പ്രവാചകാഹ കുമാര സ്വാമി അവര്‍കള്‍ , റമീസ് മാലിക് എം എഴുതിയ കഥ

By Chilla Lit Space  |  First Published Jun 10, 2021, 6:49 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് റമീസ് മാലിക് എം എഴുതിയ കഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

പത്തരക്കണ്ടി ബസ് സ്‌റ്റോപ്പില്‍ വന്നിറങ്ങിയപ്പോള്‍, ഉച്ചവെയിലിന്റെ ഫ്‌ളെയിം ആരോ ഇച്ചിരി കൂട്ടി വെച്ചതായി തോന്നി. വിയര്‍പ്പില്‍ മേലൊട്ടി അലോസരപ്പെടുത്തുന്ന കുപ്പായത്തിനെ അവഗണിച്ച്, വന്നിറങ്ങിയ ഇടത്തെ മാറ്റങ്ങളൊക്കെയും  ഞാനൊന്ന് നിരീക്ഷിച്ചു. 

പത്തരക്കണ്ടി എ.എല്‍. പി യുടെ പ്രവര്‍ത്തന സമയത്ത് മാത്രം തുറന്ന് പ്രവര്‍ത്തിച്ചിരുന്ന അമ്മോട്ടിക്കയുടെ കുമട്ടിപ്പീടിക നാമാവശേഷം ആയിരുന്നു. അഞ്ചാറ് കൊല്ലം മുമ്പ് വരെ അത് മാത്രമായിരുന്നു പത്തരക്കണ്ടിയിലെ ഏക കച്ചവട സ്ഥാപനം. ഇപ്പോഴിതാ കൂള്‍ബാറും ബേക്കറിയും സ്റ്റേഷനറി കടയും ആര്‍ഭാടത്തോടെ സജീവമായി തന്നെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് ഓട്ടോ സ്റ്റാന്‍ഡും. ബാറ്റണ്‍ കൈയില്‍ കിട്ടിയ നാല് ഗുണം നാനൂറ് റിലേ ഓട്ടക്കാരനെ പോലെ വരിയില്‍ ഏറ്റവും മുമ്പില്‍ എത്തുന്ന ഓട്ടോ, യാത്രക്കാരെ കയറ്റി കിഴക്കോട്ടുള്ള റോഡിലൂടെ പാഞ്ഞ് പോയിക്കൊണ്ടിരുന്നു. 

വെയില്‍ കണക്കാക്കാതെ ഞാന്‍ കിഴക്കോട്ടുള്ള റോഡില്‍ കയറി നടക്കാന്‍ തുടങ്ങി. അധിക ദൂരമെത്തും മുമ്പേ പിന്നില്‍ നിന്നൊരു വയസ്സന്‍ വിളി മുഴങ്ങി. നടത്തത്തിന്റെ വേഗമൊന്ന് കുറച്ച് ഞാന്‍ പിറകോട്ട് നോക്കിയപ്പോഴേക്കും  ആ ശബ്ദത്തിന്റെ ഉടമ കിതച്ച് കൊണ്ട് അടുത്തെത്തി കൂടെ നടക്കാന്‍ തുടങ്ങിയിരുന്നു.

'അല്ലാ, ഇങ്ങളെങ്ങോട്ടാ? കുമാരസ്വാമീന്റെ ആടേക്കാ?'

ഞാന്‍ അതേയെന്ന് മൂളി. 

'ന്നാ പിന്ന, ആ മുക്ക്-ന്ന് ഒരു ഓട്ടോര്‍ഷ വിളിച്ചൂടായ്നോ?'

'അത് സാരമില്ല. നടക്കാനുള്ള ദൂരമല്ലേ ഉള്ളൂ?'

എന്റെ മറുപടി വയസ്സന് ബോധിച്ചെന്ന് തോന്നി. 

'ആ, ശരിയാ, നടക്കാനുള്ളതേ ള്ളൂ. അല്ലേലും, ഇയ്യ ഓട്ടോ ഒക്കെ എപ്പളാ വന്നത്. കുമാരസ്വാമി ആയേ പിന്നല്ലേ?'

ഞാന്‍ മൂളി.

'ഓന്‍ സാമി ആയേല്‍ പിന്നെ നാടിനൊക്കെ ഒരു വികസനം വന്നു. ഹോട്ടല്‍ വന്നു, സൂപ്പര്‍മാര്‍ക്കറ്റ് വന്നു. ഇപ്പൊ ടൌണ്‍ന്ന് ഇവ്വഴി പത്ത് മിനുട്ട് കൂടുമ്പോ ബസ്സുണ്ട്. കുമാരസ്വാമി ഒരു സംഭവം തന്ന്യാ.'

