ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഐ.ആര്‍ പ്രസാദ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മാനേജരുടെ നോട്ടത്തിലും സംസാരത്തിലും അസഹനീയമായ ഒരു വഴുവഴുപ്പുണ്ടായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫ്രന്റ് ഓഫീസില്‍ ഇരുന്ന സ്ത്രീയാണ് കാബിനിലേക്ക് അനഘയെ കൂട്ടിക്കൊണ്ടുപോയത്. മാനേജര്‍ക്ക് പരിചയപ്പെടുത്തി അനഘയെ അകത്തുപേക്ഷിച്ച് അവര്‍ പുറത്തിറങ്ങി. ആ ഫാക്ടറിയാകെ നിറഞ്ഞുനിന്ന റബര്‍ പാലിന്റെ മണം മാനേജരുടെ കാബിനിലും ഉണ്ടായിരുന്നു.
''സത്യത്തില്‍ നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ല ഇത്.''
അയാള്‍ പറഞ്ഞതെന്താണെന്ന് അവള്‍ക്ക് വ്യക്തമായില്ല.
നിയമനത്തിന്റെ നടപടികള്‍ പൂര്‍ത്തിയാവാന്‍ മണിക്കൂറുകളെടുത്തു. പിന്നെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ജോലിയുടെ പാഠങ്ങളിലേക്ക്.
പിറ്റേന്നും മാനേജര്‍ കാബിനിലേക്ക് വിളിപ്പിച്ചു.
''ഒറ്റയ്ക്ക് വന്നാല്‍ മതി.''
എന്തിനാണ് ആവശ്യമില്ലാതെ ഒറ്റയ്ക്ക് എന്നതില്‍ ഊന്നിയതെന്ന് മനസ്സിലായില്ല. ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്താനാണ്. അയാള്‍ കൂടെ നടന്നു. അവിടെ റബര്‍പാലിനൊപ്പം പലതരം ഓയിലുകളുടെയും ഫ്ളേവറുകളുടെയും മണം നിറഞ്ഞിരുന്നു. നീണ്ട കണ്‍വെയര്‍ ബെല്‍റ്റുകളാണ് ആദ്യം കണ്ടത്. അവ ഓടിക്കൊണ്ടേയിരുന്നു. വലിയ ശബ്ദവും വേഗവുമുണ്ടായിരുന്നു. ലോലവും സുതാര്യവുമായ ഉദ്ധരിക്കപ്പെട്ട ദണ്ഡുകള്‍ തിരിഞ്ഞും മറിഞ്ഞും നീങ്ങിക്കൊണ്ടിരുന്നു.അവ, നിറച്ചുവച്ച റബര്‍പാലില്‍ മുങ്ങിനിവര്‍ന്നു. ലിംഗസദൃശമായ ഗ്ലാസ് കുഴലുകളും ലോഹദണ്ഡുകളും സൃഷ്ടിച്ച അച്ചുകളില്‍ ഉറകള്‍ ഉരുവം കൊണ്ടു. ഒന്നല്ല. ആയിരങ്ങള്‍.
''നാല് മില്യണ്‍ കോണ്ടങ്ങളാണ് ഒരുദിവസം ഇവിടെ ഉല്പാദിപ്പിക്കുന്നത്.''
അയാള്‍ കണക്കുകള്‍ നിരത്തി. പിന്നെ സാങ്കേതികതയിലേക്ക്. അവിടെവച്ച് വീണ്ടും അയാള്‍ വാക്കുകളില്‍ ലേപനങ്ങള്‍ ചേര്‍ത്തു.
''ഇതാണ് സിലിക്കണ്‍ ഓയില്‍. ഇത് ലൂബ്രിക്കേഷന് വേണ്ടി ചേര്‍ക്കുന്നതാണ്.''
അയാള്‍ അങ്ങനെയൊരു ചിരി മുഖത്ത് വരുത്തിയില്ലെങ്കില്‍ അതില്‍ അശ്ലീലമായി ഒന്നും തോന്നാനില്ലായിരുന്നു.
''ഇത് പോളി എഥിലീന്‍ ഗ്ലൈക്കോള്‍. ഇത് കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന അനുഭവം തരാനുള്ള മാന്ത്രിക വിദ്യയാണ്.'' -മാനേജര്‍ വീണ്ടും ചിറി കോട്ടി.
