ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ബോഗന്‍വില്ല പടര്‍ത്തിയ ഗേറ്റു തുറന്നപ്പോള്‍ സെക്യൂരിറ്റി മുഖത്ത് പടര്‍ത്തിയ വിഷാദത്തോടെ ചോദിച്ചു.
'മാജി കൈസേ ഹോ ബാബി? മേം ടെംപിള്‍ മേം പൂജാ കിയാ. സബ്കുച് ടീക് ഹോ ജായേഗാ.'
'ഹാ.. ടീക് ഹേ. താങ്ക് യൂ ഭയ്യാ'
അയാള്‍ക്ക് ഒരു മറുപടി കൊടുത്ത് ലിഫ്റ്റിലേക്ക് കയറുമ്പോള്‍ കുഞ്ഞിന്റെ മുഖം ആയിരുന്നു മനസില്‍ മുഴുവന്‍. അച്ചുവിനെ കണ്ടിട്ട് രണ്ടാഴ്ച്ച ആയിരിക്കുന്നു.
'ഇദര്‍ സബ്കുച് ടീക് ഹേ ബാബി. ബച്ചാ ഖുശ് ഹേ.'-അയാള്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു.
കുഞ്ഞിനെ പിരിഞ്ഞു ഇതുവരെ നിന്നിട്ടില്ല. അമ്മയ്ക്ക് സുഖമില്ലെന്നു കേട്ട് കൈയില്‍ കിട്ടിയ കുറച്ചു തുണിയുമെടുത്ത് എമര്‍ജന്‍സി ലീവും എടുത്തു നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ 'പനി പിടിച്ച കൊച്ചിനേയും കൊണ്ടു യാത്ര വേണ്ടെന്നും നാലു വയസ്സു കഴിഞ്ഞില്ലേ, ഞാന്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്ത് നോക്കിക്കോളാ'മെന്നും പറഞ്ഞത് റാമാണ്. 'കുറച്ചു ദിവസത്തെ കാര്യമല്ലേ.മാനേജ് ചെയ്യാം' എന്ന വാക്കില്‍ ആ സമയത്ത് കൊച്ചിനെ ഓര്‍ത്തുള്ള വേവലാതിയേക്കാള്‍ നാട്ടില്‍ നിന്നുളള വിളികളിലെ ഭീതി മുന്നിട്ട് നിന്നു.
അച്ഛന്‍ മരിച്ചതില്‍ പിന്നെ അമ്മ വീട്ടുവേലയ്ക്ക് പോയി വളര്‍ത്തി പഠിപ്പിച്ചതും കെട്ടിച്ചയച്ചതും ഓര്‍ത്തു യാത്രയില്‍ ഉടനീളം കവിളുകള്‍ കണ്ണുനീരില്‍ കുതിര്‍ന്നു. അമ്മയ്ക്ക് രണ്ടാഴ്ച ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ജീവിച്ചതില്‍ പാതിയും മറന്നു പോയുള്ള ആ കിടപ്പില്‍ മകളായ തന്നെ മറന്നു പോയത് സഹിക്കാന്‍ കഴിയാത്ത നോവായി. മറവിരോഗത്തിന്റെ ദൈന്യതകളില്‍ അമ്മ പിടഞ്ഞമര്‍ന്നു കൊണ്ടിരുന്നു.
സ്‌കൂള്‍ വിട്ട് വരുന്ന തന്നെ കാത്തു മുറ്റത്തോട്ട് നോക്കിയിരിക്കുന്ന അമ്മയുടെ ഉള്ളില്‍ ആശുപത്രിയിലെ മുറി വീട് തന്നെയാണെന്ന തോന്നല്‍ ആണെന്നത് ഉള്‍ക്കൊള്ളാന്‍ ആയില്ല. ഇനിയൊന്നും ചെയ്യാനില്ലെന്ന ഭാരം മക്കളായ തനിയ്ക്കും നിശാന്തിനും തോന്നുകയും ആ ഭാരമില്ലായ്മയില്‍ അമ്മ കാലങ്ങള്‍ക്ക് പിറകോട്ട് സഞ്ചരിക്കുകയും ചെയ്തു.
'നിഷാ, അമ്മയ്ക്ക് എങ്ങനുണ്ട്?'
