ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നജാ ഹുസൈന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വിക്ടോറിയ ഹോസ്പിറ്റലിന്റെ മൂന്നാം നിലയിലെ മുന്നൂറ്റിമുപ്പത്തിമൂന്നാം മുറിയില്‍ ബെഡിനോട് ചേര്‍ന്നു കിടക്കുന്ന ചെയറിലിരുന്ന് സിഗററ്റ് വലിക്കുന്ന തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ കാതില്‍ സ്വകാര്യമായും സ്വരത്തിലല്പം ശൃഗാരം കലര്‍ത്തിയും ജന്നിഫര്‍ ചോദിച്ചു.
'എന്താ അച്ചാ നമുക്കിത് നേരത്തെ തോന്നാതിരുന്നത്?'
വലിച്ചു കൊണ്ടിരുന്ന സിഗററ്റെടുത്ത് തറയിലിട്ട് ചവിട്ടിയരച്ച് ദേഷ്യത്തോടെ തുള്ളിക്കൊണ്ട് പുറത്തേക്കിറങ്ങിപ്പോയ ജോസിനെ ജന്നി ഒരു നെടുവീര്‍പ്പോടെ നോക്കി. കുട്ടികളില്ലാത്ത അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടെ തന്നെ ഏറെയൊന്നും ബുദ്ധിമുട്ടിക്കാതെയും സങ്കടപ്പെടുത്താതെയും ശ്രദ്ധിച്ചിരുന്ന വ്യക്തിയാണ്. ഈ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ എന്തു മാത്രം ദുരിതക്കാഴ്ചകള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. യൂട്രസിലെ ഫൈബ്രോയ്ഡിന്റെ അസാധാരണമായ ട്വിസ്റ്റിംഗ് കാരണം ഒരിക്കലും നിലക്കാത്ത മാസമുറയും വേദനകളും തുടര്‍ന്നുണ്ടായ സര്‍ജറികളും തന്നെ തളര്‍ത്താതിരുന്നത് പ്രിയപ്പെട്ടവന്റെ ആഴത്തിലുള്ള സ്‌നേഹവും സപ്പോര്‍ട്ടും കൊണ്ടാണ്.
കുട്ടികളില്ലാത്ത സങ്കടം വേറെ. അങ്ങനെ ദുഃഖവും പരിവാരവുമായി കഴിയുന്നതിനിടയിലാണ് ഒരു മാലാഖയെപ്പോലെ അവള്‍ വന്നത്.
'പ്രസവത്തോടെ ഞാന്‍ മരിച്ചു പോകുമെന്നുറപ്പായി ജന്നീ. എന്റെ കുട്ടിയെ ഏറ്റെടുക്കാന്‍ നീയല്ലാതെ വേറെയാരാ മോളേ.... '
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്നു പറഞ്ഞതു പോലെ, അവള്‍ പറഞ്ഞ ഡേറ്റില്‍ തന്നെ ആലപ്പുഴയിലുള്ള വീട്ടില്‍ നിന്നും വീട്ടുകാരും നാട്ടുകാരുമറിയാതെയാണ് നട്ടപ്പാതിരാക്ക് എറണാകുളത്തുള്ള ഈ ഹോസ്പിറ്റലിലേക്ക് ജോസച്ചന്റെ കൈയ്യും പിടിച്ച് വന്നത്. എന്നിട്ടിപ്പോഴെന്താ അച്ചായനൊരു മനം മാറ്റം. ചിന്തകളെ ആവി പറക്കുന്ന ചായക്കൊപ്പം മൊത്തിക്കുടിക്കാനൊരുങ്ങുമ്പോഴാണ് ജോസ് വീണ്ടും പ്രത്യക്ഷനായത്.
ഒരു സുനാമി കഴിഞ്ഞ കടലിന്റെ ഭാവമായിരുന്നൂ ആ മുഖത്ത്. പ്രക്ഷുബ്ധമായ പ്രശാന്തത. അതല്ലേലും അങ്ങനാ. ഒരു വികാരവും സ്ഥായിയായി ആ മുഖത്തില്ല.
'എല്ലാം ശ്രമിച്ച് പരാജയപ്പെട്ടപ്പോഴല്ലേ ജോസച്ചാ നമ്മളീ വഴി നോക്കിയത്. എത്ര ലക്ഷങ്ങളാ നമുക്ക് നഷ്ടപ്പെട്ടത്.'
