ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സന ഫാത്തിമ സക്കീര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഇരുട്ട് വീണ വനപ്രദേശം. പണ്ടാരോ പറഞ്ഞ രഹസ്യം പോലെ, നിഗൂഢമായ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുകയാണിപ്പോള്‍. കാതുകളില്‍ മൂളിക്കൊണ്ടേയിരുന്നു, ആണ്ടുകള്‍ പഴക്കമുള്ള രഹസ്യങ്ങള്‍.
ആ വനപ്രദേശത്ത് മരങ്ങള്‍ക്ക് നടുവില്‍ അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന ഒരു സ്ത്രീക്ക് ആരോ ഒരു കുഞ്ഞിനെ നല്‍കി. അവള്‍ അതിനെ മാറോട് ചേര്‍ത്ത് പിടിച്ചു. നെറ്റിയില്‍ പതിയെ ചുംബിച്ചു. കുഞ്ഞ് കരയുന്നുണ്ടായിരുന്നു. കുഞ്ഞിന്‍റെ അലര്‍ച്ച കാതുകളിലേക്ക് തുളച്ചു കയറി. അവള്‍ ഒരു കൈ കൊണ്ട് കാതുകളെ പൊത്തി. കുഞ്ഞിനെ ഒന്നൂടെ പുണര്‍ന്നു. ചുറ്റിനും നോക്കിയ ശേഷം എങ്ങോട്ടെന്നിലല്ലാതെ ഓടി. തളര്‍ന്ന് വീണപ്പോള്‍ കൈയില്‍ ഉണ്ടായിരുന്ന കുഞ്ഞ് താനേ ചുവന്ന പൂവുകളായി മാറി. ചോരയുടെ മണമുള്ള പൂക്കള്‍. അവള്‍ വാവിട്ട് കരഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടാന്‍. ഒടുവില്‍ ശിരസ്സ് നിലം പതിച്ചവള്‍ വീണു.
രണ്ട്
ജനാലകള്‍ അനുസരണ ഇല്ലാതെ ചലിച്ചു. അതിലൊന്ന് വന്ന് ആഞ്ഞടിച്ചു. ശബ്ദം കേട്ട് ആവണി ഞെട്ടി എണീറ്റു. ചുറ്റിനും നോക്കി. അവള്‍ ക്ലോക്കിലേക്ക് നോക്കി 6 മണി. ഓ, ഇന്നും വൈകിയല്ലോ. കണ്ട സ്വപ്നം നല്‍കിയ ഞെട്ടല്‍ ഇപ്പോളും പൂര്‍ണമായും മാറിയിട്ടില്ല. ആ സ്വപ്നത്തില്‍ കണ്ട സ്ത്രീക്ക് തന്‍റെ അമ്മയുടെ ഛായയാണെന്നവള്‍ ഓര്‍ത്തു. പുറത്ത് മഴ പെയ്യുന്നുണ്ട്. കോരുന്ന തണുപ്പിലുമവള്‍ വിയര്‍ത്തു.
കുതിരയെ പോലെ മനസ്സ് കുതിച്ചുകൊണ്ടിരുന്നു ഒരോര്‍മ്മയില്‍ നിന്നും മറ്റൊരോര്‍മ്മയിലേക്ക്. താന്‍ താനാവാതെ ജീവിച്ചുതീര്‍ത്ത നിമിഷങ്ങള്‍, ഉള്ളിന്‍റെ ഉള്ളില്‍ നിറഞ്ഞ ഭയത്തെ മറച്ചുപിടിച്ച നിമിഷങ്ങള്‍, കൂടെ ഒരുപാട് പേരുണ്ടായിട്ടും വിഷമങ്ങള്‍ പങ്കുവെക്കാനാരുമില്ലാതെ അക്ഷരങ്ങള്‍ തരിച്ച് നിന്ന് മിഴിനീരുകളായി ഉറവയെടുത്ത നിമിഷങ്ങള്‍. കാലം മുന്നിട്ടിരിക്കുന്നു. അവള്‍ അതിനോടൊപ്പവും.
