Malayalam Short Story : ബുദ്ധപഥം, റഫീക്ക് പട്ടേരി എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Dec 27, 2022, 6:10 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  റഫീക്ക് പട്ടേരി എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 


ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ നനഞ്ഞ് ഗദ്ഗദപ്പെട്ട് അവള്‍ നില്‍ക്കുകയാണ്. പുറകില്‍ ഒന്നും പറയാനാകാതെ സജലങ്ങളായ കണ്ണുകളെ മഴയിലൊളിപ്പിച്ച് വാക്കുകള്‍ നഷ്ടപ്പെട്ട് അവനും.

അനന്തമായി മഴത്തുള്ളികള്‍ അവര്‍ക്ക് മേല്‍ പൊട്ടിച്ചിതറി. തണുത്ത കാറ്റില്‍ അവളുടെ താടി കൂട്ടിയിടിച്ചു. അവളുടെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്ന് പോയി. അവന്‍ ഓടി വന്ന് അവളെ പിടിച്ച് തൊട്ടപ്പുറത്തെ ഒറ്റപ്പെട്ട തകര ഷീറ്റിന്റെ പുരയിലേക്ക് കൊണ്ടുപോയി. തോളിലെ തോര്‍ത്ത് എടുത്ത് പിഴിഞ്ഞ് അവളുടെ തല തോര്‍ത്തി. ഇപ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒലിക്കുന്നില്ല അവ പെട്ടന്ന് വരണ്ട് പോയത് പോലെ തോന്നി. അവളുടെ മുഖത്ത് ഒരു തരം നിശ്ചയദാര്‍ഢ്യം പ്രകടമായി. പെട്ടന്ന് അവള്‍ അവന്റെ കൈകള്‍ പിടിച്ച് വീണ്ടും മഴയിലേക്കിറങ്ങി. നോക്കത്താ ദൂരം പരന്ന് കിടക്കുന്ന കരിമ്പിന്‍ പാടവും തൊഴിലാളികളുടെ തകര ഷെഡ്ഡുകളും ദൂരെ ഭീമാകാരമായ പഞ്ചസാര ഫാക്ടറിയും ഇരുട്ടില്‍ അവ്യക്തമാണ്. അവള്‍ മഴയിലൂടെ അവന്റെ കയ്യില്‍ മുറുകേ പിടിച്ച് ഉറച്ച കാല്‍വെപ്പുകളോടെ നടന്നു. തണുത്ത് വിറച്ച് കൊണ്ട് അവര്‍ മുന്നോട്ട് നീങ്ങി.

ഏറെ നേരത്തെ നടത്തത്തിനൊടുവില്‍ അവര്‍ കരിമ്പിന്‍ പാടത്തെ നെടുകെ പിളര്‍ന്ന റെയില്‍വേ പാളത്തിലെത്തി, അപ്പോള്‍ മഴ ശമിച്ചിരുന്നു. പരിചിതമായ ഇരുട്ടില്‍ എല്ലാം വ്യക്തമാണ്. പാളത്തില്‍ കയറിയ അവള്‍ കൈ നീട്ടി അവനെ പാളത്തിലേക്ക് കയറ്റി. ഇരുവരും മുഖാമുഖം നോക്കി. ജീവിതത്തിനോടുള്ള അടക്കാനാകാത്ത ആഗ്രഹത്തിന്റെ ദാഹം ഇരുവരുടേയും കണ്ണുകളില്‍ തിരമാല പോലെ അലയടിച്ചു. അവന്റെ ചൂടുള്ള ശരീരത്തെ അവള്‍ ആലിംഗനം ചെയ്തു. പരസ്പരം ചൂട് പകര്‍ന്ന് ഇരു ശരീരങ്ങളും ഒന്നായി.

ലോക്കോ പൈലറ്റ് ഗൗതമന്‍ തീവണ്ടി യുടെ നിയന്ത്രണം സഹായിയെ ഏല്‍പ്പിച്ച് ഒരിക്കല്‍ കൂടി അമ്മയുടെ കത്ത് വായിച്ചു. നാട്ടിലെ ഓരോ വിവരവും വിശദമായി തന്നെ അമ്മ എഴുതി അറിയിക്കും. അമ്മയെ തറവാട്ടില്‍ തനിച്ചാക്കിയതിന്റെ കുറ്റബോധം ഇടയ്ക്ക് ഗൗതമനെ വേട്ടയാടും അപ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ തോന്നും. അതൊരു തോന്നലായി മാത്രം അവശേഷിക്കും. പ്രായം എണ്‍പത് കഴിഞ്ഞിരിക്കുന്നു അമ്മയ്ക്ക്. തറവാട്ടില്‍ അമ്മ തനിച്ചാണ് അത്യാവശ്യ സഹായത്തിന് ദേവൂട്ടിയുണ്ട്. എങ്കിലും മകന്‍ തന്റെ ഒപ്പം വേണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടാകും. ഒരിക്കല്‍ പോലും അമ്മ അങ്ങിനെ പറഞ്ഞിട്ടില്ല. എങ്കിലും ...

