ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. നിയാസ് അലി കെ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
'നീ ജിന്നോ പാമ്പോ? ജിന്നാണെങ്കില്‍ ഉടന്‍ സ്ഥലം വിടുക'
പെടുന്നനെ മുന്നില്‍ വന്നുപെട്ട പാമ്പിനെ തല്ലിക്കൊല്ലാന്‍ ശ്രമിച്ച ഞങ്ങളെ തടഞ്ഞ് പാമ്പിന്റെ മുഖത്ത് നോക്കി ഉമ്മാമ്മാന്റെ ആജ്ഞ.
വിനീതവിധേയനായി ഉമ്മാമ്മാന്റെ ആജ്ഞ അനുസരിച്ച് പാമ്പ് അടുത്തുള്ള മുണ്ടാക്കാട്ടിലേക്ക് മറഞ്ഞു.
ഉള്ളിലെ പേടി പുറത്ത് പ്രകടമാകാതിരിക്കാന്‍ പരമാവധി ധൈര്യം അഭിനയിക്കുന്നതിനിടെ ഉമ്മാമ്മന്റെ വക അടുത്ത ആജ്ഞ.
ഇത്തവണ ഞങ്ങളോടായിരുന്നു.
'കുട്ടികളെ, ജിന്നുകള്‍ പല കോലത്തിലും വരും. ചിലപ്പോള്‍ പാമ്പിന്റെ കോലത്തില്‍. ജിന്നുകളില്‍ നല്ല ജിന്നും മോശം ജിന്നുകളുമുണ്ട്. അവയെ നമ്മള്‍ ഉപദ്രവിച്ചാല്‍ അവര്‍ തിരിച്ചും എടങ്ങേറാക്കും. അതുകൊണ്ട് പാമ്പുകളെയൊക്കെ തല്ലിക്കൊല്ലുന്നതിനു മുമ്പ് അത് ജിന്നാണോന്ന് ചോദിക്കണം, കണ്ടില്ലേ, ആ പോയത് പാമ്പല്ല ജിന്നാണ്.'
പേടി തെല്ലുമില്ലാതെ ഉമ്മാമ്മ വീട്ടിനകത്തേക്ക് കയറിപ്പോയി.
''ഗുലൂം, നിനക്ക് പേടിയുണ്ടോ?'
'കുറച്ച്, എന്താ നിനക്ക് പേടിയില്ലേ'
'ഹും, ചെറുതായിട്ട്.'
'ആ പോയത് ജിന്നായിരിക്കുമോ? ഇവിടെ വേറെയും ജിന്നുകള്‍ ഉണ്ടാകുമോ? നമ്മള്‍ സംസാരിക്കുന്നതൊക്കെ ജിന്നുകള്‍ കേള്‍ക്കുന്നുണ്ടാകുമോ? ഇനിയിപ്പോ ആ ഉമ്മാമ്മ പറഞ്ഞ പോലെ മോശം ജിന്നുകള്‍ ഉണ്ടെങ്കില്‍ നമ്മളെ അത് ഉപദ്രവിക്കുമോ...?ഗുലൂം?'
ഓരോന്ന് ആലോചിച്ച് ബിപി കൂട്ടണ്ട. എത്രയും പെട്ടെന്ന് ഹലീമാത്താന്റെ വീട്ടില്‍ എത്താന്‍ നോക്കാം.
ഹലീമാത്താന്റെ വീട്ടില്‍ ആണ് ഇന്ന് ഉസ്താദിന്റെ ഭക്ഷണം.
ഓരോ ദിവസവും ഓരോ വീട്ടിലാണ് സാധാരണ ഉസ്താദിന്റെ ഭക്ഷണം. ആലിയാക്കയാണ് ഓരോ വീട്ടില്‍ നിന്നും ഉസ്താദിന്റെ ഭക്ഷണം പള്ളിയില്‍ കൊണ്ടെത്തിച്ചുകൊടുക്കാറ. ഉസ്താദിന്റെ ഭക്ഷണം കൊണ്ടുകൊടുക്കലും പള്ളിയും പരിസരവും വൃത്തിയാക്കലും മറ്റുമായി ജീവിക്കുന്ന ഒരു സാധു മനുഷ്യന്‍-അതാണ് ആലിയാക്ക.