'ഓ, ഇതൊക്കെ വരാന്‍ സ്വാമി വേണമെന്നൊന്നുല്ല. നാലഞ്ച് സ്ഥലത്ത് വാറ്റ് തുടങ്ങിയാല്‍ മതി. അല്ലേല്‍, നല്ലൊരു വേശ്യാലയം'

വേണമെങ്കില്‍ കേള്‍ക്കട്ടെ എന്ന മട്ടില്‍ ഞാന്‍ സ്വയം പറഞ്ഞു. എന്റെ സംസാരം കേട്ട് വയസ്സന്‍ ഒന്ന് അന്ധാളിച്ചു. അത് കണ്ട് രസം തോന്നിയപ്പോള്‍ ഞാന്‍ ബാക്കി കൂടി പറഞ്ഞു. 

'നല്ലൊരു വേശ്യാലയം തുടങ്ങി നോക്ക്. ഇപ്പറഞ്ഞതിന്റെ രണ്ടിരട്ടി വികസനം ഇവിടെ ഉണ്ടാകും. വല്യച്ഛന്‍ ഒന്ന് ട്രൈ ചെയ്യുന്നോ?'

വയസ്സന്‍ നിയന്ത്രണം വീണ്ടെടുത്തു. 

'അ,അ, ആ... അതാപ്പോ കഥ ! അല്ലാ, ഇഞ്ഞിയേതാ? ഏടോ കണ്ട് പരിചയണ്ടല്ലോ?'

പത്തരക്കണ്ടിയില്‍ നിന്ന് കുറേ കൊല്ലം മുമ്പ് നാട് വിട്ട് പോയ കെ.സി.എന്‍. കുഞ്ഞമ്മദ് ആണെന്റെ ബാബ എന്ന കാര്യം ഞാന്‍ വയസ്സനോട് വെളിപ്പെടുത്തി. 

'ആ, അങ്ങനെ പറയ്. അതല്ലേ ഈ വര്‍ത്താനം. ഇഞ്ഞും വാപ്പാനെ പോലെ നിരീശ്വരവാദിയാ? മ്മ്, ഇനീപ്പോ കുമാരസ്വാമീനെ യുക്തിവാദം പറഞ്ഞ് പേടിപ്പിച്ച് ഇവിടന്ന് ഓടിക്കാനുള്ള പരിപാടിയാണോ?'

വയസ്സന്‍ ചോദിച്ചു. ഞാന്‍ ചിരിച്ച് അല്ലായെന്ന് പറഞ്ഞു. വലത്തോട്ട് വഴി തെറ്റി പോകുമ്പോള്‍ വയസ്സന്‍ എന്നെ വിശ്വസിച്ചതായി തോന്നിയില്ല.  

ഒറ്റയ്ക്കുള്ള നടത്തം തുടരുന്നതിനിടയില്‍ രണ്ടാമതും ഒരു വിളി കേട്ടു. അത് കീശയില്‍ നിന്നുമായിരുന്നു. കൂടെ വരാമെന്ന് പറഞ്ഞ അരവിന്ദന്‍ അരമണിക്കൂറിനുള്ളില്‍ പത്തരക്കണ്ടി എത്തിക്കോളാമെന്ന് പറഞ്ഞ് വിളിച്ചതാണ്. 

ഞാന്‍ വഴി പറഞ്ഞു കൊടുത്ത് ഫോണ്‍ വെച്ചപ്പോഴേക്കും കുമാരസ്വാമിയുടെ വീടിന് അടുത്തെത്തിയിരുന്നു. നേരെ മുന്നില്‍ കാണുന്ന ഒഴിഞ്ഞ പറമ്പ് കയറിയാല്‍ കുമാര സ്വാമിയുടെ വീടിന്റെ പിന്നിലെ മുറ്റത്തേക്ക് കയറാം. അരവിന്ദന്‍ വണ്ടി കൊണ്ട് വരുമ്പോള്‍ നിര്‍ത്തിയിടാന്‍  പറ്റിയ സ്ഥലം ആയിരുന്നു ആ പറമ്പ്. ഞാന്‍ പറമ്പിലേക്കുള്ള വഴിയില്‍ കയറി നിന്ന് വാട്‌സ് ആപ്പില്‍ കറന്റ് ലൊക്കേഷന്‍ ക്രമപ്പെടുത്തി അരവിന്ദന് അയച്ചു കൊടുത്തു. കൂടെ വണ്ടി പാര്‍ക്ക് ചെയ്യേണ്ട ഇടം എന്നൊരു വോയ്സ് മെസേജും അയച്ചു. നീല ടിക് തെളിഞ്ഞപ്പോള്‍ ഞാന്‍ നേരായ വഴിയിലൂടെ നടന്ന് കുമാരസ്വാമിയുടെ വീടിന്റെ ഉമ്മറഭാഗത്തേക്ക് കയറിച്ചെന്നു. 

