ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
നിലാവെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന കടലിലേയ്ക്ക് കണ്ണുംനട്ട് കണ്ണന്‍ ആ കടപ്പുറത്തിരുന്നു. കാരയ്ക്കല്‍ വരുമ്പോഴെല്ലാം ഇതൊരു പതിവാക്കി മാറ്റിയിരുന്നു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് മാറ്റമായി പോയതിനുശേഷം കടല്‍ കാണാന്‍ സാധിക്കുന്നത് ഇവിടെ വരുമ്പോഴാണ്. ചേച്ചിയുടെ കൂടെ ചെറായികടപ്പുറത്ത് പോയിരിക്കാറുള്ളത് ഓര്‍ക്കാനുള്ള അവസരമാണ്.
മല്ലിക - അയാളുടെ എല്ലാമെല്ലാമായ ചേച്ചി. മാതാപിതാക്കള്‍ തങ്ങളെ വിട്ടുപോയതില്‍ പിന്നെ തന്നെ താനാക്കിയ സഹോദരി. തന്നെ പൊന്നുപോലെയാണ് കാത്തുസൂക്ഷിച്ചിരുന്നത്. പാവം, എത്ര വേദന സഹിച്ചിട്ടുണ്ടാകണം!
കണ്ണനെ പഠിപ്പിച്ച് എഞ്ചിനീയറാക്കണമെന്നായിരുന്നു മല്ലികയുടെ ആഗ്രഹം. കണ്ടാല്‍ ആരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമായതിനാല്‍ മല്ലികയ്ക്ക് പല കല്യാണാലോചനകളും വരുകയുണ്ടായി. കണ്ണനും ചേച്ചിയെ നിര്‍ബ്ബന്ധിച്ചിരുന്നു, വിവാഹം കഴിച്ച് സുഖമായി ജീവിക്കാന്‍. കണ്ണന് ജോലിയായതിനുശേഷം അതിനെപറ്റി ആലോചിക്കാമെന്നായിരുന്നു മല്ലികയുടെ പിടിവാശി.
കണ്ണനേയും കൊണ്ട് കടപ്പുറത്ത് പോയിരുന്ന് മരിച്ചുപോയ അച്ഛനേയും അമ്മയേയും പറ്റിയുള്ള കഥകള്‍ പറയുന്നത് ചേച്ചിയ്ക്ക് ഒരു ഹരമായിരുന്നു. അവരെ കണ്ട നേരിയ ഓര്‍മ്മ മാത്രമേ കണ്ണനുണ്ടായിരുന്നുള്ളു. എങ്കിലും ചേച്ചിയുടെ കഥകളിലൂടെ അവര്‍ കണ്ണന്റെ മനസ്സില്‍ ജ്വലിച്ചുനിന്നു. അപ്പോഴും ചേച്ചിയായിരുന്നു അവന് അച്ഛനുമമ്മയുമെല്ലാം.
അങ്ങനെയുള്ള ചേച്ചിയാണൊടുവില്‍ ഇങ്ങനെയൊരു കടപ്പുറത്തില്ലാതായത്. ഉള്‍ക്കടലില്‍ ഇളകിമറിയുന്ന അലകള്‍പോലെ അയാളുടെ മനസ്സും അശാന്തമായിരുന്നു.
പിറ്റേന്ന് രാവിലെ പ്രൊജക്റ്റ് സൈറ്റില്‍ പോകാനുള്ളതാണ്. അയാള്‍ എഴുന്നേറ്റ് ഹോട്ടലിലേയ്ക്ക് നടന്നു.
വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് കണ്ണന്‍ ഉണര്‍ന്നത്. തലേന്ന് രാത്രി വളരെ വൈകിയാണ് കടപ്പുറത്തുനിന്നും എത്തിയത്. ക്ഷീണം കാരണം നല്ല ഉറക്കമായിരുന്നു. ഉറക്കം കെടുത്തിയതിലുള്ള ദേഷ്യത്തോടെ അയാള്‍ എഴുന്നേറ്റ് വാതില്‍ തുറന്നു.
റൂംബോയ് ആയിരുന്നു. ''സാര്‍, ഉങ്കളെ പാക്ക പൊലീസ് വന്തിരിക്ക്. കീളെ വന്തിടുങ്കോ.''
