Malayalam Short Story : ബൗണ്ടറി, മേഘ മല്‍ഹാര്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Oct 14, 2022, 6:40 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   മേഘ മല്‍ഹാര്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


അവിനാശിന്റെ മെസേജ് കണ്ടപ്പോള്‍ തന്നെ അവനെന്തിനാണ് എന്നെ കാണാന്‍  ആഗ്രഹിക്കുന്നതെന്ന് അറിയാമായിരുന്നു. കാണേണ്ട എന്ന് തന്നെയാണ് തീരുമാനിച്ചിരുന്നത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ കുറച്ചധികം ദിവസങ്ങളായി. അവിനാശ്  പല രീതിയില്‍ എന്നെ കാണാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, ചില കാര്യങ്ങള്‍ അവന് ചോദിച്ചറിയണമത്രേ. നാനിയുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന്   ഊഹിക്കാവുന്നതേയുള്ളൂ. എനിക്ക് ഒന്നും തന്നെ പറയാന്‍ താല്‍പര്യമില്ല. അല്ലെങ്കിലും യഥാര്‍ത്ഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കണമെന്ന് ആര്‍ക്കും ആഗ്രഹമില്ലല്ലോ. നാനിയുടെ വാദങ്ങളെ ബലപ്പെടുത്തണം, അതിന് ഞാന്‍ അവളോട് പല തരത്തിലുള്ള തെറ്റുകള്‍ ചെയ്തതതായി സമ്മതിക്കണം.

ഹ! നല്ല കഥ ആയി പോയി.

ജനാലയോട് ചേര്‍ന്നിരിക്കുന്ന അശോക മരത്തെ കുറേ നേരം നോക്കിയിരിക്കുമ്പോള്‍ ആശ്വാസം ലഭിക്കാറുണ്ടെങ്കിലും, ഇത്തവണ അസ്വസ്ഥതയാണ് തോന്നിയത്. നാളെ ദില്ലിയിലേക്ക് പോകുന്നതിനെക്കുറിച്ചാലോചിച്ചു. പോകാന്‍ തന്നെയാണ് തീരുമാനം, ശരീരത്തിന് എത്ര വേദനയുണ്ടെങ്കിലും പിന്തിരിഞ്ഞോടാന്‍ ഞാനൊരു ഭീരുവല്ല. ലോകം മുഴുവനും എന്നെ തോല്‍പ്പിക്കുവാനാണ് തയ്യാറായിരിക്കുന്നതെങ്കില്‍ വെറുതെ തോറ്റു നില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല.

കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാനുണ്ട്, പിന്നെ പാളയം ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകങ്ങള്‍ തിരികെ വെക്കണം. പുറത്തേക്ക് ഇറങ്ങാതെ തരമില്ല.  

മുറിയുടെ ഓരത്ത് പച്ച നിറമുള്ള ഡ്രെസ് ഹോള്‍ഡറില്‍ വാരി വലിച്ചിട്ട ഉടുപ്പുകളില്‍ നിന്ന് കൈയ്യില്‍ തടഞ്ഞ ഒരു കുര്‍ത്തിയും പലാസോയുമെടുത്തിട്ടു. അശോക മരത്തില്‍ നിന്ന് തവിട്ട് നിറമുള്ള  പക്ഷികള്‍ വൈകുന്നേരമാകുമ്പോള്‍ പടിഞ്ഞാറോട്ട് സംശയത്തോടെ പറക്കാറുള്ളത് പോലെ വാതില്‍ തുറന്ന് ഞാനും പുറത്തേക്കിറങ്ങി.

സാധാരണ ദിവസങ്ങളില്‍ അവിനാശും ഞാനും നാനിയുമാണ് പാളയം ലൈബ്രറിയിലിരുന്ന് പുസ്തകങ്ങള്‍ വായിച്ച്, വൈകുന്നേരമാകുമ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വരെ നടന്ന് സാന്റെ സിപില്‍ക്കയറി നാനിക്കിഷ്ടമുള്ള ടാകൂസ് ഞങ്ങള്‍ പങ്കിട്ട് കഴിച്ച് മാനവീയം വീഥിയിലൂടെ തിരിച്ച് നടക്കാറുള്ളത്.ഞാന്‍ നാനിയെ ഓര്‍ത്തു, എപ്പോഴും ഞങ്ങള്‍ക്കിടയിലേക്ക് ഫ്രഞ്ച് ഫ്രൈസുമായി വരാറുള്ള അവിനാശിനെ ഓര്‍ത്തു.

