ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ധു സൂര്യ എഴുതിയ രണ്ട് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഓളും ചൂലും
അമ്പേ മുഷിഞ്ഞ മുറികളിലേക്ക്
ഒരു ചൂല് നടക്കുന്നു
അയലും, കാറ്റും
തോര്‍ത്തിയ തുണികള്‍
ചിരിക്കുന്നു.
ഇണ തെറ്റിയൊരു ചെരിപ്പ്
ചൂലിന്റെ കണയെ
ഇടംകണ്ണിട്ട്
പാളി നോക്കുന്നു.
മുറിയഴിഞ്ഞു നിവര്‍ന്നു കിടന്നു
ഉയര്‍ന്ന മാക്‌സിത്തുമ്പിലേക്ക്
പൊടി കൊഞ്ചിച്ചാടുന്നു.
നെടുകയും കുറുകെയും
ചൂലൊരു ചിത്രകാരിയാവുന്നല്ലോ!
തേച്ച വിളക്ക്,
വെട്ടം,
അന്തിപ്രാര്‍ത്ഥന...
അവള്
നൂര്‍ന്നുറങ്ങുന്നു.
തിളച്ച വെള്ളത്തിലേക്കുറ്റുനോക്കുന്നു
അരിയും കോരികയും.
ചൂലിപ്പോഴും,
ഉമ്മറത്തേയ്ക്കെത്തി നോക്കുന്നത്
അവളെയാവാം.
അടിച്ചു തളിച്ച്
ഇവളിതെവിടെപ്പോയെന്ന്!
സാറ്റിന്‍ ഫ്രോക്
വിട്ടൊഴിഞ്ഞ
പനിയുടെ ക്ഷീണവുമായി
നില്‍ക്കാനുമിരിക്കാനുമിടമില്ലാത്തൊരു
പ്രൈവറ്റ് ബസിലെ യാത്രപോലെ
ജീവിതം.
തട്ടല്, മുട്ടല് ചൂടുമൊട്ടലും
വളവിലും
കയറ്റത്തിലുമിറക്കത്തിലും,
നീര് വച്ച കാലിന്റെ
ബാലന്‍സ് പോവണ്.
എന്നിട്ടുമള്ളിപ്പിടിച്ച്
യാത്ര!
വിയര്‍ത്തൊട്ടിയ
സാറ്റിന്‍ഫ്രോക്ക് പോലെ
ചിന്തകള്‍.
കുടഞ്ഞിട്ടുമാറാതെ
കാല്‍ച്ചൂട്,
പലിശക്കാരന്റെ ഹോണടി,
തളര്‍ന്നു,
ബോധം മറഞ്ഞയുറക്കിലും
അലാറം മുഴക്കും.
ഒറ്റ സ്റ്റോപ്പ്
മാത്രമേയുള്ളുവെങ്കിലും
യാത്രികരെല്ലാം
കണ്ടക്ടര്‍മാര്‍.
എനിക്ക് ചിരി വരുന്നു
കോണിച്ചിട്ട ബാഗില്‍,
ബില്ലിംഗ് മെഷീന്‍.
പാല്, പത്രം,ഫീസ്,
ന്റെ, ആശുപത്രിബില്ലും.
നിറുത്താത്ത ബസില്‍ നിന്നും
ആളിറങ്ങുന്നുവല്ലോ!
എന്നിട്ടും, തിരക്ക്!
സമതലങ്ങള്‍, ശൈലങ്ങള്‍
ഞാനെപ്പോഴാണിറങ്ങിയത്!
ദേ,
ന്റെ സാറ്റിനുടുപ്പിട്ട്
ബസ് പോവണ്!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...