ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സാബു മഞ്ഞളി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മുതുവട്ടൂരിലുള്ള ഇറച്ചിക്കടയുടെ മുന്നിലായി ചുമരിലേക്ക് പടര്‍ന്നു ചാഞ്ഞ മരത്തിന്റെ ചുവട്ടിലാണ് അവരെയന്ന് കണ്ടെത്തിയത്. പരസ്പരം ചൂട് പകര്‍ന്ന് കെട്ടിപ്പിടിച്ചുറങ്ങുന്ന ഏഴ് നായക്കുഞ്ഞുങ്ങള്‍. ഇറച്ചി മേടിക്കുവാനായി എത്തിയവര്‍ക്ക് അതൊരു കൗതുകക്കാഴ്ചയായി. ഞായറാഴ്ച ആയതിനാല്‍ ഇറച്ചികടയില്‍ പതിവിലും തിരക്കായിരുന്നു. തിരക്കേറിയപ്പോള്‍ മനുഷ്യരുടെ നോട്ടങ്ങള്‍ പാളി വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ സമീപത്തുള്ള പഴയ ചാക്കുകെട്ടുകള്‍ക്കിടയിലേക്ക് കുഞ്ഞുങ്ങളെ മറ്റുവാന്‍ ശ്രമിച്ചു, അമ്മ് മക്കളാവാട്ടെ പലയിടത്തേക്കോടി നടന്ന്, അമ്മയെ ധര്‍മ്മസങ്കടത്തിലാഴ്ത്തി അതെല്ലാം നിരന്തരം വിഫലമാക്കികൊണ്ടിരുന്നു.
മുഹമ്മദലിയുടെ പോത്തിറച്ചിക്കട സമീപസ്ഥലങ്ങളില്‍ പേരെടുത്തതാണ്. ആവശ്യക്കാര്‍ക്ക് പോത്തിന്റെ നാനാ ഭാഗങ്ങളിലെ പ്രത്യേകമായ ഇറച്ചി അല്‍പ്പം നെയ്യും ഇളം എല്ലും ചേര്‍ത്തു കൊടുക്കുന്നതില്‍ മുഹമ്മദലി വിദഗ്ധനുമാണ്. കൂടാതെ വിലക്കുറവും. മുഹമ്മദലി ഇടക്കെല്ലാം ആരും അറിയാതെ എറിഞ്ഞു കൊടുത്തിരുന്ന കൊഴുപ്പും എല്ലുമൊക്കെയാണ് അമ്മപട്ടിയെ പരിസരങ്ങളില്‍ ചുറ്റിത്തിരിയാന്‍ പ്രേരിപ്പിച്ചിരുന്നത്.
കൂട്ടം കൂടി നിന്ന ചിലര്‍ കയര്‍ത്തു തുടങ്ങി. നായക്കടി റിപ്പോര്‍ട്ടുകള്‍ നിറഞ്ഞ അന്നത്തെ ദിനപത്രം കയ്യില്‍ ചുരുട്ടി പിടിച്ച ഒരാള്‍ ഇപ്രകാരം പറഞ്ഞു.
'അല്ല ഇതെന്താ കഥ. വെറുതെയല്ല നായ്ക്കളിവിടെ പെരുകി വരുന്നത്.'
'കണ്ടില്ലേ എഴെണ്ണമാണ്'-മറ്റൊരാള്‍ പറഞ്ഞു
'പ്രദേശത്ത് ഇവിടുന്നാണ് ഇവറ്റകള്‍ പെറ്റു പെരുകുന്നത്.'
ആ പറഞ്ഞതില്‍ അല്‍പ്പം കാര്യങ്ങള്‍ ഇല്ലാതില്ല. പോത്തിറച്ചി കടയുടെ സമീപത്തു തന്നെയാണ് കോഴിക്കട. തൊട്ടുതന്നെ മീന്‍കച്ചവടം. ചന്തയുടെ കിഴക്ക് ഭാഗം നഗരമാലിന്യങ്ങള്‍ ഒന്നാകെ ഒഴുകി വരുന്ന വലിയതോട്. മഴയൊന്നു കനത്താല്‍ മതി കറുകറുത്ത മലിനജലം കരകവിഞ്ഞു ചന്തയിലേക്കെത്തും. നായ്ക്കളുടെ വലിയൊരു കൂട്ടം തന്നെ പരിസരത്ത് ചുറ്റിത്തിരിയുന്നുണ്ടെന്നുള്ളത് വാസ്തവം .
