ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ പി അരുണ്‍ കുമാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ആ ദിവസങ്ങള്‍ അത്രയും നീല നിറമുള്ള ആകാശം കാണുവാനാണ് അയാള്‍ കൊതിച്ചത്. അവിടെ, മാനം മുട്ടുന്ന കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ക്കുമപ്പുറം ഓജസറ്റ് അനാഥമായ ഒരു പൊട്ട് ആകാശത്തിനു ചാരനിറമായിരുന്നു. നഷ്ടപ്പെട്ട ആകാശത്തിലൂടെ തന്റെ ദൈവങ്ങളോടുള്ള പ്രാത്ഥനകളും വൃഥാവിലാകുമെന്നു അയാള്‍ക്കു തോന്നി. കടും നീല ആകാശത്തിനൊപ്പം ഉയര്‍ന്നു നിന്ന കാടിന്റെ തലപ്പുകളില്‍ കനമില്ലാതെ പാറി നിന്ന അപ്പൂപ്പന്‍ താടികളിലാണ് അയാളുടെ ദൈവങ്ങള്‍ മനുഷ്യരുടെ പ്രാത്ഥനകള്‍ കേട്ട് വിശ്രമിച്ചിരുന്നത്. ചിലപ്പോള്‍ അവ ഉത്തരങ്ങള്‍ ആയി ഭൂമിയിലേക്ക് പറന്നിറങ്ങി.
'ബീഡിയുണ്ടോ?' സമീപത്തു കുന്തിച്ചിരുന്നു ദയാ റാം ചോദിച്ചു.
അയാള്‍ പോക്കറ്റില്‍ പരതി നോക്കി, അവസാനത്തെ ഒരു ബീഡി ഉണ്ടായിരുന്നു. അത് അയാള്‍ മനസില്ലാ മനസോടെ ദയറാമിന് നേരെ നീട്ടി. അയാള്‍ ആര്‍ത്തിയോടെ അത് വാങ്ങി തീ കൊളുത്തി. പുകയെടുക്കുമ്പോള്‍ കുഴിഞ്ഞു പോകുന്ന ദയറാമിന്റെ കവിളിലേക്കു നോക്കികൊണ്ട് അയാള്‍ കാനോയുടെ മുടിയിഴകളില്‍ തലോടി. അവന്‍ അര്‍ദ്ധ മയക്കത്തിലാണ്. ഉറങ്ങട്ടെ. ഈ ഉറക്കത്തിലെങ്കിലും അവന്‍ വേദനകള്‍ മറക്കുമല്ലോ.
'ഡോക്ടര്‍ എന്ത് പറഞ്ഞു?'
ദയറാം അലസമായി ചോദിച്ചു.
'അടുത്ത ആഴ്ച.'
'ഹാ ലജേജായെ അഡ്മിറ്റ് ചെയ്യാന്‍ അവര്‍ മൂന്നു മാസമെടുത്തു.'
'കുട്ടികളുടെ വാര്‍ഡില്‍ തിരക്ക് കുറവുണ്ടെന്ന് തോന്നുന്നു.'
'തിരക്ക് കുറവോ' ദയാറാം പുച്ഛത്തോടെ പറഞ്ഞു. 'ഈ ലോകത്തു മനഷ്യന് ധാരാളമായുള്ളതു രോഗങ്ങള്‍ മാത്രമല്ലെ.'
അയാള്‍ക്കു അതിനോട് വിയോജിപ്പുണ്ടായിരുന്നു. മലകളുടെ പച്ചപ്പില്‍ നഷ്ടപ്പെട്ട അയാളുടെ ഗ്രാമത്തില്‍ രോഗങ്ങള്‍ വിരളമായിരുന്നു. വല്ലപ്പോഴും വരുന്ന അവശതകള്‍ മുര്‍മു വൈദ്യന്‍ തന്റെ മന്ത്രവാദത്തിലൂടെ അല്ലെങ്കില്‍ കാട്ടില്‍ നിന്നും പറിച്ചെടുത്ത പേരറിയാത്ത ചെടികളുടെ ഔഷധവീര്യത്തിലൂടെ മാറ്റുമായിരുന്നു. അവിടെ കുട്ടികള്‍ ജനിച്ചു കാട്ടിലും മലയിലും കളിച്ചു വളര്‍ന്നു. പ്രായമെത്തിയപ്പോള്‍ അവര്‍ ഗോത്രത്തില്‍ നിന്നുതന്നെ ഇണകളെ കണ്ടെത്തി. വംശവര്‍ധന ഉണ്ടാക്കി, പ്രായമായി, മരിച്ചു. അസുഖം ബാധിച്ചു മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പോലീസ്-മാവോയിസ്റ്റ് എന്‍കൗണ്ടറുകളില്‍ മരിച്ചു.
