ചുംബനത്തിന്റെ ഗന്ധം, ജിതിന്‍ ആര്‍ പണിക്കര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
10 മണിയുടെ അലാറം അടിച്ചപ്പോള്‍ വളരെ വിരസതയോടെ കൂടിയാണ് ഉണര്‍ന്നത്.
അവധി ദിവസങ്ങള്‍ ഇങ്ങനെയാണ്. ഉറങ്ങിയുറങ്ങി ദിവസത്തിന്റെ പാതി അലസമായി കടന്നുപോകും. അലമാരയില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍. വായിച്ചുവായിച്ച് മടുപ്പിന്റെ മാറാല കയറിയവ. മേശയില്‍ കൈ എത്താവുന്ന ദൂരത്ത് ഒരു ബോട്ടില്‍ വെള്ളം, സിഗരറ്റ് ലൈറ്റര്‍, മെന്തോള്‍ ഫ്‌ലേവര്‍ ഉള്ള ഒരു പാക്കറ്റ് സിഗരറ്റ്.
ഇന്ന് നാസിക്കിലെ ഏഴാമത്തെ ദിവസമാണ്. പക്ഷേ ഈ മുറി ഞാന്‍ എന്റെതായ രീതിയില്‍ പാകമാക്കിയിരിക്കുന്നു.
ബാല്‍ക്കണിയില്‍ നിന്നു കഴിഞ്ഞാല്‍ തിരക്കേറിയ നഗരത്തിന്റെ ഹൃദയഭാഗം കാണാം. ബാല്‍ക്കണിയില്‍ പൂത്തു നില്‍ക്കുന്ന ലൈലാക്ക് പൂക്കള്‍. അവയുടെ നീലിമയില്‍ എന്റെ സായാഹ്നങ്ങള്‍ വിസ്മൃതിയിലാണ്ടു പോകാറുണ്ട്. അകലെ പശ്ചിമഘട്ടം തലയുയര്‍ത്തിനില്‍ക്കുന്നു.
അരികിലൂടെ ഗോദാവരി ശാന്തമായൊഴുകുന്നു. രാത്രിയില്‍ അതിലൂടെ റാന്തലുമേന്തി തോണികള്‍ കടന്നുപോകും. റാന്തലിന്റെ അരണ്ട വെളിച്ചം കൃഷ്ണമണികളിലേന്തി ചെറുമീനുകള്‍ ശരവേഗത്തില്‍ ആഴങ്ങളിലേക്ക് മിന്നിമായും. അരികിലുള്ള പൈന്‍മരക്കാടിനുള്ളില്‍ നിന്നും ചീവീടുകള്‍ ശബ്ദമുണ്ടാക്കും. ഒന്നു കണ്ണടച്ചു കഴിഞ്ഞാല്‍ ഇതെന്റെ ഗ്രാമത്തിലെ വീട് പോലെ തന്നെ. സൂര്യോദയത്തിന് മുന്നേ നാലമ്പലത്തിലെ ഉണര്‍ത്തു പാട്ടില്ലെന്ന് മാത്രം.
അവധി ദിവസങ്ങള്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ഉണ്ടാകും.
ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ അടുക്കിവെച്ചു, സിഗരറ്റിന്റെ ചാരം മുഴുവന്‍ അടിച്ചു വൃത്തിയാക്കി, ബാല്‍ക്കണിയിലെ അഴ മുഴുവനും കഴുകിയ വസ്ത്രങ്ങള്‍ കൊണ്ട് നിറച്ചു.
വെയില്‍ അങ്ങോട്ട് തെളിഞ്ഞിട്ടില്ല. നേരം ഉച്ച ആകുന്നു.
വായിച്ചുമടുത്ത പുസ്തകങ്ങളുടെ താളുകള്‍ വെറുതെ വീണ്ടും മറിച്ചുനോക്കി. ഏഴു കാമുകിമാരെ കൊണ്ട് ഈ ലോകം വെട്ടിപ്പിടിച്ച ഒരു ഒരു യുവാവിനെ കഥയായിരുന്നു ആ പുസ്തകത്തില്‍. ഏതാനും പേജുകള്‍ മറിച്ച് അപ്പോള്‍തന്നെ മതിയാക്കി മാറ്റിവെച്ചു. പതിയെ മുറിയടച്ച് മരപ്പടവുകള്‍ ഇറങ്ങി. താഴത്തെ നിലയില്‍ മെസ്സില്‍ ഭക്ഷണം ഉണ്ടാക്കുന്ന തടിച്ച സ്ത്രീ ഉച്ചത്തില്‍ മറാത്തി ഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അടുക്കളയില്‍നിന്നും മുള്ളങ്കിയുടെ ഒരു മനം മടുപ്പിക്കുന്ന ഗന്ധം അവിടമാകെ പരന്നിരുന്നു.
