കരിമ്പില്‍ സൂസന്ന,  നമിത സുധാകര്‍ എഴുതിയ കഥ

By Chilla Lit SpaceFirst Published Mar 15, 2021, 3:59 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നമിത സുധാകര്‍ എഴുതിയ കഥ

 

ചില്ലയിലേക്കുള്ള സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും. 

 

Latest Videos

 

''കുന്നുംപുറത്ത് അഞ്ചു ചാല് കപ്പ നട്ടുപിടിപ്പിച്ചിട്ടുണ്ട് , കൊമ്പന്‍ കാടിറങ്ങിയാല്‍ വിളവില്‍ ലവലേശം പ്രതീക്ഷ പോലും ഇല്ല. പിന്നെ എങ്ങാനും രണ്ട് ചാല്‍ കിട്ടിയാല്‍ ഒരു ചാല് കണ്ണന്റെ ഷാപ്പിലും ഒരു ചാല് വീട്ടിലേക്കും''

ഇത്രയും പറഞ്ഞ് ജോയിച്ചേട്ടന്‍ നേരെ നടന്നു. ചുമട് മൂടാനുള്ള കുറച്ച് കരിയിലയും കൊണ്ട് സൂസന്ന പിറകെയും. അല്ല ജോയിച്ചാ കുരുമുളക് വിറ്റകാശെവിടെ കുടുംബ ശ്രീ ന്നെടുത്ത ലോണ് തിരിച്ചടക്കണം. ലോണെട്ത്ത് കുരുമുളക് വള്ളി മേടിച്ച് ബാക്കിയുള്ളവന്റെ നടു പോയത് മെച്ചം വിറ്റ കാശ് തിരിച്ചടക്കാന്‍ പോലും ഇല്ല. കഴിഞ്ഞ കൊല്ലം ലിസിടെ കുഞ്ഞുമോന്‍ മുളക് പറിക്കാന്‍ കേറി വീണ് കിടപ്പിലായപ്പോള്‍ നിങ്ങളോട് പറഞ്ഞതല്ലേ മനുഷ്യ കുരുമുളക് നിര്‍ത്താന്‍. 

ലിസി ചക്രക്കസേരയിലായ അയാളെം കൊണ്ട് നല്ല പെടാപ്പാട് പെടണുണ്ട്. എന്റെ വാര്‍ദ്ധക്യ പെന്‍ഷനും നിങ്ങടെ കര്‍ഷക ക്ഷേമനിധി പെന്‍ഷനും കൊണ്ട് മാസം കഞ്ഞി കുടിച്ച് പോകാന്ന് വെച്ചാല്‍ നിങ്ങളെ കാല് കിടന്ന് പിടക്കല്ലേ, കപ്പയും കാച്ചിലും വാഴയും വെച്ച് കൊമ്പനേം കാട്ടുപന്നിനെം സല്‍കരിക്കാന്‍. എന്നിട്ട് ഇതാന്നും തികയാതെ ജോണിന്റെ വീട്ടിച്ചെന്ന്  അബൂന്റെ കടയിലെ പറ്റ് തീര്‍ക്കാന്‍ കൈ നീട്ടി അവന്റെ പെമ്പറന്നോത്തീടെ വായിലിരിക്കുന്നത് കേട്ടാലെ നിങ്ങക്ക് മാസം തള്ളി നീക്കാനാവത്തുള്ളൂ,.. സൂസന്ന നെടുവീര്‍പ്പിട്ടു.

ജോയിച്ചന്‍ ഒന്നു കൂടെ ഉറക്കെ ചവിട്ടി മലയിടുക്കുകള്‍ കയറി.. മണ്ണല്ലേന്റെ സൂസന്നെ നിനക്ക് പറ്റില്ലേല്‍ കൂടെ വരണ്ട. മുളക് വിറ്റ കാശ് കയ്യിലുണ്ട്. പിന്നെ ലേശം ഒന്നു മിനുങ്ങിയ വകയില്‍ ഷാപ്പില്‍ കൊടുത്തതൊഴിച്ചാല്‍ ബാക്കി കയ്യിലുണ്ട്.

