നാറ്റം, ഹൈറ സുല്‍ത്താന്‍ എഴുതിയ കഥ

By Chilla Lit Space  |  First Published May 7, 2021, 6:32 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഹൈറ സുല്‍ത്താന്‍ എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

അതൊരു വല്ലാത്ത നാറ്റമായിരുന്നു. എവിടെനിന്നെന്നറിയാത്ത ചീഞ്ഞ നാറ്റം..

'ഹലാക്ക്.., അതെന്ത്ന്നാണ് ഗന്ധുന്നേ..?'

നാറ്റം വിതച്ചതെന്താണെന്നറിയാന്‍ കുടുംബക്കാര്‍ ഓടിത്തുടങ്ങി.

'ഹ്മ്മ്... ഹ്മ്മ്.. ചത്ത നാറ്റം, തിന്നാനെട്ത്ത പുയ്‌ക്കെറങ്ങീല.പാത്രോം  നാറ്ണ്..'

എലിയെറ്റ ചത്തോ? ...'

കോഴിക്കൂടും പശൂന്റാലയും പൂച്ചപെറ്റ ചായ്പ്പും, അടുക്കളത്തോട്ടവും കുടുംബക്കാര്‍  മൂക്കുപൊത്തിത്തിരഞ്ഞു. കുഞ്ഞാപ്പുവും അയ്മൂട്ടിയും ആട്ടുങ്കൂട്ടില്‍ക്ക് തലയിട്ടു. കുടിക്കാന്‍വെച്ച പിണ്ണാക്ക് കലക്കിയത് വടിയിട്ട് കുത്തി. വൈക്കോല്‍ത്തുറുക്കളുടെ ഇടയിലേക്ക് ചൂഴ്ന്നുനോക്കി 

അബ്ദുറഹ്മാന്‍ ശ്വാസംവിട്ടു. അയലത്തെ പാപ്പച്ചന്‍ മൂക്കുപൊത്തി വിളിച്ചു പറഞ്ഞു.

'പെരുച്ചാഴി പായുമ്പോലെ പാഞ്ഞിട്ട് കാര്യമില്ല. മൃഗശാലപോലെ കുറേയെണ്ണത്തിനെ പോറ്റുന്നില്ലേ അവയിലേതെങ്കിലും ചത്തുകിടപ്പുണ്ടാകും, നോക്കാനറിയാത്തവര്‍ പോറ്റാന്‍ നിക്കരുത്, എന്റെ കര്‍ത്താവെ മുറ്റത്തിറങ്ങാന്‍ മേല നാറിയിട്ട്, പ്ഫൂ... !' അയാള്‍ ചീറ്റിത്തുപ്പി അകത്തേക്ക് പോയി.

അങ്ങേരുടെ തറക്കണ്ടം നെരപ്പാക്കാന്‍ ഒരിത്തിരി സ്ഥലം അയ്മൂട്ടിയോട് ചോദിച്ചപ്പോള്‍ 'അനക്കെന്തിനാടാ പറമ്പ് , ഞമ്മളെപ്പോലെ ആലേം, കുടീം ആള്‍ക്കാരൂണ്ടോ അവടെ..'  എന്ന് ചോദിച്ചു അധിക്ഷേപിച്ച കാരണം അയാളെക്കൊണ്ടിതു പറയിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. 

പക്ഷേ ഇപ്പോളും  നാറ്റം ബാക്കി...
 
തറവാട്ടിലെ പൈതലുകളും കിടാക്കളും കരഞ്ഞോടാന്‍ പാകത്തിനായി. തിരഞ്ഞുതിരഞ്ഞു എല്ലാവരും കൊയങ്ങി. ഇനി തിരയാന്‍ ഒരിടം ബാക്കിയില്ല അടുത്തിരിക്കുന്നവരെ അവര്‍ പരസ്പരം മണത്തുനോക്കി.

'ഇന്നെയല്ല മജ്ജത്തെ.. !'

