ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷീബാ പ്രസാദ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പല രാത്രികളുടെ ആവര്‍ത്തനം പോലെ വ്യര്‍ത്ഥമായ മണിക്കൂറുകള്‍ക്ക് ശേഷം, പുറത്തെ വിളറിയ ആകാശം പോലെ വിയര്‍ത്തു തളര്‍ന്ന അയാളുടെ മുഖത്തേക്ക് നോക്കി പകയോടെ അവള്‍ വിളിച്ചു, 'ഷണ്ഡന്‍..'
അര്‍ഥശൂന്യമായ നിമിഷങ്ങളുടെ വഴുവഴുപ്പ്, കുടഞ്ഞു തെറിപ്പിച്ച് ഷവറിന് കീഴെ നില്‍ക്കുമ്പോള്‍ നൂല്‍ മഴയ്‌ക്കൊപ്പം അയാളുടെ കണ്ണീരും ഒലിച്ചിറങ്ങി.
മേലേക്ക് വീണ് ചിതറുന്ന വെള്ളത്തുള്ളികള്‍ പ്രളയജലം പോലെ പെരുകി തന്നെ പൊതിഞ്ഞ്, ആ കുളിമുറിയുടെ ചതുരത്തിനുള്ളില്‍ ഒടുങ്ങാന്‍ കൊതിച്ച് നേരമറിയാതെ അയാള്‍ നനഞ്ഞു നിന്നു. പുറത്ത് ഭാര്യയില്‍ നിന്നുയരുന്ന നിന്ദാഗര്‍ഭമായ വാക്കുകളുടെ പെരുമഴയില്‍ ഇനിയൊരു ഉണര്‍ച്ച സാധ്യമല്ലാത്ത വിധം തളര്‍ന്നു പോയ പൗരുഷത്തിലേക്ക് നോട്ടം പാളി വീഴുമ്പോള്‍ അയാള്‍ ശബ്ദമില്ലാതെ കരഞ്ഞു.
കിടപ്പറയില്‍ പതിവുപോലെ അവളെ നോക്കാന്‍ ത്രാണിയില്ലാതെ കിടക്കയുടെ ഓരത്തായി അയാള്‍ കമിഴ്ന്നു കിടന്നു.
'ആഹാ, തല നന്നായി തോര്‍ത്തിയില്ല അല്ലെ? എഴുന്നേല്‍ക്ക്, ഞാന്‍ തോര്‍ത്തി തരാം.' വാത്സല്യത്തോടെ അയാളുടെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
തലയിണ ചാരി എഴുന്നേറ്റിരുന്ന അയാളുടെ തലമുടിയിലെ ഈറന്‍ അവള്‍ തോര്‍ത്തി ഉണക്കാന്‍ തുടങ്ങി.
'നമുക്ക് ഡോക്ടറെ കാണാം. നാളെ ഓഫീസില്‍ ലീവ് പറഞ്ഞേക്കൂ.' അയാളുടെ താടി പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
'ഇനി ഒരു ഡോക്ടര്‍.. അത് വേണോ?'
'വേണം. മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പുതിയ ഒരു ഡോക്ടര്‍ വന്നിട്ടുണ്ട്. നാളെ നമ്മള്‍ പോകും.'
'ഉം..'
രാവിലെ മേലുദ്യോഗസ്ഥനോട് ലീവ് പറയുമ്പോള്‍ പാകത്തിന് മധുരവും കടുപ്പവുമുള്ള പതിവ് ചായയുമായി അവള്‍ ഒപ്പമിരുന്നു.
ചെറുപ്പക്കാരനായ ഡോക്ടറെ കാണ്‍കെ അയാള്‍ക്ക് പരവേശം അനുഭവപ്പെട്ടു. തന്റെ മുന്നിലിരിക്കുന്ന മധ്യവയസ്സ് പിന്നിട്ട പ്രൗഢഭാവങ്ങളുള്ള ദമ്പതികളെ ഡോക്ടര്‍ സാകൂതം നോക്കിയിരുന്നു.
'പറയൂ.. എന്താണ് പ്രശ്‌നം?'
'ഡോക്ടര്‍, ഞാന്‍ ചന്ദ്ര.. ഇത് ദീപക്, എന്റെ ഭര്‍ത്താവാണ്. പുള്ളിയ്ക്ക് ചെറിയൊരു പ്രശ്‌നം.' അവള്‍ തുടക്കമിട്ടു.
'പറഞ്ഞോളൂ.. എന്തുപറ്റി?'
