ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മായാ മോഹന്‍കുമാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വിലാസിനി ഒരു പൂമരം പോലെ പൂത്തുലഞ്ഞു നില്‍പ്പാണ്. ഭാര്‍ഗവന്‍ പിള്ളയും ഭഗീരഥി അമ്മയും, മകളെ കാണുമ്പോള്‍ മുഖത്തോട് മുഖം നോക്കി നെടുവീര്‍പ്പിടും. വിടര്‍ന്നു വിലസുന്ന വിലാസിനിക്ക് ചുറ്റും വണ്ടുകള്‍ അനവധി പാറി പറക്കുന്നുണ്ട്. അത് കാണുമ്പോള്‍ ഭാര്‍ഗവന്‍ പിള്ളയിലെ ദുഷ്യന്തന്‍ ഉണരും. വിലാസിനി ആവട്ടെ കടാക്ഷം കൊണ്ടും ചെറു പുഞ്ചിരി കൊണ്ടും ഈ വണ്ടുകളെ തന്നിലേക്കടുപ്പിക്കാന്‍ ശ്രമവും തുടര്‍ന്നു. ചെറുമംഗലം ഭാഗത്ത് ഇത്രയും സുന്ദരി ആയ ഒരു പെങ്കിടാവ് വേറെ ഇല്ലന്നുള്ളതാണ് സത്യം.
ചെറുമംഗലം ഭാഗത്തെ നിവാസികള്‍ കടുത്ത ഈശ്വര വിശ്വാസികളും അതിന്റെ പതിന്മടങ് അന്ധവിശ്വാസികളും ആണ്. അത് കൊണ്ട് തന്നെ ജ്യോല്‍സ്യന്‍മാര്‍ക്കും വെളിച്ചപ്പാടിനുമൊക്കെ നല്ല വളക്കൂറുള്ള മണ്ണും. ഒരു പ്രശ്‌നവുമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് പ്രശ്‌നം വെപ്പിച്ച് എന്തെങ്കിലും ഒരു പ്രശ്‌നം കണ്ടെത്തുക എന്നുള്ളത് നാട്ടു നടപ്പാണ്. അങ്ങിനെ ഭാര്‍ഗവാന്‍ പിള്ള പ്രശ്‌നം വെപ്പിച്ച് കണ്ടെത്തിയ പ്രശ്‌നം ആണ് വിടര്‍ന്നു വിലസുന്ന മകള്‍ വിലാസിനി. മേമന ഇല്ലത്തെ പ്രശസ്തനായ നാരായണന്‍ നമ്പൂതിരി ആണ് പ്രശ്‌നം വെച്ചത്. പ്രശ്‌നം വെച്ച് ദക്ഷിണയും വാങ്ങി പോകാന്‍ ഇറങ്ങിയ നമ്പൂതിരി പിള്ളയോട് പറഞ്ഞു. 'അപ്പഴേ പിള്ളേ താന്‍ എന്റെ ഇല്ലം വരെ ഒന്ന് വരിക.. വൈകുന്നേരം ഞാന്‍ അവിടെ ഉണ്ടാവും'.
ഇത് പറഞ്ഞു നമ്പൂതിരി ഇറങ്ങി. സര്‍പ്പക്കാവില്‍ തളിച്ചുകൊട നടത്തുന്ന കാര്യവും മറ്റും പറഞ്ഞതാണ്, ഇനി എന്താണാവോ പ്രശ്‌നത്തില്‍ തെളിഞ്ഞത്. ഭാര്‍ഗവന്‍ പിള്ളക്ക് ഒരെത്തും പിടിയും കിട്ടീല്ല.
വൈകുന്നേരം ആകാന്‍ കാത്തു നിന്ന പിള്ള നേരെ ശരം വിട്ടത് പോലെ ഇല്ലത്തേക്ക് കുതിച്ചു. നമ്പൂതിരി പറഞ്ഞതുപോലെ ഇല്ലത്തെ പൂമുഖത്തു തന്നെ ഉണ്ട്. പിള്ളയെ കണ്ട മാത്രയില്‍ നമ്പൂതിരി പറഞ്ഞു- 'പിള്ളേ തന്നെ ഞാന്‍ ഇങ്ങട് വിളിപ്പിച്ചത് വിലാസിനിടെ മുമ്പുന്ന് പറയണ്ടാന്ന് കരുതിയാ. അതേ അവള്‍ക്ക് ജനിക്കണ ആദ്യത്തെ കുട്ടി തന്റെ അന്തകനാ. എന്നുവെച്ചാല്‍ കംസന് കൃഷ്ണന്‍ പോലെ. പ്രശ്‌നത്തില്‍ അങ്ങനേ കണ്ടത്.'