'പക്ഷേ ഇതുവരെ ആരേയുമിവിടെ നായ്ക്കള്‍ ഉപദ്രവിച്ചതായി അറിവില്ല.'
ചുറ്റിക്കൂടി നിന്നവര്‍ക്കിടയിലേക്ക് ഞാനൊരു പാഴ് വാക്ക് എറിഞ്ഞു നോക്കി.
'അതുകൊണ്ടൊന്നും കാര്യമില്ല മാഷേ. തെരുവുപട്ടിയാണ്. പേ കിട്ടുന്നത് എവിടുന്നാണെന്നു ആര്‍ക്കറിയാം. അതിനൊന്നും അധികം സമയവും വേണ്ട.'
ബഹളവും ഉയരുന്ന സംസാരവും കേട്ടപ്പോള്‍ അമ്മപ്പട്ടി അല്‍പ്പം ദൈന്യതയോടെ അവര്‍ക്കരികില്‍ ചേര്‍ന്നു കിടന്നു. ചെറിയ ഒച്ചകളിട്ട് സന്തോഷധിക്യത്താല്‍ കുഞ്ഞുങ്ങള്‍ മുലകള്‍ വലിച്ചുകുടിക്കുവാന്‍ തുടങ്ങി.
പത്രം ചുരുട്ടി പിടിച്ചയാള്‍ നല്ലൊരു മുട്ടന്‍ വടിയുമായി വന്നു.
'ഇതൊന്നും ഇവിടെ ശരിയാവില്ല. ശേഖരാ, ബക്കറേ, നിങ്ങളീ വടിയും പിടിച്ച് ഇവിടെ നില്‍ക്ക്. ആ തള്ളപ്പട്ടിയെ നോക്കണം.'
'അയ്യോ അവറ്റകളെ തല്ലിക്കൊല്ലുവാനാണോ'-ഞാനറിയാതെ പറഞ്ഞു.
'തല്ലാനും കൊല്ലാനും ഒന്നുമല്ല മാഷേ. നിങ്ങള്‍ പത്രം വായിക്കുന്നില്ലേ. ഓരോ നായസ്‌നേഹികള്‍!'
വടി കണ്ടതും മുലകള്‍ വിടുവിപ്പിച്ച് അമ്മപ്പട്ടി റോഡിലേക്കിറങ്ങി നിര്‍ന്നിമേഷയായി കുഞ്ഞുങ്ങളെ നോക്കി നിന്ന് കിതച്ചു. പിന്നെ ഒന്നുരണ്ടു തവണ ആരോടെന്നില്ലാതെ ഓരിയിട്ടു. ഒന്നു കുരച്ചു. ബക്കര്‍ വടിയൊങ്ങിയതും ഒന്നു കുതിച്ച് അല്‍പ്പം ദൂരേക്ക് മാറി .
ആകാശം കറുത്തിരുളാന്‍ തുടങ്ങിയിരുന്നു. മഴക്കാറ് കനം വച്ചു. ആരൊക്കെയോ കുഞ്ഞുങ്ങളെ തൂക്കി പിടിച്ച് വലിയതോട്ടിലേക്കു നടന്നു. ഒന്നൊന്നായി അവ വലിയതോട്ടിലെ മലിനജലത്തില്‍ വന്നുപതിച്ചു. അമ്മയുടെ നിലവിളി ദൂരെ നിന്നും കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കാം. ആതുരാശ്രമത്തിന്റെ വശങ്ങളില്‍ തോടിന്റെ ആഴമുള്ള അടിത്തട്ടിനരികിലൂടെ കുഞ്ഞുങ്ങള്‍ വരിവരിയായി നടന്നു പോകുന്നത് കാണാം. അമ്മ അരികിലുള്ളപ്പോള്‍ അമ്മയെ കളിപ്പിക്കുവാന്‍ അവര്‍ ചെയ്തിരുന്ന പോലെ.
പെട്ടെന്ന് ഇടി കുടുങ്ങി നഗരത്തിലും പരിസരങ്ങളിലും മഴ ആര്‍ത്തലച്ചു.
തോട്ടിലെ ഒഴുക്ക് ക്രമാതീതമായി ഉയര്‍ന്നുയര്‍ന്നു വന്നു .
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...