പാളയം ലൈബ്രറിയുടെ അടുത്ത് പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന വഴിയിലെത്തിയപ്പോഴാണ്  ഒരു സ്‌കൂട്ടര്‍ ഹോണടിച്ചു മുന്നില്‍  നിര്‍ത്തിയത്. നോക്കിയപ്പോള്‍ അവിനാശ്! നിന്നെ കണ്ടു പിടിച്ചല്ലോ എന്ന ഭാവത്തില്‍ ഹെല്‍മറ്റൂരി ഫുട്പാത്തിനോട് ചേര്‍ത്ത് വണ്ടിയൊതുക്കിയിട്ടു.

നമുക്കോരോ ചായ കുടിച്ചാലെന്താ? അവന്‍ പഴയത് പോലെ ചോദിച്ചു.

സാന്റേ സിപിലേക്ക് കേറാല്ലേ.

ഉം.... ഞാന്‍ മൂളി.

ഡോ.... താനെവിടെ പോയിരിക്കുവാ...!

അവന്‍ ചൂണ്ട് വിരല്‍ മടക്കി എന്റെ നെറ്റിയിലൊന്ന് കൊട്ടി. 

നീ നാനിയെ ഓര്‍ത്തല്ലേ...

അവന്‍ എന്റെ മുഖത്തെ ദു:ഖം കണ്ടു പിടിച്ചത് പോലെ പറഞ്ഞു.

ഉം..... ഹും. ഞാന്‍ അവളെ പറ്റി കൂടുതല്‍ ഓര്‍മ്മിക്കാതിരിക്കാന്‍ വേണ്ടി കൂടുതല്‍ ഒന്നും സംസാരിക്കാന്‍ വയ്യാത്തതിനാല്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. 

കുറേ നേരത്തേക്ക് ഞങ്ങള്‍ രണ്ട് പേരും ഒന്നും സംസാരിച്ചില്ല. മിണ്ടാതെയിരുന്ന് കൊണ്ട് റോബി ബോസ് ടീ  കുടിച്ചു. സംസാരിക്കാനിടവരാതിരിക്കാന്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നു. അവനും അതേ കാര്യങ്ങള്‍ ചെയ്തു. 

ഡാ... എനിക്ക് ഒരു ഓണ്‍ലൈന്‍ ക്ലാസില്‍ അറ്റന്‍ഡ് ചെയ്യാനുണ്ട്. നമുക്കിറങ്ങാം. ഞാന്‍ മൊബൈലില്‍ നിന്ന് മുഖമുയര്‍ത്താതെ ബാക്കി വന്ന ചായ ഒരിറക്ക് കുടിച്ച് അവനോട് പറഞ്ഞു. 

അതെയോ... ഞാന്‍ കൊണ്ടു വിടാം. അവന്‍ അടഞ്ഞ ശബ്ദത്തോടെ പറഞ്ഞു.

നാനി ഞങ്ങള്‍ക്കിടയിലുണ്ടാക്കിയ അകലം എത്രമാത്രമാണെന്ന് സാന്റെ സിപിന്റെ ഫൈബര്‍ സ്റ്റെപ്പുകളിലൂടെ ഇറങ്ങുമ്പോള്‍ എനിക്ക് മനസ്സിലായിരുന്നു. 

അവസാനത്തെ സ്റ്റെപ്പിറങ്ങിയിട്ട് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിടത്തേക്ക് തിരിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു.
ഡീ..... നീ എന്ത് തീരുമാനിച്ചു. ദില്ലിയിലേക്ക് പോകാന്‍ തീരുമാനിച്ചോ. എനിക്ക് വിരോധമൊന്നുമില്ല. എനിക്ക് നിങ്ങള്‍ രണ്ട് പേരും ഒരേ പോലെ. എന്നെക്കാള്‍ സ്‌നേഹത്തിലായിരുന്നല്ലോ നിങ്ങള്‍ രണ്ട് പേരും. ഞാന്‍ മൂന്നാമത്തെയാളാണ്, ഒരു സാക്ഷി. പക്ഷെ അവള്‍ വല്ലാതെ വേദനിക്കുന്നുണ്ട് കേട്ടോ. നിന്റെ വേദനയും ഞാന്‍ മനസ്സിലാക്കുന്നു. 