നിങ്ങളതും കുടിച്ചോ മനുഷ്യ.. രണ്ട് തുമ്പയും ഒരു പഴയ ജീപ്പും പിന്നെ എന്നേം എന്റപ്പനെ ചൂതില്‍ പറ്റിച്ച് വാങ്ങിയതല്ലേ ജോയിച്ചാ നിങ്ങള്‍.. മണിമലേന്ന് അമ്മേം പെങ്ങന്‍മാരേം ഇട്ടേച്ച് അപ്പന്റെ പഴയ ജീപ്പില്‍ നിങ്ങക്കൊപ്പം വയനാട് ചുരം കേറിയപ്പൊ തുടങ്ങിയതാണെന്റെ കഷ്ടകാലം.

നിങ്ങടെ നാല് പിള്ളേരെ പെറ്റ് വെച്ച് വിളമ്പി ഈ കുന്നിനോട് മല്ലിട്ട് നിങ്ങടെ മൂക്കത്തെ ശുണ്ഠിം സഹിച്ച് ഈ ഗതികെട്ടവള് ഈ മലയിടുക്കിലെങ്ങാനും വീണ് ചാകത്തെ ഉള്ളൂ. ചിട്ടി പിടിച്ചും റബര്‍ പാട്ടത്തിനെടുത്തും നിങ്ങടെ ചവിട്ടും കുത്തും കൊണ്ടും മടുത്തെനിക്ക്. ആനിയെ കെട്ടിച്ച് വിട്ടവന്‍ ദുബായിലായോണ്ട് എന്റെ ഗതി എന്റെ മോള്‍ക്കില്ല. 

ഓ നിന്നേം വല്ല ദുബായിക്കാരനും കെട്ടിയേനെ എന്റെ കയ്യിന്ന് എന്റെ കാശ് ഇരട്ടിപ്പലിശയ്ക്ക് മേടിച്ച് ഞാന്‍ കള്ളും കൊട്ത്ത് നിന്റപ്പന്‍ കരിമ്പില്‍ ആന്റപ്പനെ കള്ള ചൂതില്‍ തോപ്പിച്ചത് നിന്റെ മോന്ത കണ്ടിട്ട് തന്നെയാടി സൂസന്നേ.. നേരെ ചെന്ന് ചോദിച്ചാല്‍ നിന്റപ്പന്‍ നിന്റെ ചേച്ചി മേരിനെ തരുള്ളൂ. അവളാണേല്‍ രോഗം പിടിച്ച് പണ്ടേ ചത്തേനെ ഇതിപ്പൊ തടിമിടുക്കും തന്റേടവുമുള്ള നീ ആയോണ്ട് എന്റെ കാലം കഴിയണവരെ എന്നെ കൂലിപ്പണി എടുത്തായാലും നോക്കും എന്നെനിക്കറിയാം.

സൂസന്ന കപ്പത്തടത്തിലേക്ക് കരിയിലകള്‍ വാരിയിടാന്‍ തുടങ്ങി.. കിളിര്‍ത്തു. തുടങ്ങിയ കപ്പത്തണ്ടുകളെ വടിയും ചുള്ളിക്കമ്പും വെച്ച് മറച്ചു. പന്നിയും പെരുച്ചാഴിയും കുത്തിയിടാതിരിക്കാന്‍ നാലുഭാഗത്തും മരക്കൊമ്പുകള്‍ വെച്ച് സാരി വലിച്ചു കെട്ടി. ജോയിച്ചന്‍ കൊമ്പന്‍ ഇറങ്ങിയ വഴിയെ കണ്ണോടിച്ചു. പന്നിയുടെ കാല്പാടുകള്‍ ഉണ്ടോയെന്ന് സൂക്ഷിച്ചു നോക്കി. സാരി തുമ്പ് കീറി മരക്കഷണം കൊണ്ട് മുറിഞ്ഞ ചൂണ്ട് വിരല്‍ മുറുക്കി കെട്ടുന്നതിനിടെ അവര്‍ ജോയിച്ചനോടായി പറഞ്ഞു.