ഉദ്ധരിക്കപ്പെട്ട ലിംഗങ്ങള്‍ വേഗതയോടും ശബ്ദത്തോടും കൂടി പലതരം രാസവസ്തുക്കള്‍ ചേര്‍ത്ത് കട്ടയാകാതെ വച്ച വെളുത്ത ദ്രാവകത്തില്‍ താണുമുയര്‍ന്നും അവയുടെ സൃഷ്ടി ദാഹം ശമിപ്പിച്ചു പിന്‍മടങ്ങിക്കൊണ്ടിരുന്നു. അതിനിടയില്‍ കണ്‍വെയര്‍ ബെല്‍റ്റുകളില്‍ നിന്ന് നേര്‍ത്ത ഞരക്കങ്ങള്‍ കേള്‍ക്കുന്നതായി അനഘയ്ക്ക് തോന്നി.
''കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായെന്നല്ലേ പറഞ്ഞത്. ഇതുവരെയും കുട്ടികളായില്ല അല്ലേ. വേണ്ടെന്നുവച്ചിട്ടോ അതോ...''
അനവസരത്തില്‍ ഉന്നയിക്കപ്പെട്ട ആ ചോദ്യത്തെ അവള്‍ ചെറിയൊരു തലവെട്ടിക്കലില്‍ തട്ടിമാറ്റി ഞരക്കങ്ങള്‍ക്കൊപ്പം മുന്നോട്ട് നീങ്ങി. ഒരു സ്ത്രീ ലോഹദണ്ഡുകളിലേക്ക് ഉറകള്‍ കയറ്റിവച്ചുകൊണ്ടിരുന്നു. എണ്ണ മയമില്ലാത്ത, വരണ്ട റബ്ബറുറകള്‍ വട്ടം വട്ടമായി ഒരു പാത്രത്തിലേക്ക് വീണുനിറഞ്ഞു. പരസ്യങ്ങള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ക്കുമപ്പുറം ഈ വസ്തു അവള്‍ക്ക് അടുത്ത് പരിചയമുള്ള ഒന്നായിരുന്നില്ല.
പ്ലസ് ടുവിന് പഠിക്കുന്ന കാലത്താണ് അമ്മയുടെ പഴയ ഇരുമ്പുപെട്ടിയില്‍ നിന്ന് ദ്രവിച്ചുതുടങ്ങിയ കുറച്ച് റബര്‍ വളയങ്ങള്‍ കണ്ടുകിട്ടിയത്. പായ്ക്കറ്റ് ദ്രവിച്ചുപോയിരുന്നു. ഉറയുടെ പൂര്‍ണരൂപമില്ലാതെ വളയങ്ങള്‍ മാത്രമായി അവ പെട്ടിയില്‍ ചിതറിക്കിടന്നു. ഒരുപാട് നാളത്തെ ആനന്ദം പ്രതീക്ഷിച്ച് കരുതിവച്ച ജാഗ്രതയുടെ ശേഷിപ്പ്. ആ റബ്ബറുറകള്‍ക്കൊപ്പം അമ്മയെയും റബര്‍മരങ്ങളെയും ഉപേക്ഷിച്ച് അയാള്‍ പോയതാണ്. അതിന്റെ കാരണം പല സംഭാഷണങ്ങളിലൂടെ അമ്മയില്‍ നിന്ന് വെളിപ്പെട്ടുകിട്ടിയിട്ടുണ്ട്. ഒന്നും വ്യക്തമായി പറഞ്ഞതുമില്ല.
