ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജംഷിദ് പള്ളിപ്രം എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഏഴ് കടലും കടന്നു ബൊക്ലേന്‍ സായിപ്പ് പിന്നെയും വന്നു. സായിപ്പ് ഇംഗ്ലണ്ടില്‍ നിന്നും വരുന്നത് നാട് മുഴുവന്‍ അറിയും. രണ്ട് കറുത്ത അംബാസഡര്‍ കാറ് നിറയെ സാധനങ്ങളുമായാണ് വരിക. ട്രൗസറിടുന്ന കുട്ടികളും ട്രൗസറിടാതെ ഇച്ചിമണി കാട്ടി നടക്കുന്ന അരക്കുട്ടികളും സായിപ്പ് വരുമ്പോള്‍ കാറിന് പിന്നാലെ ഓടും. കാറിന് പിറകെ ഓടുന്ന കുട്ടികള്‍ക്ക് ബൊക്ലേന്‍ സായിപ്പ് വഴിനീളെ മുട്ടായി എറിഞ്ഞു കൊടുക്കും.
സായിപ്പെറിഞ്ഞ മുട്ടായി വാരി ഹംസക്കാന്റെ കടയുടെ പിന്നിലൂടെ ഞാന്‍ വീട്ടിലേക്കോടി. ചായക്കടയുടെ പിറകിലേക്ക് നോക്കിയാല്‍ ഒരു മല കാണാം. ദൂരേന്ന് നോക്കുമ്പോള്‍ ഇളം മഞ്ഞപച്ചയും കട്ടിപ്പച്ചയും നിറങ്ങള്‍ ഇടകലര്‍ന്ന മല. ആ കുന്നിന്‍ ചെരുവിലുള്ള പള്ളിയിലാണ് ബൊക്ലേന്‍ സായിപ്പിന്റെ അമ്മയെ അടക്കം ചെയ്തത്. അവിടെ വന്ന് പ്രാര്‍ത്ഥന നടത്താനാണ് വര്‍ഷാവര്‍ഷം അയാള്‍ ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലേക്ക് വരുന്നത്.
സായിപ്പിന്റെ കാറിന് പിറകെ ഓടി കിതച്ചു പെരയിലെത്തിയ എന്നെ പെങ്ങള് ബലമായി പിടിച്ചു നിര്‍ത്തി.
'സായിപ്പ് എപ്പെത്ത്യേ..?'
' ബയീനേരം..'
' ഇഞ്ഞി കണ്ടാ.'
' ഉം...'
' മുട്ടായി കിട്ടിയാ..'
' ഉം... ഇല്ലാ'
ഉണ്ടെന്ന് പറഞ്ഞാല്‍ അവള്‍ക്കും കൊടുക്കണം അതിലൊരു വിഹിതം. ഞാന്‍ ഇല്ലെന്ന് തന്നെ അതികണിശമായി പറഞ്ഞു.
'നൊണ..'
'ഇഞ്ഞി ബേണേ വിശ്വസിച്ചാമെയ്..'
ട്രൗസറിന് നേരെ ചേച്ചിയുടെ കൈകള്‍ നീണ്ടു. ഞാന്‍ അടുക്കളയിലെക്കോടി. അപ്പം ചുട്ടുനില്‍ക്കുന്ന അമ്മച്ചിയുടെ മുണ്ടില്‍ തൂങ്ങി നിന്നു ഞാന്‍ അഭയം പ്രാപിച്ചു.
നേര്‍ച്ചയാക്കി കിട്ടിയതിന്റെ എല്ലാ ലാളനയും വീട്ടിലെനിക്കുണ്ട്. കൊര്‍ച്ചൊന്നുമല്ല. ഒരു വെള്ളിത്തളികയുടെ അത്രയും വില. ചേച്ചിയെ പെറ്റ് എട്ട്, അല്ല പത്ത് കൊല്ലം കഴിഞ്ഞാണ് എന്നെ പെറ്റത്. ഞാനും ചേച്ചിയും പത്ത് വയസ്സിന്റെ ഇടവേളയുണ്ട്.
