Malayalam Short Story: പ്ലാന്‍ ബി, ലിനി ജോസ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Oct 12, 2022, 5:23 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിനി ജോസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


കെ.ആര്‍ മീരയുടെ 'മീരാ സാധു' വായിച്ചു കഴിഞ്ഞപ്പോള്‍ സമയം ഏതാണ്ട് പതിനൊന്നര കഴിഞ്ഞിരുന്നു. ഈയിടെയായി തുടങ്ങിവച്ച ഒരു ശീലമാണിത്. സിദ്ധു ഉറങ്ങുന്നതുവരെ ഫാമിലിറൂമില്‍ പുസ്തകം വായിച്ചിരിക്കാന്‍ ഇപ്പോഴെനിക്കുള്ള ഒരു കാരണം, രാത്രിയില്‍ കഴിക്കുന്ന മരുന്നുകളും അതുമൂലമുള്ള നെഞ്ചെരിച്ചിലുമാണ്. നോവല്‍ എന്നെ ഒട്ടും തന്നെ അതിശയിപ്പിച്ചില്ല, അവഗണനയുടെ കയ്പ്പുരസത്തില്‍ മുങ്ങിക്കുളിച്ച്, പ്രണയം വറ്റി, ഗതികെട്ടലയുന്ന എത്രയോ മീരമാരാണെനിക്കു ചുറ്റിലും!

ശബ്ദമുണ്ടാക്കാതെയാണ് ഞാന്‍ ബെഡില്‍ ചെന്നിരുന്നത്. കിടന്ന ഉടനെതന്നെ തുടങ്ങി, രതിയുടെ കേളികൊട്ട്. ഫാമിലിറൂമില്‍ വച്ചിരിക്കുന്ന ക്യാമറയിലൂടെ എന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു സിദ്ധുവെന്നെനിക്കപ്പോഴാണ് മനസ്സിലായത്. ഞാന്‍ വായനയില്‍ തന്നെയാണോ?, അതോ ആരോടെങ്കിലും ഫോണില്‍ ചാറ്റുചെയ്യുകയാണോ? ഫോണില്‍ നോക്കുമ്പോള്‍ എന്റെ മുഖത്തു വിരിയുന്ന ഭാവങ്ങള്‍ എന്ത്? ഓരോന്ന് ഊഹിച്ചെടുത്ത്, കുത്തുവാക്കുകള്‍ കൊണ്ടഭിഷേകം ചെയ്യാനുള്ള സിദ്ധുവിന്റെ കഴിവ് ഒന്നു വേറെതന്നെയാണ്. എതിര്‍ക്കാനോ നിഷേധിക്കാനോ ഉള്ള ഒരു മാനസികാവസ്ഥയിലല്ലായിരുന്നു ഞാനപ്പോള്‍. അങ്ങിനെ ചെയ്താല്‍ത്തന്നെ ഒരു രാത്രി മുഴുവനുമെന്റെ ശരീരത്തിലൂടെ ഒരു പുഴുവിനെപ്പോലെ ആ കൈകള്‍ ഇഴഞ്ഞുകൊണ്ടിരിക്കും. അതിനേക്കാള്‍ എത്രയോ ഭേദമാണ് വഴങ്ങികൊടുക്കുകയെന്നത്. 

കേളികൊട്ടിന്റെ ഓരോ നിമിഷങ്ങളിലും എന്നില്‍ അസ്തമിച്ചുപോയ പ്രണയത്തെ തേടുകയായിരുന്നു ഞാന്‍, വെറുതെയൊന്ന് അഭിനയിക്കാന്‍ വേണ്ടിയെങ്കിലും! മരുഭൂമിയില്‍ കടപുഴകിവീണ ഒരു ചെറുമരത്തെപ്പോലെയായിരുന്നു ഞാനപ്പോള്‍. ചില്ലകളാട്ടി, കാഴ്ചക്കാരെ ഭ്രമിപ്പിക്കാനാവാത്തവിധം നിലംപറ്റിക്കിടക്കുന്ന ചേതനയറ്റ ഒരു ചെറുമരം. എന്റെ പ്രിയപ്പെട്ട സിനിമകളിലെ പ്രണയരംഗങ്ങള്‍ മനസ്സിലേക്കാവാഹിക്കാന്‍ ശ്രമിച്ചുനോക്കി. നാശം. ഒന്നുപോലും അവശേഷിപ്പിക്കാതെ അവയെല്ലാം ഓര്‍മ്മയുടെ സൂക്ഷിപ്പുകേന്ദ്രത്തില്‍ നിന്നും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു!