ചാറ്റല്‍മഴയുള്ള ഒരു പ്രഭാതമായിരുന്നു. നാല് മണിയോടെ അയാള്‍ ടാപ്പിങ്ങിനുപോകാന്‍ ഒരുങ്ങിയിട്ടുണ്ടാവണം. കട്ടന്‍ ചായ കൊടുത്ത് ഭര്‍ത്താവിനെ പറഞ്ഞുവിട്ട് വാതിലടച്ച് ഒന്ന് മയങ്ങി. വലിയ അടച്ചുറപ്പില്ലാത്ത ആ ഒറ്റമുറിയില്‍ നിഴല്‍ പോലെ അയാള്‍. ആളിനെ വേഗം തിരിച്ചറിഞ്ഞു. കാരണം പലവട്ടം അയാള്‍ ഇതേ ശ്രമം നടത്തിയിട്ടുണ്ട്. ആ തോട്ടത്തിലെ മുഴുവന്‍ ജീവജാലങ്ങളുടെയും ഉടമസ്ഥാവകാശം അയാള്‍ക്കാണെന്നതിന് രേഖകളുണ്ടെന്നായിരുന്നു അയാളുടെ വിചാരം. ഏകപക്ഷീയമായ ആക്രമണത്തില്‍ ആനന്ദിക്കാന്‍ അയാള്‍ക്ക് ഉറകള്‍ അധികപ്പറ്റായിരുന്നു. ആക്രമണത്തിന്റെ ഭാരമറിയാതെയും അമ്മ തനിച്ചാണെന്ന് പരിഗണിക്കാതെയും അനഘ സ്വയം വളര്‍ന്നു. പിന്നെ മടുപ്പിന്റെ മണം നിറഞ്ഞ രസതന്ത്രശാലകളിലൂടെ, നിരവധി പരീക്ഷണങ്ങളിലൂടെ അനഘയെ അനഘ തന്നെ വളര്‍ത്തിവലുതാക്കി.
ഫാക്ടറി കാണിക്കലും വിശദീകരണവും പോളി എഥിലീന്‍ ഗ്ലൈക്കോള്‍ പുരട്ടി അയാള്‍ കുറേയേറെ വൈകിപ്പിച്ചു. മേലാകെ ഒട്ടുന്നതുപോലെ. ആണുറകളൊന്നും സ്ത്രീകളുടെ സുരക്ഷിതത്വത്തിനുള്ളതല്ലെന്ന് ആ ഒറ്റ ദിവസം കൊണ്ട് ബോധ്യപ്പെട്ടു അവള്‍ക്ക്. പഠനം കഴിഞ്ഞ് പല ജോലികള്‍ ചെയ്തിട്ടുണ്ട്. അതിനെക്കാളുമൊക്കെ മികച്ചതാണ് ഇത്. നല്ല പാക്കേജാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവും. കൂടിക്കാഴ്ചക്ക് ചെന്ന ദിവസം തന്നെ ആ സ്ഥലം ഏറെ ആകര്‍ഷകമായി തോന്നി. അത് കോര്‍പ്പറേറ്റ് ഓഫീസായിരുന്നു. കവാടത്തില്‍ തന്നെ പാലൂട്ടുന്ന അമ്മയുടെ ശില്പം. പക്ഷേ ജോലിക്കെത്തിയത് ഫാക്ടറിയിലാണ്. എങ്ങും റബര്‍പാലിന്റെ മണം.
അടുത്ത ദിവസം മാനേജര്‍ക്ക് പരീക്ഷിക്കേണ്ടത് ഉറകളുടെ ബലമായിരുന്നു. അതിനായി ഒരു ഉറയെടുത്ത് ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ചു. ഉറത്തുമ്പിലെ ഇടുങ്ങിയ ഭാഗം വീര്‍ക്കാതെ നിപ്പിള്‍ പോലെ നിന്നു. ഇടുങ്ങിയ ഭാഗത്തിന്റെ സംഭരണ ശേഷി ബോധ്യപ്പെടുത്തലായിരുന്നു അടുത്ത ഇനം. പിന്നെ നീളം, വണ്ണം, കരുത്ത്...
''ഒരു ഉറയുടെ നീളം 160 മില്ലിമീറ്ററാണ്. ആവശ്യത്തിന് ചുരുളഴിച്ചാല്‍ മതി. വീതി അമ്പത് എം.എം വരും. പര്‍വതാരോഹകര്‍ കുപ്പിക്ക് പകരം വെള്ളം നിറച്ച് കൊണ്ടുപോകാന്‍ വരെ ഇതുപയോഗിക്കാറുണ്ട്.''
എന്നും കാബിനില്‍ വിളിപ്പിക്കാന്‍ അയാള്‍ക്ക് ഓരോ കാരണങ്ങളുണ്ടായിരുന്നു.
''ഈ ഫ്ളേവര്‍ ഒന്നു നോക്കൂ. ഇത് ഒരു പ്രത്യേക വികാരമുണ്ടാക്കുമെന്ന് പറയുന്നു. ഇതിനൊരു പരസ്യം ചെയ്യണം. അതിനുമുമ്പ് കെമിസ്റ്റിന്റെ സാക്ഷ്യം വേണമല്ലോ...''