അതിന് നിങ്ങളെന്നെ എപ്പോഴേലും സുശ്രൂഷിച്ചിട്ടുണ്ടോ? ചിക്കുന്‍ ഗുനിയ വന്ന് കാല് നീരെടുത്ത് കിടപ്പിലായിട്ട് ഒടുവില്‍ പള്ളിപ്പിരിവിന് വന്നപ്പൊ വികാരിയച്ഛന്റെ കരുണകൊണ്ട് കപ്യാര്യം കുഞ്ഞു മോനും കൂടെ താലൂക്കാശുപത്രി കൊണ്ടാക്കി. നാല് ദിവസം ഞാനവിടെ കിടന്നപ്പൊ നിങ്ങള്‍ വെള്ളമടി മാറ്റാന്‍ ധ്യാനം കൂടാനെന്ന വ്യാജേന തോമാന്റെ മോന്റെ കല്യാണം കൂടാന്‍ പോയതല്ലേ.. മാതാവ് കാണണുണ്ട് ഞാനീകിടന്ന് പെടാപാട് പെടണനത്.

പിന്നെ മാതാവ്..

പൊന്നിന്‍ കുരിശ് വാങ്ങാന്‍ മൂവായിരം രൂപ കൊടുക്കാന്‍ ഇടവക മീറ്റിങ്ങില്‍ ഏറ്റേച്ചും വന്ന എന്നെ പറമ്പിലെ പണിയുടെ കൂലി ആഴ്ച തികയണ മുന്നെ ചോദിക്കാന്‍ വയ്യ പറഞ്ഞ് ഇടവകക്കാരുടെ മുന്നില്‍ നാണം കെടുത്തിയ നീയാണ് മാതാവിനെ കൂട്ട് പിടിക്കുന്നു..

വാ പോവാം..  

മുണ്ട് മുറുക്കി അയാള്‍ ധൃതിയില്‍ മുന്നില്‍ നടന്നു..

ഇരുട്ടും മുന്‍പ്‌ഴെ വാടി താഴെ കുറച്ച് വാഴക്കുല വെട്ടാനുണ്ട്. പണ്ട് നിന്റപ്പന്‍ വെക്കാറുള്ള ഒരു പ്രത്യേക തരം കന്നുണ്ട് അതിന്റെ കുലയാ.. നിനക്ക് വേണേല്‍ ഒന്ന് രണ്ടെണ്ണം വീട്ടിലേക്ക് എടുത്ത് ബാക്കി വിക്കണം.. മുഴുവന്‍ വീട്ടിലേക്ക് എടുക്കാന്‍ ഒക്കത്തില്ല.. ചിട്ടി കൊടുക്കണ്ടേ.. 

മലയിടുക്കുകളിലൂടെ ഇരുട്ട് പരക്കാന്‍ തുടങ്ങി.. അയാളുടെ ഉറച്ച കാലടികളില്‍ ജീവിതം പോലെ സൂസന്നയുടെ കാലൊച്ച കേള്‍ക്കാതെ പോയി.

എട്യേ... 

രാത്രിയിലേക്ക് ഇട വഴികള്‍ നീണ്ടു..

എടീ കരിമ്പില്‍ സൂസന്നേ... അയാള്‍ ഒന്നു കൂടി ഉച്ചത്തില്‍ വിളിച്ചു.

പുതിയ ഒരു കണക്ക് പറച്ചിലിനായി തിരിഞ്ഞു നോക്കി.. 

വള്ളി കുട്ടയും ബാക്കിയുണ്ടായിരുന്ന കരിയിലകളും മണ്‍വെട്ടിയും ഉരഞ്ഞു തീര്‍ന്ന വള്ളി ചെരിപ്പും അയാളുടെ നേരെ കുത്തനെ മലയിറങ്ങി...

click me!