Malayalam Short Story : മാരുതന്‍ വിത്ത് കാലിസ് ആശാന്‍, കെ. ആര്‍. രാജേഷ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Oct 27, 2022, 5:08 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  കെ. ആര്‍. രാജേഷ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


'കൊറേക്കാലായ് ഓണമെന്നെ പറ്റിക്കുവാ, ഇത്തവണയെന്തായാലും ഓണം നാട്ടില്‍ കൂടും'.

മറാഠാ മണ്ണിലെ മാധവേട്ടന്റെ തട്ടിന്‍പുറത്തെ ഏകാന്തവാസത്തിന്റെ വിരസതയിലാണ്, കലണ്ടറില്‍ തിരുവോണദിനത്തെ അടയാളപ്പെടുത്തികൊണ്ട് മാരുതന്‍ അങ്ങനെയൊരു തീരുമാനമെടുത്തത്.

ചിങ്ങനിലാവ് മുഖം കറുത്തു നിന്നൊരു വൈകുന്നേരമാണ് മാരുതന്‍  കാലങ്ങളായി പൂട്ടിക്കിടന്ന തന്റെ വീട്ടിലേക്കെത്തുന്നത്. അന്നേദിവസം രാത്രി ജോളിസ് ബാറിലെ ലോക്കല്‍ കൗണ്ടറില്‍ രണ്ടെണ്ണം അടിച്ചു നില്ക്കുമ്പോഴാണ് ആ ഓണത്തിന് കാലിസാശാനെയും കൂടെക്കൂട്ടണമെന്ന ചിന്ത മാരുതനൊപ്പം ചേര്‍ന്നത്.

ജോളിസ് ബാറില്‍ നിന്ന് വൈകുന്നേരങ്ങളില്‍ സൗജന്യമായി കിട്ടുന്ന രണ്ടു പെഗ്ഗ് റം അകത്താക്കിയ ശേഷം 

'ആരേലും ഉണ്ടോ മക്കളെ ആശാന് ഒരു പെഗ്ഗ് വാങ്ങിത്തരുവാനെന്ന കാലിസാശാന്റെ സ്ഥിരം ചോദ്യം ബാറിലെ അരണ്ട വെളിച്ചത്തില്‍ ഏറ്റെടുക്കാനാളില്ലാതെ മുഴങ്ങിയ നേരത്താണ് വര്‍ഷങ്ങള്‍ക്ക് ശേഷം മാരുതന്‍, ആശാനെ വീണ്ടും കാണുന്നത്.

'ആശാന് വേണ്ടത് വാങ്ങിക്കുടിച്ചോ കാശ് ഞാന്‍ കൊടുത്തോളാം.'

മാരുതന്റെ വാക്കുകള്‍ ആശാന്റെ കണ്ണുകളെ ഹൈവോള്‍ട്ടേജിലാക്കി.

'നീ ഏതാടാ കൊച്ചനെ?, കണ്ടിട്ട് പെട്ടന്നങ്ങട് മനസിലാകണില്ലലോ?'

ഓഫര്‍ സ്വീകരിച്ചു  ഒന്നര വാങ്ങിയ ശേഷമാണ് കാലിസാശാന്‍ വീണ്ടും സംശയത്തിന്റെ കണ്ണുകള്‍ മാരുതന് നേര്‍ക്ക് ചലിപ്പിച്ചത്.

'പീടിക കുട്ടപ്പന്റെ പൊറമ്പോക്കില്‍ താമസിച്ചിരുന്ന പാടിയമ്മയുടെയും, പങ്കജന്റെയും...'

മാരുതനെ പൂര്‍ത്തിയാക്കുവാന്‍ അനുവദിക്കാതെ തൊണ്ണൂറ് മില്ലി അണ്ണാക്കിലേക്ക് എരിഞ്ഞിറങ്ങിയതിന്റെ തുടര്‍ച്ചയെന്നോണം കാലിസാശാന്‍ ബാക്കി പൂരിപ്പിച്ചു.