സന്ദര്‍ശകര്‍ക്കുള്ള പാര്‍ക്കിങ് സ്ഥലവും ഓട്ടോ വന്നാല്‍ തിരിക്കാനുള്ള സൗകര്യവുമൊക്കെ അവിടെ ഉണ്ടായിരുന്നു. മുറ്റത്ത് ഒരുഭാഗത്ത് അലുമിനിയും ഷീറ്റിട്ട് തണലൊരുക്കിയിരിക്കുന്നു. ആ തണലില്‍ കാത്തിരിക്കാനുള്ള കസേരകളില്‍ അഞ്ചാറു പേരുണ്ടായിരുന്നു. 

'സ്വാമിയെ കാണാന്‍ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ എടുക്കണം. ദാ അവിടെ'
 
ഞാന്‍ വന്ന അതേ ബസ്സില്‍ വന്നിറങ്ങിയ ഒരു അമ്മാവന്‍ പരിചയഭാവത്തില്‍ തലയാട്ടിക്കൊണ്ട് നവാഗതനെ സഹായിക്കാനായി പറഞ്ഞു. ഞാന്‍ കൗണ്ടറില്‍ നിന്നും ടോക്കണെടുത്ത് ഒഴിഞ്ഞ ഒരു മൂലയ്ക്ക് പോയിരുന്നു.
സ്വാമിയാകും മുന്നേയുള്ള  കുമാരന്‍, ബാബയുടെ ബാല്യകാല സുഹൃത്താണ്.  

എന്റെ ഏറ്റവും പുതിയ പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ ബാബ തന്നെയാണ്, കുമാര സ്വാമിയെ വന്ന് കാണാന്‍ ഉപദേശിച്ചത്.  യുക്തിവാദിയും, ഇടതുപക്ഷ ബുദ്ധിജീവിയുമായ ബാബ എന്താണ് ഉദ്ദേശിച്ചതെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായതേ ഇല്ല. അതൊരു ചോദ്യമാക്കി തൊടുത്തപ്പോള്‍ ബാബ പറഞ്ഞു. 

'അതെന്ത് യുക്തി വെച്ച് എക്‌സ്പ്ലയിന്‍ ചെയ്യണമെന്ന് എനിക്കറിയില്ല. കുമാരന് അങ്ങനൊരു കഴിവ് പണ്ടേയുണ്ട്. നമ്മുടെ പോള്‍ നീരാളിയെ പോലെ. പ്രവചനങ്ങള്‍ പലതും, തൊണ്ണൂറ്റൊമ്പത് ശതമാനവും ശരിയാകും. എന്റെ കാര്യം നിനക്കറിയാവുന്നതല്ലേ?'

ഉദാഹരണമായി ബാബ പറഞ്ഞ രണ്ട് കാര്യവും എനിക്കറിയാവുന്നത് തന്നെ ആയിരുന്നു. കിട്ടുമെന്ന് നൂറ് ശതമാനം ഉറപ്പിച്ച ജോലി, ബാബയ്ക്ക് കിട്ടില്ലെന്ന് ഒരു മയവുമില്ലാതെ പറഞ്ഞ ഒരേ ഒരു പത്തരക്കണ്ടിക്കാരന്‍ കുമാരന്‍ ആയിരുന്നു. അടുത്തുള്ള ഒരു എയ്ഡഡ് സ്‌കൂളിലെ ക്ലാര്‍ക്ക് ജോലി ആയിരുന്നു അത്. ഇന്റര്‍വ്യൂ കഴിഞ്ഞ് മാനേജ്‌മെന്റിന് കൊടുക്കാനുള്ള മുഴുവന്‍ പണവും കൊടുത്ത് ആദ്യ ജോലി ദിവസം സ്‌കൂളിലേക്ക് ചെന്ന ബാബയെ മാനേജര്‍ എന്തൊക്കെയോ ന്യായം പറഞ്ഞ് പറഞ്ഞു വിട്ടു. അങ്ങനെ കുമാരന്റെ പ്രവചനം സത്യമായി. 