അവന്‍ പോക്കറ്റില്‍ നിന്ന് സ്‌കൂട്ടറിന്റെ ചാവിയെടുത്ത് കീ ഹോളില്‍ ഇട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. വണ്ടി ശ്രദ്ധയോടെ തിരിച്ച് മുന്നിലേക്ക് കയറ്റി നിര്‍ത്തി. ഞാന്‍ നിന്നയിടത്ത് തന്നെ നിന്ന് നാനിയെ പറ്റി ആലോചിച്ചു കൊണ്ടിരുന്നു. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജനുവരി മാസക്കാലം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കായുള്ള സെലക്ഷന് വേണ്ടി ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ തീവണ്ടി കയറിയും ഫ്‌ലൈറ്റ് പിടിച്ചും ദില്ലിയിലേക്ക് വന്നത്. അക്കൂട്ടത്തില്‍ വളരെ സംശയത്തോടെ ഞാനും വന്നിറങ്ങിയത്. എല്ലാത്തിന്റെ പേരിലും എനിക്ക് അപകര്‍ഷതയും സംശയവുമുണ്ടായിരുന്നു. സൗന്ദര്യമില്ലാത്തതിനാല്‍, പണമില്ലാത്തതിനാല്‍, അച്ഛനുമമ്മയും കൂലി പണിക്കാരായതിനാല്‍ പോരാത്തതിന് ജാതി ഉള്ളതില്‍ വെച്ച് ഏറ്റവും താഴ്ന്നതും. സെലക്ഷന്‍ കിട്ടില്ലെന്ന് ഉറപ്പായിരുന്നു. സെലക്ഷന്‍ മത്സരത്തിന് വേണ്ടി വന്നവര്‍ക്കെല്ലാം ഹോട്ടല്‍ മുറിയില്‍ താമസമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഞങ്ങളെ കണ്ട് അത്ര വലിയ ഹോട്ടലില്‍ കയറ്റാതിരുന്നെങ്കിലോ എന്ന് ഭയന്ന് റെയില്‍വേ സ്റ്റേഷനില്‍ തന്നെ പിറ്റേന്ന് രാവിലെ വരെ കഴിച്ചുകൂട്ടി. പത്തരയോടടുപ്പിച്ചായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്.  സ്റ്റേഷനില്‍ നിന്ന് തന്നെ കുളിയും മറ്റ് കാര്യങ്ങളും ചെയ്ത് തീര്‍ത്ത് ബ്രേക്ക് ഫാസ്റ്റും കഴിച്ച് പുറത്തിറങ്ങി. പ്രത്യേകിച്ച് പ്രതീക്ഷയോ നിരാശയോ ഇല്ലാത്ത ഭാവമായിരുന്നു അച്ഛന്. വെറുതെ നാട് കണ്ട് തിരിച്ച് വരാമല്ലോ എന്ന വിചാരമായിരുന്നു എന്റേത്. അവിടെയെത്തിയപ്പോള്‍ ആരും ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ലോകം ഇത്രയധികം മാറിപ്പോയോ എന്ന സംശയമായിരുന്നു എനിക്ക്. റിപ്പോര്‍ട്ട് ചെയ്ത ഉടനെ വെരിഫിക്കേഷനെല്ലാം കഴിഞ്ഞ് ക്രിക്കറ്റ് വൈറ്റ്‌സും  ഒരു ജോഡി ബൂട്‌സും തന്ന് തയ്യാറാവാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത് പോലെ ചെയ്ത് കുറച്ച് വാം അപ് എക്‌സര്‍സൈസുകള്‍ ചെയ്തു. അപ്പോഴാണ് ഓറഞ്ച് നിറത്തില്‍ തുടുത്ത് മെലിഞ്ഞ സില്‍ക് മുടിയുള്ള ഒരു പെണ്‍കുട്ടി വരുന്നത്. അവളെന്ന് തൊട്ട് വിളിച്ച് ചിരിച്ച് കൊണ്ട് ചോദിച്ചു.

വാട്‌സ് യുവര്‍ നെയിം?

ഞാന്‍ അമ്പരന്നു പോയി.ഓറഞ്ച് നിറമുള്ള പണക്കാരിയായ പെണ്‍കുട്ടി എന്നെ തൊടുന്നു. അത്ഭുതത്തോടെ അവളെ സൂക്ഷിച്ച് നോക്കി. മാലാഖ! എന്ന് മന്ത്രിച്ചു. 

ഹേയ്....ഐ ആം ആസ്‌ക്കിങ് റ്റു യൂ... യുവര്‍ നെയിം പ്ലീസ്.... 

അവള്‍ ചിരിച്ചു കൊണ്ട് വീണ്ടു ചോദിച്ചു.

ഐ.... ആം.... 

ഞാന്‍ പരിഭ്രമത്തോടെ അവളോട് എന്റെ പേര് പറഞ്ഞു. 

വൗ..... നൈസ് നെയിം..  ഗ്ലാഡ് റ്റു മീറ്റിയൂ...

