Malayalam Short Story ; ഗോള്‍ഡ് ഫിഷ്, ഗോപികൃഷ്ണന്‍ കെ എം എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Dec 21, 2022, 3:00 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗോപികൃഷ്ണന്‍ കെ എം എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

'എടാ ജോസുകുട്ടി നീ എല്ലാവരെയും വിവരം അറിയിച്ചോ', സെലിന്‍ ഐസിയുവിന്റെ മുന്നില്‍ നിന്ന് കരഞ്ഞു കൊണ്ട് ഫോണ്‍ ചെയ്യുകയായിരുന്നു. ഏറെ ഉറക്കച്ചടവ് ഉണ്ടെങ്കിലും തകൃതി ആയിട്ട് ഫോണ്‍  കോളുകള്‍ അവള്‍ അറ്റന്‍ഡ് ചെയ്തു കൊണ്ടേയിരുന്നു. അന്നേരം, ഐസിയുവിന്റെ വാതില്‍ മലര്‍ക്കെ തുറന്നു കൊണ്ട് നേഴ്‌സ് ഉറക്കെ വിളിച്ചു പറഞ്ഞു.

'വറീത് മാപ്പിളയുടെ കൂടെ ഉള്ളവരാരെങ്കിലും ഉണ്ടോ.' സെലിന്‍ കണ്ണുനീര്‍ തുടച്ചുകൊണ്ട് നഴ്‌സിന്റെ അടുത്തേക്ക് ചെന്നു

'ഈ മരുന്നൊക്കെ മേടിക്കണം, ബില്ല് അടക്കാനും ഉണ്ട്'- നേഴ്‌സ് പറഞ്ഞു. 

'അപ്പനെങ്ങനെ ഉണ്ട് സിസ്റ്റര്‍,' സെലിന്‍  വിഷമത്തോടെ ചോദിച്ചു. 

'ഒന്നും പറയാറായിട്ടില്ല, അധികം പ്രതീക്ഷ വേണ്ടെന്നാ ഡോക്ടര്‍ പറഞ്ഞത്.'  നേഴ്‌സ് അകത്തേക്ക് പോയതോടെ സെലിന്‍ വീണ്ടും ഫോണ്‍ വിളികളില്‍ മുഴുകി.

ഇടയ്ക്കു ഒന്ന് കണ്ണുതുറന്നപ്പോള്‍ വറീത് മാപ്പിളയോട് നേഴ്‌സ് ചോദിച്ചു. 'അപ്പച്ചന് തണുക്കുന്നുണ്ടോ.'

തീരെ സംസാരിക്കാന്‍ വയ്യെങ്കിലും ആ ചോദ്യം കേട്ടപ്പോള്‍ വറീത് മാപ്പിള മനസ്സില്‍ ചിരിച്ചു, തണുപ്പോ അതും എനിക്ക്. കുട്ടിക്കാലത്തു  നേരം പുലരുന്നതിനു മുമ്പ് മരം കോച്ചുന്ന തണുപ്പത്തു  വള്ളിനിക്കറും ഇട്ട് അപ്പന്റെ കൂടെ കൃഷിപ്പണികള്‍ ചെയ്തിരുന്ന എന്നോടാണോ ഈ ചോദ്യം.  അഞ്ചു മക്കളാണ് വറീത് മാപ്പിളക്ക്, നാലു ആണ്മക്കളും പ്രവാസികള്‍. വറീത് മാപ്പിള മലബാറിലേക്ക് കുടിയേറിയപ്പോള്‍ മക്കളൊക്കെ അമേരിക്കയിലേക്കും കാനഡയിലേക്കും  കുടിയേറി, ഏറ്റവും ഇളയ മകളായ  സെലിന്‍ മാത്രമാണ് നാട്ടിലുള്ളത്.  വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ് വറീത് മാപ്പിളയുടേത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിഷമം കുടുംബ സ്വത്തിനെ പറ്റിയാണ്. വിദേശത്തുള്ള മക്കള്‍ക്കൊന്നും കൃഷി ഭൂമിയില്‍ താല്പര്യമില്ല. കഴിഞ്ഞ ക്രിസ്തുമസിന്  വന്നപ്പോള്‍ വസ്തു വിറ്റു വീതം വയ്ക്കുന്ന കാര്യം മൂത്ത  മക്കള്‍  ആവശ്യപ്പെട്ടു. അപ്പനപ്പൂപ്പന്മാരുടെ  വിയര്‍പ്പുവീണ മണ്ണല്ലേ, വില്‍ക്കാന്‍ വറീത് മാപ്പിളക്കു മനസു വരുന്നില്ല. എന്നാലും മക്കളുടെ ആഗ്രഹം എന്ന നിലയില്‍ അദ്ദേഹം വക്കീലിനെ കണ്ടു ഒരു ഒസ്യത്ത് തയ്യാറാക്കി വച്ചു. തന്റെ കാല ശേഷം ആരും വഴക്കടിക്കാന്‍ പാടില്ല, മാത്രവുമല്ല തന്നെ പറ്റി എല്ലാവരും നല്ലതേ പറയാന്‍  പാടുള്ളൂ എന്ന ആഗ്രഹവും അതിനു പുറകില്‍ ഉണ്ട്.