ഇതേ ബാബയ്ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഗവണ്മെന്റ് ജോലി കിട്ടിയതും, കുമാരന്‍ പ്രവചിച്ച സ്ഥലത്ത് പറഞ്ഞ സമയത്ത് തന്നെയായിരുന്നു. ആ ജോലിക്ക് ശ്രമിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ് മടിച്ചിരുന്ന ബാബയെകൊണ്ട് ജോലിയ്ക്ക് അപേക്ഷിപ്പിച്ചതും ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ചതും കുമാരന്‍ ഒറ്റ ഒരാളുടെ നിര്‍ബന്ധം ആയിരുന്നു.

പിന്നീട്, ഞങ്ങള്‍ പത്തരക്കണ്ടി വിട്ടു. ബാബയും കുമാരനും തമ്മില്‍ കാണുന്നതും വളരെ വിരളമായി. 2008-ല്‍ കൂത്താട്ടുകുളത്തെ ഒരു കണ്ണാശുപത്രിയില്‍ ആയുര്‍വേദ ചികിത്സ നടത്തുന്നതിനിടയിലാണ് കുമാരന്‍ സ്വാമി ആയി മാറിയ കഥ ബാബ അറിയുന്നത്. അന്ന് കൂടെ ഉണ്ടായിരുന്ന സുധന്‍ തന്റെ ദൈവങ്ങളുടെ കൂട്ടത്തില്‍ കുമാരസ്വാമിയുടെയും ചിത്രം ചന്ദനത്തിരി കത്തിച്ച് പൂജിച്ചിരുന്നു. കളിക്കൂട്ടുകാരന്റെ ഫോട്ടോ ദൈവങ്ങള്‍ക്കിടയില്‍ നിന്നും മങ്ങിയ കാഴ്ചയിലും ബാബ തിരിച്ചറിഞ്ഞു. കാഴ്ച കിട്ടാന്‍ സാധ്യത തീരെയില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും, കുമാരസ്വാമി പ്രവചിച്ചു എന്ന ഒറ്റക്കാരണത്തില്‍ ആയിരുന്നു സുധന്‍ അവിടെ ചികിത്സ തുടര്‍ന്നിരുന്നത്. 

'ടോക്കണ്‍ നമ്പര്‍ മുപ്പത്തിയെട്ട്'

കൗണ്ടറില്‍ നിന്നും എന്റെ നമ്പര്‍ ഉറക്കെ വിളിച്ചു. ഞാന്‍ ചിന്തകളെ വിട്ട് കുമാരസ്വാമിയെ കാണാനായി അകത്തേക്ക് കയറി. പ്രതീക്ഷിച്ചപോലെ വെളിച്ചത്തെയും ഇരുട്ടിനെയും വിദഗ്ധമായി ഉപയോഗിച്ച് മുറിയില്‍ ഭക്തര്‍ക്ക് വേണ്ടിയുള്ള ആമ്പിയന്‍സ് ഒരുക്കിയിരുന്നു. എണ്ണ കരിഞ്ഞ മണവും പുകയും ശ്വാസം മുട്ടലുണ്ടാക്കുന്നോ എനിക്കൊരു സംശയം തോന്നി.

ബാബയുടെ കുമാരന്‍, കുമാര സ്വാമി ആയപ്പോള്‍ കാര്യമായ മാറ്റമൊന്നും  സംഭവിച്ചിരുന്നില്ല.  പക്ഷേ, പണ്ടുണ്ടായിരുന്ന ചുരുണ്ട താടിയും, കട്ടി മീശയും  ഇല്ലാതെ ആയിരുന്നു. നര കയറിയപ്പോള്‍ ബാബയും മീശയും താടിയും സ്ഥിരമായി ഷേവ് ചെയ്ത് തുടങ്ങിയത് ഞാനോര്‍ത്തു. 