ഈ വരിയില്‍ അവസാന ഭാഗത്തായിട്ടാണ് എന്റെ ഓഫീസ്. ഓഫീസിനു മുന്നില്‍ ഉള്ള ഒരു ചെറിയ തട്ടുകട ആ തട്ടുകട നടത്തിപ്പുകാരി മണിയമ്മാള്‍ ആണ്. ഒരു പാലക്കാടുകാരി. മറാഠി ആയ ദാസ് റെയിലിന്റെ പണിക്ക് കൊല്ലങ്കോട് വന്നതും പ്രണയത്തിലായതും നാസിക്കിലേക്ക് വന്നതുമെല്ലാം എന്നോട് പറയും. അവിടെ ചെന്നാല്‍ എനിക്കുവേണ്ടി മാത്രം സ്‌പെഷ്യല്‍ ഇഞ്ചി ചായ തരും ആ തട്ടുകടയില്‍ ഒരു മൂലയ്ക്ക് കല്‍പ്പാത്തി രഥോത്സവത്തിന്റെ ചിത്രം തൂക്കിയിരുന്നു. പുക പിടിച്ച് കറുത്തുപോയ കല്‍പ്പാത്തി തെരുവ്. പരമുഏട്ടന്റെ സമോവര്‍ ചായക്കൊപ്പം ഇടംപിടിക്കാന്‍ ആവില്ലെങ്കിലും ഇവിടത്തെ ഇഞ്ചി ചായക്ക് അല്പം മലയാള ചുവയുണ്ട് .എന്നെ കാണുമ്പോഴൊക്കെ മണിയമ്മാള്‍ നാട്ടിലെ വിശേഷങ്ങള്‍ തിരക്കും. വേലയെ കുറിച്ചും രഥോത്സവത്തെക്കുറിച്ചും കവുങ്ങിന്‍ തോപ്പുകളെ കുറിച്ചും എന്തിനേറെ പറയുന്നു അവിടത്തെ കാറ്റും മഴയും മഞ്ഞും, അങ്ങനെ എല്ലാത്തിനെയും കുറിച്ചും. എന്നെ കാണുമ്പോഴെല്ലാം അവരുടെ കണ്ണുകള്‍ വിടരും ആര്‍ത്തിയോടെ അവര്‍ എന്റെ വാക്കുകള്‍ കേട്ട് നില്‍ക്കും.
പലപ്പോഴും ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദാസുമായി തീവണ്ടിയില്‍ കയറുമ്പോള്‍ കണ്ട അവസാന കാഴ്ച. പുറകിലേക്ക് ഓടി മറയുന്ന കരിമ്പനക്കൂട്ടങ്ങള്‍, വെട്ടു കല്ലിന്റെ വലിയ കൂനകള്‍. അന്നെല്ലാം ആ വഴി ഒരു തിരിച്ചുവരവിനെക്കുറിച്ച് അവര്‍ കരുതിയിട്ടുണ്ടാവും.
അന്നും പതിവുപോലെ ഇഞ്ചിച്ചായ കുടിച്ചുകൊണ്ട് ഞാനാ തെരുവിലേക്ക് കണ്ണോടിച്ചു. പല ഭാഷകളാല്‍ സമ്മിശ്രമായ ഒരു തെരുവ്. തുണിത്തരങ്ങള്‍ വില്‍ക്കുന്ന കുറേ കടകള്‍, കുറേ കമ്പിളി കടകള്‍.
'ഭയ്യാ...'
പുറകില്‍ നിന്ന് ഒരു ചെറിയ ശബ്ദം. ഒരു ചെറിയ പെണ്‍കുട്ടി. മുഷിഞ്ഞ കുപ്പായം, ചെമ്പന്‍ മുടി, ഇളം പച്ച നിറമുള്ള കണ്ണുകള്‍. കയ്യില്‍ ഒരു ചെറിയ പെട്ടി നീട്ടിക്കൊണ്ട് അവള്‍ മറാഠി ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു.
എന്റെ മുഖഭാവത്തില്‍ നിന്നും എനിക്കൊന്നും മനസ്സിലായിട്ടില്ല എന്ന് അവള്‍ക്ക് മനസ്സിലായി എന്ന് തോന്നുന്നു.
ചെറിയൊരു ചിരിയോടു കൂടി അവള്‍ ചോദിച്ചു. ആപ്പ് കാ നാം ക്യാ ഹേ?
ഇത്തിരി ജാള്യതയോടെ ഞാന്‍ പറഞ്ഞു 'ഋഷികേശ്.'
കയ്യിലെ പെട്ടി തുറന്നു കൊണ്ട് ഇത് വാങ്ങുമോ എന്ന് അവളെന്നോട് ചോദിച്ചു. ഞാനവളുടെ പെട്ടിയിലേക്ക് നോക്കി പര്‍പ്പിള്‍ നിറത്തിലുള്ള കുറെ മുന്തിരികള്‍. ഈ തെരുവില്‍ എവിടെയോ മുന്തിരികള്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് അവള്‍.
ഞാന്‍ മുന്തിരികള്‍ വേണ്ടാ എന്ന അര്‍ത്ഥത്തില്‍ കൈ കാണിച്ചു. വാടിയ അവളുടെ കണ്ണുകള്‍, മുഷിഞ്ഞ മുട്ടോളം മാത്രം ഇറക്കാനുള്ള ഫ്രോക്ക്, തിളങ്ങുന്ന നീല കണ്ണുകള്‍, രണ്ടു ഭാഗത്തായി കെട്ടിവച്ച ചെമ്പന്‍ മുടി, തെരുവിലെ മണ്ണും പൊടിയും പുകയും മുഴുവനും അവളുടെ മുഖത്തു കാണാം.
അവളോട് ഞാന്‍ ചോദിച്ചു -'ചായ വേണോ?'
പെട്ടെന്ന് അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
'ജീ...'
അവള്‍ ചായ കുടിക്കുന്നതും, ബണ്ണ് കഴിയ്ക്കുന്നതും ജിജ്ഞാസയോടെ ഞാന്‍ നോക്കിയിരുന്നു. അവളുടെ കണ്ണുകളില്‍ എനിക്കെന്റെ മുഖം കാണാമായിരുന്നു.