'ഓ..അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ. നീ അവളെ കാണുന്നില്ലേ?'
'കാണണം. പിന്നീടവളെ കാണാന്‍ പറ്റിയില്ലെങ്കിലോ?'
ജന്നി കിടക്കയില്‍ നിന്നും പതിയെ എഴുന്നേറ്റ് തൊട്ടടുത്ത മുറിയിലുള്ള പ്രിയപ്പെട്ട കൂട്ടുകാരിയെ ലക്ഷ്യമാക്കി നടന്നു.
രണ്ട്
മുന്നൂറ്റിമുപ്പത്തിനാലാം മുറിയില്‍ നിളയും ജെന്നിയും തങ്ങളുടെ പഴയ കാലത്തിന്റെ ചിത്രം വരക്കാന്‍ തുടങ്ങി.
'ജന്നീ , നീയും നിന്റെ കുടുംബവുമില്ലായിരുന്നെങ്കില്‍, അരപ്പട്ടിണിക്കാരായ എന്റെ കുടുംബം എന്തു ചെയ്‌തേനെ. എന്നെയും ചേട്ടനെയും പഠിപ്പിക്കാന്‍ നിന്റെ അപ്പച്ചന്‍ കാണിച്ച ആ വലിയ മനസ്സ് മറക്കാന്‍ പറ്റുവോ?'
'ഇപ്പോ എന്തിനാടാ ഇതൊക്കെ പറയുന്നത്. നീ വിശ്രമിക്ക്...'
'അതല്ല മോളേ... എന്റെ കുഞ്ഞിനെ വളര്‍ത്താന്‍ നിന്നെ ഏല്‍പ്പിക്കുന്നതെന്താണെന്ന് എല്ലാവരും ഒന്നറിയട്ടെ....'
അടുത്തു നിന്നിരുന്ന ഭര്‍ത്താവിനെ ഒന്നു പാളി നോക്കിയിട്ട് നിള തുടര്‍ന്നു.
'ഇന്നെനിക്ക് വേണ്ടതെല്ലാമുണ്ട്. ആവശ്യത്തിലും അതിലധികവും. നീ കണ്ടില്ലേ, ഞാന്‍ നാളെ മരിച്ചു പോകുമെന്ന് കരുതി എന്റെ ചേട്ടന്‍ ഹോസ്പിറ്റലിലെ മൂന്നാം നില മുഴുവന്‍ വാടകയ്‌ക്കെടുത്ത് ബന്ധുക്കളെയെല്ലാം കൊണ്ടുവന്നിരിക്കുന്നത്...'
'മോളേ, അത് നീ പറഞ്ഞിട്ടല്ലേ...'
കെട്ടിയവന്റെ ഇടക്ക് കയറിയുള്ള സംസാരം ഇഷ്ടപ്പെടാത്ത മട്ടില്‍ നിള തുടര്‍ന്നു.
'ഞാനൊന്നു പറഞ്ഞോട്ടെ ചേട്ടാ. ഇന്നു കൂടിയല്ലേ എനിക്ക് പറയാന്‍ പറ്റൂ...'
അവള്‍ വീണ്ടും വാചാലയായി.
'പ്രസവിച്ചാല്‍ മരിച്ചു പോകുമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനുവേട്ടന്റെ വീട്ടുകാരുള്‍പ്പെടെ പറഞ്ഞു, കുട്ടിയെ വേണ്ടാന്നു വയ്ക്കാന്‍. പക്ഷേ നിനക്കറിയാല്ലോ, ഒരു കുട്ടിയില്ലാത്തതിന്റെ ദുഃഖം. ഞാനുമത് വര്‍ഷങ്ങളായി അറിയുവല്ലേ. ഞാന്‍ പോയാലും എന്റെ കുഞ്ഞ് ഇവിടെ വേണം. അതെന്റെ വാശിയാ'
ഇത്രയുമായപ്പോ ജന്നിക്കും എന്തെങ്കിലും പറയാതെവയ്യന്നായി.
'എനിക്കറിയാം മോളേ. അതുകൊണ്ടല്ലേ ഞാനോടി വന്നത്. എനിക്ക് കുട്ടികളില്ലാത്തതു കൊണ്ട് മാത്രമല്ലല്ലോ, നിന്റെ കുഞ്ഞിനെ വളര്‍ത്താന്‍ കിട്ടിയാല്‍ അതില്‍പരം ഭാഗ്യമെനിക്കെന്താ? ഞാനും നീയും ഒന്നല്ലേ..'