കാനോ മറ്റു കുട്ടികളെപോലെ ഉണര്‍വില്ലാതെ കുടിലിന്റെ മണ്‍ നിലത്തു കിടന്നപ്പോള്‍ അവള്‍ ആദ്യം സമീപിച്ചതു മുര്‍മു വൈദ്യനെ ആയിരുന്നു. ലക്ഷ്മി കരഞ്ഞു മുക്കുചീറ്റി വിനീതയായി വൈദ്യന്റെ മുന്‍പില്‍ മുട്ട്കുത്തിയിരുന്നു. മുര്‍മു വൈദ്യന്‍ മഹുവ വാറ്റിന്റെ ലഹരിയില്‍ ധ്യാനാനിരതനായി അസ്പഷ്ടമായ വാക്കുകള്‍ ഉച്ചരിച്ചു കാനന ദേവതകളെ കുടിലിലേക്ക് വരുത്തി, ഉത്തരങ്ങള്‍ ആരാഞ്ഞു. അയാള്‍ കുടിലിന്റെ ഇറയത്തു കാടിന്റെ ഘനീഭവിക്കുന്ന ഇരുട്ടിലേക്ക് നോക്കിയിരുന്നു.
മുര്‍മു വൈദ്യന്റെ കാട്ടുചെടികളും മന്ത്രങ്ങളും കാനോയെ ഉന്മേഷവാനാക്കിയില്ല. അവന്റെ ശരീരം പതിയെ തളരുവാന്‍ തുടങ്ങിയിരുന്നു. ദിവസം മുഴുവന്‍ അവന്‍ ഇറയത്തു അവശനായി കിടന്നു. മധുരമില്ലാത്ത കട്ടന്‍ ചായ കുടിച്ചുകൊണ്ട് മാവോയിസ്റ്റ് രംഗണ അയാളോട് പറഞ്ഞു:
'ഗോപി, കാനോയുടെ അസുഖം മുര്‍മു വൈദ്യനെ കൊണ്ട് മാറ്റാമെന്ന് എനിക്ക് തോന്നുന്നില്ല.'
മെഡിക്കല്‍ കോളേജിലെ പഠിത്തം പകുതിയില്‍ ഉപേക്ഷിച്ച ആളാണ് രംഗണ. ജനസേവാ സംഘത്തിന്റെ മെഡിക്കല്‍ ടീമിലെ പ്രധാന ആളാണ്. അയാള്‍ക്കും അത് ആദ്യമേ അറിയാമായിരുന്നു. ലക്ഷ്മിയുടെ പരിഭവത്തിനു വഴങ്ങിയാണ് മുര്‍മുവിന്റെ ചികിത്സക്ക് അയാള്‍ സമ്മതിച്ചത്. ചെറിയ ചെറിയ അസുഖകള്‍ക്കുള്ള നാട്ടു മരുന്നുകളും മതിഭ്രമകള്‍ക്കുള്ള ചില്ലറ മാന്ത്രികവിദ്യകളുമല്ലാതെ മുര്‍മുവിന് മറ്റൊന്നുമറിയില്ല എന്ന് അയാള്‍ക്കറിയാമായിരുന്നു. പിന്നെ കാനോയുടേത് കാട്ടു ദൈവങ്ങളുടെ അപ്രീതികള്‍ക്കും വലുതായ മറ്റെന്തോ അസുഖമാണെന്ന് അയാള്‍ക്കു മനസ്സില്ലായിരുന്നു. അയാളുടെ സംശയങ്ങള്‍ ലക്ഷ്മിയോട് പങ്കുവെച്ചില്ലെന്നു മാത്രം.
'ഗോപി, കനോയെ ഒരു അലോപ്പതി ഡോക്ടറെ കാണിക്കണം'
'എവിടെ രംഗണ ബോയ്ഹാ?'
അയാള്‍ നിസ്സഹായതയോടെ ചോദിച്ചു. കാടിന്റെ രഹസ്യങ്ങളും, തന്റെ ചെറിയ ജീവിതത്തിനും അപ്പുറത്തു അയാള്‍ക്കു വലിയ ലോക പരിചയമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു അയാളുടെ ജീവിതത്തില്‍ വേറെ കുഴപ്പമൊന്നും ഇല്ലായിരുന്നു. രംഗണ ജില്ലാ ആസ്ഥാനത്തിന്റെ പേര് പറഞ്ഞു.
'ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ മൃണാള്‍ സെന്‍ എന്റെ സുഹൃത്താണ്. ഞാന്‍ അയാള്‍ക്കു ഒരു എഴുത്തു തരാം. കൊണ്ട് പോയി കാണിക്കു.'