മണത്തവര്‍ പരസ്പരം പറഞ്ഞു.

അകത്തുകേറാനും പൊറത്തെറങ്ങാനും പറ്റുന്നില്ല. പാലുകുടി മാറാത്ത പേരക്കിടാവിനെ പിടിച്ചു പെറ്റപെണ്ണ് പുറത്തുനിന്നു. വാല്യക്കാരികള്‍ മൂക്കുപൊത്തി ഇറങ്ങിപ്പോയി.

മുറിബീഡി  വലിക്കാന്‍ മുട്ടി അയ്മൂട്ടി വിമ്മിട്ടപ്പെട്ടു. പുകവലിക്കാന്‍ മൂക്കുയര്‍ത്തണമെന്ന ഓര്‍മ്മയുള്ളതുകൊണ്ട് മണമോര്‍ത്തയാള്‍ വലി വേണ്ടെന്നുവെച്ചു.

'ഇതൊക്കെ അന്റെ പണിയാ..'

ഉമ്മറത്തിരുന്ന അബ്ദുള്‍റഹ്മാന്‍ തലക്കു കൈകൊടുത്തിരിക്കുന്ന  കുഞ്ഞാപ്പുവിനെ നോക്കിപ്പറഞ്ഞു.

അയാള്‍ ദയനീയതയോടെ കണ്ണുയര്‍ത്തി.

'ഇജ്ജിങ്ങനെ നോക്കണ്ട, ഇക്കണ്ട ജീവ്യോളെയൊക്കെ  വളത്താന്‍ ഇയ്യന്റെ പെണ്ണുങ്ങളെ തറവാട്ടിക്ക് പൊയ്‌ക്കോ.. ഹല്ല പിന്നെ' അയാള്‍ മുറിച്ചുപറഞ്ഞു.

'അതന്നെ പൊരക്കൊരു വൃത്തീല്ല മെനയൂല്ല' അയ്മൂട്ടി മൂക്കില്‍ കയ്യിട്ട വിരല്‍ മുണ്ടില്‍ തുടച്ചുപറഞ്ഞു.

'ങ്ങളൊക്കെ ഇങ്ങനെ പറഞ്ഞാലോ.. ഞമ്മളെന്ത് കാട്ടും ..' കുഞ്ഞാപ്പു സങ്കടത്തിലായി.

'അതൊന്നും ഞാക്കറിയണ്ട, പൂച്ചേം, പശൂം, ആടും, കോയീം, കൊറേ കിളീം, പോരാത്തേന് ഇവരെപ്പിടിക്കാന്‍ കേറുന്ന പാമ്പും പെരുച്ചായീം വേറെ... അതൊക്കൊന്ന് ഒയിവാക്കിയാലെ തറവാട്  വൃത്തിയാകൂ.' എല്ലാവരും ഒന്നിച്ചു കുഞ്ഞാപ്പുവിനെ കുറ്റക്കാരനാക്കി.

'അപ്പോ ഞാനെന്തേ കാട്ടണ്ടൂ..' കുഞ്ഞാപ്പു ദയനീയമായി കൂടപ്പിറപ്പുകളെ നോക്കി.

'ഇജ്ജും അന്റെ ജീവ്യോളും... പൊര മാറിക്കോ.. ഇന്നിപ്പോ ആ പാപ്പച്ചന്റെ വായിലിരിക്കണ കേട്ടമാതിരി ഒരു നാണക്കേട് ഇക്കുടുമ്പത്തിനിനിണ്ടാകാന്‍ ബാക്കില്ല. അതോണ്ട് അയ്‌നു കാരണായ ഇഞ്ഞും അന്റെ കോയും, ആടും പശുക്കളും ഒക്കെ എറങ്ങണം, ഞമ്മക്കിങ്ങനെ നാറ്റക്കേസില്‍ പാര്‍ക്കാന്‍ കയ്യൂല'

അബ്ദുറഹ്മാന്റെ മുറിച്ചിട്ട വര്‍ത്തമാനം ഇളയവന്‍ കുഞ്ഞാപ്പുവിന്റെ ഹൃദയം പിളര്‍ത്തി.