'ലോറിക്കാരന്‍ ലാസറിനൊപ്പം ഒളിച്ചോടിപ്പോയെന്ന് നാട്ടാര്‍ ഒന്നടങ്കം പറയുന്ന പാടിയമ്മയുടെ മോനല്ലേ? ആളെ കണ്ടിട്ട് മനസിലായില്ലല്ലോടാ!'


കാലിസാശാന്‍

ആശാന്‍ ആ നാട്ടില്‍ വരുത്തനായിരുന്നു. എവിടുന്നു വന്നു എന്നൊന്നും നാട്ടുകാര്‍ക്ക് നിശ്ചയമില്ല.
വര്‍ഷം കൊറേ മുമ്പ് നാടാകെ കാറ്റും മഴയും ആഞ്ഞടിച്ചൊരു പേമാരിക്കാലത്തിന്റെ തുടര്‍ച്ചയില്‍ ഇപ്പോള്‍ ജോളിസ് ബാര്‍ നടത്തുന്ന അന്നയുടെ ചത്തുപോയ കെട്ടിയോന്‍ പീറ്ററിനൊപ്പമാണ് ആശാനെ നാട്ടുകാര്‍ ആദ്യമായ് കാണുന്നത്.

പീറ്ററിന്റെ പറമ്പിലും, വാറ്റുകേന്ദ്രത്തിലും എന്തിനേറെ കിടപ്പുമുറിയില്‍ പോലും ആശാന് സ്വാതന്ത്ര്യം ഉണ്ടായിരുന്നത്രെ!

കാര്യസ്ഥനായും, ബോഡിഗാര്‍ഡായും, മനസാക്ഷി സൂക്ഷിപ്പുകാരനായും പീറ്റര്‍ - അന്നമാരുടെ  ചെവിവട്ടമകലെ മെരുങ്ങാത്ത ഒറ്റയാന്റെ ഭാവഹാദികളോടെ എപ്പോഴും കാലിസാശാനെ കാണുമായിരുന്നു.

ജോളിസ്ബാറും, ബാറിന്റെ മറവില്‍ വാറ്റും, സെക്കണ്ട്‌സും ആവോളം വിറ്റ് പീറ്റര്‍ തന്റെ കച്ചവടം കൊഴുപ്പിക്കുന്ന കാലത്ത്, കാലംതെറ്റിവന്നൊരു മഴപോലെ പീറ്ററും ആശാനും സഞ്ചരിച്ച വാഹനത്തിന് നേര്‍ക്കൊരു പാണ്ടിലോറി പാഞ്ഞടുത്തതിന്റെ ദുരൂഹത കാലങ്ങള്‍ക്ക് ശേഷം ഇപ്പോഴും ബാക്കിയാകുന്നു.

പാണ്ടിലോറി പീറ്ററിന്റെ ജീവനെടുത്തപ്പോള്‍, ആശാന് നഷ്ടമായത് തന്റെ വലതുകാലിന്റെ സ്വാധീനമായിരുന്നു. പീറ്ററിന്റെ കാലശേഷം ജോളിസ്ബാറിന്റെ നടത്തിപ്പ് ഏറ്റെടുത്ത അന്ന, വകയിലെ ആങ്ങള ജസ്റ്റിനൊപ്പം, പീറ്ററിനേക്കാള്‍ കാര്യക്ഷമമായി ബിസിനസ്സിനെ മുന്നോട്ടുകൊണ്ടുപോയപ്പോഴും, പോയകാലങ്ങളില്‍ തനിക്കും കെട്ടിയോനും വേണ്ടി എന്തിനും ഏതിനും വിരല്‍നൊടിച്ചാല്‍ കുരച്ചുചാടുന്ന പട്ടിയെപ്പോലെ കൂടെ നിന്ന ആശാനോടുള്ള സ്മരണപോലെ അന്നയുടെ വക കാരുണ്യമായിരുന്നു, ദിവസേന വൈകുന്നേരങ്ങളില്‍ സൗജന്യമായി കൊടുക്കുന്ന രണ്ടു പെഗ്ഗ് വിലകുറഞ്ഞ മദ്യവും, ബാറിന്റെ സെക്യൂരിറ്റി ഗേറ്റിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ മുറിയില്‍ താമസിക്കുവാന്‍ നല്‍കിയ അനുവാദവും.

