ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
കള്ളപ്പം.
കിഴക്കേക്കാട്ടില്‍ ഫിലിപ്പച്ചന്‍ മരിച്ചു. മരിക്കുന്നതിനു കൃത്യം മൂന്നുദിവസംമുന്‍പ് അയാള്‍ക്ക് അമ്പത്തിയൊമ്പതു വയസ്സു തികഞ്ഞിരുന്നു. അറുപത് എന്ന മാന്ത്രികസംഖ്യയിലേക്കെത്താതെ അയാള്‍ ശവപ്പെട്ടിയിലങ്ങനെ ചിരിച്ചു കിടന്നു. അതൊരു ക്രിസ്മസ് ദിവസമായിരുന്നു. അയാളും ഭാര്യ ഏലിയാമ്മയും കൂടി ചെടിക്കുളംപള്ളിയില്‍ പാതിരാക്കുര്‍ബാനയ്ക്കു പോയി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുള്ളുവേലി കെട്ടി തിരിച്ച ഇടവഴിയില്‍ നേരം പരപരാന്നു വെളുത്തു തുടങ്ങിയിരുന്നു. വീട്ടിലെത്തിയതും ഏലിയാമ്മച്ചി വീണ്ടും കമ്പിളിപ്പുതപ്പിനുള്ളിലേക്കു നൂണ്ടു കയറി. മകളും കെട്ട്യോനും കുറേക്കാലമായി യു.കെ യില്‍ സെറ്റില്‍ഡായതിനാല്‍ ഏലിയാമ്മച്ചിക്കു സാധാരണ ദിവസത്തില്‍ കവിഞ്ഞൊന്നും ആ ക്രിസ്മസ് പുലരിയിലും ചെയ്യാനുണ്ടായിരുന്നില്ല.
പണ്ട് 'മൂട്ടില്‍ വെട്ടം തട്ടുന്നതിനും മുന്‍പേ 'എണീച്ചു പോ പെണ്ണേ' എന്നും പറഞ്ഞു മകളുടെ മൂട്ടില്‍ ചൂലിന്റെ പിന്‍ഭാഗം കൊണ്ടടിച്ച് എണീപ്പിച്ചോടിച്ചിരുന്ന ഏലിയാമ്മച്ചിയിപ്പോള്‍ സൂര്യനുദിച്ചു കഴിഞ്ഞും ഒരുമണിക്കൂര്‍ കട്ടിലില്‍ തന്നെ കിടക്കും. ആ കിടപ്പിലാണവര്‍ മനോഹരങ്ങളായ സ്വപ്നങ്ങള്‍ പലതും കാണുന്നത്. സ്വപ്നങ്ങളില്‍ ഫ്‌ലൈറ്റു പിടിച്ച് ഏലിയാമ്മച്ചി വിദേശത്തുള്ള മകളുടെ ഫ്‌ലാറ്റിലെത്തി. കോളിംഗ് ബെല്ലടിക്കാതെ കതകു തള്ളിത്തുറന്നകത്തു കയറിയ അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചുമകള്‍ ലില്ലിയെ തൊട്ടിലാട്ടി.
'എന്റെ ലില്ലിക്കുട്ടീ, നിനക്കെന്റമ്മ ത്രേസ്യാമ്മയുടെ അതേ ഛായയാണല്ലോടീ പെണ്ണേ' എന്നും
പറഞ്ഞു കുഞ്ഞിന്റെ കവിളിലെ പൂ മറുകില്‍ തൊട്ടു തഴുകി ആനന്ദ പുളകിതയായി.
ഏലിയാമ്മ പുതപ്പിനുള്ളില്‍ നൂണ്ടതു കണ്ട ഫിലിപ്പച്ചന്‍ പതിയെ അടുക്കളയിലേക്കു നടന്നു. വെളുപ്പാംകാലത്തെ തണുപ്പിനു പടപടാന്നടിക്കുന്ന കൈ കൊണ്ടയാള്‍ കഷ്ടപ്പെട്ടു ഗ്യാസിനു തീ കൊളുത്തി ചായയ്ക്കുള്ള വെള്ളം വച്ചു. തിളച്ചു പൊന്തിയ വെള്ളത്തിലേക്കു കൃത്യമായ അളവില്‍ കണ്ണന്‍ ദേവന്‍ ചായപ്പൊടിയിട്ട് ചില്ലുഗ്ലാസിലേക്കൊഴിച്ച് കുറച്ചു പഞ്ചസാരയും കൂട്ടിയിളക്കി ചായ തയാറാക്കി. ഒരു കൈയില്‍ ചായയും മറുകൈയില്‍ പള്ളിയില്‍ പോകുന്നതിനു മുന്‍പ് ഏലിയാമ്മച്ചി ചുട്ടുവച്ച, ഇപ്പോള്‍ തണുത്തു ദോശക്കല്ലുപോലെയായ കള്ളപ്പവുമായി സിറ്റൗട്ടിലേക്കു നടന്നു.
