Malayalam Short Story : ഒരു പാതി പെരുന്തച്ചന്‍, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Nov 18, 2022, 6:40 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

പതിവുപോലെ രാവിലെ ചായയും കുടിച്ച് പത്രവും വായിച്ച് വരാന്തയില്‍ ഇരിക്കുകയായിരുന്നു. പലരുടേയും ദിനചര്യയുടെ ആദ്യത്തെ ഇനം ഇതുതന്നെയായിരിക്കും. ചായയും പത്രവുമില്ലെങ്കില്‍ ആ ദിവസത്തിനൊരു ഉണര്‍വ്വില്ലാത്തതു പോലെയാവും. അതിന്റെ സുഖം ഒന്നു വേറെതന്നെ.

പത്രത്തില്‍ വെട്ടും കുത്തും കൊലയുമല്ലാതെ പ്രത്യേകിച്ചൊന്നും വായിക്കാനില്ലെന്ന് പറഞ്ഞ് പത്രക്കാരെ കുറേ ചീത്ത പറഞ്ഞാലും പിറ്റേന്ന് രാവിലെ പത്രം കിട്ടാഞ്ഞാല്‍ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണാം. പ്രായം കൂടുന്തോറും പത്രവും ചായയും ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറുന്നു.

''സാറേ, ഇന്ന് പണി വല്ലതുമുണ്ടോ?''

പടിക്കല്‍ നിന്നും കേട്ട് പരിചയമുള്ളൊരു ശബ്ദം. ഞാന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്തി നോക്കി. അയാള്‍ തന്നെ. കഴിഞ്ഞ കുറേ ആഴ്ചകളായി ഇടയ്ക്കിടെ വന്ന് 'മരപ്പണി എന്തെങ്കിലുമുണ്ടെങ്കില്‍ ചെയ്തുതരാമെന്നും' പറഞ്ഞ് വരുന്ന ആള്‍. ഒരു പരിചയവുമില്ലാത്ത ഒരാളെ വിളിച്ച് വീട്ടിനകത്തെ പണിയേല്പിക്കുന്നതിലെ അപാകതയാലോചിച്ച് തല്ക്കാലം ജോലിയൊന്നുമില്ലെന്ന് പറഞ്ഞ് അയാളെ ഗേറ്റിന് വെളിയില്‍ നിന്നുതന്നെ പിന്തിരിപ്പിക്കുകയാണ് പതിവ്.

''പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ.'' ഞാന്‍ അയാളെ നോക്കി പറഞ്ഞു.

''സാറേ, എത്ര ചെറിയ റിപ്പയറ് പണിയാണെങ്കിലും സാരമില്ല. വര്‍ക്കി ചെയ്തുതരാം. മൊത്തത്തില്‍ പണികളൊക്കെ വളരെ കുറവാണ്. അതോണ്ടാണ് ഇടയ്ക്കിടെ വന്ന് സാറിനെ ബുദ്ധിമുട്ടിക്കണത്.''

''അതേയ്, ആ ബെഡ്‌റൂമിന്റെ വാതില്‍ നേരെയാക്കിക്കണ്ടേ? നാളെ കഴിഞ്ഞാല്‍ കുട്ടികളിങ്ങെത്തും.'' അപ്പോഴാണ് അകത്ത് നിന്നും ഭാര്യയുടെ ഒച്ച കേട്ടത്.

കിടപ്പുമുറിയുടെ കതക് വട്ടച്ച് പോയതുകൊണ്ട് അമര്‍ത്തി അടയ്ക്കാന്‍ പറ്റുന്നില്ല. അതൊന്ന് ശരിയാക്കിയെടുക്കണമെന്ന് കുറച്ചു നാളായി വിചാരിക്കുന്നു. എന്നാല്‍ പിന്നെ ഇന്ന് വര്‍ക്കിയുടെ കരവിരുത് പരീക്ഷിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു.

''താനിങ്ങ് അകത്തേയ്ക്ക് വാ.'' ഞാനയാളെ ക്ഷണിച്ചു. 

