ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പുറംതേക്കാതെ വെട്ടുകല്ലുന്തി നില്‍ക്കുന്ന വീടിനുള്ളിലെ ഇരുട്ടില്‍ നടക്കവേ പുറത്തു നിന്നും തെറിവിളികളുടെ കഷ്ണങ്ങള്‍ കുഞ്ഞിയുടെ കാതിലേക്ക് തെറിച്ചു വീണു കൊണ്ടിരുന്നു.
'നായിന്റെ മക്കള്‍. ഇവന്മാരിനി വോട്ടും ചോദിച്ചു വരട്ടെ. ഒരു കാറ്റ് വന്നാല്‍ കറണ്ട് പോകും. നമ്മ മനുഷ്യരല്ലിയാ. അപ്പറം നോക്കിയേ. അവന്മാരിക്ക് കാശുണ്ട്. ഒരൊറ്റ ബംഗ്ലായില്‍ കറണ്ട് പോയോ.'
തീപ്പെട്ടി തപ്പി കുഞ്ഞി ഇരുട്ടില്‍ അടുക്കളയിലേക്ക് പതിഞ്ഞു നടന്നു. ഇരുട്ടു പേടിയാണ്. പക്ഷേ, വിളക്ക് കൊളുത്താന്‍ ഉള്ള രണ്ടുപേരും പണിയ്ക്ക് പോയിരിക്കുവാണ്. മണ്ണെണ്ണ വിളക്ക് കത്തിക്കാന്‍ കുഞ്ഞിയ്ക്കും പേടിയാണ്. കത്തിയ്ക്കുമ്പോള്‍ തന്നെ തിരി തലയറുത്തു താഴെ വീഴും. ഒരിക്കല്‍ കൈയിലൊട്ടാണ് വീണത്. അതുമാത്രമല്ല. കിങ്ങിണീടെ അമ്മയെ മണ്ണെണ്ണയില്‍ കുളിപ്പിച്ചാണ് അവടെ അപ്പന്‍ തീ കത്തിച്ചത്. പെട്ടന്ന് തീയാളി കത്തിയമര്‍ന്നത് വഴക്കിനൊടുവില്‍ താനും കണ്ടതാണ്. മൂന്നു ദിവസമാണ് പനിച്ചു കിടന്നത്. പനി മാറിയപ്പോള്‍ കിങ്ങിണി അനാഥാലയത്തില്‍ ആണെന്നറിഞ്ഞു.
ഇതൊക്കെ ഇപ്പോള്‍ എന്തിനാ ഓര്‍ക്കുന്നത്. അവളുടെ കയ്യില്‍ തീപ്പെട്ടി തടഞ്ഞു.
'പച്ച...******മക്കള്'
പുറത്തു നിന്നും ഊറക്കള്ള് നാറുന്ന തെറി പൊന്തി.
പാത്രങ്ങളും വെള്ളത്തിന്റെ ബക്കറ്റും തടസ്സം വച്ചിരിക്കുന്ന വാതിലിന്റെ സുഷിരത്തിനിടയിലൂടെ അവള്‍ പുറത്തോട്ട് നോക്കി.
നേരാണ്. ട്രാക്കിന് അപ്പുറത്തുള്ള സമ്പന്നരുടെ കോളനിയില്‍ വെട്ടം പോയിട്ടില്ല.
വിഭജനങ്ങള്‍ക്ക് കാരണമെന്ന പോലെ ഒരു തീവണ്ടി അതിലേ പോയി.
അവളുടെ മുഖം മങ്ങി.
മെഴുകുതിരി കത്തിച്ചു വച്ചു അവള്‍ പുസ്തകം തുറന്നു. വലിയ പുസ്തകമാണ്. അവളുടേതല്ല. ചേട്ടന്‍ പി.എസ്.സിയ്ക്ക് പഠിക്കാന്‍ വാങ്ങിയതാണ്. പരീക്ഷ ജയിച്ചു നിയമനം കിട്ടി ജോലിയ്ക്ക് കയറി കഴിഞ്ഞു ആദ്യ ശമ്പളം വാങ്ങും മുന്‍പ് ഇതുപോലൊരു തീവണ്ടിയ്ക്ക് മുന്‍പില്‍ ചാടി. ചിതറിക്കിടക്കുന്ന ചേട്ടനെ പെറുക്കിയെടുക്കുമ്പോള്‍ വയറും നെഞ്ചും തല്ലി അമ്മ കരഞ്ഞത് അവള്‍ ഓര്‍ത്തു.