ഗതികെട്ട ഞാന്‍, മൃഗങ്ങള്‍ ഇണചേരുന്ന രംഗങ്ങള്‍ക്കായ് ഓര്‍മ്മയില്‍ പരതി. കരുത്തനായ ആന, ശക്തനായ സിംഹം. എല്ലായിടത്തും ഇണയുടെ കീഴടങ്ങല്‍മാത്രം!

നൊടിയിടയിലാണ് തൊടിയില്‍വച്ച് നാഗങ്ങള്‍ ഇണചേരുന്ന രംഗം ഓര്‍മ്മയില്‍ പൊങ്ങിവന്നത്. ഭൂമിയിലൂടെ ഇഴഞ്ഞു നടക്കുന്ന അവ പ്രണയപരവശരായി പരസ്പരം ഇഴപിരിഞ്ഞ് വാലില്‍ കുത്തി നെടുകേ ഉയര്‍ന്നുനില്‍ക്കുന്ന രംഗം. ഒരു സന്ധ്യാസമയത്ത് അടുക്കള ജാലകത്തിലൂടെ പെട്ടെന്നായിരുന്നു ആ ദൃശ്യം എന്റെ കണ്ണില്‍പ്പെട്ടത്. അടുക്കളപ്പണിയില്‍ക്കിടയില്‍ ഇടയ്ക്കിടെ ഭയത്തോടെ അതിലേറെ അത്ഭുതത്തോടെ അവയെ വീക്ഷിച്ചു കൊണ്ടിരുന്നു അന്ന് ഞാന്‍. പ്രണയം, ഈ ഇഴജന്തുവിനെ ഇത്രയേറെ ശക്തിയുള്ളതാക്കിയതിനാല്‍, മണിക്കൂറുകളോളം ഇണപിരിയാതെ, ഇഴപിരിയാതെ വായുവില്‍ ഉയര്‍ന്നുനിന്ന്, എത്ര തരളമായാണ് അവര്‍ സ്‌നേഹം കൈമാറിയിരുന്നത്! 

പെട്ടെന്ന്, എന്റെ മുഖത്തിലും കഴുത്തിലും സര്‍പ്പത്തിന്റെയെന്നപോലെ ശല്‍ക്കങ്ങള്‍ ഉരയുന്നതായ് തോന്നി. പാമ്പ് ചീറുന്നതു പോലെയുള്ള നേര്‍ത്തശബ്ദം. ഒരു വലിഞ്ഞു മുറുകല്‍. ഷേവുചെയ്യാത്ത സിദ്ധുവിന്റെ മുഖത്തെ കുറ്റിരോമങ്ങള്‍ എന്റെ തൊലിയില്‍ ഉരിഞ്ഞ് എനിക്ക് നീറിപ്പുകഞ്ഞു. ശേഷം ആഞ്ഞുള്ള ആ സര്‍പ്പദംശനം. വിഷമിറങ്ങിയ നാഗം, പതിയെപ്പതിയെ എന്നെ സ്വതന്ത്രയാക്കി. ഒരു പൊന്തക്കാട്ടിലേയ്‌ക്കെന്നപോലെ ആ സര്‍പ്പം കട്ടിലില്‍ വിരിച്ചിരുന്ന കട്ടിയുള്ള ക്വിറ്റിന്റെ അടിയിലേക്ക് ഇഴഞ്ഞുകയറി. ഞാനാവട്ടെ നീറ്റലുകള്‍ക്കിടയിലും എന്റെ ശരീരം സ്വതന്ത്രമായതിന്റെ ആശ്വാസത്തിലായിരുന്നു.

മരുഭൂമിയിലെ കടപുഴകിയ മരം വീണ്ടും ഒറ്റയ്ക്കായി. രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ അവസാനമായി വന്ന പീരിയഡ് ഡേറ്റ് ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഓരോ ദിവസവും പിന്നിലേക്ക് മറിച്ച് മറിച്ച്, ഓര്‍മ്മകളെയും കാഴ്ചകളെയും റിവേഴ്‌സ് ഗിയറിലിട്ട് അങ്ങനെയങ്ങനെ. എത്ര ഓര്‍ത്തുവയ്ക്കണമെന്ന് വിചാരിച്ചാലും മറന്നു പോകുന്ന ഒന്നായി മാറിയിരിക്കുന്നു ഈ തീയതികള്‍!

ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നതിനിടയിലും ചിന്തകള്‍ മുഴുവന്‍ കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചുപോയ അബദ്ധത്തെക്കുറിച്ചായിരുന്നു.