അമ്മ എഴുതുകയാണ്

'...... ഇനിയും ഒരു പാട് വായിക്കാനുണ്ട്. കുറ്റവും ശിക്ഷയും വീണ്ടും വായിച്ചു. എത്ര തവണ വായിച്ചു എന്ന് നിശ്ചല്ല്യ. വീണ്ടും വീണ്ടും വായിക്കുന്നു. ഇപ്പോള്‍ വായിച്ചപ്പോളും ഞാന്‍ കരഞ്ഞു. ഇനിയും അനേകം വായിക്കാന്‍ ഉണ്ട് ആയുസ് അനുവദിക്കില്ല എന്ന് ഉറപ്പുണ്ട്. അല്ലെങ്കിലും ആരോഗ്യമില്ലാത്ത ദീര്‍ഘായുസ് ശാപമാണ്. കണ്ണിന് തീരെ വയ്യാതായിരിക്ക്ണു അത് കൊണ്ട് ദീര്‍ഘമായ വായന സാധ്യമാകുന്നില്ല. അത് മാത്രമാണ് ഒരു പ്രയാസം. പിന്നെ അമ്മിണിയുടെ പശുവിന്റെ കറവ വറ്റി രണ്ട് ദിവസമായി പാല്‍ ചായ കുടിച്ചിട്ട്. അത് ചെറുതിലേ ഉള്ള ശീലമാണ്. കുഞ്ഞിമോള്‍ ....' 

പെട്ടന്ന് ഗൗതമന്‍ സഹായിയോട് വേഗത കുറക്കാന്‍ പറഞ്ഞു. തീവണ്ടിയുടെ വേഗത കുറഞ്ഞു. സിഗ്‌നലിന് വേണ്ടിയാണ് വേഗത കുറച്ചത്. തീവണ്ടി വേഗത കുറഞ്ഞ് ഒച്ചിഴയുന്ന പോലെയായി. മഴ മാറിയത് കൊണ്ട് ലൈറ്റില്‍ വളരെ ദൂരം വ്യക്തമാണ്. 

'ട്രാക്കില്‍ ആരോ നില്‍ക്കുന്നു!' സഹായി പറഞ്ഞു.

ഗൗതമന്‍ ചാടി എഴുന്നേറ്റു.

ഗൗതമനും അത് കണ്ടു.

ഇറുകെ പുണര്‍ന്ന് കണ്ണൂകള്‍ അടച്ച് തീവണ്ടി അടുത്തെത്തുന്നതും പ്രതീക്ഷിച്ച് അവര്‍ നിന്നു. പെരുമ്പറകൊട്ട് പോലെ ഇരുവരുടേയും ഹൃദയങ്ങള്‍ താളമിട്ടു. ചെവികള്‍ കൊട്ടിയടക്കപ്പെട്ട് പഞ്ചേന്ദ്രിയങ്ങളും നിശ്ചലമായി! സമയക്രമത്തിന്റെ അനിശ്ചിതത്വം മാത്രം.

ഗൗതമന്‍ വല്ലാത്ത ഒരല്‍ഭുതത്തോടെയാണ് അവരെ നോക്കിയത്. പാളത്തില്‍ ഉറച്ച് പോയ ശില പോലെ പുണര്‍ന്നു നില്‍ക്കുന്ന അവരെ ഗൗതമന്‍ വിളിച്ചു. മറുപടി കാണാതെ ഗൗതമന്‍ കുറേ കൂടി അടുത്ത് വന്ന് അവരെ സ്പര്‍ശിച്ചു. ഒരു ഞെട്ടലോട് കൂടീ അവര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങി വന്നു.

കുറച്ചപ്പുറത്ത് നിറുത്തിയ തീവണ്ടിയിലേക്ക് അവര്‍ ഭീതി പടര്‍ന്ന അമ്പരപ്പോടെ നോക്കി. പിന്നെ ഗൗതമനേയും. അടുത്ത നിമിഷം പെണ്‍കുട്ടി തളര്‍ച്ചയോടെ പുറകിലേക്ക് മറിഞ്ഞു. ചെറുപ്പക്കാരനും ഗൗതമനും മിന്നല്‍ വേഗതയില്‍ അവളെ താങ്ങി. അഴലില്‍ നിന്നും നനഞ്ഞ തുണി ഊര്‍ന്നു വിണ പോലെ അവള്‍ ചെറുപ്പക്കാരന്റെയും ഗൗതമന്റെയും കൈകളിലേക്ക് ...

തീവണ്ടി ഓടിത്തുടങ്ങിയിരുന്നു.