'എനിക്ക് നാല്‍പ്പത്താറ് വയസ്സുണ്ട്. ഇദ്ദേഹത്തിന് അന്‍പത്തൊന്നും. കുറച്ചു കാലമായി പുള്ളിക്ക് ഒരു വയ്യായ്ക. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഡോക്ടര്‍ക്ക് മനസ്സിലായി കാണുമല്ലോ?'
'എത്ര നാളായി ഇങ്ങനെ?' തല കുമ്പിട്ട് നിസ്സംഗനായിരിക്കുന്ന ഭര്‍ത്താവിനെ നോക്കി ഡോക്ടര്‍ ചോദിച്ചു.
'കുറച്ചധികം കാലമായി.'
'കൃത്യമായി പറയൂ..'
'പത്തിരുപതു കൊല്ലമായി, ഇതേ അവസ്ഥ തന്നെയാ..' അത് പറയുമ്പോള്‍ അവളുടെ സ്വരത്തില്‍ പുച്ഛം കലര്‍ന്നിരുന്നു.
'ഇതുവരെ വേറെ ഡോക്ടര്‍മാരെ ആരെയും കണ്ടില്ലേ?'
'ഓ, കുറേ വര്‍ഷങ്ങളായി പലരെയും കാണുന്നു. ഒരു മാറ്റവുമില്ല.' അവളുടെ മറുപടി ഡോക്ടറില്‍ ഈര്‍ഷ്യയുണ്ടാക്കി.
'ഞാന്‍ ഇദ്ദേഹത്തോട് സംസാരിക്കട്ടെ. മാഡം കുറച്ചു സമയം പുറത്ത് വെയിറ്റ് ചെയ്യൂ.'
'എന്തിന്? ഞാനെന്തിന് പുറത്തിരിക്കണം? ഡോക്ടര്‍ക്ക് ഞങ്ങളെ അറിയില്ല. എനിക്കും ഇദ്ദേഹത്തിനും ഇടയില്‍ ഇന്നുവരെ ഒരു രഹസ്യവുമില്ല. എവിടെയും ഞങ്ങള്‍ ഒരുമിച്ചേ പോകാറുള്ളൂ. ഇദ്ദേഹത്തോട് സംസാരിക്കുന്നത് എനിക്കും കേള്‍ക്കാം. അതില്‍ കുഴപ്പമില്ല. അല്ലേ?'- അവര്‍ ഭര്‍ത്താവിനോടും കൂടി പറഞ്ഞു.
'അതെന്തുമാകട്ടെ. ഇപ്പോള്‍ എനിക്ക് ഇദ്ദേഹത്തോട് ഒറ്റയ്ക്ക് സംസാരിക്കണം. അതല്ലാതെ ചികിത്സ തുടങ്ങാന്‍ കഴിയില്ല.'
'നോക്കൂ ഡോക്ടര്‍, ഞാന്‍ പുറത്തേക്ക് പോകില്ല. അതിന്റെ ആവശ്യമില്ല. ഞാന്‍ ആ കസേരയില്‍ ഇരിക്കാം. ഡോക്ടര്‍ ഇദ്ദേഹത്തോട് സംസാരിച്ചോളൂ.'
അവര്‍ എഴുന്നേറ്റ് മുറിയുടെ മൂലയിലെ കസേരയിലേക്കിരുന്നു.
അപമാനത്താല്‍ അയാളുടെ മുഖം വിവര്‍ണമായി.
'ദീപക്, നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനാണ് അല്ലേ?' മുന്നോട്ട് ആഞ്ഞിരുന്ന് അയാള്‍ക്ക് മാത്രം കേള്‍ക്കാന്‍ പാകത്തില്‍ ഒച്ച താഴ്ത്തി ഡോക്ടര്‍ ചോദിച്ചു.
ഒരു നിമിഷം, ദീപക്കിന്റെ മിഴികളില്‍ ഒരു നടുക്കം മിന്നി മാഞ്ഞു.
അതേയെന്ന് അയാള്‍ തലയാട്ടി.
'ഇവരോടൊപ്പം കഴിയില്ല എന്നേയുള്ളൂ. മറ്റാര്‍ക്കെങ്കിലുമൊപ്പം ശ്രമിച്ചിട്ടുണ്ടാകുമല്ലോ ഇത്രയും വര്‍ഷത്തിനിടയില്‍?'
'ഉവ്വ്..' തുടുത്ത മുഖത്തോടെ അയാള്‍ പറഞ്ഞു.