അയാളുടെ ഉള്ളൊന്ന് കിടുങ്ങി. പൊലീസോ? എന്തിനായിരിക്കും?
''എന്താ കാര്യം?'' അയാള്‍ ചോദിച്ചു.
''തെരിയാത് സാര്‍. ഉങ്കളെ കൂട്ടിവര ശൊന്നാ.''
അവനോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞിട്ട് അയാള്‍ പ്രഭാതകര്‍മ്മങ്ങള്‍ പെട്ടെന്ന് ചെയ്ത് താഴത്തേയ്ക്കിറങ്ങി.
പയ്യന്‍ പറഞ്ഞപോലെ രണ്ട് പൊലീസുകാര്‍ അയാളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
''എന്താണ് കാര്യം, സര്‍?'' കണ്ണന്‍ അവരോട് ചോദിച്ചു.
''നീങ്ക കൊഞ്ചം എങ്കക്കൂടെ സ്റ്റേഷനുക്ക് വരണം. എസ്‌ഐ സാറുക്ക് ഏതാവത് വിശാരിക്ക വേണ്ടിയിരിക്ക്.'' അതിലൊരാള്‍ അവരുടെ ജീപ്പ് ചൂണ്ടി പറഞ്ഞു.
അയാളുടെ മനസ്സില്‍ ഒരു മിന്നല്‍പിണര്‍ പാഞ്ഞു. എന്തിനായിരിക്കും ഇവര്‍ തന്നെ കൂട്ടിക്കൊണ്ടുപോകുന്നത്? എന്തായാലും പോകാതെ വയ്യ. അയാള്‍ പൊലീസുകാരോടൊപ്പം ജീപ്പില്‍ കയറി.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ എസ്‌ഐ രാമലിംഗം അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
കാരയ്ക്കല്‍ അധികം തിരക്കില്ലാത്ത ഒരു നഗരമാണ്. തമിഴ്‌നാടിന്റെ പശ്ചിമതീരത്തിന്റെ മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു സ്ഥലം. വികസനം ആയിവരുന്നതേയുള്ളു. പല വമ്പന്‍ കമ്പനികളും ഇവിടെ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള തെയ്യാറെടുപ്പിലാണ്. ജനസംഖ്യ കുറവായതിനാല്‍ പൊലീസ് സ്റ്റേഷനും ചെറുതാണ്. കുറ്റകൃത്യങ്ങളും കുറ്റവാളികളും കുറവാണ്.
''മിസ്റ്റര്‍ കണ്ണന്‍, ഉക്കാരുങ്കോ.'' തന്റെ മുന്നില്‍ കിടന്നിരുന്ന കസേരയിലേയ്ക്ക് കൈചൂണ്ടി രാമലിംഗം പറഞ്ഞു.
അയാള്‍ കസേരയിലിരുന്നു. എന്തിനെന്നറിയാതെ അയാളുടെ ഹൃദയം വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി.ഇ തിന് മുമ്പ് ഒരു പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നത് അയാളുടെ മനസ്സില്‍ തിരയിളക്കി പാഞ്ഞുപോയി. അത് പന്ത്രണ്ട് കൊല്ലങ്ങള്‍ മുമ്പായിരുന്നു. മനസ്സിലെ സംഭ്രമം മുഖത്ത് പ്രതിഫലിക്കാതിരിക്കാന്‍ അയാള്‍ ആവതും ശ്രമിച്ചു.
''ഒരു മാന്‍മിസ്സിംഗ കേസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ചോദിക്കാനാണ് നിങ്ങളെ വിളിപ്പിച്ചത്.'' രാമലിംഗം മലയാളത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കണ്ണന് കുറച്ചാശ്വാസമായി. തമിഴ് കുറേയൊക്കെ മനസ്സിലാവുമെന്നല്ലാതെ സംസാരിക്കാനൊന്നും അയാള്‍ക്ക് അറിയില്ലായിരുന്നു. അബദ്ധങ്ങള്‍ വച്ച് വിളമ്പരുതല്ലോ!
''നിങ്ങള്‍ക്ക് ഒരു പൊന്നയ്യനെ അറിയാമോ? ചെന്നൈയില്‍ നിന്നുള്ള ഒരു ടാക്‌സിഡ്രൈവര്‍.'' രാമലിംഗം വിഷയം അവതരിപ്പിച്ചു.