ചായ ഒരു കവിള്‍ മൊത്തിയശേഷം പുറത്തേക്കു നോക്കി. ചരല്‍വിരിച്ച മുറ്റത്തിനപ്പുറം കാട്ടുപന്നിയുടെ ശല്യം തടയാന്‍ മുള്ളുവേലി കെട്ടിത്തിരിച്ച റബര്‍തോട്ടത്തിലേക്ക് അയാളുടെ നോട്ടം നീണ്ടു. മഞ്ഞില്‍ മരവിച്ചുനില്‍ക്കുന്ന റബര്‍മരങ്ങള്‍ കണ്ടപ്പോള്‍ ഫിലിപ്പച്ചന് അയാളുടെ അപ്പന്‍ കുഞ്ഞിനെയും മരിച്ചു പോയ അമ്മച്ചിയെയും ഓര്‍മ്മ വന്നു. അയാളുടെ അപ്പന്‍ കിഴക്കേക്കാട്ടില്‍ കുഞ്ഞിന് ഇരുപത്തഞ്ചേക്കര്‍ റബര്‍തോട്ടമുണ്ടായിരുന്നു. തന്റെ ചെറുപ്പകാലത്തെപ്പോഴോ കോട്ടയം-കുറവിലങ്ങാടുനിന്നും ആറളത്തേക്കു കുടിയേറിവന്ന അയാള്‍ തന്റെ കൈക്കരുത്തുകൊണ്ട് വെളിമാനത്തും, അമ്പലക്കണ്ടിയിലും, വട്ടപ്പറമ്പിലുമായി ഭൂമി കൈയേറി പൊന്നു വിളയിച്ചു. കാട്ടുമുരിക്കും ഇഞ്ചക്കാടും, ആര്‍ത്തുപടര്‍ന്ന കാട്ടു കന്നേരകളെയും വെട്ടിത്തെളിച്ച് റബര്‍തൈകള്‍ വച്ചു പരിപാലിച്ചു.
തന്റെ ചെറുപ്പകാലത്ത് റബര്‍മരങ്ങള്‍ക്കിടയില്‍ ടെന്റു കെട്ടി താമസിച്ചു പണിയെടുക്കുന്ന തൊഴിലാളികളെ ഫിലിപ്പച്ചന് ഇപ്പോഴും ഓര്‍മ്മയുണ്ട്. റബര്‍മരങ്ങള്‍ക്കിടയിലേക്കു വലിയ പാത്രത്തില്‍ നിറച്ച ചൂടു കാപ്പിയുമായി അപ്പനു പുറകെ നടന്നു പോകുന്ന അമ്മച്ചിയെയും.
ഫിലിപ്പച്ചന്‍ കള്ളപ്പത്തില്‍ കുറച്ചു പൊട്ടിച്ചെടുത്തു വായിലേക്കിട്ടു. അപ്പോള്‍ അയാള്‍ക്ക് അമ്മച്ചി കൂടുതല്‍ തെളിച്ചമുള്ള ചിത്രമായി. ഫിലിപ്പച്ചന്റെ അമ്മച്ചി നന്നായി കള്ളപ്പമുണ്ടാക്കുമായിരുന്നു. ക്രിസ്മസ് തലേന്ന് ഉമ്മിക്കുഴിക്കാരുടെ മില്ലില്‍ നിന്നും അപ്പപ്പൊടി വാങ്ങാന്‍ അയാളായിരുന്നു പോയിരുന്നത്. വൈകുന്നേരം അപ്പപ്പൊടി കള്ളു ചേര്‍ത്തു കുഴയ്ക്കുന്ന തന്റെ അമ്മയുടെ മെല്ലിച്ച കൈകള്‍ ഓര്‍ത്തുകൊണ്ടയാള്‍ അപ്പം വായിലിട്ടു ചവച്ചു.