എന്റെ ക്ഷണം കേള്‍ക്കേണ്ട താമസം വര്‍ക്കി ഗേറ്റ് തുറന്ന് പോര്‍ച്ചില്‍ എത്തി. ''ഏത് കതകാണ് ശരിയാക്കേണ്ടതെന്ന് കാണിച്ചു തന്നാല്‍ ഇപ്പോള്‍ തന്നെ പറ്റിയാല്‍ നേരെയാക്കിത്തരാം സാറെ.''

''പണിയൊക്കെ ഞാന്‍ കാണിച്ച് തരാം. അതിന് മുമ്പ്, തന്നെ പറ്റി കേള്‍ക്കട്ടെ. എവിടെയാണ് ഇതുവരെ ജോലി ചെയ്തിരുന്നത്? തനിയ്ക്ക് എന്തൊക്കെ പണികള്‍ അറിയാം?'' 

''സാറേ, എന്റെ വീട് എടവനക്കാടാണ്. ഇവിടെ പള്ളീല് സ്ഥിരം റിപ്പയറ് പണികളെല്ലാം ഞാനാണ് ചെയ്യണത്. കുറേ നാള്‍ ഗള്‍ഫിലായിരുന്നു. പിന്നെ ഭാര്യയ്ക്ക് വയ്യാണ്ടായതോടെ ആ ജോലി വിട്ടേച്ച് തിരിച്ച് പോരേണ്ടി വന്നു.''

''എന്നിട്ടിപ്പോ ഭാര്യയ്ക്ക് എങ്ങനെയുണ്ട്? എല്ലാം സുഖമായോ?''

''ഇനി അവള്‍ക്ക് പ്രശ്‌നമൊന്നുമുണ്ടാകത്തില്ല. അവള്‍ എല്ലാം വേണ്ടെന്നുവച്ച് അങ്ങ് തിരിച്ചുപോയി.'' അയാളുടെ സ്വരം ഇടറിയിരുന്നു.

ചോദിക്കണ്ടായിരുന്നു എന്ന് തോന്നി. അയാളുടെ വിഷമം കണ്ടപ്പോള്‍ ഞാനും വല്ലാതായി.

''അതൊന്നും സാരമില്ല, സാറേ. ഒരുനാള്‍ പോവാതെ പറ്റില്ലല്ലോ. നേരത്തെ പോയത് അവള്‍ക്ക് നന്നായി. അത്രേം കഷ്ടപ്പാട് കുറഞ്ഞ് കിട്ടി. അല്ലെങ്കില്‍ അവള്‍ നരകിക്കുന്നത് കണ്ടുനില്‍ക്കേണ്ടി വന്നേനെ.''

''മക്കളൊക്കെയോ, വര്‍ക്കി?'' ഞാന്‍ വിഷയം മാറ്റി.

''ഒരു മോനാണ്. ജോസ്. അവന്റെ കല്യാണം ആയില്ല. ഇലക്ട്രിക്കലിന്റെ പണിയാണവന്. ചെറായിയിലെ ഒരു കോണ്‍ട്രാക്റ്ററുടെ കൂടെ പോണണ്ട്. ഇവിടെ എന്തേലും പണിയൊണ്ടേല്‍ അവനോട് വന്ന് ചെയ്തുതരാന്‍ പറയാം. ആള് മിടുക്കനാണ്.''

''എന്തെങ്കിലും ആവശ്യം വന്നാല്‍ ഞാന്‍ പറയാം. ഏതായാലും ഇപ്പോള്‍ താനീ വാതിലൊന്ന് നേരെയാക്ക്.'' ഞാന്‍ അയാളെ ഉള്ളില്‍ കൊണ്ടുപോയി കിടപ്പുമുറി കാണിച്ചു കൊടുത്തു. 

അയാളാ കതക് അടച്ചും തുറന്നും നോക്കിയിട്ട് കൈയില്‍ പിടിച്ചിരുന്ന സഞ്ചിയില്‍ നിന്നും ഉളിയും കൊട്ടുവടിയും ചിന്തേരും വെളിയിലെടുത്തു. ഉടനെ തന്നെ പണി തുടങ്ങുകയും ചെയ്തു.