വളരെ വലിയ ബീപ് ശബ്ദത്തോടെ ഐസിയുവിലെ ഉപകരണങ്ങള്‍ അലാറം  പുറപ്പെടുവിക്കുന്നു, ബി.പി  കുറയുകയാണല്ലോ എന്ന് പറഞ്ഞു കൊണ്ട് നേഴ്‌സ് ഓടിവരുന്നു, വറീത് മാപ്പിള വീണ്ടും അബോധാവസ്ഥയിലായി. കണ്ണ് തുറന്നപ്പോള്‍ തന്റെ  കൃഷിയിടത്തിലെ മാവിന്‍ ചുവട്ടില്‍ ഇരിക്കുകയാണ് വറീത് മാപ്പിള. ഇതെന്ത്  കുന്തം! താന്‍ ചത്തില്ലേ.  ഇതാരാ എന്റെ പറമ്പില്‍ പുതിയൊരു പണിക്കാരന്‍. ദൂരെ മലഞ്ചെരുവിലേക്ക് കണ്ണും നട്ടിരുന്ന ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് അദ്ദേഹം ചെന്നു. 'ആരാ  ഇവിടെ  കണ്ടിട്ടില്ലല്ലോ'-വറീത്  മാപ്പിള ചോദിച്ചു.  ആ ചെറുപ്പക്കാരന്‍ വറീത് മാപ്പിളയെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു-  'കണ്ടു പരിചയം കാണില്ല, എന്നെ കാണാന്‍ വറീത് പള്ളിയിലൊന്നും അങ്ങനെ വരാറില്ലല്ലോ.'

വറീത് മാപ്പിള രോമാഞ്ചത്തോടെ പറഞ്ഞു ''ദൈവമേ..ദൈവമല്ലേ എന്റെ മുമ്പില്‍ ഇരിക്കുന്നത്.'' 

''വറീതേ നിന്നെ എന്റെ കൂടെ കൊണ്ട് പോകാന്‍ വന്നതാണ് ഞാന്‍, പോകുന്നതിനു മുമ്പ് എന്തെങ്കിലും ആഗ്രഹം ഉണ്ടോ.'' 

ദൈവത്തിന്റെ ഈ ചോദ്യം കേട്ട് ഞെട്ടിയ  വറീത് മനസില്‍ പറഞ്ഞു, 'ആഗ്രഹമോ.. നല്ലകാലത്തു  മക്കളുപോലും എന്റെ ആഗ്രഹം അന്വേഷിച്ചിട്ടില്ല, ഏതായാലും  ദൈവം ചോദിച്ചതല്ലേ, റിട്ടേണ്‍ ട്രിപ്പ്  ഏതാണ്ട് ഉറപ്പായി, എന്താ ഞാനിപ്പോള്‍ ചോദിക്കുക. ദൈവമേ ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്നെപ്പറ്റി  എന്റെ മക്കളും, ഭാര്യയും, കൂട്ടുകാരും പിന്നെ നാട്ടുകാരുമൊക്കെ എന്താ പറയുന്നത് എന്നെനിക്ക് കേള്‍ക്കണം.''