ഒരു പഴയ നോട്ടുബുക്കിന്റെ താളില്‍ രംഗണ എഴുതിയ മൂന്നോ നാലോ വരികളൂള്ള എഴുത്തുമായിട്ടാണ് അപരിചിതമായ നഗരങ്ങളിലേക്കുള്ള അയാളുടെ പ്രയാണം തുടങ്ങിയത്. ആദ്യം ജില്ലാ ആശുപത്രിയിലേക്ക്. ഒരു ദിവസം മുഴുവനും വേണമായിരുന്നു അവിടെ എത്തുവാന്‍. നാലു മണിക്കൂര്‍ കാട്ടിലൂടെ നടത്തം, പിന്നെ ബസിനു വേണ്ടിയുള്ള കാത്തിരിപ്പ്, പിന്നെയും മണിക്കൂറുകള്‍ ബസില്‍. എല്ലാറ്റിനും അവസാനം നീണ്ട വരികളില്‍ അനുസ്യൂതമായ കാത്തിരിപ്പ്.
ഡോക്ടര്‍ മൃണാള്‍ സെന്‍ കനിവുള്ളവനായിരുന്നു. രംഗണനയുടെ എഴുത്തു വായിച്ചതിനു ശേഷം തീപെട്ടിയുരച്ച് അയാള്‍ അത് നശിപ്പിച്ചു. കനോയെ വിശദമായി പരിശോധിച്ചു. അതിനു ശേഷം മറ്റൊരു എഴുത്തുമായി അതിലും വലിയ ഒരു ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്കുള്ള പ്രയാണത്തില്‍ അയാള്‍ പലതും കണ്ടു. അവഞ്ജ, കനിവ്, നിസ്സഹായത അങ്ങനെ ഒരുപാടു ഭാവങ്ങള്‍. ചിലര്‍ കനോയെ മരണത്തിനു വിട്ടുകൊടുത്ത് നാട്ടിലേക്കു മടങ്ങാന്‍ ഉപദേശിച്ചു, മറ്റ് ചിലര്‍ പ്രതീക്ഷയോടെ വീണ്ടും വീണ്ടും മരുന്നുകള്‍ കുത്തിവെച്ചു. പുതിയ ആശുപത്രികളിലേക്കും, പുതിയ ഡോക്ടര്‍മാരിലേക്കും വാതിലുകള്‍ തുറന്നിട്ടു. അവസാനം മെഡിക്കല്‍ കോളേജിലെ കണ്ണട വെച്ച വയസ്സായ ഒരു ഡോക്ടര്‍ അയാളെ അടുത്തിരുത്തി ഉപദേശിച്ചു.
'നോക്കു, നിങ്ങളുടെ മകന് ഞരമ്പ് സംബന്ധമായ ഒരു അസുഖമാണ്. ഇതിനു ചികിത്സകള്‍ വളരെ വിരളമാണ്. ഒരു ഓപ്പറേഷന്‍ അടുത്ത കാലത്തു കണ്ടുപിടിച്ചിട്ടുണ്ട്. വളരെ ചിലവുകൂടിയതാണ്. പക്ഷെ നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്തെ വലിയ ആശുപത്രിയില്‍ ഇത് സൗജന്യമായി ചെയ്തു കൊടുക്കും. നിങ്ങള്‍ക്കു ബി പി എല്‍ കാര്‍ഡുള്ളതല്ലേ. പോരാത്തതിന് നിങ്ങള്‍ ഒരു ട്രൈബല്‍ അല്ലെ. ഞാന്‍ ഒരു ലെറ്റര്‍ തരാം. പോയി ശ്രമിച്ചു നോക്കു.'
ഒന്ന് നിറുത്തി അയാള്‍ വീണ്ടും തുടര്‍ന്നു.
'ഇതുപോലെ ഒരുപക്ഷെ ഇതിലും ഭയങ്കരമായ ഒരു പാട് കേസുകള്‍ വരുന്ന ആശുപത്രിയാണ്. നൂറു കണക്കിന് കേസുകള്‍. ചികിത്സ ലഭിക്കാന്‍ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവരും. വേഗത്തില്‍ കിട്ടിയാല്‍ ഭാഗ്യമെന്നു കരുതാം.'