ഗൗതമന്‍ ചുടു ചായ ചെറുപ്പക്കാരനും ചെറുപ്പക്കാരിക്കും നീട്ടി. ദയനീയമായി നോക്കിയതല്ലാതെ അവര്‍ വാങ്ങിയില്ല.

'ഊം ... കഴിക്കു' ഗൗതമന്‍ പറഞ്ഞു.

തീവണ്ടിയുടെ നിയന്ത്രണത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്ന സഹായി ഗൗതമനെ വിളിച്ചു. ഗൗതമന് കാര്യം മനസ്സിലായി. ഗൗതമന്‍ ചായ കപ്പുകള്‍ നിര്‍ബന്ധപൂര്‍വ്വം അവരുടെ കയ്യില്‍ പിടിപ്പിച്ചു. സഹായിയുടെ അടുത്ത് ചെന്ന് എന്തൊക്കെയോ ക്രമീകരണങ്ങള്‍ നടത്തി തിരിച്ച് ചെറുപ്പക്കാരനടുത്ത് വന്ന് ഇരുന്നു.

ഇപ്പോള്‍ തീവണ്ടി താളത്തിനൊപ്പം ഒരേ വേഗതയിലാണ് ഓടികൊണ്ടിരിക്കുന്നത്. മയക്കം വന്ന് നിറയുന്ന സുഖകരമായ ചാഞ്ചാട്ടത്തില്‍ തീവണ്ടി മുന്നോട്ട് നീങ്ങി.

ഇരുവരും ഭീതിതമായ നോട്ടത്തോടെ നിശ്ചലരായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

ഗൗതമന്‍ മന്ദഹാസത്തോടെ അവരെ ധൈര്യപ്പെടുത്തി : 'പേടിക്കണ്ട കഴിച്ചോളൂ'.

പേടിയോടെയാണെങ്കിലും അവന്‍ ഒരിറക്ക് ചൂട് ചായ കുടിച്ച് നോട്ടം കൊണ്ട് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഗൗതമന്റെ മുഖത്തെ മന്ദഹാസം അവളെ അല്‍പം ധൈര്യപ്പെടുത്തി. വിറക്കുന്ന കൈകളോടെ അവള്‍ ചായ കപ്പ് ഉയര്‍ത്തി അല്‍പം കുടിച്ചു. കനത്ത ഭീതിക്കിടയിലും ചൂടുള്ള ചായയുടെ ആസ്വദ്യത അവളുടെ മുഖത്ത് നിന്നും ഗൗതമന്‍ തിരിച്ചറിഞ്ഞു. 

കുറേ നേരത്തെ ഇടപഴകലിന് ശേഷം അവര്‍ക്ക് ഗൗതമനോടുള്ള ഭയം വിട്ടകന്നു. 

ഗൗതമന്‍ അവരെക്കുറിച്ച് അന്വേഷിച്ചു. എന്തിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് ചോദിച്ചപ്പോള്‍ പറയാന്‍ മടികാണിച്ചു. പതുക്കെ പതുക്കെ അവര്‍ സംസാരിക്കാന്‍ തുടങ്ങി. ഹിന്ദിയും മറ്റേതോ ഭാഷയും കലര്‍ന്നതായിരുന്നു അവരുടെ സംസാരരീതി എങ്കിലും ഗൗതമന് കാര്യങ്ങള്‍ മനസ്സിലാകുന്ന വിധം ആ ചെറുപ്പക്കാരന്‍ പറഞ്ഞു കൊണ്ടിരുന്നു.

ഹാരാഷ്ട്രയിലെ വിഭിന്ന ഗോത്രവര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നു അവര്‍ രണ്ട് പേരും. കടിച്ച് കീറാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ട് ഗ്രാമങ്ങള്‍. പതിവ് പോലെ ജാതിയതയായിരുന്നു കാരണം. ദാരിദ്ര്യവും രോഗവും പട്ടിണിയും നിറഞ്ഞ് നില്‍ക്കുമ്പോളും ജാതിയുടെ മഹത്വം ഉയര്‍ത്താന്‍ ഇരു വിഭാഗവും നിരന്തരം കലഹിച്ചു. കുടിവെള്ള സ്രോതസ്സായ അരുവിയ്ക്ക് വേണ്ടി യുദ്ധസമാനമായ ലഹളകള്‍ പതിവായിരുന്നു. വിദ്യഭ്യാസം തികച്ചും അന്യമായിരുന്നു അവര്‍ക്ക്.