''അറിയാം, സര്‍. ഞാന്‍ അയാളുടെ ടാക്‌സിയില്‍ പല പ്രാവശ്യം സഞ്ചരിച്ചിട്ടുണ്ട്. നല്ലൊരു ഡ്രൈവറാണ്. ഒരിക്കല്‍ പരിചയപ്പെട്ടതിനുശേഷം ഞാന്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴെല്ലാം അയാളെ തന്നെയാണ് വിളിക്കാറ് - കാരയ്ക്കലിലേയ്ക്ക് വരാനായി. രണ്ട് ദിവസം മുമ്പുകൂടി അയാളുടെ കൂടെയാണ് വന്നത്.'' കണ്ണന്റെ മനസ്സില്‍ പൊന്നയ്യന്റെ മുഖം മിന്നിമറഞ്ഞു.
''അയാളാണോ നിങ്ങളെ ഇവിടെ കൊണ്ടുവിട്ടത്?''
''അയാള്‍ ഇവിടം വരെ വന്നില്ലായിരുന്നു. കടലൂര് കഴിഞ്ഞപ്പോള്‍ കടപ്പുറത്തിനടുത്തെവിടെയോ നിര്‍ത്തി. അയാളുടെ വീടവിടെയാണെന്ന് പറഞ്ഞു. എന്നോട് കുറച്ചുനേരം കാറില്‍ കാത്തിരിക്കാന്‍ പറഞ്ഞിട്ട് അയാള്‍ വീട്ടിലേയ്ക്ക് പോയി. കുറേ കഴിഞ്ഞ് അയാളുടെ അനിയന്‍ കറുപ്പയ്യന്‍ കാറില്‍ വന്നു കയറി. പിന്നെ അയാളാണ് എന്നെ ഇവിടെ കൊണ്ടുവിട്ടത്.'' കണ്ണന്‍ അന്നത്തെ രാത്രി ഓര്‍ത്തെടുത്ത് സംസാരിച്ചു.
''അപ്പോള്‍ പൊന്നയ്യന് എന്തുപറ്റിയെന്നന്വേഷിച്ചില്ലേ?'' രാമലിംഗത്തിന്റെ ശബ്ദത്തില്‍ ഉദ്വേഗം നിഴലിച്ചു.
''അവരെപ്പോഴും അങ്ങനെ മാറി മാറി കാറോടിക്കാറുള്ളതുകൊണ്ട് ഞാന്‍ പ്രത്യേകം ചോദിച്ചൊന്നുമില്ല. ഈ ഇരുന്നൂറ്റിയെണ്‍പത് കിലോമീറ്ററും ഒരാള്‍ തന്നെ ഓടിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അവര്‍ പകുതി പകുതിയോടിക്കുന്നത്! അതും രാത്രിയില്‍.'' കണ്ണന്‍ രാമലിംഗത്തിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
''അത് ഇയാള്‍ പറഞ്ഞത് ശരിയാണ്. പൊന്നയ്യന്‍ പോയിട്ട് എത്ര നേരം കഴിഞ്ഞാണ് കറുപ്പയ്യന്‍ വന്നതെന്ന് ഓര്‍മ്മയുണ്ടോ?''
കണ്ണന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ''അറിയില്ല, സര്‍. യാത്രാക്ഷീണം കൊണ്ട് ഞാന്‍ കാറില്‍ മയങ്ങുകയായിരുന്നു. കറുപ്പയ്യന്‍ വന്ന് കാറെടുത്തപ്പോഴാണ് ഉണര്‍ന്നത്.''
''ഈ ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ വല്ല വഴക്കോ മറ്റോ ഉണ്ടാകാറുണ്ടോ?''
''എന്ററിവില്‍ ഇല്ല. സത്യത്തില്‍ രണ്ടാളേയും ഒന്നിച്ച് ഞാന്‍ ഒരു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു.'' കണ്ണന്‍ കൈ മലര്‍ത്തി. ''അതെന്താ സര്‍ അങ്ങനെ ചോദിച്ചത്?''
