കൊടിയേറ്റ്, ജയചന്ദ്രന്‍ എന്‍ ടി എഴുതിയ കഥ

By Chilla Lit Space  |  First Published Apr 27, 2023, 3:47 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.   ജയചന്ദ്രന്‍ എന്‍ ടി എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

ഇരുട്ടുമൂടിയ കാവും പരിസരവും. ആദ്യം അയാള്‍ക്ക് ഭയം തോന്നിയിരുന്നു. കാവിലെ മൂര്‍ത്തിയുടെ ശക്തി ക്ഷയിപ്പിക്കാനായി മൃഗരക്തവും പക്ഷിരക്തവും തീണ്ടാരിത്തുണികളും ഉപയോഗിച്ച് അശുദ്ധിയാക്കിയിട്ട് വിഗ്രഹം കവര്‍ന്നെടുക്കാനായിരുന്നു അയാളുടെ പദ്ധതി. 

ദുഷ്‌ക്കര്‍മ്മങ്ങള്‍ കഴിഞ്ഞപ്പോള്‍ ധൈര്യമായി.

പ്രതിഷ്ഠക്കല്ലില്‍ നിന്നയാള്‍ വിഗ്രഹം പറിച്ചെടുത്തപ്പോള്‍ അകലെ ഒരലര്‍ച്ച കേട്ടു. കൈയ്യിലുണ്ടായിരുന്ന മുഷിഞ്ഞ തുണികൊണ്ട് വിഗ്രഹം മൂടി. കാവില്‍ നിന്നിറങ്ങി കാട്ടിനുള്ളിലൂടെ കിഴക്ക് ദിക്കിലേക്കോടി. കുറെദൂരം പിന്നിട്ടു. പുറകിലൊരു പടയിളകി വരുന്നതിന്റെ ആരവം കേള്‍ക്കുന്നുണ്ടായിരുന്നു.
കൂരിരുട്ടില്‍ കാട്ടിനുള്ളിലൂടെ അയാള്‍ വിഗ്രഹവുമായി ഓടി. പുറകിലുള്ള പട അരികിലേക്കെത്തുന്നുണ്ട്. അവരുടെ ആരവങ്ങള്‍, കൊലവിളികളാകുന്നു.

തിരിഞ്ഞു നോക്കിയപ്പോള്‍ അനേകം തീപ്പന്തങ്ങള്‍ ആകാശത്തിലൂടെ തനിക്കു നേരെ പാഞ്ഞു വരുന്നു.
പൊതിഞ്ഞെടുത്ത വിഗ്രഹവുമായി അയാള്‍ വീണ്ടും ഓടി. ആരവങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടിരുന്നു. തൊട്ടരികില്‍ എത്തിയെന്നു തോന്നിയപ്പോള്‍ വിഗ്രഹം ദൂരേക്ക് വലിച്ചെറിഞ്ഞു. ഒരു മരത്തില്‍ ചെന്നിടിച്ചത് വെള്ളത്തിലേക്ക് വീഴുന്ന ഒച്ച ഉണ്ടായി. ആരവങ്ങള്‍ നിലച്ചു. തീപ്പന്തങ്ങള്‍ അപ്രത്യക്ഷമായി. കാട്ടിനുള്ളിലെ ഇരുട്ടിലേക്കയാള്‍ ഓടി മറഞ്ഞു. 

ഒരു മുത്തശ്ശി പറഞ്ഞ കഥയാണ്.

ഞാനൊരു തീവണ്ടിയാത്രയിലായിരുന്നു. യാത്രയിലുടനീളം കോരിച്ചൊരിയുന്ന മഴ. സന്ധ്യാനേരം. മഴയൊന്നു ശമിച്ചു. തീവണ്ടിയുടെ തൊട്ടിലാട്ടം നിലച്ചപ്പോഴായിരുന്നു ഞാനുണര്‍ന്നത്. മുകളിലെ ബര്‍ത്തിലാണ് ഉറങ്ങിയിരുന്നത്. ട്രെയിന്‍ എവിടെയോ പിടിച്ചിട്ടിരിക്കുന്നു. തീവണ്ടിപ്പാളത്തിനു കുറച്ചുമാറി ഒഴുകിയിരുന്ന ആറ്, പാളം കടന്നൊഴുകുകയാണ്.