ഒരു ദിവസം,

വിശപ്പ് അസഹ്യമായ പകലില്‍ ഭാഗ്യപരീക്ഷണത്തിനായി ചെത്തിമിനുക്കിയ കുന്തവുമായി അവന്‍ വേട്ടയ്ക്കായി കാടുകയറി. അരുവിക്കരികിലായ് ഒരു മരത്തിന് പുറകില്‍ അവന്‍ കാത്തിരുന്നു. അരുവിയിലേക്ക് വെള്ളം കുടിക്കാന്‍ ഏതെങ്കിലും മൃഗം കടന്നു വരുന്നതും കാത്ത്. പക്ഷേ, നിര്‍ഭാഗ്യമാകാം അങ്ങിനെ ഒന്ന് സംഭവിച്ചില്ല. സമയം പിന്നെയും മുന്നോട്ട് നീങ്ങി. അപ്പോളാണ് കുറച്ച് അകലെ നിന്ന് ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്.ആദ്യം ഒന്നമ്പരന്നെങ്കിലും പെടുന്നനെ ശബ്ദം കേട്ട ദിശയിലേക്ക് അവന്‍ കുതിച്ചു. പക്ഷേ, പിന്നീട് ശബ്ദമൊന്നും കേട്ടില്ല. ശബ്ദത്തിന്റെ കൃത്യമായ ഉറവിടം അറിയാതെ അവന്‍ കാതുകള്‍ കൊണ്ട് സൂക്ഷ്മമായി പരതി. കാടിന്റെ നിരവധി ശബ്ദങ്ങള്‍ക്കിടയില്‍ നിന്നും ഒരു ഞരക്കം അവന്‍ തിരിച്ചറിഞ്ഞു. വേഗത്തില്‍ അങ്ങോട്ട് നീങ്ങി. അവിടെ ഉയര്‍ന്നു വളര്‍ന്ന പുല്ലുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി കമിഴ്ന്നു കിടക്കുന്നു.

'അത് ... അത് ആരായിരുന്നു ?' ഗൗതമന്‍ ആകാംക്ഷയോടെ ചോദിച്ചു.

അവന്‍ അവളെ നോക്കി. അവളുടെ മുഖത്ത് ക്ഷീണിച്ച് വരണ്ട ഒരു ചിരി പരന്നു.

അത് അവളായിരുന്നു എന്ന് ഗൗതമന് മനസ്സിലായി. 'പിന്നെ, എന്ത് സംഭവിച്ചു...' ഗൗതമന്‍ ചോദിച്ചു.

വിശപ്പ് തന്നെ ആയിരുന്നു അവളുടേയും ദുര്‍വിധി അത് അസഹ്യമായപ്പോള്‍ അവളും കാട്കയറിയതായിരുന്നു. അരുവിയില്‍ നിന്നും വെള്ളം കൊണ്ട് വന്ന് മുഖത്ത് തെളിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നു. അവള്‍ക്ക് കുടിക്കാന്‍ അവന്‍ വെള്ളം നല്‍കി. തൊട്ടടുത്ത് നിന്ന് ലഭിച്ച ചില പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ നല്‍കി. അവന്റെ പ്രവര്‍ത്തനങ്ങളില്‍ സ്‌നേഹലാളനകള്‍ ഉണ്ടായിരുന്നു. അത് ഏറ്റവും ആസ്വാദ്യകരവും സുരക്ഷിതത്വവും നിറഞ്ഞതായിരുന്നു എന്ന് അവള്‍ തിരിച്ചറിഞ്ഞു. വൈകാതെ അവരാ അപകടം മനസ്സിലാക്കി. വൈരികളായ രണ്ട് ഗോത്രങ്ങളില്‍ പെട്ടവരാണ് തങ്ങള്‍ എന്ന്. എന്നിട്ടും കാട്ടില്‍ വെച്ച് അവര്‍ പരസ്പരം കണ്ടുമുട്ടി. അവനെന്ന സുരക്ഷിതത്വത്തിലേക്ക് അവള്‍ ആഴത്തില്‍ പടര്‍ന്നു കയറി. അധികം വൈകാതെ ഗ്രാമങ്ങളില്‍ വാര്‍ത്ത പരന്നു. ഇനി ഗ്രാമസഭയും കനത്ത ശിക്ഷകളുമായിരിക്കും എന്ന് അവര്‍ക്ക് മനസ്സിലായി. 

ജീവന്‍ കയ്യില്‍ പിടിച്ച് അലഞ്ഞ ദിവസത്തിന്റെ വേദനയുടെ കണ്ണീര്‍ ഇരുവരുടേയും കവിള്‍ തടത്തില്‍ ഗൗതമന്‍ കണ്ടു. വല്ലാത്ത അല്‍ഭുതത്തോടെയാണ് ഗൗതമന്‍ അവരെ നോക്കിയത്.

സഹ ലോക്കോ പൈലറ്റ് ഗൗതമനെ വിളിച്ചു .ഗൗതമന്‍ നോക്കി സ്റ്റേഷന്‍ അടുക്കുകയാണ്. ഗൗതമന്റെ  ഡ്യൂട്ടി ആ സ്‌റേറഷനില്‍ തീരുകയാണ്. അവിടം മുതല്‍ തീവണ്ടിയുടെ നിയന്ത്രണം മറ്റൊരാള്‍ ഏറ്റെടുക്കും.

