ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നീതു വിആര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒന്നാമന്‍ (കൗമാരം )
വീണ്ടും വീണ്ടും അത് തന്നെ ഓര്‍ത്തു പോവുന്നതില്‍ സഞ്ജുവിന് തന്നോട് തന്നെ പുച്ഛം തോന്നി. അറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളെ അവന്‍ തടഞ്ഞില്ല. 'അയ്യേ ആണ്‍കുട്ടികള് കരയ്യോ'- ആരൊക്കെയോ ചുറ്റും നിന്ന് പറയുന്ന പോലെ. യാന്ത്രികമായി വണ്ടി മുന്‍പോട്ട് നീങ്ങി.
പത്തു മിനിറ്റിനുള്ളില്‍ എത്തിക്കാനുള്ളതാണ് ഫുഡ്, അതിനിടക്ക് അയാള്‍ ആവശ്യപ്പെട്ടതുപോലെ മദ്യവും വാങ്ങിച്ചു. സമയം രാത്രി പതിനൊന്ന്, ഓര്‍ഡറിനനുസരിച്ച് ചില ദിവസങ്ങളില്‍ രണ്ട് മണിയോളം ആവാറുണ്ട് ജോലി. കഴിയാന്‍. അനിയത്തി പറയാറുള്ളത് പോലെ 'ഏട്ടന് എന്ത് സുഖാണ്, രാത്രി മുഴുവന്‍ ചുറ്റി നടക്കാം ആരും വരില്ല ചോദിക്കാനും പറയാനും.'
ശരിയാണ്, ആരുമില്ല ചോദിക്കാനും പറയാനും.
ചിലദിവസങ്ങളില്‍ അശ്ലീലച്ചുവയോടെയുള്ള സംസാരവും പെരുമാറ്റവും അനുഭവിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഇതൊന്നും പങ്കുവെക്കാന്‍ പോലും പറ്റാത്ത അനുഭവങ്ങള്‍ തന്നെ ആയിപ്പോവാറാണ് പതിവ്. അല്ലെങ്കിലും ആണ്‍കുട്ടികളുടെ ജീവിതം വളരെ എളുപ്പം ആണല്ലോ..
ചില ദിവസങ്ങളില്‍ ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. എത്ര നാളായി രാത്രി നന്നായൊന്നുറങ്ങിയിട്ട്..!
പതിനാറാം വയസ്സില്‍ തുടങ്ങിയതാണ് ഇത്തരം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാന്‍. ഇപ്പോള്‍ പ്രായം പത്തൊന്‍പത് . കഴിഞ്ഞ വര്‍ഷം മുതലാണ് സ്വിഗ്ഗിയില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി തുടങ്ങിയത് പക്ഷേ സ്വന്തമായി വണ്ടി ഇല്ലാത്തത് വളരെ പ്രയാസമായിരുന്നു. അയല്‍വക്കത്തെ ചേട്ടന്‍മാരുടെ വണ്ടിയായിരുന്നു ആശ്രയം .
പക്ഷേ കാലത്ത് കോളേജിലേക്ക് ബസ്സില്‍ തൂങ്ങിപ്പിടിച്ചു പോവുന്നതില്‍ വല്ലാത്തൊരു ചമ്മലും ഉണ്ടായിരുന്നു. അവള്‍ കാണ്‍കേയാണ് അന്ന് ആ ബസ്സിലെ കണ്ടക്ടര്‍ വഴക്ക് പറഞ്ഞത്.
'താന്‍ ഒരാണല്ലേ എന്തിനാ ഇങ്ങനെ വഴക്ക് കേള്‍പ്പിക്കുന്നെ? അല്ല തനിക്ക് ബൈക്കൊന്നും ഇല്ലേ?' കളിയാക്കുന്നത് പോലെ അവള്‍ ചോദിച്ചപ്പോള്‍ വല്ലാത്തൊരു അപമാനം ആണ് തോന്നിയത്.
ഉറുമ്പ് കൂട്ടി വെച്ചതുപോലെ കൂട്ടിക്കൂട്ടിവെച്ച പണം കൊണ്ടാകില്ല എന്ന് തോന്നിയതോടെ അമ്മയുടെ കാലും കയ്യും പിടിച്ചു കുടുംബശ്രീ വഴി ലോണ്‍ ഒപ്പിച്ചാണ് ഇന്നലെ ഈ സെക്കന്റ് ഹാന്‍ഡ് വണ്ടി വാങ്ങിയത്. ബസ് സ്റ്റാന്‍ഡിലേക്ക് വണ്ടിയില്‍ പോവുമ്പോള്‍ അഭിമാനത്തോടെ അവളെയായിരുന്നു പരതിയത്..