കഴിഞ്ഞ ദിവസം ഉസ്താദിന്റെ ഭക്ഷണവും കൊണ്ട് വരുന്നതിനിടെ ഏതോ മരത്തിന്റെ വേരില്‍ കാല്‍ കുടുങ്ങി മൂപ്പര്‍ ഒന്ന് വീണു. ആലിയാക്ക ലീവായതിനാലാണ് ഭക്ഷണം വാങ്ങിവരാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. അത്രയും സമയം മദ്രസയിലെ ക്ലാസ് കട്ടാക്കാലോന്ന് കരുതിയാണ് രണ്ടാമതൊന്നാലോചിക്കാതെ വേഗം ഏറ്റെടുത്തതും.
അതിനിടയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയിട്ടേ ഉണ്ടായിരുന്നില്ല.
'ഗുലൂം....'
'എന്താ?'
'ആലിയാക്ക എങ്ങനെയാ വീണത്?'
'ഏതോ മരത്തിന്റെ വേരില്‍ കാല് കുടുങ്ങിയിട്ട്'
'ഇനി ജിന്ന് തള്ളിയിട്ടതായിരിക്കുമോ?'
ഹലീമാത്താന്റെ വീട് അധികം ദൂരെയൊന്നുമല്ലെങ്കിലും മശ്രിക് മുതല്‍ മഗ്രിബ് വരെ എന്ന പോലെ വിദൂരതയിലാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ആ രാത്രിയിലെ നടത്തം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.
വലീമാത്താന്റെ വീടെത്തുന്നതിനു എത്രയോ മുന്നേ തന്നെ ഇത്ത ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മണം ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു.
'ഉസ്താദിന് എന്ത് ഭക്ഷണമാണ് ഇഷ്ടം?'
'അറിയില്ല ഇത്താ'
'എന്തായാലും ഇത്ത ഉണ്ടാക്കിയത് ഉസ്താദിന് ഇഷ്ടമാകും. പള്ളിയില്‍ നിന്ന് പുറപ്പെട്ടത് മുതല്‍ പൊരിച്ചതിന്റെയും വറുത്തതിന്റെയുമൊക്കെ മണം വരുന്നുണ്ടായിരുന്നു.'
ഞങ്ങളുടെ പ്രശംസ ഇത്താക്ക് നല്ലോണം ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഇത്താന്റെ മുഖത്ത് അത്രയുമുണ്ടായിരുന്നു സന്തോഷം.
കഴഞ്ഞ വര്‍ഷമാണ് ഹലീമാത്ത ഡിഗ്രി കഴിഞ്ഞ് നാട്ടില്‍ വന്നത്. നാട്ടില്‍ തന്നെയുള്ള കോളേജിലാണ് പിജി ചെയ്യുന്നത്. പഠനം കഴിഞ്ഞേ കല്യാണം വേണ്ടു എന്ന് നിര്‍ബന്ധം പിടിച്ചതിനാല്‍ വരുന്ന ആലോചനകളൊക്കെ അവര്‍ മുടക്കുകയായിരുന്നു.
'സൈനബ്..ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ അത് ആരോടെങ്കിലും പറയുമോ?'
'ഇല്ല ഗുലൂം. ധൈര്യമായി പറയ്. അല്ലാഹുവാണെ, ഞാന്‍ ആരോടും പറയൂല.'
'ഹലീമാത്ത എന്താ കല്യാണം കഴിക്കാത്തതെന്നറിയുന്നോ?'
'ഇല്ല'
'ആരോടും പറയരുത്. ഇത്താക്ക് ഉസ്താദിനെ ഇഷ്ടമാണ് '
കഴിഞ്ഞ വ്യാഴായ്ച്ച ശുഹദാ പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ പൈസ ഇട്ട് ഇത്താത്ത ദുആ ചെയ്യന്നത് ഞാന്‍ കേട്ടതാണ്. ഇത്താത്ത എന്നെ കണ്ടിട്ടില്ല.
'ഉസ്താദിന് ഇഷ്ടാവാന്‍ വേണ്ടിയാണ് ഇത്താത്ത ഇത്ര വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടാക്കിയത്.'
'ഇയ്യ് ഗീബത് പറയാണ്ട് വേഗം പോരി.'- കഥ പറഞ്ഞ് തുടങ്ങിയപ്പോ തന്നെ സൈനബ് ഗുലൂമിനെ തടഞ്ഞു.
2
'സൈനബ്'
'എന്താ'
'ഞാന്‍ വേറെ ഒരു കാര്യം പറയട്ടെ'
'പരദൂഷണം ആണെങ്കില്‍ വേണ്ട'
'അതല്ല. ഹലീമാത്തന്റെ ഭക്ഷണത്തിന്റെ പോരിശ നിനക്കറിയാലോ. നമുക്ക് ഒരു കഷ്ണം കോഴി പൊരിച്ചത് ടെയിസ്റ്റ് ചെയ്ത് നോക്കിയാലോ? ആരും കാണില്ല. ആരും അറിയാനും പോകുന്നില്ല. രണ്ട് കഷ്ണം എടുത്ത് ബാക്കി അതുപോലെ ഉസ്താദിന് കൊണ്ട് കൊടുക്കാം. ആരും ഒന്നും അറിയില്ല.'