'ആദ്യത്തേത് പെണ്ണല്ലേ. ഇന്നീം ഒരു പെണ്ണിനെ എങ്ങനെയാ..?'- ഔസേപ്പ് കാര്‍ണോരുടെ ആവലാതി പെണ്ണിനെ പോറ്റുന്നതിനെ കുറിച്ചാണ്. അയാള്‍ എന്റെ അമ്മയുടെ ജ്യേഷ്ഠനാണ്. പെണ്ണിനെ പോറ്റാന്‍ വലിയ ചിലവാണത്രെ.
'അത്തത്തത്താ... എന്ന് വിചാരിച്ച് പെണ്ണിന് ജീവിക്കണ്ടെ.' സോഷ്യലിസ്റ്റ് അവറാന്റെ ചോദ്യം ന്യായമാണ്. പെണ്ണിന് ജീവിക്കണ്ടേ. അവരും മനുഷ്യരല്ലെ.
'ഇനിക്കത് പറയാം. പൂക്കള് കോര്‍ത്ത രണ്ട് മാലയിട്ടാല്‍ ഇങ്ങളെ ചടങ്ങ് കഴിഞ്ഞല്ലോ. അന്തസ്സുള്ളര്‍ക്കിപ്പൊ അങ്ങനെ കയ്യോ.' ഔസേപ്പ് കാര്‍ണോര് തര്‍ക്കിച്ചു.
സോഷ്യലിസ്റ്റുകള്‍ പാര്‍ട്ടി ഓഫീസില്‍ ചെന്ന് പരസ്പരം പൂക്കളുള്ള മാലയിട്ടാണത്രെ കല്യാണം കഴിച്ചിരുന്നത്. അതോണ്ട് സോഷ്യലിസ്റ്റ് അവറാന് അത്തരം ചിന്തകളോട് വേവലാതിയില്ല. പക്ഷെ പള്ളീലച്ചനാക്കുമെന്ന് നേര്‍ന്നത് കൊണ്ടാണ് വിശുദ്ധനായ ഞാന്‍ പിറന്നതെന്നാണ് എന്റപ്പന്‍ പീലി വിശ്വസിക്കുന്നത്.
'ഓനെ പള്ളീലച്ഛനാക്കിയാ വയസ്സ് കാലത്ത് ഇന്‍കാരാ തൊണ.' അമ്പു മാഷ് ആവലാതി പറഞ്ഞു. കര്‍ത്താവിണ്ടാവും എന്ന് ഒറ്റവരിയില്‍ എന്റപ്പന്‍ പീലി മറുപടി ചുരുക്കും.
'കര്‍ത്താവിനിപ്പതാ പണി' സോഷ്യലിസ്റ്റ് അവറാന്‍ ചൊറിയും.
'മതോം പള്ളിയും ഇല്ലാത്ത അവറാന് അതൊക്കെ പറയാം.' ഔസേപ്പ് കാര്‍ണോര് തിരിച്ചും ചൊറിയും.
ഈ സംഭാഷണങ്ങളൊക്കെ ഞാന്‍ ജനിക്കുന്നതിന് മുന്നേ ഒരു വട്ടമേശ സമ്മേളനത്തില്‍ നടന്നതാണ്. അവിടെ വെച്ച് ഔസേപ്പ് കാര്‍ണോരുടെ ഉപദേശ പ്രകാരമാണ് എന്നെ പള്ളീലച്ചനാക്കുമെന്ന് അച്ഛന്‍ നേര്‍ച്ച നേര്‍ന്നതെന്ന് ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്. കള്ള ബഡുവ, പതിനഞ്ച് വയസ്സായാല്‍ എന്നെ അച്ചന്‍പട്ടത്തിന് പഠിക്കാന്‍ പറഞ്ഞയക്കും. അതായത് അടുത്തതിന്റെ അപ്പര്‍ത്തെ വര്‍ഷം.