കള്ളപ്പംപോലെ വെളുത്ത നിറമുള്ള ചട്ടയും അരയില്‍ പൊന്‍ കസവുള്ള മുണ്ടുമുടുത്തേ അമ്മച്ചിയെ ഫിലിപ്പച്ചന്‍ കണ്ടിട്ടുള്ളൂ. അതേ വേഷമണിഞ്ഞ് അവര്‍ മരിച്ചുകിടക്കുമ്പോള്‍ പോലും അപ്പന്‍ കുഞ്ഞ് കരയുന്നതയാള്‍ കണ്ടിട്ടുമില്ല. മറ്റാരെയും ഇരിക്കാനനുവദിക്കാത്ത, പറമ്പിലെ ഈട്ടിമരം വെട്ടി പ്രത്യേകമായി പറഞ്ഞുണ്ടാക്കിപ്പിച്ച വലിയ ചാരുകസേരയിലിരുന്ന് കുഞ്ഞന്നു കെട്ട്യോളുടെ നിശ്ചലമായ ശരീരം നോക്കി മീശ പിരിച്ചു.
ഫിലിപ്പച്ചന്‍ കൈയിലെ ഗ്ലാസ് നിലത്തുവച്ച് ചാരുകസേരയുടെ കൊത്തുപണികളോടു കൂടിയ നീളന്‍ കൈപ്പിടിയില്‍ തടവി.
അപ്പന്റെ മണമിപ്പോഴും ആ കസേരയിലുണ്ടെന്ന് അയാള്‍ക്കു തോന്നി. അല്ലെങ്കിലും തന്റപ്പന്‍ കരയുമോ? കിഴക്കേക്കാട്ടില്‍ കുഞ്ഞു കരയാനോ.. നാട്ടുകാര്‍ മൂക്കത്തു വിരല്‍ വയ്ക്കും. അങ്ങേരു കടുവ അല്ലായിരുന്നോ കടുവ!
കടുവ.
കുടിയേറ്റക്കാര്‍ കാട്ടുമൃഗങ്ങളെ നേരിട്ടിട്ടുള്ളവരാണ്. കക്കുവാപ്പുഴ കടന്നെത്തി കപ്പയും കാച്ചിലും മാന്തുന്ന കാട്ടുപന്നികളെയും റബര്‍മരങ്ങള്‍ കുത്തിമറിച്ചിട്ടു പോകുന്ന കാട്ടാനകളെയും അവര്‍ പാട്ട കൊട്ടിയും പന്നിപ്പടക്കങ്ങള്‍ പൊട്ടിച്ചും കാടു കടത്തും.
ഫിലിപ്പച്ചനു പൊതുവേ ദേഷ്യം കൂടുതലായിരുന്നു. നാടു വിറപ്പിച്ചിരുന്ന മുതലാളി കിഴക്കേക്കാട്ടില്‍ കുഞ്ഞിന്റെ മകനാണയാള്‍. മരിക്കുന്നതിനു തലേദിവസംമുന്‍പുവരെ 'സാമ്പിള്‍അപ്പത്തിന്' ഉപ്പു കൂടിപ്പോയെന്നു പറഞ്ഞ് ഫിലിപ്പിച്ചന്‍ കെട്ടിയോള്‍ ഏലിയാമ്മയുടെ കരണം തീര്‍ത്തൊന്നു പുകച്ചിരുന്നു. ഇതിനുമുന്‍പ് ഇമ്മാതിരിയൊരടി അയാള്‍ പൊട്ടിച്ചിട്ടുള്ളത് പണ്ട്, വര്‍ഷങ്ങള്‍ക്കുമുന്‍പ് എടൂര്‍ കവലയില്‍ പെട്ടിക്കട്ട നടത്തിയിരുന്ന പാപ്പിക്കിട്ടാണ്.
ആ കഥ പറയാം.
വര്‍ഷം ആയിരത്തിതൊള്ളായിരത്തി എഴുപതുകള്‍.
ഫിലിപ്പച്ചന്‍ എടൂര്‍ സെന്റ്‌മേരീസില്‍ പത്തില്‍ പഠിക്കുന്ന കാലം. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അയാള്‍ ആദ്യമായി എഫ്.എസ്.ക്യൂ വെന്ന പാര്‍ട്ടിക്കുവേണ്ടി മുദ്രാവാക്യം വിളിക്കാന്‍ പഠിച്ചത്. അതിനു മുന്‍പുവരെ അയാള്‍ ക്ലാസ്സിലെ, അല്ല ആ സ്‌കൂളിലെ തന്നെ ഏറ്റവും നിശ്ശബ്ദനായ വിദ്യാര്‍ത്ഥിയായിരുന്നു.