സൈനബ് ആദ്യം ഒന്ന് മടിച്ചെങ്കിലും അട്ടിപ്പാത്രത്തില്‍ നിന്നും വരുന്ന മണം അവനെയും പ്രലോഭിപ്പിക്കാതിരുന്നില്ല. വഴി ശൂന്യമാണെന്നുറപ്പ് വരുത്തി രണ്ടുപേരും പതിയെ പാത്രം തുറന്നു.
നല്ല ഒന്നാംതരം ലെഗ് പീസ് തന്നെയെടുത്ത് കടിച്ചു മുറിക്കുന്നതിനിടയില്‍ ദൂരെ നിന്ന് ആരോ വരുന്ന പോലെ.
പെട്ടെന്ന് പാത്രം അടച്ച് വെച്ച് തിന്ന ചിക്കന്‍ പീസിന്റെ എല്ലിന്‍കഷ്ണം വലിച്ചെറിഞ്ഞ് ഒന്നും അറിയാത്ത പോലെ നേരെ നടന്നു,
'സൈനബ്. എനിക്കൊരു അബദ്ധം പറ്റിയോന്നൊരു സംശയം. ഞാന്‍ ആ ലെഗ് പീസിന്റെ ബാക്കി എല്ലിന്‍ കഷ്ണം പാത്രത്തില്‍ തന്നെ വെച്ചോന്നൊരു സംശയം. പുറത്ത് എറിയുന്നതിന് പകരം ഞാന്‍ തിടുക്കത്തില്‍ പാത്രത്തിന്റെ അകത്ത് വെച്ചോന്നൊരു സംശയം.''
'നീ പേടിക്കാണ്ടിരി, ആരോ വരുന്നുണ്ട്. അയാള്‍ പോയിക്കഴിഞ്ഞാല്‍ നമുക്ക് പാത്രം തുറന്ന് അത് എടുത്ത് പുറത്ത് കളയാം.'
3
പള്ളിയുടെ അടുത്തെത്തുംതോറും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. ഒരാള്‍ പോകുമ്പോള്‍ അടുത്തയാള്‍ എന്ന നിലക്ക് ആരൊക്കെയോ വന്നുപോയതിനാല്‍ പാത്രം രണ്ടാമതും തുറക്കാന്‍ കഴിഞ്ഞില്ല.
എല്ലിന്‍ കഷ്ണം പാത്രത്തില്‍ തന്നെയുണ്ട്.
അത് എടുത്ത് കളയാതെ ഉസ്താദിന്റെ മുന്നിലെത്തിയാല്‍, ഉസ്താദിന്റെ ഭക്ഷണത്തില്‍ നിന്നും മോഷ്ടിച്ച് തിന്നത് നാട്ടുകാര്‍ അറിഞ്ഞാല്‍ പിന്നെയുണ്ടാകുന്ന മാനക്കേട് ആലോചിച്ചിട്ട് തല കറങ്ങാന്‍ തുടങ്ങിയിരുന്നു.
പള്ളിയെത്തി.
സുസ്‌മേരവദനനായി ഉസ്താദ് പുറത്ത് തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഉസ്താദ് ഈ പള്ളിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളു. ചെറുപ്പക്കാരനാണ്. തമിഴ്നാട്ടിലെ ഏതോ കോളേജില്‍ നിന്നും സനദ് വാങ്ങി കഴിഞ്ഞ വര്‍ഷമാണ് പ്രബോധനരംഗത്തിറങ്ങിയത്.
ഭക്ഷണം ഉസ്താദിന്റെ കയ്യിലേല്‍പ്പിച്ച് ഞങ്ങള്‍ തടി സലാമത്താക്കി..
4
അന്ന് രാത്രി എത്ര പാടുപെട്ടിട്ടും ഉറങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
നാളെ നേരം വെളുത്താല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാലോചിച്ച് ഉള്ള് പുകഞ്ഞുകൊണ്ടേയിരുന്നു.
ഉസ്താദ് ചോറ്റുപാത്രം തുറന്നു നോക്കും. നമ്മള്‍ ചെയ്ത അപരാധം അതോടെ നാട്ടുകാര്‍ അറിയും.
പിന്നെ ഈ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത മാനക്കേടായിരിക്കും.