ചായ കുടിച്ച ശേഷം കുറച്ചു ചില്ലറത്തുട്ടുകള്‍ അവള്‍ എനിക്ക് നേരെ നീട്ടി.
'വേണ്ട ഞാന്‍ കൊടുത്തോളാം.'
ഹിന്ദിയില്‍ അവള്‍ എന്നോട് ചോദിച്ചു.
'ബയ്യ ഇതിനു മുന്നേ എന്നെ കണ്ടിട്ടുണ്ടോ?'
'ഇല്ല...'
'അതു കൊണ്ടാണല്ലേ എനിക്ക് ചായ വാങ്ങി തന്നത്.'
'അതെന്താ അങ്ങനെ പറഞ്ഞത്?'
'ദിവസവും ഞാന്‍ ഇവിടെ ഉണ്ടാകും. ഇവിടെ ഉള്ളവരൊക്കെ എന്നെ കാണുന്നുമുണ്ട്.ആരും ഇതുവരെ എനിക്ക് ഒന്നും വാങ്ങി തന്നിട്ടില്ല.'
അവളുടെ കവിളില്‍ തെളിഞ്ഞുവന്ന ചെറിയ നുണ കുഴിയില്‍ ഒന്നു നുള്ളണം എന്ന് എനിക്ക് തോന്നി പോയി.
'വേണ്ട സാറേ ഇവരൊക്കെ ദേശാടനക്കാരാണ് എവിടെനിന്നു വരുന്നു എങ്ങോട്ട് പോകുന്നു. ഇവിടെ എന്തിനാണ് ഇങ്ങനെ കറങ്ങി നടക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. ഇവരുടെ കൂടെയുള്ള കുറെ ആളുകളെ കഴിഞ്ഞാഴ്ച പോലീസ് കൊണ്ടുപോയി.'' മണിയമ്മാളിന്റെ ആ വാക്കുകള്‍ എന്നെ പുറകിലേക്ക് പിടിച്ചുവലിച്ചു.
അവള്‍ ഒരിക്കല്‍ക്കൂടി എന്റെ നേര്‍ക്ക് ചില്ലറകള്‍ നീട്ടി . ഞാന്‍ വേണ്ട എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. അടുത്ത നിമിഷം അവള്‍ എന്റെ കൈപ്പത്തി എടുത്ത് നെറ്റിയോട് ചേര്‍ത്തുവച്ചു.
മറാഠി ഭാഷയില്‍ എന്തൊക്കെയോ ഉരുവിട്ടു.
അടുത്ത നിമിഷം എന്റെ കൈകളില്‍ അമര്‍ത്തി ചുംബിച്ചിട്ട് തെരുവിലേക്ക് ഓടിമറഞ്ഞു. പെട്ടെന്ന് എനിക്ക് എന്തൊക്കെയോ വല്ലായ്മ തോന്നി.
അവളുടെ വേഷം അത്ര വൃത്തിയുള്ളത് ആയിരുന്നില്ല. സായാഹ്നം മുഴുവനും ഞാന്‍ ഗോദാവരിയുടെ കടവില്‍ ഇരുന്നു. ഓര്‍ത്തത് മുഴുവനും വീടിനെക്കുറിച്ച് ആയിരുന്നു. സായാഹ്നങ്ങളിലെ കവല ചര്‍ച്ചകള്‍, മൈതാനങ്ങള്‍, ആല്‍ത്തറ കൂട്ടങ്ങള്‍, കൃഷ്‌ണേട്ടന്റെ കടയിലെ തേന്‍മിഠായി, വീട്ടിലെ എന്റെ മുറി, അച്ഛന്‍, അമ്മ, ചേച്ചി.... അങ്ങനെ ഓരോന്ന്. സമയം പോയതറിഞ്ഞില്ല.
ധൃതിയില്‍ മുറിയിലേക്ക് നടന്നു. മര പടവുകള്‍ കയറുമ്പോള്‍ മെസ്സിലെ മറാഠി സ്ത്രീ വീണ്ടും എന്തൊക്കെയോ കലമ്പുന്നുണ്ടായിരുന്നു. മുറി തുറന്ന് മെത്തയിലേക്ക് ഒന്ന് നിവര്‍ന്നു കിടന്നു. ഒരു അവധി ദിവസം കടന്നുപോയിരിക്കുന്നു. പതിവില്‍ നിന്ന് വിപരീതമായി ഒന്നും സംഭവിച്ചില്ല.
തെരുവില്‍ ആ പെണ്‍കുട്ടിയെ കണ്ടതൊഴിച്ചാല്‍...
പൊടുന്നനെ അവള്‍ ഉമ്മവെച്ച ആ കൈത്തലത്തില്‍ ഞാന്‍ പയ്യെ ഒന്ന് മണത്തു നോക്കി.
എന്തോ ഒരു പ്രത്യേക ഗന്ധം. വീണ്ടും വീണ്ടും മണക്കാന്‍ തോന്നുന്ന പോലെ. ഈ ഗന്ധം എന്തിന്റെയാകാം?
അതോ ഇനി എനിക്ക് തോന്നിയതാണോ? എന്തായാലും ഇതിനു മുമ്പ് ഞാന്‍ അനുഭവിക്കാത്ത ഒരു ഗന്ധമായിരുന്നു അത്.
ഉറങ്ങാന്‍ കിടന്നപ്പോള്‍ വീണ്ടും ഞാന്‍ അവളെ കുറിച്ചോര്‍ത്തു. അവളുടെ പെട്ടിയില്‍ കണ്ട പര്‍പ്പിള്‍ നിറമുള്ള മുന്തിരികള്‍.