അതിനിടയില്‍ അയാള്‍ എഴുന്നേറ്റ് അടുത്തേക്ക് വന്ന് നിന്നു. ആ ചലനത്തിനിടയില്‍ കൈത്തണ്ട മാറിടത്തില്‍ ചെറുതായൊന്ന് തട്ടിയോ എന്ന് സംശയം തോന്നിയെങ്കിലും ഇല്ലെന്ന് അവള്‍ സ്വയം ഉറപ്പിച്ചു.
''ഇതൊരു റിബ്ഡ് ഡിസൈനാണ്. പക്ഷേ ഡോട്ടഡ് ഡിസൈന്‍ പോലെ ആളുകളെ ആകര്‍ഷിക്കുന്നില്ല എന്നാണ് മാര്‍ക്കറ്റില്‍ നിന്നുള്ള ഫീഡ് ബാക്ക്. അതിപ്പൊ... സ്ത്രീപക്ഷത്ത് നിന്നാണല്ലോ ഒരു ഫീഡ് ബാക്ക് കിട്ടേണ്ടത്. ഇതൊന്നു കൊണ്ടുപോയി ഉപയോഗിച്ച് നാളെ എനിക്ക് വിശദമായൊരു റിപ്പോര്‍ട്ട് തരൂ.''
വഴുക്കുന്ന മൗനത്തിനൊടുവില്‍ അയാള്‍ ഒരു വാലുകൂടി ചേര്‍ത്തു.
''ഓ... നിങ്ങള്‍ക്ക് വീട്ടില്‍ ഇതിന്റെ ആവശ്യമില്ലല്ലോ അല്ലേ...''
കുറേ നാളുകളായി കരുതിവച്ച കനപ്പിച്ച നോട്ടം നോക്കിക്കൊണ്ടാണ് അവള്‍ അന്നേരം മുറി വിട്ടത്. മെഡിക്കല്‍ ഗ്രൗണ്ടില്‍ അവധിക്കപേക്ഷിക്കാന്‍ സാധ്യത തെളിഞ്ഞ സമയമായിരുന്നു. രണ്ടാമത്തെ ചെക്കപ്പിന് ചെന്നപ്പോള്‍ ഗൈനക്കോളജിസ്റ്റിനോട് പറഞ്ഞ് ഒരു ബെഡ് റസ്റ്റ് ഒപ്പിച്ചെടുത്തു. ഫോണില്‍ വിളിച്ച് അയാള്‍ സമ്മര്‍ദം തുടര്‍ന്നു. പ്രൊബേഷന്‍. പ്രസവാനന്തരം ആവശ്യമായ അവധി. ഇങ്ങനെ നീണ്ടുപോയി ഭീഷണിപ്പട്ടിക.
പ്രസവസമയത്ത് അമ്മയുണ്ടായിരുന്നു ആശുപത്രിയില്‍ കൂട്ടിന്. ആശുപത്രി വിട്ടതോടെ സുനിലിന് അമ്മയെ വീട്ടിലേക്ക് തിരികെ വിടാന്‍ തിരക്കായി.
''അമ്മയുടെ പശ്ചാത്തലമൊന്നും ഇവിടെ ആരെയും അറിയിക്കേണ്ടല്ലോ. നിന്റെയും കുഞ്ഞിന്റെയും കാര്യങ്ങള്‍ക്ക് ഞാനൊരു സ്ത്രീയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.''
അനഘയ്ക്ക് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല. മൂത്രമൊഴിക്കുമ്പോഴും കട്ടിലില്‍ എഴുന്നേറ്റിരിക്കുമ്പോഴും സ്റ്റിച്ച് വലിഞ്ഞുണ്ടാകുന്ന വേദന സഹിക്കാവുന്നതായിരുന്നു. മെറ്റേണിറ്റി ലീവ് കഴിഞ്ഞ് എങ്ങനെയെങ്കിലും ഓഫീസില്‍ പോയാല്‍ മതിയെന്ന് തോന്നിച്ച ദിവസങ്ങളായിരുന്നു പിന്നീട്. ഇനിയും അവധി നീട്ടിയാല്‍ എന്തിനും ഏതിനും സുനിലിനെ ആശ്രയിക്കേണ്ടിവരുമെന്നുകൂടി ഓര്‍ത്തപ്പോള്‍ നൂറ്റി എണ്‍പത്തിഒന്നാം ദിവസം തന്നെ പ്രസവാനന്തര ശുശ്രൂഷക്ക് വന്ന ചേച്ചിയുടെ കയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച്, വിങ്ങുന്ന മുലകളുമായി അവള്‍ ജോലിക്ക് തിരികെ കയറി.