സെന്റ്‌മേരീസില്‍ മറ്റു പാര്‍ട്ടികളില്ല. കമ്മ്യൂണിസ്റ്റു പച്ചകള്‍ ആര്‍ത്തു പടര്‍ന്ന, പായലിന്റെ വഴുക്കലുള്ള വലിയ മതിലിന്‍മേല്‍'ജയ് എഫ്.എസ്.ക്യൂ' വെന്നു കരിക്കട്ട കൊണ്ട് എഴുതിയിടത്താണ് അവിടുത്തെ ആദ്യത്തെ കുട്ടിപ്പാര്‍ട്ടിയുടെ ജനനം. അതെഴുതുമ്പോള്‍ എട്ടാംക്ലാസ്സുകാരനായ ഫിലിപ്പച്ചന്റെ കണ്ണില്‍ അവന്റപ്പന്‍ കുഞ്ഞിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടിയെന്താണെന്നു ഫിലിപ്പച്ചനു ശരിക്കുമറിയില്ല. എങ്കിലും അതെഴുതുമ്പോള്‍ അയാളുടെ കണ്ണിനു മുന്നിലൂടെ കുടിയേറ്റക്കാര്‍ ചൂട്ടു കറ്റയും കത്തിച്ചു കാട്ടിലേക്കു നടന്നു പോയി. അവര്‍ക്കു മുന്നില്‍ നെഞ്ചുംവിരിച്ചുനടക്കുന്ന അപ്പനെ അയാള്‍ കണ്ടു.
'എന്താടാ നീയവിടെ എഴുതിയത്? പിള്ളേരെ വഴി തെറ്റിക്കാന്‍ നോക്കുന്നോ?'
സെന്റ്‌മേരീസിലെ നീളന്‍ വരാന്തയില്‍വച്ച് അന്നത്തെ ഹെഡ്മാസ്റ്റര്‍ പാലത്തുങ്കല്‍ പത്രോ സാര്‍ പൊടിച്ചെക്കനു നേരെ ചൂരലോങ്ങി.
ഫിലിപ്പച്ചന് ഇരച്ചു കയറി. അരിശത്തോടെയവന്‍ അയാളുടെ കൈ തട്ടി മാറ്റി.
'തനിക്കു ധൈര്യമുണ്ടെങ്കില്‍ തൊട്ടു നോക്ക്. കിഴക്കേക്കാട്ടില്‍ കുഞ്ഞാണെന്റെയപ്പന്‍.'
പ്രിന്‍സിപ്പാളിന്റെ കൈയയഞ്ഞു. എടൂര്‍ സ്‌കൂളിന്റെ വരാന്തയിലൂടെ നെഞ്ചുംവിരിച്ചുനടന്ന ഫിലിപ്പിച്ചനു പുറകില്‍ കാലക്രമേണ ഒരു വരി രൂപപ്പെട്ടു.
നിങ്ങള്‍ എപ്പോഴെങ്കിലും എടൂര്‍ ടൗണില്‍ വരികയാണെങ്കില്‍ ടൗണ്‍മധ്യത്തില്‍ തന്നെ ശാഖകള്‍ പടര്‍ത്തി വലിയൊരു ആല്‍മരം നില്‍ക്കുന്നതു കാണാം. പിന്നീട് ഇരുമ്പുകമ്പിയില്‍ മേല്‍ക്കൂര പണിത ബസ്സ്-സ്റ്റോപ്പിനു തണലായി മാറിയ ആ മരം ഫിലിപ്പച്ചന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സമരമരമായിരുന്നു. ബസ്സ് സ്റ്റോപ്പിന്റെ സ്ഥാനത്തു പാപ്പിച്ചേട്ടന്റെ കുമ്മട്ടിക്കടയും. സെന്റ്‌മേരീസില്‍നിന്നും എടൂര്‍ ടൗണിലേക്കുള്ള ഇറക്കമിറങ്ങി കുട്ടിനേതാക്കളുടെ നീണ്ടനിര വരുന്നതു കാണുമ്പോള്‍ പാപ്പിച്ചേട്ടന്റെ തട്ടുപലകയ്ക്കു മുകളില്‍ നന്നാറി സര്‍ബത്തുകളും പാലുംവെള്ളവും സ്ഥാനം പിടിച്ചിട്ടുണ്ടാകും. ആല്‍മരത്തിന്റെ താഴ്ന്ന ശാഖയില്‍ കെട്ടിയ മഞ്ഞച്ചരടില്‍ കോര്‍ത്തു പതാക പറപ്പിച്ചതിനുശേഷം കുട്ടിനേതാക്കള്‍ പിന്നെ അയാളുടെ കടയിലേക്കാണു വരിക.