''വെറുതേ ചോദിച്ചെന്നേയുള്ളു. ഒരാളെ കാണാതായിരിക്കുന്നു. എല്ലാ വശവും ചിന്തിക്കാതെ പറ്റില്ലല്ലോ!'' രാമലിംഗം ഒന്ന് നിവര്‍ന്നിരുന്നു.
''അയാളെ കണ്ടിട്ട് അത്തരക്കാരനാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. പിന്നെ മനുഷ്യന്റെ കാര്യമല്ലേ ...'' കണ്ണന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
''ശരി. നിങ്ങള്‍ പൊയ്‌ക്കൊള്ളു. ഇനിയും ചിലപ്പോള്‍ വരേണ്ടിവരും.'' രാമലിംഗം എഴുന്നേറ്റു.
''ഞാനിനി മൂന്ന് ദിവസം കൂടി ഇവിടുണ്ട് സര്‍. അതോടെ എന്റെ ജോലി തീരും. ഞങ്ങള്‍ കൊടുത്ത പ്ലാന്റിന്റെ കമ്മീഷനിംഗ് ആണ്. പിന്നെ തിരിച്ച് ചെന്നൈയ്ക്ക് പോയി അവിടുന്ന് ഡല്‍ഹിയ്ക്ക് പറക്കും. അതാണ് പ്ലാന്‍.'' അയാള്‍ എഴുന്നേറ്റ് രാമലിംഗത്തിന്റെ നീട്ടിയ കൈ പിടിച്ചുകുലുക്കിയിട്ട് പ്രതിവചിച്ചു.
വാതിലിന് നേരെ നടന്ന കണ്ണന്‍ പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിഞ്ഞ് ഇന്‍സ്‌പെക്റ്ററുടെ അടുക്കലേയ്ക്ക് ചെന്നു. ''കാറിലിരുന്ന് കറുപ്പയ്യന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ 'പിശാശ് അവനുക്ക് എന്നുടെ പൊണ്ണെ താന്‍ വേണം' എന്നൊക്കെ കേട്ടതായി ഓര്‍ക്കുന്നു. ഉറക്കപ്പിച്ചിലായതുകൊണ്ട് മുഴുവനും ശരിക്ക് ഓര്‍മ്മ വരുന്നില്ല.''
''താങ്ക്‌സ്,'' എസ്‌ഐ നന്ദി രേഖപ്പെടുത്തി. ''എന്തെങ്കിലും ഓര്‍മ്മ വരുകയാണെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുത്.'' അയാള്‍ ഒരു കടലാസ് കഷണത്തില്‍ സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ എഴുതികൊടുത്തു.
വന്ന ജീപ്പില്‍ തന്നെ പൊലീസുകാര്‍ അയാളെ ഹോട്ടലില്‍ കൊണ്ടാക്കി.
കണ്ണന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഇതിനുമുമ്പ് ആദ്യമായി ഒരു പൊലീസ് സ്റ്റേഷനില്‍ കയറേണ്ടിവന്നത് അയാളുടെ ചിന്തകളെ കലക്കിമറിച്ചു.
അന്നും വൈകുന്നേരം ജോലി കഴിഞ്ഞ് കണ്ണന്‍ കാരയ്ക്കല്‍ കടപ്പുറത്ത് പോയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം കടപ്പുറത്തിരിക്കുന്നത് ഒരു തപസ്യപോലെ അയാള്‍ അനുഷ്ഠിച്ചുപോന്നു. മങ്ങിയ നിലാവെളിച്ചത്തില്‍ തിളങ്ങിത്തെറിക്കുന്ന അലകള്‍ അയാളുടെ ഹൃദയത്തില്‍ കല്ലിച്ചുകിടന്നിരുന്ന ആ ദിവസത്തെ ഓര്‍മ്മകളെ കൂടുതല്‍ കനപ്പിച്ചു.