'ഹോപ് യൂ ആര്‍ ഡൂയിങ് ഗുഡ്.'
'ഓഫീസില്‍ ഈ ആഴ്ച പോകേണ്ടി വരും. താന്‍ തിരിച്ചു വരാന്‍ ആയോ? സ്‌കൂളില്‍ ലീവ് എക്‌സ്ന്‍ഡ് ചെയ്‌തോ?'
വാട്‌സ് ആപ്പില്‍ റാം ചോദിച്ചപ്പോള്‍ ഒരാഴ്ച കൊച്ചിനെ ആരെ ഏല്‍പ്പിക്കും എന്ന ചിന്ത രണ്ടുപേരുടേയും ഉറക്കം കെടുത്തി.
അന്ന് രാത്രി തന്നെ ഒരു പെണ്‍കുട്ടിയെ കിട്ടിയെന്നും നാളെ മുതല്‍ കുഞ്ഞിനെ നോക്കാന്‍ എത്തുമെന്നും ഏജന്‍സി വഴിയാണ് എന്നും റാമിന്റെ മെസേജ് എത്തി.
അമ്മയുടെ ഓര്‍മ്മയുടെ അവസാനതുള്ളിയും നിലയ്ക്കും മുന്‍പ് ആ പഴയ സ്‌കൂള്‍ കുട്ടിയായി അമ്മയ്ക്ക് ഒപ്പം അവളിരുന്നു. ഒരു പക്ഷേ അടുത്ത വരവിന് ഈ പതുപതുപ്പന്‍ കൈയും നെഞ്ചിലെ സുരക്ഷിതത്വവും നിശ്വാസത്തിന്റെ ഇളം ചൂടും ഉണ്ടാകില്ലെന്ന് അവള്‍ക്ക് വെറുതേ തോന്നി. പ്രിയപ്പെട്ടവരുടെ മരണത്തേക്കുറിച്ചുള്ള ഭയമാണ് ഏറ്റവും വലിയ ഭയമെന്നും അവള്‍ക്ക് തോന്നി.
ലിഫ്റ്റില്‍ ഏഴാം നിലയില്‍ 701 -ാം നമ്പര്‍ ഫ്‌ലാറ്റില്‍ ബെല്ലടിയ്ക്കുമ്പോള്‍ പുറത്ത് അടുക്കി വച്ച ചെരിപ്പുകളില്‍ ഒന്ന് കുഞ്ഞിനെ നോക്കാന്‍ വന്ന പെണ്‍കുട്ടിയുടേതാകുമെന്ന് അവള്‍ ഊഹിച്ചു. രണ്ടു വാതിലുകളും ഓടി വന്നു തുറന്നത് അച്ചുവാണ്.
'ബേബി, ഐ ടോള്‍ഡ് യൂ. ദേര്‍ ആര്‍ സോ മെനി സ്ട്രേന്‍ജേഴ്സ്. ദേ വില്‍ കിഡ്‌നാപ് യൂ. യൂ ഡോണ്ട് ഓപ്പണ്‍ ദി ഡോര്‍സ്.'
'ബാബി. തൂ ടെന്‍ഷന്‍ മദ്. മേം ഇദര്‍ ഹും.'
കൊലുസിന്റെ, കുപ്പിവളകളുടെ അകമ്പടിയോടെ ഒരുവള്‍ ചിരിച്ചു കൊണ്ട് വാതിലിന്റെ ഓരത്തു വന്നു.
'മേം രത്‌ന. ഭയ്യ ഓഫീസ് മേം ഹേ. ക്യാ ഭയ്യാ നേ കഹാ.'-അവള്‍ കലപില സംസാരിക്കുന്നുണ്ട്.
ഉറക്കക്കുറവും മൈഗ്രെനും കാരണം കുളിച്ചു എവിടെയെങ്കിലും വീണാല്‍ മതിയെന്നായിരുന്നു. കുഞ്ഞ് കൈയില്‍ കിട്ടിയ സാധനങ്ങളുമായി അകത്തെ മുറികളില്‍ ഒന്നിലേക്ക് ഓടിക്കളിക്കുന്നു.