പാപ്പി എപ്പോഴും ചിരിച്ചുകൊണ്ടു സംസാരിക്കുന്ന മനുഷ്യനാണ്. സരസനായ അയാളുടെ പല തമാശകളും ഫിലിപ്പച്ചനു പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്.
'എന്തുവാന്നെടാ ഇന്നത്ത വിഷയം?'
എന്ന പാപ്പിയുടെ ചോദ്യത്തിനൊപ്പം മോരുംവെള്ളത്തിന്റെ എരിവു കൂടും.
എവിടെയോ പാര്‍ട്ടിക്കാരെ അറസ്റ്റു ചെയ്തതും, വലിച്ചിഴച്ചതും, ജയിലിലിട്ടു മുളവടികൊണ്ടു തല്ലിച്ചതച്ചതുമെല്ലാം കുട്ടിക്കൂട്ടത്തില്‍ തീ പടര്‍ത്തും.
'അയിനു സ്‌കൂളു പൂട്ടിക്കണോടാ?'-പാപ്പി ചിരിച്ചുകൊണ്ടു ചോദിക്കും.
'ഇവനാണോ നിങ്ങടെ നേതാവ്?'-ഒരുദിവസം ഫിലിപ്പച്ചനെ ചൂണ്ടിക്കാണിച്ചുകൊണ്ടു പതിവു ചിരിയോടെ പാപ്പി ചോദിച്ചു.
'ഇവനാളൊരു കടുവായാണല്ലോ.. അതെങ്ങനാ, ഇവനാ കടുവാക്കുഞ്ഞിന്റെ മോനല്ലേ. ഇവന്റപ്പന്‍ പണ്ടു നാടന്‍തോക്കുകൊണ്ടൊരു കടുവായ്ക്കിട്ടു പെടച്ചന്നൊരു കഥയുണ്ട്!'-പാപ്പി ചിരിച്ചു. എന്നത്തേയും പോലാ ചിരി ഫിലിപ്പച്ചനങ്ങു പിടിച്ചില്ല. അവന്റെ കൈ വായുവിലൊന്നുയര്‍ന്നു പൊന്തി.
നിന്നനില്‍പ്പില്‍ ചാടിയുയര്‍ന്നുള്ള ആ അടി കാണാന്‍ ഒരു കടുവായുടെ ആക്രമണം പോലുണ്ടെന്നു കണ്ടുനിന്ന അവന്റെ കൂട്ടുകാര്‍ക്കു തോന്നി.
ഫ്‌ലെക്‌സ് ബോര്‍ഡുകള്‍.
ഫിലിപ്പച്ചന്‍ മരിച്ചു. തണുത്ത കള്ളപ്പം തിന്നു പൂര്‍ത്തിയാകുന്നതിനുംമുന്‍പേ ഇടതുകൈവഴി ഇടംനെഞ്ചിലേക്കു പടര്‍ന്നുകയറിയ ഒരു വേദനയ്‌ക്കൊപ്പം അയാള്‍ അപ്പന്‍ കുഞ്ഞിന്റെ ചാരുകസേരയില്‍നിന്നും നെഞ്ചു പൊത്തിപ്പിടിച്ചുകൊണ്ടു നിലത്തേക്കു കുഴഞ്ഞുവീണു. ഹാര്‍ട്ട് അറ്റാക്ക്!
മരിക്കുന്നതിനു തൊട്ടുമുന്‍പുവരെയയാള്‍ കട്ട പാര്‍ട്ടിക്കാരനായിരുന്നു. പണ്ടു പാപ്പിക്കിട്ടും, അടുത്തകാലങ്ങളില്‍ ഭാര്യ ഏലിയാമ്മയ്ക്കിട്ടും പെരുപ്പിച്ച അതേ കൈകള്‍ കൊണ്ടയാള്‍ മുഷ്ടി ചുരുട്ടി ഇഷ്ടംപോലെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. മുദ്രാവാക്യം വിളിക്കുന്ന ഫിലിപ്പച്ചനെ കാണാന്‍ ഒരു കടുവായെപ്പോലുണ്ടെന്നാണ് നാട്ടിലെ അടക്കംപറച്ചില്‍.