'നീ കെടക്ക്ന്നില്ലേട..!'
ചേച്ചി ചോദിച്ചത് കേള്‍ക്കാത്ത പോലെ ഞാന്‍ ജനാലയുടെ ഇടയിലൂടെ ദുരേക്ക് നോക്കി നിന്നു. ജനാലയിലൂടെ നോക്കിയാല്‍ കുന്നിന്‍ ചെരുവിലുള്ള ബൊക്ലൈന്‍ സായിപ്പിന്റെ വീട് കാണാം. സായിപ്പ് വന്നാല്‍ രാത്രി വൈകുവോളം അവിടെ ലൈറ്റുണ്ടാവും. ചെത്ത് കുമാരന്‍ കള്ള് ചെത്തി സായിപ്പിന് കൊണ്ടോടുക്കും. പിന്നെ രാവോളം അവിടെ പാട്ടും കലാപരിപാടിയുമാണ്.
'ഡാ ഇന്നോടാ ചോയ്‌ച്ചെ. ഞാന്‍ പ്പൊ വെളക്ക് കെടുത്തും.' ചേച്ചിയുടെ ഒച്ച പതിയെ കൂടി. ഞാന്‍ തിരിഞ്ഞു നോക്കി വീണ്ടും ജനാലക്കിടയിലൂടെ ബൊക്ലൈന്‍ സായിപ്പിന്റെ വീട്ടിലെ വെളിച്ചം നോക്കി നിന്നു. അരിശംമൂത്തതോടെ ചേച്ചി വിളക്ക് കെടുത്തി. ആ മുറി പൂര്‍ണ്ണമായും ഇരുട്ടിലേക്ക് വീണു.
പത്തു വയസ്സിന് മൂത്തതായത് കൊണ്ട് ചേച്ചിയോട് എനിക്ക് പ്രത്യേക ബഹുമാനമുണ്ട്. ബഹുമാനത്തിന്റെ ഒന്നാമത്തെ കാര്യം, ചേച്ചി നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഞങ്ങളുടെ നാട്ടില്‍ പ്രീഡ്രിഗ്രി പഠിച്ച ഏക വനിത ചേച്ചിയാണ്. അതുമാത്രമല്ല, പിന്നെ അസ്സലായി വയലിനും വായിക്കും. ഞായറാഴ്ച കുര്‍ബാന ദിവസം ചേച്ചിയുടെ വയലിന്‍ വായന പതിവാണ്. അതൊരു ദിവസം ബൊക്ലൈന്‍ സായിപ്പ് കേട്ടിട്ടുമുണ്ട്.
ഈ വരവിന് ചേച്ചിക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റുണ്ടെന്ന് പറഞ്ഞാണ് അവസാനം ബൊക്ലൈന്‍ സായിപ്പ് നാടുവിട്ടത്. അതിന്റെ എല്ലാ ആകാംക്ഷയും ഇത്തവണത്തെ സായിപ്പിന്റെ വരവില്‍ ചേച്ചിക്കുണ്ട്. സായിപ്പ് നാട്ടിലെത്തി ഒന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും സമ്മാനം ഇതുവരെ കിട്ടിയില്ല. സമ്മാനം എന്താണെന്നും അറിയില്ല. വിലപിടിപ്പുള്ളതായിരിക്കണം. ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവരുന്നതിന് എന്തായാലും നല്ല വില കാണും.
'ഡാ .. നമുക്ക് സായിപ്പിന്റെ വീട് വരെ പോവാ'
'ഞാനൊന്നൂല്ല..'
'പുല്ലുട്ടായി തരാം..'
'എത്ര?'
'ഒന്ന്..'
