഥലത്ത് വന്നിരുന്നു. പക്ഷെ അസാധാരണം ആയി അന്ന് ആ ജനല്‍ അടഞ്ഞു കിടന്നു. അവള്‍ ഇരുള്‍ പരക്കുന്നത് വരെ അവിടെ കാത്തിരുന്നു. പക്ഷെ ആ ജനല്‍ തുറന്നതേ ഇല്ല. പതിവിന് വിപരീതമായി തിങ്കളാഴ്ചയും അവള്‍ അവിടെ ചെന്നു നോക്കി. അന്നും ജനല്‍ അടഞ്ഞു തന്നെ കിടന്നു. അവളുടെ മനസ്സിന് വല്ലാത്ത ഒരു ഭാരം തോന്നി തുടങ്ങി. അദ്ദേഹം അവിടുന്ന് പോയി കാണുമോ.. എങ്ങനെ അന്വേഷിക്കാന്‍ ആണ്. അപ്പോഴാണ് അവള്‍ ഓര്‍ത്തത് അദ്ദേഹത്തിന്റെ പേര് പോലും അവള്‍ക്കറിയില്ല. ഫോണ്‍നമ്പര്‍ അറിയില്ല. ആ വില്ലയിലോട്ടുള്ള വഴി പോലും അവള്‍ക്കു ശരിക്കും നിശ്ചയമില്ല. മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ ദൂരെ നോക്കിയാല്‍ കാണാമെന്നേ ഉള്ളൂ. ഏതു വഴി ആണ് പോകേണ്ടതെന്നു പോലും അവള്‍ക്കു അറിയില്ല. വീട്ടില്‍ പറയാത്തതു കൊണ്ടു ആരോടും അവളുടെ ആശങ്കകള്‍ പറയാനും പറ്റിയില്ല.
അങ്ങനെ നിസ്സഹായതയോടെ ദിവസങ്ങള്‍ തള്ളി നീക്കെ ഒരു ദിവസം രാവിലെ ഓഫീസില്‍ പോകാന്‍ തയ്യാറായി കൊണ്ടിരിക്കുമ്പോള്‍ ഗൗരിയുടെ വീട്ടിലെ കാളിങ് ബെല്‍ അടിച്ചു. ധൃതിയില്‍ അവള്‍ വാതില്‍ തുറന്നപ്പോള്‍ പുറത്ത് ഒരു സുമുഖനായ ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. ഒരു മുപ്പത് മുപ്പത്തഞ്ചു വയസു പ്രായം തോന്നിക്കും. അയാളുടെ മുഖത്തു പക്ഷെ ഒരു സങ്കടം തളം കെട്ടി നിന്നിരുന്നു. തിരക്കില്ലെങ്കില്‍ കുറച്ചു നിമിഷം എനിക്ക് വേണ്ടി ചിലവഴിക്കാമോ എന്ന് അയാള്‍ ഗൗരിയോട് ചോദിച്ചു. തനിക്ക് ഓഫീസില്‍ പോകാന്‍ നേരം ആയെന്നും എന്തായാലും വേഗം പറയു എന്നും അവള്‍ ഇഷ്ടക്കേടോടെ അയാളോട് പറഞ്ഞു. കുറച്ചപ്പുറത്തു ഉള്ള വില്ലകളില്‍ ഒരെണ്ണം അയാളുടെ ആണെന്നും അതില്‍ താമസിച്ചിരുന്നത് അയാളുടെ അച്ഛന്‍ ആയിരുന്നു എന്നും അയാള്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ഗൗരിയുടെ ഉത്കണ്ഠ
വര്‍ധിച്ചു. ജനലരികില്‍ കണ്ടിരുന്ന അദ്ദേഹത്തിന്റെ മകന്‍ ആണോ ഇയാളെന്നു അവള്‍ സംശയിച്ചു. പിന്നീട് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ അവളുടെ ഹൃദയം ആയിരുന്നു നേരിട്ട് കേട്ടു കൊണ്ടിരുന്നത്. പ്രശസ്തനായ ഒരു ചിത്രകാരന്‍ ആയിരുന്നുത്രെ അയാളുടെ അച്ഛന്‍. അമ്മയുടെ മരണശേഷം അദ്ദേഹം അവരുടെ ഗ്രാമത്തില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒറ്റ മകനായ താന്‍ ജോലിയായി യു എസില്‍ സ്ഥിരതാമസം ആയിരുന്നു. അങ്ങോട്ട് വരാന്‍ നിര്‍ബന്ധിച്ചെങ്കിലും അച്ഛന് ഗ്രാമത്തില്‍ തന്നെ നില്‍ക്കാന്‍ ആയിരുന്നു താല്പര്യം. അങ്ങനെ ഇരിക്കെ ഒരു അപകടത്തില്‍ അച്ഛന്റെ കാലൊടിഞ്ഞു. നട്ടെല്ലിനും ചെറിയ പരിക്കുണ്ടായിരുന്നു. തനിയെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയപ്പോള്‍ തുടര്‍ചികിത്സയ്ക്കും മറ്റുമായി ഒരു ഹോം നഴ്‌സിനോടൊപ്പം ഈ വില്ലയിലോട്ടു താമസം മാറ്റുകയായിരുന്നു. വിശാലമായ ക്യാന്‍വാസുകള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കാഴ്ച അങ്ങനെ ഈ ഒരു ചെറിയ ജനല്‍ ചതുരത്തിലോട്ടു ഒതുങ്ങി.