ആവശ്യം അനുവദിച്ചുകൊണ്ട് ദൈവം പറഞ്ഞു ''വറീതേ  ഐസിയുവിന്റെ  മുമ്പില്‍ ഒരു ചെറിയ അക്വേറിയം ഒണ്ട്.  അതില്‍ ഒരു ഗോള്‍ഡന്‍ ഫിഷ് ആയിട്ടു കുറച്ചുനേരം  സമയം ചിലവഴിച്ചോളു,  അവിടെ നിന്ന് നോക്കിയാല്‍ നിനക്ക്  എല്ലാവരെയൂം കാണാനും അവരുടെ സംസാരം കേള്‍ക്കാനും സാധിക്കും. സമയമാകുമ്പോള്‍ നമുക്ക് യാത്ര തുടരാം.'' ഇത് പറഞ്ഞു കൊണ്ട് ദൈവം അപ്രത്യക്ഷ്യനായി.

വീണ്ടും വലിയ ബീപ് ശബ്ദത്തോടെ ഐസിയുവിലെ ഉപകരണങ്ങള്‍ അലാറം  പുറപ്പെടുവിക്കുന്നു. വറീത് മാപ്പിളയുടെ  മരണവാര്‍ത്ത നേഴ്‌സ് പുറത്തുള്ള ബന്ധുക്കളെ അറിയിച്ചു കൊണ്ട് പറഞ്ഞു: ''കുറച്ചു ഫോര്‍മാലിറ്റീസ്  ഉണ്ട്  അത് കഴിഞ്ഞു ബോഡി വിട്ടുതരാം.'' 

ഈ വാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ സെലിനെ മകന്‍ ജോസുകുട്ടി ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചു: ''സാരമില്ല അമ്മെ, അമ്മ വിഷമിക്കണ്ട.'' 

മറ്റുമക്കളും ബന്ധുക്കളും ഐസിയുവിനു  മുമ്പില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ഇതേസമയം ഐസിയുവിന്റെ മുമ്പിലെ അക്വേറിയത്തില്‍ ഗോള്‍ഡന്‍ ഫിഷ് ആയിട്ട് താത്കാലിക നിയമനം കിട്ടിയ വറീത് മാപ്പിള  തന്റെ മരണവാര്‍ത്ത കേള്‍ക്കുന്നവരുടെ മുഖഭാവങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു. 

മൂത്തമകന്‍ എവിടെ, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍, അവനു വേണ്ടി ഞാന്‍ എത്രത്തോളും കഷ്ടപ്പെട്ടതാണെന്നോ. ഞാനും മറിയക്കുട്ടിയും എത്ര നേര്‍്ച്ച നേര്‍ന്നിട്ട് ഉണ്ടായ മകനാണ് ഇത്.  ഐസിയുവിനു മുന്‍പില്‍ നാലു ആണ്‍മക്കളും അപ്പന്‍ എഴുതിയ ഒസ്യത്തിനെപ്പറ്റി കുടുംബ വക്കീലിനോട് സംസാരിക്കുക ആയിരുന്നു. സ്വത്തു  ഭാഗം വച്ചപ്പോള്‍ തന്റെ ഓഹരി വളരെ കുറഞ്ഞു പോയെന്നു പറഞ്ഞു തര്‍ക്കം നടക്കുകയാണവിടെ. ''അപ്പനാണെന്നു പറഞ്ഞിട്ട് കാര്യമില്ല ഒരു കാര്യത്തിലും ശ്രദ്ധ ഇല്ല. അപ്പന്‍ അമ്മയുടെ പേരില്‍ എന്തിനാ ആ ടൗണില്‍ ഉള്ള അന്‍പത് സെന്റ്  സ്ഥലം എഴുതി വച്ചത്, ഞാന്‍ ആണെങ്കില്‍ അവിടെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് പണിയണം എന്ന് കരുതിയതാ. ഇനി അമ്മകൂടെ പോയാലല്ലേ അത് നടക്കൂ''- മൂത്ത മകന്‍ പറഞ്ഞു.  അതിനു മറുപടി എന്നവണ്ണം ഇളയമകന്‍ പറയുന്നു: 
''ചേട്ടായിക്ക്  പിന്നേം കുറെ സ്ഥലം അപ്പന്‍ പണ്ടേ എഴുതി തന്നിട്ടുണ്ട്, ഞങ്ങള്‍ക്കാ ഒന്നും തരാത്തത്.' 