ഇനിയും കടം തരാന്‍ പറ്റില്ലെന്ന് തെന്‍ഡു ഇലകളുടെ കോണ്‍ട്രാക്ടര്‍ ആയ ഭോല ബാബു തീര്‍ത്തു പറഞ്ഞു. ഒരു കാലത്തു ഭോല ബാബുവിന്റെ ഏറ്റവും ഇഷ്ടപെട്ട ആളായിരുന്നു അയാള്‍. ഏറ്റവും കൂടുതല്‍ ഇലകള്‍ കാട്ടില്‍ നിന്നും ശേഖരിച്ചു നല്‍കിയിരുന്നതും അയാളായിരുന്നു. അത് കൂടാതെ പോലീസ് ക്യാമ്പുകളില്‍ ഭോല ബാബു വിറ്റിരുന്ന മദ്യക്കുപ്പികള്‍ എത്തിച്ചു കൊടുത്തിരുന്നതും അയാളായിരുന്നു.
'നീ ഇനി എത്ര കാലം ഇതിനു പുറകെ നടക്കും ഗോപി?'-പാന്‍മസാല ചവച്ചുകൊണ്ടു ഭോല ബാബു പറഞ്ഞു.
'എത്ര ഡോക്ടര്‍മാരെ കാണിച്ചു. ഇതിനി വിട്ടുകള. ഇതിനെ വിധിക്കു വിട്ടു കൊടുത്തിട്ടു നീ കാട്ടില്‍ പോയി ഇലകള്‍ ശേഖരിക്കു. അല്ലെങ്കില്‍ നീയും ലക്ഷ്മിയും എങ്ങനെ ജീവിക്കും.'
രംഗണനയുടെ മുഖമാണ് അവിടുന്ന് ഇറങ്ങിയപ്പോള്‍ മനസ്സില്‍ വന്നത്. പലപ്പോഴും സഹായിച്ചിട്ടുണ്ട്. തിരിച്ചു ചോദിക്കാതെ, ചിരിച്ച മുഖവുമായി വീണ്ടും വീണ്ടും പൈസ തന്നിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ആഴ്ച കൊണ്ടയില്‍ നടന്ന പോലീസ് എന്‍കൗണ്ടറില്‍ അയാള്‍ വധിക്കപ്പെട്ടിരുന്നു. മലേറിയ പിടിച്ചു ഏതോ ആദിവാസിക്കുടിലില്‍ ബോധമില്ലാതെ കിടക്കുമ്പോള്‍, പോലീസ് എടുത്തുകൊണ്ടുപോയി കൊന്നതാണ്. ന്യൂസ് പേപ്പറില്‍ വലിയ ന്യൂസ് ആയി വന്നെന്നു കേട്ടു. അയാളുടെ ഗ്രാമത്തിലെത്തി ഒരുപാട് ഭീഷണികള്‍ മുഴക്കിയാണ് പോലീസും സല്‍വ ജുദുമിലെയും ആളുകളും മടങ്ങിയത്. അവസാനം ലക്ഷ്മിയുടെ ഒരേ ഒരു ആഭരണമായ സ്വര്‍ണ മാല വില്‍ക്കേണ്ടി വന്നു. അതില്‍നിന്നു കിട്ടിയ ചെറിയ തുക അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു, അനിശ്ചിതത്വത്തിന്റെ ഒരുപാടു ഭീതികളുമായി കാനോയുമായി അയാള്‍ വലിയ നഗരത്തിലേക്ക് യാത്രയായി.
'ലജേജാ സഹോദരിക്ക് എങ്ങനെയുണ്ട്?'
അയാള്‍ ദയറാമിനോട് ചോദിച്ചു.
'അവള്‍ മരിക്കുകയാണ്'
ഒരു ഭാവഭേദവും ഇല്ലാതെ ദയാരാം പറഞ്ഞു.
അയാളുടെ സ്വരത്തില്‍ മടുപ്പു പ്രകടമായിരുന്നു. ഒരുപാടുകാലമായി ആ വലിയ ആശുപതികെട്ടിടത്തിന്റെ മുറ്റത്തു കാത്തിരിക്കുന്ന എല്ലാവരുടെയും ശബ്ദങ്ങളില്‍ ആ വികാരം പ്രകടമായിരുന്നു. ആ നഗരവും, ആശുപത്രിയിലെ കാത്തിരിപ്പും, ചെറിയ കനിവുകളും പ്രതീക്ഷകളും പോലും മനുഷ്യരില്‍ നിന്നും തല്ലി കെടുത്തിയിരുന്ന.
'ഡോക്ടര്‍മാര്‍ കൈ മലര്‍ത്തിക്കഴിഞ്ഞു. ഞാന്‍ കാത്തിരിക്കുകയാണ്. അതൊന്നു കഴിഞ്ഞു കിട്ടിയാല്‍ അവളോടൊത്തു തിരിച്ചു പോകാന്‍. എന്റെ ഗ്രാമത്തിലുള്ള എല്ലാവരും എന്നെ മറന്നുകാണും. അവിടെ നിന്ന് പോന്നിട്ട് ഒരുപാടു വര്‍ഷങ്ങള്‍ ആയെന്നു തോന്നുന്നു.'