അപ്പോഴേക്കും അവരുടെ സംസാരം കേള്‍ക്കാന്‍ കഴിയാത്തതിന്റെ അസ്വസ്ഥത ഭാര്യയുടെ മുഖത്ത് ഉടലെടുത്തു തുടങ്ങി. അവര്‍ ഭര്‍ത്താവിനരികിലെ കസേരയിലേക്കിരുന്നു.
'ഡോക്ടര്‍, എല്ലാം ചോദിച്ചു കാണുമല്ലോ അല്ലെ? ഇത് ഭേദപ്പെടുമോ?'
'നോക്കൂ മാഡം, ദീപക് ആരോഗ്യവാനാണ്. മാനസികമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ആകാം.'
'അതെനിക്കറിയാം. ഇദ്ദേഹത്തിന്റെ അച്ഛനും അമ്മാവനുമൊക്കെ അവസാനകാലത്ത് കുറച്ചു മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കേട്ടിട്ടുണ്ട്.'
'ഞാന്‍ ചില ടെസ്റ്റുകള്‍ കുറിച്ചിട്ടുണ്ട്. അതൊക്കെ ചെയ്ത് റിപ്പോര്‍ട്ടുകളുമായി വരൂ.'
'താങ്ക്‌സ് ഡോക്ടര്‍..'
കുറിപ്പ് വാങ്ങി മടങ്ങും മുന്‍പേ നന്ദി പറയാന്‍ അയാള്‍ മറന്നില്ല.
ആ ദമ്പതികള്‍ ഇറങ്ങിപ്പോയ വാതില്‍ വിടവിലൂടെ, ഡസ്റ്റ് ബിന്നിലേക്ക് വീഴുന്ന കുറിപ്പടി കാണ്‍കെ ഡോക്ടര്‍ക്കു കഠിനമായ ദേഷ്യം തോന്നി.
ഏതാനും ആഴ്ചകള്‍ക്ക് ശേഷം, അതേ ആശുപത്രിയില്‍, അതേ മുറിയില്‍, അപ്രതീക്ഷിതമായി ഡോക്ടറെ തേടി അയാളെത്തി. ഇക്കുറി അയാള്‍ ഒറ്റക്കായിരുന്നു.
ഒറ്റ നോട്ടത്തില്‍ ആളെ തിരിച്ചറിഞ്ഞ ഡോക്ടര്‍, പരിചയഭാവത്തില്‍ അയാളോട് ചിരിച്ചു. അത് അയാളുടെ പരുങ്ങല്‍ കുറച്ചു. സൗഹാര്‍ദ്ദത്തിന്റെതായ ഒരു ചിരി അയാളുടെ മുഖത്തു വിരിഞ്ഞു.
'ഭാര്യ എവിടെ?'
'അവരുടെ അച്ഛന്‍ മരിച്ചു. ചടങ്ങുകള്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പുറത്ത് എവിടേക്കും പോകില്ല.'
'എന്നെ കാണാന്‍ വരുന്നു എന്ന് പറഞ്ഞോ ഭാര്യയോട്?'- ഡോക്ടര്‍ കുസൃതിച്ചിരിയോടെ ചോദിച്ചു.
'അയ്യോ ഇല്ല ഡോക്ടര്‍..'
'എന്താണ് വരവിന്റെ ഉദ്ദേശം? ചികിത്സക്കല്ല എന്നറിയാം.'
'ഡോക്ടര്‍ തിരക്കിലാണോ?'
'ഇറ്റ്‌സ് ഓക്കേ.. ദീപക്ക് പറഞ്ഞോളൂ.'
'കുറേ വര്‍ഷങ്ങളായി ഈ നഗരത്തിലെ മുഴുവന്‍ ആശുപത്രികളും ഞങ്ങള്‍ സന്ദര്‍ശിച്ചു. അന്ന് ഡോക്ടറോട് സംസാരിച്ചത് പോലെ കുറേ തര്‍ക്കിച്ചു സംസാരിക്കും. പിന്നെ തിരിച്ചു പോകും. അതാ പതിവ്.'
'അവരെ, നിങ്ങളുടെ ഭാര്യയെ ഇതുവരെ ഡോക്ടര്‍മാരെ ആരെയും കാണിച്ചിട്ടില്ലേ?'
'ഇല്ല.. അവള്‍ വരില്ല. പകരം എന്നെ ആശുപത്രികള്‍ തോറും കൊണ്ട് പോകും.'
'കുട്ടികള്‍?'
'ഇല്ല.' അയാള്‍ നെടുവീര്‍പ്പോടെ പറഞ്ഞു.
'എത്ര വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്?'
'ഇരുപത്തിനാല് വര്‍ഷം.'
'കുട്ടികള്‍ വേണ്ടാന്ന് വെച്ചതാണോ?'