അവള്‍ സ്‌നേഹത്തോടെ എന്റെ കൈയില്‍ വന്ന് തൊട്ടു. ഞാന്‍ വീണ്ടും അമ്പരന്നു.ആദ്യമായിട്ടാണ് ഒരാള്‍ എന്റെ പേര് നല്ലതാണെന്ന് പറയുന്നത്. നാട്ടിലിത് താഴ്ന്ന ജാതിക്കാര്‍ മാത്രമിടുന്നതാണ്. അറപ്പോടെയല്ലാതെ ആരുമത് വിളിക്കാറുമില്ല.

ബൈ ദ ബൈ...... ഐ ആം നാനി. 

അവള്‍ സ്വയം പരിചയപ്പെടുത്തി. എന്നിട്ട് കൈ വീശി കൊണ്ട് പിന്നെക്കാണാമെന്ന് പറഞ്ഞ് ഓടിപോയി. എന്റെ മനസ്സില്‍ ഒരു വെളിച്ചമൊക്കെ വന്നു. ലോകത്ത് എവിടെയെങ്കിലും നമുക്കായി ഒരു തിരി കെടാതെയുണ്ടാകുമെന്ന തത്വം. ഞാനച്ഛനെ നോക്കി. അച്ഛന്‍ ഒന്നിനെയും ശ്രദ്ധിക്കാതെ പ്രത്യേകിച്ച് പ്രതീക്ഷയോ നിരാശയോ ഇല്ലാതെ കനത്ത വെയിലേല്‍ക്കുന്നതില്‍ പരാതിയോ അസഹിഷ്ണുതകളോ ഇല്ലാതെ വെറുതെയിരിക്കുന്നു. 

സെലക്ഷന്‍ റൗണ്ട് അല്‍പസമയത്തിനകം ആരംഭിക്കുമെന്നും എല്ലാവരും തയ്യാറായിരിക്കണമെന്നും അറിയിപ്പ് ലഭിച്ചു. മൊത്തം നൂറു കുട്ടികള്‍, പത്ത് പേരടങ്ങുന്ന ഒരോ ബാച്ചുകളാക്കി തിരിച്ചു. ഞാന്‍ മൂന്നാമത്തെ ബാച്ചിലായിരുന്നു. നാനി നാലമത്തേതിലും. മത്സരം തുടങ്ങുന്നതിന് മുമ്പ് അവളെന്നെ വന്ന് കെട്ടിപിടിച്ചു. 

ആള്‍ ദ ബെസ്റ്റ് ഡിയര്‍. പെര്‍ഫോം വെല്‍. ഗോഡ്‌ബ്ലെസ് യൂ....

അവളെനിക്ക് ആശംസകള്‍ തന്നു. എനിക്ക് സന്തോഷവും ആഹ്‌ളാദവും കൂടി. കൈപ്പത്തി ചുരുട്ടി വായുവില്‍ പഞ്ച് ചെയ്തു കൊണ്ട് സി യൂ...ഇന്‍ നെക്സ്റ്റ് ലെവല്‍ എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാനും അറിയാതെ അതേ പോലെ അനുകരിച്ചു. 

സെലക്ഷന്‍ ടൈം ഏതാണ്ട് അവസാനിക്കാറായിരുന്നു.ആകാശത്തിന്റെ തിളക്കവും വെയിലിന്റെ കാഠിന്യവുമെല്ലാം പതിയെ താഴ്ന്നു കൊണ്ടിരുന്നു. ടീമിലേക്കുള്ള അംഗങ്ങളെ ഒരോന്നായി തിരഞ്ഞെടുത്തു കൊണ്ടിരുന്നു. ബാറ്റ് വുമണിന്വേണ്ടി അവസാനത്തെ ഒരാളിനുള്ള മത്സരത്തില്‍ ഞാനും നാനിയുമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് റൗണ്ട് കളി തുടര്‍ന്നിട്ടും ഞങ്ങള്‍ സമനിലയില്‍ തന്നെ നിന്നു. ഞങ്ങള്‍ രണ്ട് പേരുടെയും പെര്‍ഫോമന്‍സ് ഒരേ മാതിരി മികച്ചതായിരുന്നു.  അതോറിറ്റിയില്‍ ഉള്‍പ്പെട്ട രണ്ട് മൂന്ന് പേരും കോച്ച് അറുമുഖം സാറും ഞങ്ങളോട് തന്നെ തീരുമാനിക്കാന്‍ പറഞ്ഞു. 