എല്ലാം അവസാനിച്ചു. അകത്ത് ഉറങ്ങിക്കിടന്ന ഏലിയാമ്മച്ചി ചെടിക്കുളംപള്ളിയില്‍നിന്നും കതിനാവെടികള്‍ മുഴങ്ങുന്ന ശബ്ദംകേട്ട് 'ഹെന്റീശോയേ' എന്നു വിളിച്ചുകൊണ്ട് യു.കെ.യില്‍നിന്നും നാട്ടിലേക്കുള്ള ഫ്‌ലൈറ്റു പിടിച്ചു. സിറ്റൗട്ടില്‍ പാതി തിന്ന കള്ളപ്പവുമായി മലര്‍ന്നുകിടക്കുന്ന കെട്ട്യോനെ കണ്ട് ഇന്നലെ കിട്ടിയ 'കടുവാപ്പഞ്ചിന്റെ ഓാര്‍മ്മയില്‍ വാ പൊളിച്ചു നിന്നു.
'അപ്പനെ വച്ചോണ്ടിരിക്കണ്ട, ഞങ്ങക്കെത്താന്‍ കഴിയില്ല' എന്ന മകളുടെ ഫോണ്‍സന്ദേശം ഏലിയാമ്മച്ചിയില്‍ ഞെട്ടലുണ്ടാക്കി. എന്നാല്‍ നാട്ടുകാര്‍ ഫിലിപ്പച്ചന്റെ മരണത്തോടെ അതിലും വലിയൊരു
കടുവാക്കെണിയിലകപ്പെട്ടവരായി.
കാര്യം നിസ്സാരമെങ്കിലും പ്രശ്‌നം കുറച്ചു ഗുരുതരമായിരുന്നു.
'മരിച്ചത് കിഴക്കേക്കാട്ടില്‍ ഫിലിപ്പിച്ചനാണ്. നമ്മുടെ പാര്‍ട്ടിയുടെ അതികായന്‍. ഇതു ടൗണില്‍ തന്നെ സ്ഥാപിക്കണം'
കൈയില്‍ ചുരുട്ടിപ്പിടിച്ച ഫ്‌ലെക്‌സുമായി കുര്യച്ചന്‍: വയസ്സ് 40, പാര്‍ട്ടിയുടെ യൂത്ത് വിംഗ് സംസ്ഥാനകമ്മിറ്റിയംഗം- ഇരമ്പി.
'ഹാ അതെങ്ങനാ ശരിയാവുന്നേ? ടൗണിലെ പ്രധാന പോയിന്റിലെല്ലാം ഫുട്‌ബോള്‍ കളിക്കാരുടെ ഫ്‌ലെക്‌സും കട്ടൗട്ടുമല്ലേ. ലോകകപ്പ് ടൈമാണെന്നു കുര്യച്ചന്‍ മറന്നോ?' -നീലയില്‍ വെള്ളവരകളുള്ള കുപ്പായമണിഞ്ഞുനിന്ന പത്രോസ് അതിനെ എതിര്‍ത്തു.
കുര്യച്ചന്‍ ആ ചെറിയ ടൗണാകമാനമൊന്നു നോക്കി. സംഭവം ശരിയാണ്. ടൗണ്‍മൊത്തം ഇനിയൊരു തുണിക്കഷ്ണം കെട്ടാനിടമില്ലാത്തവണ്ണം അലങ്കരിച്ചിരിക്കുകയാണ്.
'നമുക്ക് തത്കാലം ആ മഞ്ഞപ്പടയുടെ ഫ്‌ലെക്‌സങ്ങഴിച്ചു മാറ്റാം. അതു നല്ലൊരു വ്യൂ കിട്ടുന്ന ഇടമാ.'
'എന്തോ എങ്ങനെ?'
കടവരാന്തയില്‍നിന്നും കുറച്ചുപേര്‍ ഇറങ്ങിവരുന്നതു കുര്യച്ചന്‍ കണ്ടു.