'ഇനി, നാളെയേ യാത്ര ആരംഭിക്കാന്‍ പറ്റുകയുള്ളു. വര്‍ഷാവര്‍ഷമിത് പതിവാണ്. ഇവിടെ അടുത്തെവിടെയോ ഒരു കാവ് ഉണ്ടായിരുന്നത്രെ!'

താഴത്തെ ബര്‍ത്തില്‍ ആ മുത്തശ്ശി കൊച്ചുമക്കളോട് കഥ പറയുകയാണ്. കഥകേട്ടു ഞാനുറങ്ങി. അര്‍ദ്ധരാത്രി കഴിഞ്ഞു. വലിയൊരു അലര്‍ച്ച കേട്ടാണു ഞാനുണര്‍ന്നത്. മുകളിലെ ബര്‍ത്തില്‍ നിന്നു താഴേക്കിറങ്ങി.
എല്ലാവരും ഉറക്കത്തിലാണ്. ഞാന്‍ മാത്രമാണ് ആ ഒച്ച കേട്ടതെന്നു തോന്നി. തീവണ്ടിയുടെ വാതിലിനരികിലെത്തി പുറത്തേക്ക് നോക്കി. തീവണ്ടിപ്പാളത്തിന് ഇരുവശവും ആറ്റിലെ വെള്ളം കയറിയിരിക്കുകയാണ്.

അതൊരു വളവായതിനാല്‍ തീവണ്ടിയുടെ മുന്‍വശം കാണാന്‍ കഴിയുന്നില്ല. എങ്കിലും പാളം കവിഞ്ഞു വെള്ളമൊഴുകുന്നത് കാണാം. നല്ല നിലാവുണ്ട്. പൂര്‍ണ്ണചന്ദ്രനായിരുന്നു. പെട്ടെന്ന് നിലാവ് മറഞ്ഞു. വെള്ളത്തിനു മുകളില്‍ വലിയ പൊക്കത്തില്‍ തീയാളിക്കത്തി. കതിനകള്‍ കാതടപ്പിക്കുന്ന ഒച്ചയില്‍ തുരുതുരാ മുഴങ്ങി. തീവെട്ടത്തില്‍ ഞാനതു കണ്ടു. വെള്ളത്തിനു മുകളില്‍ ഒരു ആന പ്രത്യക്ഷപ്പെട്ടു. ആനപ്പുറത്തൊരു രൂപം ഇരിക്കുന്നുണ്ടായിരുന്നു.

നൂറുകണക്കിന് നാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതായിരുന്നു ആ രൂപം വസ്ത്രമായണിഞ്ഞിരുന്നത്.
ദേവി എഴുന്നെള്ളുകയാണ്.

ആനയോളം പൊക്കത്തില്‍ തെയ്യക്കോലം കെട്ടിയ അകമ്പടിക്കാര്‍. ശ്രദ്ധിച്ചപ്പോള്‍ കണ്ടു. പല രൂപങ്ങള്‍ക്കും നാലുകാലുകളായിരുന്നു. വായ് തുറന്നവ ഉച്ചത്തില്‍ അലറിയപ്പോള്‍ കൂര്‍ത്ത കോമ്പല്ലുകള്‍. പെട്ടെന്ന് ചെറിയ ചെറിയ തീക്കുണ്ഠങ്ങള്‍ അവിടവിടെയായി തെളിഞ്ഞു. വെള്ളത്തിന് മുകളില്‍ ആയിരക്കണക്കിന് തെയ്യക്കോലങ്ങള്‍ എത്തി. ചെണ്ടമേളത്തിനനുസരിച്ചെല്ലാവരും നൃത്തം ചവിട്ടി. ആളിക്കത്തുന്ന തീയിലേക്ക് ചാടുന്നു. തീക്കനല്‍ വാരി കുളിക്കുന്നു. ദേവിയെ പുറത്തേറ്റിയ ആനയും നൃത്തം വയ്ക്കുന്നു. ആനപ്പുറത്തെഴുന്നള്ളിയ ദേവീ രൂപത്തിനെ ചുറ്റിയിരുന്ന നാഗങ്ങള്‍ തീയേറ്റ് പഴുത്ത ലോഹക്കഷണം പോലെ ചുവന്ന നിറമായി. കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളാല്‍ അന്തരീക്ഷം ശബ്ദമുഖരിതമായി. വെള്ളത്തിനു മുകളിലെ അഗ്‌നിഗോളം  വളരാന്‍ തുടങ്ങി. ആകാശത്തിലേക്കതൊരു കൊടിമരമായുയര്‍ന്നു. വലിയ കതിനകള്‍ പൊട്ടി. കൊടിയേറ്റമായി. ആകാശത്ത് നിന്ന് പുഷ്പവൃഷ്ടിയുണ്ടായി. തെയ്യക്കോലങ്ങള്‍ കെട്ടിയ രൂപങ്ങള്‍ ആഹ്ലാദനൃത്തം ചവിട്ടി. അവയുടെ ഗര്‍ജജനം കൊണ്ട് കാട് വിറച്ചു നിന്നു.