മക്കളുടെ ഇത്തരത്തിലുള്ള വിചിത്രമായ പെരുമാറ്റവും അപ്പന്റെ മരണ വാര്‍ത്തയില്‍ തെല്ലു  ദുഃഖം പ്രകടിപ്പിക്കാതെയുള്ള സംസാരവും വറീത് മാപ്പിള എന്ന ഗോള്‍ഡ് ഫിഷിനെ അസ്വസ്ഥമാക്കി.

അല്ല അത് ആരാ വരുന്നത്? കൂട്ടുകാരനും സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനുമായ പൗലോസ്  അല്ലെ, ഇവന്‍ എന്നെ പറ്റി  നല്ലത് പറയുമായിരിക്കു.  കഴിഞ്ഞ ഇലക്ഷന് ഞാനവനെ കയ്യയച്ചു സഹായിച്ചതാണ്, അവന്റെ മുഖത്തെ സങ്കടം കണ്ടാലറിയാം എന്നോടുള്ള സ്‌നേഹം. ഐസിയുവിന്റെ മുന്നില്‍ നില്‍ക്കുന്ന വറീത് മാപ്പിളയുടെ മക്കളോട് പൗലോസ് പറഞ്ഞു:   ''ഹോ, നിങ്ങളുടെ  അപ്പന്റെ ഒരുകാര്യം, അടുത്ത ബൈ ഇലക്ഷന് കുറച്ച ഫണ്ട് തരാമെന്ന് പറഞ്ഞതാ, കയ്യോടെ ഞാന്‍ വാങ്ങേണ്ടതായിരുന്നു. ഇനിയിപ്പോ എന്ന കാണിക്കാനാ. പിന്നെ  നിങ്ങളുടെ സ്ഥലം വാങ്ങാന്‍ പറ്റിയ ഒരു പാര്‍ട്ടി  എന്റെ  പക്കലുണ്ട്  നമുക്ക് അവിടം വരെ ഒന്നുപോവാം. അപ്പന്റെ  ബോഡി ആംബുലന്‍സില്‍ കൊണ്ടുപോകുന്ന വഴിക്കാണ് പാര്‍ട്ടി ഓഫീസ്. പറ്റിയാല്‍ ഈ ഡീല്‍ പെട്ടെന്ന് തീര്‍ക്കാം, കാശുമായി നിങ്ങള്‍ക്ക്  മൂന്ന് നാല് ദിവസം കൊണ്ട് പോകുകയും ചെയ്യാം.''

ആത്മമിത്രത്തിന്റെ  ഇത്തരത്തിലുള്ള പെരുമാറ്റവും വറീതിനെ അസ്വസ്ഥനാക്കി.

ഇനി നല്ലത് പറയുമെന്ന പ്രതീക്ഷ സ്വന്തം കെട്ടിയോളുടെ അടുത്തു മാത്രമേയുള്ളു. എവിടെ മറിയക്കുട്ടി?  പാവം കരഞ്ഞു തളര്‍ന്ന് ഇരിക്കുകയാണല്ലോ.  മൂത്ത മകനെ അടുത്ത് വിളിച്ച് മറിയക്കുട്ടി പറഞ്ഞു. ''മോനേ  നീ ഇനി അമേരിക്കയിലേക്ക് പോകുമ്പോള്‍ അമ്മച്ചിയേം കൂടെ കൊണ്ടുപോകണം. ഈ കാട്ടുമുക്കില്‍  കിടന്നു ഞാന്‍ മടുത്തു. അതിയാന്‍ ഉള്ള കാലത്തു ഞാന്‍ എത്ര പറഞ്ഞതാ നിന്റെ അടുത്ത് വന്നു നില്‍ക്കാന്‍.  ഈ  സ്ഥലവും കൃഷിയും ഒക്കെ വിട്ടു അങ്ങേര് എവിടേം പോകില്ല. ഏതായാലും നന്നായി കഴിഞ്ഞ വരവിനു പാസ്‌പോര്‍ട്ട് ഒക്കെ പുതുക്കി വച്ചത്.''