മല്ലിക ജോലി ചെയ്തിരുന്ന കമ്പനി അടച്ചുപൂട്ടാനുള്ള വക്കത്തെത്തിയപ്പോഴാണ് പുതിയ ഒരു ജോലിയ്ക്ക് വേണ്ടി മദ്രാസില്‍ ഇന്റര്‍വ്യൂവിന് എത്തിയത്. കോളേജ് അടച്ചിരുന്നതിനാല്‍ കണ്ണനും കൂടെ പോയി. ആദ്യമായിട്ടാണ് മദ്രാസെന്ന നഗരം കാണുന്നത്. തിരിച്ചു വരാനുള്ള വണ്ടി രാത്രി വൈകിയായതുകൊണ്ടാണ് മറീനബീച്ചില്‍ രണ്ടാളും കൂടി സമയം ചെലവഴിക്കാനെത്തിയത്. ചൊറായികടപ്പുറവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതെത്ര വിശാലമാണ്. പക്ഷെ, സന്ധ്യ മയങ്ങിയതോടെ ആള്‍തിരക്ക് കുറഞ്ഞിരുന്നു.
പുറകില്‍ നിന്നും ആരോ ഉന്തിയതോ െടകണ്ണന്‍ പൂഴിമണ്ണില്‍ മുഖമടച്ച് വീണു. വല്ലവിധേനയുമെഴുന്നേറ്റ് കണ്ണില്‍ നിന്നും മണലെല്ലാം തട്ടിക്കളഞ്ഞ് നോക്കുമ്പോള്‍ ചേച്ചിയെ കാണ്മാനില്ലായിരുന്നു. പരിഭ്രമിച്ച് ചേച്ചിയെ ഉറക്കെ വിളിച്ച് അവിടെയെല്ലാം തെരഞ്ഞുനടന്നു. അസ്തമയസൂര്യന്റെ തെളിച്ചാമില്ലാവെളിച്ചത്തില്‍ കടല്‍ അക്ഷോഭ്യയായ് അയാളെ നോക്കി പല്ലിളിക്കുന്നപോലെ. നീണ്ടുകിടക്കുന്ന മണല്‍പ്പരപ്പില്‍ എവിടേയോ അയാളുടെ സഹോദരി മറഞ്ഞുകിടന്നു.
നടന്നുനടന്ന് നിലാവെളിച്ചത്തില്‍ കടല്‍വെള്ളം തിളച്ചുമറിയുന്നപോലെ അനുഭവപ്പെട്ടപ്പോഴോ മറ്റോ കുറച്ചകലെയായി കിടന്നിരുന്ന ഒരു വഞ്ചിയുടെ അടുത്ത് ആള്‍പെരുമാറ്റം കണ്ടു. അവിടെ നിന്നിരുന്ന ആളോട് ചേച്ചിയെ കണ്ടോയെന്ന് ചോദിച്ചു. അയാള്‍ പരിഹസിക്കുന്ന മട്ടില്‍ വഞ്ചിയിലേയ്ക്ക് കൈചൂണ്ടി.
അപ്പോഴാണ് വഞ്ചിയ്ക്കകത്തുനിന്നും മറ്റൊരാള്‍ പുറത്തേയ്ക്ക് ചാടിയിറങ്ങിയത്. കണ്ണനെ നോക്കി അയാള്‍
''ഇനി നിനക്ക് വേണമെങ്കിലെടുത്തോ'' എന്ന് ഉറക്കെ പറഞ്ഞ് ചിരിച്ചു.
കടപ്പുറത്തെ അരണ്ടവെളിച്ചത്തില്‍ അവരുടെ രണ്ടുപേരുടേയും മുഖം അയാള്‍ക്ക് വ്യക്തമായി കാണാമായിരുന്നു. അവജ്ഞസ്ഫുരിക്കുന്ന ചിരി അവരുടെ മുഖത്തെ പൈശാചികതയെ കൂടുതല്‍ ഭയാനകമാക്കി.
വഞ്ചിയ്ക്കകത്ത് അയാളുടെ മല്ലികചേച്ചി അനക്കമില്ലാതെ കിടന്നിരുന്നു. അതിനകത്തേയ്ക്കിറങ്ങി ചേച്ചിയുടെ തല മടിയിലെടുത്തുവച്ച് അയാള്‍ വാവിട്ടുകരഞ്ഞു.
കുറച്ചുസമയങ്ങള്‍ക്കുള്ളില്‍ പൊലീസുകാരോടൊപ്പം കുറേയാളുകള്‍ അതിനുചുറ്റും കൂടി. കൂട്ടത്തില്‍ ആ ഘാതകരേയും അയാള്‍ക്ക് കാണാമായിരുന്നു. അവരെ ചൂണ്ടി പറഞ്ഞതൊന്നും പൊലീസുകാര്‍ വിശ്വസിക്കാന്‍ തെയ്യാറായില്ല. അന്ന് രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞു. രണ്ടാഴ്ചയോളം മദ്രാസില്‍ തങ്ങേണ്ടിവന്നു.ദിവസവും പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. ഒന്നും സംഭവിച്ചില്ല.