യൂ ബോത് ആര്‍ വെരി ഗുഡ് പ്ലെയേര്‍സ്. ഐ ഹോപ് ദാറ്റ് യൂ കാന്‍ ഡിസ്‌കസ് ആന്‍ഡ് ദെന്‍ ഡിസൈഡ് ഹൂ വില്‍ ബി ദി ലാസ്റ്റ് ബാറ്റ് വുമണ്‍ ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.

ഞങ്ങള്‍ രണ്ട് പേരേയും സ്‌നേഹത്തോടെ നോക്കിയിട്ട് അറുമുഖം സര്‍ റെസ്റ്റെടുക്കാനായി പുറത്തേക്ക് പോയി. അറുമുഖം സര്‍ തമിഴ് നാട്ടിലെ ഏതെങ്കിലും ദളിത് കുടുംബത്തിലുള്ളയാള്‍ ആയിരിക്കണം. അല്ലെങ്കില്‍ ഇത്ര സ്‌നേഹത്തോടെയും ദയയോടെയും എന്നെ പരിഗണിക്കില്ലായിരുന്നു. അയാള്‍ വെളുത്ത ഒരാളും ഉയര്‍ന്ന ജാതിക്കാരനുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനിത് വരെ, ഈ ബാറ്റ് വുമണ്‍ സ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക് എത്തുമായിരുന്നോ! 

ഇല്ല.

നാനി വെളുത്തിട്ടാണ്, ജാതിയേതാണെന്നറിയില്ല എന്നാലും അവള്‍ വിശാലമായി ചിന്തിക്കുന്നവളാണ്. അതിനാല്‍ എനിക്കവളോട് വളരെയധികം അനുതാപം തോന്നി. തുല്യമായി ചിന്തിക്കുന്ന കൂട്ടുകാരിയെ കിട്ടിയതിനാല്‍ ആദ്യമായി സന്തോഷവും തോന്നി.

വൈകുന്നേരത്തെ സ്‌നാക്ക് ബ്രേക്കായിരുന്നു, അത് കഴിഞ്ഞിട്ട് തീരുമാനിച്ചാല്‍ മതിയെന്ന് അറുമുഖം സാറും മറ്റുള്ളവരും നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും സ്‌നാക്ക് ബ്രേക്കിനായി പിരിഞ്ഞു പോയി. വലിയ മൈതാനത്തിന്റെ മധ്യത്തില്‍ ഞാനൊറ്റയ്ക്ക് നിന്നു. ദൂരെ ഒരു മരത്തിനിടയില്‍ ഒരു കറുത്ത പൊട്ട് മാതിരി അച്ഛനിരിക്കുന്നു. ദരിദ്രരും കറുത്തവരും ദളിതരുമായ ആളുകള്‍ പ്രതീക്ഷയോ നിരാശയോ ഇല്ലാത്തവരായിരിക്കണമെന്ന സത്യം ആ മനുഷ്യന്‍ എന്നേ മനസ്സിലാക്കിയിരിക്കുന്നുവെന്ന് ഞാന്‍ ഓര്‍ത്തു. ചെറിയ സന്തോഷങ്ങള്‍ ചിലയിടങ്ങളില്‍ സംഭവിക്കുമ്പോഴും യഥാര്‍ത്ഥ്യങ്ങളെ നമുക്കെങ്ങനെയാണ് മറക്കാന്‍ സാധിക്കുക!

ഞാന്‍ സ്‌നാക്‌സും ചായയും വാങ്ങി അച്ഛന്റെയരികിലേക്ക് നടന്നു. ടീമില്‍ സെലക്ഷന്‍ കിട്ടിയ കാര്യമൊന്നും അച്ഛനോട് പറഞ്ഞില്ല. അദ്ദേഹത്തിനത് മനസ്സിലാവില്ല. ഞാന്‍ മിണ്ടാതെയിരുന്നു. ഞങ്ങള്‍ രണ്ട് പേരും പരസ്പരം നോക്കാതെ ദൂരേക്ക് നോക്കി നിലത്ത് വെറുതെയിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ നാനിയും അവളുടെ അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ അരികിലേക്ക് നടന്നു വരുന്നത് കണ്ടു. അടുത്തെത്തിയപ്പോള്‍ അവള്‍ ഓടി വന്ന് സ്‌നേഹത്തോടെ കെട്ടി പിടിച്ചു.അവളുടെ അമ്മയും അച്ഛനും സൗമ്യതയോടെ ചിരിച്ചു. നന്നായി വസ്ത്രം ധരിച്ച, നല്ല പത്രാസുള്ള അവരുടെ മുന്നില്‍ അച്ഛനെ എഴുന്നേല്‍പ്പിച്ച് എങ്ങനെയാണ് പരിചയപ്പെടുത്തുക എന്ന ജാള്യത എനിക്കുണ്ടായിരുന്നു. അച്ഛനെ മറഞ്ഞ് ഞാന്‍ അവരുടെ മുന്നില്‍ കീഴ്‌പ്പെട്ടത് പോലെ നിന്നു. ഞങ്ങളാരും അച്ഛനെ പിന്നീട് ശ്രദ്ധിച്ചതേയില്ല. 