ഈ സംഭാഷണം കേട്ട വറീത് മാപ്പിള എന്ന ഗോള്‍ഡ് ഫിഷ് കരയാന്‍ ശ്രമിക്കുകയായിരുന്നു അപ്പോഴാണ് വറീത് മാപ്പിള ഒരു കാര്യം ഓര്‍ത്തത്, മത്സ്യങ്ങള്‍ക്ക് കരയാനുള്ള കഴിവ്  ദൈവം തമ്പുരാന്‍  കൊടുത്തിട്ടില്ലെന്ന്. ഈ അസ്വസ്ഥത അകറ്റാന്‍ ഫിഷ് ടാങ്കിന്റെ ഒരു അറ്റത്തുനിന്നു മറ്റേ അറ്റത്തേക്കും അവിടുന്നു  തിരിച്ചും വറീത് മാപ്പിള നീന്തി. കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യപ്പെട്ട സ്ഥിതിക്ക് ദൈവത്തെ വിളിച്ചു  അങ്ങ് തിരിച്ചു പോയേക്കാം എന്ന് വറീത് മാപ്പിള മനസില്‍ കരുതി

സെലിന്‍ കരച്ചിലടക്കാന്‍ കഴിയാതെ ബദ്ധപ്പെടുന്നത്  വറീത് മാപ്പിളയുടെ ശ്രദ്ധയില്‍ പെട്ടു. ഏറ്റവും ഇളയ സന്താനമായിരുന്നു സെലിന്‍. മറ്റു മക്കളെ പോലെ അപ്പന്റെ പ്രതീക്ഷക്കൊപ്പം ഉയരാന്‍ സെലിന് കഴിഞ്ഞിരുന്നില്ല.  വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു കൊണ്ടുള്ള പ്രണയ വിവാഹം ആയിരുന്നു സെലിന്റെ. ഈ കാരണത്താല്‍  വറീത് മാപ്പിള കഴിഞ്ഞ 22 വര്‍ഷമായി മകളോട് സംസാരിക്കാറേ ഇല്ലായിരുന്നു. എന്തായലും അവളെന്താ പറയുന്നത് എന്ന് നോക്കാം. വറീത് മാപ്പിള സെലിന്റെ സംഭാഷണം ശ്രദ്ധിക്കാന്‍ തുടങ്ങി. 

''മോനെ ജോസൂട്ടി  എന്റെ കയ്യും കാലും ഓടുന്നില്ലെടാ. കുറേ നാളായി അപ്പനെ ഒന്ന് കാണണം  എന്ന് കരുതിയിട്ട്. അപ്പനെന്നെ വേണ്ടെങ്കിലും എനിക്കങ്ങനെ അല്ലല്ലോ. നീ പോയി അപ്പന്റെ ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടൊക്കെ ചെയ്യൂ. എന്റെ ആങ്ങളമാര്‍ക്ക്  അപ്പന്റെ കാര്യത്തില്‍ ഒരാകുലതയും ഇല്ല, സ്വത്തു വീതംവപ്പിലാണ്  ശ്രദ്ധ''- വിങ്ങി കരഞ്ഞു കൊണ്ട് സെലിന്‍ പറഞ്ഞു. 