പിള്ള ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു. ഒരു വിധത്തില്‍ വീടെത്തിയ പിള്ള ഭാഗീരഥിയോട് കാര്യം പറഞ്ഞു. വിലാസിനിയെ ഇക്കാര്യം അറിയിക്കാതിരിക്കാനും ശ്രമിച്ചു. അതിന് ശേഷം വിലാസിനിക്ക് വന്ന ആലോചനകള്‍ എല്ലാം എന്തെങ്കിലും മുട്ട് ന്യായം പറഞ്ഞു പിള്ള ഗതി മാറ്റും. മകള്‍ടെ ഒരു കുഞ്ഞിനെ താലോലിച്ചിട്ട് കണ്ണടക്കണം എന്ന് കരുതിയിരുന്ന ഭാഗീരഥി തന്റെ ദുഃഖം ഉള്ളില്‍ ഒതുക്കി.
വിലാസിനിയുടെ പ്രതീക്ഷകള്‍ക്ക് നിറം മങ്ങി തുടങ്ങി. അവള്‍ക്ക് ചുറ്റും പാറി നടന്നിരുന്ന വണ്ടുകളുടെ എണ്ണവും കുറഞ്ഞു. വയസ്സ് മുപ്പത്തി രണ്ടായി.
വിലാസിനി പക്ഷെ ദു:ഖിച്ചു ഒരു മൂലയില്‍ ചടഞ്ഞു കൂടാനൊന്നും പോയില്ല. അവള്‍ എന്നത്തേയും പോലെ തന്നെ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിച്ചും അച്ഛനെയും അമ്മയെയും ശുഷ്രുഷിച്ചും ദിവസങ്ങള്‍ തള്ളി നീക്കി. ഇടയ്ക്ക് തന്റെ സമപ്രായക്കാര്‍ ഭര്‍ത്താവും കുട്ടികളുമായി പോകുന്നത് കാണുമ്പോള്‍ അവള്‍ക്ക് ഉള്ളിലെവിടെയോ ഒരു ചെറു നീറ്റല്‍ അനുഭവപ്പെടാറുണ്ട്. അങ്ങിനെ ഇരിക്കെ ആണ് ബ്രോക്കര്‍ കുട്ടിശങ്കരന്‍ ഒരാലോചനയുമായി വന്നത്. ചെക്കന്‍ വലിയ വീട്ടില്‍ കൃഷ്ണദാസ് മുപ്പത്തിയെട്ടു വയസ്സ് പ്രായം. എല്ലാംകൊണ്ടും ചേരും. വിവരം അറീക്കാമെന്നു പറഞ്ഞു അച്ഛന്‍ അയാളെ പറഞ്ഞു വിടുന്നത് വിലാസിനി വേദനയോടെ നോക്കി നിന്നു.
'കാവിലെ പൂരത്തിന് ഇനി രണ്ട് ദിവസേ ഉള്ളു.' -അയല്‍ വീട്ടിലെ ദാക്ഷായണി ചേച്ചി ആണ്.
'സരളേം കുട്ടികളും വന്നിട്ടുണ്ട്. അത് കൊണ്ട് നേരം പോണതറീല്ല'- വേലിക്കല്‍ നിന്ന് ഇത്രയും പറഞ്ഞ് അവര്‍ തിരക്കിട്ട് പോയി. വിലാസിനിയുടെ ചിന്ത പൂരത്തെ കുറിച്ചായി.