എട്ടു മണിയുടെ അലാറം കേട്ടാണ് ഉണര്‍ന്നത്. അമീറിന്റെ രണ്ട് മിസ്ഡ് കോളുകള്‍. ഒരു മെസേജ്. 'ഓഫീസില്‍ ഒമ്പതരയ്ക്ക് എത്തണം'
വിരസതയോടു കൂടി ഫോണ്‍ മെത്തയിലേക്ക് മാറ്റിവെച്ചു.
നേരെ ബാല്‍ക്കണിയിലേക്ക് പോയി. സിഗരറ്റ് കത്തിച്ചു ഒരു കവിള്‍ പുക അകത്തേക്ക് ആക്കി.
ആകാശം മേഘാവൃതമായി ഇരിക്കുന്നു മഴ പെയ്യാന്‍ സാധ്യതയുണ്ട്. മുറി പൂട്ടി പടവുകള്‍ ഇറങ്ങുമ്പോള്‍ മെസ്സിലെ മറാഠി സ്ത്രീ അവരുടെ വൃത്തിയില്ലാത്ത കാലുകള്‍ നിലത്തടിച്ചു ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.
അമീറിന്റെ ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍. അയാള്‍ പറഞ്ഞത് മുഴുവന്‍ കനേഡിയന്‍ കമ്പനിയുമായി ഉണ്ടാക്കേണ്ട കരാറിനെ പറ്റിയാണ്. പണി പൂര്‍ത്തിയാകാത്ത കമ്പ്യൂട്ടറിലെ ഫയലുകള്‍ എന്റെ തലച്ചോറിനുള്ളില്‍ കയറിയിരുന്നു കാര്‍ന്നു തിന്നുകയാണ്.
5. 30-ന് സിസ്റ്റം ലോഗൗട്ട് ചെയ്യുമ്പോള്‍ ഉത്സവം കഴിഞ്ഞ പൂരപ്പറമ്പ് പോലെ മനസ്സ് ശാന്തമായിരുന്നു.
മണിയമ്മാളിന്റെ ഇഞ്ചി ചായക്ക് വേണ്ടി എന്റെ ഓരോ രക്തവും ദാഹിച്ചു തുടങ്ങിയിരിക്കുന്നു.
പതിവുപോലെ ചായ മൊത്തി കൊണ്ട് ഞാന്‍ ആ തെരുവിലേക്ക് കണ്ണോടിച്ചു.
നീലനിറത്തിലുള്ള ചെറിയ പെട്ടികളുമായി ഇന്നലെ കണ്ട ആ പെണ്‍കുട്ടി തെരുവിന്റെ ഓരത്ത് കുത്തിയിരിക്കുന്നു.
അവളുടെ മുഖം പതിവുപോലെ തന്നെ വാടിയിരിക്കുന്നു.
'ഓയ്....' ഞാന്‍ നീട്ടി വിളിച്ചു.
'ഇതര്‍ ആവോ..'
അവളുടെ മുന്തിരി കണ്ണുകള്‍ തിളങ്ങുന്ന പോലെ തോന്നി.
ആ കണ്ണുകളില്‍ എന്റെ ക്ഷീണിച്ച രൂപം കാണാമായിരുന്നു.
'സാറേ നമ്മള്‍ മലയാളികള്‍ക്ക് ഒരു കുഴപ്പമുണ്ട്. അപകടത്തെ പണംകൊടുത്തു വാങ്ങും.'- മണിയമ്മാളിന്റെ ഉപദേശം.
എന്തുകൊണ്ടോ എനിക്കത് ചെവിക്കൊള്ളാന്‍ തോന്നിയില്ല.
വൈകുന്നേരം ഞാന്‍ കയറിയ ഹക്കീം സൈതിന്റെ അത്തര്‍ കടയില്‍ പോലും അവളുടെ ചുംബനത്തിന്റെ ഗന്ധത്തെ എനിക്ക് കണ്ടെത്താനായില്ല.
അടുത്ത് വന്നവള്‍ എനിക്ക് നേരെ നീല പെട്ടികളില്‍ ഒന്ന് നീട്ടി.
ഞാന്‍ വീണ്ടും വേണ്ടാ അര്‍ത്ഥത്തില്‍ തലയാട്ടി.
ഒരു ആവി പറക്കുന്ന ചായ ഞാന്‍ അവള്‍ക്ക് നേരെ നീട്ടി.
ആ ചായ വാങ്ങാതെ അവള്‍ തല കുമ്പിട്ടു നിന്നു.
'എന്തുപറ്റി? നിനക്ക് ചായ വേണ്ടേ?'
'നഹി.'
'അതെന്താ?'
അവള്‍ ഉത്തരമൊന്നും പറഞ്ഞില്ല.
അവളുടെ കുഞ്ഞു കൈകളിലേക്ക് ഞാന്‍ ആ ചായ പാത്രം വെച്ചു കൊടുത്തു. ചെറിയ പുഞ്ചിരിയോടു കൂടി തന്നെ അവള്‍ ആ ചായ വാങ്ങി കുടിച്ചു. ശേഷം വീണ്ടും പഴയ പോലെ കുറച്ചു ചില്ലറകള്‍ അവള്‍ എനിക്ക് നേരെ നീട്ടി. ഞാന്‍ വേണ്ട എന്ന അര്‍ത്ഥത്തില്‍ കൈ കാണിച്ചു. പൊടുന്നനെ അവളുടെ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു.