ഈ നിമിഷം അങ്ങ് ഫിഷ് ടാങ്കില്‍ സ്തബ്ധനായി നില്‍ക്കുകയായിരുന്നു വറീത് മാപ്പിള എന്ന ഗോള്‍ഡന്‍ ഫിഷ്. ഇത്രയും കരുതലുള്ള ഒരു മകളെ ആണല്ലോ ഞാന്‍ ഇത്രകാലവും അകറ്റി നിര്‍ത്തിയത്. സെലിന്റെ ഭര്‍ത്താവ് 3 വര്‍ഷം മുന്‍പ് ക്യാന്‍സര്‍ വന്നു മരിക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്നു പോയ അവളെ ഒന്ന് സഹായിക്കാന്‍ പോലും തനിക്ക് തോന്നിയില്ലല്ലോ, വറീത് മാപ്പിള നെടുവീര്‍പ്പെട്ടു. ഇനി പറഞ്ഞിട്ടും കാര്യമില്ല തന്റെ സ്വര്‍ഗത്തിലേക്കുള്ള യാത്ര തുടങ്ങാറായി. 

''ഇത് ആശുപത്രി പരിസരമാണ് ഇവിടെ കിടന്നു വഴക്കടിക്കരുത്''-പൗലോസ്   വറീതിന്റെ മക്കളോട് പറഞ്ഞു. ഇത് ചെവിക്കൊള്ളാതെ സ്വത്തുതര്‍ക്കം കയ്യാങ്കളിയിലേക്കു നീണ്ടു, ഉന്തും തള്ളുമായി.

നിര്‍ഭാഗ്യം എന്ന് പറയാം ആ ബഹളത്തില്‍ മൂത്ത പുത്രന്റെ കയ്യ് തട്ടി വറീത് മാപ്പിളയുടെ ഫിഷ് ടാങ്ക് വീണുടഞ്ഞു.  പുറത്തേക്കു തെറിച്ചു വീണ മറ്റു മീനുകളുടെ കൂട്ടത്തില്‍ വറീത് എന്ന ഗോള്‍ഡ് ഫിഷും പിടഞ്ഞുകൊണ്ടിരുന്നു. 

''അപ്പനെ വെള്ളത്തില്‍ നിന്നും കരയിലേക്ക് എടുത്തിട്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന മക്കള്‍''- ഇത് പറഞ്ഞു കൊണ്ട് വറീത്  മാപ്പിള അന്ത്യശ്വാസം വലിച്ചു.  ഫിഷ് ടാങ്ക് വീണുടഞ്ഞത് കൊണ്ട് തല്‍ക്കാലം വറീത് മാപ്പിളയുടെ മക്കള്‍ വഴക്ക് നിര്‍ത്തി. ആ നിശബ്ദത തകര്‍ത്തുകൊണ്ട്  ഐസിയുവിന്റെ  വാതില്‍  തുറന്നു. കിതപ്പകറ്റികൊണ്ടു നേഴ്‌സ് പറഞ്ഞു:  ''അപ്പച്ചന്‍ മരിച്ചിട്ടില്ല, ബോധം വീണു, എന്താണ് സംഭവിച്ചത് എന്നറിയാന്‍  ഡോക്ടര്‍ നോക്കുന്നുണ്ട്.''

എല്ലാവരുടെയും മുഖത്തു നിര്‍വികാരത, സെലിന്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട്  ജോസുകുട്ടിയുടെ  നേരെ നോക്കി.  ഇതിനിടെ വഴക്കടിച്ചിരുന്ന മക്കള്‍ പരസ്പരം  സംസാരിക്കാന്‍  തുടങ്ങി: ''അപ്പന് ബോധം വീണ സ്ഥിതിക്ക് ഒസ്യത്ത് ഒന്ന് തിരുത്താന്‍ വക്കീലിനോട് പറയണം.'' 

ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞു കാണും നേഴ്‌സ് വീണ്ടും ഐസിയുവിന്റെ  വാതില്‍  തുറന്നുകൊണ്ട് ചോദിച്ചു: ''ആരാ സെലിന്‍, അപ്പച്ചന്‍ കാണണം എന്ന് പറയുന്നുണ്ട്, അകത്തേക്ക് വരൂ.''  ഇത് കേട്ട് ഒന്നും മനസിലാകാതെ നിന്ന മൂത്തമകന്‍ ''ഞങ്ങളെ വിളിച്ചില്ലെ'' എന്ന് നഴ്സിനോട് ചോദിച്ചു.