ചിന്തകള്‍ കാട് കയറി.
ഏതായാലും മാനം കെട്ട് നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഈ നാട്ടില്‍ ജീവിക്കാന്‍ ഞാനില്ല.
നാട് വിടാം.
എങ്ങോട്ട് പോകും?
പോകാന്‍ കയ്യില്‍ പണമുണ്ടോ?
എവിടെ താമസിക്കും?
ആര് ഭക്ഷണം തരും?
എവിടെ ഉറങ്ങും?
ഉത്തരമില്ലാത്ത നൂറായിരം ചോദ്യങ്ങളുണ്ട്.
അതിലേറെ മുന്‍പന്തിയിലുള്ള ചോദ്യം മാനം കെട്ട് ഈ നാട്ടില്‍ ജീവിക്കണോ എന്നതാണ്.
വേണ്ട എന്ന ഒറ്റ ഉത്തരം ബാക്കി റിസ്‌കെടുക്കാം എന്ന തീരുമാനത്തിലെത്തിച്ചു .
അന്ന് രാത്രി തന്നെ ആരും കാണാതെ മെല്ലെ ബാഗ് പാക്ക് ചെയ്തു.
അതിരാവിലെ പള്ളിയില്‍ പോകാന്‍ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങണം. അഞ്ചരക്ക് മംഗലാപുരത്തേക്കുള്ള ബസില്‍ കയറിയിട്ട് ബാക്കി ആലോചിക്കാം.
5
പ്ലാന്‍ ചെയ്ത പ്രകാരം വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും ചെന്നുപെട്ടത് ആലിയാക്കാന്റെ മുന്നിലായിരുന്നു.
'ആലിയാക്കാ. കാലിന്റെ വേദന കുറവുണ്ടോ.'
'ഹാ ഉണ്ട്. ഹല്ലാ നീ എങ്ങോട്ടാ ഇത്ര രാവിലെ ബാഗുമെടുത്തിട്ട?'
'ഹാ.. അത്..പിന്നെ...ഞാന്‍..'
ആലിയാക്കന്റെ മുന്നില്‍ പെട്ട സ്ഥിതിക്ക് ഇനി പള്ളിയില്‍ പോകാതെ നിര്‍വാഹമില്ല. നിസ്‌കാരം കഴിഞ്ഞ ഉടന്‍ ഉസ്താദിന്റെ കണ്ണില്‍ പെടുന്നതിനു മുന്നേ പള്ളിയില്‍ നിന്നും ഇറങ്ങണം. ബസ് മിസ്സായാല്‍ പിന്നെ തീര്‍ന്ന്. ആലോചിക്കുമ്പോ തന്നെ തല പെരുക്കുന്നുണ്ട്.
പള്ളിയിലെത്തി.
നിസ്‌കാരം കഴിഞ്ഞ ഉടന്‍ ആലിയാക്ക നേരെ ഉസ്താദിന്റെ മുറിയിലേക്ക്.
കിട്ടിയ അവസരം മുതലാക്കി പുറത്തിറങ്ങി ചെരുപ്പ് ഇടുന്നതിനിടയില്‍ ആലിയാക്കാന്റെ ഉറക്കെയുള്ള ചോദ്യം.
'ഉസ്താദേ, ഇന്നലെ ഭക്ഷണം കഴിച്ചിട്ടില്ലേ. പാത്രം അങ്ങനെ തന്നെ ഉണ്ടല്ലോ.'
'ഇല്ല ആലിയാക്കാ. ഇന്നലെ വയറിന് നല്ല സുഖമില്ലായിരുന്നു. പാത്രം തുറന്നു നോക്കിയിട്ടില്ല. വായുഗുളിക കഴിച്ച് ഉറങ്ങിയതാണ്. ഭക്ഷണം കേട് വന്നിട്ടുണ്ടെങ്കില്‍ പൂച്ചക്ക് കൊടുത്തേക്ക്.'
'ഹാ, ശരി.'
ചെരുപ്പിന്റെ വള്ളി വലിച്ചുമുറുക്കി ആനന്ദത്തിമിര്‍പ്പില്‍ വീട്ടിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ ഇറങ്ങിയപ്പോഴാണ് മുന്നില്‍ വീണ്ടുമൊരു പാമ്പ്.
ഇത്തവണ ശാന്തമായി പാമ്പിന്റെ മുഖത്ത് നോക്കി ഒരു ചോദ്യം.
ഹാ, നീ ജിന്നല്ലേ. ജീവന്‍ വേണെങ്കില്‍ മണ്ടിക്കാളി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...