'നീ എന്തിനാണ് കരയുന്നത്?'
'ഭയ്യാ.... ആരോടും വെറുതെ ഒന്നും വാങ്ങിക്കരുതെന്നാണ് അമ്മ പറഞ്ഞിരിക്കുന്നത് അത് കൊണ്ട് നിങ്ങള്‍ ദയവായി പണം വാങ്ങണം. അല്ലെങ്കില്‍ എനിക്ക് സങ്കടം വരും. അമ്മ പറഞ്ഞ വാക്ക് തെറ്റിക്കാന്‍ എനിക്ക് മടിയാണ്.'
'എനിക്ക് പണമൊന്നും വേണ്ട, നീ ആ പണം കൊണ്ട് വേറെ എന്തെങ്കിലും വാങ്ങിച്ചോ.'
ആ നുണക്കുഴി കാട്ടി അവളൊന്നു പുഞ്ചിരിച്ചു.
പെട്ടി തുറന്ന് നാലഞ്ച് മുന്തിരികള്‍ എന്റെ നേരെ നീട്ടി. എന്തുകൊണ്ടോ അത് വേണ്ട എന്ന് പറയാന്‍ എനിക്ക് തോന്നിയില്ല. ഞാനാ മുന്തിരികള്‍ വാങ്ങി കീശയില്‍ ഇട്ടു. ചെമ്പന്‍മുടി ഒരു വശത്തേക്ക് ഒതുക്കിവെച്ച് ചിരിച്ചു കൊണ്ട് അവള്‍ തെരുവിലേക്കിറങ്ങി നടന്നു. അവളുടെ കയ്യില്‍ നിന്നും ആരെങ്കിലും മുന്തിരി വാങ്ങുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പിന്നെ എന്തുകൊണ്ടായിരിക്കാം ഇന്ന് അവള്‍ എന്റെ കയ്യില്‍ ചുംബിക്കാതിരുന്നത്?
മുറിയിലേക്കുള്ള പടവുകള്‍ കയറുമ്പോള്‍ മെസ്സിലെ സ്ത്രീ ഏതോ ഒരു മറാഠി ഗാനം ഉച്ചത്തില്‍ പാടുന്നുണ്ടായിരുന്നു. അവള്‍ നല്‍കിയ മുന്തിരികള്‍ ഞാന്‍ മേശപ്പുറത്തുവച്ചു. എന്തുകൊണ്ടോ കഴിക്കാന്‍ തോന്നിയില്ല ആ മുന്തിരിയുടെ അകത്തെ ഇളംപച്ച നിറം അവളുടെ കണ്ണുകളെ ഓര്‍മിപ്പിച്ചു. അവള്‍ ഒരു മനുഷ്യനാണോ അല്ലെങ്കില്‍ ഒരു മുന്തിരിച്ചെടിയോ? തവിട്ടുനിറത്തിലുള്ള മുഖം, ചെമ്പന്‍ മുടി, മുന്തിരി കണ്ണുകള്‍.
പിറ്റേന്ന് രാവിലെ ആ മുന്തിരികള്‍ ഞാന്‍ ജനലിലൂടെ പുറത്തേക്കെറിഞ്ഞു. അത് ചെന്ന് വീണത് പുറത്തെ ബോണ്‍സായിചെടികള്‍ക്ക് അരികിലാണ്.
പിന്നീടുള്ള പല സായാഹ്നങ്ങളിലും ഞങ്ങള്‍ കണ്ടുമുട്ടുക പതിവായിരുന്നു.
ഊതി ഊതി ചായ കുടിക്കുന്ന അവളോട് ഞാന്‍ ചോദിച്ചു.
'എന്താണ് നിന്റെ പേര്?'
'ഹഹഹ..... നമ്മള്‍ കണ്ട അന്ന് തന്നെ ഞാന്‍ ഭയ്യാടെ പേരല്ലേ ചോദിച്ചത്, എന്നിട്ടും ഇപ്പോളാണോ എന്റെ പേര് ചോദിക്കുന്നത്?'
ശരിയാണ് ഇത്രയും ദിവസം ഞാനെന്താണ് അവളോട് പേര് ചോദിക്കാതിരുന്നത്?'
'നെഹല്‍, അതാണ് എന്റെ പേര്.'
നെഹല്‍. വസന്തം എന്നോ മറ്റോ ആണ് അര്‍ത്ഥം വരിക.
പലപ്പോഴും ഞാന്‍ അവളെ കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാം തെരുവിന്റെ ഏതോ ഒരു കോണില്‍ നിന്ന് അവളെന്റെ അരികിലേക്ക് ഓടിയെത്തും.
ഓരോ കൂടിക്കാഴ്ചക്ക് ശേഷവും കുറച്ചു മുന്തിരികള്‍ അവള്‍ എനിക്ക് തരും. പിറ്റേന്ന് കാണുമ്പോഴൊക്കെ അവള്‍ ആ മുന്തിരിയെ പറ്റി എന്നോട് ചോദിക്കും. ഇതുവരെ രുചിച്ചു നോക്കാത്തത് കൊണ്ടാവണം ഞാന്‍ അതിന് കൃത്യമായ മറുപടി നല്‍കാറില്ല. അവളുടെ വീട്ടില്‍ അമ്മയും രണ്ടു സഹോദരന്മാരും ഉണ്ട് അച്ഛന്‍ ദൂരെ ഒരു ഗ്രാമത്തില്‍ ജോലിചെയ്യുകയാണ്. വര്‍ഷത്തില്‍ രണ്ടു തവണ വരും.