പ്രതാപകാലത്ത്   പീറ്ററിനൊപ്പം തിളങ്ങിനിന്നിരുന്ന കാലിസാശാന്‍ ഒരുകെട്ട് ലോട്ടറിയുമായി ഭാഗ്യാന്വേഷികളെയും തേടി പകല്‍ നേരങ്ങള്‍ ജോളീസിന് മുന്നില്‍ ചിലവിടുമ്പോള്‍  നാട്ടുകാര്‍ക്ക് കാലിസാശാന്‍  'ഒറ്റക്കാലന്‍' മാത്രമായി മാറി.


മാരുതന്‍

കാലിസാശാനെപ്പോലെതന്നെ ആ നാട്ടിലെത്തിയ അഭയാര്‍ത്ഥികളായിരുന്നു പങ്കജനും, പാടിയമ്മയും മകനായ മാരുതനും.

ഒരു പ്രഭാതത്തില്‍ ചകിരികയറ്റുവാന്‍ പൊള്ളാച്ചിക്കുപോയ ലോറിയില്‍ ക്ലീനറായി കൂടിയ പങ്കജന്‍ പിന്നീട് മടങ്ങിയെത്തിയില്ല. ഏറെക്കാലം പാടിയമ്മ വഴിക്കണ്ണുകളുമായി പങ്കജനെ  കാത്തിരുന്നെങ്കിലും കാര്യമുണ്ടായില്ല. എങ്കിലും മുടങ്ങാതെ എല്ലാ മാസവും മണിയോര്‍ഡറുമായി പാടിയമ്മയെ തേടിയെത്തുന്ന പോസ്റ്റ്മാന്‍, പങ്കജന്‍ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ പ്രതീക്ഷയായി പാടിയമ്മയില്‍ നിറഞ്ഞു നിന്നിരുന്നു.

ചൂണ്ടുവിരലില്‍ മഷിപുരട്ടി ജനാധിപത്യപ്രക്രിയയുടെ ഭാഗമാകാന്‍ തുടങ്ങുന്നതിനു മുമ്പേ മാരുതന്‍ നാട്ടിലെ പാലച്ചോട്ടില്‍ രാത്രികള്‍ ചിലവിടുന്ന സംഘത്തില്‍ സ്ഥിരസാനിധ്യമാകുകയും,ശൂന്യതയിലേക്ക് പുകയൂതിവിട്ടുകൊണ്ട് ഭൂമികറങ്ങുന്നതും, അമ്പിളിമാമന്‍ താഴേക്കുപതിക്കുന്നതും, മേപ്പാടിപാലം പറന്നുയരുന്നതുമടക്കം കാണാത്തത് പലതും കണ്ടുതുടങ്ങിയത്, നിരന്തരമായി തന്നെ അലട്ടുന്ന തണ്ടെല്ല് വേദനയേക്കാള്‍ വലിയൊരു തീരാവേദനയായി പാടിയമ്മക്ക് മാറി.

ഏതോ അറബ് രാജ്യത്ത് ജോലിചെയ്ത് കാശുവാരികൂട്ടുന്ന അയലത്തുകാരന്‍ പീടിക കുട്ടപ്പന്റെ മകന്‍ അവധിക്ക് വന്നപ്പോള്‍ പാടിയമ്മ അവനുമുന്നില്‍ ആവലാതികള്‍ മുഴുവന്‍ കുടഞ്ഞിട്ടതിന് ഫലമുണ്ടായി. വര്‍ഷമൊന്ന് കഴിയുന്നതിനു മുമ്പോരു ഓണത്തലേന്ന് മാരുതന്‍ വിമാനം കയറി.