'ബാബി, തു സോ ജാവോ. ആരാം കരോ. മേം ഹൂനാ.'-രത്‌ന തന്റെ സാന്നിദ്ധ്യം ഉറപ്പ് നല്‍കുന്നു.
ആറുമണി വരെ അവള്‍ ഇവിടെ ഉണ്ടാകും. പിന്നീട് പോകും.
കണ്ണുതുറന്നപ്പോള്‍ ഇരുട്ടി തുടങ്ങിയിട്ടുണ്ട്. ഹാളില്‍ വെളിച്ചത്തിലേക്ക് നടന്നു. ടിവിയില്‍ ചൈനീസ് കാര്‍ട്ടൂണില്‍ കുറേപ്പേര്‍ മോണ്‍സ്റ്ററില്‍ നിന്നും പുറത്തേക്കുള്ള വഴിയന്വേഷിക്കുന്നു. ടിവി കാണുന്നവര്‍ക്ക് വഴിയറിയാം. എന്നാല്‍ അകത്തു കുടുങ്ങിയവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഈ ചാനല്‍ ഏതാണ്. എന്നത്തെ കാര്‍ട്ടൂണ്‍ ആണ് ഇത്. ചെറുപ്പത്തില്‍ പോഗോ ചാനലില്‍ കണ്ട കളികളില്‍ ഒന്ന് ഓര്‍മ്മ വന്നു.
രത്‌ന പോയെന്ന് തോന്നുന്നു. മിടുക്കിയാണ്. കഴിക്കാന്‍ ഉള്ളത് മേശപ്പുറത്ത് ഉണ്ട്. ഗ്യാസ് മുകളിലെ പൈപ്പില്‍ പൂട്ടിയിട്ടുണ്ട്. കുഞ്ഞ് നശിപ്പിക്കാന്‍ ഇടയുള്ളത് എല്ലാം കൈയ്യെത്താ ദൂരത്തേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ, അവളെന്നെ ഉണര്‍ത്താതെ പോയത് ശരിയായില്ല. കുഞ്ഞ് തന്നെ വാതില്‍ തുറന്നു പുറത്തു പോയാലോ..
ഹാളിലെ ടിവിയ്ക്ക് സമീപത്തെ ലൈറ്റ് ഇട്ടതും ഞെട്ടിപ്പോയി. കുഞ്ഞിനെ മടിയില്‍ വച്ചു ഒരു വൃദ്ധ ഇരിക്കുന്നു. നരച്ച മുടിയിഴകള്‍ പുറത്തു വീണു കിടക്കുന്നു. കൊച്ചിന് കാര്‍ട്ടൂണ്‍ കഥ പറഞ്ഞു കൊടുത്ത് ഭക്ഷണം കഴിപ്പിക്കുകയാണെന്ന് തോന്നുന്നു. ടിവിയിലേക്ക് കൈ ചൂണ്ടുന്നുണ്ട്. ഇവരെക്കുറിച്ച് റാം ഒന്നും പറഞ്ഞില്ലല്ലോ. നരച്ച ഒരു സാരിയാണ് ഉടുത്തിരിക്കുന്നത്. പാത്രത്തിലേക്ക് നോക്കി കുനിഞ്ഞു ഇരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല. കൈയില്‍ ചളുങ്ങിയ വെള്ളി വളകള്‍. ചിലത് തീ ചൂടേറ്റ് കറുത്തു പോയിരിക്കുന്നു. കാലില്‍ കറുത്ത ചരട്. ഇങ്ങനെ ഒരാളെ അച്ചുവിനെ നോക്കാന്‍ റാം എടുത്തുവെന്നത് അത്ഭുതം തന്നെ.
'റാം..ഫോണ്‍ എടുക്കൂ..'
മൂന്ന് റിങ്ങുകള്‍ക്ക് ശേഷം വാട്‌സ് ആപ്പില്‍ ഒരു മെസേജ് ഇട്ടു.
ഫ്രിഡ്ജിനു മുകളില്‍ സ്റ്റിക്കി നോട്സില്‍ രത്‌നയുടെ നമ്പര്‍ എഴുതി വച്ചിരിക്കുന്നു. ആരായിരിക്കും. അവളോ റാമോ.. രണ്ടു റിങ്ങില്‍ അവള്‍ ഫോണ്‍ എടുത്തു.