മുറിയുടെ നടുവിലായി സ്ഥാപിച്ച സിംഹാസന സമാനമായ ഒരു കസേരയില്‍ ആയിരുന്നു കുമാര സ്വാമി ഇരുന്നത്. ഇടത്തെ കാല് മാത്രമേ നിലത്ത് വെച്ചിട്ടുള്ളൂ.  വലത്തേ കാല് മടക്കി ഇടത്തെ തുടയ്ക്ക് താഴെയായി വെച്ച് കൈകള്‍ രണ്ടും നെഞ്ചില്‍ വെച്ച് മന്ത്രങ്ങള്‍ ഉരുവിടുന്നു. കണ്ണുകള്‍ അടഞ്ഞിരുന്നു. കാലിന് തൊട്ട് താഴെയായി വിരിച്ച പായ ഭക്തര്‍ക്കുള്ള ഇരിപ്പിടമായിരുന്നു. വിനീത വിധേയ ദാസനെ പോലെ ഞാനവിടെ പോയിരുന്നു.  എന്റെ സാന്നിധ്യമറിഞ്ഞപ്പോള്‍ സ്വാമി കണ്ണുകള്‍ പാതി തുറന്നു. 

'പറയൂ മകനേ..'

പഴയ കൂട്ടുകാരന്റെ മകനാണെന്ന് തിരിച്ചറിഞ്ഞില്ലല്ലോ എന്നറിഞ്ഞപ്പോള്‍ എനിക്കിത്തിരി ആശ്വാസം തോന്നി. ഞാന്‍ പറഞ്ഞു തുടങ്ങി, 'സ്വാമീ, എന്റെ പേര് .....'

'പേരില്‍ എന്തിരിക്കുന്നു മകനേ, എല്ലാം സ്വാമിയുടെ മക്കളല്ലേ? നിന്റെ മനോമുകടത്തില്‍ സ്ഫുലം ചെയ്യുന്ന സമസ്യകള്‍ മൊഴിഞ്ഞാലും'

മനോമുകുരം ആണോ ഉദ്ദേശിച്ചതെന്ന് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നെ, വേണ്ടെന്ന് വെച്ചു. അല്ലെങ്കില്‍  സ്ഫുലം ചെയ്യലും സമസ്യയും കൂടി എന്താണെന്ന് ചോദിക്കേണ്ടി വരും. സാധാരണ സ്വാമിമാര്‍ അത്തരം ചോദ്യങ്ങള്‍ അത്രയ്ക്കങ്ങ് പ്രോത്സാഹിപ്പിക്കാറില്ല എന്നാണ് കേട്ടിരിക്കുന്നത്. ഞാനെന്റെ മനോമുകുടത്തില്‍ കെട്ടിക്കൊണ്ടു വന്ന പ്രശ്‌നങ്ങളുടെ ഭണ്ഡാരം സ്വാമിയ്ക്ക് മുന്നില്‍ തുറന്ന് കുടഞ്ഞിട്ടു.  

ഞാനടക്കമുള്ള മൂന്ന് പേര്‍, ഒരേ കോളേജില്‍ പഠിച്ച് ഒരേ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത പോരുകയായിരുന്നു. പഠിക്കാനെടുത്ത വായ്പയൊക്കെ അടച്ച് കഴിഞ്ഞപ്പോള്‍ ചെയ്ത് കൊണ്ടിരുന്ന ജോലി മൂന്ന് പേര്‍ക്കും മടുത്തു. ഇനിയെന്ത് ചെയ്യും എന്ന ചിന്തയില്‍, നഗരത്തിലൊരു ചായക്കട തുടങ്ങാന്‍ തീരുമാനമായി.  കൂട്ടുകാര്‍ മൂന്ന് പേരുടെയും സങ്കല്‍പ്പത്തിന് അനുസരിച്ചൊരു കട തുടങ്ങാന്‍ ഇത്തിരി മുതല്‍ മുടക്ക് വേണ്ടി വരും. ഇത് വരെയുമുണ്ടാക്കിയ സമ്പാദ്യമൊക്കെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവായി അലിഞ്ഞുപോയതിനാല്‍ മൂന്ന് പേരുടെയും കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. അപ്പോഴാണ് മൂന്നാമത്തെ ആള്‍, സംഘത്തിലെ ഏക പെണ്‍കുട്ടി ഒരു വഴി പറഞ്ഞത്.  തന്റെ അച്ഛന്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ഒരു വലിയ ലക്ഷാധിപതിയായി മാറിയിരുന്നു. ഇപ്പോള്‍ വീട്ടിലേക്ക് പണത്തിന്റെ ഒഴുക്കാണ്. ബാങ്ക്, ആദായ നികുതി വകുപ്പ് തുടങ്ങിയവ ഒക്കെ ആര്‍ഭാടമായി കരുതുന്നതിനാല്‍ സമ്പാദ്യമൊക്കെയും വീട്ടിലെ രഹസ്യ അറയില്‍ വെച്ചിരിക്കുകയാണ്. ആറ്റില്‍ കളഞ്ഞാലും മന്‍മോഹന് കൊടുക്കില്ല എന്നായിരുന്നു അങ്ങേരുടെ ഒരു ഇത്. മകള്‍ക്ക് പോലും ഒരായിരം രൂപ തികച്ച് കൊടുക്കില്ല. അത്രയ്ക്ക് പിശുക്കനും. അതിനാല്‍ തന്നെ, ഞങ്ങളുടെ സംഘത്തിലെ മൂന്നാമത്തെ ആള്‍, ആ പണം എങ്ങനെയെങ്കിലും അടിച്ചു മാറ്റാന്‍ റെഡിയാണ്. പക്ഷേ, പണം ഒളിപ്പിച്ച് വെച്ച അറ ഏതെന്നോ, അതിന്റെ താക്കോല്‍ എവിടെയെന്നോ ഒരു സൂചനയും ഇല്ല. പരമ രഹസ്യം. 