അവിടുത്തെ ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളായാണ് അയാള്‍ക്കു തോന്നിയത്. അങ്ങനെ കാത്തിരിപ്പുകളുടെ ഒരുപാടു യുഗങ്ങള്‍ക്കു ശേഷമാണു ഡോക്ടര്‍മാര്‍ അയാളെ കണ്ടത്. നിസ്സംഗതയോടേ മടുപ്പോടെ കാനോയുടെ ഒരുപാടു മെഡിക്കല്‍ റിപ്പോര്‍ട്ടുകളുലൂടെ അവര്‍ കണ്ണോടിച്ചു.
'ഓപ്പറേഷന്‍ കഴിഞ്ഞാലും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്'- അയാള്‍ മെല്ലെ തലയാട്ടി.
'നിങ്ങള്‍ക്ക് ഇത് തീര്‍ച്ചയായും ചെയ്യണമോ.'
'അതെ, സാബ്'
'വാര്‍ഡുകള്‍ മുഴുവന്‍ നിറഞ്ഞു കിടക്കുകയാണ്. കാത്തിരിക്കേണ്ടി വരും.'
'ചെയ്യാം സാബ്.'
'അടുത്താഴ്ച വരൂ .'
'അത് വരെ സാബ്.'
'ഞങ്ങള്‍ ചില മരുന്നുകള്‍ കുറിക്കാം. വീട്ടിലേക്കു പോയ്‌കൊള്ളൂ. മരുന്നുകള്‍ കൊടുക്കുക.'
തന്റെ വീട് അഞ്ചു ദിവസത്തെ യാത്രക്ക് അപ്പുറമാണെന്നും, അവിടേക്കു പോയാല്‍ തിരിച്ചു വരുവാന്‍ തന്റെ കയ്യില്‍ പൈസയൊന്നും ഇല്ലെന്നും അയാള്‍ അവരോടു പറഞ്ഞു.
'ഞങ്ങള്‍ എന്ത് ചെയ്യാനാണ്?' ഡോക്ടര്‍മാര്‍ കൈമലര്‍ത്തി.
'നിങ്ങളെപ്പോലെ നൂറുകണക്കിന് ആളുകളാണ് ദിവസവും ചികിത്സക്കുവേണ്ടി ഇവിടെ എത്തുന്നത്. അവരെയെല്ലാം ഇവിടെ ചികില്‍സിക്കാന്‍ സൗകര്യമെവിടെ, സ്ഥലമെവിടെ. നിങ്ങള്‍ പോയി പറഞ്ഞ തീയതിക്ക് തിരിച്ചു വരൂ.'
അവര്‍ മെഡിക്കല്‍ റിപോര്‍ട്ടുകള്‍ അയാളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു. കാനോയുമായി അവിടെനിന്നു ഇറങ്ങിയപ്പോഴാണ് ദയാ റാമിനെ കണ്ടത്. അയാളും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടായിരുന്നു.
'പേടിക്കേണ്ട സഹോദരാ'-ദയാ റാം പറഞ്ഞു.
'ഇക്കാണുന്നവരൊക്കെ'
അയാള്‍ ആശുപത്രിയുടെ മുറ്റത്തു ഒറ്റക്കും, കൂട്ടമായും കൂടിയിരുന്ന അവശരായ ഒരുപാടു മനുഷ്യരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
'ഇവരെല്ലാം നമ്മളെപ്പോലെ ഉള്ളവരാണ്. തിരിച്ചു പോകാന്‍ പണമില്ല. ചിലര്‍ അടുത്തുള്ള വിലകുറഞ്ഞ ലോഡ്ജില്‍ മൂന്നും നാലും പേര് ചേര്‍ന്നു മുറി എടുത്തു താമസിക്കും. ഞാനും തുടക്കം അങ്ങനെ ആയിരുന്നു. പിന്നെ ലേേജാക്കു അഡ്മിഷന്‍ കിട്ടിയപ്പോള്‍, കൈയ്യിലെ പൈസയെല്ലാം തീര്‍ന്നപ്പോള്‍ അവിടുത്തെ പൊറുതി നിറുത്തി.'
'ഇപ്പോള്‍ എവിടെ താമസിക്കുന്നു?'
അയാള്‍ ഹോസ്പിറ്റലിന് മുന്നിലുള്ള വലിയ റോഡിലേക്ക് വിരല്‍ ചൂണ്ടി. അനസ്യതമായി വാഹനങ്ങള്‍ ചീറിപാഞ്ഞുകൊണ്ടിരിക്കുന്ന റോഡ്. അയാള്‍ പേടിച്ചു വായ് പൊളിച്ചു.