'ഒരു കാലത്തും അവനൊരു വെലേം ആരും കൊടുത്തില്ല. ഞങ്ങക്ക് ഈ പണി ആണെന്ന് കരുതി അവന് അത് ചെയ്യണംന്ന് ണ്ടോ? അതിനാണ് അവന് പഠിച്ചത് മുഴോനും. അവിടേം അവനെ തീട്ടം ന്ന് വിളിച്ചാ പിന്നെ അവനെത്ര ക്ഷമിക്കും? നിങ്ങളെ എത്ര തീട്ടം കോരി വളത്തിയതാ ഞാന്‍ അവനെ.. കൊന്നില്ലേ നിങ്ങള്..'
ചുറ്റും നോക്കി നില്‍ക്കുന്നോര് ചിരിച്ചു.
പോകും മുന്‍പ് ചേട്ടന്‍ പറഞ്ഞ ഒരു വാചകം അവളുടെ ഉള്ളില്‍ ഇന്നും തിളയ്ക്കുവാണ്.
'നമ്മള് തീട്ടങ്ങളാണ് മറ്റുള്ളോര്‍ക്ക്. കുഞ്ഞി പഠിക്കണം. ഒരിക്കലും എവിടാ വീടെന്നോ അച്ഛന് എന്താ ജോലി എന്നോ ജാതി എന്താണെന്നോ പറഞ്ഞേക്കരുത് ആരോടും.'
ആരോടും പറഞ്ഞില്ല. ചക്കിലിയന്മാരു*ടെ കൂട്ടത്തില്‍ നിന്നെന്ന് അറിയാതെ ഇരിക്കാന്‍ രണ്ടു പ്രാവശ്യം സോപ്പ് തേച്ചു കുളിച്ചു. മുഖത്തും മേത്തും കുട്ടിക്കൂറ പൗഡര്‍ ഇട്ടു. കണ്ണെഴുതി. മുടി എണ്ണതേച്ചു മെടഞ്ഞു കെട്ടി. പുതിയ സ്‌കൂളില്‍ പോവാണ്. ഒന്നും ആരും അറിയരുത്.
'എത്രയോ കാലങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും കൊച്ചിയില്‍ നിറഞ്ഞു കുമിയുന്ന മലം കോരാന്‍ എത്തിയവരാണ് നമ്മള്‍. ആരും നമ്മള്‍ക്ക് ഒരു തുള്ളി വെള്ളം തരൂല. കൂടെ ഇരുത്തൂല. ഇവര് നാറാതെ ഇരിക്കാനാണ് നമ്മള് നാറണത് എന്ന് ഇവര് തിരിച്ചറിയൂല.
വീട്ട് മുറ്റത്ത് ചെല്ലാന്‍ പാടില്ല. ആട്ടിയോടിക്കും. നമ്മള് ട്രാക്കില്‍ വെളിക്കിരിക്കുന്നത് ഇവര് തകരപ്പാട്ടേല്‍ സാധിക്കും. എത്രയെത്ര എടുക്കണം. എന്നും വാരി, കോരി പാട്ടവണ്ടീല്‍ വലിച്ചോണ്ട് പോകണം കലൂരുള്ള തീട്ടപ്പറമ്പിലേക്ക്. ഇല്ലേല്‍ കൊച്ചിയില്‍ നാറീറ്റ് ജീവിക്കണ്ട. എന്റെ അച്ഛന്റെ അച്ഛനൊന്നും കൂലിയില്ല. കള്ള് കിട്ടും എത്ര വേണേലും. അച്ഛമ്മ ഒക്കെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം നടത്തിയതാണ്. ഇന്നും കൂലിയില്ലല്ലോ വേണ്ട പോലെ..
മോളെത്ര ഒരുങ്ങി പോയാലും കുട്ടികള് പരിഹസിക്കും. എന്നാലും കുഞ്ഞനെപ്പോലെ കാട്ടിക്കൂട്ടരുത്.'
അച്ഛന്‍ കണ്ണുതുടച്ചു.
എന്നിട്ടും...
അവള്‍ പുസ്തകത്തിനു മുകളില്‍ മുഖം ചേര്‍ത്തു കിടന്നു. ചേട്ടന്റെ മണമാണ്. മണമല്ലല്ലോ. ചൂര്. അങ്ങനെ അല്ലേ അവര്‍ പറഞ്ഞത്.
'എന്റെ അടുത്തിരിക്കാതെ മാറിപ്പോ. നിന്നെ നാറുന്നു.'