ചെറുമംഗലംകാരുടെ ദൈനദിന ജീവിതത്തില്‍ ഈ കാവിന് കുറച്ചൊന്നുമല്ല പങ്ക്. ഒരു ചെറിയ ക്ഷേത്രവും അതിനോട് ചേര്‍ന്ന ഒരു ചെറിയ കാവും. കാവിന്റെ അടുത്തായി ഒരു പടുകൂറ്റന്‍ ആല്‍മരവും. ആലിന് ചുറ്റും ഉയര്‍ത്തി കെട്ടിയിട്ടുണ്ട്. മുകളിലേക്കെത്താന്‍ ഒരു നാലഞ്ച് പടികള്‍ കയറണം. വെളിച്ചപ്പാടിരിക്കുന്നത് ഈ തറയില്‍ ആണ്. കലി കയറി ഉറഞ്ഞു തുള്ളാന്‍ തുടങ്ങിയാല്‍ പടികള്‍ താണ്ടി താഴോട്ടോടിയിറങ്ങി ആല്‍ തറക്ക് ചുറ്റും നില്‍ക്കുന്ന ജനങ്ങളെ അനുഗ്രഹിച്ചും അവര്‍ സമര്‍പ്പിക്കുന്ന സങ്കട ഹര്‍ജിയില്‍ തീര്‍പ്പുകല്പിച്ചും ചുറ്റി നടക്കും. അതിര്‍ത്തി തര്‍ക്കമായാലും കുടുംബ പ്രശ്‌നമായാലും വെളിച്ചപ്പാടിന്റെ വിധി അലംഘനീയം ആണ് ചെറുമംഗലം ജനതയ്ക്ക്. ഇത് ഒരു പരിധി വരെ അവിടെ ക്രമസമാധാനം നില നിര്‍ത്താന്‍ സഹായിച്ചു പോന്നു. വെളിച്ചപ്പാട് കലി അടങ്ങി ആല്‍ത്തറയുടെ മുകളിലേക്കു കയറുന്നതോടെ അവിടെ തിങ്ങി നില്‍ക്കുന്ന ദേശവാസികളില്‍ ആരെങ്കിലും ഒരാള്‍ ഉറഞ്ഞു തുള്ളാന്‍ തുടങ്ങും. വെളിച്ചപ്പാടിന്റെ അതേ രീതി ആവര്‍ത്തിക്കുന്ന ഈ അസിസ്റ്റന്റ് വെളിച്ചപ്പാടിനും അതേ മാര്‍ക്കറ്റ് വാല്യൂ തന്നെ ആണ്.
പിറ്റേന്ന് വൈകും നേരം ആയപ്പോള്‍ തന്നെ കാവിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചു. വിലാസിനിക്ക് പോകാന്‍ അശേഷം താല്‍പ്പര്യം തോന്നീല്ല. ആള്‍ക്കാരുടെ കണ്ണിലെ സഹതാപവും, ചിലരുടെ കുത്തുവാക്കും പരിഹാസവും എല്ലാം അനുഭവിക്കാനായി ഒരു സായാഹ്നം പാഴാക്കുന്നത് എന്തിന് എന്ന ചോദ്യം ആയിരുന്നു മനസ്സില്‍.
പക്ഷെ അമ്മയും അച്ഛനും വിഷമിച്ചാലോ എന്നോര്‍ത്ത് അവളും പുറപ്പെട്ടു. കാവിലേക്കുള്ള വഴിമദ്ധ്യേ അവിചാരിതമായി കൃഷ്ണദാസ് മുന്നില്‍. അച്ഛന്‍ അയാളോടെന്തോ കുശലം പറഞ്ഞ് വഴി പിരിഞ്ഞു നീങ്ങി. മൂന്നാലു ചുവടു നടന്ന വിലാസിനി തിരിഞ്ഞു നോക്കിയപ്പോള്‍ കൃഷ്ണദാസും തിരിഞ്ഞു നോക്കുന്നു. അവളുടെ മനസ്സില്‍ അയാള്‍ ഒരു കുളിര്‍ മഴയായി പെയ്തിറങ്ങി. വരണ്ടുണങ്ങിയ സ്വപ്നങ്ങള്‍ ആ ഒറ്റ മഴയില്‍ തളിരിടാന്‍ തുടങ്ങി.
കാവിലെത്തിയ വിലാസിനി ഒരു ലഹരിയില്‍ ആയിരുന്നു. ചെന്നപ്പോള്‍ വെളിച്ചപ്പാട് കലി കയറി തുള്ളല്‍ ആരംഭിച്ചിരുന്നു. ആല്‍ത്തറക്ക് ചുറ്റുമുള്ള ജനങ്ങളുടെ ഇടയിലൂടെ നീങ്ങുന്ന വെളിച്ചപ്പാട് വിലാസിനിയെയും അനുഗ്രഹിച്ചു. കലി അമര്‍ന്നു വെളിച്ചപ്പാട് ആല്‍ത്തറയുടെ മുകളിലോട്ട് കയറവേ താഴെ വിലാസിനിയെ കലി ബാധിച്ചിരുന്നു. തുള്ളി തുടങ്ങിയ വിലാസിനി ചില ചില്ലറ നാട്ടുപ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്പിച്ചതിന് ശേഷം കടുത്ത സ്വരത്തില്‍ വിളിച്ചു-'ഭാര്‍ഗവന്‍ പിള്ളേ... എവിടേ ഭാര്‍ഗവന്‍ പിള്ള, ഇങ്ങട് നീങ്ങി നില്ക്കുവ.'