'അല്ല. രണ്ടു വട്ടം ഗര്‍ഭിണിയായി. ട്യൂബില്‍ ആയിരുന്നു. രണ്ടും അബോര്‍ഷന്‍ ആയി. പിന്നെ അവള്‍ അതില്‍ താത്പര്യം കാണിച്ചില്ല.'
'ചികിത്സ ഉണ്ടാകുമല്ലോ. നിങ്ങള്‍ പറഞ്ഞു തിരുത്താന്‍ ശ്രമിച്ചില്ലേ?'
'ഡോക്ടര്‍ കണ്ടതല്ലേ. അവര്‍ എന്തെങ്കിലും തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്ന് മാറില്ല. ഓഫീസിലേക്ക് അല്ലാതെ എന്നെ ഒറ്റയ്ക്ക് ഒരിടത്തും വിടില്ല. ഓഫീസില്‍ തന്നെ നാലഞ്ച് വട്ടം വിളിച്ച് ഞാനവിടെ ഉണ്ടെന്ന് ഉറപ്പാക്കും. ഞാനുമായി അടുപ്പമുള്ള എല്ലാവര്‍ക്കും അവളുടെ സ്വഭാവം അറിയാം. സ്‌നേഹക്കൂടുതല്‍ കൊണ്ടാകുമെന്ന് കരുതിയിരുന്നു പണ്ട്.'
'വീട്ടില്‍ വേറെ ആരെങ്കിലും ഉണ്ടോ?'
'അവരുടെ അച്ഛനും അമ്മയും ഉണ്ട്. എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് അവര്‍ക്ക് അറിയാം. മോള്‍ കുറച്ചു വാശിക്കാരിയാണെന്ന് നിസ്സാരവല്‍കരിക്കും. അവര്‍ക്ക് അറിയാമായിരുന്നു, അവള്‍ക്ക് സൈക്കോളജിക്കല്‍ ഇഷ്യൂസ് ഉണ്ടെന്ന്. എന്നെ ഇങ്ങനെയെല്ലാം ദ്രോഹിച്ചിട്ടും മോളെ ചികിത്സിക്കാന്‍ അവര്‍ തയ്യാറല്ല.'
'അന്ന് ഡോക്ടരുടെ ആദ്യ ചോദ്യം തന്നെ എന്നെ അത്ഭുതപ്പെടുത്തി. അതാണ് ഒരവസരം കിട്ടിയപ്പോ ഞാന്‍ വീണ്ടും വന്നത്. എല്ലാമൊന്ന് തുറന്നു പറയാമല്ലോ.'
'ദീപക്കിന് സുഹൃത്തുക്കളില്ലേ?'
'ഇല്ല. ആരുമായും അടുക്കാന്‍ അവള്‍ അനുവദിക്കില്ല. ഉടുമ്പ് പിടിച്ചത് പോലെ കൂടെക്കാണും എപ്പോഴും. ഡോക്ടര്‍ക്കറിയുമോ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകാന്‍ വണ്ടി ഇറക്കിയാല്‍ നിന്ന നില്‍പ്പില്‍ ഇട്ടേക്കുന്ന വേഷം ഏതായാലും ഓടി വന്ന് മുന്‍സീറ്റില്‍ കയറി ഇരിക്കും. വേഷം നൈറ്റി ആയത് കൊണ്ട് കാറിനുള്ളില്‍ തന്നെ ഇരുന്നോളും എത്ര മണിക്കൂര്‍ വേണേലും. പോയ കാര്യം കഴിഞ്ഞു ഞാന്‍ തിരിച്ചു വരും വരെയും ഒരേ ഇരിപ്പിരിക്കും. എന്താ ചെയ്യാ?'
'ഫിസിക്കല്‍ റിലേഷന്‍ തീര്‍ത്തും ഇല്ലെന്നാണോ?'
അയാള്‍ കുറച്ചു സമയം നിശ്ശബ്ദനായിരുന്നു.