കൂട്ടുകാര്‍ക്കിടയില്‍ നില്‍ക്കുന്ന അവള്‍ക്കടുത്തേക്ക് ചെല്ലുമ്പോള്‍ അവള്‍ വല്ലാത്തൊരു പരിഹാസത്തോടെ അവനെ നോക്കി. 'ഏതാ ഈ പഴഞ്ചന്‍ വണ്ടി. വലിയ ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നാ വിചാരം..'
കൂട്ടുകാരുടെ ചിരി മുറുകുമ്പോള്‍ ഏതോ ഒരാള്‍ പറയുന്നുണ്ടായിരുന്നു 'ഏത്, മുഖത്ത് ശരിക്കും മീശ പോലും കിളിര്‍ക്കാത്ത ഇവനോ.'
'ആന്നേ ഇവനെന്നോട് വല്ല്യ പ്രേമമാണെന്നേ'- അവരുടെ പുച്ഛത്തിനും പരിഹാസത്തിനും ഇടയില്‍ നിന്നും ഓടിയൊളിക്കുമ്പോള്‍ മനസ്സ് വല്ലാതെ നോവുകയായിരുന്നു.
എത്ര രാവുകളിലെ ഉറക്കം കളഞ്ഞാണ് അവള്‍ക്ക് വേണ്ടതെല്ലാം വാങ്ങി നല്‍കിയത്? അവളുടെ ചിരിയിലും സംസാരത്തിലും തന്നോടുള്ള പ്രണയം തന്നെ അല്ലായിരുന്നോ?
അതോ തന്റെ തോന്നലോ?
തന്നോടെനിക്ക് ഇഷ്ടമൊന്നുമില്ല എന്നവള്‍ പറഞ്ഞിരുന്നെങ്കില്‍ അവിടെ അവസാനിപ്പിച്ചേനെ എല്ലാം..
എമറാള്‍ഡ് അപ്പാര്‍ട്‌മെന്റ്‌സിലേക്ക് കയ്യിലെ പാര്‍സലുമായി ഇറങ്ങി നടക്കുമ്പോള്‍ ചിന്തകളുടെ പരക്കം പാച്ചില്‍ നിര്‍ത്തുവാന്‍ അവന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു.
റൂം നമ്പര്‍ മുന്നൂറ്റിപ്പന്ത്രണ്ടിന്റെ മുന്‍പില്‍ വാതില്‍ തുറന്ന ആളെക്കണ്ട് അവന് വല്ലാത്ത അതിശയമായി. പ്രശസ്ത സിനിമ നിര്‍മാതാവ്. അങ്ങനെ ഒരാളെ അവന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാല്‍പ്പത് കഴിഞ്ഞെങ്കിലും വല്ലാതെ ഓമനത്തം തുളുമ്പുന്നതും താടിരോമങ്ങള്‍ കൊണ്ട് നിബിഡവുമായ അയാളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാനാവാതെ അവന്‍ നോക്കി നിന്നു.
രണ്ടാമത്തെ ആണ് (യൗവ്വനം )
ഡെലിവറി ബോയിയെ പറഞ്ഞയച്ച് ഭക്ഷണവും മദ്യവും ആയി ടീപോയുടെ അരികിലേക്ക് അയാള്‍ നടന്നു.
'ആ പയ്യന്റെയൊക്കെ ഒരു ഭാഗ്യം രാത്രി മുഴുവന്‍ ഇങ്ങനെ ചുറ്റിക്കൊണ്ടിരുന്നാ മതി, വേറൊന്നും ഓര്‍ക്കേണ്ട'-അയാള്‍ തന്നോട് തന്നെ പറഞ്ഞു.
വെറുതെ ഫോണ്‍ എടുത്തു നോക്കി. ഇല്ല അവള്‍ ഓണ്‍ലൈന്‍ ഇല്ല. ഇത്രമാത്രം തന്നെ വെറുക്കാന്‍ താനെന്ത് ചെയ്തു?
ഓരോ പടങ്ങളും ഹിറ്റടിക്കുമ്പോള്‍ അവളെയും ഒപ്പം ചേര്‍ത്ത് നിര്‍ത്തി ഇവളാണെന്റെ ഭാഗ്യം എന്ന് പറഞ്ഞിട്ടേയുള്ളു. അഞ്ചു വര്‍ഷത്തെ പ്രണയവും ഒരുമിച്ചുള്ള ജീവിതവും, അവള്‍ക്കെപ്പോള്‍ വേണമെങ്കിലും തന്നില്‍ നിന്ന് ഇറങ്ങിപ്പോവാമായിരുന്നു. പക്ഷേ തക്കതായ കാരണം പറഞ്ഞിരുന്നെങ്കില്‍..