വിശ്വാസവും വഞ്ചനയും കൈകോര്‍ത്ത നിമിഷങ്ങള്‍. ആരോടെന്നില്ലാതെ വാശിക്കായി ജീവിച്ചുകൊണ്ടിരുന്നു. ജീവിതം അവളെ കൂര്‍ത്ത പല്ലുകള്‍ കാട്ടി ചിരിക്കുന്നുണ്ട്. ഭയം. ഇനിയും ഒരു കെണിയില്‍ വീഴുമോ എന്ന ഭയം. വിദൂരതയില്‍ വിജനമായ ആകാശത്തില്‍ ഓരോരോ നക്ഷത്രങ്ങള്‍ അങ്ങുമിങ്ങുമായി പൊട്ടിത്തുടങ്ങിയിരുന്നു. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന അവളെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്ര ആരംഭിച്ച നക്ഷത്രങ്ങള്‍ തുറിച്ച് നോക്കിക്കൊണ്ടിരുന്നു.
ആവണി മുറിയിലേക്ക് തിരിഞ്ഞ് നടന്നു. വാതിലടച്ചു. രാത്രിയുടെ നിലാവെളിച്ചം വാതിലിനടിയിലൂടെ ഇരുണ്ട മുറിയിലേക്ക് അരിച്ചുകയറി. ചിന്തകള്‍ ആ മനസ്സിലേക്കും.
'എന്നും വിളിക്കുമ്പോള്‍ പറയുന്നത് ഓരോ തളര്‍ച്ചയും ക്ഷീണവും. നിനക്ക് പ്രായം എണ്‍പതൊന്നുമല്ലല്ലോ! ഞങ്ങള്‍ക്ക് ഇല്ലാത്ത അസുഖങ്ങളാണ് നിനക്ക്. ഒരു കാര്യം ചെയ്യാം എന്‍റെ ജോലിയും കളഞ്ഞ് വരാം, നിന്നെ പരിചരിക്കാനായിട്ട്... കുറച്ചെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്ക് ഇനിയെങ്കിലും.'- പതിവ് തെറ്റാതെ അന്നും അമ്മയ്ക്ക് ശകാരിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു. വിട്ടുപിരിയാത്ത ശരീരവേദന മനസ്സിനെ അസ്വസ്ഥമാക്കിയ, തളര്‍ത്തിയ ഓരോ അനുഭവങ്ങളുടേയും മറവില്‍ പിറന്ന ഓര്‍മ്മപ്പെടുത്തലുകളാണ്. ജോലിയുടെ തിരക്കില്‍ കാല് നിലത്തുകുത്താതെ അവരോടിക്കൊണ്ടിരുന്നു.അവള്‍ക്ക് വേണ്ടി. 'ഞാന്‍ ഒരു നല്ല മകളല്ലെന്നവര്‍ക്ക് തോന്നിത്തുടങ്ങിയോ?'- അവളോര്‍ത്തു.
ഇന്നും അയാളാ ബസ്റ്റാന്‍റില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആവണി ഇട്ടിരിക്കുന്ന അതേ നിറത്തിലുള്ള ഷര്‍ട്ടാണയാളും ധരിച്ചിരിക്കുന്നത്. കണ്ടുമുട്ടിയതിന് ശേഷം കുറച്ച് മാസങ്ങള്‍ക്കൊടുവില്‍ തുടങ്ങിയതാണ് അയാളുടെ ഈ വിചിത്രമായ അനുകരണവും നോട്ടവും. അയാളുടെ ആ തുറിച്ച് നോട്ടം ശരീരത്തിലെല്ലായിടത്തും മുള്ളുകളായി തുളച്ചുകയറുന്നത് പോലെ അവള്‍ക്ക് തോന്നി. എല്ലാം വെറും തോന്നലാണെന്നും ഇതൊക്കെ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്നും എത്ര നാള്‍ മനസ്സിനെ പറഞ്ഞ് പറ്റിക്കും. പലപ്പോഴും ഒരു ഭയം എന്നവണ്ണം അയാളവളെ പിന്തുടരും... സ്വപ്നത്തില്‍ പോലും.
മണ്ണാര്‍ക്കാടില്‍ ഉപരിപഠനത്തിനായി എത്തിയിട്ട് പരിചയമുള്ള ഒരു അപരിചിതത്വം എങ്ങെന്നില്ലാതെ തങ്ങി നിന്നു. വളരെ അപരിചിതമായ ലോകത്ത് ഒരു ഒറ്റപ്പെട്ട അപരിചിതയെപ്പോലെ അവള്‍ നടന്നു. കോളേജിനടുത്ത് തന്നെ പേയിംഗ് ഗസ്റ്റായി താമസം തുടങ്ങി. സ്വന്തം കാര്യം സ്വയം തന്നെ ചെയ്യുന്നതില്‍ സന്തോഷം കണ്ടു. സ്വതന്ത്രമായ അനുഭൂതി. ആ വീട്ടില്‍ നിന്നിരുന്ന എല്ലാവരുമായി പരിചയം സ്ഥാപിക്കുകയും ചെയ്തു.