'ഹലോ ബാബി.. തു സോ രഹേ ഥേ. ഉദര്‍ നാനി ഹേ നാ? ബച്ചേ കി ദേക്ബാല്‍ കേ ലിയേ..ക്യാ വോ നഹിം ഉഡേ?'
'വഹാം ഹേ. ടീകേ രത്‌ന..'
അവര്‍ എവിടെ കിടന്നുറങ്ങുന്ന കാര്യം ആണ് പറഞ്ഞത്. അവര്‍ ഇവിടെ ഉണ്ടായിരുന്നോ ?
അടുക്കളയില്‍ അടുപ്പില്‍ ചായ തിളയ്ക്കുന്നു. ഇതെപ്പോള്‍ വച്ചു. തലവേദന കാരണം ചെയ്യുന്നതില്‍ പകുതി ഓര്‍മ്മയില്ല. ഇനി അമ്മയെപ്പോലെ. പെട്ടെന്ന് നെഞ്ചില്‍ ഒരു കൊള്ളിയാന്‍ പാഞ്ഞു. ഹാളിലിരുന്ന് ചായ ഊതി കുടിക്കുമ്പോളും അവരുടെ മുഖം കാണാന്‍ കഴിഞ്ഞില്ല.
പെട്ടന്ന് അടുക്കളയില്‍ നിന്നു വലിയൊരു ശബ്ദം കേട്ടു. കത്തികള്‍ വച്ചിരുന്ന തട്ടില്‍ നിന്നും എല്ലാം നിലത്തു വീണു കിടക്കുകയാണ്. പെരുക്കിയെടുക്കുമ്പോള്‍ വെളുത്ത മുടിനാരുകള്‍ തറയിലും വേസ്റ്റ് ബിന്നിലും കിടക്കുന്നത് കണ്ടു. ഇവര്‍ക്ക് ഒട്ടും വൃത്തിയില്ലല്ലോ. അടുപ്പിന് താഴെ കതകിനടിയില്‍ പോയത് വലിച്ചിട്ട് കിട്ടുന്നില്ല.
ഹാന്‍ഡ് വാഷിട്ട് കൈ കഴുകി ഹാളിലേക്ക് നടന്നു.
'കുഞ്ഞേ, അച്ചൂ. അമ്മേടെ ബേബി ഇങ്ങു വന്നേ. അമ്മ നോക്കട്ടെ.'
'നോ അമ്മാ.'
കുഞ്ഞ് അവരുടെ സാരിക്കുള്ളിലേക്ക് പതുങ്ങി.
കുറച്ച് നേരം ഫോണില്‍ മെസേജുകള്‍ നോക്കി. വീട്ടില്‍ വിളിച്ചു നിശാന്തിനോട് അമ്മയുടെ വിവരം തിരക്കി. മേശപ്പുറത്ത് ഇരുന്ന ജീര റൈസും ദാലും കഴിച്ച് കഴിഞ്ഞു വീണ്ടും കുഞ്ഞിനെ സമീപിക്കാന്‍ ഒരു ശ്രമം നടത്തി.
'അമ്മേടെ ബേബി പിണക്കം ആണോ? അമ്മ ഡോളിനെ വാങ്ങി തരാലോ.'
ചൈനീസ് കാര്‍ട്ടൂണില്‍ മോണ്‍സ്റ്റര്‍ ഓരോരുത്തരെയായി പിടിച്ചു വിഴുങ്ങുകയാണ്. ഒരാള്‍ക്കും വഴി അറിയുന്നില്ല. കുഞ്ഞ് ഭയന്ന് കണ്ണും നട്ട് ഇരിപ്പാണ്.
'അച്ചൂ, അമ്മ ടോള്‍ഡ് യൂ വണ്‍സ്. ഡോണ്ട് വാച്ച് ബാഡ് കാര്‍ട്ടൂണ്‍സ്.'-ചാനല്‍ മാറ്റാന്‍ ശ്രമിച്ചു. റിമോട്ട് വര്‍ക്ക് ചെയ്യുന്നില്ല. കാര്‍ട്ടൂണ്‍ മാറുന്നില്ല.