'ഞാനില്ല'
'രണ്ടെണ്ണം, അതേ ഉള്ളൂ.'
ഞാന്‍ സമ്മതിച്ചു. വീടിന്റെ ബയ്യാപ്പര്‍ത്തൂടെ കുന്ന് കയറി ഞാനും ചേച്ചിയും ബൊക്ലൈന്‍ സായിപ്പിന്റെ വീട്ടിലെത്തി. സായിപ്പ് അവിടെ ചാരു കസേരയില്‍ പുകവലിച്ച് ചാഞ്ഞുകിടക്കുകയാണ്. സായിപ്പ് വലിക്കുന്നത് അപ്പന്‍ വലിക്കണപോലെയുള്ള ബീഡിയല്ല. അതൊരു കറുപ്പ് നിറത്തിലുള്ള വടിയാണ്. അതിന് വട്ടത്തിലൊരു തൊളയുണ്ട്.
ചേച്ചിയും സായിപ്പും എന്തൊക്കെയോ സംസാരിച്ചു. അവര്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. കുറച്ച് കഴിഞ്ഞപ്പോള്‍ സായിപ്പ് അകത്തേക്ക് പോയി തിരിച്ചുവന്നു. സായിപ്പിന്റെ കയ്യിലൊരു കറുത്തപെട്ടിയുണ്ട്. അത് ചേച്ചിക്ക് നല്‍കി.
'പെട്ടി നിറയെ മുട്ടായിയാരിക്കും. അല്ല ഇനി പൈശയായിരിക്കോ...? അങ്ങനെങ്കില്‍ എനിക്കൊരു സൈക്കിള്‍ വാങ്ങണം.' തിരിച്ച് വീട്ടിലേക്ക് നടക്കുവോളം ഞാന് ഓരോ കിനാവ് കണ്ടു. എനിക്കധികം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
'ചേച്ചി, പെട്ടിയില്‍ എന്താ..?'
'അറിയില്ല. സായിപ്പിന്റെ അമ്മയുടേതാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞു. നല്ല കനമുണ്ട്.'
ആകാംക്ഷ പിന്നെയും കൂടി. ഞങ്ങള്‍ വീട്ടിലേക്ക് അതിവേഗം നടന്നു. ബയ്യാപ്പര്‍ത്തൂടെ മുറിയിലേക്ക് കയറി പെട്ടി തുറന്നു നോക്കി. അതൊരു വയലിനാണ്. തിളക്കമുള്ള വിലകൂടിയ വയലിന്‍. അതാണ് സായിപ്പ് നല്‍കിയ ഗിഫ്റ്റ്.
ആ വയലിനെടുത്താണ് ചേച്ചി അടുത്ത ഞായറാഴ്ച പള്ളിയില്‍ വായിച്ചത്. സായിപ്പ് അതെടുത്ത് വായിക്കാന്‍ ആഗ്രഹം പറഞ്ഞിരുന്നത്രെ. അതോടെ സായിപ്പ് ചേച്ചിക്ക് വയലിന്‍ സമ്മാനം നല്‍കിയ കഥ നാടു മുഴുവന്‍ അറിഞ്ഞു. ആദ്യമതൊരു അംഗീകാരമാണെങ്കിലും പിന്നെ കഥ മാറി.
സായിപ്പ് തിരിച്ച് നാട്ടിലേക്ക് പോയി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ദിവസം ചേച്ചി ചര്‍ദ്ദിച്ചു. അന്ന് ഔസേപ്പ് കാര്‍ണോരും ത്രേസ്യമ്മായിയും വീട്ടില്‍ വിരുന്നിന് വന്ന ദിവസമായിരുന്നു. ചേച്ചി ചര്‍ദ്ദിക്കുന്നത് കണ്ട് അമ്മായി കുശുകുശുത്തു.
'അല്ലങ്കിലേ നാട്ടിലൊരു സംസാരമുണ്ട്.'