ഒരു പക്ഷേ അവളുടെ അമ്മയുടെ കണ്ണുകള്‍ ഇതുപോലെ ആയിരുന്നിരിക്കണം. അതുമല്ലെങ്കില്‍ അച്ഛന്റെ കണ്ണുകള്‍. ഏകദേശം അവള്‍ക്ക് ഒരു പത്ത് വയസ്സ് പ്രായം വരും. സ്‌കൂളിനെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും ഒക്കെ ഞാന്‍ പറയുമ്പോള്‍ അവള്‍ ശ്രദ്ധയോടെ കേട്ടിരിക്കും. നിനക്ക് പഠിക്കണ്ടേ എന്ന് ചോദിക്കുമ്പോള്‍ എല്ലാം ആ നുണക്കുഴി കാട്ടി അവള്‍ ഒന്ന് വെളിക്കെ ചിരിക്കും. ഞാന്‍ എപ്പോഴും അവളില്‍ തിരഞ്ഞത് ആ പഴയ ഗന്ധത്തെയാണ്. പയ്യെപ്പയ്യെ അവളില്‍ എന്തൊക്കെയോ സൗന്ദര്യം ഉള്ളതായി എനിക്ക് തോന്നി.
കനേഡിയന്‍ കമ്പനിയുമായി നാളെ ഒരു മീറ്റിംഗ് ഉണ്ടെന്ന് അമീറിന്റെ മെസ്സേജ് വന്നിരിക്കുന്നു. നാളുകളായി അലോസരപ്പെടുത്തിയിരുന്ന ഫയലുകള്‍ എല്ലാം തലച്ചോറിലേക്ക് ഒറ്റരാത്രി കൊണ്ട് ഞാന്‍ കുത്തി ഇറക്കി.
പടവുകള്‍ ഇറങ്ങുമ്പോള്‍ പതിവിലും വിപരീതമായി മെസ്സ് ശാന്തമായിരുന്നു. നാളുകളായി ഞാന്‍ പഠിച്ച ഫയലുകളെ കുറിച്ചും കമ്പനിയെക്കുറിച്ചും കനേഡിയന്‍സിനു മുന്നില്‍ വാചാലനായി. മീറ്റിംഗ് നീണ്ടു നീണ്ടു പോയി? ഒടുവില്‍ നീണ്ട പതിനൊന്നു മണിക്കൂറുകള്‍ക്കു ശേഷം കനേഡിയന്‍ കമ്പനിയുമായുള്ള പുതിയ കരാറില്‍ ഞങ്ങള്‍ ഒപ്പുവച്ചു.
ഇവിടെ ഇപ്പോള്‍ ശൈത്യമാണ്. നാട്ടിലായിരുന്നെങ്കില്‍ നെല്ലോലകള്‍ ഇങ്ങനെ മഞ്ഞില്‍ കുളിച്ചു നിന്നേനെ. രാവിലെ മഞ്ഞു ചൂടി നില്‍ക്കുന്ന മഞ്ഞ ചെമ്പകങ്ങള്‍ പൊട്ടിച്ചെടുക്കുമ്പോള്‍ മരക്കൊമ്പിലെ വെള്ളരിപ്രാവുകള്‍ ചിറകടിച്ച് പൊയ്പ്പാടത്തിന് അപ്പുറത്തേക്ക് പറന്നുപോകും. മഞ്ഞില്‍ മുങ്ങിയ വഴികളിലൂടെ ഞാന്‍ മുറിയിലേക്ക് നടന്നു.
എട്ടു മണി കഴിഞ്ഞാല്‍ മണിയമ്മാള്‍ പീടിക അടച്ചു പോകും. ഇന്ന് ഇഞ്ചി ചായ കുടിക്കുവാന്‍ കഴിഞ്ഞില്ല നെഹല്‍ എന്നെതേടി ഇവിടെ വന്നിട്ട് ഉണ്ടാവണം. അവള്‍ വിഷമിച്ചു കാണുമോ? ഹേയ് അവള്‍ എന്നെപോലെ എത്ര ആളുകളെ കണ്ടു കാണും.
എന്തു കൊണ്ടോ മനസ്സ് അസ്വസ്ഥമായിരുന്നു. പടവുകള്‍ കയറുമ്പോള്‍ വീണ്ടും ഒരു വലിയ നിശ്ശബ്ദത. മെസ്സിലെ ആ മറാഠി സ്ത്രീ... അവര്‍ക്ക് എന്തുപറ്റി? അല്ല ആരോട് ചോദിക്കാനാണ്. നാളിതുവരെ ഞാനവരോട് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. അടുത്തുവരുമ്പോഴെല്ലാം അവര്‍ക്ക് ഉള്ളിയുടെ ഗന്ധമായിരുന്നു.
പിറ്റേന്നും പതിവുപോലെ തെരുവില്‍ അവളെ കണ്ടില്ല.
ദ്രുതഗതിയില്‍ ഞാനെന്റെ മിഴികളെ ആ തൊരുവിന്റെ ഓരോ മൂലയിലേക്കും പായിച്ചു.