നാനി എന്റെ ചുമലില്‍ കൂടുതല്‍ മുറുക്കത്തോടെ പിടിച്ച് വളരെയടുത്ത് നിന്നു. അവളുടെ അച്ഛനാണ് ആദ്യം സംസാരം തുടങ്ങിയത്.

ഹായ് ഡിയര്‍, വി ആര്‍ വെരി ഗ്ലാഡ് റ്റു മീറ്റ് യു ഹിയര്‍, ബികോസ് യൂ ആര്‍ സച് എ ടാലന്റഡ് ഗേള്‍ ഫ്രം സൗത്. ആന്‍ഡ് യൂ പെര്‍ഫോര്‍മ്ഡ് വെല്‍ റ്റു ഡേ.

അയാള്‍ തൊണ്ടയനക്കി  എന്തോ പറയാനാഞ്ഞ് നിര്‍ത്തിയപ്പോള്‍ അവളുടെ അമ്മ തുടര്‍ന്നു. 

കുട്ടീ... ഞാന്‍ കേരളത്തില്‍ നിന്നാണ്. മോളുടെ വീട് പാലക്കാട് ആണല്ലേ.ഞാന്‍ തൃശ്ശൂരാണ് ജനിച്ചത്. പിന്നെ നോര്‍ത്തിലേക്ക് വന്നതാണ്.അച്ഛന് ഇവിടെയായിരുന്നു ജോലി. പിന്നെ ഇവിടെ തന്നെ സെറ്റില്‍ഡ് ആയി. 

അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാന്‍ വെറുതെ തലയാട്ടി കൊണ്ടിരുന്നു. 

പറഞ്ഞ് വന്നത്, നാനിയുടെ വലിയ ആഗ്രഹമായിരുന്നു, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ബാറ്റ് വുമണാകണമെന്ന്. രാവും പകലുമില്ലാതെ അവള്‍ അധ്വാനിച്ചു, ഇതിന് വേണ്ടി. ക്രിക്കറ്റ് അവളുടെ ജീവനാണ്. 

ആട്ടെ, മോളെന്ത്  തീരുമാനിച്ചു. നാനിയുടെ അച്ഛന്‍ പ്രതീക്ഷയോടെ എന്നെ നോക്കി.

എത്ര പണം വേണമെങ്കിലും തരാം, വീട്ടില് ബുദ്ധിമുട്ടുള്ള കൂട്ടത്തിലാണെന്നറിയാം, നോക്കൂ. ഇനി മുന്നോട്ട് പോകണമെങ്കില്‍ പലതും ആവശ്യമാണ്. കുടുംബത്തിന്റെ സപ്പോര്‍ട്ട്, പണം, അങ്ങനെയെല്ലാം. ചിലപ്പോള്‍ മോള്‍ ഈ അവസരം ചൂസ് ചെയ്തിട്ട് ആരെങ്കിലും ജാതിയുടെ പേരില്‍ തഴഞ്ഞാല്‍ മോള്‍ക്ക് സങ്കടമാകില്ലേ...

അയാള്‍ വളരെ മര്യാദയോടെ കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തു.

ഒന്നാലോചിച്ചു നോക്കൂ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ ഒരവസരം കിട്ടിയത് തന്നെ മോളുടെ വലിയ ഭാഗ്യമല്ലേ. 

ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒരുമിച്ച് വേദന കുത്തി പിടഞ്ഞു. അപമാനത്തിന്റെ ശീല്‍ക്കാരങ്ങള്‍ മര്യാദയോടെ മുന്നില്‍ നില്‍ക്കുന്നു. എന്നെ വന്ന് തൊട്ട അനുതാപത്തെയും സ്‌നേഹത്തെയും ഞാന്‍ വിശ്വസിച്ചതെന്തിന്. ഇതില്‍പരം വലിയ അപമാനം മറ്റെന്തുണ്ട്!

മനസ്സില്‍ വിചാരിച്ചു വെച്ചിരുന്നത് ടോസിടാതെ തന്നെ നാനിക്ക് സ്ഥാനം പങ്ക് വെക്കണമെന്നായിരുന്നു. ഇനിയിപ്പോള്‍ അതിന്റെ ആവശ്യമില്ല.