അതിനുശേഷം എത്രയോ നാളുകള്‍ ആ രണ്ട് മുഖങ്ങള്‍ അയാളുടെ ഉറക്കം കെടുത്തി.
പിന്നീടുള്ള ദിവസങ്ങള്‍ കണ്ണന്‍ പ്രൊജക്റ്റ് സൈറ്റിലെ ജോലികളില്‍ മുഴുകി. പ്ലാന്റ് കമ്മീഷനിംഗിനിടയില്‍ രാമലിംഗവും പൊന്നയ്യനും കറുപ്പയ്യനുമെല്ലാം ചിന്തകള്‍ക്കപ്പുറത്തേയ്ക്ക് മാറ്റപ്പെട്ടു.
ചെന്നൈയിലേയ്ക്ക് തിരിച്ചുപോകാനുള്ള ദിവസമാണ് വീണ്ടും രാമലിംഗം അയാളെ വിളിപ്പിക്കുന്നത്.
'മാന്‍മിസ്സിംഗ്' കേസിന് തുമ്പുണ്ടായിയെന്ന സന്തോഷം പങ്കുവയ്ക്കാനായിരുന്നു എസ്‌ഐ അയാളെ അന്വേഷിച്ചത്. പൊന്നയ്യന്റെ മൃതശരീരം അയാളുടെ കാറിന്റെ ഡിക്കിയില്‍ നിന്നുതന്നെ കിട്ടി. കറുപ്പയ്യന്റെ പെണ്ണിനെ പലപ്രാവശ്യം കടന്നുപിടിച്ച് ഉപദ്രവിച്ചതിന്റെ വൈരാഗ്യം തീര്‍ത്തതായിരുന്നു. അങ്ങനെ കറുപ്പയ്യന്‍ ലോക്കപ്പിലായി.
''അഭിനന്ദനങ്ങള്‍ സര്‍! വളരെ വേഗത്തില്‍ ഒരു കേസിന്റെ അവസാനം കണ്ടെത്തിയത് സാറിന്റെ കൂര്‍മ്മബുദ്ധി തന്നെ.'' കണ്ണന്‍ പോകാനൊരുങ്ങി എഴുന്നേറ്റു. ''ഇന്നു രാത്രിയിലെ ബസ്സില്‍ ചെന്നൈയ്ക്ക് പോകുന്നു. നാളെ രാവിലെയാണ് ഡല്‍ഹിയിലേയ്ക്കുള്ള ഫ്‌ലൈറ്റ്.''
''ആള്‍ ദ ബെസ്റ്റ്, കണ്ണന്‍,'' രാമലിംഗം അയാളുടെ കൈപിടിച്ച് കുലുക്കുന്നതിനിടയില്‍ പറഞ്ഞു. ''താങ്കളുടെ ചേച്ചി മല്ലിക മരിച്ചതില്‍ പിന്നെ ഒറ്റയ്ക്കാണല്ലേ?''
പെട്ടെന്ന് തന്റെ സഹോദരിയുടെ പേര് കേട്ടപ്പോള്‍ കണ്ണന്‍ ഞെട്ടി. എന്താണിയാളുടെ ഉദ്ദേശ്യം? മനസ്സിലെ പരിഭ്രമം മുഖത്ത് തെളിയാന്‍ അനുവദിക്കാതെ അയാള്‍ സങ്കടത്തില്‍ പൊതിഞ്ഞ ഒരു ചിരി രാമലിംഗത്തിന് സമ്മാനിച്ചു. ''അതേ, സര്‍. പന്ത്രണ്ട് കൊല്ലക്കാലമായി ഈ ഒറ്റപ്പെട്ട ജീവിതം. സാറിനിതെങ്ങനെയറിയാം?''