'എവിടെയാണ് ആ അറ? അത് തുറക്കാനുള്ള താക്കോല്‍? സ്വാമിയൊന്ന് പറഞ്ഞു തരണം.'

ഞാന്‍ കുമാരസ്വാമിയുടെ കാലില്‍ വീണു. 

സ്വാമി കണ്ണുകള്‍ അടച്ചു. അര മിനിറ്റ് കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ തുറന്ന് ചോദ്യ ഭാവത്തില്‍ എന്നെ ഒന്ന് നോക്കി. 

'കുട്ടിയുടെ അച്ഛന്റെ ജോലി?'

'അത് ... ചെറുതായി ഇല്ലീഗല്‍ ആണ് എന്നല്ലാതെ ശരിക്കും എന്താണെന്ന് അറിയില്ല'

'മ്....' സ്വാമി ധ്യാനത്തിലേക്ക് മടങ്ങി ഇത്തിരി കഴിഞ്ഞ് തിരിച്ച് വന്നു. 
 
'എത്ര വയസ്സുണ്ട്?'

'അവള്‍ എന്റെ പ്രായം. ഇരു...'

'കുട്ടിയുടെ അച്ഛന്?'

'ഓ, സ്വാമിയുടെ പ്രായം കാണും സ്വാമി '

'ഹഹ, സ്വാമിയുടെ പ്രായം കണക്കാക്കാന്‍ സാധിക്കില്ല മകനേ.'

'ഓ, ഒരു അറുപത്, അറുപത്തഞ്ചിന് ഇടയില്‍'

'മ്....' സ്വാമി ധ്യാനത്തിലേക്ക് ദേ പോയി, തിരിച്ച് ദേ വന്നു. 

'വീട് എങ്ങനെ? പുതിയതാണോ?'

'പുതിയതല്ല. ഓടിട്ട പഴയ വീടാണ്. പക്ഷെ, മുന്നിലും പിന്നിലുമൊക്കെ കോണ്‍ക്രീറ്റ് ഇട്ട ചില ഏച്ചു കെട്ടലുകളുണ്ട്'

'മ്....' വീണ്ടും മൗനം. 

'ഞാന്‍ പറയാം. രണ്ടിടങ്ങളിലാണ് സാധ്യത. ഒന്ന്, പുതിയതായി വാങ്ങിയ ഒരു അലമാര. അതില്‍ അത്ര പെട്ടെന്നൊന്നും കാണാത്ത രഹസ്യ അറയില്‍. മറ്റൊരു സാധ്യത, പുതിയതായി പണിത ഒരു മുറിയില്‍. മിക്കവാറും തറയില്‍ പതിച്ച ടൈല്‍സിന്റെ അടിയിലായി രഹസ്യ അറ ഒരുക്കിയിരിക്കും. പുതിയതായി പണിത മുറിയില്ലെങ്കില്‍, ഈയിടെ നവീകരിച്ച എന്തെങ്കിലും ഒരു കെട്ടിടഭാഗം. മകന് മനസ്സിലായോ?'

'മനസ്സിലായി സ്വാമി, ഞാനിതൊന്ന് ഫോണില്‍ നോട്ട് ചെയ്യട്ടെ'

ഞാന്‍ വേഗം മൊബൈല്‍ ഫോണ്‍ എടുത്ത് സ്വാമി പറഞ്ഞ സ്ഥലങ്ങള്‍ ഒരു മെസേജിലാക്കി ഞങ്ങള്‍ മൂന്ന് പേരും കൂടിയുള്ള ത്രീ ലിക്വിഡ്സ് ഇന്‍ വണ്‍ ബോട്ടില്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.  