'ന്താ ത്രേസ്യേ...'- അമ്മ കുത്തി ചോദിച്ചു.
'സായിപ്പും പെണ്ണും അടുപ്പമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അല്ലാതെ വെറുതെ ഇത്രേം വെലപിടിപ്പുള്ള സാധനം ഇവള്‍ക്ക് കൊടുക്കോ..'
അമ്മ ചേച്ചിയെ നോക്കി. എന്തോ സംഭവിച്ചെന്ന മട്ടില്‍ 'ചതിച്ചല്ലോടീ' എന്നും കരഞ്ഞ് ചേച്ചിയുടെ അടുത്തേക്കോടി ചേച്ചിയെ പൊതിരെ തല്ലി. ചേച്ചിയെ പിടിച്ചുവലിച്ച് മുറിയില്‍ പൂട്ടിയിട്ടു. വൈകിട്ട് കാര്‍ണോരും അപ്പനും കൂടിയെത്തിയപ്പോള്‍ ചര്‍ച്ച കനത്തു.
'പഠിക്കാന്‍ വിട്ടപ്പോഴെ ഞാന്‍ പറഞ്ഞത ഇപ്പെന്തായി.'-ഔസേപ്പ് കാര്‍ണോരുടെ ചോദ്യത്തിന് അപ്പന്‍ മറുപടിയൊന്നും പറഞ്ഞില്ല.
'അന്നേ ഉള്ളത് കൊണ്ട് കെട്ടിച്ച് വിട്ടിനെങ്കില്‍ ഇതുവല്ലോം കാണണോ. സര്‍ക്കാര്‍ ഉദ്യോഗം കാത്തിരിക്കുന്നു. പെണ്ണിന് ഏട്യേ സര്‍ക്കാര്‍ ഉദ്യോഗം.'- ഔസേപ്പ് കാര്‍ണോര് വെത്തില ചവചവ ചവച്ചോണ്ട് അരിശം മുഴുവന്‍ പറഞ്ഞു തീര്‍ത്തു.
ചര്‍ച്ച നടക്കുന്ന ആ വഴി ഉറങ്ങാന്‍ പോയ എന്നെ അമ്മ പിടിച്ചുനിര്‍ത്തി.
'നീ ഏട്യാ പോന്നത്.'
' ചേച്ചിടെ മുറിയില്‍'
' ഇനി അവിടെ പോണ്ട, അപ്പര്‍ത്തെ മുറിയില്‍ ഒറങ്ങ്യാ മതി.'
ചേച്ചി ചീത്തയാണ്. ചേച്ചിക്ക് ഗര്‍ഭാത്രെ! പതിയെ പതിയെ നാടുമുഴുവന്‍ അതു പാട്ടായി.
കല്യാണാലോചനയുമായി ഇടക്കിടെ വീട്ടിലേക്ക് വന്ന ബ്രോക്കര്‍ വരവ് നിര്‍ത്തി. ഞായറാഴ്ച ദിവസങ്ങളില്‍ പള്ളിയില്‍ ചേച്ചിയുടെ വയലിന്‍ വായന ഇല്ലാതെയായി. ചേച്ചിയെ മുറിയില്‍ പൂട്ടിയിട്ടു. പട്ടിക്ക് ചോറ് കൊടുക്കുന്ന പോലെ ജനാല വഴിയാണ് ചോറ് കൊടുക്കുന്നത്.
വീടിന് പിറകിലൂടെ ഞാന്‍ ചേച്ചിയുടെ റൂമിന്റെ ജനാലക്കടുത്തേക്ക് പോയി. ജനാലയിലൂടെ ചേച്ചിയെ എത്തിനോക്കി. എന്നെ കണ്ടതും ചേച്ചി അടുത്തേക്ക് വന്നു. ചിരിച്ചു.
' ഡാ..'
' ഉം..'
' ഇന്റെ ചേച്ചി ചീത്തയാണോ..'