''ആ കാഴ്ച്ചയില്‍ ആണ് നിങ്ങള്‍ വന്നത്. നിങ്ങള്‍ അറിയാതെ കുറച്ചു നാള്‍ നിങ്ങളുടെ സങ്കടങ്ങള്‍ അദ്ദേഹം കണ്ടു. പിന്നീട് നിങ്ങള്‍ പരിചയപ്പെട്ടു. അതിനു ശേഷം അദ്ദേഹത്തിന്റെ ദിവസങ്ങള്‍ സന്തോഷം നിറഞ്ഞതായി. തനിക്കു ഒരു മകളെ കൂടി കിട്ടി എന്ന് അദ്ദേഹം ഒരിക്കല്‍ എനിക്ക് മെസേജ് അയച്ചു. ജന്മനാ സംസാരിക്കാന്‍ ശേഷിയില്ലാത്ത അദ്ദേഹം ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ സംസാരിച്ചത് നിങ്ങളോടായിരിക്കും.''-അയാള്‍ പറഞ്ഞു.
''കഴിഞ്ഞ ശനിയാഴ്ച ഒരു ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തില്‍ വന്നു മരണം അദ്ദേഹത്തെ കൊണ്ടു പോയി. ഞാന്‍ ഇന്ന് തിരിച്ചു പോവുകയാണ്. അപ്പോഴാണ് അദ്ദേഹത്തിന്റെ മുറിയില്‍ ഈ പെയിന്റിംഗ്‌സ് കാണുന്നത്. ഇതിന്റെ അവകാശിക്ക് തന്നെ ഇതു കൊടുത്തിട്ടു പോകാമെന്നു കരുതി വന്നതാണ്.''
അങ്ങനെ പറഞ്ഞു നിര്‍ത്തി അയാള്‍ തന്റെ കയ്യില്‍ ഇരുന്ന കവര്‍ അവിടെ വെച്ചിട്ട് വേഗം തിരിഞ്ഞു നടന്നു, ഗൗരിക്ക് ഒന്നും തിരിച്ചു ചോദിക്കാന്‍ ഉള്ള സാവകാശം പോലും കൊടുക്കാതെ. അവള്‍ വര്‍ധിച്ച ഹൃദയമിടിപ്പോടെ ആ കവര്‍ തുറന്നു.
ആ ചിത്രങ്ങള്‍ കണ്ടു അവള്‍ അദ്ഭുതപരതന്ത്രയായി. അവളുടെ വിവിധ ഭാവങ്ങള്‍ ആയിരുന്നു അത്. എല്ലാം ഒരേ സ്ഥലം തന്നെ, അവള്‍ടെ മട്ടുപ്പാവ്. ഒരു ചിത്ര,ം അവളുടെ സാരീ ഉടുത്ത മനോഹരമായ ഒരു പെയിന്റിംഗ് ആയിരുന്നു.
അവള്‍ ഒരു കരച്ചിലോടെ ഓടി മട്ടുപ്പാവില്‍ എത്തി.
ആ പ്ലാവിന്‍ ചില്ലയിലന്നേരം രണ്ടു കാക്കകള്‍ അവളെ നോക്കി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...