18 വയസ്സായ, കൗമാരക്കാരനായ മകനോട് എന്തുപറയുമെന്ന് ഓര്‍ത്തല്ല; നാല്‍പ്പത്തിനാലാം വയസ്സില്‍ എനിക്ക് നഷ്ടപ്പെടാന്‍ പോകുന്ന സ്വാതന്ത്ര്യം എന്ന സ്വാര്‍ത്ഥതയായിരുന്നു എന്നെ അതില്‍നിന്നും പുറകോട്ടു വലിച്ചത്. ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെയൊരു അവസരത്തിനായി കാത്തിരുന്ന, സ്വപ്നംകണ്ട ദിനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ക്കൂടെയും.

മാതൃത്വം വലിയവായില്‍ കൊട്ടിഘോഷിക്കപ്പെടുമ്പോഴും സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന ചില സ്വാതന്ത്ര്യങ്ങള്‍. കുറഞ്ഞത് ഒരു പത്തുവര്‍ഷത്തേക്കെങ്കിലും പണയംവയ്ക്കപ്പെടുന്നതും തിരിച്ചുകിട്ടുമ്പോള്‍ മാറ്റേറെ കുറഞ്ഞുപോകുന്നതുമായ ആ സ്വാതന്ത്ര്യം. മുലകുടി മാറിയ ഉടനെ പിരിച്ചുവിടാന്‍ പറ്റുന്ന ഒന്നല്ലല്ലോ മനുഷ്യസ്ത്രീക്ക് അമ്മ എന്ന സ്ഥാനം. ഈ തുറന്നു പറച്ചിലിന് ഏറെ പഴി കേള്‍ക്കേണ്ടിവരുമെങ്കിലും അതാണല്ലോ അംഗീകരിക്കപ്പെടാത്ത നഗ്‌നസത്യം.

ഒരുപക്ഷേ, അതിലേറെ വിഷമിപ്പിച്ചത്, ഞാനിപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍, ശരീരത്തിന്റെ അസ്വസ്ഥതകള്‍ എന്നിവയാണ് .ഒരു വൈകല്യമുള്ള കുഞ്ഞ് അല്ലെങ്കില്‍ രണ്ടുപേര്‍ക്കും ഉള്ള ജീവഹാനി, മറ്റു പ്രത്യാഘാതങ്ങള്‍.ചിന്തിക്കും തോറും കണ്ണില്‍ ഇരുട്ടു കയറുന്നപോലെ...

ചായയ്ക്കായി കാത്തിരുന്ന അക്ഷമനായ സിദ്ധുവിനോട് പതിഞ്ഞ സ്വരത്തിലാണ് ഞാന്‍ സൂചിപ്പിച്ചത്-
'ഒരു കാര്യം പറയാനുണ്ട്.'

കേള്‍ക്കാനുള്ള ക്ഷമയോ താല്‍പര്യമോ ഇല്ലാതെ, എന്തായാലും പറഞ്ഞു തുലയ്ക്ക് എന്ന മട്ടില്‍ ഒരു മൂളലില്‍ മറുപടി ഒതുക്കി സിദ്ധു ഫോണിലേക്കുതന്നെ പിന്നെയും ഊളിയിട്ടു. പ്രതികരണം ഇങ്ങിനെ തന്നെയായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മനസ്സില്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു.
ഞാന്‍ സ്വരം താഴ്ത്തിപ്പറഞ്ഞു:

'കഴിഞ്ഞ പീരിയഡ് ഡേറ്റ് മറന്നുപോയി, ഒരു പ്രഗ്‌നന്‍സി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണിപ്പോള്‍.'

'ആയാല്‍ അല്ലേ? അപ്പോള്‍ നോക്കാം, വെറുതെ ഓരോന്നും പറഞ്ഞ് രാവിലെ തന്നെ'-തലചൊറിഞ്ഞ് ചായക്കപ്പ് ചില്ലുമേശയില്‍ ഊക്കോടെ വച്ചിട്ട് സിദ്ധു മുറിയിലേക്കുപോയി.