'ഞങ്ങടെ ടീമിന്റെ ഫ്‌ലെക്‌സ് ബോര്‍ഡു മാറ്റീട്ടു വേണോടാ നിനക്കു ചെരയ്ക്കാന്‍?' അവരില്‍ കാലു നിലത്തുറയ്ക്കാത്തയൊരുത്തന്‍ - മഞ്ഞപ്പട കട്ടഫാന്‍ - അവിവാഹിതന്‍ - 46 വയസ്സ്. തികട്ടി.
'അല്ല ചേട്ടാ... ഒരു ആദരാഞ്ജലിയുടെ ബോര്‍ഡു വയ്ക്കാനല്ലേ?'-കുര്യച്ചന്‍ സൗമ്യമായി പറഞ്ഞു നോക്കി.
'പ്ഫാ.. കഴ്-വര്‍ഡ മോനേ.. ബോര്‍ഡുവച്ചനുശോചിക്കാന്‍ അവനാരാടാ? ഒരു കടുവാ ഫിലിപ്പ്! ഇനി നിര്‍ബന്ധമാണെങ്കി അവിടെ വച്ചോ.' അയാള്‍ എതിര്‍ദിശയിലേക്കു കൈ ചൂണ്ടി.
'എന്താടാ ഡാഷേ പറഞ്ഞേ? നിനക്കു ഞങ്ങടെ നെഞ്ചത്തോട്ടു തന്നെയുണ്ടാക്കണമല്ലേടാ മലരേ?'-
നീല കുപ്പായമണിഞ്ഞവരിലൊരാള്‍ കാലുറയ്ക്കാത്തവനെ പിടിച്ചു തള്ളി.
കഥയിപ്പോള്‍ ഒരുമാതിരി ചുരുളി സ്‌റ്റൈലില്‍ വേഷം മാറിയതിന്റെ ഞെട്ടലില്‍ കഥാകാരനിരിക്കുമ്പോള്‍ ആ തള്ളൊരു കൂട്ടത്തല്ലാകാന്‍ അധികനേരം വേണ്ടിവന്നില്ല.
ആ സമയം ചെടിക്കുളംപള്ളിയില്‍നിന്നും ഒറ്റയും പട്ടയും മുഴങ്ങി. ഫിലിപ്പച്ചന്റെ ഡെഡ് ബോഡിയുമായുള്ള വിലാപയാത്ര ടൗണിലെത്തി. വഴക്കുണ്ടാക്കിക്കൊണ്ടു നിന്നവര്‍ പെട്ടെന്നു നിശ്ശബ്ദരായി. ചുരുളി സിനിമയിലെന്ന പോലെ പെട്ടെന്നു രംഗങ്ങള്‍ സ്റ്റക്കായി. അവര്‍ റോഡില്‍നിന്നുമാറി വേരുറഞ്ഞു പോയവരെ പോലെ ആ അടക്കുയാത്രയെ നോക്കിക്കൊണ്ടു നിന്നു. അവര്‍ക്കു നടുവിലൂടെ വിരലിലെണ്ണാവുന്ന ആള്‍ക്കാരുടെ അകമ്പടിയുമായി കടുവാഫിലിപ്പച്ചന്റെ ശരീരം ചെടിക്കുളംപള്ളിയുടെ സെമിത്തേരി ലക്ഷ്യമാക്കി മെല്ലെ നീങ്ങി. അപ്പോള്‍ ദൂരെ എവിടെയോനിന്നും ഒരു മൈക്ക്-അനൗണ്‍സ്‌മെന്റ് കേള്‍ക്കാമായിരുന്നു :
'ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ആറളം വനത്തിനുള്ളില്‍നിന്നുമിറങ്ങിയ കടുവയുടേതെന്നു സംശയിക്കുന്ന 'കാല്‍പാട്' നമ്മുടെ പഞ്ചായത്തിലെ 'വട്ടപ്പറമ്പ്, അമ്പലക്കണ്ടി, വെളിമാനം' ഭാഗങ്ങളില്‍ കണ്ടെത്തിയിരിക്കുന്നു. ജനങ്ങള്‍ ജാഗരൂകരായിരിക്കുക. രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കുക.'
അനൗണ്‍സ്‌മെന്റിനൊപ്പം ഫിലിപ്പച്ചനെയും വഹിച്ചുള്ള ശവയാത്ര ആ ടൗണിന്റെ കാഴ്ചയില്‍നിന്നും ഒരു കടുവയുടെ ദേഹത്തെ മങ്ങിയ വര പോലെ അലിഞ്ഞലിഞ്ഞില്ലാതായി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...