പേടിച്ചൊതുങ്ങി നിന്ന ഭാര്‍ഗവന്‍ പിള്ളയോട് വിലാസിനി അരുള്‍ ചെയ്തു: 'കന്യാകാശാപം കാണുന്നു. എന്തുകൊണ്ട് മകളെ വിവാഹം ചെയ്ത് കൊടുത്തില്ല?'
'ഭാര്‍ഗവന്‍ പിള്ളക്ക് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും എന്തെങ്കിലും പറയണ്ടേന്ന് കരുതി തുടങ്ങി
'അത് പണത്തിന്റെ...'- അത് മുഴുമിപ്പിക്കാന്‍ വെളിച്ചപ്പെട്ട വിലാസിനി സമ്മതിച്ചില്ല.
'കണ്ടം വിറ്റ പൈസ ഇല്ലേ. കുരുമുളക് വിറ്റ പൈസ ഇല്ലേ. പശുക്കളെ വിറ്റ പൈസ ഇല്ലേ... ങ്ങേ...പിന്നെന്താ ഈ അമാന്തം. ഈ വരുന്ന ചിങ്ങത്തിനു മുന്‍പ് നടത്തണം.'
ഭാഗീരഥന്‍ പിള്ള അടിയറവു പറഞ്ഞു. അതോടു കൂടി വിലാസിനി ബോധരഹിതയായി. മറിഞ്ഞു വീണ വിലാസിനിക്ക് കരിക്കിന്‍ വെള്ളം കൊടുത്ത് എഴുന്നേല്‍പ്പിച്ചിരുത്തി. ക്ഷീണം മാറിയ വിലാസിനിയേം കൂട്ടി വീട്ടിലേക്കു നടക്കുമ്പോള്‍ ദൈവ കല്‍പ്പന എത്രയും വേഗം നടപ്പാക്കണം എന്ന ഒറ്റ ചിന്തയേ ഭാര്‍ഗവന്‍ പിള്ളക്ക് ഉണ്ടായിരുന്നുള്ളു. 'വെളിച്ചപ്പാട്ന്നു പറഞ്ഞാല്‍ ദൈവം തന്നേയല്ലേ.. എങ്ങിനെയാ ധിക്കരിക്കുക.' പിള്ള തന്നെ തന്നെ ബോധ്യപ്പെടുത്തി.
കാവിലെ പൂരത്തിന് വീണ്ടും കൊടിയേറി. വിലാസിനിയും മോനും നേരത്തേ എത്തി. ദാസ് രണ്ടു ദിവസം കഴിഞ്ഞേ വരുകയുള്ളു. ഭാര്‍ഗവന്‍ പിള്ള വിലാസിനിയുടെ മകന് ഓലപ്പന്ത് ഉണ്ടാക്കിക്കൊണ്ട് നില്‍ക്കുമ്പോഴാണ് ദാസ് പടി കയറി വരുന്നത് കണ്ടത്.
'അല്ല, ദാസ് എത്തിയോ' -ചിരിച്ചുകൊണ്ട് ഭാര്‍ഗവന്‍പിള്ള ചോദിച്ചു.
'എന്ത് ചെയ്യാനാ അവിടെ പിടിപ്പത് പണി ഉണ്ട്. വിലാസിനി സമ്മതിക്കണ്ടേ. വന്നേ തീരു എന്ന് വാശി തന്നെ വാശി.'
ഇത് കേട്ടു കൊണ്ട് ഒരു കള്ള ചിരിയോടെ ഉമ്മറത്തേക്കിറങ്ങിയ വിലാസിനിയുടെ മനസ്സില്‍ അടുത്ത പൂരത്തിന് മുന്‍പ് പണി തീരാന്‍ പോകുന്ന അവളുടെ പുതിയ വീടിന്റെ ചിത്രം ആയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...