'ആടുജീവിത'ത്തിലെ  നജീബ് അനുഭവിച്ചതിന്റെ തനിപകര്‍പ്പായിരുന്നു പിന്നീടുള്ള കൊറേക്കാലം ഏതോ കാട്ടറബിയുടെ തോട്ടത്തില്‍ മാരുതനു നേരിടേണ്ടി വന്നത് .

പുറംലോകവുമായി ബന്ധമില്ലാത്ത നീണ്ട വനവാസക്കാലത്തിനു ശേഷം കാട്ടറബിയുടെ കാന്തികവലയം ഭേദിച്ചു പുറത്തുചാടിയ മാരുതന്‍ ആദ്യമറിയുന്ന വാര്‍ത്ത പാടിയമ്മ ലോറിക്കാരന്‍ ലാസറിനൊപ്പം പോയെന്നതാണ്.

യാതൊരു രേഖകളുമില്ലാതെ മരുനാട്ടില്‍ പല ലാവണങ്ങളിലായി മാരുതന്റെ പ്രവാസം പിന്നെയും വര്‍ഷങ്ങള്‍ നീണ്ടു. ഒടുവിലൊരു പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ മുംബൈയിലെത്തിയ മാരുതന്‍ അവിടെയും തമ്പടിച്ചു കാലങ്ങളോളം. സിനിമാസെറ്റുകളില്‍ ദിവസക്കൂലിക്കാരനായി വേഷമിടുമ്പോഴാണ്, സിനിമയിലെ സ്റ്റണ്ട്മാസ്റ്ററുടെ സഹായിയുമായി കോര്‍ക്കുന്നത്. അമ്മയെയും പെങ്ങളെയും ചേര്‍ത്ത് മറാഠി സ്റ്റണ്ടുകാരന്‍ നീട്ടിവിളിച്ച തെറിക്ക് കയ്യിലിരുന്ന കമ്പിവടികൊണ്ട് തലക്കടിച്ചാണ്  മാരുതന്‍ പ്രതികരിച്ചത്.

സ്റ്റണ്ടുകാരന്റെ തലയില്‍ നിന്ന് പൈപ്പ് പൊട്ടിയൊഴുകുന്ന വെള്ളംപോലെ ചോര തെറിക്കുന്നത് കണ്ട് സെറ്റില്‍ നിന്ന് മുങ്ങിയ മാരുതനെ, തന്റെ തട്ടിന്‍പ്പുറത്ത് അഭയം നല്കി, ദിവസങ്ങളോളം പോലീസില്‍ നിന്നും മറാഠി ഗുണ്ടകളില്‍ നിന്നും പൊതിഞ്ഞുനിര്‍ത്തിയത് അറുപതുകളുടെ അവസാനം ബോംബെയിലേക്ക് കുടിയേറിയ  മലബാറുകാരന്‍ മാധവേട്ടനായിരുന്നു. ആഴ്ചകള്‍ക്ക് ശേഷം മാധവേട്ടനോടുപോലും പറയാതെ തട്ടിന്‍പ്പുറത്തു നിന്ന് മുങ്ങിയ മാധവന്‍ പിന്നീട് പൊങ്ങിയത് നാട്ടിലായിരുന്നു.

പാടിയമ്മ, പങ്കജന്‍

ജോളീസ് ബാറിലെ ഒന്നരപ്പെഗ്ഗില്‍  തുടങ്ങിയ ആശാന്‍ - മാരുതന്‍ സൗഹൃദത്തിന് പിന്നീടുള്ള ദിനങ്ങളില്‍ കനം കൂടി.