ഫോണില്‍ മെസ്സേജ് ടോണ്‍ മുഴങ്ങി. ഒട്ടും ക്ഷമയില്ലാതെ അയാള്‍ ചാടിക്കേറി മെസേജ് തുറന്നു നോക്കി. അവളും വേറൊരുത്തനും നില്‍ക്കുന്ന ഫോട്ടോ, അവള്‍ തന്നെ അയച്ചതാണ്.
ഒപ്പം ഒരു വോയിസും - 'താനൊക്കെ ഒരാണാണോ ഒപ്പമുള്ളവളെ സ്‌നേഹിക്കാനും മനസ്സിലാക്കാനും കഴിയാതെ ക്യാഷിനു പുറകെ പോകുന്ന തന്നെയൊക്കെ എന്തിന് കൊള്ളാം. തന്റെ പോപ്പുലാരിറ്റിയുടെ ഒരു പങ്കും എനിക്ക് ആവശ്യമില്ല.'
നെഞ്ചിനുള്ളില്‍ എന്തോ ഒന്ന് കുത്തിക്കേറുന്ന പോലെ തോന്നി. അയാള്‍ സോഫയിലേക്ക് വീണു. പണം സൗന്ദര്യം സ്വഭാവം പ്രശസ്തി എല്ലാം ഒത്തിണങ്ങിയ പുരുഷനാണ് താനെന്ന് അഹങ്കരിച്ചു . പക്ഷേ...
തങ്ങള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ അവളെ സ്‌നേഹം കൊണ്ട് മൂടിയിരുന്നു താന്‍, അവളും.
പിന്നീട് ഹിറ്റ് സിനിമകളുടെ മാത്രം നിര്‍മാതാവായി താന്‍ മാറുമ്പോള്‍ അവളോടുള്ള സ്‌നേഹത്തിന് വല്ല കുറവും..?
ഗ്ലാസ്സിലെ മദ്യം ഒരിറക്ക് നുണഞ്ഞുകൊണ്ട് അസഹ്യമായ വേദനയോടെ അയാള്‍ തല കുടഞ്ഞു.
ഒരായിരം ഉമ്മകള്‍ കൊണ്ട് ഒരിക്കലവളെ താന്‍ മൂടിയിരുന്നു. ഇറുക്കെ കെട്ടിപ്പിടിച്ചിരുന്നു.
അവളെപ്പോഴെങ്കിലും തന്നെ ഉമ്മ വച്ചിരുന്നോ? പിന്നിലൂടെ വന്ന് ഒരിക്കലെങ്കിലും കെട്ടിപ്പിടിച്ചിരുന്നോ?
ശരിയാണ് തിരക്കുകള്‍ കാരണം സ്‌നേഹം പ്രകടിപ്പിക്കാന്‍ താന്‍ മറന്നു പോയിക്കാണും, പക്ഷേ അവള്‍ക്ക് തന്നോട് അതേ സ്‌നേഹം പ്രകടിപ്പിച്ചു കൊണ്ട് ഓര്‍മപ്പെടുത്താമായിരുന്നു.
അല്ലെങ്കിലും സ്ത്രീ എന്നത് സ്‌നേഹിക്കപ്പെടുന്നയാളും പുരുഷന്‍ സ്‌നേഹിക്കുന്നയാളുമാണല്ലോ..
അയാള്‍ കഠിനമായ വെറുപ്പില്‍ നീറിപ്പുകഞ്ഞു. പാതിയൊഴിഞ്ഞ മദ്യക്കുപ്പിയും തുറക്കാതെ വെച്ച ഭക്ഷണപ്പൊതിയും ഇനിയെന്ത് എന്ന അര്‍ത്ഥത്തില്‍ അയാളെ തുറിച്ചു നോക്കി.
തെന്നിയും തെറിച്ചും അയാള്‍ പുറത്തെ കാര്‍ പാര്‍ക്കിങ്ങില്‍ എത്തി. വണ്ടിയെടുത്ത് ഒരു ലക്ഷ്യവുമില്ലാതെ പായിക്കുമ്പോള്‍ കണ്ണുകള്‍ എന്തെന്നില്ലാതെ നീറി. മറഞ്ഞ കാഴ്ച്ചക്ക് മുന്‍പിലേക്ക് ആരോ വന്നിടിച്ചത് അയാളറിഞ്ഞു. പെട്ടെന്ന് വണ്ടി നിര്‍ത്തി ഇറങ്ങി നോക്കുമ്പോള്‍ ഒരു വൃദ്ധനാണ്. ഭാഗ്യത്തിന് കൈമുട്ടിന് ചെറിയ ഒരു പോറല്‍ മാത്രമേ ഉള്ളു. ആശുപത്രിയില്‍ പോവാമെന്ന് അയാള്‍ പറഞ്ഞിട്ടും ആ വൃദ്ധന്‍ അതെല്ലാം അവഗണിച്ചതിനാല്‍ പഴ്‌സില്‍ നിന്ന് ഏതാനും പണമെടുത്ത് അയാളുടെ കയ്യിലേക്ക് വച്ച് തിരികെ വണ്ടിയില്‍ കയറി. പണവുമായി കണ്ണും നിറച്ച് നില്‍ക്കുന്ന ആ വൃദ്ധനെ നോക്കിക്കൊണ്ട് അയാള്‍ വണ്ടിയെടുത്തു.