പകല്‍ ജനസമുദ്രമാകുന്ന തെരുവ് നിര്‍ജ്ജീവമാണ്. അപൂര്‍വ്വം കച്ചവടക്കാരും ചില ടാക്‌സിക്കാരും മാത്രം. തെരുവിലൂടെ ഗൗതമന്റെ കൂടെ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും നടന്നു. അവരെ അല്‍ഭുതപ്പെടുത്തുന്ന ഒരു ലോകമായിരുന്നു അത്. ഒപ്പം അല്‍പം ഭയവും. എന്നാലും ഗൗതമന്റെ പുറകെ നടക്കുമ്പോള്‍ അച്ഛന്റെ കൈ പിടിച്ച് ഉല്‍സവം കാണാന്‍ പോകുന്ന കുട്ടിയുടെ മനോധൈര്യവും സുരക്ഷിതത്വവും അനുഭവിക്കുന്ന പോലെ എന്തോ ഒന്ന് അവരില്‍ പ്രകടമായിരുന്നു. ഗൗതമന്‍ പോകുന്നതിനിടയില്‍ ഒരു വസ്ത്രവ്യാപാരിയുടെ കടയുടെ മുന്നില്‍ നിന്നു. 

'ഭായി സബ് ഇവര്‍ക്ക് ആവശ്യമായ കുറച്ച് ജോഡി ഡ്രസ്സ് വേണം' ഗൗതമന്‍ പറഞ്ഞു.

വെളുത്ത പഞ്ഞികെട്ട് പോലെ നീണ്ട താടിയുള്ള വസ്ത്ര വ്യാപാരി ചിരിയോട് കൂടീ അവരെ സ്വാഗതം ചെയ്തു.

ആദ്യം വിസമ്മതിച്ചെങ്കിലും മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറണ്ടേ എന്ന് ഗൗതമന്‍ ചോദിച്ചപ്പോള്‍ രണ്ട് പേരും തലയാട്ടി.

ഗോള്‍ഡന്‍ ടവര്‍ ഫ്‌ലാറ്റിന്റെ ലിഫ്റ്റിനായി ബട്ടണ്‍ അമര്‍ത്തി ഗൗതമന്‍ കാത്തു നിന്നു, കൂടെ അവരും. ഗൗതമന്‍ അവരെ ശ്രദ്ധിക്കുകയായിരുന്നു. മനുഷ്യര്‍ക്ക് ഇങ്ങനേയും ദുര്‍ബലരാകാന്‍ കഴിയുമോ?  പട്ടിണിയും ധാരിദ്ര്യവും. ലോകം സുഖലോലുപതയിലേക്ക് കുതിക്കുമ്പോള്‍, ശാസ്ത്രം അതിന്റെ മഹായാനം നടത്തുമ്പോള്‍ ഇനിയും ബുദ്ധി ഉപയോഗിക്കാത്ത ദുര്‍ബലരായ കുറേ മനുഷ്യര്‍! 

ഗൗതമന്റെ ചിന്തയെ മുറിച്ച് ലിഫ്റ്റിന്റെ ഡോര്‍ തുറന്നു. ഗൗതമന്‍ അകത്തേക്ക് കയറി. സംശയിച്ച് നില്‍ക്കുന്ന അവരോട് കയറാന്‍ പറഞ്ഞു. ഗൗതമന്‍ പതിനൊന്ന് എന്ന നമ്പര്‍ അമര്‍ത്തി. ലിഫ്റ്റ് മുകളിലേക്ക് കുതിച്ച്. പെട്ടന്ന് ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വീഴാന്‍ പോയി. ഗൗതമന്‍ അവരെ പിടിച്ചു.

നൂറ്റി രണ്ടാം നമ്പര്‍ ഫ്‌ലാറ്റിലേക്ക് കയറിയ ഗൗതമന്റെ പുറകെ അവരും പ്രവേശിച്ചു. രണ്ടു പേരും ചുറ്റും നോക്കി മായാലോകത്ത് എത്തിയ പ്രതീതിയായിരുന്നു അവര്‍ക്ക്. ഗൗതമന്‍ ലൈറ്റുകള്‍ ഓണ്‍ ചെയ്തു. വലിയ കര്‍ട്ടന്‍ നീക്കിയപ്പോള്‍ താഴെ നിദ്രയിലാണ്ട നഗരത്തിന്റെ കാഴ്ച ഗ്ലാസിലുടെ അവര്‍ കണ്ടു. ഒരു ബെഡ് റൂം തുറന്ന് അതിന്റെ ബാത്ത് റൂം കാണിച്ച് കൊടുത്ത് അവരോട് കുളിക്കാന്‍ പറഞ്ഞു. അമ്പരപ്പ് വിട്ട് മാറാതെ അവര്‍ തലയാട്ടി.