അന്ന് കോളേജിന്‍റെ ആദ്യ ദിവസം ഡല്‍ഹിയിലേക്ക് തിരിച്ച് മടങ്ങിയ മാതാപിതാക്കള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് ധൈര്യം നല്‍കിയിരുന്നു.
'എന്തുണ്ടെങ്കിലും പറയാന്‍ മടിക്കരുത്. ഞാന്‍ വഴക്ക് പറയുമെന്ന് ഉറപ്പായ കാര്യമാണേല്‍ പോലും പറയണം.'
കാലാന്തരമായി മാതാപിതാക്കള്‍ മനസ്സില്‍ പേറുന്ന ഗര്‍ഭമാണത്രെ അവരുടെ മക്കള്‍. അവര്‍ അവിടെ നിന്നും പിരിഞ്ഞെങ്കിലും കാറ്റിന്‍റെ കൈയ്യും പിടിച്ച് അവര്‍ക്കരികിലേക്ക് അവള്‍ പോലും അറിയാതെ മനസ്സുകൊണ്ട് പല തവണ പോയിട്ടുണ്ട്.
അവരുടെ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാനും വിഷമമേറിയ നിമിഷങ്ങളെ ആശ്വസിപ്പിക്കാനും.
സ്‌നേഹം. പ്രാര്‍ത്ഥന.
'ആവണി.. ദേ അയാള് നിന്നെയാ നോക്കണെ.'
ബസ്സ് കാത്ത് നില്‍ക്കെ ചിന്തകളിലേക്ക് തെന്നി വീണ മനസ്സിനെ മിത്ര വിളിച്ചുണര്‍ത്തി. യാഥാര്‍ഥ്യത്തിലേക്ക്. ആവണി, നിസ്സഹായതയോട് കൂടി മുഖം താഴ്ത്തി. ഇതിന്‍റെ ബാക്കി പരിഹാസം കേള്‍ക്കുന്നത് ഇനി കോളേജില്‍ എത്തി കഴിഞ്ഞാവും. അയാള്‍ ഇതില്‍ നിന്ന് എന്താണ് നേടുന്നത്?
'എന്തായാലും അയാള്‍ക്ക് നിന്നോടെന്തോ പ്രത്യേക സ്‌നേഹമുണ്ട്. അല്ലെങ്കില്‍ ദിവസും രാവിലെ അവിടെ വന്ന് നില്‍ക്കുമോ?'
'അയാള്‍ക്ക് ഭ്രാന്താണ് മിത്ര.. എന്തിനാ അയാളിങ്ങനെയൊക്കെ പെരുമാറണെ?'
'നിന്‍റെ hour glass shape കണ്ടിട്ടാവും.'
കൂട്ടച്ചിരി ഉയര്‍ന്നു. പരിഹാസച്ചുവയോടെ അവരെല്ലാം മാറി മാറി ഓരോന്നും പറയാന്‍ തുടങ്ങി. അവള്‍ക്ക് ഇതൊരു പുതുമയായി തോന്നിയില്ല. കോളേജില്‍ ചേര്‍ന്ന അന്ന് മുതല്‍ കാണുന്നതാണ് കിട്ടിയ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യും വിധം ഇന്‍ഫാച്വേഷന്‍ പോലുള്ള പല ഭ്രാന്ത്. പ്രായത്തെ മറന്ന്, വളര്‍ത്തിയ മാതാപിതാക്കളെ മറന്ന്... സ്വയം മറന്ന് ചെയ്ത് കൂട്ടുന്ന ഓരോരോ തോന്ന്യാസങ്ങള്‍. കൂടെ കൂടിയിട്ടില്ല. കൂട്ട് നിന്നിട്ടില്ല. ഉപദേശിച്ചിട്ടുമില്ല.
കാലത്തിന്‍റെ കാറ്റ് മാറി വീശുന്നതും കാത്ത് അവള്‍ യാത്ര തുടര്‍ന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...