നേരം പുലര്‍ന്നു. സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ നിന്ന് തലനീട്ടി. ആറ്റിലെ വെള്ളം തിരിച്ചിറങ്ങിയിരുന്നു. തീവണ്ടി യാത്ര ആരംഭിക്കുന്നതിനായി നീണ്ടൊരു ചൂളം വിളിച്ചു. പതിയെ പതിയെ ചലിച്ചു തുടങ്ങി. രാത്രിയില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ക്കരികിലെ  ഭിത്തിയ്ക്കു മുകളിലെ പാളത്തിലൂടെ തീവണ്ടി പതിയെ പതിയെ നീങ്ങി.

'പിന്നെയാ കാവിനെന്തു പറ്റി മുത്തശ്ശീ?'

തലേദിവസത്തെ കഥയുടെ ബാക്കി പറയാനായി കുട്ടികള്‍ മുത്തശ്ശിയെ നിര്‍ബന്ധിക്കുന്നു. അവര്‍ തീവണ്ടിയുടെ ജനാല വഴി ദൂരേക്ക് വിരല്‍ ചൂണ്ടി. അവിടെ പകുതിയില്‍ പണി നിലച്ച, ഉയര്‍ന്നൊരു കെട്ടിടം ഉണ്ടായിരുന്നു.

'അകലെ പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ഒരു വലിയകെട്ടിടം കണ്ടോ? അതിനരികിലായിരുന്നു ആ കാവ്.' 


ഐ ടി പാര്‍ക്കിനരികിലായി നിര്‍മ്മാണം ആരംഭിച്ച് നിലച്ചുപോയ ഹോട്ടല്‍ സമുച്ചയത്തിന്റെ അസ്ഥികൂടമാണത്.  അമേരിക്കന്‍ കമ്പനിക്കു വേണ്ടിയുള്ള ഐ ടി പാര്‍ക്കിനരികിലായി ഒരു വലിയ ഹോട്ടല്‍ സമുച്ചയം. പ്രമുഖബില്‍ഡര്‍ കെ ആര്‍ ഗ്രൂപ്പിന്റെ സ്വപ്നപദ്ധതിയായിരുന്നു അത്. പ്ലാനുകളും മറ്റും തയ്യാറാക്കിയപ്പോഴാണ് കാവ് ഒരു തടസ്സമായി ഉയര്‍ന്നു വന്നത്. അതൊഴിവാക്കാനായി അവര്‍ ഒരു പദ്ധതിയിട്ടു. ആര്‍ക്കും സംശയമില്ലാതെ അത് നടപ്പിലാക്കി. അതിനവര്‍ വിലയ്‌ക്കെടുത്തതായിരുന്നു ആ മോഷ്ടാവിനെ.