'എത്ര തവണ പറയുന്നതാണ് അച്ചൂ റിമോട്ട് വെറുതെ കുത്തിക്കളിക്കല്ലേന്ന്.' ബാറ്ററി ഊരിയിട്ട് ഓരോ ബട്ടണും ഞെക്കി വീണ്ടും ബാറ്ററി ഇടുമ്പോള്‍ സാധാരണയായി ശരിയാകാറുണ്ട്. ശരിയായില്ല.
അകത്തെ മുറിയില്‍ വെറുതെ കയറി നോക്കി. നിലത്തു നിവര്‍ത്തി ഇട്ടിരിക്കുന്ന മെത്തയില്‍ ചുരുണ്ടു കിടക്കുന്ന ജമുക്കാളം. അതിനു ചുറ്റും നാട്ടില്‍ നിന്നും ഞാന്‍ കൊണ്ടുവന്ന സാധനങ്ങള്‍ അച്ചു കൊണ്ടു വച്ചിട്ടുണ്ട്. അപ്പോള്‍ പകല്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നിരിക്കും. അച്ചൂനെ നോക്കാന്‍ ഒരാളെ വെക്കാന്‍ പറഞ്ഞപ്പോള്‍ പ്രാരബ്ധങ്ങളുടെ കണക്ക് പറഞ്ഞവനാണ് രണ്ടു പേരെ ഒരാഴ്ച കൊണ്ട് വച്ചത്. ഇപ്പോള്‍ എങ്കിലും ഭാര്യയുടെ വില അറിഞ്ഞു കാണും. ഇവരെ പറഞ്ഞു വിടണം. രത്‌ന മതി. ഒരു ഐശ്വര്യമില്ലാത്ത വൃദ്ധ. ഒരു വാക്ക് മിണ്ടുന്നുപോലുമില്ല.
ബാത്‌റൂമിലെ പൈപ്പ് തുറന്നിട്ടത് ആരാണ്. ലൈറ്റും ഉണ്ടല്ലോ. ഓര്‍മ്മക്കുറവ് നല്ലോണം ഉണ്ട്. ഉറക്കം ശരിയാകണം.
ഫോണില്‍ വെട്ടം തെളിയുന്നു. ഇതെപ്പോളാണ് മ്യൂട്ട് ആക്കിയത്.
'ഹലോ. റാം. വരുമ്പോള്‍ റിമോട്ട് ബാറ്ററി കൊണ്ടുവരണം. വര്‍ക്ക് ചെയ്യുന്നില്ല. പിന്നെ രണ്ടാളെ കൊച്ചിനെ നോക്കാന്‍ ആക്കിയത് പറയാഞ്ഞത് എന്താ. രത്‌ന വൈകിട്ട് പോയി. ഞാന്‍ ഉറങ്ങുവാരുന്നു. ഇവര്‍ ഈ നാനി ആണേല്‍ ഇരുപ്പ് കണ്ടാല്‍ തന്നെ പേടിയാകുന്നു. മുഖം ഞാന്‍ കണ്ടില്ല. അച്ചുവാണേല്‍ എന്റെ അടുത്ത് വരുന്നു പോലും ഇല്ല. അവരെ മതി.
'ഹലോ ഹലോ., നീ ആരുടെ കാര്യം ആണ് നിഷേ പറയുന്നത്. രത്‌ന മാത്രമേ ഉള്ളൂ. വേറെ ആരേം കൊച്ചിനെ നോക്കാന്‍ ആക്കിയിട്ടില്ല. അവിടെ വേറെ ആരാണ് ഉള്ളത്. നാനിയോ ?
നിഷേ..നിഷേ...'
'കളിക്കല്ലേ റാം. ബാച്ചിലര്‍ ലൈഫില്‍ കാണിച്ച പ്രാങ്ക് പോലുള്ള പരിപാടികള്‍ നിര്‍ത്തിക്കോ. ഇപ്പോള്‍ ഫാമിലി ലൈഫ് ആണ്. ഒന്നാമത് തലവേദന ആണ്. കളിക്കാതെ കാര്യം പറ. ഇതും ഏജന്‍സി ആണോ ? രത്‌ന പറഞ്ഞല്ലോ. അവര്‍ പകലും ഇവിടെ ഉണ്ടായിരുന്നു.'