'സ്വാമി, താക്കോല്‍?'

'പണം ഒളിച്ചു വെച്ച ഇടമാണ് മകനേ പരമ രഹസ്യം. അതറിഞ്ഞാല്‍ അല്ലേ താക്കോല്‍ കിട്ടിയത് കൊണ്ട് കാര്യമുള്ളൂ.? അതിനാല്‍ താക്കോല്‍ നിങ്ങളുടെ കാഴ്ച സാധ്യമായിടത്ത് തന്നെയുണ്ടാകും.'

'അപ്പോള്‍ താക്കോല്‍, വീട്ടിലെ മറ്റു താക്കോലുകളുടെ കൂടെ തന്നെ കാണുമായിരിക്കും അല്ലേ?'

എന്റെ ചോദ്യം കേട്ട് അതേയെന്ന അര്‍ത്ഥത്തില്‍ സ്വാമി മന്ദഹസിച്ചു. 

'സമസ്യകള്‍ക്ക് പരിഹാരമായോ മകനേ?' സ്വാമി ചോദിച്ചു. 

'ഒരു കാര്യം കൂടി സ്വാമി. ചോദിക്കണമെന്ന് വിചാരിച്ചതല്ല. പക്ഷേ അതിനുള്ള പരിഹാരവും സ്വാമിക്ക് നല്കാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ തോന്നുന്നു.'

'സ്വാമിയെ പരീക്ഷിക്കുകയാണോ മകനേ?'

'അയ്യോ, സോറി. അങ്ങനെ ഒന്നുമല്ല. അങ്ങനെ കരുതരുത്.'

'എങ്കില്‍ പറയൂ.'

'ഞങ്ങളുടെ കൂട്ടത്തില്‍ രണ്ടാമത്തെ ആള്‍ക്ക് മൂന്നാമത്തെ ആളോട് ചെറിയൊരു പ്രണയമുണ്ട്. അവള്‍ക്ക് തിരിച്ചുമുണ്ട്. കല്ല്യാണം കഴിച്ചാലോ എന്നൊരു പ്‌ളാനുമുണ്ട്. പക്ഷേ, അവളുടെ വീട്ടുകാര്‍ , പ്രത്യേകിച്ച് പണക്കാരന്‍ അച്ഛന്‍ ഇത്തിരി പ്രശ്‌നക്കാരനാ. അച്ഛനെ ഒന്ന് വളച്ചെടുക്കാന്‍ എന്താ വഴി?'

'പരിഹാരം ഉണ്ട് മകനേ, കുമാര സ്വാമി പ്രത്യേകമായി തയ്യാറാക്കിയ ഭസ്മം ആ പ്രശ്‌നക്കാരനായ അച്ഛന് മേലെ തൂവൂ. എല്ലാം ശരിയാവും.'

'മതി, അത് മതി സ്വാമി. ആ ഭസ്മം തരൂ'

എനിക്ക് ആവേശമായി.

'തിരക്ക് കൂട്ടാതെ മകനേ. കൗണ്ടറില്‍ പോയി പണമടയ്ക്കൂ, വിശേഷാല്‍ ക്രിയകള്‍ നടത്തിയ ശേഷം ഭസ്മം നല്‍കുന്നതായിരിക്കും.'

ഞാന്‍ സ്വാമിയേ വണങ്ങി എണീറ്റ് പുറത്തേക്കിറങ്ങി.  ഭസ്മത്തിനുള്ള അയ്യായിരം രൂപയും കണ്‍സള്‍ട്ടേഷന്‍ ഫീസ് മറ്റൊരു അയ്യായിരവും കൗണ്ടറില്‍ അടച്ച് മുമ്പേ ഇരുന്ന ഒഴിഞ്ഞ മൂലയില്‍ പോയി ഇരുന്നു. 

മൊബൈല്‍ നോക്കിയപ്പോള്‍ അരവിന്ദന്റെ മെസേജ് വന്നിരിക്കുന്നത് കണ്ടു. അവന്‍ പത്തരക്കണ്ടിയില്‍ എത്തി നേരത്തെ പറഞ്ഞു കൊടുത്ത പറമ്പില്‍ വണ്ടി പാര്‍ക്ക് ചെയ്ത് എനിക്കായി കാത്തിരിക്കുന്നു. സമയം പിന്നെയും പത്ത് പതിനഞ്ച് മിനിറ്റുകള്‍ കഴിഞ്ഞു. ത്രീ ലിക്വിഡ്സ് ഗ്രൂപ്പില്‍  പെട്ടെന്ന് മൂന്നാമത്തെ ആളുടെ മെസേജ് പ്രത്യക്ഷപ്പെട്ടു. 