സത്യം തെളിഞ്ഞത് ഇങ്ങനെയായിരുന്നു. നഷ്ടപ്പെട്ട വിഗ്രഹം കണ്ടെടുത്ത് നല്‍കാമെന്ന് പറഞ്ഞൊരു മന്ത്രവാദി വന്നു. വലിയൊരു തുകയായിരുന്നു അയാള്‍ പ്രതിഫലമായി ആവശ്യപ്പെട്ടത്. ഗ്രാമവാസികള്‍ അതു സമ്മതിച്ചു. അവരുടെ ആരാധനാമൂര്‍ത്തിയെ വീണ്ടെടുക്കുന്നതിന് എന്തു വില നല്‍കാനും അവര്‍ തയ്യാറായിരുന്നു. അതിനായി യുവാക്കള്‍ ചേര്‍ന്നൊരു സംഘടന രൂപീകരിച്ചു. കാവിന്റെ നടയിലെ ആലിന്‍ ചുവട്ടില്‍ മന്ത്രക്കളം ഒരുങ്ങി. ചുവന്ന പട്ടുടുത്ത് അയാള്‍ ആ കളത്തിനരികിലിരുന്നു. മുന്നിലെ കളത്തിനു നടുവിലായി മൂന്നു മണ്‍കുടങ്ങള്‍ വച്ചിരുന്നു.

അര്‍ദ്ധരാത്രിയായിരുന്നു പൂജയുടെ ആരംഭം. മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ മന്ത്രവാദി ഒരു കൈയ്യില്‍ കമുകിന്‍പൂക്കുലയും, മറ്റൊന്നില്‍ ഒരു തീപ്പന്തവുമായി വിറച്ചുകൊണ്ടിരുന്നു. ഭയം പൂണ്ടപോലെ കണ്ണുകള്‍ മിഴിക്കുകയും പാതിയടക്കുകയും ചെയ്തു കൊണ്ടിരുന്നു.

ഒടുവില്‍ അയാള്‍ ശാന്തനായി. മിഴികള്‍ തുറന്നു.

'വിഗ്രഹം ഇപ്പോള്‍ ഈ കാവിന് കിഴക്ക് മാറി തെക്ക് ദിക്കില്‍ ഒരിടത്ത് മരം വീണു കിടക്കുന്ന ഒരു കുളത്തിനടിയിലാണ് ഉള്ളത്. എന്നാണ് പ്രശ്‌നവിധിയില്‍ കാണുന്നത്.' 

മന്ത്രവാദി പ്രവചിച്ചു.

നേരം പുലര്‍ന്നിരുന്നു. യുവാക്കളെല്ലാം കിഴക്ക് നോക്കി പരക്കം പാഞ്ഞു. കൃത്യമായി കാവിന് കുറച്ച് കിഴക്കു മാറി തെക്കുദിക്കില്‍ അധികം അകലെയല്ലാതെ അവര്‍ ഒരു കുളം കണ്ടെത്തി. ഒരു മരം അതിലേക്ക് ചാഞ്ഞ് വീണിട്ടുണ്ടായിരുന്നു. നിമിഷനേരങ്ങള്‍ കൊണ്ടവര്‍ കുളം വറ്റിക്കാന്‍ ആരംഭിച്ചു.

സൂര്യന്‍ അസ്തമിക്കാറായപ്പോഴാണ് കുളത്തിലെ വെള്ളം വറ്റിക്കാനായത്. യുവാക്കള്‍ കുളത്തിലേക്കിറങ്ങി. മുട്ടോളം താഴ്ന്നു പോകുന്ന ചെളിയായിരുന്നു. മണിക്കൂറുകളോളം പരതിയിട്ടും അവര്‍ക്കൊന്നും കിട്ടിയില്ല.
മഴ പെയ്തു തുടങ്ങി. കുളത്തിലേക്ക് വീണ്ടും വെള്ളം കയറിത്തുടങ്ങിയിരുന്നു.

ശക്തമായുള്ളൊരു മിന്നലില്‍ കുളത്തിനരികില്‍ നിന്നൊരു മരത്തിന് തീപിടിച്ചു. എല്ലാവരും ഭയന്നു. അവര്‍ അന്വേഷണം അവസാനിപ്പിച്ചു.