'നിഷേ, അമ്മ സത്യം. അവിടെ രത്‌ന മാത്രേ ഉള്ളൂ. നീ പേടിക്കല്ലേ. ഞാന്‍ വേഗം എത്തിക്കോളാം. മെല്ലെ കൊച്ചിനെ വാങ്ങ്. പുറത്തേക്ക് ഇറങ്ങാന്‍ നോക്ക്. അച്ചു എന്നോട് മുന്‍പ് പറഞ്ഞിരുന്നു നാനി ഉണ്ടെന്ന്. ഞാന്‍ കാര്‍ട്ടൂണ് വല്ലോം ആണെന്നാണ് കരുതിയത്. ഞാന്‍ സെക്യൂരിറ്റിയെ ഒന്ന് വിളിക്കട്ടെ. ഫോണ്‍ വെക്കല്ലേ. പേടിക്കണ്ട. അയാളെ പറഞ്ഞു വിടാം.'
'നിങ്ങളുടെ കാള്‍ ഹോള്‍ഡിലാണ്.'
മുന്‍പ് എപ്പോളോ തന്നോടും അച്ചു നാനിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പ്ലേ സ്‌കൂളില്‍ നിന്ന് വന്നു കഴിഞ്ഞു കളിക്കുന്നത് മുഴുവന്‍ ആ മുറിയില്‍ ആയിരുന്നു. ശല്യപ്പെടുത്താത്തത് കൊണ്ട് ശ്രദ്ധിച്ചില്ല.
പൈപ്പ് തുറക്കുന്നതും ലൈറ്റുകള്‍ കത്തുന്നതും കെടുന്നതും അറിഞ്ഞു. അടുപ്പില്‍ ചായ തിളയ്ക്കുന്നതും നരച്ച മുടിയിഴകള്‍ നിലത്തു നിറയുന്നതും അവള്‍ ഒളികണ്ണാല്‍ കണ്ടു.
ഭയം അതിന്റെ നീളന്‍ നാവുകളാല്‍ അടിമുതല്‍ നക്കിതുടങ്ങുന്നത് അവളറിഞ്ഞു. അച്ചുവിനേയും മടിയില്‍ വച്ചിരിക്കുന്ന വൃദ്ധയുടെ തലയുയര്‍ന്നു. മുഖത്ത് നൂറ്റാണ്ടുകളുടെ വിളര്‍ച്ചയുള്ള ചുളിവുകള്‍ അവള്‍ കണ്ടു. പെട്ടെന്നുള്ള നോട്ടത്തില്‍ അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. നരച്ച മുടിയിഴകള്‍ക്കിടയിലൂടെ അവരുടെ കണ്ണുകള്‍ ചുവന്നു കത്തിക്കൊണ്ടിരിക്കുന്നതായും തന്റെ കാലുകള്‍ ചലിയ്ക്കാനാവാതെ മരവിച്ചതായും അവള്‍ക്ക് തോന്നി.
ഫോണിന്റെ അപ്പുറത്ത് നിന്നും റാമിന്റെ ശബ്ദം.
'എന്താ.. കേള്‍ക്കുന്നുണ്ടോ. നിഷേ. അയാളെ വിളിച്ചിട്ട് എടുക്കുന്നില്ല. ഞാന്‍ വേഗം വരാം. ആരെയെങ്കിലും പറഞ്ഞു വിടാം. പേടിക്കണ്ട. ആരാ അത് എന്ന് അറിയുമോ? കേള്‍ക്കുന്നുണ്ടോ?' എന്നുള്ള വിരണ്ട ചോദ്യങ്ങള്‍ക്കുത്തരമായി വരണ്ടുണങ്ങിയ നാവില്‍ നിന്ന് ശബ്ദത്തിന്റെ ഒരു പൊട്ട് പുറപ്പെടുവിക്കാന്‍ ആകാത്ത വിധം ഭയം അവളെ ഗ്രസിച്ചു.
'നിങ്ങളുടെ ഫോണ്‍ ഹോള്‍ഡിലാണ്.'
ധൈര്യത്തിന്റെ അവസാന അംശവും അലിഞ്ഞു തീരുന്നതും ഇപ്പോള്‍ നിലം പതിക്കാവുന്ന ഒരു ഐസ് ക്യൂബ് പോലെ തണുത്തുറയുന്നതും അവള്‍ അറിഞ്ഞു.