'Everything is done'

ഞാന്‍ എണീറ്റ് കൗണ്ടറിലേക്ക് നടന്നു. 

'ചേട്ടാ,സ്വാമിയേ ഒന്ന് കൂടെ കാണണമയിരുന്നു. ഒരു അര മിനിറ്റ് നേരത്തേക്ക് മതി.'

കൗണ്ടറിലിരിക്കുന്ന ആള് ദയാലുവായിരുന്നു. 

'സ്വാമിയുടെ കൂടെ ഒരാളുണ്ട്. ദയവായി ഒന്ന് വെയിറ്റ് ചെയ്യൂ. പിന്നെ, ഇതാ നിങ്ങളുടെ ഭസ്മം തയ്യാറായിട്ടുണ്ട്.'

ഞാന്‍ ഭസ്മപ്പൊതി കയ്യില്‍ വാങ്ങി അവിടെത്തന്നെ നിന്നു. അധികം കഴിയും മുന്നേ, സ്വാമിയുടെ മുറിയില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു. കൗണ്ടറിലെ ആളോട് കണ്ണ് കൊണ്ട് അനുവാദം ചോദിച്ച് ഞാന്‍ സ്വാമിയുടെ മുറിയിലേക്ക് കയറി. നിലത്ത് ഇരിക്കാന്‍ ഒന്നും നില്‍ക്കാതെ ഞാന്‍ കാര്യം പറഞ്ഞു. 

'സ്വാമി താങ്ക്യൂ വെരി മച്ച്. അങ്ങ് പറഞ്ഞതൊക്കെയും ശരിയായി. ഞങ്ങള്‍ക്ക് ആ പണം കിട്ടി'

സ്വാമി വിജയ ഭാവത്തില്‍ മന്ദഹസിച്ചു. അപ്പോള്‍ ഇടത്തെ കവിളില്‍ മാത്രം ഒരു നുണക്കുഴി തെളിഞ്ഞുവന്നു.

പെട്ടെന്ന് ഞാനെന്റെ കയ്യിലെ ഭസ്മപ്പൊതി അഴിച്ച് ഒരു നുള്ള് ഭസ്മം കയ്യിലാക്കി മിന്നല്‍ വേഗത്തില്‍  കുമാര സ്വാമിയുടെ തലയ്ക്ക് മേല്‍ തൂവി.  ആളില്‍ നിന്നും പ്രതികരണം വല്ലതും ഉണ്ടാകും മുന്നേ, ഓടി പുറത്തേക്കിറങ്ങി വീടിന്റെ പിന്‍ ഭാഗത്തേക്ക് ഓടി. അടുക്കള മുറ്റവും, പറമ്പും കടന്ന് സ്റ്റാര്‍ട്ട് ചെയ്ത് വെച്ചിരുന്ന കാറിന്റെ മുന്‍ വാതില്‍ തുറന്ന് അകത്ത് കയറി. ഒട്ടും താമസിക്കാതെ, അരവിന്ദന്‍ വണ്ടി മുന്നോട്ടെടുത്ത് പത്തരക്കണ്ടി മുക്ക് ലക്ഷ്യമാക്കി പാഞ്ഞു. പിന്നെ, ഇടത്തോട്ട് തിരിഞ്ഞ് മെയിന്‍ റോഡില്‍ കയറി. 

ഞങ്ങളെ പിന്തുടര്‍ന്ന് ആരും വരുന്നില്ലെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ പിറകിലെ സീറ്റില്‍ നെഞ്ചുവിരിച്ചിരിക്കുന്ന അതുല്യ പി. കുമാറിനെ നോക്കി. കറുത്ത ബാഗില്‍ അടുക്കിവെച്ച നോട്ടുകെട്ടുകളില്‍ നിന്നും ഒന്നെടുത്ത് എനിക്ക് നേരെ നീട്ടി അവള്‍ വിജയഭാവത്തില്‍ ഒന്ന് ചിരിച്ചു. 

അന്നേരമവളുടെ ഇടത്തെ കവിളില്‍ തെളിഞ്ഞു വന്ന നുണക്കുഴി, ആ ചിരിയുടെ ഭംഗി കൂട്ടി.

click me!