ആത്മാര്‍ത്ഥമായി പണി ചെയ്യാന്‍ വേണ്ടി തന്നെയായിരുന്നു അയാള്‍ വന്നിരുന്നതെന്ന് എനിയ്ക്ക് മനസ്സിലായി. പണി സാധനങ്ങളുമായിട്ടായിരുന്നു അയാള്‍ നടന്നിരുന്നത്. അരമണിക്കൂറില്‍ അയാള്‍ വാതില്‍ ശരിയാക്കി. എന്നോടൊരു ചൂല് കൊടുക്കാന്‍ പറഞ്ഞു. 

ഞാന്‍ കൊടുത്ത ചൂലുകൊണ്ട് അവിടെയൊക്കെ അടിച്ച് വാരി വൃത്തിയാക്കിയിട്ട് സഞ്ചിയുമെടുത്ത് അയാള്‍ പോകാന്‍ തെയ്യാറായി. കാശു വാങ്ങി പുറത്തിറങ്ങിയപ്പോള്‍ ഇനിയും പണിയുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞ് മൊബൈല്‍ നമ്പറും തന്ന് വര്‍ക്കി പോയി.

എന്റെ മനസ്സില്‍ വര്‍ക്കിയെന്ന മരാശാരിയ്ക്ക് നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാതെ വയ്യായിരുന്നു.

പിന്നീട് പലതവണ വര്‍ക്കിയുടെ ആവശ്യം വരുകയുണ്ടായി. വിളിച്ചാലുടനെ അയാള്‍ വീട്ടിലെത്തി പണി തീര്‍ത്തു തരും. ഒരിക്കല്‍ അയാള് ജോസിനേയും കൊണ്ടുവന്ന് പരിചയപ്പെടുത്തി. നല്ല പയ്യന്‍. ഇലക്ട്രിക്കല്‍ പണികള്‍ അറിയാം. വീടുകളുടെ വയറിംഗും റിപ്പയറിംഗും ചെയ്ത് ശീലമുണ്ടെന്ന് അയാളുടെ പണി കണ്ടാല്‍ മനസ്സിലാകും.  മാത്രമല്ല മര്യാദയോടുള്ള പെരുമാറ്റവും.

അങ്ങനെ എന്റെ വീട്ടിലെ എല്ലാത്തരം റിപ്പയര്‍ പണികളും അപ്പനും മോനും ഏറ്റെടുത്തു. പണിക്കൂലിയ്ക്ക് അത്യാഗ്രഹമൊന്നുമില്ല. ന്യായമായ കാശേ രണ്ടാളും വാങ്ങിയിരുന്നുള്ളു. ''ഓണ്‍ കോളജിസ്റ്റു''കളായ പല പണിക്കാരും ഒരു മണിക്കൂറായാലും രണ്ട് മണിക്കൂറായാലും ഒരു ദിവസത്തെ പണിക്കൂലി വാങ്ങാറുള്ളിടത്ത് ഇവര്‍ ഒരനുഗ്രഹമായി. 

ജോസ് അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു. അയാള്‍ വന്നാല്‍ പറഞ്ഞ പണിയും ചെയ്ത് കാശും വാങ്ങിപ്പോകും. പക്ഷേ, വര്‍ക്കി അങ്ങനെയല്ല. അയാള്‍ നാട്ടുവിശേഷവും വീട്ടുവിശേഷവുമൊക്കെ പറഞ്ഞു തീര്‍ത്തിട്ടേ സ്ഥലം വിടുകയുള്ളു. അയാളുടെ സംസാരരീതി എനിയ്ക്കിഷ്ടപ്പെട്ടതോണ്ട് ഞാനും അത് കേട്ടിരിക്കും.

ഒരിക്കല്‍ വര്‍ക്കി വന്നപ്പോള്‍ മനസ്സിലെന്തോ വിഷമമുള്ളതുപോലെ തോന്നി. അധികമൊന്നും സംസാരിക്കുന്നില്ല. പണി കഴിഞ്ഞ് കാശ് കൊടുക്കുന്നതിനിടയില്‍ ഞാനയാളോട് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു.