കനത്ത ഇരുമ്പുകട്ടകള്‍ ഭൂമിയില്‍ വലിച്ചിട്ടത് പോലെ ഞാന്‍ അവരോട് പറഞ്ഞു, അത് കൊണ്ട് തന്നെ ഞാനീ സ്ഥാനം നാനിക്ക് നല്‍കാന്‍ പോകുന്നില്ല. ഞങ്ങള്‍ രണ്ട് പേരെയും താരതമ്യം ചെയ്താല്‍ ഏറ്റവും മികവുള്ളത് എനിക്കാണെന്ന് അതോറിറ്റിക്കറിയാം. അതിനാല്‍ ഞാന്‍ ഇതില്‍ നിന്ന് പിന്‍വാങ്ങുന്നില്ല.

എന്റെ ചുമലില്‍ വെച്ചിരുന്ന നാനിയുടെ കൈകള്‍ ഊര്‍ന്നു പോയി. 

WT F എന്ന് പറഞ്ഞ് അവളെന്നെ ദേഷ്യത്തോടെ തള്ളിമാറ്റി കരഞ്ഞുകൊണ്ട് ഓടി പോയി. അവളുടെ അമ്മ എന്റെ ജാതിപ്പേര് വിളിച്ച് ആക്രോശിച്ച്. ഈ വര്‍ത്തമാനത്തിന് ഞാന്‍ വില പറയേണ്ടി വരുമെന്ന് അവളുടെ അച്ഛന്‍ വെല്ലുവിളിച്ചു. 

ഞാനും വിട്ടുകൊടുക്കില്ലെന്ന മട്ടില്‍ നിന്നു. 

അന്ന് അവസാനത്തെ ബാറ്റ് വുമണ്‍ ആരാണെന്നതില്‍ തീരുമാനമുണ്ടായില്ല. പണമില്ലാത്തതിന്റെയും ജാതിയുടെയും പേരില്‍ അവര്‍ക്കെന്നെ ഉപേക്ഷിക്കാന്‍ സാധിക്കില്ലായിരുന്നു. നാനിയോടും കുംടുംബത്തോടും എതിരഭിപ്രായം പറയാനുള്ള ധൈര്യവുമുണ്ടായിരുന്നില്ല. അതോറിറ്റി പെട്ടെന്ന് ഒരു തീരുമാനമെടുക്കാതെ ഞങ്ങളെ തിരുവനന്തപുരത്തെ ലക്ഷ്മിഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലേക്ക് അയക്കുവാനുള്ള ഡിസിഷനിലേക്കാണെത്തിയത്. നാനിയുടെ അമ്മയുടെ ഇടപെടല്‍ മൂലമാണ് അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ അതോറിറ്റിയെ പ്രേരിപ്പിച്ചതെന്ന് പിന്നീടെനിക്ക് മനസ്സിലായി. 

തിരുവനന്തപുരത്ത് ഒരു മാസത്തെ കോച്ചിംഗായിരുന്നു. നാനിയോട് ഞാന്‍ വിരോധമൊന്നും കാട്ടിയില്ല. എനിക്ക് അവളോട് യാതൊരു വിരോധവുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. അവിനാശ് അവിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന് വേണ്ടി പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. നാനി ഞാനവളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് മറ്റുള്ളവരെയെല്ലാം തെറ്റിദ്ധരിപ്പിച്ചു. അവളെന്നോട് അങ്ങനെ പെരുമാറുന്നതിനോട് ആദ്യമെനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിന്നീട് ഞാനും അവളോട് സ്‌നേഹം കാട്ടിത്തുടങ്ങി. അല്ലെങ്കില്‍ മറ്റുള്ളവര്‍ എന്നെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുക, എനിക്കറിയാമായിരുന്നു. അവളതിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന്. അവിനാശിന് ഒന്നുമറിയില്ലായിരുന്നു, ഞങ്ങള്‍ രണ്ട് പേരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നാണ് അവന്‍ വിചാരിച്ചു വെച്ചിരിക്കുന്നത്. കോച്ചിംഗ് കഴിയാറാവുന്ന തിന്റെ ഒരാഴ്ച മുന്‍പേ നാനി പതിയെ എന്നോട് ചോദിച്ചു, എന്തായി നിന്റെ തീരുമാനമെന്ന്. 
എന്ത് തീരുമാനം! ഗ്രൗണ്ടില് എന്നെ തോല്‍പ്പിക്കാമെങ്കില്‍ നീ തന്നെ എല്ലാം തീരുമാനിച്ചോ എന്ന് ഞാനവളോട് പരിഹാസത്തോടെ പറഞ്ഞു.