കുളി കഴിഞ്ഞ് വസ്ത്രം മാറി പുതിയ ജന്മത്തിലേക്ക് പ്രവേശിക്കുന്ന പോലെ രണ്ടു പേരും ഹാളിലേക്ക് കടന്ന് വന്നു. അവിടെ ഗൗതമന്‍ കാപ്പിയും ബ്രഡ്ഡും കഴിക്കുകയായിരുന്നു. അവര്‍ക്ക് ഉള്ള കാപ്പിയും ബ്രഡ്ഡും അവിടെ എടുത്ത് വെച്ചിരുന്നു. അത് കഴിക്കാന്‍ പറഞ്ഞ് ഗൗതമന്‍ എഴുന്നേറ്റ് കൈകഴുകാന്‍ പോയി. എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നറിയാതെ അവര്‍ ദൈവത്തെ നേരില്‍ കണ്ട പോലെ കൈകൂപ്പിപ്പോയി.

ഗൗതമന്‍ കൈ കഴുകി തിരിഞ്ഞപ്പോള്‍ കണ്ടത് കൈകൂപ്പി നിശ്ചലരായി നില്‍ക്കുന്ന അവരെയാണ്. 

'നിങ്ങളെന്താ ഇങ്ങനെ നില്‍ക്കുന്നത് കഴിക്കു.' ഗൗതമന്‍ പറഞ്ഞു: 'എന്നിട്ട് നമുക്ക് കഥ തുടരണ്ടേ ?'

നിറഞ്ഞ കണ്ണുകളോടെ അവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു.

കര്‍ട്ടന്‍ നീക്കിയ വിശാലമായ ഗ്ലാസിലൂടെ നഗരത്തിന്റെ രാത്രിക്കാഴ്ച മനോഹരമായിരുന്നു.ഗൗതമന്‍ ദൂരെയ്ക്ക് നോക്കി ആലോചിച്ചു. നമുക്ക് ചുറ്റും ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമാണ് പല ജീവിതങ്ങളൂം.

ആകാശത്തിന് നീല നിറമായിരുന്നു. അവിടെ നിറയെ നക്ഷത്രങ്ങള്‍. താഴെ ജീവിതമെന്ന പ്രഹേളിക. അതെ തന്റെ ജീവിതവും ഏറെക്കുറെ അങ്ങനെ തന്നെയല്ലേ ? അമ്മയുടെ കൂടെ കഥകളി കാണാന്‍ തറവാട്ടിലേക്ക് കൊയ്ത്ത് കഴിഞ്ഞ പാടവരമ്പിലൂടെ നടന്നു പോയത് ഇന്നലെ പോലെ തോന്നുന്നു. കാലമെന്നത് ഒരു നീതിയാണ്. എല്ലാം ക്രമീകരിക്കുന്ന മഹാ നീതി. കഴിഞ്ഞ വര്‍ഷങ്ങളത്രയും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. എല്ലാം നൈമിഷികം തന്നെ. ലക്ഷ്യത്തിലെത്താത്ത ഒരമ്പ് പോലെ താന്‍ ഇവിടെ ...


 തീവണ്ടി സമാന്തരങ്ങളിലൂടെ താളം നഷ്ടപ്പെടാതെ നീങ്ങുകയാണ്. ഗൗതമന്‍ കുറേ കാലത്തിന് ശേഷം യാത്രികനായി കൂടെ ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും. ഗൗതമന്‍ അവരെ അപ്പു എന്നും സീത എന്നും വിളിച്ചു. ജീവിതത്തിനോടുള്ള ആസക്തിയും പ്രണയത്തിന്റെ കാന്തികശക്തിയും അതാണ് ഗൗതമന്‍ അവരില്‍ കണ്ടത്.

ഗ്രാമം വിട്ട അപ്പുവും സീതയും കനത്ത യാതനകള്‍ക്ക് ഒടുവില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഒരു ഏജന്റ് വഴി എത്തുകയായിരുന്നു. എങ്ങിനേയും ജീവന്‍ നിലനിര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അത്രയും ദയനീയമായിരുന്നു അവരുടെ അവസ്ഥ. അവിടെ പഞ്ചസാര ഫാക്ടറിയില്‍ അപ്പുവിനും  കരിമ്പ് പാടത്ത് സീതയ്ക്കും ജോലി ലഭിച്ചു. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഇനി ജീവിതം കെട്ടിപ്പടുക്കാം എന്ന് കരുതിയ ഇരുവര്‍ക്കും മുന്നില്‍ മറ്റൊരു ദുരന്തം ഉണ്ടായിരുന്നു. 