കൂട്ടുകാരികളുടെ ഗദ്ഗദം താങ്ങാന്‍ കഴിയാഞ്ഞിട്ടാണോയെന്നറിയില്ല, ഡോക്ടര്‍ വിളിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് മനു പുറത്തേക്കിറങ്ങി.
പെട്ടന്നാണ് ജന്നിക്ക് അടിവയറിനൊരു പിടുത്തമുണ്ടായത്. മരണഭയത്തേക്കാള്‍ വലിയ അന്ധാളിപ്പോടെ നിള നിലവിളിച്ചു.
'എന്തുപറ്റിയെടാ...?'
'കുഴപ്പമായെന്നു തോന്നുന്നെടാ... വീണ്ടും ചോര്‍ച്ച തുടങ്ങി.'
'അയ്യോ, നിനക്കെന്താ? ഓപ്പറേഷനോടു കൂടി എല്ലാം കഴിഞ്ഞതല്ലെ. ഇനി?'
'അറിയില്ലെടാ... ഇപ്പോഴും ഇടയ്ക്ക് വരും.'
ഇത്രയും പറഞ്ഞു കൊണ്ട് ഏന്തിവലിഞ്ഞ് മുറിയിലേക്ക് നടക്കുന്ന ജന്നിഫറിനെ നോക്കി നിള അതേ അന്ധാളിപ്പില്‍ നിന്നു.
മൂന്ന്
ജോസ് മുറിയിലേക്കോടി വന്നപ്പോള്‍ ജന്നി വയറില്‍ അമര്‍ത്തിപ്പിടിച്ച് കിടക്കുവായിരുന്നു.
'വീണ്ടും പ്രശ്‌നമായി ജോസച്ചാ...'
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പെ ഒരു സ്ട്രക്ചറുമായി രണ്ടു നഴ്‌സുമാര്‍ അവിടെയെത്തി, ജന്നിയെ പൊക്കിയെടുത്ത് സ്ട്രക്ചറില്‍ കിടത്തി വേഗത്തില്‍ നടന്നു പോയി. ഐസിയുവിന്റെ മുന്നില്‍ അന്തം വിട്ടു നിന്ന ജോസിന്റെയടുത്ത് ഏതാനും പേപ്പറുകളുമായി വന്ന് ഒരാള്‍ ഒപ്പിടാനാവശ്യപ്പെട്ടു.
'എന്തിന്?'
'നിങ്ങളുടെ വൈഫിന് എമര്‍ജന്‍സി സര്‍ജറിയുടെ ആവശ്യമുണ്ട്. യൂട്രസില്‍ അപകടം പിടിച്ച ഒരു മുഴ വളരുന്നുണ്ടായിരുന്നു. അതു പൊട്ടി ഏതു നിമിഷവും രോഗി മരണപ്പെട്ടേനെ. തക്കസമയത്ത് കണ്ടുപിടിച്ചതു കൊണ്ട് രക്ഷപ്പെട്ടു.'
ഏതൊക്കെ പേപ്പറില്‍ എവിടെയൊക്കെ ഒപ്പിട്ടെന്ന് ജോസിന് നല്ല നിശ്ചയമുണ്ടായില്ല . മൂന്നു നാല് മണിക്കൂര്‍ കഴിഞ്ഞ് ഡോക്ടര്‍ പുറത്തേക്ക് വന്ന് 'പേഷ്യന്റ് ഈസ് ഓകെ'യെന്ന് പറഞ്ഞപ്പോഴാണ് ജോസിന്റെ പാതിമുറിഞ്ഞ ബോധം തിരികെ വന്നത്.
ബോധം വന്നപ്പോള്‍ ജന്നി ആദ്യം അന്വേഷിച്ചത് കുഞ്ഞിനെയായിരുന്നു.
'ജോസച്ചാ, നമുക്ക് കുഞ്ഞിനെ ഏറ്റുവാങ്ങണ്ടേ? അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നൂ ഞാന്‍ തന്നെ ഏറ്റുവാങ്ങണമെന്ന്. അതുകൊണ്ടല്ലേ തൊട്ടടുത്ത മുറിയിലെന്നെ താമസിപ്പിച്ചിരുന്നത്.'
'ഒന്നും പേടിക്കണ്ടാ, കുഞ്ഞിനെ ഏറ്റുവാങ്ങേണ്ടവര്‍ തന്നെ ഏറ്റുവാങ്ങി.'