പിറ്റേന്ന് രാവിലെ അവള്‍ ഞരമ്പ് മുറിച്ച് ഹോസ്പ്പിറ്റലിലായെന്നാണറിയുന്നു. ആത്മഹത്യാ കുറിപ്പില്‍ അവളെന്റെ പേരായിരുന്നു എഴുതി വെച്ചിരുന്നു. ഞാന്‍ അവളെ ബലം പ്രയോഗിച്ച് ചുംബിക്കുവാന്‍ ശ്രമിച്ചുവെന്നതായിരുന്നു കുറ്റം. പോലീസ്‌കാര് പിടിച്ച് കൊണ്ട് പോയി പൊതിരെ തല്ലി. താഴ്ന്ന ജാതിക്കാരിയായത് കൊണ്ട് കൂടുതല്‍ കിട്ടി. അവരെന്നെ വെറുതെ ഒരു കാരണവുമില്ലാതെ തല്ലിക്കൊണ്ടിരുന്നു. ഒരു ദിവസം ലോക്കപ്പിലിട്ട് പിറ്റേ ദിവസം വിട്ടയച്ചു. 

ഒരു നിഴല് പോലെ ഞാന്‍ ജയിലില്‍ നിന്നിറങ്ങി. പുറത്ത് അവന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. 

നിന്നെയവര്‍ കുറേ തല്ലിയോ? അവന്‍ ദയയോടെ ചോദിച്ചു.

ഇല്ല. ഞാന്‍ വെറുതെ പറഞ്ഞു.

നീ നാനിയെ അങ്ങനെ ചെയ്‌തോ? അവന്‍ പരിഭ്രമത്തോടെ വീണ്ടും ചോദിച്ചു.

എങ്ങനെ? ഞാന്‍ അവനെ നോക്കി പുകഞ്ഞു.

ഞാന്‍ കൊണ്ട് വിടാം. അവന്‍ വീണ്ടും എന്നെ സഹായിക്കാനാഞ്ഞു.

വേണ്ട, ഞാന്‍ നടന്ന് പോകും.

അന്നത്തെ വൈകുന്നേരത്തിന് ശേഷം ഞാന്‍ അവനെയോ നാനിയേയോ കണ്ടില്ല. എല്ലാവരുടെയും കണ്ണില്‍ ഒരു പ്രതിസ്ഥാനത്തേക്ക് എത്രയെളുപ്പത്തിലാണ് അവളെന്നെ മാറ്റിയത്. സെലക്ഷന്‍ പ്രോസസിനായി  മത്സരിക്കാനില്ലെന്ന് ഇനി ഞാന്‍ എഴുതിക്കൊടുക്കണമത്രേ. എന്നാല്‍ മാപ്പ് തരാമെന്നും കേസ് പിന്‍വലിക്കാമെന്നുമാണ് ഓഫര്‍.

ടീ.. അവന്‍ വിളിക്കുന്നു. നീ ഇവിടെ ഒന്ന് വെയ്റ്റ് ചെയ്യണേ.... ഞാനിപ്പോ വരാമെന്നും പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്ത അതേ ശ്രദ്ധയോടെ ഓഫ് ചെയ്തിട്ട് ധൃതിയില്‍ റോഡ് മുറിച്ചുകടന്ന് പോയി.

കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് കൂട്ടം കൂട്ടമായി പറക്കുന്ന ഒരു പറ്റം പക്ഷികള്‍ അപ്പോഴെന്റെ തലയ്ക്ക് മുകളിലൂടെ പറന്നു പോയി.

നാളെ വൈകുന്നേരമാണ് ദില്ലിയിലേക്കുള്ള ട്രെയിന്‍. എന്തു വില കൊടുത്തും പോരാടിത്തന്നെ ജയിക്കണമെന്ന് അപ്പോഴെന്റെ മനസ്സ് ഉച്ചത്തില്‍ പറയുന്നത് നഗരത്തിന് മധ്യേ ശക്തിയോടെ പ്രതിധ്വനിക്കുന്നുവെന്  തോന്നി.

സെന്റ് പീറ്റര്‍ കത്രീഡലിന് മുകളിലുള്ള അങ്ങേരുടെ പ്രതിമക്കണ്ണില്‍ മാത്രം അപ്പോള്‍ ഇത്തിരി അലിവ് തെളിഞ്ഞു വന്നു. 

ഞാന്‍ അവനെ കാത്തു നില്‍ക്കാതെ എന്റെ വഴിയിലേക്ക് തിരിഞ്ഞു നടന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!