യുവാക്കള്‍ക്ക് മന്ത്രവാദിയില്‍ ഉണ്ടായ സംശയമായിരുന്നു അയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
അന്വേഷണത്തില്‍ അയാള്‍ മന്ത്രവാദം ഒരു തട്ടിപ്പായി ഉപയോഗിക്കുന്നതാണെന്നും. ചില കളവുകേസുകള്‍ അയാളുടെ പേരില്‍ ഉണ്ടെന്നും കണ്ടെത്തി. അയാളില്‍ നിന്നായിരുന്നു യഥാര്‍ത്ഥ വിഗ്രഹമോഷ്ടാവിന്റെ വിവരങ്ങള്‍ ലഭിച്ചതും അയാള്‍ അറസ്റ്റിലായതും. പിറ്റേന്ന് തന്നെ അയാള്‍ ലോക്കപ്പ് മുറിയില്‍ തൂങ്ങി മരിച്ചു. മന്ത്രവാദിയും ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. 

അടുത്ത മഴക്കാലത്ത് വീണ്ടും വെള്ളപ്പൊക്കമുണ്ടായി. കുടിലുകള്‍ നശിച്ചു. ആളുകളെയെല്ലാം പ്രദേശത്തു നിന്നു ഒഴിപ്പിച്ചു. ഉത്സവവും, ഉത്സവമേളങ്ങളും നിലച്ചു. ഇനി ആ വിഗ്രഹം തിരിച്ചുകിട്ടി പ്രതിഷ്ഠ നടത്തി കൊടിയേറ്റിയാലേ ഈ പ്രകൃതി ദോഷങ്ങള്‍ മാറുകയുള്ളു. അതുവരെ വര്‍ഷാവര്‍ഷം കൊടിയേറ്റ് ദിവസം ഇവിടെ വെള്ളം കയറുന്നത് പതിവാകും. എന്നാലും കൊടിയേറ്റിന്റെ അന്ന് അര്‍ദ്ധരാത്രി കഴിയുമ്പോള്‍ ദൈവങ്ങള്‍ ഇവിടെ ഉത്സവമേളം നടത്തുമെന്നാണ് പറയുന്നത്. മൃഗങ്ങളടക്കമുള്ള ആത്മാക്കള്‍ അന്നേരം തെയ്യക്കോലങ്ങള്‍ കെട്ടി ഉത്സവത്തില്‍ പങ്കെടുക്കും. ചില നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കൊക്കെ അതു കാണാന്‍ കഴിയും. രാത്രിയില്‍ ചിലരൊക്കെ അതു കണ്ടിട്ടുണ്ടെന്നാ പറയപ്പെടുന്നത്.'

മുത്തശ്ശി കഥ പറഞ്ഞവസാനിപ്പിച്ചു.

അപ്പോള്‍ ഞാന്‍ കണ്ട കാഴ്ച്ചകള്‍!

രാത്രിയില്‍ ദൈവങ്ങള്‍ ഇവിടെ അവരുടെ ഉത്സവമേളങ്ങള്‍ ആഘോഷിച്ചിരുന്നോ?

കാടൊക്കെ നശിച്ചെങ്കിലും ദൈവങ്ങള്‍ ഇന്നും ഉത്സവമേളങ്ങളാടുന്നുണ്ട് എന്നെനിക്കു തോന്നി.

കൗതുകത്തോടെ ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു. വെള്ളം പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടില്ലായിരുന്നു. ഒഴുകുന്ന വെള്ളത്തിനു മുകളില്‍ വാടിയ പൂക്കളും, കുരുത്തോലകളും കണ്ടു. കര്‍പ്പൂരത്തിന്റെയും, നെയ്യിന്റെയും മണവും പേറി കാറ്റു വീശുന്നുണ്ടായിരുന്നു. 

നേര്‍ത്ത വെയിലില്‍ വെള്ളത്തിനടിയില്‍ എന്തോ തിളങ്ങുന്നുണ്ടായിരുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ കണ്ടു. തെളിഞ്ഞ വെള്ളത്തിനടിയില്‍ തിളങ്ങുന്ന വിഗ്രഹം. അതിനരികിലായി ചാഞ്ഞു വീണു കിടക്കുന്നൊരു വൃക്ഷം.

തീവണ്ടിയുടെ വേഗത കൂടി.
 

click me!