''സാറേ, എന്റെ ഭാര്യ മരിച്ചിട്ടിപ്പോള്‍ മൂന്ന്‌കൊല്ലമായി. രണ്ടാമത് കെട്ടാന്‍ പലരും പറഞ്ഞതായിരുന്നു. പക്ഷേ, മോന്‍ ഒരു കരയ്‌ക്കെത്താതെ വേറൊരുത്തി വന്ന് കച്ചടയായാലോയെന്ന് കരുതി ഞാന്‍ അതെല്ലാം വേണ്ടെന്ന് വച്ചു. ഇന്നിപ്പോള്‍ അവന് സ്വന്തം കാലില്‍ നില്‍ക്കാന്‍കെല്പുണ്ട്. എന്നാല്‍പിന്നെ എനിയ്ക്ക് വച്ചു വിളമ്പിത്തരാന്‍ ഒരുത്തിയെ കൊണ്ടുവരുന്നത് തെറ്റാണോ, സാറേ?'' അയാളുടെ സ്വരം ഇടറിയിരുന്നു.

''അതില്‍ അപാകതയൊന്നും എനിയ്ക്ക് തോന്നുന്നില്ല. വര്‍ക്കിയ്ക്ക് അധികം പ്രായമൊന്നുമായിട്ടില്ലല്ലോ. പിന്നെ ആര്‍ക്കാണ് പ്രശ്‌നം?'' അയാള്‍ കല്യാണം കഴിക്കുന്നതില്‍ ഞാനെന്തിനാ കുറുകെ നില്‍ക്കുന്നതെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

''വേറാരുമല്ല, ജോസ് തന്നെ. അവനത് നാണക്കേടാണത്രെ. അപ്പന്‍ വയസ്സുകാലത്ത് കെട്ടുന്നത് അവന് താല്പര്യമില്ല. എനിയ്ക്കറിയാം അവനെന്താണ് വേണ്ടെന്ന് പറേണതെന്ന്. ഇടവനക്കാടുള്ള വീടും പറമ്പും അവന് കിട്ടിയില്ലെങ്കിലോന്ന് കരുതീട്ടാണെ. അപ്പന് പുതിയ പെണ്ണ് വന്നാല്‍ പിന്നെ അതെല്ലാം അവള്‍ക്കാവൂല്ലേ.''

''വര്‍ക്കിയ്ക്ക് വീടും പറമ്പും മോന്റെ പേരില്‍ എഴുതി വച്ചൂടെ? എങ്കില്‍ പിന്നെ ജോസിന് പരാതിയുണ്ടാകില്ലല്ലോ?''

''അങ്ങനെ ചെയ്താല്‍ അവന്‍ എന്നെ വീട്ടീന്നേ പിടിച്ച് പുറത്താക്കിയാല്‍ ഞാനെന്ത് ചെയ്യും? കൂടെ വിശ്വസിച്ച് വന്ന പെണ്ണിനേം കൊണ്ട് എവിടെ പോകാനാ?''

അയാള്‍ പറയുന്നതും ശരിയാണെന്ന് എനിയ്ക്ക് തോന്നിയതിനാല്‍ ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.

''അതാണ് സാറേ, നമ്മള്‍ മക്കള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്താലും വലുതായാല്‍ അവര്‍ക്ക് അവരുടെ വഴി. നമ്മളെ വേണ്ട.'' അതും പറഞ്ഞ് വര്‍ക്കി തിരിഞ്ഞ് നടന്നു.

പാവം, അയാളുടെ ഒരു വിധി. 'വല്ലവരുടേയും കാര്യത്തില്‍ ഞാനെന്ത് ചെയ്യാനാ' എന്ന പതിവ് സമാധാനത്തില്‍ ഞാനക്കാര്യം മനസ്സില്‍ നിന്നും വിട്ടു.

എനിയ്ക്ക് അവധി കഴിഞ്ഞ് തിരിച്ച് ഒമാനിലേയ്ക്ക് പോകാനുള്ള സമയമായി. പോകുന്നതിന്റെ തലേ ദിവസം വര്‍ക്കി എന്റെ മുന്നിലെത്തി. അവരെ പറ്റി ഞാന്‍ ഓര്‍ത്തിരുന്നേയില്ല. നമുക്കാവശ്യം വരുമ്പോഴല്ലേ ഇങ്ങനെയുള്ളവരെ ഓര്‍ക്കുകയുള്ളു. എനിയ്ക്കല്പം പശ്ചാത്താപം തോന്നാതിരുന്നില്ല. എത്രയൊക്കെ ശ്രമിച്ചാലും സ്വാര്‍ത്ഥത മുഴുവനായും വിട്ടു മാറുന്നില്ല!