'എനിക്ക് കഴിയില്ല.. കഴിയില്ല ഡോക്ടര്‍. അത്രമാത്രം വെറുത്തു കഴിഞ്ഞ ഒരാളോടൊപ്പം.. ബെഡ്റൂമില്‍ അവളെന്റെ ശരീരത്തില്‍ തൊടുമ്പോള്‍, അവളെന്റെ മുഖത്തേക്ക് നീട്ടിയടിച്ചത് ഓര്‍മ വരും. എന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയത് ഓര്‍മ വരും. എന്റെ കാല്‍ചുവട്ടിലേക്ക് താലിമാല പൊട്ടിച്ചെറിഞ്ഞത് ഓര്‍മ വരും. എന്റെ അമ്മയെയും പെങ്ങളെയും എന്റെ പേര് ചേര്‍ത്ത് പറഞ്ഞ വാക്കുകള്‍ എന്റെ ചെവിയില്‍ മൂളിപ്പറക്കും. പിന്നെ ഞാന്‍ ജഡതുല്യമാകും. അതോടെ അവള്‍ ഹിസ്റ്റീരിക് ആകും. കണ്ണ് പൊട്ടുന്ന തെറി വിളിക്കും. കൈയില്‍ കിട്ടുന്നത് വാരിയെറിയും. പലതും എറിഞ്ഞുടയ്ക്കും. അര മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ അടങ്ങും.'
ഇത്രയും പറഞ്ഞ്, അയാള്‍ കൈപ്പത്തിയില്‍ മുഖം താങ്ങിയിരുന്നു.
'നിങ്ങള്‍ എന്തിനിങ്ങനെ സഹിക്കുന്നു? ഇത്രയും ടോര്‍ച്ചര്‍ നേരിടുന്നൊരാള്‍ക്ക് ഡിവോഴ്‌സ് അനുവദിച്ചു കിട്ടും. ജീവിതം പാഴാക്കാതെ അതൊന്ന് ശ്രമിച്ചൂടെ?' ഡോക്ടര്‍ അലിവോടെ ചോദിച്ചു.
'അവള്‍ എന്നെ വിടില്ല. തമാശ എന്താന്ന് വെച്ചാല്‍ സ്‌നേഹിച്ചു വിവാഹിതരായവരാണ് ഞങ്ങള്‍. ഡിവോഴ്‌സ് പലപ്പോഴും സൂചിപ്പിച്ചതാ.. ഉടനെ അവള്‍ എന്റെ കാലില്‍ വീണ് കരയും.. ഇനി ആവര്‍ത്തിക്കില്ല എന്നാണയിടും. അപ്പോള്‍ മാത്രം എന്റെ അമ്മയെയും സഹോദരങ്ങളെയും വിളിച്ചു മാപ്പ് പറയും. അവളെ ഉപേക്ഷിച്ചു പോകല്ലേയെന്ന് നില വിളിക്കും. സ്ഥിരം പല്ലവിയാണ്. എനിക്കറിയാം വാരിക്കുഴിയില്‍ വീണു കിടപ്പാണ് ഞാന്‍. ഒടുങ്ങാതെ.. ഇനിയൊരു മോചനമില്ല..' അയാള്‍ നിരാശ മറച്ചു വെച്ചില്ല.
നീണ്ടു നിന്ന നിശ്ശബ്ദതയ്‌ക്കൊടുവില്‍ അയാള്‍ തുടര്‍ന്നു ചോദിച്ചു, 'ഡോക്ടര്‍, അന്ന് അതെങ്ങനെ മനസ്സിലാക്കി?'
'മനുഷ്യ മനസ്സ് പഠിച്ച ഡോക്ടറാണ് ഞാന്‍. ദുഃഖത്തിന്റെ കടലൊന്നുണ്ട് നിങ്ങളുടെ മിഴികളില്‍. എന്നിട്ടും പ്രത്യാശയുടെ ഒരു തരി അതില്‍ മറഞ്ഞിരിപ്പുണ്ട്. അതെനിക്ക് കാണാം.'
'പഴയ ജോലിസ്ഥലത്തെ ഒരു സുഹൃത്താണ്. അവിവാഹിത. സൗഹൃദത്തിനപ്പുറം നല്ലൊരു ബന്ധമുണ്ട് അവരോട്. ജീവിച്ചിരിക്കാനുള്ള ഏക കാരണം അവരാണ്.'
'ദീപക്ക്, അവര്‍ ആരുമായിക്കോട്ടെ. ഒരു തണല്‍. നിങ്ങള്‍ക്ക് അതാവശ്യമുണ്ട്. ശരിയും തെറ്റും എന്നൊന്നില്ല. ശരി മാത്രമേയുള്ളൂ.. റിലാക്‌സ് മാന്‍.'
തെറ്റ് ചെയ്ത് പിടിക്കപ്പെട്ടവന്റെ ഇച്ഛാഭംഗത്തോടെ, മിഴികളില്‍ ഒരായുസ്സിന്റെ വ്യസനം പേറി നില്‍ക്കുന്നവനോട് പറയാന്‍ ഇതിലും ഭംഗിയുള്ള വാക്കുകള്‍ തിരഞ്ഞു കണ്ടെത്താന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞില്ല!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...