ജോലി കഴിഞ്ഞ് കനത്ത ക്ഷീണത്തില്‍ തിരിച്ചെത്തിയ അപ്പുവിനെയും സീതയേയും കാണാന്‍ ഫോര്‍മാന്‍ വന്നു. അപ്പുവിനോടും സീതയോടുമായി ഫോര്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ അവരുടെ ഹൃദയം പിളര്‍ക്കുന്നതായിരുന്നു.

ഒന്നും പറയാന്‍ കഴിയാതെ മിന്നിക്കത്തുന്ന ബള്‍ബിന്റെ പ്രകാശത്തില്‍ ഇരുവരും പ്രതിമ കണക്കെ നിന്നു. 

       'നാളെ ജോലിക്ക് നില്‍ക്കണ്ട, ആള് വരും അവരുടെ കൂടെ ആശുപത്രിയിലേക്ക് പൊയ്‌ക്കോണം'  ഒരു താക്കീത് പോലെ അത്രയും പറഞ്ഞ് അയാള്‍ വണ്ടിയില്‍ കയറി. ഇരുട്ടിലൂടെ ആ പ്രകാശം മുന്നോട്ട് നീങ്ങി.

കിഴക്ക് ആകാശത്ത് കനത്ത മിന്നല്‍ പിണര്‍ പ്രത്യക്ഷപ്പെട്ടു.പുറകെ ശക്തമായ ഇടി മുഴങ്ങി. ഒരു ആരവത്തോടെ മഴയും പെയ്തു തുടങ്ങി. സീത ഒരു തേങ്ങലോടെ അപ്പുവിന്റെ നെഞ്ചിലമര്‍ന്നു. 

ആത്മാവ് പൊള്ളുന്ന വേദനയില്‍ സീത ഗദ്ഗദപ്പെട്ടു.

മരുഭൂയാത്രികന് ദിക്കറ്റ പോലെ അവര്‍ ഭീതിയോടെ വിറച്ചു. തണുത്ത കാറ്റ് അവരേയും പിന്നിട്ട് മുന്നോട്ട് പോയി. പുറകെ മറ്റൊന്ന് കടന്നു വന്നു. 


ഓടികൊണ്ടിരിക്കുന്ന തീവണ്ടിയില്‍ ഗൗതമന് മുന്നില്‍ നിറഞ്ഞ കണ്ണുകളോടെ അപ്പുവും സീതയും ഇരുന്നു.

'എന്തിനാണ് ആശുപത്രിയിലേക്ക് ചെല്ലാന്‍ പറഞ്ഞത്?'  ഗൗതമന്‍ ചോദിച്ചു.

നിറഞ്ഞ് ഒലിച്ച കണ്ണ് തുടച്ച് സീത പറഞ്ഞു: 'കരിമ്പ് പാടത്ത് ജോലി ചെയ്യുന്നവരെല്ലാം ഗര്‍ഭപാത്രം നീക്കം ചെയ്യണമെത്രെ. അതിനാണ് ആശുപത്രിയിലേക്ക് ചെല്ലാന്‍ പറഞ്ഞത്'

'ഹിസ്ട്രക്ടമി?' ഗൗതമന്‍ അല്‍ഭുതപ്പെട്ടു.

'മാസമുറ സമയത്ത് ക്ഷീണം കാരണം ജോലി ചെയ്യാന്‍ കഴിയാതെ വരും അതില്ലാതിരിക്കാന്‍'- അപ്പു പറഞ്ഞു.

അത് പറയാതെ തന്നെ അതിന്റെ ചിത്രങ്ങള്‍ ഗൗതമന്‍ തിരിച്ചറിഞ്ഞു.

'അപ്പോള്‍ അവിടെ ജോലി എടുക്കുന്ന സ്ത്രീകള്‍ എല്ലാവരും .... ?'- ഗൗതമന്‍ ഞെട്ടലോടെ ചോദിച്ചു.

അപ്പുവും സീതയും തലയാട്ടി.

ഗൗതമന്റെ കാലിലൂടെ മരവിച്ച തണുപ്പ് അരിച്ചു കയറി. ഒന്നിനും കഴിയാതെ ജീവച്ഛവമായി കുറേ മനുഷ്യര്‍. 

ശംഖിന്റെ ദുര്‍ബലമായ നാദം കാതില്‍ പതിച്ച പോലെ.ഗൗതമന്‍ കാതോര്‍ത്തു ...  

ബുദ്ധം ശരണം ഗച്ഛാമി ...

ധര്‍മ്മം ശരണം ഗച്ഛാമി ...

ആ മന്ത്രധ്വനികള്‍ ശരീരത്തിലേക്ക് പടര്‍ന്നു കയറുന്നത് ഗൗതമന്‍ അറിഞ്ഞു.

'സാര്‍ ....'
സീത വിളിച്ചു.

അബോധത്തില്‍ നിന്നും ബോധത്തിന്റെ വര്‍ത്തമാനത്തിലേക്ക് ഗൗതമന്‍ തിരിച്ചെത്തി.