എന്തുകൊണ്ടായിരിക്കാം അവള്‍ ഇന്ന് വരാതിരുന്നത്. ഒരു പക്ഷേ അവള്‍ എന്നെ കാണാന്‍ വേണ്ടി മാത്രമായിരുന്നോ ഈ തെരുവില്‍ വന്നിരുന്നത്? ഇന്നലെ എന്നെ കാണാതായപ്പോള്‍ അവള്‍ വേവലാതി കൊണ്ട് കാണും പാവം. ബാല്‍ക്കണിയില്‍ നിന്ന് ദൂരേക്ക് നോക്കുമ്പോള്‍ പശ്ചിമഘട്ടത്തില്‍ മഞ്ഞ് ഉരുണ്ടുകൂടുന്നത് കാണാമായിരുന്നു. ഗോദാവരിയിലൂടെ ചെറുവള്ളങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.
മൂടല്‍മഞ്ഞിലൂടെ എനിക്ക് ഒന്നും വ്യക്തമായി കാണാന്‍ കഴിയുന്നില്ല.
പിറ്റേന്നും ആ തെരുവില്‍ ഞാന്‍ അവളെ തിരഞ്ഞു. പക്ഷേ കണ്ടുകിട്ടിയില്ല. ഒറ്റയ്ക്കിരിക്കുമ്പോള്‍ എല്ലാം അവളുടെ ചുംബനത്തിന്റെ ഗന്ധം എന്നെ വരിഞ്ഞുമുറുക്കുന്ന പോലെ എനിക്ക് തോന്നി. അവള്‍ എങ്ങോട്ടാണ് പോയത് മണിയമ്മാളിനോട് ഞാന്‍ അവളെ കുറിച്ച് ചോദിച്ചു.
'സാറേ ഇവിടെ അതുപോലെ ഒരുപാട് പേര്‍ വരും ആരെയും ഞാന്‍ ശ്രദ്ധിക്കാറില്ല ഇവരെല്ലാം ദേശാടനക്കാരാണ്. നമ്മള്‍ എന്തിനാ ആവശ്യമില്ലാത്തത് തിരക്കണം..'
കഴിഞ്ഞ രണ്ടു സായാഹ്നങ്ങള്‍ എന്റെ കണ്ണുകള്‍ തിരഞ്ഞത് അവളെ മാത്രമാണ്. മൂന്നാം ദിനം വൈകിട്ട് ചായ കുടിക്കാന്‍ നടക്കവേ തെരുവിന്റെ ഒരു മൂലയില്‍ നിന്ന് അവളെന്റെ നേര്‍ക്ക് ഓടി വന്നു 'അരേ ബയ്യാ!'
എന്റെ കണ്ണുകള്‍ വിടര്‍ന്നു. ഉള്ളില്‍ ഒരു ആവേശക്കടല്‍ അലതല്ലി.
'നെഹല്‍...'
'നീ എവിടെയായിരുന്നു?'
''ഭയ്യാ... നിങ്ങള്‍ എന്നെ മറന്നില്ലേ?'
'ഹേയ് നെഹല്‍ ഞാന്‍ നിന്നെ എങ്ങനെ മറക്കാനാണ്.'
'ഋഷി ഭയ്യാ.... നിങ്ങളെന്നെ എത്രകാലം ഓര്‍മ്മിക്കും?'
അത് പറയാനാകില്ല.. ഞാനും നീയും എത്ര കാലം ജീവിക്കും എന്ന് ആര്‍ക്കറിയാം?'
ആ നുണക്കുഴി വിടര്‍ത്തി അവള്‍ ചിരിച്ചു. അവളുടെ കവിള്‍ ഞാന്‍ മെല്ലെ നുള്ളി. ഞങ്ങള്‍ ഒരുമിച്ച് ചായ കുടിച്ചു. പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത്.
'അല്ല നിന്റെ മുന്തിരികള്‍ എവിടെ?'
'ഭയ്യാ... ഞാന്‍ മുന്തിരികള്‍ എടുത്തില്ല.'
'അതെന്താ?'
'ഭയ്യാ, ഇവിടെ മുന്തിരികളുടെ കാലം കഴിഞ്ഞു. ഞങ്ങള്‍ അടുത്ത ദിവസം അച്ഛന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോകും.'
ആ കണ്ണുകള്‍ നിറയുന്നതും ചുണ്ടുകള്‍ വിറക്കുന്നതും ഞാന്‍ നോക്കിയിരുന്നു. അവള്‍ എന്റെ കയ്യെടുത്ത് നെറ്റിയില്‍ ചേര്‍ത്തുവച്ചു മറാഠിയില്‍ എന്തൊക്കെയോ ഉരുവിട്ടു.
ശേഷം എന്റെ കൈ രണ്ടിലും മാറി മാറി ചുംബിച്ചു. ചിരിച്ചുകൊണ്ട് തെരുവിലേക്ക് ഓടിമറഞ്ഞു. അവളോട് ഒന്നും പറയാന്‍ പോലും കഴിഞ്ഞില്ല. അല്ലെങ്കിലും ഉടല്‍ തണുക്കും വരെ പെയ്യാന്‍ ചില മഴകള്‍ക്ക് ആവില്ലല്ലോ.
അവള്‍ എങ്ങോട്ട് ആയിരിക്കാം ഓടി മറഞ്ഞിരിക്കുക? ഒരുപക്ഷേ എവിടെയോ മറഞ്ഞിരുന്നു ഞാന്‍ തിരിച്ചു നടക്കുന്നത് കണ്‍നിറയെ കണ്ടിട്ടുണ്ടാവണം.. അവളുടെ മുന്തിരി കണ്ണുകള്‍ കരഞ്ഞുകരഞ്ഞ് പഴുത്തിട്ട് ഉണ്ടാവണം.