നിനക്ക് എന്നെക്കുറിച്ച് എന്തെങ്കിലും അറിയാമോ? ഞാന്‍ കടന്നുപോകുന്ന അവസ്ഥകള്‍? ശരീരത്തിന്റെ ബലഹീനതകള്‍? രോഗാവസ്ഥകള്‍? എന്തെങ്കിലും... എന്തെങ്കിലും? എത്ര നിസ്സാരമായാണ് അപ്പോള്‍ നോക്കാം എന്നുപറഞ്ഞത്? വന്നു ചേരാന്‍ പോകുന്ന ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് അല്പമെങ്കിലും ബോധ്യത്തോടെയാണോ മറുപടി പറഞ്ഞത്? ഒരു കുഞ്ഞു ജീവന്‍ തുടിച്ചു തുടങ്ങിയിട്ടാണോ അത് ഭൂമിയിലേക്ക് പിറന്നു വീഴണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍? എന്തൊരു ക്രൂരതയാണിത്!
ചോദ്യങ്ങളിങ്ങനെ തികട്ടി വന്നെങ്കിലും എന്നത്തേയും പോലെ വിഴുങ്ങിക്കളഞ്ഞു . അല്ലെങ്കില്‍ത്തന്നെ തീക്കനലിലൂടെ നടന്ന ഞാന്‍, എന്നും ഒറ്റയ്ക്കായിരുന്നല്ലോ? കാലുകള്‍ പൊള്ളിയടര്‍ന്നതും വിണ്ടുകീറിയതും എന്റേത് മാത്രമായിരുന്നല്ലോ? ഇനിയും ഒരു പരീക്ഷണം വയ്യാ! ധീരമായ ഒരു തീരുമാനം എടുത്തേ പറ്റൂ. ഭൂമി ഒരുക്കമല്ലെങ്കില്‍ പുല്‍ക്കൊടിയ്ക്ക് മുളപൊട്ടാനോ വേരുകള്‍ പടര്‍ത്താനോ എങ്ങിനെ സാധിക്കും? ഇലകള്‍ നാട്ടി വെള്ളവും വളവും വലിച്ചെടുത്ത് വളരാനും ഉയരാനുമാവാതെ ആ വിത്ത് കെട്ടുപോകും.

കൃഷിക്കാരന്‍ അശ്രദ്ധയോടെ വിതച്ച വിത്ത്! ഒരുക്കപ്പെടാത്ത ഭൂമി! വിതയ്ക്കപ്പെട്ട വിത്തിനെ തൂത്തെറിയാന്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായ് ആര്‍ത്തലയ്ക്കുന്ന പേമാരിയായി ഒരജ്ഞാതശക്തി അനുഗ്രഹിച്ചിരുന്നെങ്കില്‍!

എണ്ണപ്പെട്ട എഴുപത്തിരണ്ട് മണിക്കൂറുകള്‍. തെറ്റും ശരിയും തിരിച്ചറിയാനാവാതെ വീര്‍പ്പുമുട്ടുന്ന എന്നിലേക്ക് ഒരാശ്വാസവാക്ക്, കരുതലോടെയുള്ളൊരു തലോടല്‍; ഒരു ചാറ്റല്‍മഴയായി പെയ്തിരുന്നെങ്കില്‍.

മുഖം മറയ്ക്കാന്‍ മനഃപൂര്‍വമാണ് അമ്മയുടെ പണ്ടത്തെ കണ്ണടയെടുത്തു വച്ചത്. കൂടെയൊരു കറുത്ത മാസ്‌കും. വല്ലാത്ത കുറ്റബോധത്തോടെ, കുനിഞ്ഞ ശിരസോടെ വളരെ രഹസ്യമായിട്ടാണ് ഫാര്‍മസിസ്റ്റിനോട് കാര്യം അവതരിപ്പിച്ചത്.

ജോലിയുടെ ഒരു ഭാഗമായതിനാലോ ഇതേയവസ്ഥയിലുള്ളവരെ ദിനേന കാണുന്നതുകൊണ്ടോ, വളരെ നിര്‍വികാരമായ അവരുടെ മറുപടി ഇങ്ങനെയായിരുന്നു 'പ്ലാന്‍ ബി' - ഒരുപാടുപേര്‍ വാങ്ങിക്കുന്നുണ്ട്. പുതിയതാണ്.  എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷന്‍, നൂറുശതമാനം ഉറപ്പ്. അതെ ആരും അറിയാത്ത, ആരുടെ മുമ്പിലും തുറക്കപ്പെടാത്ത ഒരു രഹസ്യ പ്ലാന്‍!

ദീര്‍ഘനിശ്വാസത്തോടെ ഞാനൊന്നു കണ്ണടച്ചു. ഒരു കുഞ്ഞുപക്ഷിയുടെ ചിറകടി ശബ്ദം. ഉള്ളില്‍നിന്നുമകന്നു പോകുന്ന ഒരു മൃദുസ്പര്‍ശം.

എന്നില്‍നിന്നുത്ഭവിച്ച്, വായുവിലലിഞ്ഞു ചേരുന്നൊരു പുകച്ചുരുള്‍. അതെന്റെ അകന്നുപോയ ആകുലതകളോ അതോ മനസ്സാക്ഷി തന്നെയോ?

click me!