''ഒരാളെ പരിചയപ്പെട്ടാല്‍ അയാളുടെ ജാതകം തെരക്കുന്നത് പൊലീസുകാരുടെ ഒരു കളിയല്ലേ! ഇനിയിപ്പോള്‍ കല്യാണമൊക്കെ കഴിച്ചുകൂടേ?'' രാമലിംഗത്തിന്റെ കണ്ണുകളില്‍ ഒരു കസൃതി നിഴലിച്ചു. ''ഐ മീന്‍ ... ഇയാളുടെ പ്രൊജക്റ്റ് കമ്മീഷനിംഗൊക്കെ കഴിഞ്ഞസ്ഥിതിയ്ക്ക്...''
''നോക്കണം. പക്ഷേ, പലപല സൈറ്റുകളില്‍ കറങ്ങേണ്ടിവരുന്നതിനാല്‍ കല്യാണം കഴിഞ്ഞ് ഭാര്യയുടെ കൂടെ ചെലവഴിക്കാനുള്ള സമയം കണ്ടെത്താനാണ് പാട്. അതുകൊണ്ടാണ് പതുക്കെ മതിയെന്ന് വച്ചത്. ഒരിടത്ത് കാലുറപ്പിക്കട്ടെ.'' കണ്ണന്‍ തന്റെ മുഖത്തും ഒരു കുസൃതിച്ചിരി വരുത്തി.
''ബൈ ദ ബൈ, പൊന്നയ്യന്‍ കൊല്ലപ്പെട്ടത് നിങ്ങള്‍ ഇവിടേയ്ക്ക് വന്ന ആ രാത്രിയില്‍ തന്നെയാണ്. കറുപ്പയ്യന്‍ മിടുക്കന്‍ തന്നെ - മൃതദേഹം കാറിന്റെ ബൂട്ടിലിട്ട് തന്നേയും കൊണ്ട് ഇവിടെ വന്നുപോയി.ആരും സംശയിക്കില്ലല്ലോ. പിന്നീടത് എടുത്തുമാറ്റാന്‍ മറന്നതോ സമയം കിട്ടാഞ്ഞതോ എന്തോ, എന്തായാലും അത് ഞങ്ങളുടെ ജോലിയെളുപ്പമാക്കി. ഇനി അവനെ പൂട്ടുന്ന കാര്യം വളരെ ഈസി.'' രാമലിംഗത്തിന്റെ ശബ്ദം ദൃഢമായിരുന്നു.
കണ്ണന്‍ അയാളുടെ നേരെ കൈവീശിക്കാട്ടി നടന്നകന്നു.
രാത്രിവണ്ടിയില്‍ ഇരിക്കുമ്പോള്‍, രാമലിംഗവുമായുള്ള സംഭാഷണമായിരുന്നു കണ്ണന്‍ ഓര്‍ത്തിരുന്നത്. ഇങ്ങനെയെത്രയോ രാത്രിയാത്രകള്‍!
എഞ്ചിനീയറിംഗ് കഴിഞ്ഞ് ചെന്നെയില്‍ തന്നെ ജോലി തപ്പിപിടിച്ചതിന്റെ പിന്നില്‍ കണ്ണന്റെ പ്രതികാരവാഞ്ചയായിരുന്നു. അയാളുടെ മനസ്സില്‍ ചേച്ചിയുടെ മരണത്തിന് കാരണമായവരുടെ മുഖങ്ങള്‍ മാറാതെ നിന്നു. മറീനാബീച്ചിലും സെന്‍ട്രല്‍ സ്റ്റേഷനിലും മറ്റും കറങ്ങിനടന്ന് ഒടുവില്‍ ടാക്‌സിയോടിക്കുന്ന പൊന്നയ്യനെ കണ്ടെത്തി. അയാളുടെ കൂടെ പല യാത്രകളും നടത്തി. അതിനിടയില്‍ അയാള്‍ക്ക് ഡെല്‍ഹിയിലേയ്ക്ക് മാറ്റമായി പോകേണ്ടിവന്നു. പക്ഷെ, ഭാഗ്യത്തിന് കാരയ്ക്കലെ പ്രൊജക്റ്റിലേയ്ക്ക് കണ്ണന്‍ തന്നെ നിയമിതനായി.