ശ്രുതി അതു പറയുമ്പോള്‍ മനീഷയ്ക്ക് അരികിലേക്ക് കുഞ്ഞി നീങ്ങിയിരുന്നു. അവളുടെ കുഞ്ഞുഹൃദയം മുറിഞ്ഞു ചോരയിറ്റി.
'കുട്ടി എന്തിനാ ഇങ്ങനെ ഒട്ടി ഇരിക്കണത്. ഇത്തിരി ഇടയിട്ട് ഇരിക്ക് കുട്ടീ. ഒരു മൊശട് വാടയാണ് കുട്ടിയ്ക്ക്. ന്റെ അമ്മമ്മ നിന്റെ അമ്മയോട് പണ്ട് പറഞ്ഞത് ഞാന്‍ കേട്ടതാണ്. ആട്ടിന്‍ ചൂരാണ് ഇജ്ജാതിക്ക് ന്ന്. കുട്ടീടെ വീട്ടില്‍ ആടിനെ വളര്‍ത്തണുണ്ടോ?'
മനീഷയുടെ വാക്കുകളില്‍ ഉയരത്തില്‍ നിന്നു നിലംപതിച്ച പളുങ്കുപാത്രം പോലെ അവള്‍ പൊട്ടിച്ചിതറി.
'ഓള്‍ടെ വീടേ ആട്ടിന്‍കൂടാരിക്കും. പിന്നെ എന്തിനാണ് വേറെ ഒന്ന്.'
ക്ലാസില്‍ ആകമാനം ചിരിപൊങ്ങി.
'സൈലന്‍സ്. എന്താണ് ഇത്ര ചിരിക്കാന്‍.'
മേശപ്പുറത്ത് സ്‌കെയില്‍ കൊണ്ടടിച്ചു ഉഷാകുമാരി ടീച്ചര്‍ ബഞ്ചിനരികില്‍ എത്തി. ടീച്ചറുടെ തലമുടിയിലെ വെള്ളിനാരുകള്‍ വിയര്‍പ്പില്‍ ഒട്ടി.
'ടീച്ചറേ, ഇവളെ ഒരു നാറ്റം ആണ്. ഞങ്ങള്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു. ഇവളെ മാറ്റിയിരുത്തണം.'
ടീച്ചറുടെ കണ്ണുകള്‍ കുട്ടികള്‍ക്ക് മുകളിലൂടെ ഒന്നോടി. നോട്ടത്തില്‍ നിന്നും ടീച്ചറുടെ ചിന്തകള്‍ ഇങ്ങനെയാകുമെന്നു താന്‍ ഊഹിച്ചു തുടങ്ങിയിരുന്നു.
ആവശ്യം ഉന്നയിച്ച വിനിഷ സുദര്‍ശന്‍ നമ്പൂതിരിയുടെ മകളാണ്. ന്യായമുണ്ട്.
ശ്രുതി കെ. മേനോന്‍ എന്ന പേരില്‍ തന്നെ അവളുടെ ആവശ്യം വ്യക്തം. പുതിയ കുട്ടി ആണ് പ്രശ്‌നക്കാരി. മഞ്ജുഷ. പേര് വല്യ മെനയില്ല.
ടീച്ചറുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങള്‍..
നല്ല കരുവീട്ടിയുടെ നിറമാണെങ്കിലും മുഖത്ത് ഒരു ഐശ്വര്യമൊക്കെയുണ്ട് എന്നാകും ഓര്‍ത്തിരിക്കുക. അമ്മ പറയുന്നതാണ്. തീയക്കുട്ടി ആയിരിക്കും എന്നേ കരുതൂ.
എണ്ണമെഴുക്കു പടര്‍ന്ന മുഖത്തു കണ്മഷി ചാലുകീറിയൊഴുകുകയാണ്.
'കരയണ്ട. കുട്ടീടെ ഫുള്‍ നെയിം എന്താണ്? കെ. എന്ന ഇനിഷ്യല്‍ എന്താണ്? അച്ഛന്റെ പേര് പറ.'
ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മുകളിലൂടെ ഒരു തീവണ്ടി കുറുകിയോടി. ചിതറിത്തെറിച്ച കുഞ്ഞന്‍ പറഞ്ഞു. പറയരുത്.
'കുട്ടി അറ്റത്ത് ഇരുന്നോളൂ'- ടീച്ചര്‍ പുഞ്ചിരിയോടെ പറഞ്ഞു. കുഞ്ഞിയുടെ മനസില്‍ തണുപ്പ് നിറഞ്ഞു.
'എനിക്കറിയാം ടീച്ചറെ. ഇവള്‌ടെ വീട് റെയില്‍വേ പുറമ്പോക്കില്‍ ആണ്. അച്ഛന്‍ തീട്ടംകോരി കൃഷ്ണന്‍ ആണ്.'