''സാറെനിയ്‌ക്കൊരുപകാരം ചെയ്ത് തരണം.'' മുഖവുര കൂടാതെ വര്‍ക്കി പറഞ്ഞു.

അയാള്‍ ഒരു കടലാസ് എന്റെ നേരെ നീട്ടി. ''സാറ് തിരിച്ച് പോയിട്ട് ഗള്‍ഫില് ഒരു ജോലി ശരിയാക്കി തരണം.''

''വര്‍ക്കിയ്ക്ക് ഈ പ്രായത്തില്‍ ഗള്‍ഫില്‍ പോകാന്‍ ആഗ്രഹമോ?'' അതും പറഞ്ഞ് ഞാനാ കടലാസ് വാങ്ങി നോക്കി. ''ഓ, ഇത് ജോസിന്റെ ബയോഡാറ്റയാണല്ലോ?''

''അവന് വേണ്ടിയാ സാറേ, ഞാനിപ്പോള്‍ വന്നത്. അവന് അവിടെയെവിടെയെങ്കിലും ഒരു ജോലി ശരിയായാല്‍ പിന്നെ ഈ വഴക്കും പൊല്ലാപ്പും ഉണ്ടാവില്ല. തന്റേതായിട്ട് കുറച്ച് കാശ് കൈയില്‍ വന്നാല്‍ നേരെയായിക്കൊള്ളും.'' വര്‍ക്കി ഞാന്‍ സമ്മതം മൂളാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.

''ഞാന്‍ ശ്രമിച്ചു നോക്കാം. തീര്‍ച്ചയൊന്നും പറയണില്ല. ഇന്നത്തെക്കാലത്ത് അവിടങ്ങളിലും ജോലി കിട്ടുന്നത് ബുദ്ധിമുട്ടാണ്.'' സാധാരണ ഗള്‍ഫുകാരുടെ സ്ഥിരം പല്ലവി ഞാനും വിളമ്പി.

''സാറ് വിചാരിച്ചാല്‍ പറ്റും, സാറേ. വര്‍ക്കിയ്ക്ക് വേണ്ടി സാറിത് ശരിയാക്കണം.'' അതും പറഞ്ഞ് അയാള്‍ തിരിച്ച് നടന്നു.

അയാള്‍ പോയിക്കഴിഞ്ഞപ്പോളാണ് അയാളുടെ കല്യാണക്കാര്യമൊന്നും ചോദിച്ചില്ലല്ലോയെന്ന് ഞാനോര്‍ത്തത്. വര്‍ക്കി തന്ന കടലാസ് മറക്കാതിരിക്കാന്‍ അപ്പോള്‍ തന്നെ ലാപ്‌ടോപ്പ് ബാഗില്‍ തിരുകി.

ഒമാനിലെ ജോലി സ്ഥലത്തെത്തിയതോടെ വര്‍ക്കിയും ജോസും എന്റെ സ്മൃതിമണ്ഡലത്തില്‍ നിന്നേ നിഷ്‌ക്കാസിതരായി.

രണ്ട് മാസം കഴിഞ്ഞപ്പോഴാണ് കമ്പനിയില്‍ ഇലക്ട്രീഷ്യന്മാരെ ആവശ്യമുണ്ടെന്ന് പേഴ്‌സണല്‍ മാനേജര്‍ പറഞ്ഞത്. എന്റെ മനസ്സില്‍ ഉടനെ വര്‍ക്കിയും ജോസും ഓടിയെത്തി. ജോസിന്റെ സിവിയെടുത്ത് അയാള്‍ക്ക് കൊടുത്തിട്ട് അയാളെ ഫോണില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു.

അങ്ങനെ ഒരു മാസത്തിനുള്ളില്‍ ജോസ് ഞങ്ങളുടെ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലിയില്‍ കയറി. പിന്നേയും ഒരു മാസം കഴിഞ്ഞിട്ടേ എനിയ്ക്കയാളെ നേരിട്ട് കാണാന്‍ ഒരവസരമുണ്ടായുള്ളു. എന്റെ കാബിനിലെ ഫ്യൂസായ ട്യൂബ് ലൈറ്റ് മാറ്റാന്‍ അയാളായിരുന്നു വന്നത്.