അവള്‍ പറഞ്ഞതുപോലെ ആര്‍ക്കും വേണ്ടാതാവുന്നില്ലാ എന്റെ പണം, പണം കൊണ്ടും സ്‌നേഹിക്കാം.
മൂന്നാമത്തെ ആണ് (വാര്‍ദ്ധക്യം )
കയ്യില്‍ കിട്ടിയ പണം ആ വൃദ്ധന്‍ വീണ്ടും വീണ്ടും നന്ദിയോടെ നോക്കി. കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ പുഴ അയാളുടെ മുഖത്തെ കൂടുതല്‍ വികൃതമാക്കി.
ഹോട്ടലില്‍ കയറി ഭക്ഷണം വാരിക്കഴിക്കുമ്പോള്‍ നീണ്ട ദിവസങ്ങളിലെ വിശപ്പ് അയാളില്‍ നിന്ന് അകന്നുപോയി. വിറവീണ കാലുകളാല്‍ എങ്ങോട്ടെന്നില്ലാതെ മെല്ലെ ചാറിയ മഴ കൊണ്ട് നടക്കുമ്പോള്‍ അയാള്‍ക്ക് പഴയ ഓലമേഞ്ഞ, മഴവീഴുമ്പോള്‍ ഉള്ള പാത്രങ്ങളെല്ലാം നിരത്തി വച്ച് മഴയുടെ സംഗീതമാസ്വദിക്കുന്ന ഒരു വീട് ഓര്‍മ വന്നു.
അവള്‍ കുട്ടികളെ ചേര്‍ത്ത് പിടിച്ച് മഴകൊള്ളാത്ത ഇടങ്ങളിലേക്ക് ചേക്കേറും. മഴയത്തു നിന്ന് കേറിവരുന്ന തന്നെ തെല്ല് ഭയത്തോടെ അവളും കുട്ടികളും നോക്കാമായിരുന്നു..!
അന്നതൊന്നും തനിക്ക് പ്രശ്‌നം ആയിരുന്നില്ല. മദ്യത്തിന്റെ ലഹരിയില്‍ അവളെ താന്‍ എത്ര മാത്രം ദ്രോഹിച്ചിരിക്കുന്നു എന്ന് ഞെട്ടലോടെ അയാള്‍ ഓര്‍ത്തു.
ഒരിക്കല്‍ ആരോഗ്യത്തിലും യൗവ്വനത്തിലും അഭിരമിച്ച് അഹങ്കരിച്ചു നടന്ന താന്‍ എത്ര പെട്ടെന്നാണ് വാര്‍ദ്ധക്യം എന്ന പടുകുഴിയിലേക്ക് വീണുപോയത്..
ഇക്കാലയളവില്‍ അവള്‍ കുഞ്ഞുങ്ങളെ എങ്ങനെയൊക്കെയോ വളര്‍ത്തി വലുതാക്കിയിരുന്നു. പഠിക്കാന്‍ മിടുക്കരായ അവര്‍ക്ക് എളുപ്പത്തില്‍ ജോലിയും ലഭിച്ചു. കുടുംബവും കുട്ടികളും ആയിക്കഴിഞ്ഞ അവര്‍ക്ക് താന്‍ പതിയെ ഒരു ബാധ്യതയായി മാറുകയായിരുന്നു.
ഇറങ്ങിപ്പോവാന്‍ പലതവണ ആവര്‍ത്തിച്ചു. ഒടുക്കം തനിക്ക് മുന്‍പില്‍ മക്കളെന്ന വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടു.
അവളെക്കൊണ്ട് അവര്‍ക്ക് ഇനിയും ആവശ്യങ്ങള്‍ ഉണ്ടാവാം. വീട്ടുപണികള്‍ ചെയ്തും കുഞ്ഞുങ്ങളെ നോക്കിയും അവള്‍ കഴിഞ്ഞു കൊള്ളും. അല്ലെങ്കിലും അവള്‍ അവരുടെ സ്‌നേഹം അര്‍ഹിക്കുന്നുണ്ട്.
ഇനിയൊരിക്കലും ഒരു മടങ്ങിപ്പോക്കില്ലല്ലോ, ഉണ്ടായിരുന്നെങ്കില്‍.
ഇടതു മാറിടത്തിനിടയില്‍ നിന്നും വന്ന അസഹ്യമായ വേദന അമര്‍ത്തിപ്പിടിച്ച് അയാളോര്‍ത്തു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...