പൊന്നയ്യനെ കണ്ടുകിട്ടിയതിനുശേഷം ചെന്നൈയില്‍ നിന്നും കാരയ്ക്കലിലേയ്ക്കുള്ള രാത്രിയാത്രകള്‍ അയാള്‍ക്കൊപ്പമായിരുന്നു. പോകുന്ന വഴിയില്‍ കടലൂരിനടുത്തുള്ള അയാളുടെ അനുജന്‍ കറുപ്പയ്യന്റെ വീട്ടില്‍ നിര്‍ത്തുമായിരുന്നു. അവിടെ നിന്നും പിന്നെ കറുപ്പയ്യനായിരിക്കും ഓടിക്കുക. അങ്ങനെ കണ്ണന്‍ അവര്‍ രണ്ടുപേരുമായും കൂടുതല്‍ അടുത്തു.
എന്നത്തേയുംപോലെ അന്നും പൊന്നയ്യന്‍ കടല്‍തീരത്തുള്ള വീടിന്റെയടുത്ത് കാര്‍ നിര്‍ത്തി. അടുത്തിരുന്നിരുന്ന കറുപ്പയ്യനോട് ബാക്കിയങ്ങോട് ഓടിച്ചോളാന്‍ പറഞ്ഞ് പൊന്നയ്യന്‍ വീട്ടിലേയ്ക്ക് നടന്നു. അപ്പോഴാണ് ഡിക്കിയില്‍ നിന്നും ബാഗെടുക്കാനെന്നും പറഞ്ഞ് കണ്ണനും പുറത്തേയ്ക്കിറങ്ങിയത്.
കടലിരമ്പുന്ന മാദകധ്വനി അയാളുടെ ചെവിയില്‍ അലയടിച്ചു. നിലാവെളിച്ചത്തില്‍ വെള്ളമണല്‍പരപ്പില്‍ അങ്ങിങ്ങായി ഹൂങ്കാരത്തോടെ ആടിയുലയുന്ന മരക്കൂട്ടങ്ങള്‍. മത്സ്യത്തിന്റെയും കക്കയുടേയും ഗന്ധം. അകലെ മദ്രാസിലെ കടപ്പുറത്ത് നിന്നും കടല്‍വെള്ളത്തില്‍ ഒഴുകിയൊഴുകി കടലൂരെത്തുന്ന സന്ദേശങ്ങള്‍ അയാളുടെ തലച്ചോറിനെ പ്രകമ്പനം കൊള്ളിച്ചു!
കണ്ണന്‍ പൊന്നയ്യന് ശബ്ദിക്കാനുള്ള അവസരം കൊടുത്തില്ല. തുറന്നുവച്ചിരുന്ന ഡിക്കിയുടെ പുറകില്‍ നടന്നതൊന്നും കറുപ്പയ്യന് കാണുവാന്‍ സാധിക്കുമായിരുന്നില്ല. അവസാനം ഡിക്കിയടച്ച് ബാഗുമായി അയാള്‍പുറകിലെ സീറ്റില്‍ കയറിയിരുന്നു. സംശയങ്ങളൊന്നുമില്ലാതെ കറുപ്പയ്യന്‍ കാറ് മുന്നോട്ടെടുത്തു.
കണ്ണന്‍ ബസ്സിന്റെ സീറ്റ് പുറകോട്ടാക്കി നീണ്ടുനിവര്‍ന്നിരുന്നു. ഇനി കാറില്‍ കാരയ്ക്കലിലേയ്ക്ക് വരേണ്ട ആവശ്യമില്ല. കമ്പനിയ്ക്ക് വേണ്ടി പല പ്രൊജക്റ്റുകളും കമ്മീഷനിംഗ് ചെയ്തിട്ടുള്ള അയാള്‍ സ്വന്തം പ്രൊജക്റ്റ് കമ്മീഷനിംഗ് ചെയ്തതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ നല്ലൊരുറക്കത്തിനായി കണ്ണുകളടച്ചു.
കടപ്പുറത്തെ അരണ്ടവെളിച്ചത്തില്‍ തെളിഞ്ഞുനിന്നിരുന്ന പൊന്നയ്യന്റെയും കറുപ്പയ്യന്റെയും മുഖങ്ങള്‍ മാഞ്ഞ് അവിടെ സ്‌നേഹമസൃണമായ ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ടിരിക്കുന്ന ചേച്ചിയുടെ മുഖം പൂര്‍ണ്ണചന്ദ്രനെപോലെ ഉദിച്ചുയര്‍ന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...