കേട്ടു നിന്ന നഴ്‌സിംഗ് സൂപ്രണ്ടിന്റെ വാചകങ്ങളില്‍ വിശ്വാസം വരാതെ ജോസിന്റെ മുഖത്തേക്കവള്‍ തുറിച്ച് നോക്കി.
ജോസിന്റെ മുഖത്തെ പുഞ്ചിരിയുടെ അര്‍ത്ഥമറിയാതെ അവള്‍ പരിഭ്രാന്തയായി.
'കുഞ്ഞിനെ മറ്റാരെങ്കിലും കൊണ്ടുപോയോ?'
'ആരും കൊണ്ടുപോയില്ല. കുഞ്ഞ് അമ്മയുടെയടുത്ത് സുരക്ഷിതമായി കിടക്കുന്നു.'
'അപ്പോള്‍.. അവള്‍ മരിച്ചില്ലെ?'
'ഇല്ല..ഒരു പോറലുമേല്‍ക്കാതെ അമ്മയും കുഞ്ഞും രക്ഷപ്പെട്ടു...'
'അപ്പോള്‍ ... എനിക്കിനി അമ്മയാവാന്‍ കഴിയില്ലെ? അവസാന പ്രതീക്ഷയും പോയി. ഞാനിനി എന്തു ചെയ്യും ജോസച്ചാ...'
ജന്നിയുടെ പതം പറച്ചില്‍ കേട്ട് അടുത്തു നിന്ന തലമുതിര്‍ന്ന നഴ്‌സ് ജാനമ്മയാണതിന് മറുപടി പറഞ്ഞത്.
'കുഞ്ഞിന് അമ്മയാകാനാവില്ലെന്നാരു പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു. ഇനി സുഖമായി പ്രസവിക്കാം....'
വാടിപ്പോയ താമരയിതളുകളില്‍ പ്രത്യാശയുടെ അരുണകിരണങ്ങള്‍ പതിച്ചതു പോലെ ജന്നി മെല്ലെ തലയുയര്‍ത്തി അരികില്‍ നിന്ന പ്രിയതമനെ നോക്കി. ജോസ് അര്‍ത്ഥഗര്‍ഭമായി തലയാട്ടി.
ഹോസ്പിറ്റലില്‍ നിന്നും ആലപ്പുഴയിലേക്ക് പോകും വഴി ജോസിന്റെ തോളിലേക്ക് തലചായ്ച്ച് ജന്നി ആ സംശയം ചോദിച്ചു.
'അതിന് ജോസച്ചന്റെ കൈയില്‍ ഇത്രയും പൈസ ഉണ്ടായിരുന്നോ?'
'അതിന് ഞാനല്ലല്ലോ പൈസ ചിലവാക്കിയത്. എല്ലാം നിന്റെ കൂട്ടുകാരിയുടേയും ഹസ്ബന്റിന്റെയും ഏര്‍പ്പാടാ..'
അതു കേട്ടതും കണ്ണു നിറഞ്ഞു പോയ ജന്നി കുറ്റബോധത്താല്‍ വിങ്ങി.
'മനുഷ്യര്‍ എത്ര സ്വാര്‍ത്ഥരാണ് ജോസച്ചാ. ഇത്രയും നല്ല കൂട്ടുകാരിയുടെ മരണമാഗ്രഹിച്ച ഞാനെത്ര മോശക്കാരിയാ..'
അത് കേട്ട് ജോസ് ഉറക്കെയുറക്കെ ചിരിച്ചു.
'അതുകൊണ്ടല്ലേ, നമ്മളെയൊക്കെ മനുഷ്യരെന്ന് വിളിക്കുന്നത്. എല്ലാ മനുഷ്യരും ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് അവനവനെ തന്നെയാ . അതു കഴിഞ്ഞേ ഉള്ളൂ, അവന്റെ ധര്‍മ്മബോധവും നീതിബോധവും.'
'അപ്പോള്‍ അങ്ങനെയല്ലാത്ത മനുഷ്യരില്ലേ?'
'ഉണ്ട്. അവരെ നാം ദൈവമെന്ന് വിളിക്കുന്നു...'
അപ്പോഴേക്കും പുത്തന്‍ പ്രതീക്ഷകളുടെ വാതായനങ്ങള്‍ കടന്ന് അവരുടെ വണ്ടി 'സുകൃതം' എന്ന വീട്ടുപടിക്കലെത്തിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...