പടവുകള്‍ കയറുമ്പോള്‍ മെസ്സില്‍ നിന്ന് ആ മറാട്ടി സ്ത്രീ ഉറക്കെ ഉറക്കെ കരയുന്നുണ്ടായിരുന്നു. ഒരു മേഘജ്യോതിസ്സുപോലെ പൊലിഞ്ഞുപോയ ഒരു ഓര്‍മ്മ മാത്രം!
നെഹല്‍...ഇനിയും ജീവിതത്തിന്റെ ഇടനാഴികളില്‍ എവിടെയെങ്കിലും നമ്മള്‍ കണ്ടുമുട്ടുമോ? കണ്ടുമുട്ടുക ആണെങ്കില്‍ നിന്റെ മിഴികളിലൂടെ ഞാന്‍ നിന്നെ തിരിച്ചറിയുക തന്നെ ചെയ്യും.
രണ്ട് ദിവസം അവധിയില്‍ ആണെന്ന് അമീറിന് മെയില്‍ അയച്ചു. മറുപടി വന്ന മെയിലുകള്‍ ഒന്നും ഞാന്‍ തുറന്നു നോക്കിയില്ല. ബാല്‍ക്കണിയിലെ നീലപ്പൂക്കള്‍ വാടി തുടങ്ങിയിരിക്കുന്നു. ദൂരെ പശ്ചിമഘട്ടത്തില്‍ മഞ്ഞു മാഞ്ഞു തുടങ്ങുന്നു. അരികിലൂടെ ഗോദാവരി അലസയായി ഒഴുകുന്നു. പൈന്‍ മരകാട്ടില്‍നിന്ന് ചീവീടുകള്‍ കരയുന്നു.
പടവുകള്‍ ഇറങ്ങുമ്പോള്‍ തെളിഞ്ഞ നിശബ്ദത. ബോണ്‍സായികള്‍ക്കരികില്‍ എന്തോ ഒന്ന് മുളച്ചുപൊന്തി ഇരിക്കുന്നു. ഇത് ഞാന്‍ വലിച്ചെറിഞ്ഞ മുന്തിരികള്‍ ആണ്. ഇത് എനിക്ക് വെറും മുന്തിരികള്‍ ആയിരുന്നില്ല അവള്‍ വച്ചുനീട്ടിയത് അവളുടെ സ്‌നേഹം ആയിരുന്നില്ലേ. സ്‌നേഹം ഇങ്ങനെയാണ് വിരല്‍ത്തുമ്പില്‍ ഉള്ളപ്പോള്‍ എല്ലാം നമ്മള്‍ അതിനെ കുറെ ഉയരത്തിലേക്ക് പറത്തി വിടും. ഒടുവില്‍ ചരട് പൊട്ടി പറന്നുപോകുന്ന പട്ടത്തെ നോക്കി വാവിട്ടു കരയും. ആ മുന്തിരി ചെടികള്‍ക്ക് ഞാന്‍ വെള്ളമൊഴിച്ചു.
ബോണ്‍സായികള്‍ക്ക് അരികിലുള്ള ഏതോ മരത്തിലേക്ക് അവ പടര്‍ന്നുകയറി. അവയ്ക്ക് ഞാന്‍ വെള്ളം കോരി കൊണ്ടേയിരുന്നു.
ഒരു ദിവസം ഞാനുണര്‍ന്നപ്പോള്‍ മുറി മുഴുവനും അവളുടെ ചുംബനത്തിന്റെ ഗന്ധം. വെപ്രാളത്തോടെ ഞാന്‍ ചാടിയെഴുന്നേറ്റു. ബാല്‍ക്കണിയില്‍ ചെന്ന് നിന്ന് തെരുവിലേക്ക് നോക്കി. പതിവിലും വിപരീതമായി അവിടെ ഒന്നും കണ്ടില്ല. പയ്യെ പടവുകളിറങ്ങി മെസ്സില്‍ നിന്ന് ആ മറാഠി സ്ത്രീ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഒരു പാത്രത്തില്‍ വെള്ളവുമായി ഞാന്‍ മുന്തിരി ചെടികളുടെ അരികിലേക്ക് നടന്നു.
അവിടെ ആകമാനം അവളുടെ ഗന്ധം. അല്ല അവളുടെ ചുംബനത്തിന് ഗന്ധം.
നെഹല്‍, നമ്മുടെ മുന്തിരികള്‍ പൂവണിഞ്ഞിരിക്കുന്നു. ആ പൂക്കളെ ഞാന്‍ പയ്യെ മുഖത്തോടു ചേര്‍ത്തു.
അവളുടെ ചുംബനത്തിന് മുന്തിരി പൂക്കളുടെ ഗന്ധം ആയിരുന്നല്ലേ?
ഇതില്‍ വിരിയുന്ന നിന്റെ സ്‌നേഹത്തിന്റെ മധുരം ആര്‍ക്കും പങ്കു വയ്ക്കാതെ ഞാന്‍ കഴിക്കും.. നിനക്ക് അവിടെ സുഖം ആണല്ലോ അല്ലേ...
പടവുകള്‍ കയറുമ്പോള്‍ വീണ്ടും തെളിഞ്ഞ നിശബ്ദത.
അകലെ പശ്ചിമഘട്ടങ്ങളില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഗോദാവരിയിലൂടെ ചെറുവള്ളങ്ങള്‍ അക്കരയ്ക്ക് നീന്തുന്നു. ആരൊക്കെയോ ഈ തെരുവിലേക്ക് പുതിയതായി കടന്നുവരിക ആകാം.