ഞാന്‍ മിണ്ടിയില്ല. താഴേക്ക് നോക്കി. പിന്നേം ചേച്ചിയെ നോക്കി. ചേച്ചിയുടെ കണ്ണ് നിറഞ്ഞിരുന്നു. കണ്ണീര് മെല്ലെ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.
'ചേച്ചി ചീത്തയെല്ലാടാ.. ഞാന്‍ ന്താ ചാവാത്തെ ഇന്‍ക്കറിയോ..? കുറ്റം പറയുന്ന ഈ നാട്ടാര് തെണ്ടികള്‍ക്ക് മുഴുവന്‍ കൊര്‍ച്ച് മാസങ്ങള്‍ കഴിഞ്ഞ് ഞാന്‍ ചീത്തയല്ലെന്ന് കാട്ടികൊടുക്കും.'
'ചേച്ചി ചീത്തയല്ല. എനക്കറിയാം' ഞാനത് പറഞ്ഞപ്പോള്‍ ചേച്ചി പിന്നെയും കരഞ്ഞു. എനിക്കും കരച്ചില് വന്നു. ആകാശം അപ്പോള്‍ ഇരുണ്ടിരുന്നു. ഇടി ശക്തമായ ശബ്ദത്തോടെ ഭൂമിയിലേക്ക് വീണു. ജനാലക്കരികില്‍ നിന്ന് മുന്‍വശത്തേക്ക് മെല്ലെയോടി ഞാന്‍ വീടിനകത്തേക്ക് കയറി. അപ്പോള്‍ മഴ തിമര്‍ത്ത് പെയ്തു തുടങ്ങിയിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞു, മാസങ്ങളും കഴിഞ്ഞു. ചേച്ചിയുടെ വയറ് പൊന്തിയില്ല. പിന്നെയും മാസങ്ങള്‍ കഴിഞ്ഞു. ചേച്ചി പ്രസവിച്ചില്ല. ചേച്ചി പെറുന്നതും കാത്തിരുന്ന നാട്ടുകാര്‍ കടുത്ത നിരാശയിലായി. ആ ഗര്‍ഭം എന്തായെന്ന ഭീകരമായ രഹസ്യത്തെ കുറിച്ചാണ് നാട്ടുകാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.
ഒരു വര്‍ഷം കഴിഞ്ഞു. ആ വര്‍ഷം ബൊക്ലൈന്‍ സായിപ്പ് നാട്ടില്‍ വന്നില്ല. ചേച്ചി കാത്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയതും അതേ വര്‍ഷമാണ്. നമ്മുടെ നാട്ടിലെ ആദ്യ വനിത സര്‍ക്കാര്‍ ഉദ്യോഗസ്ഥയായത് കൊണ്ട് തന്നെ അഭിനന്ദന പോസ്റ്ററുകള്‍ കവലയില്‍ നിറഞ്ഞു. പ്രമുഖരെ വിളിച്ചു ചേര്‍ത്ത് വിവിധ സംഘടനകള്‍ ചേച്ചിക്ക് അവാര്‍ഡും നല്‍കി. ചീത്തയാണെന്ന് പറഞ്ഞ നാട്ടുകാര്‍ ചേച്ചി അവാര്‍ഡ് വാങ്ങുമ്പോള്‍ കയ്യടിച്ചു.