'ഇയ്യ്  നാടുവിട്ടൊന്നും പോണ്ടാ.. ഞമ്മളെ വാടകക്ക് കൊട്ക്കണ ഷെഡ് നേരാക്കാന്‍ കലന്തനോട് പറയാ.. അവടെ മൊത്തം പറമ്പായോണ്ട് അന്റെ കോയിനേം നായിനേം ഒക്കെ ഒന്നിച്ചു പോറ്റാനുംപറ്റും. അല്ലെങ്കി ഇയിറ്റിങ്ങളെ ഒക്കെ തൂക്കിവിറ്റ് ഈടെത്തന്നെ പാര്‍ത്തോ..'

 പുഴുങ്ങിയ മുട്ട വായിലേക്കിട്ട് അയ്മൂട്ടി കൂസലില്ലാതെ പറഞ്ഞു.

'ഞാമ്മരിക്കണ വരെ ന്റെ ജീവ്യോളെ ഞാങ്കളയൂല' കുഞ്ഞാപ്പു സങ്കടത്തോടെ തന്റെ പെട്ടിയും കിടക്കയും എടുത്തിറങ്ങി. 

 

 

കുഞ്ഞാപ്പു വിവാഹം കഴിച്ചിട്ടില്ല, അയാളുടെ ലോകം ഇക്കണ്ട ജീവികളാണ്. വിടുവായിത്തവും ബഡായിയും കൂടെക്കൊണ്ടു നടക്കുന്ന മൈത്തലേടത്തെ സന്തതികളില്‍ സഹജീവികളോട് പ്രേമം കൊണ്ടുനടക്കുന്നത്  കുഞ്ഞാപ്പു മാത്രമാണ്. താറാവിനേയും, അഞ്ചു പശുക്കളെയും, കക്ഷത്തില്‍ വെച്ച പെട്ടിയിലെ നാല് മുയലുകളെയും അയാള്‍ കണ്ണുനിറച്ചു നോക്കിക്കൊണ്ട് വാടകക്കാരൊഴിഞ്ഞ തറവാട്ട് മുതലിലേക്ക് കയറി. സഹോദരങ്ങളുടെ കാരമുള്ളു പതിപ്പിച്ച വാക്കുകളെ മറക്കാന്‍ അയാള്‍ ഇന്നലെ പെറ്റുവീണ അജസുന്ദരിയുടെ അമ്മിഞ്ഞകുടിയിലേക്ക് ശ്രദ്ധിച്ചു.


'ഒരു കണക്കിന് നന്നായി.. ഇഞ്ഞിപ്പോ ആരേം നാണം കെടുത്തിയ നാറ്റക്കേസാകണ്ടല്ലോ.. ല്ലേ..?'

കുഞ്ഞാപ്പു അടുക്കിവെക്കുന്ന വൈക്കോലിനെ നോക്കി വെള്ളമിറക്കുന്ന പൈക്കിടാവിനെ നോക്കിപ്പറഞ്ഞു.
 
'മ്യാവ്.. ' അയാളുടെ സങ്കടം മറച്ച വാക്കുകള്‍ക്ക് സാന്ത്വനമെന്നോണം ചെമ്പന്‍പൂച്ച കരഞ്ഞു. അയാള്‍ കറന്ന പാലില്‍ അല്പം അവള്‍ക്കു നീട്ടി. ചാണകം കോരി, കൈകഴുകി കോഴിക്കൂട്ടിലെ മുട്ട പെറുക്കി അടുക്കളയില്‍ കയറിയപ്പോള്‍ തറവാട്ടില്‍ നിന്നിറങ്ങിയിട്ട് മാസം തികയുന്നുവെന്ന തിരിച്ചറിവില്‍ അയാള്‍ കണ്ണുകളടച്ചു, അടുപ്പിലെ പാത്രത്തില്‍ എണ്ണയൊഴിച്ചു.