'പകല്‍ മുഴുവന്‍ ഞാന്‍ ആശുപത്രിയില്‍ കറങ്ങി നടക്കും. രാത്രിയില്‍ ഗേറ്റ് അടക്കുമ്പോള്‍ അവിടെ ഫുട്പാത്തില്‍ പോയി കിടക്കും.'
'ഇത്രയും ബഹളത്തില്‍?'
'കുറച്ചു ദിവസം പ്രശ്‌നമാണ് സഹോദരാ. പിന്നെ ശീലമായിക്കൊള്ളും. കൊതുകുകളെയാണ് സഹിക്കാന്‍ പറ്റാത്തത്.'
'കാനോ?'
'കുറച്ചു ദിവസം അവനെയും കൂട്ടുകയെ നിവൃത്തിയുള്ളൂ. അഡ്മിഷന്‍ കിട്ടുന്നതുവരെ. അത് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ മാത്രം സഹിച്ചാല്‍ മതി.'
ദയാരാം എന്തോ പ്രതീക്ഷിച്ചതുപോലെ ചില നിമിഷങ്ങള്‍ അയാളുടെ മുഖത്ത് നോക്കി നിന്നു. ഒരു പക്ഷെ അയാള്‍ ക്ഷണം നിരസിക്കുമെന്നു ദയാരാം പ്രതീക്ഷിച്ചിരിക്കാം. പക്ഷെ മറുപടി ഒന്നും പറയാതെ അയാള്‍ ദയാ റാമിനെ പിന്തുടര്‍ന്നു. അങ്ങനെയാണ് ദയറാമിന്റെ കാരുണ്യത്തില്‍ ആയാലും കാനോയും ഫ്‌ളൈഓവറിനു താഴെയുള്ള ഫുട്പാത്തില്‍ കുടിയേറിയത്. ആശുപതി സന്ദര്‍ശകരായ ഒരുപാടു പേര്‍ അവിടെ കുടിയേറിയിരുന്നു. ദൂരഗ്രാമങ്ങളില്‍ നിന്നും അറിയാത്ത രോഗങ്ങളുടെ പ്രതിവിധി തേടിയെത്തിയവര്‍. ചിലര്‍ക്ക് നിരാശ ബാധിച്ചിരുന്നു. ചിലര്‍ പ്രതീക്ഷയുള്ളവര്‍ ആയിരുന്നു. മറ്റുചിലര്‍ സ്വന്തം ഗ്രാമങ്ങള്‍ മറന്നു നഗരങ്ങളില്‍ കുടിപാര്‍ത്തു തുടങ്ങിയിരുന്നു.
'തിരിച്ചു പോയി എന്ത് ചെയ്യാന്‍ ബാബു?'
പല്ലു മുഴുവന്‍ കൊഴിഞ്ഞ ഒരു വൃദ്ധന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. നാലു വര്‍ഷം മുന്‍പ് സ്വന്തം ഭാര്യയുടെ ചികിത്സക്കായി വന്നതാണ്. എട്ടൊമ്പത് മാസം ചികില്‍സിച്ചു, പക്ഷെ അവര്‍ മരിച്ചുപോയി.
'അവളോ പോയി, മക്കള്‍ക്കൊക്കെ ഞങ്ങളെ വേണ്ടാതായി. ഇവിടെ ഭിക്ഷ യാചിക്കും. ഭക്ഷണത്തിനുള്ള വഴി കിട്ടും. മരിച്ചാല്‍ പിന്നെ പേടിക്കേണ്ട. കോര്‍പറേഷന്‍കാര് കൊണ്ടുപോയിക്കൊള്ളം. തണുപ്പാണ് സഹിക്കാന്‍ പറ്റാത്തത്. അപ്പോള്‍ കുറച്ചു ദൂരെയുള്ള അഗതി മന്ദിരത്തില്‍ പോകും.'
ഒന്ന് നിറുത്തി അയാള്‍ ദീര്‍ഘശ്വാസം എടുത്തു.
'ചിലപ്പോള്‍ കുശാലാണ്. സേവക്കായി വലിയ ആളുകള്‍ വരും, പഴയ വസ്ത്രങ്ങളും ഭക്ഷണവും തരും. ഇത് കണ്ടോ കഴിഞ്ഞ ആഴ്ച കിട്ടിയതാണ്.'