'അവള്‍ പോയതോടെ കണ്ണില്‍ കണ്ടവനെല്ലാം ഈ പൊരയിടത്തില്‍ കേറി നിരങ്ങുവാരുന്നു,  കള്ളുകുടിക്കുന്നവനും,  കഞ്ചാവ് വലിക്കുന്നവനും, പെണ്ണ് പിടിക്കുന്നവനുമൊക്കെ ഇവിടുത്തെ ഇരുട്ടും, കാടുമാണ് മറ. ഡാ കൊച്ചനെ നീ അയ്യത്തെ പോച്ചയൊക്കെ ചെത്തി വൃത്തിയാക്കി ഈ വീടിനെ ഒരു വീടാക്കിയെടുക്ക്'.

പാടിയമ്മ ഉപേക്ഷിച്ചതോടെ അനാഥമായ വീടിനെ ഓണത്തിനായി ഒരുക്കിയെടുക്കുവാന്‍ മാരുതന് പ്രചോദനമായി കൂടെ നിന്നത് കാലിസാശാനായിരുന്നു.

'പാടിയമ്മ ഇപ്പോള്‍ എവിടെയെന്ന് അറിയാമോ?'

ഓണപ്പുലരിയില്‍ ഓരോന്ന് വീശി സദ്യക്കുള്ള വട്ടംക്കൂട്ടുന്നതിനിടയിലാണ് മാരുതന്‍ ആദ്യമായ് പാടിയമ്മയെക്കുറിച്ച് തിരക്കുന്നത്.

'ആര്‍ക്കറിയാം, പിന്നീട് ലാസറിനെപ്പോലും ഈ നാട്ടിലേക്ക് കണ്ടിട്ടില്ല.' 

'അല്ലേലും അതങ്ങനെയാണല്ലോ? തന്തപ്പടി പങ്കജനും ഒരു പോക്ക് പോയതാണല്ലോ.'

മാരുതന്റെ വാക്കുകളില്‍ ആരോടെന്നില്ലാത്ത വെറുപ്പ് നിറഞ്ഞിരുന്നു.

'അതിരിക്കട്ടെ നിന്നെ ഗള്‍ഫില്‍ കൊണ്ടുപോയി ഏതോ കാട്ടറബിയുടെ മടിയിലേക്ക് തള്ളിക്കൊടുത്ത ആ പുന്നാരമോനോട് നിനക്ക് ദേഷ്യമൊന്നുമില്ലേടാ? അവന്‍ ഇന്നലെ നാട്ടിലെത്തിയിട്ടുണ്ട്?.'  

വിഷയം മനഃപൂര്‍വം വഴിതിരിക്കുവാനായി ആശാന്റെ നാവ് കുട്ടപ്പന്റെ മോനിലേക്ക് നീണ്ടു.

'ഉണ്ടായിരുന്നു, ആ മറാഠി.... ന്റെ തലതല്ലിപ്പൊട്ടിക്കും വരെ മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളു. ജയിലില്‍ കിടക്കുന്നതിന്റെ സുഖം മാധവട്ടന്റെ തട്ടിന്‍പ്പുറത്ത് മറ്റൊരുവിധത്തില്‍ അനുഭവിച്ചപ്പോള്‍ വേണ്ടെന്ന് വെച്ചു. ഇനി വയ്യേ.'

ഒരു പെഗ്ഗ് കൂടെ അകത്താക്കി മാരുതന്‍ ആശാന് മുന്നില്‍ തൊഴുതു നിന്നു

'ആശാനെ ഈ അന്നചേച്ചി ആള് മിടുക്കിയാണല്ലോ! ഒറ്റക്കല്ലേ ഇപ്പോള്‍ ബാറൊക്കെ നടത്തുന്നത്?'

'മിടുക്കുണ്ടേല്‍ കൊള്ളാം അല്ലേല്‍ അതും പട്ടിനക്കിയത് പോലെയാകും. അന്നയുടെ ബാര്‍ എന്ന പേരേ ഉള്ളു, കാര്യങ്ങളൊക്കെ നടത്തുന്നത് ജസ്റ്റിനാണ്.'  ആശാന്റെ വക അലക്ഷ്യമായ മറുപടി.