അതിനു മറുപടി പറയാതെ നേഴ്‌സ് അകത്തേക്ക് കയറിപ്പോയി. വളരെ സന്തോഷത്തോടെ  സെലിന്‍  ഐസിയുവിന്റെ അകത്തേക്ക് കടന്നു ചെന്നു. അപ്പന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു പണ്ടത്തെ പ്രസരിപ്പൊന്നും ഇല്ല. മകളെ കണ്ടപാടെ വറീത് മാപ്പിള അടുത്തേക്ക് വരാന്‍ കൈകൊണ്ടു ആഗ്യം കാണിച്ചു. ''നീ എന്നോട് ക്ഷമിക്കണം, നിന്നെ തിരിച്ചറിയാന്‍ എനിക്ക് പറ്റിയില്ലല്ലോ.'' 

വറീത് മാപ്പിളയുടെ കണ്ണുകളില്‍  നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. അപ്പന്റെ സ്വഭാവമാറ്റം കണ്ടു സെലിന്‍ നിശബ്ദയായി നിന്നു. ''മോളെ നീ പുറത്തു പോയി നമ്മുടെ വക്കീലെങ്ങാനും അവിടെ നില്‍പുണ്ടെങ്കില്‍ ഒന്ന് അകത്തേക്ക് വരാന്‍ പറയ്''-കണ്ണുകള്‍ അടച്ചു കൊണ്ട്  വറീത് മാപ്പിള പറഞ്ഞു. 

പെട്ടെന്ന് തന്നെ സെലിന്‍ ഐസിയുവിന്റെ പുറത്തെത്തി. വറീത് മാപ്പിളയുടെ മരണവാര്‍ത്ത കേട്ട് വക്കീല്‍ ഇതിനകം അവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. ''വക്കീലേ നിങ്ങളെ കാണണം എന്ന് അപ്പന്‍ പറയുന്നുണ്ട്.'' സെലിന്‍ പറഞ്ഞു. 

പോക്കറ്റില്‍ വച്ചിരുന്ന കണ്ണട  തുടച്ചു കൊണ്ട് വക്കീല്‍ ഐസിയുവിന്റെ അകത്തേക്ക് ചെന്നു.  ''എടോ  നമ്മുടെ ഒസ്യത്ത് ഒന്ന് തിരുത്തണം, സെലിനും കൂടി  സ്വത്തിന്റെ ഒരു ഭാഗം നല്‍കണം, പിന്നെ ഞാന്‍ ഇവിടുന്നു ഡിസ്ചാര്‍ജായി വീട്ടില്‍  വരുമ്പോള്‍ ഒരു ഫിഷ് ടാങ്കും അതില്‍ കുറച്ചു  ഗോള്‍ഡ് ഫിഷിനെയും തയ്യാറാക്കി വയ്ക്കണം.'' വറീതിന്റെ ഈ ആവശ്യങ്ങള്‍ കേട്ട വക്കീല്‍ അല്പം ആശയക്കുഴപ്പത്തോടെ ഐസിയുവിന് പുറത്തെത്തി. അവിടെ കാത്തു നിന്ന മറ്റുമക്കളോടായി അദ്ദേഹം പറഞ്ഞു. ''ഒസ്യത്തില്‍  തിരുത്തുണ്ടാകും പിന്നെ കുറച്ചു  ഗോള്‍ഡ് ഫിഷിനെ മേടിക്കണം എന്നും പറഞ്ഞിട്ടുണ്ട്, അതെന്തിനാണെന്ന് എനിക്കറിയാന്‍മേലാ.'' 

അപ്പന്റെ പുതിയ തീരുമാനത്തില്‍ രോഷം കൊണ്ട് മക്കള്‍ വീണ്ടും ദേഷ്യത്തില്‍ അടുത്ത നടപടിക്കുള്ള ചര്‍ച്ച തുടങ്ങി. ജീവിതത്തിലെ വലിയൊരു തെറ്റ് മരിക്കുന്നതിന് മുമ്പ്  തിരുത്താന്‍ സഹായിച്ച ദൈവം തമ്പുരാനോട്  നന്ദി പറഞ്ഞു കൊണ്ട് സമാധാനത്തോടെ വറീതുമാപ്പിള നിശ്വസിച്ചു.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

click me!