ജോസ് എന്നെ കണ്ടയുടനെ അടുത്തുവന്ന് ജോലി കൊടുത്തതിന് നന്ദി പറഞ്ഞു. അപ്പോള്‍ ഞാനയാളുടെ അപ്പന്റെ വിവരങ്ങള്‍ തിരക്കി.

''അപ്പന്‍ കല്യാണമൊക്കെ കഴിച്ച് സുഖമായിരിക്കുന്നു, സാറേ.''

''അപ്പോള്‍ ജോസിന്റെ പിണക്കമൊക്കെ മാറിയോ?''

''എനിയ്‌ക്കെന്ത് പിണക്കമാ, സാറേ?'' അയാളുടെ മുഖത്തൊരു നിസ്സംഗഭാവം നിഴലിച്ചു. ''അപ്പന്‍ രണ്ടാമത് പെണ്ണുകെട്ടിയാല്‍ എനിയ്‌ക്കെന്ത് ചേതം! അപ്പന്‍ കെട്ടിയാല്‍ നല്ലതായാലും ചീത്തയാലും അപ്പന്‍ തന്നെ അനുഭവിയ്ക്കണം. അതിലിപ്പോ എനിയ്‌ക്കെന്താവാനാണ്!''

''അല്ല, വര്‍ക്കി പറഞ്ഞത് ജോസിന് വല്ലാത്ത എതിര്‍പ്പാണെന്നാണല്ലോ. വീടും പറമ്പും പോകുമെന്ന പേടിയാണെന്നൊക്കെ.'' 

''മനുഷ്യബന്ധമല്ലേ വലുത് സാറേ. വീടും പറമ്പുമൊക്കെ ഇന്നു വരും നാളെ പോകും. എനിയ്ക്കതിലൊന്നും വേവലാതിയുമില്ല, താല്പര്യവുമില്ല.''

''പിന്നെയെന്തായിരുന്നു വര്‍ക്കിയുടെ പ്രശ്‌നം?'' എനിയ്ക്ക് തികച്ചും അത്ഭുതമായി. അപ്പന്‍ മകനെ പറ്റി നുണ പറയേണ്ട കാര്യമുണ്ടോ?

''പ്രശ്‌നം അതൊന്നുമല്ലായിരുന്നു. ഞാന്‍ പ്രേമിച്ചിരുന്ന പെണ്ണിന്റെ അമ്മയെയാണ് അപ്പന് കെട്ടേണ്ടിയിരുന്നത്. അതെങ്ങനെ ശരിയാവും? അപ്പനോട് ഞാന്‍ കുറേ പറഞ്ഞുനോക്കി. പക്ഷേ, നെല്ലിടയ്ക്ക് മാറാന്‍ അപ്പന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് സാറിന്റെ കൈയില്‍ എന്റെ ബയോഡാറ്റ കൊണ്ടുത്തന്നത്. എന്നെ ഒഴിവാക്കാന്‍.'' അയാളുടെ മുഖഭാവം ഒരു പരാജിതന്റെയായിരുന്നു.

''എന്നിട്ടെന്തായി?''

''എന്താവാനാ? ജോലി കിട്ടിയപ്പോള്‍ ഞാന്‍ എന്റെ പെണ്ണിനോട് എന്നെ മറന്നേക്കാന്‍ പറഞ്ഞിട്ട് വിമാനം കേറി. ഇനിയിപ്പോ അപ്പനായി അപ്പന്റെ പാടായി.'' അയാള്‍ എന്നെ വിട്ടിട്ട് ഫ്യൂസായ ലൈറ്റിന്റെ കീഴിലേയ്ക്ക് ലാഡര്‍ നീക്കി വച്ച് അതിന്റെ മുകളിലേയ്ക്ക് കയറി.

എനിയ്ക്കപ്പോള്‍ പെരുന്തച്ചനെയാണ് ഓര്‍മ്മ വന്നത്! 
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!