'ആശാനെ എന്നാലും നിങ്ങളുടെ വണ്ടി ഇടിച്ചു തെറിപ്പിച്ച, പീറ്ററിന്റെ ചാവിനു കാരണമായ, ആശാനെ ഈ നിലയിലാക്കിയ ലോറിക്കാരെക്കുറിച്ച് ഒരു വിവരവും ഇതുവരെ കിട്ടിയില്ലേ?'

അടുപ്പത്ത് വെച്ച ചട്ടിയിലേക്ക് എണ്ണയൊഴിക്കുന്നതിനിടയിലാണ് മാരുതന്‍ സംഭാഷണ വിഷയത്തെ ബാറില്‍ നിന്നും നേരേ റോഡിലേക്ക് കൊണ്ടെത്തിച്ചത് .

മാരുതന്‍ ചോദിച്ച എണ്ണത്തിളപ്പിന്റെ പൊള്ളലുള്ള ചോദ്യത്തിനു മുന്നില്‍ ഏറെ നേരം ആശാന്‍ മൗനത്തിലായിരുന്നു.

ഓണസദ്യയുടെ അവസാന ഘട്ടത്തിലെ പായസമധുരത്തിനിടയിലേക്കാണ്  ആശാന്റെ മറുപടി വന്നു വീണത്.

'വണ്ടിയും കണ്ടു, ഓടിച്ചവനെയും കണ്ടു, കൂടിരുന്നവനെയും കണ്ടു. നേരേനില്ക്കാന്‍ ഒരിത്തിരി ആവത് എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ചെയ്യിച്ചവനെയും, ചെയ്തവനെയും, കൂട്ടുനിന്നവനെയും ഞാന്‍  വെള്ളപ്പുതപ്പിച്ചേനെ. ആവാതില്ലാത്തവന്റെ ഏറ്റവും വലിയ ആയുധം മൗനം തന്നെയാണ്.'

'ആരാണ് അവന്മാര്‍, ആശാന്‍ എന്താണ് ഇതൊന്നും പോലീസില്‍ പറയാഞ്ഞത്?.'

'വണ്ടിയോടിച്ചത് ലാസര്‍, കൂടിരുന്നത് പങ്കജന്‍ അതായത് നാടുവിട്ടുപോയ നിന്റെ തന്ത, ചെയ്യിപ്പിച്ചത് ജസ്റ്റിന്‍.'

'എന്തോന്നാ ആശാനെ ഈ പറയുന്നത്!'

'ഇനി ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം നീ ഉത്തരം പറയുക, എല്ലാത്തിനും ഒടുക്കം നിനക്ക് ഉത്തരം കിട്ടും.'

ആശാന്‍ : നിന്റെ പാടിയമ്മ ലാസറിനൊപ്പം പോയെന്നത് നീ വിശ്വസിക്കുന്നുണ്ടോ? 

മാരുതന്‍ : നാട്ടാര്‍ മൊത്തം അങ്ങനെ പറയുമ്പോള്‍ പിന്നെ വേറെന്ത് വിശ്വസിക്കണം.

ആശാന്‍ : എന്നാല്‍ ഞാന്‍ പറയുന്നു  പാടിയമ്മ നിന്റപ്പന്‍ പങ്കജനൊപ്പമുണ്ട്

മാരുതന്‍ : ചുമ്മാ കള്ളിന്റെ പുറത്ത് ഇങ്ങനെയൊന്നും പറയാതെ

ആശാന്‍ : നിന്റപ്പന്‍ ആരുടെ കൂടെയാണ് പൊള്ളാച്ചിക്ക് ചകിരിയെടുക്കാന്‍ പോയത്?