നാട്ടില്‍ നടന്ന കഥയൊന്നും അറിയാതെ ബൊക്ലൈന്‍ സായിപ്പ് രണ്ടു വര്‍ഷം കഴിഞ്ഞ് വീണ്ടും ഇംഗ്ലണ്ടില്‍ നിന്ന് വന്നു. വഴിനീളെ സായിപ്പെറിയുന്ന മുട്ടായിക്ക് പിന്നാലെ ട്രൗസറിടുന്ന കുട്ടികളും ട്രൗസറിടാതെ ഇച്ചിമണി കാട്ടി നടക്കുന്ന കുട്ടികളും പിന്നെയും ഓടി. അന്ന് ഞായറാഴ്ച്ച പള്ളിയിലെത്തിയ സായിപ്പ് ചേച്ചിയുടെ വയലിന്‍ വായന പ്രതീക്ഷിച്ചിരുന്നു. പക്ഷെ ചേച്ചി വയലിന്‍ വായിച്ചില്ല. സായിപ്പ് ചുറ്റിലും നോക്കി. ചേച്ചി പള്ളിക്കകത്തുമില്ല. കുര്‍ബാന കഴിഞ്ഞിറങ്ങുന്ന വഴി എന്നെ കണ്ട സായിപ്പ് അടുത്തേക്ക് വന്നു. അച്ഛന്‍ പട്ടത്തിന് പഠിക്കാന്‍ ചേര്‍ന്ന് എനിക്ക് ഇംഗ്ലീഷ് വശമായി തുടങ്ങിയിരുന്നു.
'നിന്റെ സഹോദരിയെവിടെ.? അവള്‍ വയലിന്‍ വായിക്കാറില്ലേ..'
ഈ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതാണ്. അത്രമേല്‍ സ്‌നേഹത്തോടെയാണ് സായിപ്പിന്റെ വയലിന്‍ ചേച്ചിക്ക് നല്‍കിയത്. അതവരുടെ അമ്മയുടെ ഓര്‍മ്മ കൂടിയാണ്. വയലിന്‍ സുരക്ഷിതമായി ചേച്ചിയുടെ അലമാരയിലുണ്ട് വായിക്കാന്‍ പക്ഷെ ചേച്ചിയില്ല.
സായിപ്പ് വരുന്നതിന് രണ്ടുമാസം മുമ്പാണ് ചേച്ചിക്ക് അതികഠിനമായ ഒരു പനി വന്നത്. ചേച്ചി എഴുന്നേല്‍ക്കാത്തത് കണ്ട അമ്മച്ചിയുടെ നിലവിളി കേട്ട് അപ്പന്‍ മുറിയിലേക്കോടി. ചേച്ചിയെ വാരിയെടുത്ത് അപ്പന്‍ വീടിനടുത്തുള്ളത് ക്ലിനിക്കിലേക്കോടി. ഞാനും പിന്നാലെ ഓടി. ചേച്ചിയെ അവിടെ എടുത്തില്ല. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോവാന്‍ ക്ലിനിക്കിലെ ഡോക്ടര്‍ കുറിപ്പെഴുതി. സര്‍ക്കാര്‍ ആശുപത്രിയില്‍ പോവാന്‍ ചുരം ഇറങ്ങണം. ജീപ്പില്‍ അപ്പനൊപ്പം ഞാനും ചാടിക്കയറി. ഞങ്ങള്‍ ചുരം ഇറങ്ങി. ആശുപത്രിയിലെത്തിയിട്ടും ചേച്ചി കണ്ണ് തുറന്നില്ല. ആ കണ്ണ് പിന്നെ ഒരിക്കലും തുറന്നില്ല.
പള്ളി മുറ്റത്ത് നിന്നും ഞാന്‍ മിണ്ടാതെ സായിപ്പിന്റെ കൈ പിടിച്ച് മുന്നോട്ട് പോയി. പള്ളിയോട് ചേര്‍ന്നുള്ള ശ്മശാനത്തിലേക്ക് നടന്നുകയറി. ഒന്നുമറിയാതെ സായിപ്പെന്റെ പിന്നാലെ നടന്നു.
പൂവുകള്‍ വെച്ചിരിക്കുന്ന കല്ലറ ചൂണ്ടി ഞാന്‍ പറഞ്ഞു.
'ചേച്ചി ഇവിടെയുണ്ട്. സുഖമായി ഉറങ്ങുകയാണ്.'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...