പുതച്ച ഒരു പഴയ തുണി പ്രൗഢിയോടെ കാണിച്ചു കൊണ്ട് വൃദ്ധന്‍ പറഞ്ഞു. പഴയതാണെങ്കിലും ആ പുതപ്പു അയാള്‍ ഉപയോഗിക്കുന്നതിനേക്കാളും നല്ലതായിരുന്നു. നാലോ അഞ്ചോ ദിവസത്തിന് ശേഷം കാനോയുടെ അവസ്ഥയില്‍ സഹതാപം തോന്നിയിട്ടോ എന്തോ വൃദ്ധന്‍ ആ പുതപ്പു അവനു സമ്മാനിച്ചു.
അങ്ങനെ അയാള്‍ അവിടുത്തെ അന്തേവാസിയായി.
'ലജ്ജോ മരിച്ചു'
ദയാറാം ഒരു ദീര്‍ഘനിശ്വാസത്തോടെ അയാളെ അറിയിച്ചു. ദയാറാമിന്റെ മുഖത്തെ ഭാവം വായിച്ചെടുക്കാന്‍ അയാള്‍ ബുദ്ധിമുട്ടി. ആശ്വാസമോ, സങ്കടമോ?
'ഞാന്‍ നാളെ തിരിച്ചുപോകും.'
'മൃതശരീരം മറവു ചെയ്യണ്ടേ?'- അയാള്‍ അന്വേഷിച്ചു.
'അതിനു എന്റെ അടുത്ത് പൈസ എവിടെ സഹോദരാ? കഷ്ടിച്ച് നാട്ടിലെത്താനുള്ള മൂന്നാം ക്ലാസ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസ ഉണ്ട്. അതെല്ലാം ആശുപത്രിക്കാര്‍ നോക്കിക്കൊള്ളും. ഇവന്റെ കാര്യം എന്തായി?'
അര്‍ദ്ധമയക്കത്തിലായ കനോയെ നോക്കികൊണ്ട് ദയാരാം ചോദിച്ചു.
'മറ്റന്നാള്‍ അഡ്മിറ്റ് ചെയ്യാമെന്നാണ് പറഞ്ഞത് '
'അതുവരെ ഈ ചൂട് ഇവന്‍ സഹിക്കുമോ?'
നഗരത്തിന് പൊള്ളുന്ന ചൂടായിരുന്നു. പകല്‍ ചൂട്ടു പഴുത്ത കോണ്‍ക്രീറ്റ് റോഡും വാഹനങ്ങളുടെ പുകയും അസഹനീയമായിരുന്നു. കാനോ ഭക്ഷണം മിക്കവാറും ഉപേക്ഷിച്ചിരുന്നു. വഴിയോരത്തെ കച്ചവടക്കാരില്‍ നിന്നും വാങ്ങിയ ബ്രഡ് അവന്‍ ഉപേക്ഷയോടെ ചവച്ചു തുപ്പി. കുടിക്കുന്ന പാല്‍ വെള്ളം ഛര്‍ദ്ദിച്ചു. ചൂട് കുറക്കാന്‍ വേണ്ടി അയാള്‍ ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് അവനെ തുടച്ചു കൊണ്ടിരുന്നു. ബോധം കിട്ടുന്ന ഇടവേളകളില്‍ അയാളെ നോക്കി അവന്‍ എന്തോ പിറുപിറുത്തു കൊണ്ടിരുന്നു.
'ഇവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകു സഹോദരാ'
കൂടിനിന്നവര്‍ അയാളോട് പറഞ്ഞു.
'ഇങ്ങനെ പോയാല്‍ കുട്ടി നാളത്തെ പുലരി കാണില്ല'
'ഡോക്ടര്‍ സാബ് മറ്റന്നാള്‍ അഡ്മിറ്റ് ചെയ്യാം എന്നാണ് പറഞ്ഞത്'
'നാളെ കഴിഞ്ഞല്ലേ മറ്റന്നാള്‍. എമര്‍ജന്‍സിയിലേക്കു കൊണ്ടുപോകു. അവിടെ കൊണ്ടുപോയാല്‍ അവര്‍ക്കു അഡ്മിറ്റ് ചെയ്യാതെ പറ്റില്ല'
'എവിടെയാണ് എമര്‍ജന്‍സി?'
അയാള്‍ പരിഭ്രമത്തോടെ ചോദിച്ചു.
'എന്റെ കൂടെ വരൂ.'
കനോയെ പുതപ്പോടെ തോളിലേറ്റി അയാള്‍ അപരിചിതന് പുറകെ നടന്നു, അല്ല ഓടി. അവന്റെ വര്‍ധിച്ചു വരുന്ന ഭാരം അയാളെ പരവശനാക്കി. അയാളുടെ തോളെല്ലുകള്‍ വേദനിച്ച തുടങ്ങി. ഇതെന്താണ് കാനോക്ക് ഇത്ര ഭാരമെന്നു അയാള്‍ അത്ഭുതത്തോടെ ചിന്തിച്ചു.