നിറഞ്ഞ മുലകള്‍ക്ക് അല്പമൊരാശ്വാസം നല്‍കാന്‍ വാഷ് റൂമിലേക്ക് കയറാനിരുന്നപ്പോഴാണ് മാനേജരുടെ വിളി. അത്യാവശ്യമാണത്രേ. നീണ്ട ഇടനാഴി ചെറിയ പ്രകാശം കൊണ്ട് പ്രസന്നമായിരുന്നു. ചുമരുകളില്‍ നിറയെ ചിത്രങ്ങളുണ്ടായിരുന്നു. മുലയൂട്ടുന്ന അമ്മയുടെയും കുഞ്ഞിന്റെയും വര്‍ണചിത്രം കണ്ടതോടെ മാറിടം അറിയാതെ നനഞ്ഞൊഴുകി. ഇത്തവണയെങ്കിലും അയാളുടെ മുന്നില്‍ ബോള്‍ഡായി നില്‍ക്കണമെന്ന തീരുമാനം അതോടെ കുതിര്‍ന്നുപോയി. അയാള്‍ പഴയ മൂഡില്‍ തന്നെയായിരുന്നു. നനഞ്ഞ മാറില്‍ നിന്ന് കണ്ണെടുക്കാതെ അയാള്‍ ആത്മഭാഷണം തുടങ്ങി.
''രാവിലെ കണ്ടപ്പഴേ ശ്രദ്ധിച്ചു. തൈലവും കുഴമ്പുമൊക്കെയായി ഒരു മിനുക്കം. ഒരു തുടുപ്പ് ''
അപ്പോഴേക്കും എയര്‍കണ്ടീഷണറിന്റെ കാറ്റും ശരീരത്തിലെ ചൂടും കാരണം മാറിടത്തിലെ നനവാറിയിരുന്നു.
''പോയതിനേക്കാള്‍ ഒന്ന് കൂടി കൊഴുത്തിട്ടുണ്ട്''
അവള്‍ പെട്ടെന്ന് പുറത്തിറങ്ങി. വാഷ് റൂമില്‍ കയറി മുലകള്‍ മാറി മാറി ഞെക്കി വിങ്ങല്‍ കുറച്ചു. പിന്നെ ഫാക്ടറിയിലേക്ക് ധൃതിയില്‍ നടന്നു. എണ്ണ പുരട്ടാത്ത വരണ്ട റബ്ബറുറകള്‍ രണ്ട് കൈകളിലും കയറ്റിയിട്ടു. അതേ വേഗതയില്‍ മാനേജരുടെ മുറിയില്‍ തിരിച്ചെത്തി. വലതുകൈ ഷേക് ഹാന്‍ഡിനായി അയാള്‍ക്ക് നേരെ നീട്ടി. അയാള്‍ ഒന്ന് പകച്ച് പിന്‍മാറി. കയ്യില്‍ കരുതിയ പെന്‍ ഡ്രൈവ് ഉറയിട്ട ഇടതുകൈകൊണ്ട് അയാള്‍ക്ക് നേരെ നീട്ടി.
''എന്റെ അവധിക്കാലം കഴിച്ചുകൂട്ടാന്‍ സുനില്‍ കരുതിവച്ച ശേഖരത്തിലുള്ളതാണ്. അയാള്‍ക്കിപ്പോള്‍ അതൊരു ശീലമായിക്കഴിഞ്ഞു. ഏതെങ്കിലും ബിന്നില്‍ വലിച്ചെറിയാമെന്ന് കരുതിയാണ് രാവിലെ ബാഗില്‍ വച്ചത്. സാര്‍ ഇത് മുഴുവനും കണ്ടുകഴിഞ്ഞ് ഒന്ന് വാഷ് റൂമില്‍ പോയി വരൂ...തിരികെ വരും വരെ ഞാനിവിടെ കാത്തിരിക്കാം... വെറും അഞ്ച് മിനുട്ട് മതിയല്ലോ...''