'നിഷേ.. സെക്യൂരിറ്റിയെ കിട്ടി. നമ്മുടെ ഫ്‌ളാറ്റില്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദുര്‍മരണം നടന്നതാണ്. പേരക്കുട്ടി സ്‌കൂള്‍ ബസില്‍ ഇരുന്ന് ശ്വാസം മുട്ടി മരിച്ചതറിഞ്ഞു ഭ്രാന്തു വന്ന മുത്തശ്ശി ആത്മഹത്യ ചെയ്തു. മുടിയൊക്കെ പറിച്ചെറിഞ്ഞ് തീ കൊളുത്തിയാണ് ചത്തത്. ഇവിടെ ഉള്ളോര്‍ അല്ല. ചൈനീസ് കാര്‍ട്ടൂണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്നയാളിന്റെ അമ്മയാണ്. നമ്മുടെ പൂനെ ഐടി പാര്‍ക്കില്‍ ആനിമേഷന്‍ വിഭാഗത്തില്‍. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ ഈ നാട് വിട്ട് പോയി.. നീ പേടിക്കല്ലേ. സെക്യൂരിറ്റി പുറത്തെ കടയില്‍ നിന്ന് വരുന്നുണ്ട്.'
ഫോണ്‍ ഓഫായി പോകുന്നത് അറിഞ്ഞു.
'എന്റെ കുഞ്ഞ്'
തൊണ്ടക്കുഴിയില്‍ ശബ്ദം ഉറഞ്ഞു കൂടി.
അവര്‍ ഉരുട്ടി നല്‍കുന്ന ഉരുളകള്‍ കഥ കേട്ട് കഴിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിനെ തിരിച്ചു മേടിക്കാന്‍ ആകാതെ അവള്‍ വെട്ടി വിയര്‍ത്തു നിന്നു. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് അറിയുന്ന ഭാഷകളില്‍ പെടുന്നവയല്ലെന്നത് അവളുടെ ഉള്ളു കിടുക്കി.
വാതില്‍ കൈയെത്തും ദൂരത്ത് അവളെ കാത്തു കിടന്നു. വഴികള്‍ തെറ്റിയവരെ പിടിച്ചു തിന്നുന്ന മോണ്‍സ്റ്റര്‍ ടിവിയില്‍ നിറഞ്ഞു. ഭയത്തിന്റെ ദുര്‍ഭൂതം മുഴുവനായി അവളെ ഗ്രസിച്ചു.
നിസ്സഹായതയില്‍ നില്‍ക്കുന്ന അവളുടെ തലയ്ക്ക് മുകളിലേക്ക് ഊരിത്തെറിക്കാനായി ഒരു ആണി ഇളകിത്തുടങ്ങി.
'പ്ലീസ് ക്ലോസ് ദി ഡോര്‍. കൃപയാ ദര്‍വാസാ ഖോലോ'
ഏഴാം നിലയില്‍ കുറച്ചു മുന്‍പ് വന്നിറങ്ങിയ ആരോ വാതില്‍ ശരിയ്ക്ക് അടയ്ക്കാതെ പോയതിനാല്‍ ലിഫ്റ്റ് സംസാരിച്ചു തുടങ്ങി. സെക്യൂരിറ്റി ഈ പടികളെല്ലാം കയറിവരാനുള്ള സമയം അവള്‍ മനസില്‍ കണക്ക് കൂട്ടി. കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെടാനുള്ള പഴുതുകള്‍ ചിന്തിച്ചു മൂത്രം വിങ്ങി ഉള്ളംകൈയും ഉടലും വിയര്‍ത്തു അവള്‍ ആ നില്‍പ്പ് തുടര്‍ന്നു.
വെന്തമാംസത്തിന്റെ ജീര്‍ണ്ണിച്ച ഗന്ധം അവളുടെ നാസ്വാരന്ധ്രങ്ങളില്‍ പടര്‍ന്നു കയറി. ഭയം നിറഞ്ഞ ബലൂണ്‍ പോലെ പൊട്ടിത്തെറിയും കാത്ത് അവരുടെ കരിഞ്ഞ ഉടല്‍മാറ്റം കണ്ടു അവള്‍ നിന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...