എമര്‍ജന്‍സി വാര്‍ഡിനു മുന്‍പില്‍ വല്ലാത്ത തിരക്ക്. പോലീസ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിക്കുന്നു. ആള്‍കൂട്ടത്തില്‍ മുക്കാല്‍ പങ്കും പോലീസുകാര്‍ പിന്നെ മാധ്യമ പ്രവര്‍ത്തകര്‍. വീഡിയോ ക്യാമറകളുടെ ഫ്‌ളാഷ്‌ലൈറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം. വാര്‍ഡില്‍ നിന്നും പുറത്തുവരുന്ന ആളുകളുടെ പിറകെ ധൃതിയോടെ പായുന്ന റിപ്പോര്‍ട്ടര്‍മാര്‍.
'സാര്‍ എന്നെ ഉള്ളിലേക്ക് കടത്തിവിടു.'
അയാള്‍ വഴി തടഞ്ഞ പോലീസ്‌കാരനോട് കെഞ്ചി.
'ഇപ്പോള്‍ ഉള്ളിലേക്കു പോകാന്‍ പറ്റില്ല. സെക്യൂരിറ്റിക്ക് വേണ്ടി ക്ലോസ് ചെയ്തിരിക്കുകയാണ്.'
'ഇവന് തീരെ വയ്യ. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഡോക്ടറെ കാണണം.'
'ഇപ്പോള്‍ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞില്ലേ.'
പോലീസുകാരന്റെ ശബ്ദം കടുത്തു.
തോളില്‍ കിടന്ന കാനോയുടെ ശരീരത്തിന്റെ ചെറിയ വിറയല്‍ അയാള്‍ അറിഞ്ഞു. അവന്റെ ഭാരം പിന്നെയും കൂടിക്കൊണ്ടിരിക്കുകയാണ്. തോള്‍ എല്ലു തകര്‍ന്നു പോകുന്ന പോലെ തോന്നുന്നു.
'ദയവായി അനുവദിക്കൂ സാബ്. അല്ലെങ്കില്‍ ഇവന്‍ മരിച്ചു പോകും.'
അയാള്‍ വലിയ വായില്‍ അലമുറയിട്ടു കരഞ്ഞു.
'പറ്റില്ലെന്ന് പറഞ്ഞില്ലേ തെമ്മാടി. സെക്യൂരിറ്റിക്ക് വേണ്ടി വാര്‍ഡ് മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്.'
കാനോയുടെ നിശ്ചലമായ ശരീരവുമായി അയാള്‍ ചുമരിലേക്കു ചാഞ്ഞു. അവന്റെ ശരീരം പൂര്‍ണമായും നിശ്ചലമായിരുന്നു. നെഞ്ച് പൊട്ടി വന്ന ഒരു നിലവിളി അയാളുടെ തൊണ്ടയില്‍ കുരുങ്ങി. അറിയാതെ അയാള്‍ തന്റെ പൊടിയടിഞ്ഞ ജടപിന്നിയ തലമുടിയില്‍ പിടിച്ചു വലിച്ചു.
കാനോയുടെ ശരീരം അവിടെ ഉപേക്ഷിച്ചു മെല്ലെ ആശുപത്രിക്കു പുറത്തേക്കു നടക്കുമ്പോള്‍ പുറകില്‍ നിന്നും ആരോ പറയുന്നത് കേട്ടു.
'അതയാളുടെ സ്ഥിരം അടവാണ്. കൈക്കൂലി കേസില്‍ അകത്താവുമെന്നു വന്നപ്പോള്‍ നെഞ്ച് വേദനയെന്ന നാടകം. നാടിനെ ഇങ്ങനെ കൊള്ളയടിച്ചു കിട്ടുന്ന ഈ കാശെല്ലാം കൊണ്ട് രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യുകയാണോ എന്തോ'
'എല്ലാ നുണയും വിഴുങ്ങാന്‍ വേണ്ടി മീഡിയക്കാരും'- കൂടെയുള്ളയാള്‍ പുച്ഛത്തോടെ പ്രതികരിച്ചു.
വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്കിറങ്ങിയപ്പോള്‍ അയാള്‍ക്കു തോന്നിയത് ആശ്വാസമായിരുന്നു. എന്തോ വലിയ ഭാരം നിലത്തിറക്കി വെച്ചത് പോലെയുള്ള ആശ്വസം. അപ്പോള്‍ ആകാശത്തുനിന്നും അപ്പുപ്പന്‍ താടികള്‍ അയാളുടെ ദൈവത്തിന്റെ മറുപടികളായി പറന്നിറങ്ങി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...