'ശ്സ്സ്.....'
 

'കുഞ്ഞാപ്പോ..' എണ്ണ പുകഞ്ഞ ശബ്ദത്തോടൊപ്പം ഒരു  വിളിയും. ഇനി ഉള്‍വിളിയാണോ..?

'ഇതാരപ്പോ' 

പുറത്തു ചൂളി നിക്കുന്ന അയ്മൂട്ടിനെക്കണ്ട കുഞ്ഞാപ്പുവിന്റെ ശബ്ദമുയര്‍ന്നു.

'ഇയ്യിച്ചിരി പാല് തരോ..?' അയ്മൂട്ടി മൂടുചൊറിഞ്ഞു.

'അതെന്തേ..ങ്ങളെങ്ങനെ ചോയ്‌ച്ചേ.. കേറിരിക്കി..'  മഞ്ഞമുണ്ടില്‍ കൈതുടച്ചുകൊണ്ട് കുഞ്ഞാപ്പു കോലായില്‍ മടക്കുകസേര നിവര്‍ത്തി.

'ഇരിക്കാന്നേരല്ല..സൂറാന്റെ പാല് വറ്റി, കുട്ടി നിക്കാണ്ട് കാറ്ന്ന്, കരച്ചില് നിര്‍ത്താന്‍ ഒരു വയ്യൂല്ല .. ഇച്ചിരി ആട്ടുമ്പാല് കിട്ട്യാ.. ഈ പരിസരത്ത് ആട്ടുമ്പാല് കിട്ടാനില്ല.. !'

 അയാളുടെ ആധിപിടിച്ച തൊണ്ട വരണ്ടുണങ്ങിയ വര്‍ത്തമാനത്തില്‍ ജ്യേഷ്ഠന്റെ കുഞ്ഞിനുള്ള പാല് കറന്നു, തുണിയിലരിച്ചു കൈയില്‍ കൊടുത്തു കുഞ്ഞാപ്പു പറഞ്ഞു.

'ഇദിങ്ങനെന്നെ കൊടുത്തോളി, കാച്ചണ്ട, മഞ്ഞപ്പാല.., നാളെത്തൊട്ട് ഞാനെത്തിച്ചോളാ.' കുഞ്ഞാപ്പു നീട്ടിയ തൂക്കുപാത്രം അയ്മൂട്ടി അമൃതിനെപ്പോലെ സൂക്ഷിച്ചു. 

'ഹ്മ്‌മ്പേ...'

കയ്യിലെ പാത്രത്തിലേക്ക് നോക്കി  ആട് കരഞ്ഞപ്പോള്‍ അയ്മൂട്ടി വിക്കി വിക്കിപ്പറഞ്ഞു.

'അന്ന് നാറീല്ലെ, അത്, തേങ്ങപ്പൊരേല് കേറിയ പാപ്പച്ചന്റെ നായിനെ കുറുക്കന്‍ കടിച്ചിട്ടതാ.. മ്മള് പിന്നീട് കണ്ട്. ഇഞ്ഞി ഇനിയേലും  തിരിച്ചുപോരണം.'

കുഞ്ഞാപ്പു ചിരിച്ചുകൊണ്ട് രണ്ട് താറാമുട്ട അയാള്‍ക്ക് നീട്ടി. 

കൂടുതല്‍ സംസാരിക്കാനൊന്നുമില്ലാത്തതുപോലെ പറയാന്‍ ബാക്കിവെച്ചതിനെ ഒതുക്കി അയ്മൂട്ടി വരമ്പുകടന്നു.

'ഹ്മ്‌മ്പേ....'

നടവരമ്പിനെ നോക്കി ആടിന്റെ കൂടെ പശുക്കളും കരഞ്ഞു. കുഞ്ഞാപ്പു ചിരിച്ചു.

click me!