മരുതന്‍ : ലാസറിന്റെ വണ്ടിയില്‍

ആശാന്‍ : പൊള്ളാച്ചിയിലെ ആ ചകിരിമില്ല് ആരുടെയാണെന്ന് അറിയാമോ

മരുതന്‍ : അറിയില്ല

ആശാന്‍ : ജസ്റ്റിന്റെ.

ആശാന്‍ : നിന്റപ്പന്‍ മടങ്ങിവരാതെ പൊള്ളാച്ചിയില്‍ തന്നെ കൂടിയത് എന്തിനെന്നറിയാമോ

മരുതന്‍ : അറിയില്ല

ആശാന്‍ : ജസ്റ്റിനുവേണ്ടി ലാസറിനൊപ്പം കൂടി പീറ്ററിനെ കൊല്ലാന്‍

ആശാന്‍ : ആര്‍ക്കും സംശയത്തിന് ഇടം കൊടുക്കാതെ നിന്റപ്പനും, ലാസറും ചേര്‍ന്ന് പീറ്ററിനെ ഇല്ലാതാക്കി.

തുടര്‍ന്ന് അന്നയെ സഹായിക്കാനെന്ന പേരില്‍ ജസ്റ്റിന്‍ ബാറിന്റെ നടത്തിപ്പുമായി ഇങ്ങോട്ടേക്ക് മടങ്ങി. നിന്റപ്പന്‍ അവിടെ മില്ലിന്റെ കാര്യങ്ങള്‍ നോക്കുന്നു. എല്ലാരും ഹാപ്പി.

ഗള്‍ഫില്‍ പോയ നിന്നെക്കുറിച്ച് യാതൊരു വിവരവുമില്ലാതായപ്പോള്‍ നീ ചത്തുകാണുമെന്നു കരുതി ഒറ്റക്കായ നിന്റമ്മയെ ലാസറിനെ ഉപയോഗിച്ച് നിന്റപ്പന്‍ പൊള്ളാച്ചിയിലേക്ക് കടത്തി.

നാട്ടാര്‍ക്ക് മുന്നില്‍ നിന്റെ അമ്മ  ലാസറിനൊപ്പം ഒളിച്ചോടിയവള്‍. ആരുടേയായാലും ബുദ്ധി കൊള്ളാം'.

പറഞ്ഞവസാനിപ്പിച്ച ആശാന്‍ ജനലഴിക്ക് പുറത്തേക്ക് നീട്ടി തുപ്പി.

'ഇതെല്ലാം കള്ളിന്റെ പുറത്ത് ആശാന്‍ ചുമ്മാ പറയുന്നതാ അല്ലേ'

ഇലയിലേക്ക് വിഭവങ്ങള്‍ പകര്‍ത്തുമ്പോള്‍ മാരുതന്റെ വാക്കുകളില്‍ പതര്‍ച്ച പ്രകടമായിരുന്നു.

'കാലം കൊറേയായി ചുമ്മാ ഒരു വട്ടത്തില്‍ കറങ്ങാന്‍ വിധിക്കപ്പെട്ട ആര്‍ക്കും വേണ്ടാത്തവന്റെ മനസ്സില്‍ തോന്നിയ വേണ്ടാത്ത ചിന്തകളായി മാത്രം ഞാന്‍ ഇപ്പോള്‍ പറഞ്ഞതിനെയൊക്കെ കണ്ടാല്‍ മതി,
നല്ല വിശപ്പ്. നീ സദ്യ വിളമ്പ് കൊച്ചനേ.'

ഒരു പെഗ്ഗ് കൂടെ അണ്ണാക്കിലേക്കൊഴിച്ചു, കൈ കഴുകാനായി ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ്  നിലതെറ്റി വീഴാനൊരുങ്ങിയ ആശാനെ താങ്ങി നിര്‍ത്തുമ്പോഴും മാരുതന്റെ മനസ്സ് വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലെ നേര്‍ത്ത നൂല്‍പ്പാലത്തില്‍ വട്ടംകറങ്ങുകയായിരുന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!