'എന്താ സീത?' ഗൗതമന്‍ ചോദിച്ചു.

'ഒന്നും ഇല്ല... '  അവള്‍ വെറുതെ തലയാട്ടി.

ഹൃദയത്തില്‍ എന്തൊക്കെയോ നീറി പടരുന്നു.

തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു തീവണ്ടി കടന്നു പോയി. ഗൗതമന്‍ ഞെട്ടി.

'മോനെ ...' അമ്മ വിളിച്ചു.

അമ്മയുടെ മടിയില്‍ തലവച്ചു അതിന്റെ സുഖശീതളിമയില്‍ കണ്ണടച്ച് കിടന്നിരുന്ന ഗൗതമന്‍ വിളി കേട്ടു.

'ഓ ...'

'പെണ്‍കുട്ടികള്‍ പാവങ്ങളാണ് മോനെ. തലമുടി അല്‍പം വലുതായത് മുതല്‍ വേദന അനുഭവിച്ചു തുടങ്ങും പിന്നെ മോചനമില്ല. വേദനകളുടെ തുടര്‍ച്ചയാണ് അവര്‍ക്ക് ജീവിതം. അത് കൊണ്ട് നമുക്ക് നല്‍കാന്‍ കഴിയുന്ന സന്തോഷങ്ങള്‍ അവര്‍ക്ക് നല്‍കണം. അതിലൊരു പിശുക്ക് കാണിക്കരുത്.

മയക്കത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗൗതമന്‍ മൂളി.

കോടമഞ്ഞ് ഇറങ്ങിക്കിടക്കുന്ന ശുഭ്രമായ ഭൂമികയില്‍ ഗൗതമന്‍ നിന്നു. നോക്കെത്താ ദൂരത്തോളം മഞ്ഞ് മാത്രം. ഗൗതമന്‍ പ്രാര്‍ത്ഥനയിലെന്നവണ്ണം നില്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്തിനെന്നറിയാത്ത വേദനയില്‍ ഗൗതമന്‍ തപിച്ചു. ചുറ്റുമുള്ളവരുടെ ദൈന്യതയും ദു:ഖവും ഗൗതമനെ ദുര്‍ബലനാക്കി.കാരുണ്യത്താല്‍ മുറിവേറ്റ ഹൃദയവുമായി പ്രാലേയ പരിശുദ്ധിയില്‍ ഗൗതമന്‍ ചലനമററു.

നീണ്ട സൈറനോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഫ്‌ലാറ്റ് ഫോമിലെത്തിയ തീവണ്ടിയില്‍ നിന്നും ഗൗതമന്‍ പുറത്തിറങ്ങി, കൂടെ അപ്പുവും സീതയും. പുതിയ ദേശത്തെ അപ്പുവും സീതയും വിടര്‍ന്ന കണ്ണുകളോടെയാണ് നോക്കി കണ്ടത്. ഗൗതമന് പുറകെ അവര്‍ നടന്നു.

തല ഉയര്‍ത്തി നില്‍ക്കുന്ന കവുങ്ങിന്‍ തോപ്പിനും ദേശാടനപക്ഷികള്‍ നിറഞ്ഞ പാടത്തിനും നടുവിലൂടെയുള്ള പാതയിലൂടെ ഓടികൊണ്ടിരിക്കുന്ന കാറില്‍ ഗൗതമന്‍ ചിന്തയോടെ ഇരുന്നു. നീണ്ട മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വരവാണ്. അമ്മയെ നേരില്‍ കണ്ടിട്ട്...       

ദീര്‍ഘശ്വാസമെടുത്ത് ഗൗതമന്‍ തിരിഞ്ഞ് നോക്കി പുറകില്‍ അപ്പുവും സീതയും പുറത്തെ കാഴ്ചയില്‍ നോക്കി ഇരിക്കുകയാണ്. മ്ലാനമായിരുന്ന അവരുടെ മുഖം തെളിഞ്ഞിരിക്കുന്നു. പാവങ്ങള്‍! ഗൗതമന്‍ ഉള്ളില്‍ പറഞ്ഞു: ഇത് രണ്ട് തരത്തിലുള്ള പുണ്യങ്ങളാണ്. ഒന്ന് അമ്മയ്ക്ക് വേണ്ടി മകന്റെ തീര്‍ത്ഥം. മറ്റൊന്ന് സഹജീവിക്ക് വേണ്ടി.

ഇദം നമമ:

ഗൗതമന്‍ തലചായ്ച്ച് പതുക്കെ കണ്ണുകള്‍ അടച്ചു. അപ്പോള്‍ പാടത്ത് നിന്നും അനേകം ദേശാടന പക്ഷികള്‍ ചിറകടിച്ച് പറന്നുയരുകയായിരുന്നു.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!