പിറകിലെ ബഞ്ചില്‍ നിന്നൊരു ചെറുക്കന്‍ കൂവിയാര്‍ത്തു.
'എന്റെ കൃഷ്ണാ, ഭഗവാനേ, നിന്റെ പേരിപ്പോ തീട്ടംകോരികള്‍ക്കും ഇട്ടു തുടങ്ങിയോ..'-ടീച്ചറുടെ മുഖത്തെ വാത്സല്യഭാവം മാഞ്ഞു
എല്ലാവരും ചിരിക്കുകയാണ്. താനും അവരെപ്പോലെ ഒരു കുട്ടിയല്ലേ. കണ്ണുകളിലൂടെ ഉരുകിയൊലിക്കുന്നത് ചോരയാണെന്നു അവള്‍ക്ക് തോന്നി.
'ഇത്രേം താന്നേനെ ഒക്കെ എന്തിനാണാവോ ഈ സ്‌കൂളില്‍ എടുത്തത്.'- പിറുപിറുത്തു കൊണ്ട് ടീച്ചര്‍ പറഞ്ഞു.
'മഞ്ജുഷ, ആ ബഞ്ചില്‍ ഇരുന്നോളൂ.'
പുറകില്‍ കാലാടിയിട്ട് ഉപേക്ഷിച്ച ബഞ്ചു ചൂണ്ടി ടീച്ചര്‍ പറഞ്ഞത് ഓര്‍ത്തു അവളുടെ കണ്‍കോണില്‍ നിന്ന് ഒരു മുത്ത് ഉതിര്‍ന്നു പുസ്തകത്തില്‍ പരന്നു. അമ്മയോടും അച്ഛനോടും പറയണോ. വേണ്ട. സ്‌കൂളില്‍ പോകണ്ട എന്നു പറഞ്ഞുകളയും. ചേട്ടന്‍ മരിച്ചതില്‍ പിന്നെ അമ്മയ്ക്ക് വല്ലാത്ത ദേഷ്യമാണ്. പുസ്തകത്താള്‍ കണ്ണീരില്‍ കുതിര്‍ന്നു.
കരയാന്‍ പാടില്ല.
പഠിക്കണം. ജോലി വാങ്ങി കാണിച്ചു കൊടുക്കണം.
'1. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - ശ്രീനാരായണ ഗുരു.
2. ജാതി വേണ്ട മതം വേണ്ട മനുഷ്യന് - സഹോദരന്‍ അയ്യപ്പന്‍.
3. ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്നും സബര്‍മതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയത് - ആനന്ദതീര്‍ത്ഥന്‍.
4. ജാതിക്കുമ്മി രചിച്ചത് - പണ്ഡിറ്റ് കറുപ്പന്‍.
5. ജാതിയില്ലേക വര്‍ണമൊഴുകും രുധിരത്തില്‍
ജാതിയില്ലല്ലോ പുളിപ്പോലുന്ന കണ്ണീരിലും..'
നൂറ്റാണ്ടുകളായി തിരുത്താന്‍ ശ്രമിച്ചിട്ടും ആകാതെ പോയ ഒന്നിനെക്കുറിച്ചാണ് ഉരുവിടുന്നതെന്നറിയാതെ അവള്‍ വായിച്ചു തുടങ്ങി. മെഴുകുതിരി വെളിച്ചത്തില്‍ നിറയുന്ന രാമനും ഹനുമാനും അര്‍ദ്ധനാരീശ്വരനും നിഴലുകളായി ചുവരുകളില്‍ നീണ്ടു.
***********
*ചക്കിലിയന്മാര്‍ - വിസര്‍ജ്യം കോരി വൃത്തിയാക്കാന്‍ സ്വാതന്ത്ര്യത്തിനു മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും വന്നവര്‍. (അവലംബം : കൊച്ചിക്കാര്‍-ബോണി തോമസ്)
* കര്‍മ്മഗതി (ആത്മകഥ) - എം.കെ.സാനു.
'തോട്ടി വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിയെ ആ സ്‌ക്കൂളില്‍ ചേര്‍ത്തെങ്കിലും മറ്റു കുട്ടികള്‍ മൂക്കുപൊത്തിപ്പിടിച്ച് നാറ്റം പ്രകടമാക്കിയും മറ്റും ആക്ഷേപിച്ചതു മൂലം, അവന് പഠനം ഉപേക്ഷിച്ചു പോകേണ്ടതായി വന്നു.' (പേജ്, 52 - 53 )
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...